Kesari WeeklyKesari

ലേഖനം..>>

സുപ്രീംകോടതിയിലെ അന്തര്‍ദ്വന്ദ്വം--അഡ്വ.ബി.ഗോപാലകൃഷ്ണന്‍

on 26 January 2018
Kesari Article

ന്ത്യ ഇതുവരെ സാക്ഷ്യംവഹിക്കാത്ത സംഭവമായിരുന്നു ജനുവരി 12ന് സുപ്രീംകോടതിയില്‍ അരങ്ങേറിയത്. ഉന്നത നീതിപീഠത്തിലെ പരിണതപ്രജ്ഞരായ ന്യായാധിപന്മാര്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് ചീഫ് ജസ്റ്റിസിനെതിരെ മാധ്യമപ്രവര്‍ത്തകരെ വിളിച്ച് വാര്‍ത്താസമ്മേളനം നടത്തിയത് ജനാധിപത്യത്തിനും നീതിന്യായ നിര്‍വ്വഹണത്തിനും യോഗ്യമോ എന്ന ചോദ്യം ഉത്തരം കിട്ടാതെ നിലനില്‍ക്കുകയാണ്.  സുപ്രീംകോടതിയിലെ വ്യവഹാരങ്ങള്‍ അനുവദിക്കുന്നതില്‍ ചീഫ് ജസ്റ്റിസ് തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിച്ച ജഡ്ജിമാര്‍ ജനാധിപത്യം നഷ്ടപ്പെട്ടുപോകുമോ എന്ന്  സംശയിക്കുന്നതാണ് വാര്‍ത്താസമ്മേളനത്തിന്റെ ചുരുക്കം. എന്നാല്‍ ജനാധിപത്യവിരുദ്ധമായ നടപടികള്‍ ഉണ്ടാകുമ്പോള്‍ ജനാധിപത്യത്തിന്റെ നടത്തിപ്പിന് ശക്തി പകരേണ്ടവര്‍ ജനാധിപത്യം നഷ്ടപ്പെടുന്നുണ്ടോ എന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സംശയത്തോടെ മൊഴി പറഞ്ഞതിന്റെ പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ടോ എന്നും നാളിതുവരെ ഇല്ലാത്ത ആരോപണം ഇപ്പോള്‍ ഉന്നയിക്കാന്‍ കാരണമെന്താണ് എന്നുമാണ്  ഇന്ത്യയിലെ ജനങ്ങള്‍ സംശയിക്കുന്നത്. 
വാര്‍ത്താസമ്മേളനം നടത്തിയ ജഡ്ജിമാരുടെ കഴിവിനെയും വ്യക്തിത്വത്തേയും ആരും ചോദ്യം ചെയ്യുന്നില്ലെങ്കിലും അവര്‍ ചെയ്ത വകതിരിവില്ലാത്ത പെരുമാറ്റം ജനാധിപത്യസംവിധാനത്തില്‍ അവിശ്വാസം ജനിപ്പിക്കാനും പരമോന്നത കോടതിക്ക് മേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്താനും ഇടനല്‍കി. ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ലാകുര്‍,  മലയാളിയായ കുര്യന്‍ ജോസഫ് എന്നീ മുതിര്‍ന്ന ജഡ്ജിമാരാണ് ഈ വകതിരിവില്ലായ്മ കാട്ടിയത്. ആരുടെയെങ്കിലും സ്വാധീനമായിരുന്നോ ഈ അടുക്കള പോരാട്ടത്തിന്റെ അങ്കം കുറിക്കലിന് പ്രേരണ നല്‍കിയതെന്ന സംശയമാണ് ഇപ്പോള്‍ ബാക്കി നിലനില്‍ക്കുന്നത്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന വ്യവഹാരങ്ങള്‍ വാദം കേള്‍ക്കാനും വിധി പ്രസ്താവിക്കാനും അപ്രധാന ബഞ്ചുകളെ ഏല്‍പ്പിക്കുന്നു എന്നാണ് ലഹള നടത്തിയ ജഡ്ജിമാരുടെ ആക്ഷേപം. അങ്ങിനെയെങ്കില്‍ സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാരും സമന്മാരല്ലെന്ന് പറയേണ്ടിവരും. സീനിയോറിറ്റി സുപ്രീംകോടതിയിലെ കേസില്‍ വാദം കേള്‍ക്കുന്നതിനും വിധി പറയുന്നതിനും അടിസ്ഥാനമല്ല. പരമോന്നത നീതിപീഠത്തില്‍ എല്ലാ ജഡ്ജിമാരും തുല്ല്യരാണ്.  കേസുകള്‍ വീതിച്ച് ബഞ്ചിന് ് നല്‍കുന്നതിന്റെ ചുമതല ചീഫ് ജസ്റ്റിസില്‍ അധിഷ്ഠിതമാണ്. ഇതിനു മുമ്പ് ഇന്ത്യയെ നടുക്കിയ ബോഫോഴ്‌സ് കേസും, രാഹുല്‍ഗാന്ധി റേപ് കേസും അടക്കം എത്രയോ ഗൗരവമായ കേസുകള്‍ സുപ്രീംകോടതിയിലെ അപ്രധാനമെന്ന് ഇവര്‍ പറയുന്ന ബഞ്ചുകള്‍  വാദം കേട്ട് വിധി പറഞ്ഞിരിക്കുന്നു. അന്നൊന്നും ഇല്ലാത്ത കലാപം ഇത്ര പെട്ടെന്ന് മുളയ്ക്കാന്‍ കാരണം കോടതിമുറിയിലെ അന്തര്‍ദ്വന്ദമോ അതോ 2019 ലെ പൊതു തിരഞ്ഞെടുപ്പിനുള്ള കരുനീക്കങ്ങളില്‍ ജഡ്ജിമാര്‍ ഊരാക്കുടുക്കില്‍ പെട്ടതോ? 
കീഴ്‌വഴക്കം ലംഘിച്ചുവോ?
ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയശേഷം കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നു എന്നാണ് ലഹള നടത്തിയ ന്യായാധിപന്മാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്താണ് ദീപക് മിശ്ര ചെയ്ത കീഴ്‌വഴക്കലംഘനം അഥവാ തെറ്റ് എന്ന് പരിശോധിക്കുമ്പോള്‍ ജഡ്ജിമാരുടെ അവകാശവാദത്തിന് പിന്നില്‍ സ്വാര്‍ത്ഥതയുടെ ഏതോ ഗൂഢോദ്ദേശം പതിയിരിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയില്ല. ലഹളക്ക് മുമ്പ് കോര്‍ട്ടലക്ഷ്യം എന്ന കോടതിപ്പേടി സമൂഹത്തിന്റെ അങ്കലാപ്പായിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ ന്യായാധിപന്മാര്‍ നടത്തിയ ലഹള വാസ്തവത്തില്‍ കോര്‍ട്ടലക്ഷ്യം തന്നെയാണ്. മലര്‍ന്ന് കിടന്ന് സ്വയം തുപ്പി സമൂഹത്തെക്കൊണ്ട് നാറ്റം മണപ്പിച്ച ഈ ജഡ്ജിമാര്‍ കോര്‍ട്ടലക്ഷ്യമെന്ന കോടതിപ്പേടി പൊതുജനങ്ങളില്‍നിന്നും ഇല്ലാതാക്കാനും സുപ്രീം കോടതിയുടെ വിശുദ്ധതയെ ചോദ്യം ചെയ്യാനും  സമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. എല്ലാ കാലത്തും കേസുകള്‍ ഏതൊക്കെ ബഞ്ചില്‍ വിടണമെന്ന് തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസ് ആയിരുന്നതുകൊണ്ട് കീഴ്‌വഴക്കം ചീഫ് ജസ്റ്റിസ് ലംഘിച്ചു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. 
ഫയല്‍ ചെയ്യപ്പെടുന്ന ഹര്‍ജികള്‍ സമയവിവരപ്പട്ടിക അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത്, കേസുകള്‍ വ്യത്യസ്ത ബഞ്ചുകള്‍ക്ക് വിതരണം ചെയ്യുന്നത്  കോടതി റജിസ്ട്രാര്‍ ആണ്. ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആകുന്നതിനു മുമ്പ് തന്നെ ഇങ്ങനെ തന്നെയായിരുന്നു കീഴ്‌വഴക്കം. ഹര്‍ജികള്‍ കൈപ്പടയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കാലത്തുണ്ടായ പാകപ്പിഴവ് മാറ്റാനാണ് ജസ്റ്റീസ് കപാടിയ കമ്പ്യൂട്ടര്‍വല്‍ക്കരണം കൊണ്ടുവന്നത്. 1997 ല്‍ ജുഡീഷ്യല്‍ ലൈഫ് എന്ന പേരോടുകൂടി ഒരു പ്രമേയത്തില്‍ ജഡ്ജിമാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരികയും ചെയ്തു. അന്നുമുതല്‍ നിലനില്‍ക്കുന്ന ഈ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണ് ജഡ്ജിമാര്‍ നടത്തിയ ലഹളയും മാധ്യമവിചാരണയും. ഭരണഘടനയുടെ 124-ാം അനുച്‌ഛേദപ്രകാരം സുപ്രീംകോടതി ജഡ്ജിയെ പേരുദോഷത്തിന് സ്ഥാനഭ്രഷ്ടരാക്കാനുള്ള വകുപ്പ് ഉണ്ടെങ്കിലും ഇതുവരെ അങ്ങിനെ ഒരു സംഭവം ഉണ്ടായതായി കേട്ടിട്ടില്ല. ഒരുപക്ഷേ ഈ ലഹളക്കാര്‍ ഉദ്ദേശിച്ചത് അതായിരുന്നോ എന്നും ചിന്തിക്കേണ്ടതുണ്ട്. 
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചെയ്ത തെറ്റ് എന്താണെന്ന് എത്ര വിചിന്തനം ചെയ്താലും മനസ്സിലാകുന്നില്ലെങ്കിലും ലഹള നടത്തിയ ജഡ്ജിമാരുടെ മനസ്സിലിരുപ്പ് മനസ്സിലാക്കാന്‍ ജസ്റ്റിസ് ലോയയുടെ മരണത്തെക്കുറിച്ചുള്ള വിവാദത്തില്‍നിന്ന് ലഹള ജഡ്ജിമാര്‍ മന:പൂര്‍വ്വം ഒഴിഞ്ഞുനില്‍ക്കുന്നതില്‍നിന്ന് മനസ്സിലാക്കാം. നരേന്ദ്രമോദിയെ താഴെ ഇറക്കാന്‍ ഉപവാസമെടുത്ത് മാധ്യമപ്രവര്‍ത്തനം നടത്തുന്ന ചിലര്‍ വാര്‍ത്താസമ്മേളനത്തിനിടെ ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഹര്‍ജിയുടെ കാര്യം ചോദിക്കുകയുണ്ടായി.  വ്യക്തമായ ഉത്തരം പറയാതെ മുക്കിയും മൂളിയും ജഡ്ജിമാരില്‍ ഒരാള്‍ പ്രതികരിച്ചു. ജസ്റ്റിസ് കുര്യന്‍ ജോസഫ് 'നോ കമന്റ്' എന്നു പറഞ്ഞ് തടിതപ്പി. ഇവിടെയാണ് ഈ ലഹളയുടെ പിന്നിലെ ഹിഡന്‍ അജണ്ട വ്യക്തമാകുന്നത്. ജസ്റ്റിസ് ലോയയുടെ  കേസ് അരുണ്‍ മിശ്ര എന്ന സത്യസന്ധവും നീതിന്യായത്തില്‍ ഏറെ കഴിവ്  തെളിയിച്ചതുമായ ന്യായാധിപന്റെ ബഞ്ചിനെയാണ് ചീഫ് ജസ്റ്റിസ് ഏല്‍പ്പിച്ചത്. ലഹള ജഡ്ജിമാരുടെ വാദം നോക്കുമ്പോള്‍ ഈ നാലു പേര്‍ ഒഴികെ ബാക്കി ജഡ്ജിമാര്‍ കഴിവ് കെട്ടവരോ, താരതമ്യേന വിവരമില്ലാത്തവരോ അഴിമതിക്കാരോ ആണെന്ന് വരികള്‍ക്കിടയില്‍ പറയേണ്ടിവരും. ജസ്റ്റിസ് അരുണ്‍ മിശ്രക്കെതിരെ ഇന്നുവരെ ഒരു ആരോപണവും ഉന്നയിക്കാന്‍ ഒരാള്‍ക്കും കഴിയാത്ത നീതിന്യായ വ്യക്തിത്വത്തിന്റെ ഉടമയാണ്. എന്നിട്ടും എന്തേ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് സ്പഷ്ടമായ ഉത്തരം നല്‍കാതെ ലഹള നടത്തിയ ജഡ്ജിമാര്‍ ജസ്റ്റിസ് അരുണ്‍ മിശ്രയെ പ്രതിക്കൂട്ടിലാക്കിയതെന്നത് ഏറെ സംശയിക്കേണ്ടിയിരിക്കുന്നു.
ജസ്റ്റിസ് ലോയയുടെ മരണം
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ പ്രതിയായിരുന്ന സൊറാബുദ്ദീന്‍ ശൈഖ് ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്നു ബ്രിജ് ഗോപാല്‍ ഹരികിഷന്‍ ലോയ. അദ്ദേഹത്തിന്റെ മരണത്തിന് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കുന്നതിനിടയില്‍ കാരവന്‍ മാസിക ചില വെളിപ്പെടുത്തലുമായി രംഗത്ത് വന്നു. ജസ്റ്റിസ് ലോയയ്ക്ക് 100 കോടി രൂപ ബോംബെ ഹൈക്കോടതി ജസ്റ്റിസ് മോഹിത് ഷാ വാഗ്ദാനം ചെയ്തിരുന്നുവെന്നും ജസ്റ്റിസ് ലോയ ഏറെ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ജസ്റ്റിസ് ലോയയുടെ സഹോദരി വെളിപ്പെടുത്തുകയുണ്ടായി. 2005 നവംബറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ലെഷ്‌കറെ തോയ്ബ ഭീകരനായ സൊറാബുദ്ദീന്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് കാണിച്ച് അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷാക്കെതിരെ കോടതിയില്‍ കേസ് വന്നത്. കേസിന്റെ വിചാരണയ്ക്കിടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നാഗ്പൂരില്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി പോയ ജസ്റ്റിസ് ലോയ 2014 ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ 3 മണിക്കാണ് മരിക്കുന്നത്. ഈ സമയം ജസ്റ്റിസ് ലോയയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളും ബന്ധുക്കളും കൂടി ജസ്റ്റിസ് ലോയയെ ണീഗവമൃറ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇതിനിടയില്‍ ശക്തമായി രണ്ട് വട്ടം ഉണ്ടായ ഹൃദയസ്തംഭനത്തില്‍ ജസ്റ്റീസ് ലോയ സ്വാഭാവിക മരണത്തിനടിമപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം രേഖകളില്‍ ജസ്റ്റിസ് ലോയയുടെ മരണകാരണം ശക്തമായ ഹൃദയസ്തംഭനമാണെന്നും കൊറോണറി ധമനിയില്‍ രണ്ട് ബ്ലോക്ക് ഉണ്ടായതായും പറഞ്ഞിട്ടുണ്ട്. ജസ്റ്റീസ് ലോയയെ ഇതിനിടെ പരിശോധിച്ച ഡോക്ടറുടെ കൂടെ ഉണ്ടായിരുന്ന ഡോ. ബംഗ്ലോയുടെ ഫേസ്ബുക്ക് പോസ്റ്റിലും ഈ കാര്യം വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. കൊറോണറി ആര്‍ട്ടറിയില്‍ (ഹൃദയത്തിലേക്കുള്ള രക്തക്കുഴലില്‍) വലിയ രണ്ട് ബ്ലോക്കുകള്‍ ഉണ്ടായിരുന്നു അതാണ് മരണകാരണമെന്നും ഡോ. ബംഗ്ലോ പറയുന്നു. ജസ്റ്റിസ് ലോയയുടെ  കുടുംബത്തിനോ മകനോ യാതൊരു സന്ദേശമോ സംശയമോ ഈ കാര്യത്തിലുണ്ടായിട്ടില്ല.  മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഈ കേസ് കുത്തിപ്പൊന്തിച്ച് കൊണ്ടുവന്നത് ചില നിക്ഷിപ്ത താല്‍പര്യത്തിന് വേണ്ടി മാത്രമായിരുന്നു. നരേന്ദ്രമോദിയെ പിടിച്ച് കെട്ടണമെങ്കില്‍ അമിത്ഷായുടെ ആത്മവീര്യം തകര്‍ക്കണമെന്നാണ് മോദിവിരുദ്ധ സിന്‍ഡിക്കേറ്റിന്റെ ഒടുവിലത്തെ കാഴ്ചപ്പാട്. അതിനുള്ള ഗൂഢാലോചനയിലാണ് ഈ സിന്‍ഡിക്കേറ്റ്. വാസ്തവത്തില്‍ ഈ കേസില്‍ യാതൊരു സംശയമോ കഴമ്പോ ഇല്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ജസ്റ്റീസ് ലോയ മരിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നവര്‍ മറ്റ് രണ്ട് ന്യായാധിപന്മാര്‍ ആയിരുന്നു. അവര്‍ക്കില്ലാത്ത സംശയം, ഭാര്യക്കും മകനുമില്ലാത്ത വികാരം എന്തുകൊണ്ട്  മറ്റുള്ളവര്‍ തേടുന്നു എന്നതാണ് ഈ കേസിലെ രാഷ്ട്രീയം. ജസ്റ്റിസ് ലോയയുടെ കേസ് പറയാതെ പറഞ്ഞ് ലഹള നടത്തിയ ന്യായാധിപന്മാരുടെ ലക്ഷ്യം ഇതില്‍നിന്നും വ്യത്യസ്തമാണെന്നു പറയാന്‍ കഴിയില്ല.
വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം
മോദി ഭരണത്തില്‍ ജനാധിപത്യവും, സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നുവെന്ന പരാതി ഉയര്‍ത്തി ആദ്യം രംഗത്തിറക്കിയത് കലാസാഹിത്യരംഗത്തെ പ്രതിഭകളെയാണ്. അവാര്‍ഡ് വാപസിയിലൂടെ അവരുണ്ടാക്കിയ കലാപം അവരില്‍ തന്നെ ഒതുങ്ങി. തുടര്‍ന്ന് സാമ്പത്തികവിദഗ്ദ്ധന്മാരെ രംഗത്തിറക്കി നോട്ട് നിരോധനം മൂലം ജിഡിപി തകര്‍ത്തുവെന്നും സാമ്പത്തിക മാന്ദ്യം ബാധിച്ച് ഇന്ത്യ തകരുന്നുവെന്നും പ്രഖ്യാപിച്ചു. ക്രമേണ ജിഡിപി ഉയരുകയും വളര്‍ച്ച പ്രത്യക്ഷമാവുകയും ചെയ്തതോടെ ജിഡിപി ചര്‍ച്ച അവസാനിപ്പിച്ച് ജിഎസ്ടി എന്ന നികുതി പരിഷ്‌കരണത്തെ  ഗബ്ബര്‍സിംഗിന്റെ ക്രൂരതയായി വ്യാഖ്യാനിച്ചും  മോദി വിരുദ്ധ പ്രചരണങ്ങള്‍ കേവലം കുപ്രചാരണങ്ങളായി മാറുന്നുവെന്ന് മനസ്സിലാക്കിയ ഇന്ത്യന്‍ ജനത തിരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയെ അധികാരത്തില്‍ കൊണ്ടുവന്നു. ചരിത്രത്തിലാദ്യമായി ബിജെപിയും അനുബന്ധ സംഘടനകളും ചേര്‍ന്ന് 19 സംസ്ഥാനങ്ങള്‍ ഭരിക്കുകയും വടക്കുകിഴക്കന്‍ മേഖലകളിലടക്കം സ്വാധീനമുണ്ടാക്കി കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യം സാക്ഷാത്കരിക്കപ്പെടുന്ന തരത്തില്‍  മുന്നേറുമ്പോഴാണ് പുതിയ ലഹളയുടെ രംഗവേദിയായി സുപ്രീംകോടതിയെ ഉപയോഗിക്കുന്നത്. 
ന്യായാധിപന്‍മാര്‍ ഉത്കണ്ഠ പങ്കുവെക്കേണ്ടത് മൂന്നാംകിട രാഷ്ട്രീയ നേതാക്കന്മാരെപ്പോലെയോ, ട്രേഡ് യൂണിയന്‍ സംഘടിപ്പിച്ചോ ആയിരുന്നില്ല എന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് സോഥി പറഞ്ഞത് ശ്രദ്ധേയമാണ്. അടുത്തിടെ സുപ്രീംകോടതിയില്‍ നടന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഈ ലഹളയുടെ പിന്നിലെ ഹിഡണ്‍ അജണ്ട വ്യക്തമാകും. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ സ്വന്തം കക്ഷികളോട് പോലും ആലോചിക്കാതെ രാമജന്മഭൂമി കേസ് 2019 നപ്പുറത്തേക്ക് നീട്ടിവെക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് കോടതി മുറിയില്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ ബഹളം വെച്ച കബില്‍ സിബലിനെയും പ്രശാന്ത് ഭൂഷണെയും ചീഫ് ജസ്റ്റിസ് മുഖം നോക്കാതെ ശക്തമായി ശാസിച്ചത് പുതിയ അനുഭവമായിരുന്നു.  ദീപക് മിശ്ര ചീഫ് ജസ്റ്റീസ് ആകുന്നതിനുമുമ്പ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസ്സുകളുടെ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ കോടതി സ്വാധീനം പകല്‍പോലെ വ്യക്തമാകുന്നുണ്ട്. 1973 ല്‍ മൂന്ന് ജസ്റ്റിസുമാര്‍ രാജിവെക്കാനിടയായ സംഭവവും കോണ്‍ഗ്രസ് നേതാവിന്റെ കമ്മിറ്റഡ് ജുഡീഷ്യറി പ്രസ്താവനയും ചരിത്രത്തില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ച സംഭവങ്ങളാണ്. 
ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ മുമ്പില്‍ ബഹളം വെച്ച കോണ്‍ഗ്രസ്സ് നേതാവ് പഴയപടി ഒരു സമവായം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. ഒട്ടും കുലുങ്ങാതെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര കോണ്‍ഗ്രസ് ദല്ലാളിനെ കടുത്ത ഭാഷയില്‍ ശാസിക്കുകയും കോണ്‍ഗ്രസ് പ്രതിസ്ഥാനത്ത് വരുന്ന കേസുകള്‍ സത്യസന്ധമായി വിചാരണ ചെയ്യുവാനുളള ശ്രമം ആരംഭിക്കുകയും ചെയ്തു. 1984ലെ  കലാപത്തെ തുടര്‍ന്നുള്ള 184 കേസുകള്‍ പുനരന്വേഷണം നടത്തണമെന്ന് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവിട്ടു. ചിദംബരവും അദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തിക്കും പ്രതിയായ കേസ്, ആധാറിനെ സംബന്ധിച്ച കേസ്,  സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രതിയായ നാഷണല്‍  ഹൊരാള്‍ഡ്  കേസ്, രാമജന്മഭൂമി കേസ് തുടങ്ങി നിരവധി കേസ്സുകള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ വിചാരണക്കായി കിടക്കുകയാണ്. ചീഫ് ജസ്റ്റീസിന്റെ  മുമ്പില്‍ വരാന്‍ പോകുന്ന കേസ്സുകള്‍ കോണ്‍ഗ്രസ്സിന്റെ നിലനില്‍പ്പിനെ തന്നെ തകര്‍ക്കാന്‍ ഇടയാക്കുന്ന കേസുകളാണ്. ഇതോടെയാകണം ജനാധിപത്യത്തിന്റെ പേരില്‍ ന്യായാധിപന്മാരെ ലഹളക്ക് തയ്യാറാക്കിയത് ഒരു മുഴം മുമ്പേ എറിഞ്ഞതായിരിക്കാനാണ് സാധ്യത. ചീഫ് ജസ്റ്റിസിന്റെ വിശ്വാസ്യത തകര്‍ത്താല്‍ കോളിളക്കം സൃഷ്ടിക്കാനിടയുള്ള കേസുകളില്‍നിന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ മാറ്റുകയോ കൊളീജിയത്തിലെ സീനിയര്‍ ജഡ്ജിമാര്‍ എന്ന നിലയില്‍ ലഹള നടത്തിയ ജഡ്ജിമാരുടെ വരുതിയില്‍ കാര്യങ്ങള്‍ വരുത്തുകയോ ചെയ്യാം. ഇതാകാം ലക്ഷ്യം. ഈ ലഹളയ്ക്കു പിന്നിലെ നിഗൂഢതയുടെ ചുരുളുകളില്‍ പലതും പുറംലോകം അറിയാനിരിക്കുന്നതേയുള്ള.
ഡി. രാജയുടെ സന്ദര്‍ശനം
ലഹള നടത്തി വാര്‍ത്താസമ്മേളനം കഴിഞ്ഞതോടെ ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയില്‍ സിപിഐ നേതാവ് ഡി രാജ എത്തി. ആരുമറിയാതെ വീടിന്റെ പുറകിലെ വാതിലിലൂടെ ഉള്ളില്‍ കയറി, ജസ്റ്റിസുമായി സംഭാഷണം നടത്തിയ ശേഷം എന്തോ പറഞ്ഞു റപ്പിച്ച് നടത്തിയെന്ന ഭാവത്തോടെ ഹസ്തദാനം നടത്തി കാറിന്റെ അടുത്തേക്ക് നടന്നുനീങ്ങി. ജസ്റ്റിസ് ചെലമേശ്വര്‍ ഡി രാജയെ കാറിന്റെ അടുത്തുവരെ അനുഗമിച്ചു. പല ക്യാമറക്കണ്ണുകളും ബോധപൂര്‍വ്വം മറച്ചുവെച്ച ഈ സന്ദര്‍ശനം അപ്രതീക്ഷിതമായി കണ്ടെത്തിയ റിപ്പബ്ലിക്ക് ചാനല്‍ പുറത്തുവിട്ടു. ഡി രാജ എന്തിന് പുറകിലെ വാതിലിലൂടെ അകത്തുപോയി. എന്തുകൊണ്ട് ജസ്റ്റിസ് ചെലമേശ്വര്‍ ഡി രാജയെ കാറിന്റെ അടുത്തുവരെ അനുഗമിച്ചു. ഇവര്‍ തമ്മില്‍ എന്തു ബന്ധമാണുള്ളത്. സ്വന്തം മക്കള്‍ അഭിഭാഷകരാണെങ്കില്‍ അവരില്‍നിന്നുപോലും അകന്നു കഴിയണമെന്ന ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടം എന്തുകൊണ്ട് ചെലമേശ്വര്‍ ലംഘിച്ചു. മാത്രമല്ല ഡി. രാജയ്ക്ക് കൃത്യമായി ജസ്റ്റിസ് ചെലമേശ്വറിന്റെ പുറകിലെ വഴിയിലൂടെ ഉള്ളില്‍ കടക്കാന്‍ എങ്ങനെ കഴിഞ്ഞു എന്ന നിരവധി ചോദ്യങ്ങള്‍ പുതിയ ഉത്തരം തേടിക്കൊണ്ടിരിക്കുകയാണ്. എന്തായാലും ഭരണഘടന ബഞ്ച് പുനസംഘടിച്ച് വിട്ടുവീഴ്ചയില്ലാതെ സധൈര്യം മുന്നോട്ടുപോകുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ സത്യസന്ധതയ്ക്കും ധീരതയ്ക്കും ജനാധിപത്യം ആഗ്രഹിക്കുന്ന ഇന്ത്യന്‍ ജനതയുടെ അഭിവാദ്യങ്ങള്‍ ഉണ്ടെന്നുള്ളതില്‍ സംശയമില്ല. ലഹള നടത്തിയ ജഡ്ജിമാര്‍ക്ക് അത് സ്വയം ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് അവര്‍ ഇപ്പോള്‍ മിതത്വം പാലിച്ച്  സമവായത്തിന് ശ്രമിക്കുന്നത്. ഈ അന്തര്‍ദ്വന്ദത്തിലെ രാഷ്ട്രീയ ഹിഡന്‍ അജണ്ടയാണ്  സാമൂഹ്യമാധ്യമങ്ങള്‍ ഏറെ ചര്‍ച്ചാവിഷയമാക്കുന്നത്.
ലക്ഷ്യം 2019
ഇന്ത്യയില്‍ അസാധാരണമായി ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ ലക്ഷ്യം 2019 ലെ പൊതുതിരഞ്ഞെടുപ്പാണ്. ആസൂത്രിതമായ ജാതീയകലാപത്തിലൂടെ ഹിന്ദുസമൂഹത്തെ പിളര്‍ത്താനും ദളിത് വേട്ട എന്ന കുപ്രചരണത്തോടെ ഇന്ത്യയില്‍ ജാതീയതയുടെ അപകടകരമായ ചേരി ഉണ്ടാക്കുവാനും ഒരു ഭാഗത്ത് ശ്രമിക്കുമ്പോള്‍ മറുഭാഗത്ത് ഫാസിസം വന്നതുകൊണ്ട് ജനാധിപത്യം അപകടത്തിലാണെന്ന് വരുത്തിത്തീര്‍ത്ത് ജനങ്ങളില്‍ അങ്കലാപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു. അടുത്ത 15 മാസം എന്തും സംഭവിക്കാവുന്ന കാലമാണ്. ദേശീയവാദി കരുതലോടെ നീങ്ങേണ്ട സമയമാണ്. നരേന്ദ്രമോദി ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയാകുക എന്നത് രാജ്യദ്രോഹശക്തികള്‍ക്ക് സഹിക്കാന്‍ കഴിയില്ല. അന്താരാഷ്ട്രതലത്തില്‍ തന്നെ ഇതിനെതിരായി ഗൂഢാലോചന നടക്കുന്നുണ്ട്.   അധമശക്തികള്‍ പത്മവ്യൂഹം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ബ്രിട്ടീഷുകാര്‍ കീറിയ ജാതീയതയുടേയും മതപ്രീണനത്തിന്റെയും നീര്‍ച്ചാലിലൂടെ ഇന്ത്യയെ വലിച്ചിഴച്ച് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. സ്വത്വബോധത്തിലധിഷ്ഠിതമായ ദേശീയശക്തികളുടെ പടയോട്ടത്തെ, ചായക്കോപ്പയിലെ കൊടുങ്കാറ്റുകളായി മാറുന്ന ഇത്തരം ലഹളകള്‍ക്ക് തടയാനാകില്ലെന്ന് കാലം തെളിയിക്കും. 
(അഡ്വ. ബി. ഗോപാലകൃഷ്ണന്‍
ബിജെപി സംസ്ഥാന സെക്രട്ടറി)

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments