Kesari WeeklyKesari

അനുസ്മരണം

അനുസ്മരണം വേദാന്തം വര്‍ഷിച്ച 'ശിവേട്ടന്‍'

on 23 February 2018

റു പതിറ്റാണ്ടുകളിലേറെക്കാലം തന്നെ സമീപിച്ചിരുന്നവര്‍ക്കുവേണ്ടി ആത്മജ്ഞാനത്തിന്റെ പ്രകാശം ചൊരിഞ്ഞിരുന്ന അജ്ഞാതനായ യോഗിയായിരുന്നു 'ശിവേട്ടന്‍' എന്നറിയപ്പെട്ടിരുന്ന ടി. ശിവശങ്കരന്‍നായര്‍. തൃശൂര്‍ ജില്ലയില്‍ ചേലക്കരക്കടുത്ത് പുലാക്കോട് ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം കഴിഞ്ഞ ജനുവരി 13-നാണ് (89 വയസ്സ്) ദേഹം വെടിഞ്ഞത്. തന്നെ കേള്‍ക്കുവാന്‍ പുലാക്കോട് വടക്കേ താമറ്റൂര്‍ വീട്ടിലെത്തിയിരുന്നവരോട് ഉപനിഷത് ആശയങ്ങളാണ് കൂടുതലും പറയാറുള്ളത്. ഈ വേദാന്തസംഭാഷണങ്ങള്‍ക്ക് അദ്ദേഹത്തിന് ഒരു പ്രത്യേക ശൈലിതന്നെയുണ്ട്. ഉപനിഷത് ഭാഗങ്ങള്‍ വളരെ യുക്തിഭദ്രമായി വിശദീകരിച്ച് സമര്‍ത്ഥിക്കുകയും മനസ്സിലായി എന്ന് നമുക്ക് (സംതൃപ്തി പോലെ) തോന്നുമ്പോള്‍ 'ഇത് മനസ്സിലാക്കാന്‍ പറ്റുന്നതല്ല, മനസ്സിനും അപ്പുറത്തുള്ളതിനെ എങ്ങനെ മനസ്സിലാക്കും' എന്നമട്ടില്‍ പറഞ്ഞ് നിഷേധിക്കുകയും ചെയ്യുന്ന നേതി-നേതി എന്ന ഈ യഥാര്‍ത്ഥ വേദാന്തശൈലി വളരെ വിരളമാണ്. 
ഉപനിഷത്ത് തര്‍ജ്ജമ ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യുമ്പോള്‍ അനായാസം വേദാന്ത ആശയങ്ങള്‍ പെയ്തിറങ്ങുന്നതുപോലെയാണ്. ഉപനിഷത്തുമായി ഒരു പ്രത്യേക സാമത്തില്‍ (ലയത്തില്‍) എത്തുന്നതുകൊണ്ടാണ് ഇത്ര അനായാസം പറയുവാന്‍ കഴിയുന്നതെന്ന് അദ്ദേഹം തന്നെ സൂചിപ്പിച്ചിട്ടുമുണ്ട്. 'ശ്രുതി'യുടെ ഈ അനുഗ്രഹമാണ് അഥവാ ഉപനിഷത്ത് തത്വങ്ങള്‍ 'സത്യ'മായി ദര്‍ശിച്ചതിന്റെ ബലമാണ് ശിവശങ്കരന്‍നായരുടെ ഉപനിഷത്ത് വ്യാഖ്യാനങ്ങളെ കൂടുതല്‍ ആധികാരികമാക്കുന്നത്. 
പ്രധാനപ്പെട്ട പത്ത് ഉപനിഷത്തുക്കളുടെ തര്‍ജ്ജമയും പ്രസക്തമായ ഭാഗങ്ങളുടെ വ്യാഖ്യാനവും തയ്യാറാക്കിയ ശിവേട്ടന്‍ തികച്ചും സ്വതന്ത്രവും ലളിതവുമായ ശൈലിയാണ് സ്വീകരിച്ചത്. മൂലശ്ലോകങ്ങള്‍ വായിച്ച് കുറച്ചുസമയം ഏകാഗ്രതയോടെ ഇരുന്നിട്ട് അതിന്റെ തര്‍ജ്ജമയും വ്യാഖ്യാനവും പറയുന്നത് മറ്റുള്ളവര്‍ എഴുതി എടുത്തതും റെക്കോര്‍ഡ് ചെയ്തതുമാണ് പിന്നീട് പുസ്തകരൂപത്തിലായത്. ഉപനിഷത്ത് വളരെ ലളിതമാണ്, സത്യം വളച്ചുകെട്ടില്ലാതെ നേരിട്ട് പറഞ്ഞിരിക്കുന്നു എന്നുപറയുന്ന അദ്ദേഹം മറ്റുപല പ്രമുഖ വ്യാഖ്യാതാക്കളുടേയും നിഗമനങ്ങളെ പലയിടത്തും ഖണ്ഡിക്കുന്നുമുണ്ട്. ഏതെങ്കിലും പ്രമുഖ വ്യാഖ്യാനങ്ങളുടെ ചുവടുപിടിച്ചല്ലാതെയുള്ള മലയാളത്തിലെ ആദ്യ ഉപനിഷത്ത് വ്യാഖ്യാനങ്ങളായിരിക്കും ഒരുപക്ഷെ ടി. ശിവശങ്കരന്‍നായരുടേത്. ഛാന്ദോഗ്യോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത്, അഷ്‌ടോപനിഷത്തുക്കള്‍ എന്നീ മൂന്ന് ഗ്രന്ഥങ്ങള്‍ മാതൃഭൂമി ബുക്‌സും ശ്രീമദ് ഭഗവത്ഗീത ഗ്രീന്‍ ബുക്‌സുമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 
ചെറുപ്രായത്തിലേ പഠനത്തില്‍ (പ്രത്യേകിച്ചും കണക്ക് വിഷയത്തില്‍) സമര്‍ത്ഥനായിരുന്ന ശിവശങ്കരന്‍ പാലക്കാട് വിക്‌ടോറിയ കോളേജില്‍ ബിരുദ (രസതന്ത്രം) വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍തന്നെ (19-ാം വയസ്സില്‍) തന്റെ ഗുരുവിനെ (മണ്ണൂര്‍ രാമാനന്ദസ്വാമികള്‍) കണ്ടെത്തുകയും പിന്നീട് അദ്ദേഹത്തില്‍നിന്ന് മന്ത്രദീക്ഷ സ്വീകരിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിനുശേഷം പൂനെ ഓര്‍ഡിനന്‍സ് ഫാക്ടറിയിലായിരുന്നു ഔദ്യോഗിക ജീവിതം. 50-ാം വയസ്സില്‍ വളന്ററി റിട്ടയര്‍മെന്റ് എടുത്ത് നാട്ടില്‍ തിരിച്ചെത്തുന്നതുവരെയുള്ള കാലഘട്ടത്തില്‍ ജോലിയോടൊപ്പം തന്റെ സ്വാദ്ധ്യായവും സാധനയും നിഷ്ഠയോടെ അനുഷ്ഠിച്ചുവന്നു. ജോലിയില്‍നിന്ന് വിരമിച്ച് നാട്ടിലെത്തിയശേഷമാണ് ഉപനിഷത്തുക്കളിലേക്ക് അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചത്.
'സത്യം പോലില്ല നല്‍തപം' എന്ന് വിശ്വസിക്കുകയും അത് ജീവിതത്തിലനുഷ്ഠിക്കുകയും അതില്‍നിന്ന് അല്പവും വ്യതിചലിക്കാതിരിക്കാന്‍ ജീവിതാവസാനംവരെ അദ്ദേഹം ശ്രദ്ധിക്കുകയും ചെയ്തു. തനിക്ക് വന്നുചേര്‍ന്ന ധനവും ബ്രഹ്മവിദ്യയും തന്നെ സമീപിച്ചവര്‍ക്കെല്ലാം നിര്‍ലോഭം വിതരണം ചെയ്ത ശിവേട്ടന്‍ തന്റെയടുക്കല്‍ വരുന്നവരെയെല്ലാം ദക്ഷിണയും നല്‍കിയാണ് യാത്രയാക്കുക. ഉപനിഷത്ത്ശ്രവണം കഴിഞ്ഞ് മടങ്ങുന്ന ശിഷ്യര്‍ക്ക് ദക്ഷിണയും നല്‍കി യാത്രയാക്കുന്ന ഗുരു ഇക്കാലത്ത് വേറെയുണ്ടെന്ന് തോന്നുന്നില്ല. 
'ആഴിചൂഴുന്നൊരീ ഭൂമി 
ധനപൂര്‍ണം കൊടുക്കിലും 
ഈ ദാനം എത്രയോ താഴെ 
ബ്രഹ്മവിദ്യയതുല്യമാം'.
എന്ന് ഛാന്ദോഗ്യോപനിഷത്തിലെ ഒരു ശ്ലോകത്തിന് പരിഭാഷ എഴുതിയ ശിവേട്ടന്റെ ദയയും ദാനവും ദമവും (ഉപനിഷത്ത് വിശദീകരിക്കുന്ന മൂന്ന് 'ദ'കള്‍) താരതമ്യം ചെയ്യാനാവാത്തതെന്ന് അദ്ദേഹത്തെ കണ്ടിട്ടുള്ളവരും അറിയുന്നവരും അനുഭവങ്ങള്‍കൊണ്ട് ഉറച്ചുവിശ്വസിക്കുന്നു. ഭാരതീയ ഋഷിപരമ്പരയിലെ അജ്ഞാതനായ ഈ യോഗി സനാതനധര്‍മത്തിന്റെ വ്യാപനത്തിനു നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നതില്‍ സംശയമില്ല.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments