Kesari WeeklyKesari

ലേഖനം**

മാര്‍ക്‌സിന്റെ സാമൂഹ്യശാസ്ത്ര വിജ്ഞാനം--രാമചന്ദ്രന്‍

on 26 January 2018

 

മാര്‍ക്‌സിന്റെ ആദ്യ ഇന്ത്യാലേഖനത്തിലെ ഏറ്റവും കുപ്രസിദ്ധമായ ഖണ്ഡിക ഇതാണ്:

ഇന്ത്യയിലെ അധ്വാനശീലമുള്ള, പുരുഷാധിപത്യമുള്ള, നിര്‍ദോഷകരമായ സമൂഹിക സംഘങ്ങള്‍ ചിന്നിച്ചിതറി, ചെറുഘടകങ്ങളായി ലയിച്ചുതീര്‍ന്നതും ദൈന്യതയുടെ കടലിലേക്ക് എടുത്തെറിയപ്പെട്ടതും അവയിലെ ഓരോ അംഗത്തിനും പ്രാചീന നാഗരികതയും പരമ്പരാഗത ഉപജീവന മാര്‍ഗവും നഷ്ടപ്പെട്ടതും മനുഷ്യവികാരത്തെ ഉലയ്ക്കുന്നതാണ്. എങ്കിലും, നിര്‍ദോഷമെന്നു തോന്നുന്ന ഈ അലസഗ്രാമ്യ വ്യവസ്ഥയാണ് എക്കാലവും പൗരസ്ത്യ ഏകഛത്രാധിപത്യത്തിന്റെ ഉറച്ച അടിത്തറയായിരുന്നത് എന്ന സത്യം വിസ്മരിച്ചു കൂടാ. ഈ വ്യവസ്ഥയാകട്ടെ, മനുഷ്യമനസ്സിനെ ഏറ്റവും ചെറിയ വട്ടത്തിലേക്കു ചുരുക്കുകയും അതിനെ അന്ധവിശ്വാസത്തിന്റെ അപ്രതിരോധ്യമായ കരുവാക്കുകയും അതിനെ പൈതൃക നിയമങ്ങള്‍ക്കു കീഴില്‍ തളയ്ക്കുകയും ചെയ്തു. അങ്ങനെ അതിന് ചരിത്രപരമായ ഊര്‍ജ്ജ മഹിമകള്‍ നഷ്ടപ്പെട്ടു.

ഈ ഖണ്ഡികയെ സംബന്ധിച്ച്, മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ തന്നെ പരസ്പരം നടത്തിയ ഏറ്റുമുട്ടലുകള്‍ അടങ്ങിയിട്ടില്ല. അമേരിക്കന്‍ ജൂത മാര്‍ക്‌സിസ്റ്റ് ചിന്തകനായ എഡ്വേര്‍ഡ് സായിദ്, 'ഓറിയന്റലിസം' എന്ന പ്രശസ്തമായ പുസ്തകത്തില്‍, മാര്‍ക്‌സ് ഇന്ത്യയെപ്പറ്റി പറഞ്ഞതെല്ലാം അപ്പടി വിഴുങ്ങുകയുണ്ടായി. ഇന്ത്യാചരിത്രത്തിന് സായിദ്, സര്‍ദാര്‍ കെ.എം പണിക്കരുടെ പുസ്തകത്തെയാണ് 1  ആശ്രയിച്ചതെന്ന്, സായിദിന്റെ പഠനത്തില്‍ നിന്ന് മനസ്സിലാകും. അതെന്തായാലും, മാര്‍ക്‌സിനെ സായിദ് അപ്പടി വിഴുങ്ങിയതിനെ, ഉര്‍ദു മാര്‍ക്‌സിസ്റ്റ് ചിന്തകനായ ഐജാസ് അഹമ്മദ് തിരസ്‌കരിക്കുന്നതാണ്, 'ഇന്‍ തിയറി' എന്ന ഗ്രന്ഥത്തില്‍ കണ്ടത്.

ഇന്ത്യയുടെ പ്രൗഢമായ നാഗരികതയെ, വെറും അലസ ഗ്രാമ്യവ്യവസ്ഥയായി മാര്‍ക്‌സ് ലഘൂകരിച്ചതും ആ നാഗരികത തകര്‍ന്നു തരിപ്പണമായെന്നു വിലപിച്ചതും അന്ധവിശ്വാസ ജടിലമായിരുന്നു ഇന്ത്യയുടെ അടിത്തറയെന്നു കല്‍പിച്ചതും ഒരിന്ത്യക്കാരനും വകവച്ചുകൊടുക്കാന്‍ കഴിയില്ല. ഈ ലളിതവല്‍ക്കരണത്തില്‍ നിന്നാണ് മാര്‍ക്‌സ്, ബ്രിട്ടന്‍ ഇന്ത്യയില്‍ സാമൂഹിക വിപ്ലവം സൃഷ്ടിച്ചു എന്ന അബദ്ധ നിഗമനത്തില്‍ നിപതിച്ചത്.

ബ്രിട്ടന്റെ കോളനിവല്‍ക്കരണം ഇന്ത്യയില്‍ വിപ്ലവമല്ല, മറിച്ച് വികസനത്തിന്റെ മുരടിപ്പാണ് സൃഷ്ടിച്ചത്. ഭിന്നിപ്പിക്കല്‍ തന്ത്രം വഴി, നാട്ടുരാജ്യങ്ങളെ തമ്മില്‍ ബ്രിട്ടന്‍ സംഘര്‍ഷത്തില്‍ തളച്ചതുകാരണം, ബ്രിട്ടനെതിരെ ഒരു ഐക്യനിര ഉണ്ടായില്ല. ഇന്ത്യയും ഏഷ്യ മൊത്തത്തിലും ഒരിക്കലും മാറ്റമില്ലാത്ത അലസവ്യവസ്ഥയാണെന്ന സങ്കല്‍പം, മാര്‍ക്‌സിസം പോലെ തന്നെ, മാര്‍ക്‌സിന്റെ സ്വന്തമല്ല. ഹെഗല്‍ ഇല്ലെങ്കില്‍ മാര്‍ക്‌സ് ഇല്ല; ഇന്ത്യ അലസ വ്യവസ്ഥയാണെന്ന വിഡ്ഢിത്തം പത്തൊന്‍പതാം നൂറ്റാണ്ടിലെ യൂറോപ്പില്‍, നവോത്ഥാന ചിന്തകരായ ഹോബ്‌സ്, മൊണ്ടെസ്‌ക്യു എന്നിവരെ പിന്‍പറ്റി ഒരുകൂട്ടം ആവര്‍ത്തിച്ച ഒന്നു മാത്രമാണ്. തെളിച്ചു പറഞ്ഞാല്‍, ഇന്ത്യ അലസവ്യവസ്ഥയാണെന്ന ആശയവും മാര്‍ക്‌സ്, ഹെഗലില്‍ നിന്നു മോഷ്ടിച്ചതാണ്. അത് എഡ്വേര്‍ഡ് സായിദ് തുറന്നു പറഞ്ഞില്ലെന്നു മാത്രം.

ചുഴിഞ്ഞു നോക്കിയാല്‍, കോളനി വാഴ്ചയ്ക്ക് മുന്‍പുള്ള ഇന്ത്യ അലസവ്യവസ്ഥയാണെന്ന നിഗമനം, മാര്‍ക്‌സ് യൂറോപ്പിന്റെ ഫ്യൂഡല്‍ ഭൂതകാലത്തെപ്പറ്റി, അവയെ സംബന്ധിച്ച പ്രബന്ധങ്ങളില്‍ പറഞ്ഞതിന്റെ ആവര്‍ത്തനമാണെന്നു കാണാം. ഭൂതകാലം ചലനരഹിതമാണെന്ന ഒരു ചാരുകസേര ചിന്ത മാത്രമാണ്, അത്. ഇന്ത്യയിലെ ജാതിവ്യവസ്ഥ ഇന്ത്യയെ ചെറിയ വട്ടത്തില്‍ ഒതുക്കി എന്ന മാര്‍ക്‌സിന്റെ വിമര്‍ശനം, 'യൂറോപ്യന്‍ സമൂഹം ഗ്രാമീണജീവിത വിഡ്ഢിത്ത'ത്തില്‍ കുടുങ്ങിക്കിടക്കുന്നു എന്ന അദ്ദേഹത്തിന്റെ തന്നെ പ്രസ്താവനയുമായി തട്ടിച്ചു നോക്കുകയാണു വേണ്ടത്.

ഏഷ്യയില്‍ ഒരു വിപ്ലവം നടക്കാതെ മാനവരാശിക്ക് അതിന്റെ ദൗത്യം പൂര്‍ത്തീകരിക്കാനാവുമോ എന്ന്, മേലുദ്ധരിച്ച ഖണ്ഡികയുടെ ഒടുവില്‍ മാര്‍ക്‌സ് ചോദിക്കുന്നുണ്ട്. മാര്‍ക്‌സിന്റെ രാഷ്ട്രീയ സിദ്ധാന്തത്തിന്റെ അടിസ്ഥാന ദൗര്‍ബല്യവുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനയാണ്, ഇത്. മാര്‍ക്‌സിന്റെ സിദ്ധാന്ത പ്രകാരം, വിപ്ലവം നടക്കണമെങ്കില്‍, മുതലാളിത്തം (ഇമുശമേഹശാെ) മൂത്തുപഴുക്കണം. ഇങ്ങനെ ഒരു മുതലാളിത്തത്തിന്റെ മൂത്തു പഴുക്കലായി അദ്ദേഹം, കൊളോണിയലിസത്തെ തെറ്റിദ്ധരിച്ചിട്ടുണ്ടാകണം. സ്വന്തം നാടായ ജര്‍മനിയിലും ഇങ്ങനെ വേണമെന്ന് മാര്‍ക്‌സ് ആഗ്രഹിച്ചിരുന്നു.

മാര്‍ക്‌സ് ഇന്ത്യയെപ്പറ്റി പത്രപ്രവര്‍ത്തനം നടത്തുന്ന കാലത്ത്, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, അമേരിക്കയില്‍ ഈ 'മൂത്തുപഴുക്കല്‍' നടന്നിരുന്നു. ഇന്ത്യ കുറെ മുന്നോട്ടുപോയിരുന്നു. ആഫ്രിക്കയില്‍ അതു തുടങ്ങുകയായിരുന്നു. ഇങ്ങനെയൊക്കെ കാണുന്നതിന്റെ പാപ്പരത്തം എന്താണെന്നു വച്ചാല്‍, 1835ല്‍ ഇംഗ്ലണ്ടും ഇന്ത്യയും സമ്പന്നതയുടെ കാര്യത്തില്‍ തുല്യശക്തികളായിരുന്നു എന്നതാണ്.

മുന്‍ ഉദ്ധരിച്ച ഖണ്ഡികയുടെ തുടര്‍ച്ചയായി മാര്‍ക്‌സ് പറയുന്നു:

''ഏതെങ്കിലും ഒരു ചെറുതുണ്ടു ഭൂമിയില്‍ അള്ളിപ്പിടിച്ചു നിന്നു സാമ്രാജ്യങ്ങള്‍ മണ്ണടിയുന്നതും വിവരണാതീതമായ ക്രൂരതകള്‍ കാട്ടിക്കൂട്ടുന്നതും വന്‍നഗരങ്ങളില്‍ ജനത്തെയാകെ കശാപ്പു ചെയ്യുന്നതും എല്ലാം ഏതെങ്കിലും പ്രകൃതികോപത്തില്‍ കവിഞ്ഞ ഒരു പരിഗണനയും കൂടാതെ കൈയും കെട്ടി നോക്കിനില്‍ക്കുകയും, അതേസമയം ഏതെങ്കിലും ആക്രമണകാരിയുടെ കണ്ണില്‍പെട്ട് അവന്‍ തന്റെ മേല്‍ ചാടിവീഴാന്‍ വന്നാല്‍ സ്വയം നിസ്സഹായനായി കുമ്പിട്ടു നില്‍ക്കുകയും ചെയ്തിരുന്ന കിരാത അഹംഭാവത്തെയും നാം വിസ്മരിച്ചുകൂടാ. മറുവശത്ത്, അന്തസ്സാരശൂന്യമായ, ചൊടികെട്ട ഈ വെറുങ്ങലിച്ച ജീവിതം, നിഷ്‌ക്രിയമായ ഈ നില്‍പ്പ് വന്യവും ലക്ഷ്യരഹിതവുമായ സംഹാരശക്തികളെ കെട്ടഴിച്ചു വിടുകയും നരഹത്യയെ തന്നെ ഹിന്ദുസ്ഥാനിലെ ഒരു മതാചാരമായി മാറ്റുകയും ചെയ്തുവെന്ന വസ്തുതയും നാം വിസ്മരിക്കരുത്. ജാതിവ്യത്യാസങ്ങളും അടിമത്തവും ഈ കൊച്ചു കൊച്ചു സമുദായങ്ങളുടെ തീരാശാപമായിരുന്നെന്നും മനുഷ്യനെ സാഹചര്യങ്ങളുടെ യജമാനനാക്കുന്നതിനുപകരം, അവ അവനെ ബാഹ്യസാഹചര്യങ്ങളുടെ ദാസനാക്കുകയാണു ചെയ്തതെന്നും, സ്വയം വികസിച്ച ഒരു സാമൂഹ്യവ്യവസ്ഥയെ ഒരിക്കലും മാറ്റമില്ലാത്ത പ്രകൃതിദത്തമായ തലവിധിയാക്കി മാറ്റി അവ മൃഗപ്രായമായ ഒരു പ്രകൃതി പൂജയ്ക്ക് ജന്മം നല്‍കിയെന്നുള്ള വസ്തുതയും നാം വിസ്മരിക്കരുത്. ഈ അധഃപതനം പ്രകൃതിയുടെ യജമാനനായ മനുഷ്യനെക്കൊണ്ട് ഹനുമാന്‍ എന്ന കുരങ്ങിന്റെയും ശബള (കാമധേനു) എന്ന പശുവിന്റെയും മുന്നില്‍ സാഷ്ടാംഗ പ്രണാമം ചെയ്യിച്ചു.''

മാര്‍ക്‌സ് തുടരുന്നു:

ഇന്ത്യയില്‍ ഇപ്രകാരമൊരു സാമൂഹ്യ വിപ്ലവം നടത്തുമ്പോള്‍ ഇംഗ്ലണ്ടിന് ഏറ്റവും ഹീനമായ സ്വാര്‍ത്ഥതാല്‍പര്യം മാത്രമാണുണ്ടായിരുന്നതെന്നും ആ വിപ്ലവം നടത്തിയ രീതി ബുദ്ധിശൂന്യമായിരുന്നുവെന്നും സംശയമില്ല. ഇവിടെ പ്രശ്‌നം അതല്ല. ഏഷ്യയിലെ സാമൂഹ്യസ്ഥിതിയില്‍, അടിസ്ഥാനപരമായ ഒരു വിപ്ലവം ഉണ്ടാക്കാതെ മനുഷ്യരാശിക്ക് അതിന്റെ ദൗത്യം പൂര്‍ത്തിയാക്കാനാവുമോ എന്നതാണ് പ്രശ്‌നം. ഇല്ലെന്നാണ് ഇതിനുത്തരമെന്നു വരികില്‍, ഇംഗ്ലണ്ടിന്റെ അപരാധം എന്തു തന്നെയായാലും ഇങ്ങനെയൊരു വിപ്ലവം നടത്തുന്നതില്‍ അവര്‍ ചരിത്രത്തിന്റെ അബോധാത്മക കരുവാണെന്നു പറയേണ്ടിവരും.

അതീതത്തെ തൃണവല്‍ഗണിച്ച്, 'ചരിത്രത്തിന്റെ അനിവാര്യമായ മുന്നോട്ടുള്ള പ്രയാണ'ത്തെ ആലിംഗനം ചെയ്ത മാര്‍ക്‌സിന്റെ മണ്ടന്‍ ചരിത്രബോധമാണ്, ഇംഗ്ലണ്ട് ഇന്ത്യയില്‍ സാമൂഹിക വിപ്ലവം നടത്തിയെന്നു പറയിച്ചത്. 'മൂലധനം' വായിച്ച മാര്‍ക്‌സിസ്റ്റുകള്‍ അധികമുണ്ടാകാനിടയില്ലെങ്കിലും, ഇത്തരം മണ്ടന്‍ താരതമ്യങ്ങള്‍ കൊണ്ടു സമൃദ്ധമാണ്, 'മൂലധന'വും. മൂലധനത്തിന്റെ ആദിമസമാഹരണത്തില്‍ യൂറോപ്യന്‍ കര്‍ഷക സമൂഹം ഉന്മൂലനം ചെയ്യപ്പെട്ടതിനെയും മാര്‍ക്‌സ് കാണുന്നത്, ഇങ്ങനെ തന്നെയാണ്. ചരിത്രം ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെന്നും ചരിത്രത്തിന്റെ ഈ കാരുണ്യമില്ലായ്മയില്‍ നിന്ന് മഹത്തായ ചിലതൊക്കെ ഉണ്ടാകുമെന്നുമുള്ള ഭ്രാന്തമായ മാര്‍ക്‌സിയന്‍ കാഴ്ചപ്പാടിന്റെ പ്രാകൃത ജല്‍പനം മാത്രമാണ്, ഇത്. ദേശീയതയെ കരുവാക്കി, ചരിത്രത്തിന്റെ ദ്വന്ദ്വാത്മകതയെ പൊക്കിപ്പിടിക്കുന്നത്, തോരണമിട്ട ഉന്മാദമാണ്.

മാര്‍ക്‌സിനെ ഇന്ത്യയുടെ ചരിത്രം തന്നെ തോല്‍പിക്കുകയാണുണ്ടായത്. 1853ല്‍ മാര്‍ക്‌സ് ഈ റിപ്പോര്‍ട്ട് എഴുതുമ്പോള്‍, ബ്രിട്ടന്‍ ഇന്ത്യയില്‍ വിപ്ലവം സൃഷ്ടിച്ചു കഴിഞ്ഞെന്നു വിശ്വസിച്ച മാര്‍ക്‌സിന് വെറും നാലുവര്‍ഷത്തിനുള്ളില്‍, 1857ല്‍ ഇന്ത്യ ആദ്യത്തെ സ്വാതന്ത്ര്യസമര വിപ്ലവം വഴി ചുട്ടമറുപടി കൊടുത്തു. അതുകൊണ്ട്, 1881ല്‍ ഡാനിയല്‍സണിന് മാര്‍ക്‌സ് ഇങ്ങനെ എഴുതി:2

ഇന്ത്യയില്‍ പൊതുവിപ്ലവം പൊട്ടിപ്പുറപ്പെട്ടില്ലെങ്കില്‍ തന്നെ, ഗൗരവതരമായ സങ്കീര്‍ണതകള്‍ ബ്രിട്ടീഷ് ഭരണകൂടം അഭിമുഖീകരിക്കും. ബ്രിട്ടന്‍ പ്രതിവര്‍ഷം ഇന്ത്യക്കാരില്‍ നിന്ന് വാടക, ഹിന്ദുകള്‍ക്ക് ഉപയോഗശൂന്യമായ റെയില്‍വെയ്ക്കുള്ള തീരുവ, പട്ടാളക്കാരും അല്ലാത്തവരുമായവര്‍ക്ക് പെന്‍ഷനുള്ള തുക, അഫ്ഗാനിസ്ഥാനിലും മറ്റുമുള്ള യുദ്ധത്തിന്റെ വിഹിതം എന്നിങ്ങനെ പലതും പിടിച്ചുവാങ്ങുന്നു. സമാനതകളില്ലാത്ത ഈ പിടിച്ചുവാങ്ങലും ഇന്ത്യയ്ക്കുള്ളില്‍ നടത്തുന്ന കൊള്ളയും, പ്രതിവര്‍ഷം ഇന്ത്യ ഉദാരമായി  ഇംഗ്ലണ്ടിലേക്കയയ്ക്കുന്ന ചരക്കിന്റെ മൂല്യവും കണക്കാക്കിയാല്‍ അത്, ഇന്ത്യയിലെ ആറുകോടി കാര്‍ഷിക, വ്യവസായ തൊഴിലാളികളുടെ മൊത്തം വരുമാനത്തിന്റെ മുകളില്‍ വരും. ഇത്, പകയോടെയുള്ള ചോരയൂറ്റലാണ്.

ജീവിച്ചിരിക്കെത്തന്നെ ഇന്ത്യ, മാര്‍ക്‌സിനെ പാഠം പഠിപ്പിച്ചു എന്നര്‍ത്ഥം.

ഇവിടെ ഉദ്ധരിച്ച മാര്‍ക്‌സിന്റെ ആദ്യലേഖനത്തില്‍ ഇന്ത്യയെപ്പറ്റിയുള്ള മാര്‍ക്‌സിന്റെ പ്രവചനം ഇതായിരുന്നു: പ്രാചീനമായ ആ ലോകം തവിടുപൊടിയാകുന്നതു കണ്ട് നമുക്കുണ്ടാകുന്ന മനോവേദന എത്ര ദുസ്സഹമാണെങ്കിലും, ചരിത്രത്തിന്റെ നിലപാടില്‍ നിന്ന്, നമുക്കും ഗെഥേയെപ്പോലെ ഇപ്രകാരം പറയാന്‍ പൂര്‍ണ അവകാശമുണ്ടാകും:

''ഈ ദണ്ഡനം കൊണ്ട് നമുക്ക് കൂടുതല്‍ സന്തോഷമാണുണ്ടാകുന്നതെങ്കില്‍, അത് എന്തിന് നമ്മെ വേദനിപ്പിക്കണം? തിമൂറിന്റെ മരണം എത്രയെത്ര ആത്മാക്കളെയാണു വിഴുങ്ങിയത്?''

ഏറ്റവും ക്രൂരമായ തിന്മകള്‍ പോലും ചരിത്രത്തിന്റെ ഫലശ്രുതിയായി കാണുന്ന ഈ സമീപനം,  പ്രപഞ്ചം ഗര്‍ഭത്തില്‍ വഹിക്കുന്ന ഭൂകമ്പങ്ങളെ യുക്തികൊണ്ടു വ്യാഖ്യാനിക്കാന്‍ നോക്കുന്ന മുറി വൈദ്യന്റേതാണ്. 1857ല്‍ ഝാന്‍സി റാണി നടത്തിയതാണ് ആദ്യ സ്വാതന്ത്ര്യസമരമെന്നു ചരിത്രപുസ്തകങ്ങളില്‍ സ്ഥിരമായി നാം വായിക്കുമെങ്കിലും, അതിനും 33 വര്‍ഷം മുന്‍പ്, തെക്കേ ഇന്ത്യയില്‍, കര്‍ണാടകയില്‍, കിട്ടൂരു റാണി ചെന്നമ്മ ബ്രിട്ടനെതിരെ പോരാടി വീരമരണം വരിച്ചു എന്നതാണ് മാര്‍ക്‌സും നമ്മില്‍ ഭൂരിപക്ഷവും കാണാത്ത സത്യം. 1824ല്‍ അവര്‍ ബ്രിട്ടനെതിരെ നടത്തിയത് സായുധ കലാപമായിരുന്നു.

ഇപ്പോഴത്തെ ബല്‍ഗാമില്‍ 1778 ഒക്‌ടോബര്‍ 23നാണ് ചെന്നമ്മ ജനിച്ചത്. 15-ാം വയസ്സില്‍ മല്ല സര്‍ജരാജാവിനെ വിവാഹം ചെയ്തു. ഏക പുത്രന്‍ മരിച്ചപ്പോള്‍, 1824ല്‍ ശിവലിംഗപ്പയെ ദത്തെടുത്ത് കിരീടാവകാശിയാക്കി. ബ്രിട്ടന്‍ ഇതംഗീകരിക്കാതെ, ശിവലിംഗപ്പയെ പുറത്താക്കാന്‍ നിര്‍ദ്ദേശിച്ചു. (ഇതാണ്, 1856ല്‍, അനന്തരാവകാശിയില്ലെങ്കില്‍ നാട്ടുരാജ്യം ബ്രിട്ടന്റേതാകും എന്ന ഡല്‍ഹൗസിയുടെ നയത്തിനു വഴിവച്ചത്.)

ബ്രിട്ടീഷ് നയത്തിനെതിരേ മുംബൈ ഗവര്‍ണര്‍ എല്‍ഫിന്‍സ്റ്റണ് ചെന്നമ്മ കത്തെഴുതി. ബ്രിട്ടന്‍ അതു നിരാകരിച്ചപ്പോള്‍ ചെന്നമ്മ യുദ്ധം പ്രഖ്യാപിച്ചു. 15 ലക്ഷം രൂപ വരുന്ന കിട്ടൂരിന്റെ ഖജനാവ്  പിടിക്കാന്‍ ബ്രിട്ടന്‍ ഒരുമ്പെട്ടു. 20797 ഭടന്മാരും 437 പീരങ്കികളുമായി ബ്രിട്ടന്‍ കിട്ടൂരിനെ ആക്രമിച്ചു. 1824 ഒക്‌ടോബറിലെ ആദ്യവട്ടപോരാട്ടത്തില്‍ ബ്രിട്ടനു പരാജയം നേരിട്ടു. കലക്ടര്‍ ജോണ്‍ താക്കറെ കൊല്ലപ്പെട്ടു. രണ്ടാം ഘട്ടത്തില്‍ സോളാപ്പൂര്‍ സബ് കലക്ടര്‍ മണ്‍റോ കൊല്ലപ്പെട്ടു. മന്ത്രി ശങ്കോളി രായണ്ണയുടെ സഹായത്തോടെ പൊരുതിയ ചെന്നമ്മയെ  ബയില്‍ ഹൊംഗല്‍ കോട്ടയില്‍ ബന്ദിയാക്കി. 1829 ഫെബ്രുവരി രണ്ടിന് അവര്‍ മരിച്ചു. 2007 സപ്തംബര്‍ 11ന് പാര്‍ലമെന്റ് സമുച്ചയത്തില്‍ ചെന്നമ്മയുടെ പ്രതിമ അനാവരണം ചെയ്തു.

ബയില്‍ ഹൊംഗലിലെ അവരുടെ സമാധി അവഗണിക്കപ്പെട്ടു കിടക്കുന്നു.

എങ്കിലും, മാര്‍ക്‌സിന്റെ തലതിരിഞ്ഞ ചരിത്രബോധത്തിന്, തെക്കേ ഇന്ത്യയില്‍ നിന്ന് 1824ല്‍ തന്നെ കിട്ടിയ തിരുത്താണ്, റാണി ചെന്നമ്മ. സഖാവേ, ഇതൊരു അലസ ഗ്രാമ്യവ്യവസ്ഥ ആയിരുന്നില്ല.

നമുക്കിനി മാര്‍ക്‌സിന്റെ ചരിത്ര പ്രവചനങ്ങള്‍ നോക്കാം.

 

1. Asia and Western Dominanance/K.M. Panikkar, 1953

 

2. പിറ്റേഴ്‌സ്ബര്‍ഗിലെ ഒരു ബാങ്കില്‍ 50 വര്‍ഷം ജോലി ചെയ്ത നിക്കൊളായ് ഡാനിയല്‍സണാണ്, 'മൂലധനം' റഷ്യനിലേക്കു പരിഭാഷ ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments