Kesari WeeklyKesari

നോവല്‍ - ശ്രീജിത്ത് മൂത്തേടത്ത്‌

മരണംവരെ സൂക്ഷിച്ച സൗഹൃദം

on 26 January 2018

സവിതയുടെ മുഖം നാണംകൊണ്ട് ചുവന്നിരുന്നു. രാജുവിന്റെ എന്റെ മുന്നില്‍നിന്നുമുള്ള തുറന്നുപറച്ചിലില്‍ അവളുടെ താളംതെറ്റിപ്പോയതുപോലെ തോന്നി. അവളുടെയച്ഛനും, അമ്മയും ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് അനുകൂലമാണെന്ന് അവള്‍ക്ക് നേരത്തേയറിയാമായിരുന്നു. ഞാനറിഞ്ഞിരുന്നില്ലെങ്കിലും അവരുടെ സ്വകാര്യചര്‍ച്ചകളില്‍ പലപ്പോഴും ഇതിനെക്കുറിച്ചുള്ള സംസാരങ്ങളുണ്ടായിരുന്നുവത്രേ. അങ്ങിനെയെങ്കില്‍ എനിക്കും എന്റെ വീട്ടുകാരെ കാര്യമറിയിക്കണമെന്ന് മനസ്സ് തിടുക്കംകൂട്ടി. അമ്മയോട് കാര്യങ്ങള്‍ പറയണം. അമ്മയ്ക്ക് ഇഷ്ടമാകാതെ വരില്ല. സുന്ദരിയും, വിദ്യാഭ്യാസമുള്ളവളുമായൊരു പെണ്‍കുട്ടിയെ, അതും ഞാന്‍ കണ്ടെത്തിയതാണെങ്കില്‍, ജാതിയുടെപേരില്‍ അമ്മ തിരസ്‌കരിക്കില്ലെന്നുറപ്പുണ്ട്. ഞാന്‍ സവിതയുടെ മുഖത്തേക്കു നോക്കി. അവളുടെ മുഖമിപ്പോഴും നാണത്താല്‍ നനഞ്ഞിരിക്കുകയാണ്. ആ നനഞ്ഞമുഖത്ത് സൂര്യപ്രകാശം തട്ടുമ്പോള്‍ അസാധാരണമായി തിളങ്ങുന്നതായെനിക്കു തോന്നി. ഈ യാത്ര ഒരു വിലാപയാത്രയല്ലെന്നും ഞങ്ങളുടെ വിവാഹവിളംബരയാത്രയാണെന്നും എനിക്കു തോന്നി. ഞാനവളെ കൈകോര്‍ത്തുപിടിച്ചു നടന്നു. അവള്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. രാരിച്ചനും, സ്വാമിയും, ഞങ്ങളുടെ ചുറ്റും നടക്കുന്നവരാരും അതേക്കുറിച്ചു ശ്രദ്ധിക്കുന്നില്ലെന്നുകണ്ട് ഞാന്‍ വിസ്മയിച്ചു. ഞങ്ങളുടെ പ്രണയത്തെ എല്ലാവരും അനുവദിച്ചുതന്നിരിക്കുകയാണോ?
വിലാപയാത്ര പ്രധാനറോഡിലേക്കു പ്രവേശിച്ചതില്‍പ്പിന്നെ വാഹനത്തിലാണ് സഞ്ചരിക്കുന്നതെന്ന അറിയിപ്പുവന്നു. ഇവിടെനിന്നും നാലഞ്ച് കിലോമീറ്ററുണ്ട് മൃതദേഹം പൊതുദര്‍ശനത്തിനുവെക്കാനുദ്ദേശിക്കുന്ന ടൗണ്‍ഹാളിലേക്കെന്നതിനാല്‍ തീര്‍ച്ചയായും വാഹനത്തില്‍യാത്രചെയ്യുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. യാത്രയുടെ മുന്‍നിരയില്‍നിന്നുമപ്പോഴേക്കും കേളപ്പേട്ടനും, ജയനും ഞങ്ങളുടെയടുത്തേക്കുവന്നു. ഞങ്ങളുടെ ജീപ്പില്‍ത്തന്നെ യാത്രചെയ്യാനായിരുന്നു അവരുമുദ്ദേശിച്ചിരുന്നത്. പക്ഷെ അപ്പോഴേക്കും രാമകൃഷ്ണന്‍ കര്‍ത്താ വന്ന് അവരെ വക്കീലിന്റെ മൃതദേഹം വഹിച്ചുകൊണ്ടുപോകുന്ന തുറന്ന വാഹനത്തില്‍ സഞ്ചരിക്കുന്നതിനായി ക്ഷണിച്ചുകൂട്ടിക്കൊണ്ടുപോയി. ഞങ്ങള്‍, ഞാനും, സവിതയും, രാരിച്ചനും, സ്വാമിയും മാത്രം ജീപ്പില്‍ സഞ്ചരിച്ചു. ഞങ്ങള്‍ അടുത്തടുത്തായിരുന്നു ജീപ്പിലിരുന്നത്. അവളുടെ വസ്ത്രങ്ങള്‍ എന്റെ ശരീരത്തിലുരസിയപ്പോള്‍ എന്നിലൂടെയൊരു വിദ്യുത്പ്രവാഹം കടന്നുപോകുന്നതുപോലെ തോന്നി. അവള്‍ എന്നോട് കൂടുതല്‍ ചേര്‍ന്നിരിക്കുകയാണെന്നും, അതു ബോധപൂര്‍വ്വമാണെന്നും എനിക്കുതോന്നി. പക്ഷെ അവളുടെ മുഖം എനിക്കു തലചെരിച്ചുനോക്കിയാല്‍ കാണാന്‍ സാധിക്കാത്തവിധം കുനിച്ചുപിടിച്ചിരിക്കുകയായിരുന്നു.
സവിത ഇന്നു തിരിച്ചുപോകുമോ? 
വിറയാര്‍ന്ന സ്വരത്തില്‍ വളരെ പതുക്കെ, അവള്‍ക്കുമാത്രം കേള്‍ക്കാന്‍ പാകത്തില്‍ ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ എനിക്കുമാത്രം മനസ്സിലാകുന്നവിധത്തില്‍ ചിരിച്ചു. രാരിച്ചനും സ്വാമിയും എങ്ങോട്ടോ നോക്കിയിരിക്കുകയായിരുന്നു. ഞങ്ങളുടെ പരിഭ്രമവും, പ്രണയപരവേശവുമൊക്കെ അവരറിയുന്നുണ്ടായിരിക്കുമെന്നും അവര്‍ ബോധപൂര്‍വ്വം മിണ്ടാതിരിക്കുകയായിരിക്കുമെന്നുമുള്ള തോന്നല്‍ എന്നെ കൂടുതല്‍ അസ്വസ്ഥനാക്കി. ആ അസ്വസ്ഥത കനത്ത നിശബ്ദതയുടെ പുകപടലമായി ജീപ്പില്‍ നിറഞ്ഞു. ആ പുകപടലത്തില്‍ എനിക്കു വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു. വീര്‍പ്പുമുട്ടലൊഴിവാക്കാനായി ഞാന്‍ ഒന്നുരണ്ടുതവണ ചുമച്ചുകൊണ്ട് തൊണ്ട ശരിയാക്കി, രാരിച്ചനോടു ചോദിച്ചു.
രാരിച്ചനും, സ്വാമിയും ഇന്നുതന്നെ നാട്ടിലേക്കു പോകുമോ?
എന്റെ ചോദ്യം അവരെ അവരുടെ ലോകത്തുനിന്നും തിരിച്ചുകൊണ്ടുവന്നതാണെന്നനിലയിലായിരുന്നു സ്വാമി സംസാരിച്ചത്. 
അതെ. ഞങ്ങള്‍ക്കിന്നുതന്നെ തിരിച്ചുപോകണം. സുദീപ് വരുന്നില്ലേ? ചിലകാര്യങ്ങള്‍ കൂടെ പറയാനുണ്ടായിരുന്നു.
ഇല്ല സ്വാമിജീ. ഞാനിന്നുവരുന്നില്ല. ഇവിടെ ഒരാഴ്ചയെങ്കിലും തങ്ങേണ്ടിവരും. വീട്ടിലൊന്നുപോകണം. അമ്മയെക്കാണണം. പിന്നെ അടുത്തയാഴ്ച മുതല്‍ വിലങ്ങാടിനടുത്ത് കന്നുകുളത്തോമറ്റോ എനിക്കായി കണ്ടുവെച്ചിരിക്കുന്ന വാടകവീട്ടിലേക്കു മാറേണ്ടതല്ലേ? അതിനുവേണ്ട ചില തയ്യാറെടുപ്പുകളും നടത്തണം. 
കന്നുകുളത്തേക്കുമാറാനോ? ആരാണ് തീരുമാനിച്ചത്? അത് അപകടകരമായിരിക്കും.
സ്വാമിജി പറഞ്ഞപ്പോള്‍ രാരിച്ചന്‍ തിരുത്തി. 
പേടിക്കാനില്ല സ്വാമിജീ. വളരെ സുരക്ഷിതമായൊരു വീടാണ് സുദീപിനായി കണ്ടുവെച്ചിരിക്കുന്നത്. ജയന്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ ഇത്രയും സൗകര്യപ്രദമായൊരു വീട് സുദീപിന് വേറെ കിട്ടാനില്ല. എഴുത്തിനും വായനയ്ക്കും വളരെ സഹായകമാകുന്ന വളരെ ശാന്തമായ അന്തരീക്ഷമുള്ള വീടാണ്. ആരുടെയും ശല്യമുണ്ടാകില്ല. നമ്മള്‍ വിചാരിക്കുന്നയത്രത്തോളം സുദീപിന്റെ കാര്യത്തില്‍ പേടിക്കാനില്ലെന്നാണ് എനിക്കുതോന്നുന്നത്. നമ്മുടെ നാട്ടുകാരെസംബന്ധിച്ചിടത്തോളം അപരിചിതനായൊരാളാണ് സുദീപ്. അപരിചിതരെ ആരും ഒന്നും ചെയ്യാന്‍ സാധ്യതയില്ല.
രാരിച്ചന്റെ വിശദീകരണം സ്വാമിജിയെ തൃപ്തിപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മുഖംകണ്ടാലറിയാം. എങ്കിലും അദ്ദേഹം മറുത്തൊന്നും പറയാന്‍ കൂട്ടാക്കിയില്ല. ശരിയെന്നമട്ടില്‍ തലയാട്ടി, മുഖത്തൊരു കൃത്രിമച്ചിരി വരുത്താന്‍ ശ്രമിച്ച് അദ്ദേഹം പരാജയപ്പെട്ടു. ജീപ്പ് ടൗണ്‍ഹാള്‍ പരിസരത്തെത്തിക്കഴിഞ്ഞിരുന്നു. വാഹനങ്ങളുടെ നീണ്ടനിര ടൗണ്‍ഹാളിനുമുന്‍വശത്തുകാണാം. പോലീസ് നേരത്തേതന്നെ മാനാഞ്ചിറ ഭാഗത്തേക്കുള്ള ഗതാഗതനിയന്ത്രണം ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ടാവണം. അല്ലായെങ്കില്‍ വളരെ തിരക്കുപിടിച്ച ഈ റോഡില്‍ ഒരിക്കലുമഴിച്ചെടുക്കാന്‍ സാധിക്കാത്തവണ്ണം ഗതാഗതക്കുരുക്ക് രൂപപ്പെടാനും, ഹോണുകളുടെ അസഹനീയശബ്ദത്തില്‍ നഗരം കിടുങ്ങിവിറയ്ക്കുന്നതിനും രണ്ടോമൂന്നോ വാഹനങ്ങള്‍ മാത്രം ഈ പരിസരത്ത് നിര്‍ത്തിയിട്ടാല്‍ മതിയാവുമായിരുന്നു. റോഡിലൊക്കെ ആളുകള്‍ തടിച്ചുകൂടിയിരിക്കുന്നു. മന്ത്രിമാരും, എം.എല്‍.എ. മാരും, ഉന്നത രാഷ്ട്രീയനേതാക്കളുമൊക്കെയെത്തിയിട്ടുണ്ട്. രാഷ്ട്രീയരംഗത്ത് നേരിട്ടിടപെട്ടിട്ടില്ലാത്ത വ്യക്തിയായിരുന്നുവെങ്കിലും രാമന്‍ വക്കീലിന് രാഷ്ട്രീയരംഗത്തേയും, സാംസ്‌കാരികരംഗത്തേയും, ബിസിനസ് രംഗത്തേയുമൊക്കെ ഉന്നതരുമായി നല്ല ബന്ധമുണ്ടായിരിക്കണം. ആ ബന്ധങ്ങളാണ് ഇപ്പോള്‍ വലിയ ജനക്കൂട്ടമായി നഗരഹൃദയത്തെ ഞെരുക്കുന്നത്.
ഞാനും സവിതയും ജീപ്പില്‍നിന്നിറങ്ങുമ്പോഴേക്കും കേളപ്പേട്ടന്‍ ഞങ്ങളുടെയടുത്തേക്കെത്തിക്കഴിഞ്ഞിരുന്നു. അദ്ദേഹം വളരെയസ്വസ്ഥനാണെന്നുതോന്നി. മൃതദേഹത്തോടൊപ്പം ഇത്രയും സമയം യാത്രചെയ്തതുകൊണ്ടുള്ള മാനസികപ്പിരിമുറുക്കമായിരിക്കും. കുറ്റല്ലൂര്‍ സമരത്തിന്റെ ആദ്യഘട്ടത്തില്‍ രാമന്‍വക്കീലുമായി ഇടപെട്ടകാര്യങ്ങളെക്കുറിച്ചും, പിന്നീട് മരണംവരെ സൂക്ഷിച്ച സൗഹൃദത്തെക്കുറിച്ചുമൊക്കെ ഓര്‍ത്തുപോയിട്ടുണ്ടാകും. മൃതദേഹം സംസ്‌കരിക്കുന്നതുവരെ കാത്തുനില്‍ക്കുന്നില്ലെന്നും, വേഗംതന്നെ തിരിച്ചുപോകണമെന്നുമാണ് കേളപ്പേട്ടന്‍ പറയുന്നത്. സ്വാമിജിയും, രാരിച്ചനും അതേ അഭിപ്രായക്കാരായിരുന്നു. പക്ഷെ ജയന്‍ ഇതേവരെ എത്തിയിട്ടില്ല.
ജയന്‍ വേണേല്‍ ഇവിടെ നിന്നോട്ടെ. ഞങ്ങള്‍ക്ക് പോണം. ഇവനിതേട്യാപോയിക്കെടക്ക്‌ന്നേ?
കേളപ്പേട്ടന്‍ ജയനെക്കാണാത്തതിലുള്ള അമര്‍ഷം മറച്ചുവെച്ചില്ല. വീണ്ടും അരമണിക്കൂറോളം കഴിഞ്ഞ്, ആളുകളുടെ തിരക്കില്‍നിന്നും നൂണ്ടിറങ്ങി, വിയര്‍ത്തുകുളിച്ചുവന്ന ജയന്‍ കേളപ്പേട്ടന്‍ നേരത്തെ പറഞ്ഞ അഭിപ്രായംതന്നെയാണ് പറഞ്ഞത്. 
ഇങ്ങള് പോയ്‌ക്കോളീന്‍. ഞാനിന്ന് വെരുന്നില്ല. ഇന്ന് സുദീപ്‌സാറിന്റെകൂടെയാ ഞാന്‍. ഞങ്ങള്‍ക്ക് ചെലകാര്യങ്ങള്‍കൂടെ പറയാനുണ്ട്. എന്താ സാറേ?
ജയന്‍ എന്നോടായി ചോദിച്ചു. തലകുലുക്കി സമ്മതിക്കുമ്പോള്‍ എനിക്കു സന്തോഷമേയുണ്ടായിരുന്നുള്ളു. ഇന്ന് ഞാന്‍ ഇവിടെ തങ്ങുകയാണെന്നകാര്യം ജയനോടാരാണ് പറഞ്ഞത്? രാരിച്ചനായിരിക്കുമോ? എന്തായാലും ജയന്‍ ഇന്ന് എന്റെകൂടെ താമസിക്കുന്നത് നല്ലതുതന്നെ. ഞങ്ങള്‍ കുറ്റല്ലൂരില്‍വെച്ചു പറഞ്ഞുനിര്‍ത്തിയേടത്തുനിന്നും, കുറ്റല്ലൂരിന്റെയും, വാണിമേലിന്റേയും ചരിത്രം ഒരുപാട് ജയനില്‍നിന്നും ശേഖരിക്കാനുണ്ട്. അതൊക്കെ ജയന് മാത്രമറിയാവുന്ന കാര്യങ്ങളാണ്. അല്ലെങ്കില്‍ ജയന്‍ മാത്രമേ അത്തരം കാര്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ എനിക്ക് പറഞ്ഞുതരാനുള്ളൂ. സവിതയും, കേളപ്പേട്ടനും, കുറ്റല്ലൂരിലേക്കും, രാരിച്ചനും സ്വാമിയും കോളയാട്ടേക്കും തിരിച്ചുപോയിക്കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ എന്റെ റൂമിലേക്കു നടന്നു. ഏറെ ക്ഷീണമുണ്ടായിരുന്നതുകൊണ്ട് ഒരു ഓട്ടോറിക്ഷ വിളിക്കാമെന്നുപറഞ്ഞപ്പോള്‍ അതുവേണ്ടെന്നും നടക്കാമെന്നും പറഞ്ഞത് ജയനായിരുന്നു. എന്റെ വാടകമുറി ആകെ അലങ്കോലപ്പെട്ടുകിടക്കുകയായിരുന്നു. ഒരു അതിഥിയെ വരവേല്‍ക്കാനുള്ള വൃത്തിയും വെടിപ്പുമതിനില്ലാത്തതിനാല്‍ ഞാന്‍ ജയനോട് ക്ഷമചോദിച്ചെങ്കിലും അയാളതൊന്നും കാര്യമാക്കിയില്ല. പൊടിപിടിച്ച്, പത്രമാസികകള്‍ അലസമായി കുന്നുകൂടിക്കിടന്ന ഒരു കസേരയില്‍നിന്നും മാസികകള്‍ മാറ്റിവെച്ച് ജയന്‍ ഇരുന്നു. 
കഴിഞ്ഞ രണ്ടാഴ്ചയായി വിശ്രമത്തിലായിരുന്നു. ഇന്നാണ് വീണ്ടും കുറ്റല്ലൂരേക്ക് പുറപ്പെടുന്നത്. കുറ്റല്ലൂരേക്കെന്നുപറഞ്ഞാല്‍ മുമ്പ് പോയതുപോലെ നാദാപുരത്തും, വാണിമേലുമൊക്കെ ചില സ്ഥലങ്ങളില്‍ പോയതിനുശേഷമേ കുറ്റല്ലൂരേക്കു പോകുള്ളൂ. വീട്ടിലേക്കുപോയപ്പോള്‍ ഒരാഴ്ചയോളം പനിയായിക്കിടന്നുപോയി. പനിയെന്നുപറഞ്ഞാല്‍ തുള്ളിവിറയ്ക്കുന്ന പനി. ഇപ്പോഴും കാലിനും, കൈക്കുമൊക്കെ വേദനയുണ്ട്. ഇപ്പോഴത്തെ പനികളിങ്ങിനെയാണല്ലോ. പലതരം കൊതുകുകള്‍ പരത്തുന്ന പലതരം പനികള്‍. ഓരോ ദിവസം ഓരോ പേരുകളാണ് പത്രങ്ങളിലൂടെ കാണുന്നത്. ആരോഗ്യവിദഗ്ദ്ധര്‍ പല ലക്ഷണങ്ങളും, മുന്‍കരുതല്‍ മാര്‍ഗ്ഗങ്ങളും പറയുന്നു. ഈ മഴക്കാലം കഴിയുന്നതുവരെ മുന്‍കരുതലുകളെക്കുറിച്ചും, ശുചീകരണത്തെക്കുറിച്ചും, കൊതുകുനിവാരണത്തെക്കുറിച്ചുമൊക്കെ സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കും. പിന്നെയും കാര്യങ്ങള്‍ പഴയതുപോലെയാകും. പിന്നെ അടുത്ത പനിക്കാലത്തേ നമ്മുടെ സര്‍ക്കാരുണരുകയുള്ളൂ. കഴിഞ്ഞയാഴ്ച ഫറോക്കിലെ ഗവണ്‍മെന്റാശുപത്രിയില്‍നിന്നും ഡോക്ടറെക്കണ്ടിറങ്ങി ബസ്റ്റോപ്പിലേക്കു നടക്കുമ്പോള്‍ പഴയൊരു സുഹൃത്തിനെക്കണ്ടിരുന്നു. അയാളിപ്പോള്‍ ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയുടെ കൊയിലാണ്ടി സെന്ററില്‍ അദ്ധ്യാപകനായി ജോലിചെയ്യുകയാണ്. അയാള്‍ പറഞ്ഞത്, മുമ്പൊക്കെ കുട്ടികളെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍കാലമെന്നും, വടക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍കാലമെന്നുമൊക്കെ കാലവര്‍ഷത്തേയും, തുലാവര്‍ഷത്തേക്കുറിച്ചുമൊക്കെ പഠിപ്പിച്ചതിനുപകരം തെക്കുപടിഞ്ഞാറന്‍ പനിക്കാലമെന്നും, വടക്കുപടിഞ്ഞാറന്‍ പനിക്കാലമെന്നുമൊക്കെ പഠിപ്പിക്കേണ്ടിവരുന്ന ലക്ഷണമാണ് കാണുന്നതെന്നാണ്. ആ സുഹൃത്തും എനിക്കുപിടിപെട്ടതുപോലെയുള്ള വൈറല്‍പ്പനിയുടെ പിടിയിലായിരുന്നു.
(തുടരും)

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments