Kesari WeeklyKesari

-ലേഖനം-

സാഹിത്യോത്സവത്തിന്റെ മറവില്‍ രാജ്യദ്രോഹം--ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍

on 23 February 2018
Kesari Article

കോഴിക്കോട് കടപ്പുറത്ത് 2018 ഫെബ്രുവരി 8, 9, 10, 11 തീയതികളിലായി സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സാംസ്‌കാരിക മേഖലയില്‍ നീരാളിപ്പിടുത്തം നടത്തുന്ന ഇടത് - ജിഹാദി കൂട്ടുകെട്ടിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നതായിരുന്നു. ഡി.സി കിഴക്കേമുറി ഫൗണ്ടേഷനാണ് നാലുദിവസങ്ങളിലായി നീണ്ടുനിന്ന കേരളസാഹിത്യോത്സവത്തിന്റെ സംഘാടകര്‍ എന്നാണ് ഔദ്യോഗികഭാഷ്യം. എന്നാല്‍ അണിയറയില്‍ ചരടുവലിച്ചത് ഇടതുമുഖംമൂടിയണിഞ്ഞ ഇസ്ലാമിക മതതീവ്രവാദികളായ 'സാംസ്‌കാരിക പ്രവര്‍ത്തക'രായിരുന്നു. പ്രസാധനരംഗത്തെ കുലപതിയായിരുന്ന ഡി.സി. കിഴക്കേമുറിയുടെ നാമധേയത്തില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.ബുക്‌സിന്റെ സാരഥികള്‍ അറിഞ്ഞോ അറിയാതെയോ ജിഹാദി-ഇടതുസംഖ്യത്തിന്റെ സാംസ്‌കാരികക്കെണിയില്‍ പെട്ടുപോയതാണ് ഏറെ ഖേദകരം. 
കേരളസാഹിത്യോത്സവത്തിന് (കെഎല്‍എഫ്) കഴിഞ്ഞ  രണ്ടുവര്‍ഷമായി വേദിയാവുന്നത് കോഴിക്കോട് കടപ്പുറമാണ്. കഴിഞ്ഞുപോയ രണ്ടു വര്‍ഷങ്ങളിലും നടന്ന സാഹിത്യോത്സവത്തിന്റെ ഉള്ളറകള്‍ പരിശോധിച്ചാലും ഇടത്-ജിഹാദി സാംസ്‌കാരികൈക്യത്തിന്റെ ബലിഷ്ഠമായ അടിത്തറ വ്യക്തമായി മനസ്സിലാക്കാനാവും. കഴിഞ്ഞ വര്‍ഷം നടന്ന സാഹിത്യോത്സവത്തില്‍ ഹമീദ് ചേന്ദമംഗലൂരിനെയും എം.എന്‍ കാരശ്ശേരിയെയുമൊക്കെ ഒഴിവാക്കാന്‍ അണിയറയില്‍ ചരടുവലിച്ചവരാരൊക്കെയെന്ന് കേരളത്തിന്റെ സാംസ്‌കാരിക ലോകം ചര്‍ച്ച ചെയ്തതാണ്. ഇത്തവണ നടന്ന സാഹിത്യോത്സവത്തില്‍ ഈ ഛിദ്രശക്തികള്‍ വര്‍ദ്ധിത വീര്യത്തോടെ പ്രത്യക്ഷപ്പെട്ടുവെന്ന് മാത്രമല്ല മറയില്ലാതെ തങ്ങളുടെ രാജ്യവിരുദ്ധ അജണ്ട തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങളെ വികലമായി ചിത്രീകരിക്കുക, ദേശീയ പ്രസ്ഥാനങ്ങളെ കരിവാരിത്തേക്കുക, ഹൈന്ദവബിംബങ്ങളെയും ഈശ്വരസങ്കല്പത്തെയും നിന്ദ്യമായി അവതരിപ്പിക്കുക, ദേശവിരുദ്ധ എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും കൂട്ടമായി പങ്കെടുപ്പിക്കുക, സത്യസന്ധമായും പക്ഷപാതരഹിതമായും സാഹിത്യപ്രവര്‍ത്തനം നടത്തിവരുന്ന എഴുത്തുകാരെ ബഹിഷ്‌കരിക്കുക. ഇതനുസരിച്ചായിരുന്നു കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അജണ്ടയുടെ സ്വഭാവം.
ജമാഅത്തെ ഇസ്ലാമിയുടെയും സിപിഎമ്മിന്റെയും പത്രവും ചാനലും സാഹിത്യോത്സവ വാര്‍ത്തകള്‍ക്ക് നല്‍കിയ അമിത പ്രാധാന്യത്തിന്റെ പിന്നില്‍ വര്‍ത്തിച്ച താത്പര്യം കൂടി ഇവിടെ തെളിഞ്ഞുവരുന്നുണ്ട്. വിയോജിപ്പുകളില്ലെങ്കില്‍ ജനാധിപത്യമില്ല എന്നതായിരുന്നു കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മുദ്രാവാക്യം. ഈ ആശയം സമ്പൂര്‍ണമായി നിരാകരിച്ചു കൊണ്ടാണ് സംഘാടകര്‍ കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തവരുടെ പട്ടികയെടുത്താല്‍ തന്നെ സംഘാടകരുടെ ഒളി അജണ്ടയുടെ വ്യാപ്തി വ്യക്തമാവും.
 ജനാധിപത്യത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും ജനാധിപത്യ വഴിയിലൂടെ അധികാരമേറ്റെടുത്ത ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ അസ്ഥിരമാക്കുവാന്‍ ജനാധിപത്യ വിരുദ്ധമായ ഏതു ഹീനമാര്‍ഗത്തിലൂടെയും അഞ്ചാംപത്തി പണിയെടുക്കുകയും ചെയ്ത എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും വമ്പന്‍പങ്കാളിത്തം ഉറപ്പിക്കുവാന്‍ അഹോരാത്രം പണിപ്പെട്ട സച്ചിദാനന്ദാദികളുടെ തനിനിറം മനസ്സിലാക്കുവാന്‍ ഈ ലിസ്റ്റ് ഉപകാരപ്പെട്ടേക്കും. റൊമിലാഥാപ്പര്‍, അരുന്ധതീറോയി, കനയ്യകുമാര്‍, കെ.എസ്. ഭഗവാന്‍, പെരുമാള്‍ മുരുകന്‍, രാജ്ദീപ്‌സര്‍ദേശായി, ടീസ്ത സെതല്‍വാദ്, കാഞ്ചഇളയ്യ, ആശിഷ് നന്ദി, വന്ദന ശിവ, കവിതലങ്കേഷ്, സാഗരികാഘോഷ് എന്നിങ്ങനെ ആ നിരനീളുന്നു.
ഈ വമ്പന്‍ കത്തിവേഷങ്ങള്‍ക്കൊപ്പം ചെറുകിട കത്തിവേഷങ്ങളെയും ഒന്നൊഴിയാതെ കടപ്പുറത്തെത്തിക്കുവാന്‍ മറന്നില്ല കെ.എല്‍.എഫിന്റെ സംഘാടകര്‍. പ്രകാശ് രാജ്, ഭാമ, പി.കെ. പാറക്കടവ്, ദീപാനിശാന്ത്, കെ.കെ. കൊച്ച്, ജെ. രഘു, കെ.ടി. കുഞ്ഞിക്കണ്ണന്‍, സണ്ണി എം. കപിക്കാട്, ആഷിക് അബു, ബി. രാജീവന്‍, ബി.ആര്‍.പി. ഭാസ്‌കര്‍, ഉണ്ണി ആര്‍, കെ.ആര്‍. മീര, കമല്‍, സുനില്‍ പി. ഇളയിടം, നളിനി ജമീല, സാറാജോസഫ്, കെ.പി. രാമനുണ്ണി, കെ.ഇ. എന്‍. കുഞ്ഞുമുഹമ്മദ്, ഖദീജ മുംതാസ്, സനല്‍കുമാര്‍ ശശിധരന്‍, ഒ. അബ്ദുറഹ്മാന്‍, ജോണ്‍ ബ്രിട്ടാസ്, എ.പി. കുഞ്ഞാമു, രാജന്‍ഗുരുക്കള്‍, ദാമോദര്‍പ്രസാദ്, ഷിജു മുഹമ്മദ്, എം.എ ബേബി എന്നിങ്ങനെ ആ പട്ടിക നീളുന്നു. 
കേരള സാഹിത്യ അക്കാദമിയുടെ മുന്‍ അദ്ധ്യക്ഷയും കേരളസാഹിത്യസമിതിയുടെ ഇപ്പോഴത്തെ പ്രസിഡന്റും പ്രശസ്ത നോവലിസ്റ്റുമായ പി. വത്സലയെ ക്ഷണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് സച്ചിദാനന്ദ 'മഹാകവി' വ്യക്തമാക്കിയാല്‍ നന്നായിരുന്നു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളായ പി.എം. നാരായണന്‍, ഉള്ളൂര്‍ എം. പരമേശ്വരന്‍ എന്നിവര്‍ക്കും സാഹിത്യോത്സവത്തിന് ക്ഷണം ലഭിച്ചില്ല. പ്രശസ്തസാഹിത്യകാരന്മാരായ പി.ആര്‍.നാഥന്‍, പി.കെ. ഗോപി, ഡോ. ആര്‍സു, പി.എന്‍. ശ്രീധരന്‍ പാറക്കോട് തുടങ്ങിയവരെയും പടിക്ക് പുറത്ത് നിര്‍ത്തി.
ആദരണീയനായ ഭാരത പ്രധാനമന്ത്രിയെ വിദേശരാജ്യത്ത് വച്ചുപോലും താഴ്ത്തിക്കെട്ടുവാന്‍ അത്യുത്സാഹം പ്രകടിപ്പിച്ച രാജ്ദീപ് സര്‍ദേശായിയുടെ പ്രകടനമായിരുന്നു സാഹിത്യോത്സവത്തില്‍  ഇവരെ രോമാഞ്ചമണിയിച്ചത്. മാധ്യമങ്ങള്‍ക്ക് മേല്‍ ബിജെപി സര്‍ക്കാര്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് തട്ടിവിട്ട ആ മഹാന്‍ 'മന്‍കിബാ'ത്തിനെ 'മങ്കീബാത്ത്' എന്നു കളിയാക്കി തന്റെ റോള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. മറ്റൊരു മുഖ്യതാരം കനയ്യകുമാറായിരുന്നു. ഫാസിസത്തിനെതിരെ സമാനചിന്താഗതിക്കാര്‍ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട കനയ്യയാണ് സംഘാടകരുടെ മനംകവര്‍ന്ന കണ്ണിലുണ്ണി.
ശ്രീശങ്കരാചാര്യസ്വാമികളെ പുലഭ്യം പറഞ്ഞുവെന്ന ഒറ്റക്കാരണത്താലാവണം കെ.എസ്. ഭഗവാനെ സംഘാടകര്‍ ആദരപൂര്‍വം ക്ഷണിച്ചുവരുത്തിയത്. അദ്ധ്യാത്മരാമായണത്തിന്റെ പതിനായിരക്കണക്കിന് പ്രതികള്‍ വര്‍ഷംതോറും വിറ്റ് ലാഭമെടുക്കുന്ന ഡി.സി. ബുക്‌സിന് അല്പമെങ്കിലും ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ ഇനി മേലില്‍ രാമായണം അച്ചടിച്ച് വില്‍ക്കരുത്. കെ.എസ്. ഭഗവാന്റെ ജല്പനങ്ങള്‍ക്ക് മറുപടി കൊടുക്കാനുള്ള ബാദ്ധ്യതയില്‍ നിന്ന് ഒളിച്ചോടിയ രവി ഡി.സിയില്‍ നിന്ന് അതൊന്നും സാംസ്‌കാരിക കേളം പ്രതീക്ഷിക്കുന്നില്ല.
ലൗജിഹാദ് ഇല്ലെന്ന് സ്ഥാപിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ നോട്ടു നിരോധനം പാളിപ്പോയ പരീക്ഷണമാണെന്ന് പ്രചരിപ്പിക്കുക, രാജ്യം ഭരിക്കുന്നത് ഹിന്ദുത്വഫാസിസ്റ്റുകളാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പുലമ്പുക, ഭാരതീയ സംസ്‌കൃതിയുടെ ആദര്‍ശബിംബങ്ങളെ നിന്ദിക്കുക, ഇതിഹാസ പുരാണങ്ങളെ അപകീര്‍ത്തിപ്പെടുത്തുക, രാജ്യത്താകെ എഴുത്തുകാര്‍ വേട്ടയാടപ്പെടുകയാണെന്ന കള്ള പ്രചരണത്തിന് വ്യാപ്തി നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിവിധ സെഷനുകള്‍ സംഘടിപ്പിച്ചതെന്ന് കേരളാലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ബ്രോഷര്‍ ഒരു വട്ടം വായിച്ചാല്‍ തന്നെ വ്യക്തമാകും. 
വിഭാഗീയസ്വഭാവം പ്രകടിപ്പിച്ച ജനാധിപത്യ വിരുദ്ധമായ ഈ സാഹിത്യോത്സവത്തിന് ഫണ്ടുകള്‍ നല്‍കിയതാരൊക്കെയാണെന്ന് കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. കേന്ദ്ര ടൂറിസംവകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രത്യേകമായ താത്പര്യത്തില്‍ 20 ലക്ഷം രൂപയാണ് ഈ സാഹിത്യോത്സവത്തിന് ലഭിച്ചത്. മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയാണ് ഈ തുക നല്‍കിയതെന്ന് കേന്ദ്രമന്ത്രി തന്നെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും തുരങ്കംവെക്കുന്ന ഛിദ്രശക്തികളുടെ സമാഗമത്തിന് രാജ്യത്തെ സ്‌നേഹിക്കുന്നവരുടെ നികുതിപ്പണം നല്‍കിയവര്‍ ആരായാലും മാപ്പര്‍ഹിക്കുന്നില്ല. അഞ്ചുവര്‍ഷം തുടര്‍ച്ചയായി നടത്തുന്ന സാംസ്‌കാരികോത്സവങ്ങള്‍ക്കും ഒരു കോടി രൂപയിലേറെ ചിലവുവരുന്ന സാംസ്‌കാരികോത്സവങ്ങള്‍ക്കുമാണ് കേന്ദ്രഫണ്ട് നല്‍കിവരാറുള്ളത്. മൂന്നുവര്‍ഷത്തെ പ്രായം മാത്രമുള്ള കെ.എന്‍.എഫിന് കേന്ദ്രഫണ്ട് നല്‍കിയത് നഗ്നമായ നിയമലംഘനമാണ്.
ആസ്പിന്‍വാള്‍ ഗ്രൗണ്ടില്‍ കെ.എല്‍.എഫിന്റെ സംഘാടകര്‍ ഒരുക്കിയ ഭക്ഷണ കൗണ്ടറുകള്‍ കടുത്ത വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. ജാതിതിരിച്ച് വ്യത്യസ്ത കൗണ്ടറുകളൊരുക്കിയതിന് പിന്നിലുള്ള പ്രതിലോമകരമായ പ്രത്യയശാസ്ത്രം സംഘാടകരുടെ ഇരുണ്ടമനസ്സിനെ തുറന്നുകാട്ടുന്നതായി മാറി. ഗൗഡസാരസ്വതഫുഡും പണിയഫുഡും തീയഫുഡും മാപ്പിളഫുഡുമൊക്കെ വേര്‍തിരിച്ച് സജ്ജീകരിച്ചതിന്റെ പിന്നില്‍ ജനതയെ ഭക്ഷണത്തിന്റെ പേരില്‍ പോലും ഭിന്നിപ്പിക്കാനുള്ള ശ്രമം പതിങ്ങിയിരിപ്പുണ്ടായിരുന്നു. ജാതിക്കെതിരെയും ഫാസിസത്തിനെതിരെയും ഘോരഘോരം പ്രസംഗിച്ചവര്‍ ഇതിനെയൊക്ക ന്യായീകരിക്കാന്‍ ശ്രമിച്ചതായിരുന്നു ഇതിലേറെ അപഹാസ്യം. അടുത്തവര്‍ഷം ഹലാല്‍ ഭക്ഷണകൗണ്ടര്‍ ഒരുക്കുവാനും ഇക്കൂട്ടര്‍ മടിക്കാണിക്കില്ല.
അനുബന്ധം: സാംസ്‌കാരികോത്സവത്തില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ കേരളാപോലീസ് അറസ്റ്റു ചെയ്ത രാഹുല്‍ പശുപാലനെന്ന ചുംബനസമരനായകനും പങ്കെടുത്തു. അടുത്തതവണ അമീറുള്‍ ഇസ്ലാം, ഗോവിന്ദച്ചാമി, പള്‍സര്‍ സുനി എന്നിവരെ കൂടി പങ്കെടുപ്പിക്കുവാന്‍ സംഘാടകര്‍ തയ്യാറാവുമെന്ന് പ്രത്യാശിക്കുന്നു. അരുന്ധതി റോയിയെയും കനയ്യകുമാറിനെയും പങ്കെടുപ്പിക്കുവാന്‍ ഉത്സാഹം കാട്ടിയവര്‍ അടുത്തവര്‍ഷം തീവ്രവാദിയായ ഹഫീസ് സെയിദിനെയും അധോലോകരാജാവായ ദാവൂദ് ഇബ്രാഹിമിനെയും പങ്കെടുപ്പിക്കാനും ശ്രമിക്കട്ടേ.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments