Kesari WeeklyKesari

കവിത

കൂടുമാറ്റം-ശ്രീധരനുണ്ണി

on 26 January 2018

കൂടുമാറിക്കൂടുമാറി—
    ക്കളിക്കുമീക്കിളിയെന്തേ  
പാടുവാന്‍ മറന്നുപോയോ 
    പഴയ ഗാനം ?
ദൂരെദൂരെ വനം പൂകി -
    കൊണ്ടുവന്ന ഫലങ്ങള്‍ക്കു 
മാധുരി പോരാഞ്ഞോ 
    പുഴുവരിക്കയാലോ ?
നെന്മണികള്‍ കൊറിക്കുവാന്‍
    കഴിയുന്നീലെന്നോ, തീര്‍ത്ഥ—
മെന്നപോലേകുമീ നീരും 
   മലിനമായോ ?
എന്ത്! നിന്റെ ചിറകുകള്‍ 
    ക്ഷീണിതമായെന്നോ? കാല—
ബന്ധനത്തിലിത്ര നാളും 
    പെട്ടുപോയെന്നോ ?
ശ്രുതിയാകെ മറന്നെന്നോ,
    കൃതിതന്നെ മറന്നെന്നോ,
മൃതിതാളം മാത്രം മുന്നില്‍ 
    മുഴങ്ങുന്നെന്നോ ?
കാടകം മറന്നോ, നിന്റെ 
    കൂടകം മറന്നോ? കൂടെ—
പ്പാടിയ തോഴനെപ്പോലും
     മറവി തിന്നോ ? 
എങ്കിലുമപാരതയില്‍ 
    മിഴിയൂന്നി നിദ്രാഹീനം 
എന്തിനായിമ്മട്ടു വൃഥാ 
    കാത്തിരിക്കുന്നു  ?  

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments