Kesari WeeklyKesari

ലേഖനം..

ആവിഷ്‌കാര സ്വാതന്ത്ര്യം മര്യാദകള്‍ക്ക് വിധേയമാക്കണം -സര്‍സംഘചാലക്

on 09 February 2018
Kesari Article

(ജനുവരി 26,27,28 തീയതികളില്‍ പാലക്കാട്ട്  നടന്ന ആര്‍.എസ്.എസ് 
പ്രാന്തീയകാര്യകര്‍തൃ ശിബിരത്തില്‍ കാര്യകര്‍ത്താക്കളുടെ സംശയങ്ങള്‍ക്ക് 
സര്‍സംഘചാലക്  മോഹന്‍ജി ഭാഗവത്  നല്‍കിയ  മറുപടി)

 

അയോദ്ധ്യയിലെ ക്ഷേത്രനിര്‍മ്മാണത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്? നിര്‍മ്മാണം വേഗത്തിലാക്കാന്‍ സംഘത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടോ?
ക്ഷേത്രം നിര്‍മ്മിക്കാന്‍ ഭൂമി ആവശ്യമാണ്. അതാകട്ടെ ഇപ്പോള്‍ കോടതിയുടെ അധീനതയില്‍ ആണ്. ഭൂമി ലഭ്യമാകുന്നത് കോടതി വിധിയിലൂടെയോ നിയമനിര്‍മ്മാണം വഴിയോ മാത്രമേ സാധിക്കുകയുള്ളൂ. സുപ്രീംകോടതി ഫെബ്രു.8 മുതല്‍ ഈ കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. അതിനാല്‍ ഏകദേശം ജൂണ്‍-ജൂലായ് മാസത്തോടെ തീരുമാനം ഉണ്ടാകും. അത് ക്ഷേത്രനിര്‍മ്മാണത്തിന് അനുകൂലമാകും എന്നാണ് പ്രതീക്ഷ. അതുവരെ ഈ പ്രക്രിയക്ക് തടസ്സമുണ്ടാകുന്ന ഒന്നും ഉണ്ടാവരുത്. വിധി അനുകൂലമല്ല എങ്കില്‍ സന്ന്യാസിവര്യന്‍മാരും വിശ്വിഹന്ദുപരിഷത്തും ബന്ധപ്പെട്ടവരും ഒരുമിച്ച് ചേര്‍ന്ന് ഉചിതമായ തീരുമാനം എടുക്കും. പിന്നെയുള്ളത് നിയമനിര്‍മ്മാണമാണ്. അതിന്റെ ആവശ്യം ഉണ്ടാകില്ല എന്നാണ് കരുതുന്നത്. എന്തായാലും ഒരുകാര്യം ഉറപ്പാണ്, ശിലാപൂജ ചെയ്ത ശിലകള്‍ കൊണ്ട് നിശ്ചയിക്കപ്പെട്ട ശില്‍പികള്‍ അതേസ്ഥാനത്ത് ക്ഷേത്രം നിര്‍മ്മിക്കുക തന്നെ ചെയ്യും.
 

മുഴുവന്‍ ഭാരതത്തിലും ദേശീയ ദൃഢീകരണവും സമന്വയവും സംഘദ്വാരാ നടക്കുന്നു. ഇതിനിടയിലുണ്ടാകുന്ന പ്രവീണ്‍ തൊഗാഡിയയെപ്പോലുള്ളവരുടെ വിഷയങ്ങള്‍ ഈ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കില്ലേ?
പ്രവീണ്‍ തൊഗാഡിയ വിഷയവും ദേശീയ ദൃഢീകരണവും തമ്മില്‍ ഒരു ബന്ധവുമില്ല. ആ വിഷയം കേവലം വ്യക്തികളുടെ തെറ്റുകളും വീഴ്ചകളും മാത്രമായി കാണുക. അദ്ദേഹം പത്രങ്ങളോട് പറഞ്ഞതില്‍ കുറച്ച് സത്യമുണ്ട്. കുറച്ച് അദ്ദേഹത്തിന്റെ തോന്നലുകളും. തൊഗാഡിയാജിക്ക് സുഖമില്ലാതിരുന്നതും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതുമൊക്കെ ശരിയായ കാര്യം തന്നെയാണ്. പക്ഷെ അദ്ദേഹത്തെ ആരോ കൊലപ്പെടുത്താന്‍ അതും ഹിന്ദുസംഘടനകളില്‍ നിന്ന് ശ്രമിക്കുന്നു എന്നൊക്കെപ്പറയുന്നത് തീര്‍ത്തും വസ്തുതാവിരുദ്ധമാണ്. ഒരു സംഘടനാ പ്രവര്‍ത്തകനും അങ്ങിനെ ചെയ്യില്ലെന്ന് ഉറപ്പാണ്. അദ്ദേഹത്തിനെതിരെ കേസുണ്ടായിരുന്ന രണ്ട് സംസ്ഥാനങ്ങളും (രാജസ്ഥാന്‍, ഗുജറാത്ത്) അത് പിന്‍വലിച്ചിരുന്നതാണ്. എന്നാല്‍ രാജസ്ഥാന്‍ പോലീസ് കേസ് പിന്‍വലിക്കാന്‍ കുറച്ച് വൈകി എന്നതാണ് പ്രശ്‌നം. കേസുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്‌നങ്ങളാണ് അദ്ദേഹത്തിനുണ്ടായ ഈ ആശയക്കുഴപ്പത്തിനുകാരണം.
 

കേരളത്തില്‍ സംഘപ്രവര്‍ത്തനം ശക്തമാണ്. കേന്ദ്രത്തില്‍ ബിജെപി ഭരണവുമുണ്ട്. എന്നിട്ടും കണ്ണൂരില്‍ നമുക്കെതിരെ അക്രമങ്ങള്‍ തുടരുന്നു. ഇത് സ്വയംസേവകരുടെ ആത്മവിശ്വാസം ഇല്ലാതാക്കില്ലേ? കണ്ണൂരിലെ ശാശ്വതസമാധാനത്തിന് എന്താണ് പരിഹാരം?
ഈ ചോദ്യത്തിന് ഉത്തരം ഞാന്‍ പറയേണ്ടതല്ല. നിങ്ങള്‍ തന്നെ സ്വയം കണ്ടെത്തേണ്ടതാണ്. പക്ഷെ ഇത്രയും ഞാന്‍ ഉറപ്പുതരുന്നു, ഇതിനായി നിങ്ങള്‍ എടുക്കുന്ന ഏതു തീരുമാനത്തെയും മുഴുവന്‍ ഭാരതവും പിന്‍തുണയ്ക്കും. സംഘം ശക്തമാണ് എന്നത് ശരിയാണ്. പക്ഷെ സര്‍വ്വശക്തമല്ല. (1) കര്‍ത്തും ശക്തി (പ്രവര്‍ത്തിക്കാനുള്ള ശക്തി). (2) അകര്‍ത്തും ശക്തി (പ്രവര്‍ത്തിക്കാതിരിക്കാനുള്ള ശക്തി). (3) അന്യഥാകര്‍ത്തും ശക്തി (സാഹചര്യത്തിനനുസരിച്ച് വ്യത്യസ്തമായ വിധത്തില്‍ എന്തും നേരിടാനും ചെയ്യാനുമുള്ള ശക്തി) എന്നിങ്ങനെ മൂന്നുണ്ട്. അതില്‍ മൂന്നാമത് പറയുന്നതായ ശക്തി കേരളത്തില്‍ നമുക്ക് ഇല്ല. അത് സ്വായത്തമാക്കേണ്ടതുണ്ട്. കൊലപാതകം ചെയ്യുന്നവരെ ഭരണകൂടം പിന്തുണയ്ക്കുന്നു എന്നതാണ് ഇവിടുത്തെ പ്രശ്‌നം. അവരുടെ ശക്തിയുടെ ആധാരം രാഷ്ട്രീയാധികാരമാണ്. അതുപയോഗിച്ച് ബംഗാളിലും അവര്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ജനം അവരുടെ ശക്തിയെ (രാഷ്ട്രീയാധികാരം) ഇല്ലാതാക്കി. ബംഗാളില്‍ അടുത്ത 20-30 വര്‍ഷത്തേക്ക് ഉയര്‍ന്നു വരാത്തവിധം ജനം അവരെ പുറത്താക്കി. ഈ ഒരു പരിവര്‍ത്തനം കേരളത്തിലും ഉണ്ടാകണം. അവരുടെ ശക്തിയെ (ഭരണാധികാരം) ഇല്ലാതാക്കണം. 
 

അവതരണാനുമതി കിട്ടിയതിനുശേഷവും പല സിനിമകള്‍ക്കുമെതിരെ തടസ്സവാദങ്ങള്‍ ഉയരുന്നു. ചിലര്‍ അവരുടെ സ്വാര്‍ത്ഥതയ്ക്ക് ഇതിനെ ഉപയോഗിക്കുന്നു. ഹിന്ദുത്വസംഘടന എന്ന നിലയില്‍ ഈ ആരോപണം സംഘത്തിനു നേരെയും ഉണ്ട്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള അതിക്രമങ്ങള്‍ അല്ലേ?
ചോദ്യം പദ്മാവത് സിനിമയുമായി ബന്ധപ്പെട്ടായിരിക്കുമല്ലോ. ആ സിനിമയെ എതിര്‍ക്കുന്ന കര്‍ണിസേനയുമായി സംഘത്തിന് യാതൊരു ബന്ധവും ഇല്ല. ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ മറ്റുള്ളവരെ അധിക്ഷേപിക്കാന്‍ അനുവാദമില്ല. അനുവാദം നല്‍കിയതിന്റെ പേരില്‍ അക്രമം നടത്തുവാന്‍ പാടില്ല. പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അത് നിയമവിധേയമായിരിക്കണം. സിനിമകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സെന്‍സര്‍ ബോര്‍ഡുണ്ട്. അതിനുമപ്പുറം കോടതിയുമുണ്ട്. ഈ വിഷയത്തില്‍ മാത്രമല്ല മറ്റ് പല വിഷയങ്ങളിലും ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. സംഘ കാഴ്ചപ്പാട് അനുസരിച്ച് ഏത് പ്രതിഷേധവും നിയമവിധേയമാകണം. അല്ലാത്തതിനെ തള്ളിപ്പറയണം. അതുപോലെ ആവിഷ്‌കാരസ്വാതന്ത്ര്യം മര്യാദകള്‍ക്ക് വിധേയമാകണം. അതില്‍ വിവേചനം ഉണ്ടാകാന്‍ പാടില്ല.
മുസ്ലീം ജനസംഖ്യ കൂടുതലുള്ള കാശ്മീരില്‍ സംഘപ്രവര്‍ത്തനം എങ്ങിനെയാണ് നടക്കുന്നത്? മുസ്ലീം സമൂഹത്തെ നമ്മിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കാറുണ്ടോ? അതുപോലെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയിലേയും സംഘപ്രവര്‍ത്തനത്തിന്റെ ഇന്നത്തെ സ്ഥിതി എന്താണ്?
കാശ്മീര്‍ താഴ്‌വരയില്‍ ഹിന്ദുക്കള്‍ നാമമാത്രമായേ ഉള്ളൂ. കൂടുതല്‍ പേരും ജമ്മുവിലെ ക്യാമ്പുകളില്‍ ആണ്. 'കാശ്മീര്‍ വിഭാഗ്' എന്ന നിലയില്‍ അവരുടെ ഇടയില്‍ പ്രത്യേക പ്രവര്‍ത്തനം നടക്കുന്നുണ്ട്. മൂന്ന് സേവാകേന്ദ്രങ്ങള്‍ താഴ്‌വരയില്‍ നമ്മുടേതായി ഉണ്ട്. അതിന്റെ നേതൃത്വത്തില്‍ കുറച്ച് ഏകല്‍ വിദ്യാലയങ്ങള്‍ നടക്കുന്നുണ്ട്. മുസ്ലീം ചെറുപ്പക്കാര്‍ കുറച്ചുപേര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉണ്ട്. ഒരു വിദ്യാനികേതന്‍ സ്‌കൂളും താഴ്‌വരയില്‍ പ്രവര്‍ത്തിക്കുന്നു. അവിടെ വന്ദേമാതരം ചൊല്ലുകയും പാഠ്യപദ്ധതിയിലെ എല്ലാകാര്യങ്ങളും നടക്കുകയും ചെയ്യുന്നുണ്ട്. വടക്കുകിഴക്കന്‍ മേഖലയിലും പ്രവര്‍ത്തനം നന്നായി നടക്കുന്നു. അവിടെയും ക്രിസ്ത്യന്‍ യുവാക്കള്‍ പതുക്കെ നമ്മുടെ പ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നുണ്ട്. കാശ്മീരിലും വടക്കുകിഴക്കന്‍ മേഖലയിലും പ്രഥമം ഹിന്ദുക്കളെ സംഘടിപ്പിക്കുക എന്നതു തന്നെയാണ്. ഗുവാഹട്ടിയില്‍ ജനു.21ന് അവരുടെ പ്രാന്തസാംഘിക് നടന്നു. മുപ്പതിനായിരത്തോളം ഗണവേഷധാരികളും അത്രതന്നെ അമ്മമാരും അനുഭാവികളും അനുശാസനത്തിലും നല്ല വ്യവസ്ഥയോടെയും ഒത്തുചേര്‍ന്നു. 4078 സ്ഥലങ്ങളില്‍ നിന്നാണ് ഇത്രയും പേര്‍ പങ്കെടുത്തത്. ഇതില്‍ പകുതിയിലധികം പുതിയ പ്രവര്‍ത്തന സ്ഥലങ്ങളാണ്. കഴിഞ്ഞ വര്‍ഷം അരുണാചലിലും സമാനമായ പരിപാടി നടന്നിരുന്നു. അവിടെ ആറായിരത്തോളം സ്വയംസേവകര്‍ പങ്കെടുത്തിരുന്നു. ത്രിപുരയില്‍ നടന്ന ഹിന്ദുസമ്മേളനത്തില്‍ ആദ്യമായി ബംഗാളി സന്തുമാരും അവിടുത്തെ വനവാസിവിഭാഗത്തിലെ മുഖ്യരും ഒരുമിച്ച് ഒരേ വേദിയില്‍ പങ്കെടുത്തു. മണിപ്പൂരില്‍ ഇപ്പോള്‍ അറുനൂറോളം സ്വയംസേവകര്‍ പങ്കെടുക്കുന്ന ശിബിരം നടക്കുന്നു. ഇവിടങ്ങളില്‍ ക്രിസ്ത്യന്‍ യുവാക്കളും കാര്യകര്‍ത്താക്കളായി വരുന്നുണ്ട്. പരിപാടികളില്‍ സ്ത്രീകളും വലിയതോതില്‍ പങ്കെടുക്കുന്നു. ശാഖകളും നന്നായി നടക്കുന്നുണ്ട്.

മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്നത് ശരിയാണോ? സന്ന്യാസിമാര്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത് ഉചിതമാണോ? യോഗി ആദിത്യനാഥ്ജിയെപ്പോലുള്ളവര്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെയായി മാറുന്നത് അംഗീകരിക്കാമോ? ഇതുപോലെ നാളെ മൗലവിമാരും പാതിരിമാരും രാഷ്ട്രീയത്തിലും ഭരണത്തിലും വരുന്നത് എത്രകണ്ട് ഉള്‍ക്കൊള്ളാന്‍ സാധിക്കും?
മതങ്ങളും മറ്റ് വ്യത്യസ്ത സമ്പ്രദായങ്ങളും സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കുന്നതിനെ നാം എതിര്‍ക്കുന്നു. എല്ലാത്തരം സ്വാര്‍ത്ഥ ചിന്തകളും എതിര്‍ക്കപ്പെടേണ്ടതാണ്. നമ്മുടെ നാട്ടിലെ പാരമ്പര്യം നാം നോക്കണം. സാഹചര്യം ആവശ്യപ്പെട്ടപ്പോള്‍ സിഖ് ഗുരുക്കന്മാര്‍ രാജനൈതിക മേഖലയിലേക്ക് ഇറങ്ങിയിട്ടുണ്ട്. യോഗി ആദിത്യനാഥ്ജിയുടെ ഗുരുവും അദ്ദേഹത്തിന്റെ ഗുരുവും ഇതുപോലെ അവിടത്തെ എം.പിയായിരുന്നു. അവിടുത്തെ ജനങ്ങള്‍ തിരഞ്ഞെടുത്തതാണ് അവരെ. നാഥ് വിഭാഗം ഇത് അംഗീകരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സന്ന്യാസം അയോഗ്യതയല്ല. ഭരണഘടനയുടെ അടിസ്ഥാനത്തിലായിരിക്കണം ഭരണം എന്നേ ഉള്ളൂ. പാതിരിമാരും മൗലവിമാരും ഇതുപോലെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നമുക്ക് യാതൊരു എതിര്‍പ്പുമില്ല. ഭരണഘടന അനുസരിച്ച് വേണം പ്രവര്‍ത്തിക്കാന്‍ എന്നു മാത്രം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments