Kesari WeeklyKesari

ഇതുകേട്ടില്ലേ?

ആദ്ധ്യാത്മിക പ്രഭാഷണബുക്കിങ്ങ് ഏ.കെ.ജി. സെന്ററിലാവാം--ശാകല്യന്‍

on 26 January 2018

ടുത്തുതന്നെ പാര്‍ട്ടിപത്രത്തില്‍ ഇങ്ങനെയൊരു പരസ്യം കാണാം. ''ആദ്ധ്യാത്മിക പ്രഭാഷണത്തിന് സമീപിക്കുക: സി.പി.എം. ലോക്കല്‍ കമ്മറ്റി ഓഫീസ്.പിണറായി വിജയന്‍, ഇ.പി. ജയരാജന്‍, കടകമ്പള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കു മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്''.വടകര കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ പിണറായി തുടങ്ങിവെച്ച ആദ്ധ്യാത്മിക പ്രഭാഷണം നിയമസഭയിലെ രണ്ടാം സ്ഥാനക്കാരനായിരുന്ന ഇ.പി. രജയരാജന്‍ ഏറ്റെടുത്തിരിക്കയാണ്. കാസര്‍കോട് വേങ്ങക്കോട് പെരുങ്കളിയാട്ടവേദിയിലെ അദ്ദേഹത്തിന്റെ ആദ്ധ്യാത്മികപ്രഭാഷണം കേട്ട് ശുദ്ധഭൗതികവാദികളേക്കാള്‍ ഞെട്ടിയത് കേരളത്തിലെ പ്രശസ്തരായ ആദ്ധ്യാത്മിക  പ്രഭാഷകരാണ്. ''ഹോമങ്ങളും പൂജാദികര്‍മ്മങ്ങളും നടത്തുന്നതിലൂടെ മനുഷ്യസമൂഹത്തിന്റെ ബോധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കും. പൂജാദികള്‍ മനുഷ്യന് നന്മയുണ്ടാക്കും.'' ഈ ആത്മീയ പ്രസംഗം കേട്ട് കോള്‍മയിരണിഞ്ഞ ലീഗ് എം.എല്‍.എ നെല്ലിക്കുന്ന് ജയരാജന്റെ വാക്കുകള്‍ ഒരു പുരോഹിതന്റെതാണ് എന്ന് വേദിയില്‍ വെച്ചുതന്നെ പ്രശംസിച്ചു. പാര്‍ട്ടി പത്രത്തിലെ പരസ്യത്തില്‍ സഖാവിനു കിട്ടിയ ഈ 'മതേതര' സര്‍ട്ടിഫിക്കറ്റ് കൂടിചേര്‍ത്തുവെച്ചാല്‍ ആദ്ധ്യാത്മിക പ്രഭാഷണത്തിനുള്ള ബുക്കിങ്ങ് വേഗത്തിലാകും.
കോടിയേരി തറവാട്ടുവീട്ടില്‍ പൂജ നടത്തി മുഖ്യമന്ത്രിസ്ഥാനത്തിനുള്ള വിഘ്‌നങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ്. കടകമ്പള്ളി ക്ഷേത്രങ്ങള്‍ കയറിയിറങ്ങി പുഷ്പാഞ്ജലി നടത്തുന്നു. പിണറായിയും ജയരാജനും ആദ്ധ്യാത്മിക പ്രഭാഷണം നടത്തി സായൂജ്യമടയുന്നു. ഇനി ഏ.കെ.ജി സെന്ററില്‍ ആദ്ധ്യാത്മിക പ്രഭാഷണത്തിനും പൂജാകാര്യങ്ങള്‍ക്കും വേണ്ടിയുള്ള ബുക്കിങ്ങ് കൗണ്ടര്‍ കൂടി തുറന്നാല്‍ മതി. വൈരുദ്ധ്യാത്മിക ഭൗതികവാദത്തിന്റെ ആചാര്യന്‍ കാറല്‍ മാര്‍ക്‌സിന്റെ പടം കൗണ്ടറില്‍ തൂക്കാന്‍ മറക്കരുത്.

മലപ്പുറത്തെ ഐ.എസ്. മനസ്സ്

വിദ്യാസമ്പന്നരായ കേരളീയരില്‍ ചിലരാണ് സിറിയയില്‍ ആടുമേയ്ക്കാന്‍ പോയി ഐ.എസ്. ഭീകരരാകുന്നത് എന്നതില്‍ അതിശയിക്കുന്നവര്‍ ഏറെയാണ്. ഐ.ടി. രംഗത്ത് സംസ്ഥാനത്ത് ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന മലപ്പുറം ജില്ല മീസെയില്‍സ് റുബെല്ല കുത്തിവെയ്പില്‍ ഏറ്റവും പുറകിലാകുന്നതിലും അവര്‍ അതിശയിക്കണം. മുസ്ലീം മതനേതാക്കളുടെ സഹായം തേടിയിട്ടും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഈ കുത്തിവെയ്പിന്റെ ലക്ഷ്യം തികയ്ക്കാനായിട്ടില്ല. പോളിയോ കുത്തിവെയ്പ് ഉള്‍പ്പെടെയുള്ളവയുടെ സ്ഥിതിയും വ്യത്യസ്തമല്ല. മറ്റു ജില്ലകളില്‍ നിന്നു വ്യത്യസ്തമായി മലപ്പുറത്ത് വീടുകളില്‍ നടക്കുന്ന പ്രസവം ഏറിവരികയാണ് എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഇയ്യിടെ മഞ്ചേരിയിലെ ഒരു ഇരുപത്തിമൂന്നുകാരി ആധുനിക ചികിത്സാസൗകര്യം കിട്ടാത്തതുകൊണ്ട് പ്രസവത്തിനിടെ മരണപ്പെട്ടു.
സിറിയയിലെ ആടുമേയ്ക്കലും മലപ്പുറത്തെ പ്രസവവും തമ്മില്‍ എന്തു ബന്ധം എന്നു ചോദിക്കുന്നവര്‍ക്ക് നല്‍കാന്‍ ഒരു ഉത്തരമേയുള്ളു- രണ്ടിനു പിന്നിലുമുള്ള പ്രേരണ ഇസ്ലാമിസ്റ്റ് ചിന്താഗതിയാണ്. കുത്തിവെയ്പ് വിരോധം മൂലം ആരോഗ്യപ്രവര്‍ത്തകരെ ഐ.എസ്. ഭീകരര്‍ കൊല്ലുന്നതു സംബന്ധിച്ച വാര്‍ത്ത പാകിസ്ഥാനില്‍ നിന്നും മറ്റും പുറത്തു വരുന്നുണ്ട്. അലോപ്പതി ചികിത്സാവിരോധവും കുത്തിവെയ്പുകള്‍ പ്രത്യുല്പാദനശേഷി ഇല്ലാതാക്കുമെന്ന പ്രചരണവും മുസ്ലീം സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നു എന്നാണ് മലപ്പുറത്തെ ആരോഗ്യവാര്‍ത്തകളില്‍ നിന്ന് വായിച്ചെടുക്കേണ്ടത്. ഇവിടെ വിരിയുന്നത് ഐ.എസ്.ഭീകരവാദമാണെന്ന് തിരിച്ചറിയാന്‍ വൈകിയാല്‍ ആപത്ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments