Kesari WeeklyKesari

അനുസ്മരണം

ഒപിവി നമ്പൂതിരി മാതൃകാ രാഷ്ട്രീയപ്രവര്‍ത്തകന്‍-ശശി അയനിക്കാട്

on 26 January 2018
Kesari Article

നുവരി ആദ്യവാരം അന്തരിച്ച ആദ്യകാല ജനസംഘം - ബിജെപി നേതാവായിരുന്ന ഒപിവി നമ്പൂതിരിപ്പാട് മാതൃകാ പ്രവര്‍ത്തകനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്നു. പാലക്കാട് ജില്ലയില്‍ ജനസംഘത്തെയും ബിജെപിയെയും കെട്ടിപ്പടുക്കുന്നതില്‍ ഒപിവി നമ്പൂതിരിപ്പാട് വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ലളിതവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റെ കൈമുദ്ര. ഉയര്‍ന്ന സമുദായത്തില്‍ ജനിച്ചെങ്കിലും ഏറ്റവും താഴെക്കിടയിലുള്ള പ്രവര്‍ത്തകരുടെ വീടുകളില്‍ തനിക്ക് പ്രവേശിക്കാനും കുടുംബാംഗം പോലെ പെരുമാറാനും കഴിഞ്ഞത് രാഷ്ട്രീയ സ്വയംസേവകസംഘത്തില്‍ നിന്നും ലഭിച്ച കരുത്താണെന്നും അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈയൊരു സാംസ്‌കാരിക ചിന്തയാണ്, എളിമയാണ് പ്രസ്ഥാനത്തിന്റെ  ഉന്നതസ്ഥാനത്തുവരെ അദ്ദേഹത്തെ എത്തിച്ചത്. ഒപിവി ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിലേക്ക് കടന്നുവരുന്ന കാലഘട്ടത്തില്‍ നമ്പൂതിരി സമുദായം ഏറെക്കുറെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം ആയിരുന്നു. അന്ന് ആര്‍എസ്എസ്സിലേക്കോ ജനസംഘത്തിലേക്കോ ഈ സമുദായത്തില്‍പ്പെട്ടവര്‍ കടന്നുവരുന്നത് അപൂര്‍വ്വമാണ്. അദ്ദേഹം സ്വയം മാതൃകയായി അതിന് മാറ്റം വരുത്തി. 
മണ്ണാര്‍ക്കാടിനടുത്ത് മുക്കണ്ണം എന്ന സ്ഥലത്ത് വീട് നിര്‍മ്മിച്ച് അവിടെയായിരുന്നു ഒപിവി താമസിച്ചത്. ഇദ്ദേഹത്തിന്റെ ഇല്ലം കുന്നംകുളത്തിനടുത്താണ്. പാതായ്ക്കര മന വകയുള്ള റബ്ബര്‍ തോട്ടത്തിന്റെ ചുമതലക്കാരനായിട്ടാണ് ഒപിവി മുക്കണ്ണത്തെത്തിയത്. റബ്ബര്‍ കൃഷിയെപ്പറ്റി ശാസ്ത്രീയമായ അറിവ് ഒപിവിക്ക് കൈമുതലായിരുന്നു.
നല്ലൊരു സംസ്‌കൃത പണ്ഡിതന്‍ കൂടിയായിരുന്നു. അതുകൊണ്ട് തന്നെ വേദേതിഹാസങ്ങളില്‍ നിഷ്ണാതനായിരുന്നു. രാമായണത്തിന്റെയും ഭഗവദ്ഗീതയുടെയും മൂലകൃതികള്‍ വിവര്‍ത്തനം ചെയ്യാന്‍ സംസ്‌കൃത പരിജ്ഞാനം ഒപിവിക്ക് സഹായകരമായിട്ടുണ്ട്.
ധര്‍മ്മശാസ്ത്രവിഷയങ്ങളും ഭാഷാശാസ്ത്രവും ഇദ്ദേഹം ഗവേഷണത്വരയോടെയാണ് പഠിച്ചിരുന്നത്. ഒ.പി.വി ഗഹന ചിന്തയും പരന്നവായനയുമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു.
ഒപിവി മാത്രമല്ല, തന്റെ കുടുംബത്തെക്കൂടി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ എത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു എന്നതാണ് ഏറ്റവും അനുകരണീയമായ മാതൃക. അതിനാലാണ് അടിയന്തരാവസ്ഥകാലത്ത് ഭാര്യ ശ്രീദേവി അന്തര്‍ജ്ജനവും ഒരുവയസ്സില്‍ താഴെയുള്ള മകളും പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. മകളെ ഒഴിവാക്കി ജയിലിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് പറഞ്ഞെങ്കിലും അന്തര്‍ജനം അതിനുസമ്മതിച്ചില്ല. അങ്ങനെയായിരുന്നു ഒപിവിയുടെ കുടുംബം.
അദ്ദേഹം മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റായിരിക്കെയാണ് ബിജെപിയുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ ആദിവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിന് തുടക്കംകുറിച്ചത്. അട്ടപ്പാടിയില്‍ നിന്നും പാലക്കാട് കളക്‌ട്രേറ്റിലേക്ക് ആദിവാസികളെയും കൊണ്ടുള്ള പദയാത്രക്ക് നേതൃത്വം നല്‍കിയത് ഒ.രാജഗോപാലായിരുന്നു.
രാഷ്ട്രീയത്തില്‍ ഒപിവി സജീവമായിരുന്നതോടൊപ്പം ആധ്യാത്മിക രംഗത്തും അദ്ദേഹം സക്രിയമായിരുന്നു. തൊട്ടടുത്തുള്ള ക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഏറ്റെടുത്താണ് നടത്തിയത്. 
സ്വന്തം ചിലവില്‍ തന്നെ രാമായണത്തിന്റെയും ഭാഗവതത്തിന്റെയും വിവര്‍ത്തനം അച്ചടിച്ച് വിതരണം ചെയ്തിരുന്നു. തനിക്ക് വേണ്ടപ്പെട്ടവര്‍ക്കും കാണാനെത്തുന്നവര്‍ക്കും അദ്ദേഹം അത് സൗജന്യമായി നല്‍കി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഉന്നതനേതാക്കളുമായും അദ്ദേഹത്തിന് അടുത്തബന്ധമുണ്ടായിരുന്നു.
പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ, എബി വാജ്‌പേയ് എന്നിവരുടെ കാലഘട്ടത്തില്‍ ഒപിവി കേരള നേതൃത്വത്തില്‍ ഉണ്ടായിരുന്നു. 1967 ല്‍ കോഴിക്കോട് നടന്ന ജനസംഘത്തിന്റെ അഖിലേന്ത്യാസമ്മേളനത്തിലെ മുഖ്യസംഘാടകരില്‍ ഒരാളായിരുന്നു.
രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലും കാര്‍ഷികമേഖലയിലും അദ്ദേഹം കര്‍മ്മനിരതനായിരുന്നു. അതായിരുന്നു അദ്ദേഹത്തെ അവസാനനിമിഷം വരെയും സജീവമാക്കി നിലനിര്‍ത്തിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments