Kesari WeeklyKesari

ലേഖനം..>>

സര്‍സംഘചാലകന്റെ വാക്കുകള്‍ വളച്ചൊടിച്ചു--ടി.വിജയന്‍

on 23 February 2018
Kesari Article


തൊട്ടുകൂടാന്‍ പാടില്ലാത്തവിധം ദൂരപ്പാട് നിര്‍ത്തേണ്ട അപകടകാരിയായ സംഘടനയാണ് ആര്‍.എസ്.എസ് എന്ന ധാരണപടര്‍ത്തി സമൂഹത്തില്‍ ആര്‍.എസ്.എസ് ഭീതി ഉണ്ടാക്കാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവതിന്റെ മുസഫര്‍പൂര്‍ പ്രസംഗത്തെ വളച്ചൊടിച്ച് വിവാദമാക്കിയ സംഭവം. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ രണ്ടുവരി അടര്‍ത്തിയെടുത്ത് സന്ദര്‍ഭത്തില്‍ നിന്നു വേര്‍പെടുത്തി പെരുപ്പിച്ചുകാട്ടി ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ചില വാര്‍ത്താഏജന്‍സികള്‍ കാണിച്ച ദുസാമര്‍ത്ഥ്യമാണ് ഈ വിവാദത്തിന്റെ മൂലം.
ജനുവരി അവസാനം അദ്ദേഹം കേരളം സന്ദര്‍ശിച്ചപ്പോള്‍ പാലക്കാട്ടെ വേദവ്യാസ വിദ്യാലയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയത് മാധ്യമങ്ങള്‍ വിവാദമാക്കിയിരുന്നു. ആര്‍.എസ്.എസ് സര്‍സംഘചാലക് വിദ്യാലയത്തില്‍ ദേശീയ പതാക ഉയര്‍ത്തി എന്നു പറഞ്ഞായിരുന്നു അന്നത്തെ വിവാദം. ഈ പ്രചരണത്തില്‍ സമനിലതെറ്റിയ കേരളത്തിലെ ഇടതുസര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സ്‌കൂള്‍ മേധാവിയല്ലാതെ മറ്റാരും പതാകയുയര്‍ത്തരുത് എന്ന് ഉത്തരവിറക്കി. മുന്‍കൂട്ടിപ്രഖ്യാപിച്ചുകൊണ്ടായിരുന്നു മോഹന്‍ജി ഭാഗവതിന്റെ പതാക ഉയര്‍ത്തല്‍ ചടങ്ങ്. നിയമപരമായോ മറ്റു ഏതെങ്കിലും വിധത്തിലോ അതു തടയാന്‍ സാധിക്കില്ല എന്ന് ബോധ്യപ്പെട്ട പിണറായി സര്‍ക്കാര്‍ ഒടുവില്‍ നാണം കെട്ട് മുഖംതാഴ്ത്തി. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്ടെ ഒരു എയ്ഡഡ് വിദ്യാലയത്തില്‍ പതാകയുയര്‍ത്തിയതിന് മോഹന്‍ജി ഭാഗവതിന്റെ പേരില്‍ കേസ്സെടുക്കും എന്ന് വീരവാദം മുഴുക്കിയിരുന്നു സംസ്ഥാനസര്‍ക്കാര്‍. എന്നാല്‍ പിന്നീട് അതിനെക്കുറിച്ച് അവര്‍ക്കു മിണ്ടാട്ടമുണ്ടായില്ല.
ബീഹാറിലെ മുസഫര്‍പൂരില്‍ ഫെബ്രുവരി 12ന് സംഘപരിപാടിയുടെ ഭാഗമായ പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണപോലെ സംഘത്തിന്റെ ആദര്‍ശം, പ്രവര്‍ത്തനം, കാര്യപരിപാടി തുടങ്ങിയവയെക്കുറിച്ച് വിശദീകരിക്കവെ അച്ചടക്കവും ദേശസ്‌നേഹവും സംഘകാര്യപദ്ധതിയുടെ സവിശേഷതയാണെന്ന് വിശദീകരിച്ചു. ഇക്കാര്യം വ്യക്തമാക്കാന്‍ ഒരു ഉദാഹരണമായി അദ്ദേഹം പറഞ്ഞ രണ്ടുവാക്യങ്ങളാണ് പൂര്‍വ്വാപരബന്ധമില്ലാത്തവിധം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തത്. രാജ്യം പൂര്‍ണ്ണയുദ്ധത്തെ നേരിടേണ്ടിവരുന്ന സാഹചര്യം സംജാതമാകുകയും അതിനായി ഭരണഘടന അനുവദിക്കുകയും ചെയ്താല്‍ പൊതുസമൂഹത്തെ അതിനു സന്നദ്ധരാക്കാന്‍ സൈന്യത്തിന് ആറുമാസം വേണ്ടിവരും. എന്നാല്‍ സ്വയംസേവകരെ അത്തരം സാഹചര്യം നേരിടാന്‍ സന്നദ്ധരാക്കാന്‍ മൂന്നുദിവസം മതി എന്നാണ് അദ്ദേഹം പറഞ്ഞത്. സംഘം സൈനിക സംഘടനയോ പാരാമിലിട്ടറി സംഘടനയോ അല്ല എന്ന് അദ്ദേഹം എടുത്തു പറയുന്നുണ്ട്. കുടുംബാധിഷ്ഠിത വ്യവസ്ഥയാണ് സംഘത്തിനുള്ളത്. അത്തരത്തിലുള്ള ഒരു സാമൂഹ്യസംഘടനയ്ക്ക്, രാജ്യം പൂര്‍ണ്ണയുദ്ധം നേരിടുന്ന സാഹചര്യത്തില്‍ അവസരത്തിനൊത്തുയരാന്‍ മാസങ്ങള്‍ തന്നെ വേണ്ടിവരും. സൈന്യത്തിന് സമൂഹത്തെ യുദ്ധസന്നദ്ധരാക്കാന്‍ ചുരുങ്ങിയത് ആറുമാസം വേണ്ടിവരുമെന്ന് സൈനിക വിദഗ്ദ്ധര്‍ തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സാഹചര്യം നേരിടാന്‍ സംഘസ്വയംസേവകര്‍ക്കു മൂന്നേമൂന്നു ദിവസം മതി എന്നാണ് മോഹന്‍ജി ഭാഗവത് പറഞ്ഞത്. അതിനു കാരണം സംഘകാര്യപദ്ധതിയിലൂടെ കിട്ടുന്ന അച്ചടക്കവും ദേശസ്‌നേഹവുമാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നിന്നും ഇക്കാര്യം വ്യക്തവുമാണ്. നിഷ്പക്ഷമതികളായ ആര്‍ക്കും അതു തിരിച്ചറിയാനും കഴിയും.
മോഹന്‍ജി ഭാഗവതിന്റെ പ്രസംഗത്തില്‍ നിന്ന് രണ്ടുവരി മുറിച്ചെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്താണ് മാധ്യമക്കാരും രാഷ്ട്രീയക്കാരും സംഘത്തെ അപകീര്‍ത്തിപ്പെടുത്തുന്നത്. ഈ രണ്ടു വരികള്‍ സംഘവിരോധമെന്ന മഞ്ഞ കണ്ണടവെക്കാതെ വായിച്ചാലും അതിന്റെ ഉദ്ദേശ്യം വ്യക്തമാകും. ''നമ്മുടെത് പട്ടാള സംഘടനയോ പാരാമിലിട്ടറി സംഘടനയോ അല്ല. എന്നാല്‍ പട്ടാളത്തിന്റെതു പോലുള്ള അച്ചടക്കം നമുക്കുണ്ട്. ദേശത്ത് ആവശ്യം വരുകയും ഭരണഘടനയും നിയമവ്യവസ്ഥയും ആവശ്യപ്പെടുകയും ചെയ്താല്‍ സൈന്യത്തിന് സമൂഹത്തെ തയ്യാറാക്കാന്‍ ആറ് ഏഴ് മാസങ്ങള്‍ വേണ്ടിവരും. എന്നാല്‍ സംഘസ്വയംസേവകര്‍ക്ക് മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാകാന്‍ കഴിയും അതാണ് നമ്മുടെ ക്ഷമത'' - ഇതാണ് മോഹന്‍ജിയുടെ വാക്കുകള്‍. സൈന്യം സദായുദ്ധസന്നദ്ധമായ രാജ്യരക്ഷാവിഭാഗമാണ്. അവര്‍ക്ക് അവരുടെ പണി ചെയ്യാന്‍ ഒരു സൈനിക ഉത്തരവിന്റെ ആവശ്യമേയുള്ളൂ. ഇക്കാര്യം ഏതു പിഞ്ചുകുഞ്ഞിനും അറിയാം. സൈന്യത്തിന് യുദ്ധസന്നദ്ധമാകാന്‍ ആറോ ഏഴോ മാസം വേണമെന്നു മോഹന്‍ജി പറഞ്ഞു എന്നു വാദിക്കുന്നവര്‍ അതു കേള്‍ക്കുന്നവരുടെ സാമാന്യബുദ്ധിയെയാണ് ചോദ്യംചെയ്യുന്നത്. രണ്ടാമത് യുദ്ധസന്നദ്ധരായി നില്‍ക്കുക എന്നത് സൈന്യത്തിന്റെ ജോലിയാണ്. അതിനു ഭരണഘടനയോ നിയമവ്യവസ്ഥയോ പ്രത്യേകം ആവശ്യപ്പെടേണ്ടതില്ല. അതില്‍ നിന്നും ഈ വാക്യങ്ങളുടെ അര്‍ത്ഥം ഇക്കൂട്ടര്‍ ദുര്‍വ്യാഖ്യാനം ചെയ്തതില്‍ നിന്ന് വിഭിന്നമാണ് എന്നു വ്യക്തം. സര്‍സംഘചാലക് സൈന്യത്തേയും സംഘത്തേയും താരതമ്യം ചെയ്തു എന്ന വാദം പൊളിയുന്നത് ഇവിടെയാണ്.
സര്‍സംഘചാലക് സംഘത്തെയും സൈന്യത്തേയും താരതമ്യം ചെയ്തു, സൈന്യത്തിനു ആറുമാസം കൊണ്ട് സാധിക്കുന്നത് സംഘത്തിന് മൂന്നുദിവസംകൊണ്ട് ചെയ്യാന്‍ സാധിക്കുമെന്നു വീമ്പിളക്കി സൈന്യത്തെ അപമാനിച്ചു, സൈന്യത്തെ മാത്രമല്ല ജനങ്ങളെയും അവഹേളിച്ചു എന്നെല്ലാമുള്ള ദുര്‍വ്യാഖ്യാനങ്ങളാണ് വാര്‍ത്താചാനലുകളും കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും പ്രചരിപ്പിച്ചത്. കാളപെറ്റു എന്ന് ചാനല്‍ വീരന്മാര്‍ പ്രചരിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയും പിണറായി വിജയനും സാമൂഹ്യമാധ്യമങ്ങളിലൂടെ കയര്‍ മാത്രമല്ല, കത്തിയെടുത്താണ് ആര്‍.എസ്.എസ്സിനെ ഗളഛേദം ചെയ്യാന്‍ വന്നത്. ആര്‍.എസ്.എസ്സിന്റെ അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്‍മോഹന്‍ വൈദ്യ സര്‍സംഘചാലകിന്റെ പ്രസംഗത്തിലുള്ളതെന്താണെന്ന് വിശദീകരണം നല്‍കിയിട്ടും ഇവര്‍ തിരുത്താന്‍ തയ്യാറായില്ല. മാധ്യമ വീരന്മാര്‍ ഒരു ദിവസത്തെ ആഹാരം കിട്ടിയിതിന്റെ ആര്‍ത്തി തീര്‍ന്നപ്പോള്‍ തെറ്റു തിരുത്താന്‍ പോലും തയ്യാറാകാതെ വിഷയം അവസാനിപ്പിച്ച് തലയൂരി.
എന്തുകൊണ്ടാണ് സര്‍സംഘചാലക് ഇത്തരമൊരു ഉദാഹരണം സ്വീകരിച്ചത് എന്നും ചിന്തിക്കേണ്ടതുണ്ട്. രാജ്യം യുദ്ധം നേരിട്ട സാഹചര്യങ്ങളില്‍ സാധാരണസമൂഹത്തിന് ദൃക്‌സാക്ഷികളായി നില്‍ക്കാനേ കഴിഞ്ഞിട്ടുള്ളു. എന്നാല്‍ അവസരത്തിനൊത്തുയര്‍ന്ന് പട്ടാളത്തിനും സര്‍ക്കാരിനും പിന്തുണയായി നില്‍ക്കാന്‍ സംഘത്തിനു സാധിച്ചിട്ടുണ്ട്.
1947 ഒക്‌ടോബര്‍ 6ന് പാകിസ്ഥാന്റെ പ്രേരണയോടെ പഠാന്‍കാര്‍ ജമ്മുകാശ്മീര്‍ പിടിച്ചെടുക്കാന്‍ നടത്തിയ യുദ്ധത്തില്‍ ഭാരത സൈനികര്‍ക്ക് തങ്ങളിലാവുന്ന സര്‍വ്വ സഹായങ്ങളും ഒരുക്കിയത് സ്വയം സേവകരായിരുന്നു. സൈന്യത്തിന് ജമ്മുവിമാനത്താവളത്തില്‍ ഡക്കോട്ടകള്‍ ഇറക്കാനായത് അഞ്ഞൂറിലധികം സ്വയംസേവകര്‍ ഏഴുദിവസം അഹോരാത്രം പണിയെടുത്ത് വിമാനത്താവളം വലുതാക്കിയതുകൊണ്ടാണ്. സൈനിക നീക്കത്തിനു തക്കവണ്ണം റോഡുകള്‍ നിര്‍മ്മിക്കാനും അറ്റകുറ്റപ്പണിചെയ്യാനും റിക്കാര്‍ഡ് സമയമാണ് സ്വയംസേവകര്‍ എടുത്തത്. കോട്‌ലിക്കകത്തെ പാളയത്തില്‍ വെടിക്കോപ്പുകള്‍ തീര്‍ന്നുപോയപ്പോള്‍ വായുസേന ഇട്ടുകൊടുത്ത 20 ആയുധപ്പെട്ടികള്‍ പാകിസ്ഥാന്റെ പീരങ്കി പരിധിയിലായിരുന്നു. അതു ഉപേക്ഷിക്കാന്‍ സൈന്യം തീരുമാനിച്ചപ്പോള്‍ കിഷന്‍ലാല്‍ ഉള്‍പ്പെടെ 20 സ്വയംസേവകര്‍ 17 പെട്ടികള്‍ വീണ്ടെടുത്തു. എന്നാല്‍ ആ ഉദ്യമത്തില്‍ ഏഴു സ്വയംസേവകര്‍ക്കു ജീവന്‍ വെടിയേണ്ടിവന്നു. ഓരോ യുദ്ധവേളയിലും ഇത്തരം നിരവധി അനുഭവങ്ങള്‍ പറയാനുണ്ട്. ജനറല്‍ തിമ്മയ്യയെപോലുള്ള സൈനികമേധാവികള്‍ ഇതിന്റെ പേരില്‍ സംഘത്തെ വാഴ്ത്തിയിട്ടുമുണ്ട്. 1947 ആഗസ്റ്റ് 14ന് കാശ്മീരിലെ ലാല്‍ചൗക്കില്‍ ഉയര്‍ത്തിയ പാക്പതാക പിറ്റേന്ന് അഴിച്ചുമാറ്റി ത്രിവര്‍ണ്ണപതാക ഉയര്‍ത്തിയത് ബല്‍രാജ് മഥോക്കിന്റെ നേതൃത്വത്തിലുള്ള സ്വയംസേവകരായിരുന്നു. (ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കുരുക്ഷേത്രയുടെ 'രാഷ്ട്രസുരക്ഷയും ആര്‍.എസ്.എസ്സും' എന്ന പുസ്തകത്തില്‍ കാണാം.)
സ്വയംസേവകരുടെ അച്ചടക്കവും ദേശഭക്തിയുമാണ് അവരെ ഇത്തരത്തിലുള്ള സമര്‍പ്പണത്തിന് സന്നദ്ധരാക്കിയത് എന്ന കാര്യം ഭരണകര്‍ത്താക്കളും അംഗീകരിച്ചിരുന്നു. 1962ലെ ചൈനായുദ്ധത്തില്‍ സംഘം ചെയ്ത സേവനങ്ങളെ മുന്‍നിര്‍ത്തി 1963ലെ റിപ്പബ്ലിക് ദിനപരേഡില്‍ സംഘത്തെ പങ്കെടുപ്പിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവാണ്. 1965ല്‍ പാകിസ്ഥാന്‍ ഭാരതത്തെ ആക്രമിച്ചപ്പോള്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രി, അപ്പോള്‍ മഹാരാഷ്ട്രപര്യടനത്തിലായിരുന്ന ശ്രീഗുരുജിയെ ഫോണില്‍ വിളിച്ച് അടുത്തദിവസം ദല്‍ഹിയില്‍ നടക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു. ആ യോഗത്തില്‍ സര്‍ക്കാരിനും സൈന്യത്തിനും സംഘത്തിന്റെ പൂര്‍ണ്ണപിന്തുണ അദ്ദേഹം ഉറപ്പു നല്‍കി. 22 ദിവസത്തെ യുദ്ധസമയത്ത് പോലീസിനെ കൂടുതല്‍ ആവശ്യമായ സേവനം ഏറ്റെടുക്കുന്നതിനു നിയോഗിച്ചപ്പോള്‍ അവര്‍ക്കു പകരമായി രാജ്യതലസ്ഥാനത്തെ ട്രാഫിക് നിയന്ത്രണം സ്വയംസേവകര്‍ ഏറ്റെടുത്തു. ഓരോ ദിവസവും രക്തദാനം ചെയ്യാന്‍ ദല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ സ്വയംസേവകരുടെ നീണ്ട നിരയായിരുന്നു. യുദ്ധത്തിനുശേഷവും സൈനികര്‍ക്കുവേണ്ടിയും യുദ്ധബാധിത സ്ഥലത്തെ ജനങ്ങള്‍ക്കുവേണ്ടിയും സ്വയംസേവകര്‍ സേവനമനുഷ്ഠിച്ചു. 1971ലെ ബംഗ്ലാദേശ് യുദ്ധസമയത്ത് പാകിസ്ഥാന്‍ തോക്കിന്റെ പരിധിയില്‍ വീണുപോയ പടക്കോപ്പുപെട്ടികള്‍ സുരക്ഷിതമായി സൈന്യത്തിനു എത്തിച്ചുകൊടുത്ത ശാഖാമുഖ്യ ശിക്ഷക് ചുര്‍ക്കാമുര്‍മുവിനു സ്വന്തം ജീവന്‍ ബലി നല്‍കേണ്ടിവന്നു. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി സ്വയംസേവകര്‍ രാഷ്ട്രം ആവശ്യപ്പെട്ട അടിയന്തരഘട്ടങ്ങളില്‍ അവസരത്തിനൊത്തുയര്‍ന്ന് ത്യാഗമനോഭാവത്തോടെ പ്രവര്‍ത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ വേണം സര്‍സംഘചാലകിന്റെ വാക്കുകളെ വിലയിരുത്തേണ്ടത്.
സര്‍സംഘചാലകന്റെ പ്രസംഗങ്ങളെ വളച്ചൊടിച്ച് വിവാദമാക്കാന്‍ മാധ്യമരംഗത്ത് ഒരു ലോബി തന്നെയുണ്ട് എന്നു ഉറപ്പാക്കുന്നതാണ് പുതിയ വിവാദം. ഇത്തരം നീക്കം ആദ്യത്തേതല്ല. 2013ല്‍ അസമിലെ സില്‍ച്ചറിലും, ഇന്തോറിലും അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ വളച്ചൊടിച്ച് വിവാദമാക്കിയിരുന്നു. ജനുവരി 5ന് ഇന്തോറിലെ പരമാനന്ദയോഗ ആശുപത്രി ആന്റ് റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനവേളയില്‍ നടന്ന പ്രസംഗം പിറ്റേന്ന് ആര്‍.എസ്.എസ്. റാലിയില്‍ നടന്ന പ്രസംഗം എന്ന നിലയ്ക്കാണ് പിടിഐ ലേഖകന്‍ റിപ്പോര്‍ട്ടു ചെയ്തത്. അതില്‍ നിന്നും ഈ രണ്ടു പരിപാടിയിലും ഈ ലേഖകന്‍ പങ്കെടുത്തിട്ടില്ല എന്നു വ്യക്തം. പ്രാദേശിക ചാനലുകളില്‍ കണ്ട പ്രസംഗഭാഗങ്ങള്‍ വാര്‍ത്തയാക്കുന്നതിനുപിന്നില്‍ സംഘവിരുദ്ധ അജണ്ടയല്ലാതെ മറ്റൊന്നില്ല. സില്‍ച്ചറില്‍ ഒരു ചോദ്യോത്തരവേളയിലെ പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നു അടര്‍ത്തിയെടുത്ത് വിവാദമാക്കുകയായിരുന്നു ചെയ്തത്. തുടര്‍ന്ന് വസ്തുത ആന്വേഷിക്കാതെ ചാനലുകള്‍ അതു വിവാദമാക്കി. പാശ്ചാത്യ രാജ്യത്ത് ഭാര്യാഭര്‍ത്തൃബന്ധം വെറുംകരാറാണ് എന്നദ്ദേഹം പറഞ്ഞതിനെ അദ്ദേഹത്തിന്റെ അഭിപ്രായമാക്കിയാണ് അവര്‍ പ്രചരിപ്പിച്ചത്. സി.എന്‍.എന്‍. ഐ.ബി.എന്‍, എ.എന്‍.ഐ എന്നീ വാര്‍ത്താ ചാനലുകളാണ്  ഇവിടെ കളിച്ചത്. അവസാനം അവര്‍ മാപ്പു പറഞ്ഞെങ്കിലും അതിനിടയ്ക്ക് സംഘത്തിനുമേല്‍ ആവുന്നത്ര ചളിവാരിയെറിഞ്ഞു.
'ഹേമന്ത് കാര്‍ക്കാരെയെക്കുറിച്ചുള്ള പരാമര്‍ശത്തിന് സുപ്രീംകോടതി ആര്‍.എസ്.എസ്. മേധാവിയെ വിമര്‍ശിച്ചു' എന്നു വാര്‍ത്ത സൃഷ്ടിച്ചുകൊണ്ടായിരുന്നു വേറൊരു നീക്കം. 2012 ഫെബ്രുവരി അവസാനം ചില ചാനലുകള്‍ ഈ വാര്‍ത്ത ആഘോഷിച്ചു സംപ്രേക്ഷണം ചെയ്തു. എന്നാല്‍ സര്‍സംഘചാലകന്റെ പേര് കോടതി പരാമര്‍ശിക്കുകയേ ഉണ്ടായില്ല. വാര്‍ത്തയെ തുടര്‍ന്ന് സുപ്രീംകോടതി ഇടപെടുകയും ചാനലുകള്‍ വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തു. അപ്പോഴും തെറ്റു പറ്റിയതിനു അവര്‍ വിശദീകരണം നല്‍കിയില്ല.
സംഘത്തെ അധിക്ഷേപിക്കാനും തെറ്റായ വാര്‍ത്ത സൃഷ്ടിക്കാനും ഒരു സംഘടിത ലോബിതന്നെ മാധ്യമരംഗത്തുണ്ട്. അവര്‍ വിരിയിച്ചെടുക്കുന്ന പെരുംനുണകളെ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും അവരുടെ വൈതാളികരായ ബുദ്ധിജീവികളും തയ്യാറായി നില്‍ക്കുന്നു. ഇക്കൂട്ടര്‍ തങ്ങളുടെ ഗീബല്‍സിയന്‍ പ്രചരണം ആവര്‍ത്തിക്കുമ്പോഴും ഓരോ തവണയും അതിന്റെ ഗ്രഹണം കഴിഞ്ഞ് സംഘം പൂര്‍വ്വാധികം സമൂഹത്തില്‍ തെളിഞ്ഞു ശോഭിക്കുകയാണ്.

വളച്ചൊടിക്കലിന്റെ
 മാധ്യമധര്‍മ്മം

''നമ്മുടെത് പട്ടാള സംഘടനയോ പാരാമിലിട്ടറി സംഘടനയോ അല്ല. എന്നാല്‍ പട്ടാളത്തിന്റെതു പോലുള്ള അച്ചടക്കം നമുക്കുണ്ട്. ദേശത്ത് ആവശ്യം വരുകയും ഭരണഘടനയും നിയമവ്യവസ്ഥയും ആവശ്യപ്പെടുകയും ചെയ്താല്‍ സൈന്യത്തിന് (സമൂഹത്തെ) തയ്യാറാക്കാന്‍ ആറ് ഏഴ് മാസങ്ങള്‍ വേണ്ടിവരും. എന്നാല്‍ സംഘസ്വയംസേവകര്‍ക്ക് മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാകാന്‍ കഴിയും. അതാണ് നമ്മുടെ ക്ഷമത'' - ഇതാണ് മോഹന്‍ജിയുടെ വാക്കുകള്‍.

ഓരോ പത്രവും തങ്ങളുടെ താല്പര്യമനുസരിച്ച് അവര്‍ക്കിഷ്ടപ്പെട്ട വാക്കുകള്‍ മോഹന്‍ഭാഗവതിന്റെ വായില്‍ കുത്തിത്തിരുകയായിരുന്നു. ഇതിലും വിചിത്രമായിരുന്ന ചാനല്‍ ആങ്കര്‍മാരുടെ പ്രകടനം.

''സൈന്യത്തിന് പടയൊരുക്കത്തിന് ആറേഴ് മാസമെങ്കിലും വേണ്ടി വരുമ്പോള്‍ ആര്‍.എസ്.എസ്സിന് വെറും മൂന്നുദിവസം മതി.
(മലയാള മനോരമ)
ഇന്ത്യന്‍ സൈന്യത്തിന് പെട്ടെന്ന് യുദ്ധത്തിനൊരുങ്ങാന്‍ ശേഷിയില്ലെന്നും ആര്‍.എസ്.എസ്സിനു രണ്ടു മൂന്നു ദിവസം കൊണ്ട് യുദ്ധസന്നദ്ധരാകാന്‍ സാധിക്കുമെന്നുമാണ് മോഹന്‍ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞത്.
(ദേശാഭിമാനി)
ആര്‍.എസ്.എസ്. സൈനിക സംഘടനയല്ല. എന്നാല്‍ സൈന്യത്തിന്റെതുപോലെ അച്ചടക്കമുണ്ട്. രാജ്യം ആവശ്യപ്പെട്ടാല്‍ സജ്ജമാകാന്‍ സൈന്യം ആറേഴുമാസമെടുക്കുമെങ്കില്‍ ആര്‍.എസ്.എസ്സിന് വെറും മൂന്നുദിവസം മതി.
(മാതൃഭൂമി)
സൈന്യത്തെ സജ്ജമാക്കാന്‍ ആറേഴുമാസം വേണ്ടിവരാം. എന്നാല്‍ സ്വയംസേവകരോട് ആവശ്യപ്പെട്ടാല്‍ മൂന്നുദിവസം കൊണ്ടു സാധിക്കും.
(മാധ്യമം)
സൈനികര്‍ക്കു യുദ്ധത്തിനു തയ്യാറെടുക്കാന്‍ ആറു മുതല്‍ ഏഴു ദിവസം വരെ എടുക്കുമെങ്കില്‍ സ്വയംസേവകര്‍ക്കു മൂന്നുദിവസംകൊണ്ടു യുദ്ധസജ്ജരാകാന്‍ കഴിയുമെന്ന് മോഹന്‍ജിഭാഗവത് 
(മംഗളം)

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments