Kesari WeeklyKesari

മുഖലേഖനം

ഹരിതകേരളത്തെ വിഴുങ്ങുന്നതാര്- ബാലകൃഷ്ണന്‍ വെണ്ണക്കോട്

on 23 February 2018
Kesari Article

തനിരപേക്ഷതയും അഴിമതി വിരുദ്ധതയും ഹരിത കേരളവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ സി.പി.എം ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യങ്ങളായിരുന്നു. എന്നാല്‍, ഈ പറഞ്ഞതിനെല്ലാം കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റായിരിക്കുന്നു ഇപ്പോള്‍ പിണറായിയുടേത്.
തിരഞ്ഞെടുപ്പ് സമയത്ത് തന്നെ എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടി, കാന്തപുരം സുന്നി എന്നീ മുസ്ലീം തീവ്രവാദ സംഘടനകളുമായി തിരഞ്ഞെടുപ്പ്  സഖ്യമുണ്ടാക്കി മതനിരപേക്ഷത എന്ന സങ്കല്പത്തെ ആദ്യമേ കുഴിച്ചുമൂടിയ സി.പി.എം അധികാര ലബ്ധിയോടെ അഴിമതി വിരുദ്ധ മുദ്രാവാക്യവും ഉപേക്ഷിച്ചു.
ബന്ധുനിയമനത്തിലൂടെ ഇ.പി. ജയരാജനില്‍ തുടങ്ങി ഓഖിഫണ്ട് വകമാറ്റാന്‍ ശ്രമിച്ച് നാണം കെട്ട മുഖ്യമന്ത്രി പിണറായി വിജയനില്‍ തന്നെ എത്തിനില്‍ക്കുന്ന അഴിമതിയും ധൂര്‍ത്തും മറ്റൊന്നല്ല തെളിയിക്കുന്നത്.
വ്യത്യസ്തനായ മുഖ്യമന്ത്രി എന്നാണ് പിണറായിയെ കുറിച്ച് സിപിഎം വിശേഷിപ്പിക്കാറുള്ളത്. അവര്‍ പറയുന്ന ഈ വ്യത്യസ്തത തങ്ങളുടെ മുഖ്യമന്ത്രി അഴിമതിക്കാരുടേയും കള്ളപ്പണക്കാരുടേയും ഭൂമാഫിയകളുടേയും സംരക്ഷകനായി മാറിയിരിക്കുന്നു എന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടേയും പ്രഭൃതികളുടേയും അഴിമതിയും അനാശാസ്യവും കണ്ടുമടുത്ത കേരള ജനത പിണറായിയില്‍ വലിയ പ്രതീക്ഷയാണര്‍പ്പിച്ചിരുന്നത്. തന്റെ ഒന്നര വര്‍ഷക്കാലത്തെ ഭരണംകൊണ്ട് ജനങ്ങളുടെ ആ പ്രതീക്ഷകളേയാണ് പിണറായി തകര്‍ത്തു കളഞ്ഞത്.
ബാര്‍കോഴയും സോളാറും യു.ഡി.എഫ് സര്‍ക്കാരിനെ പിടിച്ചു കുലുക്കുമ്പോഴും താനൊന്നുമറിഞ്ഞില്ലേ എന്ന നിലപാടായിരുന്നു ഉമ്മന്‍ചാണ്ടിക്ക്. അവസാനം രക്ഷയില്ലാതെയാണ് സോളാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
ബാര്‍ കോഴയിലും ഇത് തന്നെയായിരുന്നു സമീപനം. മന്ത്രി മാണിയെ രക്ഷിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ വിഫലശ്രമം തന്നെ അന്നുണ്ടായി.
എന്നാലിപ്പോള്‍ അഴിമതിക്കാരേയും ഭൂമികയ്യേറ്റക്കാരേയും കള്ളപ്പണക്കാരേയും സംരക്ഷിക്കുന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയേക്കാള്‍ താനൊട്ടും പിന്നിലല്ലെന്നും അതിനേക്കാള്‍ കേമനെന്നും തെളിയിക്കുകയാണ് പിണറായി.
ഈ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നുവന്ന, വിവാദമായ പല കേസുകളിലും ഇത് പ്രകടമായിരുന്നു. തോമസ്ചാണ്ടിയുടേയും പി.വി. അന്‍വറിന്റേയും ജോയിസ് ജോര്‍ജ് എം.പിയുടേയും ഭൂമി കയ്യേറ്റവും നിയമലംഘനവുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പിണറായി സ്ഥീകരിച്ച നിലപാടുകള്‍ തന്നെയാണ് ഇതിന് ഉദാഹരണം.
മുമ്പൊരിക്കല്‍ വെറുക്കപ്പെട്ടവന്‍ എന്ന് വി.എസ്. അച്യുതാനന്ദന്‍ വിശേഷിപ്പിച്ച വിവാദ വ്യവസായി ഫാരീസ് അബൂബക്കറുമായുള്ള പിണറായി വിജയന്റെ ബന്ധം കുപ്രസിദ്ധമാണ്. എന്നാല്‍, ഈ സര്‍ക്കാര്‍ അധികാരമേറ്റതോടെ മന്ത്രിസഭയെ സ്വാധീനിക്കാന്‍ പോന്ന ശക്തരായ ഭൂമാഫിയകളും കള്ളപ്പണക്കാരുമാണ് പിണറായിക്ക് ചുറ്റും വലയം തീര്‍ത്തിരിക്കുന്നത്.
എന്തിനും പോന്ന ജനപ്രതിനിധികളും മന്ത്രിമാരുമുള്‍പ്പെടെയുള്ള ഈ അവിശുദ്ധ കൂട്ടുകെട്ട് ആര്‍ത്തിയുടെ കണ്ണുവെച്ചിരിക്കുന്നത് കേരളത്തിന്റെ ഐശ്വര്യവും വരദാനവുമായ വനവും നദികളും കായലും പാടവുമുള്‍പ്പെടെയുള്ള പച്ചപ്പുകളേയും ജലസ്രോതസ്സുകളേയുമാണ് എന്നത് അതീവ ഗൗരവതരമാണ്.
അഴിമതിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും നരേന്ദ്രമോദിയെ അനുസരിച്ച് തന്റെ സര്‍ക്കാര്‍ സാധാരണക്കാരുടേതും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടേതുമാണെന്നും ആണയിട്ട മുഖ്യമന്ത്രിയാണ് പിണറായി. എന്നാല്‍, ഭൂമികയ്യേറ്റക്കാരായ തോമസ്ചാണ്ടിയുടേയും പി.വി. അന്‍വറിന്റേയും ജോയിസ് ജോര്‍ജിന്റേയും കാര്യം വന്നപ്പോള്‍ പൊതുമുതലിന്റെ സംരക്ഷകനായി മാറേണ്ട മുഖ്യമന്ത്രിക്ക് ഈ മൂവര്‍ സംഘത്തിന്റെ മെഗാഫോണായി നിയമസഭയില്‍ വാദിക്കാന്‍ യാതൊരു മനഃസാക്ഷിക്കുത്തുമുണ്ടായില്ല.
ഇതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് ഇടത് സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതിയായ ഹരിത കേരളം പദ്ധതിയെ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ചാണ്ടി, അന്‍വര്‍, ജോയിസ് ജോര്‍ജ് എന്നിവര്‍ നടത്തിയിട്ടുള്ളത് എന്നതാണ്.
തോമസ്ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തിനെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനോ രാജി ആവശ്യപ്പെടാനോ മുഖ്യമന്ത്രി ധൈര്യം കാണിച്ചില്ല.
മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ പിന്തുണച്ചിട്ടും ചാണ്ടിയെ ഭയക്കുന്ന മുഖ്യമന്ത്രിയെയാണ് നാം കണ്ടത്. അതിന്റെ കാരണമന്വേഷിച്ചാല്‍ ചെന്നെത്തുന്നത് ചാണ്ടിയുടെ മടിയിലെ കനത്തില്‍ തന്നെയായിരിക്കുമെന്ന് തീര്‍ച്ച.
ഇടുക്കിയില്‍ വന്‍ഭൂമി കൈയ്യേറ്റത്തിന് അേഗ്രസരനായി നില്‍ക്കുന്ന വ്യക്തിയാണ് ജോയിസ് ജോര്‍ജ് എം.പി.
കൊട്ടക്കമ്പൂര്‍ വില്ലേജില്‍ കുറിഞ്ഞി ദേശീയ ഉദ്യാനമായി വിജ്ഞാപനം ചെയ്ത 34 ഏക്കര്‍ ഭൂമി ഉള്‍പ്പെടെ 200 ഏക്കറിലേറെ സര്‍ക്കാര്‍ ഭൂമിയാണ് ഇദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ പട്ടികജാതി വിഭാഗത്തിനനുവദിച്ച ഭൂമിയും ഇതിലുള്‍പ്പെടുന്നു.
പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ വിഷയം സജീവമായി നില്‍ക്കെ ഹൈറേഞ്ച് സംരക്ഷണ സമിതി എന്ന് പറഞ്ഞ് മലയോര കര്‍ഷകരേയും ആദിവാസികളേയും കവചമാക്കി വലിയ പ്രക്ഷോഭം നയിച്ച നേതാവ് കൂടിയാണ് ജോയിസ് ജോര്‍ജ്. അനധികൃതമായി സ്വന്തമാക്കിയ ഭൂമി ക്രയവിക്രയം നടത്തി കോടികള്‍ സമ്പാദിക്കാനുള്ള വ്യഗ്രതയായിരുന്നു സമരത്തിന് പിന്നില്‍ എന്ന് വ്യക്തം.
ജോയിസ് ജോര്‍ജിന്റെ ഈ കയ്യേറ്റത്തിന് വല്ലവിധേനയും സാധുത നല്‍കാമോ എന്നാണിപ്പോള്‍ പിണറായി സര്‍ക്കാരിന്റെ നോട്ടം. വിവാദഭൂമി സന്ദര്‍ശിച്ച മന്ത്രിസഭാ സമിതിയുടെ റിപ്പോര്‍ട്ടുകള്‍ ഈ വഴിക്കാണ് നീങ്ങുന്നത്. തുടക്കത്തില്‍ വീരവാദം മുഴക്കിയിരുന്ന റവന്യൂമന്ത്രി ചന്ദ്രശേഖരന്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ അതിരുകള്‍ പുനര്‍നിര്‍ണയിക്കേണ്ടി വരുമെന്നും വിസ്തൃതി ഇനിയും കുറയുമെന്നും വ്യക്തമാക്കിയിരിക്കുന്നു.
ഇടുക്കിയിലെ കയ്യേറ്റക്കാരുടെ പട്ടികയില്‍ ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍, മന്ത്രി എം.എം മണിയുടെ സഹോദരന്‍ ലംബോധരന്‍, മകന്‍ ലിജീഷ്, ഡി.ജി.പി ടോമിന്‍ തച്ചങ്കരിയുടെ സഹോദരന്‍ ടിസണ്‍ തച്ചങ്കരി, സ്പിരിറ്റ് ഇന്‍ജീസസ് സ്ഥാപകന്‍ ടോം സക്കറിയ എന്നിവര്‍ പ്രമുഖരാണ്.
സ്പിരിറ്റ് ഇന്‍ ജീസസിന്റെ കൈവശം 500 ഏക്കര്‍ അനധികൃത സര്‍ക്കാര്‍ ഭൂമിയുണ്ടെന്നാണ് കണക്ക്. 330 കള്ളക്കെട്ടിടങ്ങള്‍ ഇടുക്കിയിലെ ഏലമലക്കാടുകളില്‍ ഇതിനകം നിര്‍മ്മിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് സര്‍ക്കാര്‍ തന്നെ ഗ്രീന്‍ ട്രൈബ്യൂണലിന് മുമ്പാകെ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണിപ്പോള്‍. ഏലപട്ടയ ഭൂമിയില്‍ മറ്റ് യാതൊരു നിര്‍മ്മാണങ്ങളും നശീകരണ പ്രവര്‍ത്തനങ്ങളും പാടില്ലെന്നിരിക്കെയാണ് ഈ അനധികൃത നിര്‍മ്മാണം നടത്തിയിരിക്കുന്നത്.
ഇടുക്കിയിലെ ഏലമലക്കാടുകള്‍ റവന്യൂഭൂമിയാക്കി നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍മരങ്ങള്‍ മുറിച്ചു കടത്തി അവിടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നീക്കം. സര്‍ക്കാരില്‍ തന്നെ ഒരു വിഭാഗം ഇതിനായി ചരട് വലിക്കുന്നു. സര്‍ക്കാരിന് കോടികളുടെ വരുമാന നഷ്ടവും ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും കാലാസ്ഥ വ്യതിയാനവുമായിരിക്കും തലതിരിഞ്ഞ ഈ പ്രവൃത്തിയുടെ ഫലമായുണ്ടാവാന്‍ പോകുന്നത് എന്നതില്‍ തര്‍ക്കമില്ല.
ചില പുകമറ സൃഷ്ടിക്കുന്നതൊഴിച്ചാല്‍ ഇത്തരം കയ്യേറ്റങ്ങള്‍ക്കെതിരെ ഫലപ്രദമായ യാതൊരു നടപടിയും സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഭരണത്തിന് നേതൃത്വം നല്കുന്ന സി.പി.എമ്മിന് ഇതില്‍ ഒട്ടും താല്പര്യവുമില്ല. മുന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത ശ്രീരാം വെങ്കിട്ടരാമന്റെ കസേര തെറിച്ചത് നാം കണ്ടതാണ്.
അതിന് പിറകെയാണ് ഇപ്പോള്‍ റവന്യൂ വകുപ്പിനെ കൊച്ചാക്കി റിയല്‍ എസ്റ്റേറ്റ് നിയന്ത്രണം ആ വകുപ്പില്‍ നിന്ന് എടുത്തുമാറ്റി തദ്ദേശ ഭരണ വകുപ്പിനെ മുഖ്യമന്ത്രി ഏല്പിച്ചിരിക്കുന്നത്. കാരണം വ്യക്തം. അടുത്തകാലത്ത് അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ സി.പി.ഐ എടുത്ത നിലപാട് സി.പി.എമ്മിന്റെ ഭൂമാഫിയ താല്പര്യങ്ങള്‍ക്ക് വലിയ തലവേദനതന്നെ സൃഷ്ടിച്ചിരുന്നു.
അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും നിയമലംഘനത്തിന്റെയും മറ്റൊരു ഇടത് മുഖമാണ് നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. മലപ്പുറം കോഴിക്കോട് ജില്ലകളിലായി ഇരുന്നൂറ് ഏക്കറിലധികം ഭൂമിയാണ് ഇദ്ദേഹം കൈവശം  വെച്ചിരിക്കുന്നത്. ആദിവാസിഭൂമിയുള്‍പ്പെടെയുള്ള മേഖലയിലെ ഇദ്ദേഹത്തിന്റെ അനധികൃത നിര്‍മ്മാണം ഇതിനകം വിവാദമായതാണ്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയില്‍ വാട്ടര്‍ തീം പാര്‍ക്കും തടയണയും റോപ്‌വേയും നിര്‍മ്മിച്ച ഈ എം.എല്‍.എ നിയമത്തെ തരിമ്പും കൂസാതെ ഗുരുതരമായ നിയമലംഘനമാണ് നടത്തിയിട്ടുള്ളത്.
കൂടരഞ്ഞി ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന ഈ പാര്‍ക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പതിനാറോളം നിയമലംഘനങ്ങള്‍ ഇതിനകം നടന്നിരിക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 500 അടിയിലേറെ ഉയരത്തില്‍ ചാലിയാറിന്റെ കൈവഴിയായ തേനരുവിപുഴിയിലേക്കുള്ള നീര്‍ച്ചാല്‍ തടസ്സപ്പെടുത്തിയാണ് തടയണ നിര്‍മ്മിച്ചിരിക്കുന്നത്. ആദിവാസി കുടുംബങ്ങളുടേതടക്കം ഒട്ടേറെ കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സ് കൂടിയാണീ നീര്‍ച്ചാല്‍. നിര്‍മ്മാണം വിവാദമായതോടെ മലപ്പുറം ആര്‍.ഡി.ഒ. നിയമവിരുദ്ധമായി നിര്‍മ്മിച്ച തടയണ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടെങ്കിലും ഇതിനെതിരെ എം.എല്‍.എ കോടതിവിധി സമ്പാദിച്ചിരിക്കുകയാണിപ്പോള്‍.
അനുമതിയില്ലാതെ നിര്‍മ്മാണം നടത്തുകയും പിന്നീട് വിവാദം കൊഴുക്കുമ്പോള്‍ പണമെറിഞ്ഞും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധുത നേടുകയും ചെയ്യുന്ന തന്ത്രമാണ് എം.എല്‍.എയുടേത്.  ഇത്തരം കയ്യേറ്റങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കുമെതിരെ പിണറായിക്ക് ഒന്നും ചെയ്യാനാവുന്നില്ല എന്നതാണ് വാസ്തവം. ചാണ്ടി, അന്‍വര്‍, ജോയിസ്‌ജോര്‍ജ് എന്നത് ഇടത് സര്‍ക്കാരിന്റെ ഒരു മുഖമായി മാറിയിരിക്കുന്നു ഇപ്പോള്‍. സംസ്ഥാന വ്യാപകമായി നടക്കുന്ന ഭൂമി കയ്യേറ്റങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കും വലിയ പ്രചോദനമാണിന്ന് ജനപ്രതിനിധികളായ ഈ മൂവര്‍സംഘം. ഇവരെ പിന്തുടര്‍ന്ന് വനം കയ്യേറിയും കായല്‍ നികത്തിയും നെല്‍പ്പാടം മണ്ണിട്ട് മൂടിയും ഭൂമിക്കയ്യേറ്റങ്ങളുടെ ഒരു പരമ്പരതന്നെ കേരളത്തില്‍ നടക്കുന്നു.
ഇതിന് മേലൊപ്പ് ചാര്‍ത്തുന്നതാണ് വനം കയ്യേറ്റങ്ങള്‍ക്ക് സാധുത നല്‍കിയും പട്ടയഭൂമി ഉപയോഗം സംബന്ധിച്ച നിയമം ഭേദഗതി ചെയ്തും, 2008-ലെ തണ്ണീര്‍ത്തട നെല്‍വയല്‍ നിയമങ്ങളെ അട്ടിമറിച്ചും 2008- മുമ്പ് നികത്തിയ ഭൂമിക്ക് ന്യായവിലയുടെ പകുതി ഈടാക്കി ക്രമപ്പെടുത്തി നല്‍കാനുമുള്ള സര്‍ക്കാര്‍ തീരുമാനം. പ്രാദേശിക സമിതികളെ അപ്രസക്തമാക്കി നെല്‍പ്പാടം നികത്തി കരഭൂമിയാക്കി നല്‍കാനുള്ള അധികാരം ജില്ലാ കലക്ടര്‍മാരിലും സര്‍ക്കാരിലും നിക്ഷിപ്തമാക്കിയിരിക്കുന്ന പുതിയ ഉത്തരവ് അവശേഷിക്കുന്ന നെല്‍വയലുകളുടെ മരണ മണിയാകുമെന്നുറപ്പ്.
ഇനി ഇതിന്റെ മറവില്‍ ഏതെല്ലാം നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും കരഭൂമിയായി മാറും എന്നേ അറിയേണ്ടൂ. അത്രക്ക് ശക്തമാണ് ഈ സര്‍ക്കാരിന്റെ തണലില്‍ ഭൂമാഫിയ കേരളത്തില്‍.
ഓരോ വര്‍ഷവും നെല്‍പ്പാടങ്ങളുടെ വിസ്തൃതി കുറയുകയും തരിശ്പാടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന വിരോധാഭാസമാണ് ഇന്ന് കേരളത്തിലുള്ളത്. 1.8 ലക്ഷം ഹെക്ടറിലാണ് ആകെ നെല്‍കൃഷിയിപ്പോള്‍. അത് ചുരുങ്ങി ചുരുങ്ങി വരുന്നു. അധികാരമേറ്റ് ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ പരിസ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കുമെന്നും നെല്‍വയല്‍ ഡാറ്റാബാങ്ക് തയ്യാറാക്കുമെന്നുമുള്ള ഇടത് പ്രകടന പത്രിക ഇപ്പോഴും കടലാസില്‍ തന്നെയാണ്. ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുന്നതിനെതിരെ വന്‍കിട ഭൂമാഫിയ തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നു. നെല്‍പാടങ്ങള്‍ പലതും ഇരുട്ടിവെളുക്കുമ്പോള്‍ സര്‍ക്കാര്‍ രേഖകളില്‍ പുരയിടമാകുന്ന അത്ഭുതങ്ങളാണിപ്പോള്‍ കേരളത്തില്‍ പലയിടത്തും നടക്കുന്നത്. ഇത്തരം കേസുകളില്‍ സര്‍ക്കാരും പൊതുതാല്പര്യ ഹര്‍ജിക്കാരും പരാജയപ്പെടുന്നു. കാരണം കേസ് നടത്തുന്നതിലെ വീഴ്ചയും ബാഹ്യ ഇടപെടലും തന്നെ. അഞ്ചരലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വന്‍കിടക്കാര്‍ കയ്യേറി സ്വന്തമാക്കി വെച്ചിരിക്കുന്നു എന്നാണ് രാജമാണിക്യം റിപ്പോര്‍ട്ട്.
ഈ ഭൂമി തിരിച്ചു പിടിക്കാന്‍ കാര്യമായ ഒരു നടപടിയും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല. ഹൈക്കോടതി വിധിയെ പോലും സര്‍ക്കാര്‍ മാനിക്കുന്നില്ല.
കയ്യേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കി ആറ് മാസത്തിനകം കയ്യേറ്റ ഭൂമി തിരിച്ച് പിടിക്കണമെന്നാണ് 2015ലെ ഹൈക്കോടതി വിധി. ഈ വിധിവന്നിട്ട് ഇപ്പോള്‍ വര്‍ഷം രണ്ട് കഴിഞ്ഞെങ്കിലും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് കാര്യമായ ഒരു നീക്കവും ഇതേവരെ ഉണ്ടായിട്ടില്ല. ഇനിയൊട്ട് ഉണ്ടാവുമെന്ന് കരുതാനും വയ്യ.
കേരളത്തിലെ ഭൂമി കയ്യേറ്റങ്ങളും നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഈവിധമാണ് പോവുന്നതെങ്കില്‍ ഹരിത കേരളത്തെ വിഴുങ്ങുന്നത് മറ്റാരുമായിരിക്കില്ല. അത് പിണറായി സര്‍ക്കാരും അവരുടെ കൂട്ടാളികളുമടങ്ങുന്ന മാഫിയ സംഘങ്ങള്‍ തന്നെയായിരിക്കും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments