Kesari WeeklyKesari

ലേഖനം..

സ്‌റ്റൈല്‍മന്നനും!--വി.ആര്‍.ഗോവിന്ദനുണ്ണി

on 26 January 2018
Kesari Article

ഹാരാഷ്ട്രക്കാരനായ ശിവാജി റാവു ഗെയ്ക്ക്‌വാദ് ഒരു ജോലി അന്വേഷിച്ചാണ് ബംഗളൂരില്‍ എത്തിയത്. (മിക്കവാറും ബെല്‍റാംകാരന്‍ ആയിരിക്കാനാണ് സാധ്യത; ജീവചരിത്രത്തില്‍ അത് കൃത്യമായി സൂചിപ്പിക്കുന്നില്ലെങ്കിലും, ബംഗളൂരില്‍ ധാരാളം ബെല്‍ഗാംകാരുള്ളതുകൊണ്ട് അങ്ങിനെ ഊഹിക്കാമെന്നു മാത്രം. കര്‍ണാടകയും  മഹാരാഷ്ട്രയും  തമ്മില്‍ ബെല്‍ഗാമിനെ ചൊല്ലി അതിര്‍ത്തിതര്‍ക്കം ഇടക്കിടെ തലപൊക്കാറുമുള്ളതാണല്ലോ!) അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള ഗെയ്ക്ക്‌വാദിന് ഗതാഗതവകുപ്പില്‍ ബസ് കണ്ടക്ടറായി നിയമനവും ലഭിച്ചു.  മഹാനഗരത്തിലെ ജനസംഖ്യയില്‍ നല്ലൊരുവിഭാഗം തമിഴരായതുകൊണ്ടും സഹപ്രവര്‍ത്തകര്‍ സുഗമമായി തമിഴ് സംസാരിക്കുന്നതുകൊണ്ടും തമിഴ് ഒഴുക്കോടെ കൈകാര്യം ചെയ്യാന്‍ അവരില്‍ നിന്നു പഠിച്ചിരിക്കും (ഒരു പക്ഷെ ഇക്കാലത്തുതന്നെ മലയാളവും അല്‍പാല്‍പം മനസ്സിലാക്കിയിരിക്കാന്‍ സാധ്യതയുണ്ട്. നഗര ജനസംഖ്യയില്‍ മൂന്നാംസ്ഥാനം മലയാളികള്‍ക്കാണ്. ഒരു മലയാളം പത്രവും കൂടാതെ ഒരു മലയാളം വാരികയും അവിടെ നിന്ന് ഇറങ്ങിയിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ മലയാളി ജോലിക്കാരുമുണ്ട്. അങ്ങിനെ മലയാളവും കേട്ടാല്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരിക്കണം. രജനീകാന്തായി മാറിയ ഗെയ്ക്ക്‌വാദ് ഒരു മലയാള ചലച്ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇത്തരുണത്തില്‍ ഓര്‍ക്കാം - 'സുപ്രിയ ഫിലിംസി'ന്റെ ഹരിപോത്തന്‍, ഭാര്യയായിരുന്ന ജയഭാരതിയെ നായികയാക്കി നിര്‍മ്മിച്ച 'ആലിബാബയും നാല്‍പത്തൊന്ന് കള്ളന്മാരും' എന്നതാണ് പ്രസ്തുത ചിത്രം. പ്രേംനസീറായിരുന്നു ഇതിലെ നായകന്‍ എന്നൊരു  സവിശേഷതകൂടി ഉണ്ടിതിന്).
അമിതാഭ് ബച്ചനോടുള്ള ആരാധനയാണ് ഗെയ്ക്ക്‌വാദിനെ സിനിമാലോകത്തിലേക്ക് ആനയിച്ചത്. കണ്ടക്ടര്‍  ജോലിയില്‍ നിന്നുള്ള വരുമാനമെല്ലാം കൂട്ടിച്ചേര്‍ത്ത് നേരെ അഡയാറിലുള്ള (ചെന്നൈ) ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെന്നുചേര്‍ന്നു. മലയാളത്തിലെ ശ്രീനിവാസനടക്കമുള്ള ചിലര്‍ അന്നവിടെ വിദ്യാര്‍ത്ഥികളായുണ്ടായിരുന്നു. ഭീംസിംഗ്, കെ. ശ്രീധര്‍ കാലഘട്ടത്തിനുശേഷം തമിഴ് സിനിമയിലെ മികച്ച പ്രതിഭയായ കെ. ബാലചന്ദറാണ് രജനീകാന്തായി മാറിയ ഗെയ്ക്ക്‌വാദിനെ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ 1975ലെ 'അപൂര്‍വ്വ രാഗങ്ങളി'ലൂടെയായിരുന്നു അരങ്ങേറ്റം. ഒന്നാന്തരം കന്നഡ സംവിധായകനായിരുന്ന പുട്ടണ്ണ കനഗാലിന്റെ 'കഥാസംഗമ' തുടര്‍ന്നു പുറത്തുവന്നു. ബാലചന്ദറിന്റെ തന്നെ 'അവള്‍ ഒരു തൊടര്‍ക്കതൈ' (1974) കരിയറില്‍ ഒരു വഴിത്തിരിവായെങ്കിലും നെഗറ്റീവ് കഥാപാത്രങ്ങളാണ് ഈ നടനെ ആദ്യമാദ്യം തേടിയെത്തിയിരുന്നത്; അല്ലെങ്കില്‍ ഉപനായകസ്ഥാനവും. 1975-ലെ 'മൂന്റ്ര മുടിച്ച്' ലൂടെയാണ് നായകസ്ഥാനത്ത് എത്തുന്നത്. ഇതില്‍ സിഗരറ്റ് മുകളിലേക്കെറിഞ്ഞ് ചുണ്ടു കൊണ്ടു പിടിച്ചെടുത്ത് കത്തിക്കുന്ന രംഗങ്ങളോടെ തമിഴ് മക്കളുടെ 'സ്റ്റൈല്‍ മന്നനായി' മാറി. '16 വയതിനിലെ' 'ഭുവനാ ഒരു കേള്‍വിക്കുറി' 'ആയിരം ജന്മങ്ങള്‍' 'മുള്ളുംമലരും' 'നിന്നെത്താനെ ഇനിക്കും' മുതലായവ തുടര്‍ന്നുവന്ന ചിത്രങ്ങള്‍ 'സൂപ്പര്‍സ്റ്റാറാക്കി.'
1978-ലെ 'ശങ്കര്‍ സലിം സൈമണി'ല്‍ തുടങ്ങി ('അമര്‍ അക്ബര്‍ ആന്റണി')അമിതാഭ് ബച്ചന്‍ ചിത്രങ്ങളുടെ ഒട്ടേറെ തമിഴ് 'റീമേക്കു' കളില്‍ രജനീകാന്ത് നായകനായി വന്നിട്ടുണ്ട്. 'നാന്‍ വാഴലൈപ്പേന്‍' ('മജ്ബൂര്‍'), 'ബില്ല' (ഡോണ്‍) എന്നിവ ചില ഉദാഹരണങ്ങള്‍.
തമിഴ് സിനിമയിലെ ഹാസ്യനടനായിരുന്ന വൈ.ജി. മഹേന്ദ്രന്റെ സഹോദരി ലതയെ വിവാഹം കഴിച്ച (രണ്ടു മക്കള്‍: സംവിധായകയായ ഐശ്വര്യയും നിര്‍മാതാവായ സൗന്ദര്യയും) രജനീകാന്തിന്റെ പെരുമാറ്റത്തിലും സ്വഭാവത്തിലും പല പല സവിശേഷതകളുമുണ്ട്. ഇടക്കിടെ സിനിമാരംഗം വിടുകയാണെന്ന് പ്രഖ്യാപിക്കുക (എഴുപതുകളുടെ അവസാനത്തിലാണ് ഇതിന്റെ തുടക്കം. 1980ലെ 'ബില്ല'യുടെ അഭൂതപൂര്‍വ്വമായ വിജയത്തോടുകൂടിയായിരുന്നു തിരിച്ചുവരവ്), ഹിമാലയത്തിലുള്ള തന്റെ ആത്മീയ ഗുരുവിന്റെ സന്നിധാനത്തിലേക്കുപോയി (അദ്ദേഹത്തെപ്പറ്റി 'ബാബ' എന്നൊരു ചിത്രം തന്നെ നിര്‍മ്മിച്ചിട്ടുണ്ട്, രജനി) മാസങ്ങളോളം അജ്ഞാതവാസം അനുഷ്ഠിക്കുക, ബോക്‌സാഫീസില്‍ പരാജയപ്പെട്ട തന്റെ ചിത്രങ്ങളില്‍ പണം നഷ്ടപ്പെട്ടവര്‍ക്കെല്ലാം അത് തിരികെ നല്‍കുക, സാമൂഹ്യസേവനത്തിനായി കൈയയച്ചു സംഭാവന കൊടുക്കുക മുതലായവ അതിലുള്‍പ്പെടുന്നു.
'നല്ലവനുക്കു നല്ലവനി'ല്‍  തുടങ്ങി (1984), 'ശിവാജി' (2007), 'യന്തിരന്‍' (2010) എന്നീ ചിത്രങ്ങളിലൂടെ രജനി അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധനേടുന്നതും നാം കണ്ടതാണ്. 2014ല്‍ എന്‍.ഡി.ടി.വിയുടെ '25 ജീവിച്ചിരിക്കുന്ന ലോക മഹാഇതിഹാസ'ങ്ങളില്‍ തുടങ്ങി 'പത്മവിഭൂഷ'ണടക്കം (2016) നിരവധി ബഹുമതികള്‍ ഈ അറുപത്തിയേഴുകാരനെ തേടിയെത്തിയിട്ടുണ്ട്.
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം തമിഴ്‌നാട്ടില്‍ എന്നും ഒരു ചര്‍ച്ചാവിഷയമായിരുന്നു. ജയലളിതയുടെ വസതിയായിരുന്ന 'പോയ്‌സ് ഗാര്‍ഡന്‍' സ്ഥിതി ചെയ്യുന്ന അതേ തെരുവില്‍ താമസിക്കുന്ന ഈ താരം മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ ഗതാഗതം സ്തംഭിപ്പിക്കുന്നതിനെതിരെ പ്രകോപിതനായി പ്രതികരിച്ചതില്‍ നിന്നാണ് ഇതിന്റെ തുടക്കം. എന്തായാലും, എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട്, 'മഹാഭാരത'ത്തില്‍ കുരുക്ഷേത്രയുദ്ധത്തിനു മുമ്പ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് നല്‍കിയ ഉപദേശം ഉദ്ധരിച്ചുകൊണ്ട്, 'സ്റ്റൈല്‍ മന്നന്‍' തന്റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചിരിക്കുകയാണ്. ''കഴിഞ്ഞ ഒരു വര്‍ഷമായി തമിഴ് രാഷ്ട്രീയത്തിലുണ്ടായ സംഭവങ്ങള്‍ ജനങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്നതാണ്. എല്ലാവരും തമിഴ്‌നാടിനെ നോക്കി പരിഹസിച്ചു ചിരിക്കുന്നു. ഈ അവസരത്തില്‍ മുന്നിട്ടിറങ്ങിയില്ലെങ്കില്‍ മരിക്കുംവരെ കുറ്റബോധം വേട്ടയാടും. മാറ്റം വേണം, എല്ലാറ്റിനെയും മാറ്റണം. സംവിധാനങ്ങള്‍ പൊളിച്ചെഴുതണം'' എന്നിങ്ങനെയായിരുന്നു പ്രഖ്യാപനം. ''പദവിയോ സ്ഥാനമോ മോഹിച്ചല്ല രാഷ്ട്രീയത്തിലേക്കുയരുന്നത്. സത്യസന്ധത, കഠിനാദ്ധ്വാനം, വികസനം എന്നിവയായിരിക്കും പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങള്‍'' എന്ന് പ്രസ്താവന തുടരുന്നു.
രജനീകാന്ത് ആത്മീയവാദിയാണെന്ന പ്രചരണത്തിന് ഇതോടെ വിരാമമായെങ്കിലും തമിഴക രാഷ്ട്രീയത്തില്‍ ഈ രംഗപ്രവേശം ഏറെ ചോദ്യങ്ങള്‍ അവശേഷിപ്പിച്ചിരുന്നു. ഡി.എം.കെയില്‍ നിന്ന് അടിതട പഠിച്ചാണ് എം.ജി. രാമചന്ദ്രന്‍ എ.ഐ.എ.ഡി.എം.കെ രൂപീകരിച്ചത്. 'മക്കള്‍ തിലക' ത്തിനു കീഴില്‍ ഏറെക്കാലം പ്രയത്‌നിച്ചതിനുശേഷമാണ് ജയലളിത പാര്‍ട്ടിയുടെ സാരഥ്യം ഏറ്റെടുത്തത്. ശിവാജി ഗണേശന്‍ മുതലുള്ള അഭിനേതാക്കളുടെ രാഷ്ട്രീയത്തിലെ ദുരന്തകഥ എല്ലാവരുടെയും മുന്നിലുണ്ട്. രാഷ്ട്രീയ പാരമ്പര്യം ഒട്ടുമേ ഇല്ലാത്ത 'സ്റ്റൈല്‍ മന്നന്‍' ആ രംഗത്ത് വിജയിക്കുമോ എന്നത് ഒന്നാമത്തെ ചോദ്യം.
രണ്ടാമതായി  അറിയപ്പെടുന്ന സംവിധായകനായ ഭാരതീരാജ മുതല്‍ 'നാം തമിഴര്‍ കക്ഷി'. 'തമിഴക വാഴ്‌വുറുമൈ കക്ഷി' തുടങ്ങിയ ചെറുപാര്‍ട്ടികള്‍ വരെ തമിഴ് വികാരം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നുള്ളതാണ്.  മഹാരാഷ്ട്രക്കാരനായ ഒരാള്‍ തമിഴ്‌നാടിനെ ഭരിക്കേണ്ടെന്നാണ് ഇവരുടെ വാദം. എം.ജി.ആര്‍ (കേരളം), ജയലളിത (കര്‍ണാടക) എന്നിവര്‍ക്കെതിരെയും ചിലര്‍ ഈ നിലപാട് കൈക്കൊണ്ടിരുന്നു, അത് വിലപ്പോയില്ലെങ്കിലും ആയുസ്സിന്റെ ഭൂരിഭാഗവും തമിഴ്‌നാട്ടില്‍ ജീവിച്ച താന്‍ ഒരു പച്ചത്തമിഴനാണെന്ന് രജനീകാന്ത് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും 20-ാം നൂറ്റാണ്ടിനെക്കാള്‍ മാറിയ ധാരണകളും ചിന്താഗതികളും വെച്ചുപുലര്‍ത്തുന്ന ഈ കാലഘട്ടത്തില്‍ അത് വിലപ്പോകുമോ എന്ന കാര്യം സംശയാസ്പദം. ഇത് മാത്രമല്ല ബുദ്ധിമുട്ട്. ജാതി-മത സമവാക്യങ്ങളാല്‍ തമിഴ് രാഷ്ട്രീയം ഇന്ന്, മുമ്പെന്നത്തേക്കാളും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കലുഷിതമായിരിക്കുകയുമാണ്.  രസികര്‍ മന്‍ങ്ങളുള്ള (ആരാധക സംഘം) നടനാണ് രജനീകാന്ത് എങ്കിലും അവയെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഘടകങ്ങളാക്കി മാറ്റുക തുലോം ദുഷ്‌കരമായിരിക്കും. പൂജ്യത്തില്‍ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു എന്നു സാരം. 
കാവേരി നദീജലപ്രശ്‌നത്തില്‍ കര്‍ണ്ണാടകവും തമിഴ്‌നാടും ചിരകാലമായി ശത്രുതയിലാണ് - അവസാനിക്കാത്ത വൈരാഗ്യം. രജനിയുടെ ജീവിതത്തിന്റെ തുടക്കം കര്‍ണ്ണാടകയില്‍ ബംഗളൂര്‍ ആണെന്നുള്ളത് ഒരു പ്രതികൂല ഘടകമായിത്തീര്‍ന്നേക്കും. ഈ പ്രശ്‌നത്തില്‍ രജനി സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാവും. 'സ്റ്റൈല്‍ മന്ന'ന്റെ മുമ്പുള്ള രാഷ്ട്രീയ നിലപാടുകള്‍ ശുഭസൂചനയല്ല നല്‍കുന്നത്. 1996ലെ നിയമസഭാതിരഞ്ഞെടുപ്പു വേളയില്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ രജനി ഡി.എം.കെ- തമിഴ് മാനില കോണ്‍ഗ്രസ് സഖ്യത്തിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മു. കരുണാനിധി സെന്റ് ജോര്‍ജ് കോട്ടയിലെ അധികാര കസേരയില്‍ ഉപവിഷ്ടനായപ്പോള്‍ പുതിയ 'കിംഗ് മേക്കറാ'യി മാധ്യമങ്ങളാല്‍ അവരോധിക്കപ്പെടുകയും ചെയ്തു. എന്നാല്‍ മൂന്നുവര്‍ഷം കഴിഞ്ഞ് കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന തിരഞ്ഞെടുപ്പിലും രജനിയുടെ പിന്തുണ ഈ കൂട്ടുകെട്ടിനായിരുന്നെങ്കിലും ഫലം മറിച്ചായിരുന്നു. 2004ല്‍ 1996 ആവര്‍ത്തിക്കുമെന്ന് കരുതിയവര്‍ക്കും തെറ്റുപറ്റി. രജനിയുടെ പിന്തുണ അതേ സഖ്യത്തിനായിരുന്നുവെങ്കിലും 'ജയലളിതാ സുനാമി'യില്‍ അത് ഒലിച്ചുപോയി.
രാഷ്ട്രീയമായി എന്തെങ്കിലും പാരമ്പര്യമോ പശ്ചാത്തലമോ രജനിക്കില്ലെന്നുള്ളത് ഇനിയുമൊരു പ്രതികൂലഘടകമാണ്. എന്നുമാത്രമല്ല, അണ്ണാദുരൈയുടെയും എം.ജി.ആറിന്റെയും ജീവചരിത്രകാരനായ ആര്‍. കണ്ണന്‍ ചൂണ്ടിക്കാണിച്ചതുപോലെ, രജനീകാന്തിന്റെ ഇതുവരെയുള്ള സ്വകാര്യജീവിതം ഇനി കൂടുതല്‍ കൂലങ്കഷമായ നിരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമായിത്തീരും. ഇത് ചിലപ്പോള്‍, രജനിക്ക് അനുകൂലമല്ലെന്നുംവരാം.
മദിരാശി സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്റ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പു മേധാവിയായ പ്രൊഫ. രാമുമണിവണ്ണന്‍ അഭിപ്രായപ്പെടുന്നത്, ''ഒരു സൂപ്പര്‍സ്റ്റാറി'ന്റെ 'ഇമേജ്' അല്ലാതെ മറ്റൊന്നും രജനീകാന്തിന് അവകാശപ്പെടാനില്ല' എന്നാണ്. അദ്ദേഹം തുടരുന്നു: എം.ജി. ആറിന്റെ 'ഫാന്‍സ് അസോസിയേഷ' നുകള്‍ ആരംഭം മുതലേ ഡി.എം.കെ.യുടെ പോഷകസംഘടന എന്ന നിലയിലാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. അദ്ദേഹം എ.ഐ.ഡി.എം.കെ. രൂപീകരിച്ചപ്പോള്‍ ഒരൊറ്റ രാത്രികൊണ്ട് ഇരുപതിനായിരത്തിലധികം വരുന്ന ഈ അസോസിയേഷനുകള്‍ പുതിയ പാര്‍ട്ടിയുടെ ഘടകമായി മാറി, ഇത് അനുകരിക്കുക രജനിയാല്‍ അസാധ്യം..... കൂടാതെ ഡി.എം.കെക്കോ കോണ്‍ഗ്രസ്സിനോ രജനിയുടെ രാഷ്ട്രീയ നിലപാടുമായി, ഇന്നത്തെ അവസ്ഥയില്‍ യോജിച്ചുപോവുക പ്രയാസമായിരിക്കും. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് എന്നുള്ളത് ഇന്ന് ഇല്ലാതായിരിക്കുന്നു. ഉണ്ടെങ്കില്‍ തന്നെ ബോഫോഴ്‌സ് മുതല്‍ (കാര്‍ത്തി) ചിദംബരം അഴിമതി അടക്കം റോബര്‍ട്ട് വദ്ര സംഭവങ്ങള്‍ വരെ അവരെ ഇന്നും വേട്ടയാടുന്നുണ്ട്. പിന്നെ ഡി.എം.കെ. ആണുള്ളത്. ഇപ്പോഴത്തെ കോടതിവിധി അവര്‍ക്കനുകൂലമായിത്തീര്‍ന്നിട്ടുണ്ട് എന്നുള്ളത് ശരിതന്നെ. പക്ഷെ മേല്‍ക്കോടതി വിധി എന്തായിരിക്കുമെന്ന് മുന്‍കൂട്ടി കാണുക അസാധ്യം. അവശേഷിക്കുന്നത് എ.ഐ.ഡി.എം.കെയാണ്. അത് ഛിന്നഭിന്നമായിരിക്കുന്നു. മാത്രവുമല്ല 'അമ്മ'ക്കെതിരെ എന്നും നിലപാടു കൈക്കൊണ്ട രജനിയുമായി കൈകോര്‍ക്കുന്നത് അവര്‍ക്ക് അചിന്ത്യമായിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. 1972ല്‍ എ.ഐ.എ.ഡി.എം.കെ. രൂപീകരിക്കുമ്പോഴുണ്ടായ എം.ജി. ആറിന്റെ അവസ്ഥയിലല്ല, രജനീകാന്ത്!....''
മുപ്പത്തിയഞ്ചുവര്‍ഷം മുമ്പ് സംഭവിച്ചതുപോലെ - അന്ന് എം.ജി.ആറും കരുണാനിധിയും തമ്മിലായിരുന്നു പോരാട്ടം - ആകുമോ തമിഴ്‌നാട് രാഷ്ട്രീയം ഇന്ന് എന്നാണ് നിരീക്ഷകന്മാര്‍  ഉറ്റുനോക്കുന്നത്. കമലഹാസന്, രജനീകാന്തില്‍ നിന്ന് വ്യത്യസ്തമായി 'നാന്‍ തമിഴന്‍' എന്ന് അവകാശപ്പെടാമെന്നതൊഴിച്ചാല്‍ മറ്റ് കാര്യങ്ങളില്‍ ഇരുകൂട്ടരും സമന്മാരാണ്. പരസ്പരഭിന്നമായ രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊള്ളുന്നതുകൊണ്ട് 'ഉലഗ നായകന്‍' തമിഴ് മക്കള്‍ക്ക് അഭികാമ്യനാവാനുള്ള സാധ്യത കുറവാണെന്നു മാത്രം. കരുണാനിധിയുമായും എം.ജി. ആറുമായും 'ഉലഗനായകന്' ഒരു സാമ്യമുള്ളതുകൂടി ചൂണ്ടിക്കാണിക്കട്ടെ. മറ്റവരെപ്പോലെ കമലഹാസന് മൂന്ന് സ്ത്രീകളുണ്ടായിരുന്നു. ആദ്യം - നടിയും നര്‍ത്തകിയുമായ വാണി ഗണപതിയെ ആചാരപ്രകാരം വിവാഹം ചെയ്തു.  പിന്നീട് അതു വേര്‍പെടുത്തി ബോളിവുഡ് നടിയായ സരികയെ വരിച്ചു. അതില്‍ രണ്ടു മക്കളുമുണ്ടായി (നടിയായ ഐശ്വര്യ അതിലൊരാള്‍). അവസാനം നടി ഗൗതമിയുമായിട്ടായിരുന്നു ബന്ധം വെച്ചിരുന്നത്. കാന്‍സര്‍ ബാധിതയായ അവരെ പരിപാലിക്കുന്നു എന്നാണ് കേള്‍വി. രജനീകാന്ത്, വ്യക്തിജീവിതത്തില്‍, ഇതിനൊരപവാദമാണ്. കമലഹാസന്റെ മകള്‍ ശ്രുതി നായികയായി, ധനുഷ് നായകനായ ഒരു ചിത്രം രജനിയുടെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്തിട്ടുമുണ്ട്. 'കൊലവെറി' പാട്ടിലൂടെ പ്രശസ്തനായ ധനുഷ് ഐശ്വര്യയുടെ ഭര്‍ത്താവാണ്.
കമലഹാസനും രജനീകാന്തും ഒരുമിച്ചു വന്ന ചിത്രമാണ് 1975-ലെ 'മൂന്റുമുടിച്ച്' രണ്ടുപേര്‍ക്കും തുല്ല്യ 'റോള്‍'. തന്റെ (രജനീകാന്ത്) 'ഗേള്‍ഫ്രണ്ടി' നെ ആത്മസുഹൃത്ത് (കമലഹാസന്‍) പ്രണയിക്കുന്നുവെന്ന് മനസ്സിലാക്കി, ആ ആഗ്രഹം സഫലമാക്കുന്നതിന് തടാകത്തില്‍ അശ്രദ്ധ മൂലമോ, അവിചാരിതമായോ മുങ്ങിമരിക്കുന്ന കഥാപാത്രമായി വന്ന 'റോള്‍' രജനി, അക്ഷരാര്‍ത്ഥത്തില്‍ 'കലക്കി' യിരുന്നു. രാഷ്ട്രീയത്തില്‍ അങ്ങിനെയൊരു 'റോള്‍'  'ഉലഗനായകനു' വേണ്ടി അവതരിപ്പിക്കാന്‍ 'സ്റ്റൈല്‍ മന്നന്‍' തയ്യാറാകുമോ എന്നതാണ് കൗതുകകരമായ ചോദ്യം.
മുമ്പൊരു സിനിമയിലെ ഡയലോഗ് പോലെ 'ലേറ്റാ വന്താലും ലേറ്റസ്റ്റായി വരുവേന്‍' എന്നത് രജനീകാന്തിനു തെളിയിക്കാനുള്ള ഒരവസരം കൂടിയാണിത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments