Kesari WeeklyKesari

മുഖപ്രസംഗം

സാംസ്‌കാരിക ഗുണ്ടാസംഗമം

on 23 February 2018

ക്കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ വളരെ വിചിത്രമായവിധം ഒരു പിറന്നാള്‍ ആഘോഷം നടന്നു. വടിവാളുകൊണ്ട് കേക്കുമുറിച്ച് അതിഥികള്‍ക്ക് വിതരണം ചെയ്തുകൊണ്ട് മലയാളിയായ ഒരു ഗുണ്ട തന്റെ പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് ഗുണ്ടകള്‍ ഒത്തുകൂടി എന്നാണ് പത്രവാര്‍ത്ത. ഏതാണ്ടിതേപോലെ തന്നെയുള്ള വിചിത്രമായ ഒരാഘോഷമായിരുന്നു കേരള സാഹിത്യോത്സവം എന്ന പേരില്‍ കോഴിക്കോട് കടപ്പുറത്ത് നാലുദിവസം നീണ്ടുനിന്ന സാഹിത്യ വിവാദ സദസ്സുകള്‍. മോദിവിരുദ്ധ, രാഷ്ട്രവിരുദ്ധ, ഹിന്ദുവിരുദ്ധ നിലപാടുകള്‍ ഉള്ളവര്‍ മാത്രം സര്‍ക്കാര്‍ ചിലവില്‍ സച്ചിദാനന്ദ മഹാകവിയുടെ നേതൃത്വത്തില്‍ നടത്തിയ സാംസ്‌കാരിക ഗുണ്ടാസംഗമമായിരുന്നു അവിടെ നടന്നത്. 
പരിപാടിയുടെ മുന്നോടിയായി നടന്ന പത്ര സമ്മേളനത്തില്‍ കേരളത്തിലെ ചാനല്‍ ചര്‍ച്ചയടക്കമുള്ള പൊതുവേദികളിലൊന്നും സംഘപരിവാര്‍ സംഘടനകളെ വിളിയ്ക്കാന്‍ പാടില്ലെന്ന അത്യുദാരമായ ജനാധിപത്യ സമീപനം സച്ചിദാനന്ദ മഹാകവി പ്രഖ്യാപിച്ചു. 'വിയോജിപ്പുകളില്ലെങ്കില്‍ ജനാധിപത്യമില്ല' എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ സച്ചിദാനന്ദനോടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടും വിയോജിപ്പുള്ള ആരെയും പങ്കെടുപ്പിച്ചില്ല എന്നത് അതിലേറെ രസകരമായി. നരേന്ദ്രമോദിയെ പുലഭ്യം പറയുന്നവര്‍ക്കും, ഹിന്ദുക്കളെയും ഹിന്ദുസംഘടനകളെയും പുലയാട്ടു നടത്തുന്നവര്‍ക്കും മാത്രമായിരുന്നു സാഹിത്യോത്സവത്തിലെ അതിഥിയാകാന്‍ അവസരമുണ്ടായിരുന്നത്. കുരീപ്പുഴ ശ്രീകുമാര്‍ പരിപാടിയിലെ ആദ്യാവസാനക്കാരനായി നിറയാന്‍ കാരണംതന്നെ ഇക്കഴിഞ്ഞ ദിവസം ഹിന്ദുദൈവങ്ങളെയും സംഘസംഘടനകളെയും അദ്ദേഹം പുലഭ്യം പറഞ്ഞു എന്നതാണ്. ശബരിമല അയ്യപ്പന്റെ ജനനം സ്വവര്‍ഗ്ഗരതിയിലൂടെയാണ് എന്നും ബ്രഹ്മാവിന്റെ തല ഫെവിക്കോള്‍ വച്ച് ഒട്ടിച്ചതാണ് എന്നുമൊക്കെ കൊല്ലം ജില്ലയിലെ കോട്ടക്കല്‍ വച്ച് പ്രസംഗിച്ചതോടെ സച്ചിദാനന്ദ മഹാകവിയുടെ ഗുഡ്ബുക്കില്‍ കയറിക്കൂടിയ ആളാണ് കുരീപ്പുഴ ശ്രീകുമാര്‍. ഭാരതത്തെ തകര്‍ക്കുവോളം യുദ്ധം തുടരും എന്ന് ജെ.എന്‍.യുവില്‍ മുദ്രാവാക്യം വിളിച്ചതു മുതല്‍ സാഹിത്യസാംസ്‌കാരിക നായകനായി മാറിയ കനയ്യകുമാറും കേരളസാഹിത്യോത്സവത്തിലെ താരമായിരുന്നു. കാശ്മീര്‍ പാകിസ്ഥാന് വിട്ടുകൊടുക്കണമെന്ന് പറയുകയും 'സാധുക്കളായ' കാശ്മീര്‍ ഭീകരവാദികള്‍ക്കുവേണ്ടി സ്വന്തം ജീവന്‍പോലും കൊടുക്കാന്‍ തയ്യാറായി നടക്കുകയും ചെയ്യുന്ന അരുന്ധതി റോയി സച്ചിദാനന്ദ കവിയുടെ സാഹിത്യോത്സവത്തില്‍ അതിഥിയായില്ലെങ്കില്‍ പാകിസ്ഥാനെന്തുതോന്നും? ചുംബനസമരനായകനും സ്വന്തം ഭാര്യയെപ്പോലും മറ്റുള്ളവര്‍ക്ക് നല്‍കികൊണ്ട് സോഷ്യലിസത്തില്‍ മാതൃകകാട്ടുകയും ചെയ്ത രാഹുല്‍ പശുപാലന്‍ കേരളത്തിലെ സാഹിത്യസാംസ്‌കാരിക ലോകത്തിനു നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് അദ്ദേഹത്തിന് അഗ്രാസനം കൊടുക്കുവാന്‍ സച്ചിദാനന്ദന്‍ മറന്നില്ല. 
എല്ലാവേദികളിലും ഒരേ സമയം നരേന്ദ്രമോദിയുടെ ഫാസിസത്തെക്കുറിച്ച് കഥ, കവിത, പ്രസംഗം എന്നിവയൊക്കെ നടത്തിയത് മോദി ഗവണ്‍മെന്റു നല്‍കിയ 20 ലക്ഷം രൂപ കൂടി ഉപയോഗിച്ചിട്ടായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും സംഘപരിവാര്‍ ഫാസിസത്തിനുമെതിരെ എല്ലാ വേദികളിലും പ്രസംഗങ്ങള്‍ കത്തിക്കയറിയപ്പോള്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കാന്‍ എസ്.ഡി.പി.ഐ, പോപ്പുലര്‍ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളിലെ അണികള്‍ കൂട്ടമായെത്തി സദസ്സില്‍ നിറഞ്ഞിരുന്നു. അഭിപ്രായസ്വാതന്ത്ര്യം അരക്കിട്ടുറപ്പിക്കുവാന്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ ജോസഫ് സാറിന്റെ കൈപ്പത്തി വെട്ടിമാറ്റിയവരെപ്പോലെ മറ്റാര്‍ക്കാണ് കഴിയുക!
കമ്മ്യൂണിസ്റ്റുകാരുടെ  ഒളിജീവിതത്തിലെ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് പയ്യന്നൂരില്‍ പ്രസംഗിച്ചതിന്റെ പേരില്‍ സാഹിത്യകാരന്‍ സക്കറിയയെ മര്‍ദ്ദിച്ചവരും എ.കെ.ജിയുടെ ജീവിതത്തി ലെ ചില നിഴലുകളെ പരാമര്‍ശിച്ചതിന് വി.ടി. ബല്‍റാം എന്ന എം.എല്‍.എയുടെ ഓഫീസ് അക്രമിച്ചവരും ടി.പി. ശ്രീനിവാസനെയും സി.ആര്‍. നീലകണ്ഠനെയും ആക്രമിച്ചവരുമൊക്കെ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വേദിയുടെ മുന്നിലിരുന്ന് കൈയടിക്കുന്നുണ്ടായിരുന്നു. മോദിവധം ആട്ടക്കഥയുടെ മൂന്നാംദിവസം പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയും ശശികുമാറും ചേര്‍ന്നു നടത്തിയ മോദിയുടെ ഫാസിസത്തിനെതിരെയുള്ള അങ്കപ്പുറപ്പാട് കാണാനുള്ള ഭാഗ്യം ഈയുള്ളവനും ഉണ്ടായി. പാര്‍ലമെന്റില്‍ അനവസരത്തില്‍ ചിരിച്ച വനിതാ മെമ്പറെ മോദി പരിഹസിച്ചതു മുതല്‍ അദ്ദേഹം സോഷ്യല്‍ മീഡിയ വഴി നടത്തുന്ന ഇടപെടലുകള്‍ വരെ രാജ്ദീപ് സര്‍ദേശായിയുടെ വിമര്‍ശനത്തിനു വിധേയമായി. ഭാരതത്തിലെ ട്രോള്‍ ആര്‍മിയുടെ തലവനായി പ്രധാനമന്ത്രി മാറിയിരിക്കുന്നു എന്നുവരെ വിമര്‍ശിച്ച ഈ മാധ്യമപ്രവര്‍ത്തകന്‍ സദസ്സില്‍ നിന്നും മന്‍കി ബാത്തിനെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ മങ്കി ബാത് എന്ന് പരിഹസിക്കുന്നതില്‍ ഒരു തെറ്റും കണ്ടില്ല. പരിഹാസമൊക്കെ തങ്ങള്‍ ക്കുമാത്രമെ ജനാധിപത്യരാജ്യത്തു പറ്റൂ എന്ന നിലപാടിലായിരുന്നു രാജ്ദീപ് സര്‍ദേശായി. മോദിയെയും സംഘപരിവാര്‍ സംഘടനകളെയും വിമര്‍ശിക്കുന്ന നിങ്ങള്‍ എന്തുകൊണ്ടാണ് ഇസ്ലാം ഭീകരവാദികള്‍ക്കു നേരെ മൗനം പാലിക്കുന്നതെന്ന ചോദ്യം സദസ്സില്‍നിന്നും പ്രതികരണ ശേഷിയുള്ള ഒരു വനിത ചോദിച്ചപ്പോഴാണ് അതുവരെ അഭിപ്രായസ്വാതന്ത്ര്യം എന്ന് കേട്ട് കൈയടിച്ച സദസ്സിന്റെ തനി സ്വഭാവം പുറത്തു വന്നത്. ചോദ്യം ഉന്നയിച്ച വനിതയെ കൂവി ഇരുത്താന്‍ സദസ് ശ്രമിച്ചപ്പോള്‍ അത് ഒരു ചോദ്യം പോലുമല്ല എന്ന നിലപാടിലായിരുന്നു രാജ്ദീപ് സര്‍ദേശായിയും ശശികുമാറും. വിയോജിപ്പുകളില്ലെങ്കില്‍ ജനാധിപത്യമില്ല എന്ന് അപ്പോഴും സ്‌ക്രീനില്‍ എഴുതിക്കാണിക്കുന്നുണ്ടായിരുന്നു.
ഒരു ലക്ഷമായിരുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം അഞ്ച് ലക്ഷമാക്കുകയും അത് സച്ചിദാനന്ദനുതന്നെ നല്‍കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് സച്ചിദാനന്ദന്റെ ആവശ്യമായിരിക്കാം. 'ദീപസ്തംഭം മഹാശ്ചര്യം... നമുക്കും കിട്ടണം പണം' എന്ന സാഹിത്യ യശഃപ്രാര്‍ത്ഥികളുടെ നിലപാടിനെ കുഞ്ചന്‍നമ്പ്യാര്‍ തുറന്നു കാട്ടിയത് ഇന്നും പ്രസക്തമാണ് എന്ന് സച്ചിദാനന്ദ മഹാകവിയെപ്പോലുള്ളവരുടെ നിലപാടുകള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നു. സിഖ് കൂട്ടക്കൊലയിലും ടിയാന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയിലും മാറാട് സംഭവത്തിലും ഒന്നും പ്രതികരിക്കാതിരുന്ന സച്ചിദാനന്ദനും സംഘവും ഗുജറാത്ത് കലാപം പറഞ്ഞ് ജീവിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ആര് എഴുതണം, ആര് എഴുതണ്ട, ആര് സാംസ്‌കാരിക നായകനാകണം, ആര് ആകേണ്ട എന്നു തീരുമാനിക്കുന്ന, ആര്‍ക്ക് അവാര്‍ഡ് കൊടുക്കണം, ആര്‍ക്ക് കൊടുക്കണ്ട എന്നു നിശ്ചയിക്കുന്ന ഇടത് സാംസ്‌കാരിക ഫാസിസം ഇന്ന് കേരളത്തില്‍ സംജാതമാണ്. അത്തരം സാംസ്‌കാരിക ഫാസിസ്റ്റുകളുടെ ഇളകിയാട്ടമായിരുന്നു കോഴിക്കോട് കടപ്പുറത്ത് നടന്ന മലയാള സാഹിത്യോത്സവം. മൗലിക രചന ഏത്, പരിഭാഷ ഏത് എന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധം സാഹിത്യ ചോരണം നടത്തി മഹാകവി പട്ടം ചൂടി നടക്കുന്നവര്‍ പണത്തിനും, പ്രശസ്തിക്കും വേണ്ടി പെറ്റ നാടിനെതിരെ നടത്തിയ ഗൂഢാലോചനയായിരുന്നു സാഹിത്യോത്സവം എന്ന പേരില്‍ അരങ്ങേറിയ പേക്കുത്തുകള്‍. മലയാളസാഹിത്യത്തിന്റെ അപചയകാലത്തെ ചന്ദ്രോത്സവം എന്ന മണിപ്രവാളകൃതിയിലെ ഇതിവൃത്തത്തെ അനുസ്മരിപ്പിക്കുന്നതായി കോഴിക്കോട് കടപ്പുറത്തെ സാഹിത്യപരിപാടികള്‍. വേശ്യകളുടെ അഖില കേരള സമ്മേളനമായിരുന്നല്ലോ ചന്ദ്രോത്സവത്തിന്റെ പ്രമേയം. 'യുവജന മുതുകെന്ന പൊന്‍മണിത്തണ്ടിലേറി' കെട്ടി എഴുന്നള്ളിയ്ക്കപ്പെട്ട 'മേദിനീ വെണ്ണിലാവുകള്‍' എന്തായാലും സംസ്‌കാരത്തിനോ സാഹിത്യത്തിനോ എന്തെങ്കിലും സംഭാവന നല്‍കുമെന്ന് കരുതാന്‍ വയ്യ. നാലുദിവസം നീണ്ടുനിന്ന സാംസ്‌കാരിക ഗുണ്ടാസംഗമം മാത്രമായിരുന്നു കേരളസാഹിത്യോത്സവം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments