Kesari WeeklyKesari

മുഖലേഖനം

ഗാന്ധിവധം:-- അന്വേഷണത്തെ ഭയപ്പെടുന്നതാര്? --ജി.കെ. സുരേഷ് ബാബു

on 26 January 2018
Kesari Article

ഗാന്ധിജി വെടിയേറ്റു മരിച്ചിട്ട് 70 വര്‍ഷം തികയുന്നു. ഈ എഴുപതാം വാര്‍ഷികത്തിലും ഗാന്ധിജിയുടെ വധവും അതിനു പിന്നിലെ ദുരൂഹതയും ഗൂഢാലോചനയും ഒക്കെത്തന്നെ ഇനിയും മറുപടി കിട്ടാത്ത ചോദ്യങ്ങളാണ്. ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച ഗാന്ധിജിയുടെ മരണത്തിനു പിന്നിലെ ദുരൂഹതയ്ക്ക് ഇനിയും സംശയാതീതമായ തെളിവുകള്‍ ശേഖരിക്കാനോ രാഷ്ട്രത്തിനു മുന്നില്‍ സമര്‍പ്പിക്കാനോ നാളിതുവരെ വന്ന ഭരണകൂടങ്ങള്‍ക്കും മാറിമാറി വന്ന അന്വേഷണ കമ്മീഷനുകള്‍ക്കും കഴിഞ്ഞിട്ടില്ല. അതേസമയം ഗാന്ധിജിയ്ക്ക് സുരക്ഷ ഒരുക്കുന്നതിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിലും നെഹ്‌റു ഭരണകൂടം പ്രകടിപ്പിച്ച അവധാനതയും നിസ്സംഗതയും സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യം വരെ അധികാരത്തിലേക്ക് എത്താനുള്ള ചവിട്ടുപടിയായി ഗാന്ധിജിയെ ഉപയോഗിച്ചശേഷം വലിച്ചെറിയുകയല്ലേ കോണ്‍ഗ്രസ് ചെയ്തത് എന്ന ആശങ്ക മറുപടി കിട്ടാതെ അവശേഷിക്കുന്നു. 
2018 ജനുവരി എട്ടിനാണ് ഗാന്ധിവധത്തില്‍ ഒരു പുനരന്വേഷണം ഇനി ആവശ്യമില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി മുതിര്‍ന്ന അഭിഭാഷകനായ അമരേന്ദ്ര ശരണ്‍ ബോധിപ്പിച്ചത്. ഗാന്ധിവധം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ അഭിനവ് ഭാരത് ട്രസ്റ്റ് ഭാരവാഹിയും ഗവേഷകനുമായ ഡോ. പങ്കജ് ഭഡ്‌നിസ് ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഗാന്ധിജിയ്ക്ക് മൂന്നു വെടിയുണ്ടയല്ല ഏറ്റതെന്നും നാലു വെടി ഏറ്റിരുന്നുവെന്നും തോക്കുമായി ബ്രിട്ടീഷ് ഏജന്റ് എന്ന് സംശയിക്കുന്ന ഒരാള്‍ സ്ഥലത്തുണ്ടായിരുന്നു എന്നുമാണ് ഹര്‍ജിക്കാരന്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചത്. കേസില്‍ സുപ്രീംകോടതിയെ സഹായിക്കാനാണ് 2017 ഒക്‌ടോബര്‍ ആറിന് മുതിര്‍ന്ന അഭിഭാഷകന്‍ അമരേന്ദ്ര ശരണിനെ നിയോഗിച്ചത്. അഭിഭാഷകരായ സഞ്ജിത് ഗുരു, സമര്‍ഥ് ഖന്ന എന്നിവരുടെ സഹായത്തോടെയാണ്  അദ്ദേഹം കേസിന്റെ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതിനായി വിചാരണക്കോടതിയിലെ നാലായിരം പേജ് വരുന്ന രേഖകളും ജെ.എല്‍. കപൂര്‍ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടും അമരേന്ദ്ര ശരണ്‍ പരിശോധിച്ചു. 
ഗാന്ധിജിയുടെ ദേഹത്തേക്ക് നാലാമതൊരു വെടികൂടി ഉതിര്‍ത്തിരുന്നു എന്നതിന് തെളിവൊന്നും കണ്ടെത്താന്‍ അമിക്കസ്‌ക്യൂറിക്ക് കഴിഞ്ഞില്ല. അന്വേഷണത്തിലോ കേസിന്റെ വിചാരണയിലോ ബ്രിട്ടീഷുകാരുടെ സ്വാധീനവും കണ്ടെത്താനായില്ലെന്ന് അദ്ദേഹം റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഗാന്ധിജിയുടെ വധത്തിനു പിന്നില്‍ ഗോഡ്‌സെ തന്നെയാണെന്നും പുനഃരന്വേഷണത്തിനുള്ള സാഹചര്യം നിലവിലില്ലെന്നും അമിക്കസ്‌ക്യൂറി വ്യക്തമാക്കി. മഹാത്മജിയുടെ ശരീരത്തില്‍ തുളച്ചുകയറിയ വെടിയുണ്ടകളും അത് ഉതിര്‍ത്ത തോക്കും അത് ഉപയോഗിച്ച ആളും കൊല്ലാന്‍ പ്രേരിപ്പിച്ച പ്രത്യയശാസ്ത്രവും എല്ലാം തെളിയിക്കപ്പെട്ടതാണ്. ഇത് സംബന്ധിച്ച് പുതിയൊരു അന്വേഷണം ആവശ്യമാണെന്ന് തോന്നിപ്പിക്കുന്ന എന്തെങ്കിലും തെളിവോ സംശയിപ്പിക്കുന്ന എന്തെങ്കിലും സൂചനയോ കണ്ടെത്താനുമായിട്ടില്ല- റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭഡ്‌നിസിന്റെ പരാതിയ്‌ക്കെതിരെ ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 70 വര്‍ഷം മുന്‍പ് നടന്ന ഒരു കേസ് വീണ്ടും അന്വേഷിക്കുന്നതില്‍ പരാതിക്കാരനുള്ള താല്പര്യം എന്താണെന്നായിരുന്നു തുഷാര്‍ ഗാന്ധിയുടെ സംശയം. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേസ് പുനഃരന്വേഷിക്കാനുള്ള സാംഗത്യം എന്താണെന്നും അദ്ദേഹം ചോദിച്ചു. ഇതേതുടര്‍ന്നാണ് മുഴുവന്‍ രേഖകളും പരിശോധിക്കാന്‍ സുപ്രീംകോടതി അമിക്കസ്‌ക്യൂറിയെ നിയോഗിച്ചത്. അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടോടെ ഗാന്ധിവധത്തിന്റെ പിന്നിലെ സത്യം കണ്ടെത്താനുള്ള അവസാനശ്രമത്തിനു കൂടി സാധ്യത അടയുകയാണ്.
ഭഡ്‌നിസ് സുപ്രീംകോടതിയില്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍ പലതും രാഷ്ട്രീയത്തിന്റെ കണ്ണടയില്ലാതെ ഗാന്ധിവധത്തിന്റെ പിന്നാമ്പുറങ്ങള്‍ അന്വേഷിക്കുന്ന ആരിലും ഉയരുന്ന സംശയങ്ങള്‍ തന്നെയാണ്. ഗാന്ധിവധത്തിന്റെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും അന്നത്തെ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രസ്താവനകളും വാക്കുകളും അതേപടി വിഴുങ്ങാന്‍ ചരിത്രരേഖകളും പിന്നീടുണ്ടായ അന്വേഷണത്തിലെ തെളിവുകളും അനുവദിക്കുന്നില്ല എന്നതാണ് വാസ്തവം. ഭാവിയിലെ രാഷ്ട്രീയ പ്രതിയോഗികളാകാന്‍ സാധ്യതയുള്ള ആര്‍.എസ്.എസ്സിന്റെ മുകളില്‍ ഗാന്ധിവധത്തിന്റെ പാപഭാരം കെട്ടിയേല്‍പ്പിച്ച് ആരെയോ രക്ഷപ്പെടുത്താനുള്ള തത്രപ്പാട് കേന്ദ്രസര്‍ക്കാരിനും ചില അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായിരുന്നില്ലേ എന്ന് സംശയിക്കാതിരിക്കാന്‍ ആകില്ല. നെഹ്‌റുവും സര്‍ദാര്‍ പട്ടേലും തമ്മിലുള്ള കത്തിടപാടുകള്‍, ഗാന്ധിജിയും ആര്‍.എസ്.എസ് നേതാക്കളുമായുള്ള കത്തിടപാടുകള്‍, ആര്‍.എസ്.എസ് ശാഖകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഗാന്ധിജി പ്രകടിപ്പിച്ച അഭിപ്രായം, ഇന്ത്യാ-പാക് വിഭജനം, വിഭജനത്തിന്റെ തുടര്‍ച്ചയായി നടന്ന വര്‍ഗ്ഗീയസംഘര്‍ഷം, പാകിസ്ഥാന് അനുകൂലമായി ഗാന്ധിജി നടത്തിയ ഉപവാസം, പ്രധാനമന്ത്രി നെഹ്‌റുവും സര്‍ദാര്‍ പട്ടേലും തമ്മിലും ഗാന്ധിജിയുമായും ഉണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍, ഗാന്ധിജിയോട് കോണ്‍ഗ്രസ് നേതാക്കള്‍ അനുവര്‍ത്തിച്ചിരുന്ന ബാധ്യതയാണെന്ന മനോഭാവം, നേരത്തെ അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടും വേണ്ടത്ര സുരക്ഷ ഏര്‍പ്പെടുത്താതെ പോലീസ് പ്രകടിപ്പിച്ച അലംഭാവം തുടങ്ങിയവയെല്ലാം തന്നെ അവശേഷിപ്പിക്കുന്ന സൂചനകള്‍ പ്രതിരോധത്തിലാഴ്ത്തുന്നത് അന്നത്തെ സര്‍ക്കാരിനെ തന്നെയാണ്. 
'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന ഗ്രന്ഥത്തില്‍ ലാരി കോളിന്‍സും ഡൊമിനിക് ലാപിയറും കോണ്‍ഗ്രസ് നേതാക്കള്‍ ഗാന്ധിജിയോട് അനുവര്‍ത്തിച്ചിരുന്ന സമീപനം വ്യക്തമാക്കുന്നുണ്ട്. 'തീണ്ടല്‍ വ്യവസ്ഥിതിയോടുള്ള തന്റെ എതിര്‍പ്പ് പ്രദര്‍ശിപ്പിക്കുന്നതിന് ഒരു സവര്‍ണ്ണ ഹിന്ദുവിന് ചെയ്യാവുന്ന ഏറ്റവും ഹീനമായ കര്‍മ്മം പരസ്യമായി ചെയ്യുന്നതിനുള്ള നിര്‍ബ്ബന്ധബുദ്ധി പോലും അദ്ദേഹം പ്രകടമാക്കി. ഒരു അയിത്തജാതിക്കാരന്റെ കക്കൂസ് അദ്ദേഹം വൃത്തിയാക്കി.... നിരാഹാരവ്രതം അനുഷ്ഠിച്ചുകൊണ്ട് ഗാന്ധി അവര്‍ക്കുവേണ്ടി മരിക്കാന്‍ പോലും ഒരുങ്ങി. തീവണ്ടിയാത്ര ചെയ്യാനൊരുങ്ങുമ്പോള്‍ അവര്‍ സഞ്ചരിച്ചിരുന്ന മൂന്നാംക്ലാസ്സ് മുറികളില്‍ തന്നെ ഇന്ത്യയിലുടനീളം അവരെപ്പോലെ താനും സഞ്ചരിച്ചുകൊണ്ടും അവരുടെ ചേരികളില്‍ പോയി താമസിച്ചുകൊണ്ടും തങ്ങളുടെ യാതനയെപ്പറ്റി അവരില്‍ ബോധം വളര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു ഗാന്ധി - അദ്ദേഹത്തിന്റെ ശ്രമം കോണ്‍ഗ്രസ്സിലെ സഹപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുകളും വരുത്തിവെയ്ക്കാതിരുന്നില്ല. മൗണ്ട് ബാറ്റണ്‍ പ്രഭു ഡല്‍ഹിയിലെത്തി അധികം കഴിയുന്നതിനു മുന്‍പ് ഗാന്ധിജിയുടെ ഏറ്റവുമടുത്ത സഹപ്രവര്‍ത്തകരില്‍ ഒരാളായ കവയിത്രി സരോജിനി നായിഡുവിനോട് ഗാന്ധി സ്വയം തിരഞ്ഞെടുത്ത ദാരിദ്ര്യത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും അദ്ദേഹത്തെ ശരിക്കും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയുമോ എന്ന് ചോദിക്കുകയുണ്ടായി. അവര്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി, ''അനുയോജ്യമാം വിധം തിരക്കുള്ള ഒരു മൂന്നാംക്ലാസ് മുറി അന്വേഷിച്ച് കല്‍ക്കട്ടയിലെ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോറത്തില്‍ ഗാന്ധി നടക്കുമ്പോള്‍ അദ്ദേഹം ഒറ്റയ്ക്കാണെന്നാവും അദ്ദേഹവും താങ്കളും കരുതുന്നത്. അല്ലെങ്കില്‍ അയിത്തജാതിക്കാരുടെ കേളനിയിലെ തന്റെ കുടിലില്‍ ഗാന്ധി കഴിയുമ്പോള്‍ അദ്ദേഹം അരക്ഷിതനാണെന്ന് നിങ്ങള്‍ രണ്ടുപേരും കരുതുന്നുണ്ടാവാം. അദ്ദേഹത്തോടൊപ്പം ആ തീവണ്ടിമുറിയിലേക്ക് തള്ളിക്കയറുന്നവരുടെ കൂട്ടത്തില്‍ അയിത്തജാതിക്കാരെ പോലെ വേഷം കെട്ടിയ ഒരു ഡസനോളം ഞങ്ങളുടെ ആള്‍ക്കാര്‍ ഉണ്ടാവാറുണ്ടെന്ന കാര്യം അദ്ദേഹം അറിയാറില്ല. ഡല്‍ഹിയിലെ ഭാംഗി കോളനിയിലേക്ക് അദ്ദേഹം താമസം മാറിയപ്പോള്‍ ഹരിജനങ്ങളെപ്പോലെ ശ്രദ്ധാപൂര്‍വ്വം വസ്ത്രധാരണം ചെയ്ത ഒരുസംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അതിനു ചുറ്റുമുള്ള കുടിലുകളില്‍ പാര്‍ക്കാന്‍ അയച്ചിരുന്നുവെന്ന് അവര്‍ വിശദീകരിച്ചു. പ്രിയപ്പെട്ട ലൂയി പ്രഭു, സരോജിനി നായിഡു ഉപസംഹരിച്ചു. 'ആ വൃദ്ധനെ ദാരിദ്ര്യത്തില്‍ നിലനിര്‍ത്തുന്നതിനുവേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എത്ര പണം ചെലവാക്കേണ്ടി വരുന്നുണ്ടെന്ന് താങ്കള്‍ക്ക് ഒരിക്കലും മനസ്സിലാകില്ല'.'' ഈ വാക്കുകളില്‍ നിന്നുതന്നെ ഗാന്ധിജിയോടുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സമീപനവും ആഴത്തിലൂന്നിയ വെറുപ്പും വ്യക്തമാണ്. 
ഗാന്ധിജിയുടെ വധത്തില്‍ ഇനിയും പുറത്തുവരാത്ത കാര്യങ്ങള്‍ വേറെയും ഏറെയില്ലേ? അടുത്തിടെ കേന്ദ്ര ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ആക്ടിവിസ്റ്റായ ഹരീന്ദര്‍ ധീന്‍ഗ്രയുടെ പരാതിയില്‍ ഇതിനെക്കുറിച്ച് പ്രസക്തമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഗാന്ധിവധത്തില്‍ പ്രതികളായിരുന്ന ഗംഗാധര്‍ ദണ്ഡേവാതേ, ഗംഗാധര്‍ യാദവ്, സൂര്യദേവ് ശര്‍മ്മ എന്നിവരെ പിടികിട്ടിയിരുന്നില്ല. ഇവരെ പിന്നീട് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 69 വര്‍ഷത്തിനിടയില്‍ എപ്പോഴെങ്കിലും എവിടെയെങ്കിലും ഇവരെ കാണുകയോ പിടികിട്ടുകയോ ചെയ്‌തോ? 60 വര്‍ഷം ഇന്ത്യ ഭരിച്ച ഗാന്ധിജിയുടെ പാര്‍ട്ടിക്കാരായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ ചോദ്യത്തിന് ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താന്‍ എന്തു നടപടികള്‍ സ്വീകരിച്ചു, എന്ത് അന്വേഷണമാണ് നടത്തിയത്, ആരാണ് അന്വേഷിച്ചത്, അന്വേഷണഫലം എന്തായിരുന്നു എന്നിവയൊക്കെ ഈ രാജ്യത്തെ ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത പിന്നീട് ഭരിച്ച ഭരണകൂടങ്ങള്‍ക്ക് ഉണ്ടായിരുന്നില്ലേ? ഇന്ത്യയിലെ നടപ്പുനിയമം അനുസരിച്ച് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്നവരെ പിന്നീട് അറസ്റ്റുചെയ്താല്‍ അവര്‍ക്കുവേണ്ടി മാത്രമായി വിചാരണയുടെ നടപടിക്രമങ്ങള്‍ വീണ്ടും ആരംഭിക്കുകയും ശിക്ഷ വിധിക്കുകയുമാണ് പതിവ്. മഹാത്മാഗാന്ധി വധക്കേസില്‍ എന്തുകൊണ്ട് നീതിയുടെയും നിയമത്തിന്റെയും നടപടിക്രമങ്ങള്‍ തെറ്റിച്ചു. പിടികിട്ടാപ്പുള്ളികളായ പ്രതികള്‍ എവിടെയാണ് അപ്രത്യക്ഷരായത്. ഇവരുടെ വിശദാംശങ്ങള്‍ ഇന്നും ദുരൂഹമാണ്. 
മഹാത്മാഗാന്ധിയെ വധിക്കാനുപയോഗിച്ച വിദേശനിര്‍മ്മിത തോക്ക് എങ്ങനെയാണ് ഇന്ത്യയിലെത്തിയത്? ആരാണ് കൊണ്ടുവന്നത്? ഇതിന്റെ പിന്നില്‍ ആരൊക്കെയാണ്? ബെരേറ്റ എം എന്ന 1934 ല്‍ നിര്‍മ്മിച്ച സെമി ഓട്ടോമാറ്റിക് പിസ്റ്റളാണ് ഗാന്ധിജിയെ വധിക്കാന്‍ ഉപയോഗിച്ചത്. ഇക്കാര്യത്തിലും 70 വര്‍ഷത്തിനുശേഷവും  ഒരു വ്യക്തതയും ഉണ്ടായിട്ടില്ല. ഗാന്ധിവധത്തിന്റെ രേഖകളും തെളിവുകളും സാക്ഷിമൊഴികളില്‍ ഏറെയും ഇന്നും രഹസ്യരേഖകളാണ്. ഇത് പുറത്തുവിടാനുള്ള നടപടികള്‍ ഇനിയുമായിട്ടില്ല. നരേന്ദ്രമോദി അധികാരത്തിലെത്തിയതിനുശേഷം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ച രഹസ്യരേഖകള്‍ പുറത്തുവിട്ടിരുന്നു. സുഭാഷ്ചന്ദ്രബോസിനോടുള്ള നെഹ്‌റുവിന്റെയും ഭാരതസര്‍ക്കാരിന്റെയും സമീപനവും കാഴ്ചപ്പാടും വ്യക്തമാക്കുന്ന സ്‌ഫോടനാത്മകമായ വിവരങ്ങളാണ് പുറത്തുവന്നത്. 
മഹാത്മാഗാന്ധിയുടെ വധം തടയാനും അദ്ദേഹത്തെ രക്ഷിക്കാനും സി.ഐ.എയുടെ പൂര്‍വ്വരൂപമായ ഓഫീസ് ഓഫ് സ്ട്രാറ്റജിക് സര്‍വ്വീസസ് (ഒ.എസ്.എസ്) ശ്രമിച്ചിരുന്നതായി ഭഡ്‌നിസ് തന്റെ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഗാന്ധിജി വധിക്കപ്പെട്ട 1948 ജനുവരി 30 ന് ഡല്‍ഹിയിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയത്തില്‍ നിന്ന് വാഷിംഗ്ടണിലേക്ക് അയച്ച കമ്പി സന്ദേശങ്ങള്‍ ഇന്നും രഹസ്യരേഖയാണ്. ഈ രഹസ്യരേഖകളിലെ വിശദാംശങ്ങള്‍ പുറത്തുവന്നാലേ ഗാന്ധിജിയുടെ വധത്തിലെ വിദേശബന്ധം പുറത്തുവരൂ എന്ന് ഭഡ്‌നിസ് ചൂണ്ടിക്കാട്ടിയിരുന്നു. ഗാന്ധിജിയുടെ വധത്തിനുശേഷം നടന്ന പല അന്വേഷണങ്ങളും രഹസ്യങ്ങള്‍ മൂടിവെയ്ക്കാനോ വെടിവെച്ച ഗോഡ്‌സെ ഒഴികെ പിന്നിലുള്ളവരെ കണ്ടെത്തുന്നതിലേക്ക് വെളിച്ചം വീശുന്നതോ ആയിരുന്നില്ല. 
ഗാന്ധിജിയുടെ വധത്തിനുശേഷം അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് നെഹ്‌റുവും കോണ്‍ഗ്രസ് സര്‍ക്കാരും ശ്രമിച്ചത്. ഗാന്ധിജിയുടെ വധവുമായി എന്തെങ്കിലും ബന്ധം ഉണ്ടെന്ന് തെളിയിക്കപ്പെടും മുന്‍പുതന്നെ ആര്‍.എസ്.എസ്സിനെ നിരോധിക്കാനായിരുന്നു നെഹ്‌റുവിന്റെ ശ്രമം. ജനുവരി 30 ന് ഗാന്ധിജി വധിക്കപ്പെട്ടു. അന്വേഷണം പുരോഗതിയില്‍ എത്തുന്നതിനു മുന്‍പുതന്നെ ഫെബ്രുവരി നാലിന് ആര്‍.എസ്.എസ്സിനെ നിരോധിച്ചു. അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ഇതൊരു കൂട്ടായെടുത്ത തീരുമാനമാണെന്ന് പറഞ്ഞെങ്കിലും യാതൊരു തെളിവുമില്ലാതെ ആര്‍.എസ്.എസ്സിനെ നിരോധിക്കുന്നത് ശരിയല്ലെന്ന് നെഹ്‌റുവിന് എഴുതിയ കത്തിലും ഇതു സംബന്ധിച്ച പുറത്തുവന്ന രേഖകളിലും വ്യക്തമാണ്. നൂറുകണക്കിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റു ചെയ്യപ്പെട്ടു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സ്വാതന്ത്ര്യസമരകാലത്തുപോലും ഉണ്ടാകാത്ത വേട്ടയാടലും പീഡനവുമാണ് അരങ്ങേറിയത്. കേന്ദ്രസര്‍ക്കാരിന്റെയും ഇന്റലിജന്‍സ് ബ്യൂറോയുടെയും രഹസ്യ ഫയലുകള്‍ (നമ്പര്‍: എഫ്-74(1)-പി/48, നമ്പര്‍: 68-പി/48-എ) തുടങ്ങിയവ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ എങ്ങനെയാണ് നിരീക്ഷിച്ചിരുന്നതെന്നും വ്യക്തമാക്കുന്നതാണ്. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രകടനം റോഡില്‍ കാണാന്‍ നില്‍ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെപ്പോലും സസ്‌പെന്‍ഡ് ചെയ്യാനും അറസ്റ്റ് ചെയ്യാനും അന്നത്തെ ആഭ്യന്തര സെക്രട്ടറി എച്ച്.വി. അയ്യങ്കാര്‍ ഉത്തരവിട്ടിരുന്നു. ആര്‍.എസ്.എസ്സിന് ഗാന്ധിവധവുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ഗത്യന്തരവുമില്ലാതെയാണ് അവസാനം സര്‍ക്കാര്‍ നിരോധനം പിന്‍വലിച്ചത്. 
അതേസമയം ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനത്തെ ഗാന്ധിജി അഭിനന്ദിച്ചിട്ടുമുണ്ട്. വാര്‍ധയിലെ ആര്‍.എസ്.എസ് ശിബിരം സന്ദര്‍ശിച്ച ഗാന്ധിജി തീണ്ടലോ തൊടീലോ ഉച്ചനീചത്വങ്ങളോ ഇല്ലാതെ ആര്‍.എസ്.എസ് സ്വയംസേവകര്‍ ഒന്നിച്ച് അണിനിരന്നിരിക്കുന്ന കാഴ്ചയില്‍ ഏറെ സന്തുഷ്ടനായത്രെ. 1936 ല്‍ ഡല്‍ഹിയിലെ ആദ്യ ആര്‍.എസ്.എസ് ശാഖയിലും ഗാന്ധിജി സന്ദര്‍ശനം നടത്തുകയുണ്ടായി. അന്നും സംഘത്തിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചാണ് ഗാന്ധിജി മടങ്ങിയത്. 1947 സെപ്റ്റംബര്‍ 16 ന് ദല്‍ഹിയിലും ഗാന്ധിജി സംഘ സ്വയംസേവകരോട് സംവദിച്ചു. ഈ തരത്തില്‍ ആര്‍.എസ്.എസ്സുമായി നല്ല ബന്ധത്തിലായിരുന്ന ഗാന്ധിജിയുടെ വധം ആര്‍.എസ്.എസ്സിന്റെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമം തികച്ചും രാഷ്ട്രീയമായിരുന്നു. ഗാന്ധിജിയെ വധിക്കുമ്പോള്‍ ഹിന്ദുമഹാസഭാ പ്രവര്‍ത്തകനായിരുന്ന നാഥുറാം ഗോഡ്‌സെയുടെ രാഷ്ട്രീയ ബന്ധങ്ങളും പിന്നീട് പുറത്തുവന്നിട്ടുണ്ട്. ഗോഡ്‌സെ ആദ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. പിന്നീടാണ് ആര്‍.എസ്.എസ്സുകാരനായത്. ആര്‍.എസ്.എസ് വേഗതയില്ലാത്ത, പതുക്കെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എന്നുപറഞ്ഞാണ് അയാള്‍ ആര്‍.എസ്.എസ് വിട്ട് ഹിന്ദുമഹാസഭയിലെത്തിയത് (ഔട്ട്‌ലുക്ക്, ജനുവരി 1998). 1934 ല്‍ ആര്‍.എസ്.എസ് വിട്ട ഗോഡ്‌സെ ഹിന്ദുമഹാസഭയിലെത്തിയതും പിന്നീട് ഗാന്ധിജിയെ വധിച്ചതും ഗോഡ്‌സെ ആര്‍.എസ്.എസ്സുകാരനാണെന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ്സുകാരനുമായിരുന്നില്ലേ എന്ന മറുചോദ്യം അവശേഷിക്കുകയാണ്. നെഹ്‌റുവിനുശേഷം ഇന്ദിരാഗാന്ധിയുടെ കാലത്തും കപൂര്‍ കമ്മീഷന്‍ അതുവരെ ലഭ്യമായ എല്ലാ തെളിവുകളും വച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ആര്‍.എസ്.എസ്സുമായി ബന്ധിപ്പിക്കാന്‍ കിട്ടിയില്ല. എന്നിട്ടും ഗാന്ധിവധത്തിനു പിന്നില്‍ ആര്‍.എസ്.എസ്സാണ് എന്ന് പ്രചരിപ്പിക്കുകയും അതിന്റെ പേരില്‍ ദേശീയ ശക്തികള്‍ക്കെതിരെ നിഷ്ഠൂരമായ പ്രചാരണം നടത്താന്‍ ശ്രമിക്കുകയുമാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചത്. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ന്യൂനപക്ഷ പ്രീണന ത്വര ഗാന്ധിജിയിലും പ്രകടമായിരുന്നു. പ്രാര്‍ത്ഥനായോഗം നടത്തിയിരുന്ന ക്ഷേത്രങ്ങളില്‍ പോലും ഖുര്‍ആന്‍ വായിക്കാന്‍ ഗാന്ധിജി മടിച്ചിരുന്നില്ല. ഭക്തരുടെ എതിര്‍പ്പിനെയും വിമര്‍ശനത്തെയും തൃണവല്‍ഗണിച്ചുകൊണ്ട് ഗാന്ധിജി അദ്ദേഹത്തിന്റെ വഴിയില്‍ തന്നെ നീങ്ങി. അതേസമയം മുസ്ലീം പള്ളികളില്‍ പ്രാര്‍ത്ഥനാ യോഗങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ പതിവുപോലെ ഭഗവത്ഗീത വായിക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ അദ്ദേഹത്തിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. ഹിന്ദുക്കളോടുള്ള എന്തുമാകാമെന്ന ഈ മനോഭാവം അക്രമത്തിനിരയായ, മാനഭംഗത്തിന് വിധേയരായ, എല്ലാം നഷ്ടപ്പെട്ട് പാകിസ്ഥാനില്‍നിന്നും വര്‍ഗ്ഗീയ കലാപ പ്രദേശങ്ങളില്‍നിന്നും മടങ്ങിയെത്തിയ ഹിന്ദുക്കളില്‍ രൂഢമൂലമായിരുന്നു. ഇക്കാര്യം നാഥുറാം ഗോഡ്‌സെ തന്നെ തന്റെ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട് (ഞാനെന്തിന് ഗാന്ധിയെ വധിച്ചു). 
സ്വാതന്ത്ര്യത്തിന് മുന്‍പുതന്നെ ഗാന്ധിജിയ്ക്ക് എതിരായ ഈയൊരു നീക്കം പ്രകടമായിരുന്നു. ഭാരതം സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുമ്പോള്‍ ഗാന്ധിജി കല്‍ക്കത്തയിലെയും നൗഖാലിയിലെയും ചോരപുരണ്ട തെരുവുകളില്‍ സമാധാനത്തിനുവേണ്ടി അവിശ്രമം രാപകലില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു. 1947 ആഗസ്റ്റ് 13 ന് നടത്തിയ കല്‍ക്കത്താ സന്ദര്‍ശനത്തെക്കുറിച്ച് ലാരി കോളിന്‍സും ലാപിയറും വിശദീകരിച്ചിട്ടുണ്ട്. 'ആരുടെ ഇടയിലാണോ അദ്ദേഹത്തിന് പ്രവര്‍ത്തിക്കേണ്ടത്, അവര്‍ മുണ്ടും മുറിക്കുപ്പായങ്ങളും ധരിച്ച് ഉത്കണ്ഠാകുലരായി കൂട്ടംകൂടി അദ്ദേഹത്തെ കാത്തുനില്‍ക്കുകയായിരുന്നു. പ്രത്യക്ഷസമരത്തില്‍ അക്രമാസക്തരായ മുസ്ലീങ്ങള്‍ മാനഭംഗം ചെയ്ത സ്ത്രീകളുടെ, അനേകം ഭര്‍ത്താക്കന്മാരും പിതാക്കന്മാരും വധിക്കപ്പെട്ടവരുടെ ഒട്ടേറെ ബന്ധുക്കളും ഉള്‍പ്പെടുന്ന ഹിന്ദുക്കളായിരുന്നു അവര്‍. കാര്‍ അടുത്തുവന്നപ്പോള്‍ അവര്‍ ഗാന്ധിയുടെ പേര്‍ വിളിച്ചുപറയാന്‍ തുടങ്ങി. മുപ്പതാണ്ടുകള്‍ക്കിടയില്‍ ആദ്യമായി ഗാന്ധിയുടെ പേരില്‍ ആഹ്ലാദം പ്രകടിപ്പിക്കാതെ അതിനെ ശപിക്കുകയായിരുന്നു അവര്‍. കോപവും വെറുപ്പും കലര്‍ന്ന വികൃതമായ മുഖങ്ങളോടെ അവര്‍ വിളിച്ചുപറഞ്ഞു, ''പോയി നൗഖാലിയിലെ ഹിന്ദുക്കളെ രക്ഷിക്കുക, മുസ്ലീങ്ങളെയല്ല ഹിന്ദുക്കളെ രക്ഷിക്കുക, ഹിന്ദുക്കളുടെ വഞ്ചകന്‍''. ഗാന്ധിയുടെ കാര്‍ നിന്നപ്പോള്‍ വിശുദ്ധനെന്ന് ലോകരില്‍ പകുതിയും വിശ്വസിച്ചിരുന്ന അദ്ദേഹത്തെ അവര്‍ സ്വാഗതം ചെയ്തു. അവര്‍ ആ കാറിനു നേര്‍ക്ക് കല്ലും കുപ്പികളും വര്‍ഷിച്ചു' (സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, പുറം-255). ഇത്തരം പ്രതിഷേധങ്ങള്‍ പിന്നീടും പലയിടത്തും ആവര്‍ത്തിച്ചു. 
ഗാന്ധിജിയുടെ അവസാനത്തെ ഉപവാസം 1948 ജനുവരി 13 മുതല്‍ 18 വരെയായിരുന്നു. വിഭജനസമയത്ത് ഇന്ത്യ പാകിസ്ഥാന് നല്‍കാമെന്ന് പറഞ്ഞിരുന്ന 55 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഗാന്ധിജി ഉപവാസം ആരംഭിച്ചത്. പാക്കിസ്ഥാന്‍ വിഭജനവേളയിലെ കരാര്‍ ലംഘിച്ച് കാശ്മീരില്‍ അധിനിവേശം നടത്തിയതുകൊണ്ടാണ് സര്‍ദാര്‍ പട്ടേലിന്റെയും നെഹ്‌റുവിന്റെയും തീരുമാനമനുസരിച്ച് ഈ പണം കൊടുക്കുന്നത് നിര്‍ത്തിവെച്ചത്. ഗാന്ധിജിയുടെ ഉപവാസത്തെ തുടര്‍ന്ന് ഭാരതസര്‍ക്കാര്‍ പണം കൊടുക്കാന്‍ തീരുമാനിച്ചു. പക്ഷേ, സാധാരണജനങ്ങള്‍ക്കിടയില്‍ ഗാന്ധിജിയുടെ ഉപവാസത്തിനെതിരെ വന്‍ വികാരപ്രകടനമാണ് ഉണ്ടായത്. 'ഗാന്ധി മരിച്ചോട്ടെ' എന്ന മുദ്രാവാക്യവുമായി ബിര്‍ള ഹൗസിനു മുന്നില്‍ നടന്നിരുന്ന പ്രകടനങ്ങള്‍ അന്നത്തെ സാധാരണക്കാരുടെ വികാരം വെളിപ്പെടുത്തുന്നതായിരുന്നു (സ്വാതന്ത്ര്യം അര്‍ദ്ധരാത്രില്‍, പുറം-411). 
ലോകം മുഴുവന്‍ സര്‍വ്വാദരണീയനായി കണ്ടിരുന്ന ഗാന്ധിജിയ്‌ക്കെതിരെ, അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയ്‌ക്കെതിരെ ഒരു നിശ്ശബ്ദ പരിവര്‍ത്തനം ഇന്ത്യ മുഴുവന്‍ ഉരുത്തിരിയുകയായിരുന്നു. അതിലെ തീവ്രവാദി വിഭാഗം തന്നെയായിരുന്നു ഹിന്ദുമഹാസഭ. ഗാന്ധിജി വധിക്കപ്പെടുമ്പോള്‍ ഹിന്ദുമഹാസഭയുടെ നേതാവ് അല്ലെങ്കില്‍ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയായിരുന്നു. പിന്നീട് സി.പി.എം നേതാവും എം.പിയുമായി മാറിയ അദ്ദേഹത്തിന്റെ മകനായിരുന്നു മുന്‍ ലോക്‌സഭാ സ്പീക്കറും നിരവധി തവണ സി.പി.എം. എം.പിയുമായ സോമനാഥ ചാറ്റര്‍ജി. ഗാന്ധിവധത്തിന്റെ സമയത്ത് ഹിന്ദുമഹാസഭ പ്രസിഡണ്ടായിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി ഏതാനും മാസങ്ങള്‍ക്കകം ഹൈക്കോടതി ജഡ്ജിയും പിന്നീട് ലോക്‌സഭാംഗവും ഒക്കെയായി മാറുന്നത് ഭാരതം കണ്ടിരുന്നു. പാര്‍ലമെന്റിലേക്ക് നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി കടന്നുവരുമ്പോള്‍ ഗാന്ധിവധത്തിന്റെ ഉത്തരവാദിത്വവും പങ്കാളിത്തവും പറഞ്ഞ് അദ്ദേഹത്തിനെതിരെ പ്രതികരിക്കാന്‍ ഒരു കോണ്‍ഗ്രസ്സുകാരനും ഉണ്ടായിരുന്നില്ല. ഇവിടെയാണ് കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പ് പ്രകടമാകുന്നത്. 
1948 ജനുവരി 30 ന് ഗാന്ധിജി വധിക്കപ്പെടുമ്പോള്‍ അത് അദ്ദേഹത്തിനെതിരായി നാലാമത്തെ അക്രമസംഭവമായിരുന്നു. നേരത്തെയുണ്ടായ അക്രമസംഭവങ്ങളില്‍ പോലീസും സര്‍ക്കാരും ഗാന്ധിജിയ്ക്ക് സുരക്ഷയൊരുക്കിയിരുന്ന കോണ്‍ഗ്രസ് സംഘടനയും എന്ത് നടപടി സ്വീകരിച്ചു എന്നതുകൂടി പരിശോധിക്കുമ്പോഴാണ് എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നു എന്ന് 70 വര്‍ഷം കഴിയുമ്പോഴും ബോദ്ധ്യപ്പെടുന്നത്. 1934 ജൂണ്‍ 25 ന് പൂനയില്‍ വച്ചായിരുന്നു ഗാന്ധിജിയ്‌ക്കെതിരെ ആദ്യ അക്രമം നടന്നത്. ഗാന്ധിജിയും സംഘവും രണ്ടു കാറുകളിലാണ് സഞ്ചരിച്ചിരുന്നത്. ഗാന്ധിജി സഞ്ചരിച്ചിരുന്ന കാര്‍ റെയില്‍വേ ക്രോസില്‍ കുടുങ്ങിയതു കാരണം വൈകിപ്പോയി. ആദ്യമെത്തിയ കാറിനു നേരെ ബോംബാക്രമണമുണ്ടായി. രണ്ടു പോലീസുകാരടക്കം ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. പക്ഷേ, കേസില്‍ പ്രതികളെ പിടിക്കുകയോ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം നടക്കുകയോ ഉണ്ടായില്ല. 1944 സെപ്റ്റംബറിലായിരുന്നു രണ്ടാമത്തെ സംഭവം. അന്ന് കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗാന്ധിവധത്തിന് പത്തുദിവസം മുന്‍പ് ജനുവരി 20 നായിരുന്നു മൂന്നാമത്തെ സംഭവം. മദന്‍ലാല്‍ പഹ്വയുടെ നേതൃത്വത്തില്‍ ബോംബാക്രമണമാണ് നടന്നത്. പഹ്വയെ അറസ്റ്റ് ചെയ്‌തെങ്കിലും ഗൂഢാലോചന സംബന്ധിച്ചോ ബന്ധപ്പെട്ട മറ്റുള്ളവരെ കുറിച്ചോ കാര്യമായ അന്വേഷണം ഉണ്ടായില്ല. അങ്ങനെയൊരു അന്വേഷണം ഉണ്ടായെങ്കില്‍ ഗാന്ധിജി വധിക്കപ്പെടില്ലായിരുന്നു എന്ന് വധക്കേസ് പരിഗണിച്ച ജഡ്ജി ആത്മ ചരണ്‍ തന്നെ പറഞ്ഞിട്ടുണ്ട്. 
ഈ പിഴവുകള്‍ക്കു പിന്നില്‍ ആരാണ്? ഗാന്ധിവധത്തിനു പിന്നില്‍ എല്ലാ അന്വേഷണത്തിലും പരിശുദ്ധി തെളിയിച്ച ആര്‍.എസ്.എസ്സിനെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് നടന്നത്. പുതിയ രേഖകളും തെളിവുകളും പുറത്തുവരുമ്പോള്‍ അന്വേഷണത്തെ ഭയപ്പെടുന്നത് തെളിവുകള്‍ മൂടിവെയ്ക്കാന്‍ ആഗ്രഹിക്കുന്ന ആരോ ചിലരാണ്. അന്വേഷണം നടക്കട്ടെ. തെളിവുകള്‍ പുറത്തുവരട്ടെ. എത്രകാലം മൂടിവെച്ചാലും സത്യം എന്നായാലും പുറത്തുവരും.

ഗന്ധിവധത്തിന്റെ ഗുണഭോക്താക്കള്‍-മുരളി പാറപ്പുറം
മഹാത്മാ ഗാന്ധിയുടെ ആശയാദര്‍ശങ്ങളില്‍ വിശ്വാസമൊന്നുമില്ലാതിരിക്കുമ്പോഴും ഗാന്ധി എന്ന പേരും ഗാന്ധിയന്‍ പൈതൃകവും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നതിന് യാതൊരു മടിയുമില്ലാത്തവരാണ് ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും. ഗാന്ധിവധവും അവര്‍ ഇതിന് ആയുധമാക്കുന്നു. ആര്‍എസ്എസിനെയും സംഘപരിവാറിനെയും നേരിടുന്നതിനുവേണ്ടി അസത്യപ്രചാരണമാണ് ഇക്കാര്യത്തില്‍ ഇരുപാര്‍ട്ടികളും വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ ഗാന്ധി ഭക്തരാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കുറുക്കുവഴിയെന്ന നിലയ്ക്കാണ് ഇക്കൂട്ടര്‍ ഗാന്ധി വധത്തെ കാണുന്നത്.
ഗാന്ധിവധത്തിനുപിന്നില്‍ ആര്‍എസ്എസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 2017 ഏപ്രില്‍ 25 ന് നിയമസഭയില്‍ നടത്തിയ പ്രസ്താവന ഇതിനുദാഹരണമാണ്. തികച്ചും അടിസ്ഥാനരഹിതമായാണ് പിണറായി ദുരുപദിഷ്ടമായ ഈ പ്രസ്താവന നടത്തിയതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ നിന്ന് വ്യക്തമായി. ആര്‍എസ്എസാണ് ഗാന്ധിവധത്തിനു പിന്നിലെന്ന് തെളിയിക്കുന്ന രേഖകളൊന്നും ലഭ്യമല്ലെന്നും, കൈവശമില്ലാത്ത രേഖകള്‍ നല്‍കാനാവില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയത്.
നിയമസഭയില്‍ അംഗങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയുണ്ട്. അസത്യം പറഞ്ഞാലും കേസെടുക്കാനാവില്ല. ഈ പഴുതുപയോഗിച്ചാണ് പിണറായി അസത്യപ്രസ്താവന നടത്തിയത്. മുന്‍പ് പല ഘട്ടങ്ങളിലും ഗാന്ധിവധവുമായി ബന്ധപ്പെടുത്തി ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് പലര്‍ക്കും മാപ്പ് പറയേണ്ടിവന്നിട്ടുണ്ട്. 
പില്‍ക്കാലത്ത് പാര്‍ട്ടി വിട്ട് ആര്‍എസ്എസ് പക്ഷത്തേക്കു വന്ന വി.ടി. ഇന്ദുചൂഡന്‍ സിപിഎം മുഖപത്രമായ 'ദേശാഭിമാനി'യുടെ പത്രാധിപരായിരിക്കെ പ്രസിദ്ധീകരിച്ച കലണ്ടറില്‍ ജനുവരി 30 ഗാന്ധിയെ ആര്‍എസ്എസുകാര്‍ വധിച്ച ദിവസം എന്ന് രേഖപ്പെടുത്തിയതിനെതിരെ പത്രത്തിന് നിരുപാധികം മാപ്പ് പറയേണ്ടിവന്നു. കടുത്ത സംഘപരിവാര്‍ വിരുദ്ധനായ പ്രമുഖ പത്രപ്രവര്‍ത്തകന്‍ എ.ജി. നൂറാനിക്കും ഇങ്ങനെ ചെയ്യേണ്ടിവന്നിട്ടുണ്ട്. ഗാന്ധിവധവും ആര്‍എസ്എസുമായി ബന്ധപ്പെടുത്തി പ്രസംഗിച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപകീര്‍ത്തി കേസ് നേരിടുകയാണ്. കോടതിയില്‍ ഉരുണ്ടുകളിച്ച രാഹുലിനോട്, മാപ്പുപറഞ്ഞ് കേസില്‍നിന്ന് ഒഴിവായിക്കൂടേയെന്ന് ഒരുഘട്ടത്തില്‍ കോടതിതന്നെ ചോദിച്ചതാണ്.
നെഹ്‌റുവിന്റെ വഞ്ചനകള്‍
ഗാന്ധിജി കൊലചെയ്യപ്പെട്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കോണ്‍ഗ്രസിനും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സര്‍ക്കാരിനും ഒരുതരത്തിലും ഒഴിഞ്ഞുമാറാനാവില്ല. പ്രധാനമന്ത്രിയായ നെഹ്‌റു ഒരര്‍ത്ഥത്തിലും ഗാന്ധിയനായിരുന്നില്ല. മഹാത്മാ ഗാന്ധിയുടെ ഉപദേശങ്ങളെക്കാള്‍ മൗണ്ട് ബാറ്റന്റെ വാക്കുകള്‍ക്കാണ് നെഹ്‌റു വിലകല്‍പ്പിച്ചത്. ഉടുപ്പിലും നടപ്പിലും ഗാന്ധി വിരുദ്ധനായിരുന്ന നെഹ്‌റുവിന്റെ കോണ്‍ഗ്രസും ഇക്കാര്യത്തില്‍ വ്യത്യസ്തമായിരുന്നില്ല. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പതിറ്റാണ്ടുകളോളം ഭരിക്കാന്‍ അവസരം ലഭിച്ചിട്ടും ഗാന്ധിജിയുടെ പൈതൃകം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് യാതൊന്നും ചെയ്തില്ല. ഇത് മറച്ചുപിടിക്കാനാണ് ഇടയ്ക്കിടെ ഗാന്ധിവധത്തിന്റെ പേരില്‍ ആര്‍എസ്എസിനെ വിമര്‍ശിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ഒരു അനുഷ്ഠാനമെന്നപോലെ പല കോണ്‍ഗ്രസ് നേതാക്കളും ഇത് ചെയ്യുന്നത് ശുദ്ധകാപട്യമാണ്.
ഗാന്ധിജിയുടെ കാഴ്ചപ്പാട് പിന്‍പറ്റാനോ ഗാന്ധിയന്‍ തത്വങ്ങള്‍ വിദ്യാഭ്യാസ,സാമൂഹ്യ, സാമ്പത്തിക രംഗങ്ങളില്‍ പ്രാവര്‍ത്തികമാക്കാനോ പ്രധാനമന്ത്രി നെഹ്‌റു യാതൊരു താല്‍പ്പര്യവുമെടുത്തില്ല. ഇതിനുപകരം ഗാന്ധിയന്‍ കോണ്‍ഗ്രസിനെത്തന്നെ നശിപ്പിക്കുകയാണ് നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റുകളും കോണ്‍ഗ്രസ് നേതാക്കളും ചെയ്തത്. ജീവിതത്തിന്റെ അന്ത്യകാലംവരെ നിരീശ്വരവാദിയായിരുന്ന നെഹ്‌റുവിന്റെ ഗുരു ഗാന്ധിജിയായിരുന്നില്ല. യൂറോപ്പിലെയും ചൈനയിലെയും ഇടതുപക്ഷ ചിന്തകരില്‍നിന്നാണ്  നെഹ്‌റു പ്രചോദനം ഉള്‍ക്കൊണ്ടിരുന്നത്. താന്‍ ഗാന്ധിയനാണെന്ന് ഒരിക്കലും അവകാശപ്പെടാതിരുന്ന നെഹ്‌റു യഥാര്‍ത്ഥത്തില്‍ ഫാബിയന്‍ സോഷ്യലിസ്റ്റായിരുന്നു. ഭഗവദ്ഗീതയുമായി താദാത്മ്യം പ്രാപിച്ച ഗാന്ധിജിയെ അപേക്ഷിച്ച് നെഹ്‌റു പേരിനു മാത്രമാണ് ഹിന്ദുവായിരുന്നത്.
ഇക്കാലത്ത് 'വലതുപക്ഷ രാഷ്ട്രീയം' 'വര്‍ഗീയം' എന്നൊക്കെ മുദ്രകുത്തപ്പെടുന്ന സത്യഗ്രഹം, ബ്രഹ്മചര്യം, അഹിംസ, രാമരാജ്യം എന്നിവയൊക്കെയായിരുന്നു ഗാന്ധിയന്‍ കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങള്‍. സോവിയറ്റ് മോഡല്‍ സാമ്പത്തിക-വികസന മാതൃകകളും, ഹിന്ദുവിരുദ്ധമായ മാര്‍ക്‌സിയന്‍ വിദ്യാഭ്യാസ നയങ്ങളുമാണ് നെഹ്‌റു സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയത്. ഗാന്ധിജിയെ 'രാഷ്ട്രപിതാവ്' എന്ന് വിളിച്ചെങ്കിലും അദ്ദേഹം സ്വപ്‌നം കണ്ടതിന് വിരുദ്ധമായ ദിശയിലേക്ക് ഇന്ത്യയെ നയിക്കുകയാണ് നെഹ്‌റുവും കോണ്‍ഗ്രസും ചെയ്തത്.
മഹാത്മാ ഗാന്ധിയുടെ ശരിയായ പൈതൃകം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ നെഹ്‌റൂവിയന്‍ കോണ്‍ഗ്രസുകാര്‍ വെളുത്ത കുര്‍ത്ത ധരിക്കുന്നതിനും കപടമതേതരത്വം പ്രസംഗിക്കുന്നതിനുമപ്പുറം വേറെ പലതും ചെയ്യേണ്ടതുണ്ടായിരുന്നു. നെഹ്‌റു കുടുംബത്തിലെ ആരുംതന്നെ ഗാന്ധിജിയുടേതുപോലെ ലളിത ജീവിതം നയിച്ചവരല്ല. നെഹ്‌റു  മുതലുള്ളവര്‍ ആഡംബരത്തിലും ആഭിജാത്യത്തിലുമാണ് വിശ്വസിച്ചത്. സ്വാഭാവികമായും കോണ്‍ഗ്രസ് നേതാക്കളില്‍ ബഹുഭൂരിപക്ഷവും സമ്പന്നരുമായി.
രാജ്യത്തിന്റെ സ്വത്തായ സ്ഥാപനങ്ങള്‍ക്കുപോലും നെഹ്‌റു കുടുംബത്തില്‍പ്പെട്ടവരുടെ പേരിടാനാണ് കോണ്‍ഗ്രസ് ശ്രദ്ധിച്ചത്. മഹാത്മാ ഗാന്ധിയുടെ പേര് റോഡുകള്‍ക്കുമാത്രമായി ചുരുക്കി എന്നുപറയാം. ഫിറോസുമായുള്ള വിവാഹംവഴി ഇന്ദിരാഗാന്ധി സ്വന്തമാക്കിയ 'ഗാന്ധി' എന്ന പേരില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് താല്‍പ്പര്യം. യാതൊരു അര്‍ഹതയുമില്ലാതിരുന്നിട്ടും ലജ്ജയേതുംകൂടാതെ 'ഗാന്ധി' എന്ന പേര് ഇന്ദിരയുടെ മക്കള്‍ രണ്ടുപേരും, ചെറുമകന്‍ രാഹുലും രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുകയാണ്. ഇന്ദിര തന്നെയും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായ  നിലയില്‍ പ്രവര്‍ത്തിച്ച ഏകാധിപതിയും, രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്തിയ ആളുമാണ്.
നെഹ്‌റുവിന്റെ ഭരണകാലം മുതല്‍ അഴിമതിയുടെ പര്യായമാണ് കോണ്‍ഗ്രസ്. അഴിമതി ആഗോള പ്രതിഭാസമെന്നാണല്ലോ ഇന്ദിരാഗാന്ധി പറഞ്ഞിട്ടുള്ളത്. സോണിയാ ഗാന്ധി നേതൃത്വം നല്‍കിയ രണ്ടാം യുപിഎ സര്‍ക്കാര്‍ അഴിമതി രാജിന്റെ 'ക്ലൈമാക്‌സ്' ആയിരുന്നു. പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി ചെലവഴിക്കേണ്ട പണമാണ് നെഹ്‌റു കുടുംബം അധാര്‍മികമായി സ്വന്തമാക്കിയത്. ഇതിനൊക്കെ മറയിടാനുള്ള തന്ത്രമായാണ് ഗാന്ധിവധത്തിന്റെ പേരില്‍  ആര്‍എസ്എസിനെതിരെ അവര്‍ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നത്. തങ്ങളുടെ ആശയപാപ്പരത്തം നികത്താനും നെഹ്‌റു കുടുംബവാഴ്ചയ്ക്ക് ഗാന്ധിയെന്ന ബിംബത്തെ ആശ്രയിക്കേണ്ടിവരുന്നു. രാഹുലിനെപ്പോലെ കഴിവോ വിശ്വാസ്യതയോ ഇല്ലാത്തവരാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്. പാര്‍ട്ടിക്ക് ശക്തമായ നേതൃത്വം നല്‍കാന്‍ ആളില്ലാത്തതും ഗാന്ധിജിയുടെ പിന്നിലൊളിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നു.
ഇടതുപക്ഷ വിരോധാഭാസം
നെഹ്‌റൂവിയന്‍ സോഷ്യലിസ്റ്റുകള്‍ മാത്രമല്ല, കമ്യൂണിസ്റ്റുകളും ഗാന്ധിജിയെ തങ്ങളുടെ നായകനായി ഉയര്‍ത്തിക്കാട്ടുന്നു എന്നതാണ് വിരോധാഭാസം. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന അഹിംസ, നിരീശ്വരവാദം എന്നിവയെ നഖശിഖാന്തം എതിര്‍ക്കുന്നയാളായിരുന്നു ഗാന്ധി എന്ന സത്യത്തിനുനേരെ കമ്യൂണിസ്റ്റുകള്‍ ബോധപൂര്‍വം കണ്ണടയ്ക്കുന്നു. വര്‍ഗസമരം എന്ന ആശയത്തിന്റെ നിശിത വിമര്‍ശകനായിരുന്നു ഗാന്ധിജി. ഗാന്ധിവധത്തിന്റെ പേരില്‍ സിപിഎം ഉള്‍പ്പെടെയുള്ളവര്‍ നടത്തിക്കൊണ്ടിരിക്കുന്നത് വിലകുറഞ്ഞ പ്രചാരണം മാത്രമാണ്.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട എം. സുകുമാരന്റെ 'പിതൃതര്‍പ്പണം' എന്ന കഥ അവസാനിക്കുന്നത് വിശ്വാസ്യത നശിച്ച കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്കുമേല്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളെയും ഭാരതീയമായ ആത്മീയതയേയും പ്രതിഷ്ഠിച്ചുകൊണ്ടാണ്. ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ഇന്ന് പറഞ്ഞുനടക്കുന്ന പുത്തന്‍ ഗാന്ധി പ്രേമം കാപട്യമല്ലെന്നുണ്ടെങ്കില്‍ കാറല്‍ മാര്‍ക്‌സിന്റെ ആശയങ്ങളും ഗാന്ധിയന്‍ ദര്‍ശനങ്ങളും എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് വിശദീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഏകാധിപത്യത്തിന്റെയും ഹിംസയുടെയും പ്രതിരൂപങ്ങളായ മുന്‍ സോവിയറ്റ് യൂണിയനിലെ ജോസഫ് സ്റ്റാലിനും ചെഗുവേരയുമുള്‍പ്പെടെയുള്ളവര്‍ ആരാധ്യ വിഗ്രഹങ്ങളല്ലെന്ന് പ്രഖ്യാപിക്കുകയും വേണം.
നെഹ്‌റു കുടുംബവാഴ്ചയുടെ തണലില്‍ ജെഎന്‍യു പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗാന്ധിയന്‍ പൈതൃകമല്ല, ഇടതു ചിന്താഗതികളാണ് സംരക്ഷിക്കപ്പെട്ടത്. കാലഹരണപ്പെട്ട ഇടതുപക്ഷ ചിന്തയുടെ കേന്ദ്രങ്ങളായി ഇത്തരം സ്ഥാപനങ്ങള്‍ മാറിയത് കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ്. ഗാന്ധിയന്‍ മൂല്യങ്ങള്‍ക്കും തത്വസംഹിതകള്‍ക്കും യാതൊരു വിലയും ഇവിടെയില്ല. മഹാത്മാഗാന്ധി മാത്രമല്ല, ഗറില്ലാ നേതാവായിരുന്ന ചെഗുവേരയുടേയും, ഇസ്ലാമിക ഭീകരവാദിയായിരുന്ന യാക്കൂബ് മേമന്റെയും ചിത്രങ്ങളാണല്ലോ ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. അഹിംസയുടെ ആള്‍രൂപമായിരുന്ന ഗാന്ധിജിയില്‍നിന്ന് ഏറെ അകലെയാണ് ഇവര്‍.
'കോണ്‍ഗ്രസ് മുക്ത ഭാരതം' ഇന്നൊരു യാഥാര്‍ത്ഥ്യമാണ്. 2013-ല്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഈ ആശയം മുന്നോട്ടുവയ്ക്കുമ്പോള്‍ അതൊരു വിദൂര സ്വപ്‌നമായിരുന്നു. എന്നാല്‍ 2017 അവസാനം ഗുജറാത്തിലേയും ഹിമാചല്‍പ്രദേശിലേയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കൂടി കഴിഞ്ഞതോടെ ചെറുസംസ്ഥാനങ്ങളായ മേഘാലയയും മിസ്സോറാമും ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ മാത്രമായി കോണ്‍ഗ്രസ് ഭരണം ചുരുങ്ങിയിരിക്കുന്നു. പഞ്ചാബും കര്‍ണാടകയുമാണ് മറ്റ്  സംസ്ഥാനങ്ങള്‍. ഗാന്ധിയന്‍ ആദര്‍ശങ്ങളെ വഞ്ചിച്ചതാണ് ഈ അവസ്ഥയ്ക്ക് കാരണം. 
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ബാലികേറാമലയായി ഇന്നും ഇന്ത്യ അവശേഷിക്കുന്നതിന് കാരണം ഹൈന്ദവമായ ആത്മീയതയും, അതില്‍ ആഴത്തില്‍ വേരോടിയ ഗാന്ധിയന്‍ ചിന്തകളുമാണ്. അന്യവല്‍ക്കരിക്കപ്പെട്ട കോണ്‍ഗ്രസ്-ഇടതുപാര്‍ട്ടികള്‍ ഗാന്ധിവധത്തെ പ്രചാരണായുധമാക്കി നിലനില്‍പ്പിനുവേണ്ടി പോരാടുകയാണ്. എന്തൊക്കെ കുപ്രചാരണങ്ങള്‍ നടത്തിയാലും സത്യത്തെ ദൈവമായിക്കണ്ട ഗാന്ധിജിയുടെ നാട്ടില്‍ ഇവര്‍ക്ക് വിജയിക്കാനാവില്ല.

ഗാന്ധിജിയും ആര്‍.എസ്.എസ്സും.—ടി.സുധീഷ്
ആര്‍ഷഭാരതത്തിന്റെ ആത്മാവിഷ്‌കാരമായിരുന്നു മഹാത്മാഗാന്ധി. അതേ ഭാരതത്തിന്റെ ഹൃദയസ്പന്ദനമാണ് രാഷ്ട്രീയ സ്വയംസേവക സംഘം. അതുകൊണ്ടുതന്നെ ഗാന്ധിജിയും സംഘവും ഒരേ ലക്ഷ്യത്തിലേക്കു കുതിക്കുന്ന രണ്ട് വഴിത്താരകളാണ്. പലപ്പോഴും ഒരുമിച്ചും ചിലപ്പോള്‍ ഒരേ താളത്തിലും വേഗത്തിലും സമാന്തരമായും അത് മുന്നോട്ടുപോയി. പരസ്പരം അംഗീകരിച്ചും ആദരിച്ചും ആശയാദര്‍ശങ്ങള്‍ കൈമാറിയും എന്നാല്‍ ചിലപ്പോള്‍ കാഴ്ചപ്പാടിലെ വ്യത്യാസങ്ങള്‍ പങ്കുവെച്ചും പ്രവര്‍ത്തിച്ചു.
വിപ്ലവപ്രസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിലും സജീവമായി പ്രവര്‍ത്തിച്ച് നേതൃസ്ഥാനം അലങ്കരിച്ചിരുന്ന ആര്‍.എസ്.എസ് സ്ഥാപകനായ ഡോ. ഹെഡ്‌ഗേവാര്‍ ഗാന്ധിജിയുടെ ജീവിത വീക്ഷണവും ആശയങ്ങളും സ്വയമുള്‍ക്കൊണ്ടിരുന്നു. സാമ്രാജ്യത്വത്തിനെതിരായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ ഏറ്റവും യോഗ്യനായ നേതാവ് ഗാന്ധിജിയാണെന്ന് അദ്ദേഹം കരുതി. ഗാന്ധിജിയുടെ സാമ്രാജ്യത്വവിരുദ്ധ സമീപനം സ്വാതന്ത്ര്യസമരത്തില്‍ ഭാരതീയ മൂല്യങ്ങളോടുള്ള അടുപ്പം, ഭാഷ,  സിദ്ധാന്തം എന്നിവയിലുള്ള ഭാരതീയ കാഴ്ചപ്പാട് എന്നിവയാണ് ഹെഡ്‌ഗേവാറിനെ ഗാന്ധിജിയോട് കൂടുതല്‍ അടുപ്പിച്ചത്. ആര്‍.എസ്.എസ്. സ്ഥാപിക്കുന്നതിന് മുമ്പും അതിനുശേഷവും ഹെഡ്‌ഗേവാര്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങളില്‍ പൂര്‍ണ്ണ പ്രതിബദ്ധതയോടെ പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യത്തിന്റെ വിഷയത്തില്‍ ഹെഡ്‌ഗേവാര്‍ ഗാന്ധിജിയുടെ മാര്‍ഗ്ഗം അംഗീകരിച്ചു. നിസ്സഹകരണ - നിയമലംഘന സമരകാലങ്ങളില്‍ അദ്ദേഹവും സംഘത്തിന്റെ അര്‍ധ സൈനിക പരിശീലനം നേടിയ സ്വയംസേവകരും അഹിംസയെന്ന ഗാന്ധിജിയുടെ ശപഥത്തെ അവസാനം വരെ നെഞ്ചേറ്റി. എന്നാല്‍ സ്വാതന്ത്ര്യത്തിനായി വിപ്ലവ  മാര്‍ഗ്ഗങ്ങളുള്‍പ്പെടെ മറ്റു മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നവരുടെ ആത്മാര്‍ത്ഥതയേയും ദേശസ്‌നേഹത്തേയും ചോദ്യം ചെയ്യുന്നതിനോട് ഹെഡ്‌ഗേവാര്‍ യോജിച്ചിരുന്നില്ല. 
ഗാന്ധിജിയുടെ മാര്‍ഗ്ഗത്തില്‍
ഗാന്ധിജിയുടെ ആഹ്വാനപ്രകാരം നിസ്സഹകരണ സമരത്തില്‍ പങ്കെടുത്ത് ഒരു വര്‍ഷക്കാലം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ സമയം 1922 ഒക്‌ടോ. 2ന് കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗാന്ധിജയന്തി പരിപാടിയില്‍ അധ്യക്ഷനായിരുന്നത് ഹെഡ്‌ഗേവാറായിരുന്നു. മഹാത്മാഗാന്ധിയുടെ ഏറ്റവും വലിയ ഗുണം ലക്ഷ്യത്തെ സാധൂകരിക്കാനുള്ള അദ്ദേഹത്തിന്റെ മഹത്തായ ത്യാഗസന്നദ്ധതയാണെന്നും ജനങ്ങള്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ നടപ്പില്‍ വരുത്തണമെന്നും അദ്ദേഹം ആ പ്രഭാഷണത്തില്‍ ആവശ്യപ്പെട്ടു. 1934 ഫെബ്രുവരിയില്‍ ഡോ. ഹെഡ്‌ഗേവാര്‍ ഗാന്ധിജിയുടെ പ്രധാന ആശയമായ സ്വദേശി വസ്തുക്കളുടെ ഉപയോഗത്തെ സംബന്ധിച്ച് നാഗ്പൂരില്‍ സ്വയംസേവകരുടെ മൂന്നു ദിവസത്തെ ബൈഠക്ക് സംഘടിപ്പിച്ചിരുന്നു. അതില്‍ സ്വദേശീ കാഴ്ചപ്പാടിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കുകയും സ്വദേശി ശീലിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി സാമൂഹ്യസമരസതയ്ക്കുവേണ്ടി ഏറെ പ്രയത്‌നിച്ചിരുന്നു. അയിത്തവും അസ്പൃശ്യതയും ഇല്ലാതാക്കാന്‍ 1933 നവംബര്‍ 17ന് ഹരിജനയാത്ര ആരംഭിച്ചു. കോണ്‍ഗ്രസ് പരിപാടി അംഗീകരിച്ചെങ്കിലും പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ആത്മാര്‍ത്ഥമായ സഹകരണം ലഭിച്ചില്ല. ഹരിജന്‍ യാത്രയെ ഒരേ സമയം അംബേദ്ക്കറും ഹിന്ദുമഹാസഭയുടെ പല നേതാക്കന്മാരും എതിര്‍ത്തു. അംബേദ്ക്കര്‍ ഇതിനെ നാട്യമെന്നും കാപട്യമെന്നും വിളിച്ചു. ഹിന്ദുമതമൗലികവാദികള്‍ മതത്തിനു നേരെയുള്ള അക്രമമായിക്കണ്ടു. ഇവര്‍ പല സ്ഥലങ്ങളിലും കരിങ്കൊടി കാണിച്ചു. എന്നാല്‍ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍, സാമൂഹ്യ സമത്വത്തിനുവേണ്ടി ചെയ്യുന്ന എല്ലാകാര്യവും ഹിന്ദുസമൂഹത്തെ ബലപ്പെടുത്തുമെന്നും അത്തരം എല്ലാ പരിശ്രമങ്ങളേയും പ്രോത്സാഹിപ്പിക്കണമെന്നും സ്വയംസേവകരോട് നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്. ഇതേത്തുടര്‍ന്ന് സംഘത്തിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ സ്വയംസേവകര്‍ മുന്നോട്ട് വന്നു പരിപാടി വിജയിപ്പിക്കുവാനുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. 1933 നവം.5ന് നാഗ്പൂരില്‍ നടന്ന സ്വാഗതസംഘയോഗത്തില്‍ മഹാത്മജി നേരിട്ട് പങ്കെടുത്തു. ആര്‍.എസ്.എസ്സിന്റെ അഖിലഭാരതീയ കാര്യകര്‍ത്താവ് മാര്‍ത്താണ്ഡറാവു ജോഗിന്റെയും മറ്റൊരു പ്രമുഖകാര്യകര്‍ത്താവും 'മഹാരാഷ്ട്ര' പത്രത്തിന്റെ എഡിറ്ററുമായ ഓഗ്ലേയുടെയും നേതൃത്വത്തില്‍ പരിപാടി വന്‍വിജയമാക്കിത്തീര്‍ത്തു. നാഗ്പൂരിലെ സമ്മേളനം ജനപങ്കാളിത്തം, അച്ചടക്കം, വ്യവസ്ഥ എന്നീ കാര്യകളില്‍ അവിസ്മരണീയമായിത്തീര്‍ന്നു. മധ്യസംസ്ഥാനങ്ങളില്‍ സംഘത്തിന് ശക്തിയുള്ള പ്രദേശങ്ങളിലെല്ലാം ഗാന്ധിജിയുടെ യാത്രയ്ക്ക് സ്വയംസേവകരുടെ വലിയ പിന്തുണ ലഭിച്ചു.
വാര്‍ദ്ധാ ശിബിര സന്ദര്‍ശനം
ആര്‍.എസ്.എസ് 1925-ല്‍ നാഗ്പൂരില്‍ ആരംഭിച്ചതിനുശേഷം പതുക്കെ എന്നാല്‍ ക്രമബദ്ധമായും വ്യവസ്ഥാപിതമായും വളര്‍ന്നുകൊണ്ടിരുന്നു. നാഗ്പൂര് കഴിഞ്ഞാല്‍ ആര്‍.എസ്.എസ്സിന് ഏറ്റവുമധികം ശക്തിയുള്ള സ്ഥലമായിരുന്നു വാര്‍ദ്ധ. ഗാന്ധിജിയുടെ ആസ്ഥാനവും വാര്‍ദ്ധയിലായിരുന്നു. അവിടെ നടക്കുന്ന ശാഖ അദ്ദേഹം നിരീക്ഷിക്കാറുണ്ടായിരുന്നു. 1934 ഡിസംബറില്‍ സംഘത്തിന്റെ ശീതകാല ശിബിരം വാര്‍ദ്ധയില്‍ നടത്താന്‍ തീരുമാനിച്ചു. ശിബിരത്തിന് രണ്ടാഴ്ച മുമ്പുതന്നെ സ്വയംസേവകര്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. സ്വയംസേവകരുടെ പ്രതിബദ്ധതയും പരസ്പരസ്‌നേഹവും സഹകരണവും അച്ചടക്കവും ഗാന്ധിജി സൂക്ഷ്മതയോടെ നിരീക്ഷിച്ചു. അദ്ദേഹം ശിബിരം സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചു. ആഗ്രഹം തന്റെ അടുത്ത അനുയായിയായ മഹാദേവ് ദേശായിയെ അറിയിച്ചു. ദേശായി അവിടത്തെ മുതിര്‍ന്ന സംഘ കാര്യകര്‍ത്താവായിരുന്ന അപ്പാജി ജോഷിക്ക് ഗാന്ധിജിയുടെ ആഗ്രഹം അറിയിച്ചുകൊണ്ട് കത്തെഴുതി. കത്ത് കിട്ടിയ ഉടന്‍തന്നെ അപ്പാജി ഗാന്ധിജിയുടെ ആശ്രമത്തിലെത്തി അദ്ദേഹത്തിന്റെ സൗകര്യമനുസരിച്ച് ശിബിരം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. തുടര്‍ന്ന് 1934 ഡിസംബര്‍ 25ന് ജമ്‌നലാല്‍ ബജാജ്, മീരാബന്‍, മഹാദേവ് ദേശായി തുടങ്ങിയ ആശ്രമവാസികളോടൊപ്പം ഗാന്ധിജി ശിബിരം സന്ദര്‍ശിച്ചു. രാവിലെ 6 മണിക്ക് ശിബിരത്തിലെത്തിയ അവര്‍ മറ്റ് സ്വയംസേവകരെപ്പോലെ ആദ്യം ഭഗവധ്വജത്തിന് പ്രണാമമര്‍പ്പിച്ചു. തുടര്‍ന്ന് രാവിലത്തെ പരിശീലനവും മറ്റ് കാര്യപരിപാടികളും കണ്ടതിന് ശേഷം സ്വയംസേവകരെ കാണാനും സംസാരിക്കാനുമുള്ള ഇച്ഛ പ്രകടിപ്പിച്ചു. അദ്ദേഹം സ്വയംസേവകരോട് സംഘത്തിന്റെ സാമൂഹ്യദര്‍ശനം, ഉദ്ദേശ്യം, അച്ചടക്കം എന്നിവയെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. ഒരു സ്വയംസേവകനോട് ചോദിച്ചത്, ഈ ശിബിരത്തില്‍ രാമന്റേയും കൃഷ്ണന്റെയും ചിത്രങ്ങള്‍ തൂക്കിയിരിക്കുന്നു. നിങ്ങള്‍ ശിവനേയും ഗണപതിയേയും ഈശ്വരന്‍മാരായി കാണുന്നില്ലേ എന്നാണ്. 'തങ്ങള്‍ രാഷ്ട്രനായകന്മാരുടെ ചിത്രമാണ് ഇവിടെ തൂക്കിയിട്ടിരിക്കുന്നത്; ഭഗവാന്‍മാരുടേതല്ല.' എന്ന പരിപക്വമായ ഉത്തരം കേട്ട് അദ്ദേഹം ആശ്ചര്യചകിതനായി. സ്വയംസേവകര്‍ സ്വന്തം ചിലവിലാണ് ശിബിരത്തിലെത്തിയത് എന്ന് അറിഞ്ഞപ്പോള്‍ അത്ഭുതംകൂറി. 
ഗാന്ധിജി സ്വയംസേവകരുടെ ജാതി അറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. സംഘത്തില്‍  ബ്രാഹ്മണനും അബ്രാഹ്മണനും ഉയര്‍ന്നവര്‍ എന്നും താണവര്‍ എന്നും പറയുന്ന ജാതിക്കാര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും കളിക്കുകയും ഉറങ്ങുകയും ചെയ്യുന്നു എന്ന് അറിഞ്ഞപ്പോള്‍ ഗാന്ധിജിക്ക് അത്യന്തം ആശ്ചര്യവും സന്തോഷവും തോന്നി. തങ്ങള്‍ക്ക് ആരുടേയും ജാതി അറിയില്ലെന്നും അത് അന്വേഷിക്കാറില്ലെന്നും അവര്‍ ഉത്തരം നല്‍കി. 1500 ഓളം സ്വയംസേവകര്‍ ദിവസങ്ങളോളം ജാതിഭേദമില്ലാതെ ഒരുമിച്ച് കഴിയുക എന്നുള്ളത് ആ കാലത്ത് ആശ്ചര്യജനകമായിരുന്നു. 
തുടര്‍ന്ന് സംഘസ്ഥാപകനെക്കുറിച്ച് അറിയാനും കാണാനും ഗാന്ധിജി ആഗ്രഹം പ്രകടിപ്പിച്ചു. തൊട്ടടുത്ത ദിവസം, അതായത് ഡിസ.26ന് ശിബിരത്തില്‍ എത്തിയ ഡോ. ഹെഡ്‌ഗേവാര്‍ ഗാന്ധിജി ശിബിരം സന്ദര്‍ശിച്ച വിവരം അറിഞ്ഞ് രണ്ടു സുഹൃത്തുക്കളേയും കൂട്ടി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം രാത്രി 8.30ന് ഗാന്ധിജിയെ കാണാന്‍ പോയി. തുടര്‍ന്ന് രണ്ട് രാഷ്ട്രനായകന്മാര്‍ തമ്മില്‍ നടന്ന സംഭാഷണം യക്ഷ-യുധിഷ്ഠിര സംവാദത്തിന് തുല്ല്യമായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. സംഘത്തിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ചും വ്യക്തിനിര്‍മ്മാണ പദ്ധതിയെക്കുറിച്ചും സാമ്പത്തിക സമാഹരണത്തെക്കുറിച്ചും അച്ചടക്കം, ജാതിചിന്ത ഇല്ലായ്മ എന്നിവയെക്കുറിച്ചുമെല്ലാം ഹെഡ്‌ഗേവാറുമായി ഗാന്ധിജി വിശദമായി സംസാരിച്ചു. ഡോ. ഹെഡ്‌ഗേവാര്‍ ജോലിയും വിവാഹവുമുപേക്ഷിച്ച് രാഷ്ട്രകാര്യത്തിനായി ജീവിതം സമര്‍പ്പിച്ചു എന്നറിഞ്ഞപ്പോള്‍ ഗാന്ധിജി ഏറെ പ്രസന്നനായി. സംഘപ്രവര്‍ത്തനത്തിന് ശുഭാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ആ കൂടിക്കാഴ്ച സമാപിച്ചത്.
ഗാന്ധിജി 
സംഘപരിപാടിയില്‍

1947ലെ വിഭജനത്തെ തുടര്‍ന്നുള്ള സംഭവഗതികളാണ് വീണ്ടും സംഘവുമായി ബന്ധപ്പെടാന്‍ മഹാത്മാഗാന്ധിക്ക്  പ്രേരണയായത്. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ വര്‍ഗ്ഗീയ സംഘര്‍ഷം നടക്കുന്നു. അതിന് അയവുവരുത്താന്‍ സംഘത്തിന് എന്തെങ്കിലും സഹായം ചെയ്യാന്‍ സാധിക്കുമോ എന്ന ഉദ്ദേശ്യത്തോടെയാണ് അന്നത്തെ സര്‍സംഘചാലക് ഗുരുജിഗോള്‍വല്‍ക്കറെ കാണാന്‍ ആഗ്രഹിച്ചുകൊണ്ട് ഗാന്ധിജി അദ്ദേഹത്തിന് സന്ദേശമയച്ചത്. സന്ദേശം കിട്ടിയ ഉടന്‍തന്നെ സപ്തംബര്‍ 12ന്  ഗുരുജി ബിര്‍ളാ മന്ദിറില്‍ എത്തി മഹാത്മജിയുമായി കൂടിക്കാഴ്ച നടത്തി. സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയില്‍ ഗാന്ധിജിയുടെ കാഴ്ചപ്പാടിനോട് പൂര്‍ണ്ണയോജിപ്പാണ് ഉള്ളതെന്നും സമാധാനപരമായ അന്തരീക്ഷത്തിനായി ഒരു സംഘടന എന്ന നിലയില്‍ പൂര്‍ണ്ണമായ സഹകരണം സംഘത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും ഗുരുജി ഗാന്ധിജിക്ക് ഉറപ്പ് നല്‍കി. തുടര്‍ന്ന് അന്ന് വൈകുന്നേരത്തെ പതിവ് പ്രാര്‍ത്ഥനാ യോഗത്തില്‍ ഗുരുജി ഗോള്‍വള്‍ക്കറുമായുള്ള കൂടിക്കാഴ്ചയും സമാധാനം നിലനിര്‍ത്താനാവശ്യമായ എല്ലാ സഹായസഹകരണങ്ങളും ഗുരുജി വാഗ്ദാനം ചെയ്തതും  ഗാന്ധിജി എടുത്തു പറഞ്ഞു.
കൂടാതെ അന്ന് നടന്ന കൂടിക്കാഴ്ചയില്‍ സ്വയംസേവകരെ അഭിസംബോധന ചെയ്യാനുള്ള അവസരം ഉണ്ടാക്കിത്തരണമെന്ന് ഗാന്ധിജി ഗുരുജിയോട് അഭ്യര്‍ത്ഥിച്ചു. അതേത്തുടര്‍ന്ന് സപ്തംബര്‍ 16ന് ദല്‍ഹിയിലെ ഭാംഗി കോളനിയില്‍ 500 ഓളം സ്വയംസേവകരെ സംഘടിപ്പിച്ചുകൊണ്ട് ഒരു പരിപാടി ഏര്‍പ്പാടാക്കി. അതില്‍ 13 വര്‍ഷം മുന്നെ വാര്‍ദ്ധ ക്യാമ്പ് സന്ദര്‍ശിച്ചതിന്റെ അനുഭവം സ്മരിച്ചുകൊണ്ടാണ് ഗാന്ധിജി പ്രസംഗം ആരംഭിച്ചത്. 'കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് സംഘസ്ഥാപകന്‍ ജീവിച്ചിരുന്ന കാലത്ത് വാര്‍ദ്ധയില്‍ സംഘത്തിന്റെ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. അവിടത്തെ അച്ചടക്കവും ലാളിത്യവും ഒരുതരത്തിലുമുള്ള ഉച്ചനീചത്വമില്ലായ്മയും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഉയര്‍ന്ന ചിന്താഗതിയും ഉറച്ച ലക്ഷ്യബോധവും മാനവസേവനത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രവും ആത്മസമര്‍പ്പണവുമുള്ള ഒരു സംഘടനയ്ക്ക് ഒരിക്കലും പരാജയപ്പെടാനാകില്ലെന്ന് മാത്രമല്ല അനുദിനം കരുത്താര്‍ജ്ജിച്ച് വളരുകയും ചെയ്യും.''  ഗാന്ധിജിയ്ക്ക് സംഘത്തെക്കുറിച്ചുള്ള അഭിപ്രായം ഇതായിരിക്കെ എന്തിന് സംഘം അദ്ദേഹത്തെ വധിക്കണം?
സംഘത്തിന്റെ പ്രതികരണം
ഗാന്ധിജി കൊല്ലപ്പെട്ട 1948 ജനു. 30ന് ഗുരുജി ഗോള്‍വല്‍ക്കര്‍ മദ്രാസില്‍ ഒരു സംഘപരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. വാര്‍ത്തയറിഞ്ഞ ഉടന്‍ അദ്ദേഹം പ്രധാനമന്ത്രി നെഹ്‌റു, ഉപപ്രധാനമന്ത്രി പട്ടേല്‍, ഗാന്ധിജിയുടെ മകന്‍ ദേവദാസ് ഗാന്ധി എന്നിവര്‍ക്ക് ദുഃഖവും അനുശോചനവുമറിയിച്ചുകൊണ്ട് ടെലിഗ്രാമയക്കുകയും മറ്റ് പരിപാടികള്‍ റദ്ദ് ചെയ്തുകൊണ്ട് നാഗ്പൂരിലേക്ക് മടങ്ങുകയും ചെയ്തു. രാജ്യമാകമാനം സംഘശാഖകളില്‍ 13 ദിവസത്തെ ദുഃഖാചരണം നടത്താനും, നിശ്ചയിച്ച എല്ലാ പരിപാടികളും റദ്ദുചെയ്യാനും നിര്‍ദ്ദേശിച്ചുകൊണ്ട് ഗുരുജി സന്ദേശമയച്ചു. സന്ദേശങ്ങളില്‍ ഒന്ന് ഇങ്ങനെയായിരുന്നു. ''വിവേകശൂന്യവും ചിന്താശേഷി നഷ്ടപ്പെട്ടവനും ക്രൂരനുമായ ഒരു വ്യക്തിയുടെ ഈ പ്രവൃത്തി നമ്മുടെ സമൂഹത്തെ ലോകത്തിനു മുമ്പില്‍ അപഹാസ്യമാക്കിയിരിക്കുകയാണ്.  ഒരു ശത്രുരാജ്യത്തുള്ളയാള്‍ ഇതു ചെയ്താല്‍ പോലും ന്യായീകരണമില്ലാത്തവിധം മാപ്പര്‍ഹിക്കുന്നില്ല. കാരണം പൂജ്യ മഹാത്മജിയുടെ ജീവിതവും സന്ദേശവും രാജ്യാതിര്‍ത്തികളിലോ പ്രത്യേക വിഭാഗങ്ങളിലോ മാത്രം ഒതുങ്ങി നില്‍ക്കാത്തവിധം സാര്‍വ്വജനീനവും വിശ്വമാനവികതയേയും മനുഷ്യപുരോഗതിയേയും പ്രതിഫലിപ്പിക്കുന്നതുമാണ്. പക്ഷെ ഈ മഹാദ്രോഹം ചെയ്ത കുറ്റവാളികള്‍ ഇവിടെത്തന്നെയുള്ളവരാണ്. എല്ലാ ജാതീയ-വംശീയ വ്യത്യാസങ്ങള്‍ക്കുമുപരിയായി ജനതയെ ഒരുമിപ്പിക്കാന്‍ ശ്രമിച്ച ഈ മഹാനായ നേതാവിനോട് ഇങ്ങനെ ചെയ്ത കുറ്റവാളികളാരായാലും അവര്‍ മാപ്പര്‍ഹിക്കുന്നില്ല. നിയമം അനുശാസിക്കുന്ന എത്ര കടുത്ത ശിക്ഷയും ഈ ക്രൂരകൃത്യം വച്ചുനോക്കുമ്പോള്‍ വളരെ ചെറുതായിരിക്കും.''
ഗാന്ധിജിയുടെ ജീവിതവും ദര്‍ശനവും രാഷ്ട്രീയ സ്വയംസേവകസംഘത്തിന് എന്നും മാതൃകയും പ്രേരണയുമായിരുന്നു. ഗാന്ധിജിയുടെ സ്വപ്‌നങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സംഘം. നിത്യവും പ്രഭാതത്തില്‍ ചൊല്ലുന്ന ഏകാത്മതാസ്‌തോത്രത്തില്‍ എപ്പോഴും സ്മരിക്കേണ്ട മഹാന്മാരുടെ ഗണത്തില്‍ ഗാന്ധിജിയുടെ പേരും പരാമര്‍ശിക്കുന്നുണ്ട്. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് 1997 ഒക്‌ടോബര്‍ 2ന് ഗാന്ധിജയന്തിദിനത്തില്‍ സംഘടിപ്പിച്ച ലക്ഷങ്ങള്‍ അണിനിരന്ന മഹാറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അന്നത്തെ സര്‍സംഘചാലക് പ്രൊഫ. രാജേന്ദ്രസിംഗ് പ്രഖ്യാപിച്ചത്, 'ഗാന്ധിജി ഭാരതമാതാവിന്റെ ഏറ്റവും മഹാന്‍മാരായ പുത്രന്‍മാരില്‍ ഒരാളാണ്, നവരത്‌നങ്ങളില്‍ ഏറ്റവും തിളക്കമാര്‍ന്ന രത്‌നമാണ്' എന്നാണ്.

ആരായിരുന്നു ഗോഡ്‌സെ ?—കൃഷ്ണ കെ. വാരിയത്ത്
അനേക നൂറ്റാണ്ടുകളായി തുടര്‍ന്നു വന്ന അടിമത്തത്തിന്റെ അന്ധകാരത്തിനു ശേഷം സ്വാതന്ത്ര്യത്തിലേക്ക് മിഴി തുറന്ന, പുരോഗതിയിലേക്ക് പിച്ചവയ്ക്കാന്‍ ആഗ്രഹിച്ച ഭാരതത്തിന്റെ വഴിയില്‍ ഇടിത്തീ പോലെ വന്നുവീണ മഹാദുരന്തമായിരുന്നു മഹാത്മാഗാന്ധിയുടെ കൊലപാതകം. നാഥുറാം ഗോഡ്‌സെയുടെ തോക്കില്‍നിന്നുതിര്‍ന്ന വെടിയുണ്ടകള്‍ തകര്‍ത്തത്  സത്യാന്വേഷണത്തിന്റെ അവസാന വാക്കായ, യതി തുല്യനായ മഹാത്മാവിന്റെ നെഞ്ചിന്‍കൂടുമാത്രമായിരുന്നില്ല മറിച്ച് ഒരു രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ക്കൂടിയായിരുന്നു. അത് കീഴ്‌മേല്‍ മറിച്ചത് ഭാരതത്തിന്റെ നിയതിയെത്തന്നെയായിരുന്നു. കേവലം നടുക്കുന്ന ഒരു കൊലപാതകം എന്നതിനപ്പുറം ആ സംഭവം ഈ രാജ്യത്തിനും ജനതയ്ക്കും ഉണ്ടാക്കിയ നഷ്ടങ്ങളെക്കുറിച്ച്  ഒരു കാലത്തും വേണ്ടത്ര ചര്‍ച്ചകള്‍ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ കൊലപാതകിയായ നാഥുറാം ഗോഡ്‌സെ പലര്‍ക്കും തീവ്ര ദേശീയതയുടെ പ്രതീകമാണ്, ചിലര്‍ക്കയാള്‍ ആരാധനാ വിഗ്രഹമാണ്!
വാസ്തവത്തില്‍ ആരായിരുന്നു അയാള്‍? 1910 മെയ് 19 ന് പൂനെയിലെ ഒരു സാധാരണ ചിത്പാവന്‍ ബ്രാഹ്മണകുടുംബത്തിലായിരുന്നു ജനനം. പത്താം ക്ലാസോടുകൂടി ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ചു. പ്രദേശത്ത് സാമാന്യമായി വേരോട്ടമുണ്ടായിരുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖകളിലും അയാള്‍ എത്തപ്പെട്ടു. വ്യക്തിനിര്‍മ്മാണത്തിലൂടെ രാഷ്ട്ര നിര്‍മ്മാണം എന്നായിരുന്നല്ലോ എക്കാലത്തും സംഘത്തിന്റെ ശൈലി. സമൂലമായ പരിണാമം കൊണ്ടുവരുന്ന ഈ പദ്ധതി പക്ഷേ ഫലപ്രാപ്തിയിലെത്താന്‍ പതിറ്റാണ്ടുകള്‍ എടുക്കേണ്ടതുണ്ടായിരുന്നു. പെട്ടെന്നുള്ള നീക്കങ്ങളും മാറ്റങ്ങളും ലക്ഷ്യംവച്ച് വരുന്നവര്‍ക്ക് ഇത് സ്വീകാര്യമായിക്കൊള്ളണമെന്നില്ല.  അമിതാവേശം ബാധിച്ചിരുന്ന നാഥുറാമിനെയും സ്വാഭാവികമായി അത് അസ്വസ്ഥനാക്കി.  മുസ്‌ളീം ലീഗ് മുന്നോട്ടുവച്ച വിദ്വേഷത്തിന്റെ രാഷ്ട്രീയത്തോട് മത്സരിച്ചു നില്‍ക്കാന്‍ കളിച്ചും പാട്ടുപാടിയും കഥകള്‍ പറഞ്ഞുമൊന്നുമുള്ള കാര്യ പദ്ധതിയിലൂടെ സാദ്ധ്യമല്ലെന്ന് അയാള്‍ കരുതിത്തുടങ്ങി. ദേശീയതയുടെ പ്രയോഗവത്ക്കരണത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുള്ള ഹിന്ദുമഹാസഭയിലേക്കാണ് അതയാളെ നയിച്ചത്. കാഴ്ചപ്പാടുകളിലുള്ള ഇതേ വ്യത്യാസം തന്നെയാവാം വിഭജനാനന്തരം അഭയാര്‍ത്ഥികളുടെ സംരക്ഷണം, പുനരധിവാസം തുടങ്ങിയവയില്‍ സംഘം മുഴുകിയപ്പോള്‍, വിഭജനത്തിന് കാരണക്കാര്‍ എന്ന് അവര്‍ വിശ്വസിച്ചിരുന്ന മഹാത്മാഗാന്ധിയെ വകവരുത്താന്‍ നാഥുറാമിനെയും ഹിന്ദുമഹാസഭയെയും പ്രേരിപ്പിച്ചത്.
1948 ജനുവരി 30 ന് ഗാന്ധിജി വധിക്കപ്പെട്ടു. അഹിംസാവാദിയായ , വൃദ്ധനും നിരായുധനുമായ മഹാത്മാവിനെ തൊട്ടടുത്ത്, നേര്‍ക്കുനേര്‍നിന്ന് വെടിവെച്ചു വീഴ്ത്തുക വഴി താന്‍ പ്രതിനിധീകരിക്കുന്നു എന്നയാള്‍ അവകാശപ്പെട്ട ഹിന്ദുസമൂഹത്തിനെന്നു മാത്രമല്ല മറിച്ച് മുഴുവന്‍ മനുഷ്യകുലത്തിനും തീരാക്കളങ്കമാണ് ഗോഡ്‌സെ വരുത്തിവച്ചത്. എന്നിരിക്കിലും അയാളെ മഹത്വവത്ക്കരിക്കാനായി വ്യക്തമായ കരുനീക്കങ്ങളാണ് പിന്നീട് നടന്നത്. 
അതിനായി ചരടുവലിച്ചവര്‍ എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചു നടന്ന ഒന്നായിരുന്നു വിചാരണാ വേളയില്‍ അപ്പീല്‍ക്കോടതിയില്‍ ഗോഡ്‌സെ നടത്തിയ സുദീര്‍ഘമായ പ്രസ്താവന. ഉയര്‍ന്ന നിലവാരത്തിലുള്ള ഇംഗ്ലീഷില്‍, അതി മനോഹരമായ ശൈലിയില്‍, തികഞ്ഞ കൃത്യതയോടെ  തയ്യാറാക്കപ്പെട്ട ഈ പ്രസ്താവനയില്‍ ഭാരതത്തിന്റെ സംസ്‌കാരം, ചരിത്രം, സ്വാതന്ത്ര്യ സമരങ്ങള്‍,  വിഭജനം, ഹിന്ദു മുസ്ലീം സംഘട്ടനത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. കേള്‍ക്കുന്നവരുടെ മനസ്സിനെ ആഴത്തില്‍ സ്വാധീനിക്കുന്ന വല്ലാത്തൊരു മാസ്മരികത അതിനുണ്ടായിരുന്നു. അതു വായിച്ചു കേട്ടവര്‍, ആ കോടതി മുറിയില്‍ തിങ്ങിനിറഞ്ഞിരുന്ന ആള്‍ക്കാര്‍, അവരായിരുന്നു വിധി പ്രസ്താവിച്ചിരുന്നതെങ്കില്‍ ഗോഡ്‌സെയെ വെറുതെ വിടണമെന്നായിരിക്കും അതെന്നാണ് പാനല്‍ അംഗമായിരുന്ന ജസ്റ്റിസ് ഖോസ്ല അഭിപ്രായപ്പെട്ടത്! 
ഈ പ്രസ്താവന പില്‍ക്കാലത്ത് പുസ്തകമായി  ങമ്യ ക ജഹലമലെ ഥീൗൃ ഒീിീൗൃ എന്ന പേരില്‍. അതില്‍ നാഥുറാമിന്റെ അനുജന്‍ ഗോപാല്‍ ഗോഡ്‌സെ സ്വയം ദൃക്‌സാക്ഷിയെന്ന പോലെ  വിവരിക്കുന്ന ചില സംഭവങ്ങളുണ്ട്. 
1. കഴുമരത്തിലേറ്റുന്നതിന് തൊട്ടുമുമ്പ്, ഉന്മേഷഭരിതരായ നാഥുറാം ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും'നമസ്‌തെ സദാ വത്സലേ മാതൃഭൂമേ' എന്നു തുടങ്ങുന്ന സംഘ പ്രാര്‍ത്ഥന ചൊല്ലിയിരുന്നുവത്രെ!
2. കഴുമരത്തിലേക്ക് നടക്കുമ്പോള്‍, ഉദിച്ചുയരുന്ന സൂര്യനെ നോക്കി നാരായണ്‍ ആപ്‌തെ വിസ്മയം കൊണ്ടിരുന്നു!
3. ഗോപാല്‍ ഗോഡ്‌സെ 1994 ല്‍ ഫ്രണ്ട്‌ലൈനിന് നല്‍കിയ അഭിമുഖത്തില്‍ നാഥുറാം ആര്‍ എസ് എസിന്റെ ബൗദ്ധിക് കാര്യവാഹായിരുന്നു എന്ന് പറഞ്ഞിരിക്കുന്നു!
അല്പം സാമാന്യബുദ്ധിയുപയോഗിച്ച് നിരീക്ഷിച്ചാല്‍ എത്രമാത്രം വാസ്തവ വിരുദ്ധമായിരുന്നു ഇവയെല്ലാം എന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍  കഴിയും. അപ്പോഴാണ് നാഥുറാമിനെ മഹത്വവത്ക്കരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ തിരിച്ചറിയപ്പെടുന്നതും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുന്നതും. 
ഗോഡ്‌സെയും ആപ്‌തെയും ഉത്സാഹഭരിതരായി സംഘ പ്രാര്‍ത്ഥന ചൊല്ലുന്നത് താന്‍ നേരിട്ടു കണ്ടെന്ന് ഗോപാല്‍ ഗോഡ്‌സെ. എന്നാല്‍ വധശിക്ഷയുടെ നടപടിക്രമങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ വാദം പച്ചക്കള്ളമാണെന്ന് ബോദ്ധ്യമാവും. ശിക്ഷ നടപ്പിലാക്കുന്ന സമയം ജയില്‍ സൂപ്രണ്ട്, ശിക്ഷ വിധിച്ച ന്യായാധിപന്മാര്‍, മരണം സ്ഥിരീകരിക്കാനുള്ള ഡോക്ടര്‍ പിന്നെ പോലീസുകാര്‍ എന്നിവര്‍ മാത്രമേ ഉണ്ടാവൂ . അതായത് പ്രാര്‍ത്ഥന ചൊല്ലുന്നത് കണ്ടു എന്നത്  കേവലം നുണയായിരുന്നു എന്നര്‍ത്ഥം.
ശിക്ഷ നടപ്പിലാക്കിയത് അംബാലയിലെ ജയിലിലാണ്. അവിടെ ശൈത്യകാലാരംഭമായ നവംബര്‍ മാസത്തില്‍ അതിരാവിലെ സൂര്യനുദിച്ചുയരുന്നതും അതുനോക്കി വിസ്മയം കൊണ്ടിരുന്നതും എല്ലാം കേവലം ഭാവന മാത്രമായിരുന്നു എന്നര്‍ത്ഥം.മറാഠിയും കഷ്ടിച്ച് ഹിന്ദിയും മാത്രം വശമുണ്ടായിരുന്ന, മറ്റു ശ്രദ്ധേയമായ സാഹിത്യ സംഭാവനകള്‍ ഒന്നും നടത്തിയിട്ടില്ലാത്ത നാഥുറാം ഇത്ര സാഹിത്യ സമ്പന്നമായ ഇംഗ്ലീഷില്‍ വസ്തുനിഷ്ഠമായി എങ്ങനെ സുദീര്‍ഘമായ പ്രസ്താവന തയ്യാറാക്കി? എന്തായാലും ഇത് അയാള്‍ ഒറ്റയ്ക്ക് തയ്യാറാക്കിയതല്ല. മറിച്ച് വളരെ വലിയ ഒരു ബുദ്ധികേന്ദ്രം ഇതിനു പിറകില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നത് തര്‍ക്കത്തിനിടയില്ലാത്ത വിധം വ്യക്തമാണ്. സിന്ധു നദി എന്ന് പൂര്‍ണ്ണമായും ഭാരതത്തിലൂടെ ഒഴുകുന്നോ അന്ന് തന്റെ ചിതാഭസ്മം അതിലൊഴുക്കണം എന്ന ഗോഡ്‌സെയുടെ പ്രസ്താവനയും അയാളുടെ സ്വന്തം മസ്തിഷ്‌ക്കത്തില്‍ നിന്ന് വന്നതല്ല എന്നും വെളിവാക്കപ്പെടുന്നു. 
വസ്തുതാപരമായ വിശകലനങ്ങള്‍ ഗാന്ധി വധത്തിന് പിറകിലുള്ള ഗൂഢാലോചനയിലേക്കും അവരുടെ ഗൂഢ ലക്ഷ്യങ്ങളിലേക്കും വെളിച്ചം വീശുന്നു. അതോടൊപ്പം അത്തരം വിശകലനങ്ങളില്‍ പൊളിഞ്ഞു വീഴുന്നത് ചിലര്‍ ബോധപൂര്‍വ്വം പടുത്തുയര്‍ത്തിയ , ഗോഡ്‌സെയുടെ പ്രതിച്ഛായയുമാണ്. തീവ്ര ദേശീയതയുടെ പ്രതീകമായും  ഹിന്ദുത്വവാദത്തിന്റെ ആള്‍രൂപമായുമൊക്കെ അവര്‍ അവതരിപ്പിച്ച ഗോഡ്‌സെ വാസ്തവത്തില്‍ ഇതൊന്നുമായിരുന്നില്ല മറിച്ച് തന്റെ പ്രവൃത്തിയെക്കുറിച്ച് വീണ്ടുവിചാരമില്ലാത്ത , അജ്ഞാനിയും അപക്വമതിയുമായ, എന്തും നേരിടാന്‍ തയ്യാറായ, ഒരു ചാവേര്‍ മാത്രമായിരുന്നു. ഇന്ദിരാഗാന്ധിയെ വെടിവെച്ചു വീഴ്ത്തിയ സത്‌വന്ത് സിങ്ങിനെയോ രാജിവ് ഗാന്ധിയെ ഇല്ലാതാക്കാന്‍ സ്വയം പൊട്ടിത്തെറിച്ചില്ലാതായ തനുവിനെയോപോലെ, അനുദിനം മതവിശ്വാസങ്ങളുടെ പേരില്‍ തെരുവില്‍ പൊട്ടിത്തെറിക്കുന്നവരെപ്പോലെ, പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ ഒളിപ്പോരിലൂടെ നിരപരാധികളെ കൊന്നൊടുക്കി രക്തപ്പുഴയൊഴുക്കി ഒടുവില്‍ അതുപോലെ സ്വയം വീണടിയുന്നവരെപ്പോലെ. ഇവര്‍ക്കൊക്കെ അവരവരുടെ നിലപാടുകളോട് അങ്ങേയറ്റം സത്യസന്ധതയുണ്ടായിരുന്നു, ലക്ഷ്യത്തോട് സമര്‍പ്പണവും. അവരുടെയൊക്കെ കൂട്ടത്തില്‍ത്തന്നെയാണ് ഗോഡ്‌സെയുടെ സ്ഥാനവും. അത്തരക്കാരെ ആരാധിക്കുന്നത് അതേ പോലെയുള്ള മാനസികനില പങ്കു വയ്ക്കുന്നവര്‍ മാത്രമാണ്.

ഗാന്ധിവധം:
ചോരപുരണ്ട ചോദ്യങ്ങള്‍—ഷാബു പ്രസാദ്

ആധുനിക കാലഘട്ടം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകമാണ് മഹാത്മാഗാന്ധിയുടെത്. അതിവിദഗ്ദ്ധമായി  ആസൂത്രണം ചെയ്യപ്പെട്ട ഈ ഹീനകൃത്യം സമീപകാല ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. ലോകത്തെ ഞെട്ടിച്ച ഒരു രാഷ്ട്രീയ കൊലപാതകം എന്നതുകൊണ്ടോ, കൊല്ലപ്പെട്ടത് മഹാത്മാഗാന്ധി ആണ് എന്നതുകൊണ്ടോ മാത്രമല്ല ഈ സംഭവം വ്യത്യസ്തമാകുന്നതും സമാനതകളില്ലാത്തതാകുന്നതും. ഈ ക്രൂരകൃത്യം ഭാരതത്തിനുമേല്‍ ഉണ്ടാക്കിയ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കൊണ്ടും, അതിനു പിന്നിലെ ഒരിക്കലും ചോദിക്കപ്പെട്ടിട്ടില്ലാത്ത പൊള്ളുന്ന ചോദ്യങ്ങള്‍ കൊണ്ടും, കുഴിച്ചുമൂടപ്പെട്ട നിഗൂഢതകള്‍ കൊണ്ടുമായിരിക്കും ഗാന്ധിവധം ഇനി ചര്‍ച്ച ചെയ്യപ്പെടുക.
ഗാന്ധിജിയുടെ കൊലപാതകത്തിന്റെ നാള്‍വഴികളിലൂടെ സഞ്ചരിച്ചാല്‍ ഒരിക്കലും ചോദിക്കപ്പെടാതിരുന്ന ചില ചോദ്യങ്ങള്‍ ഉയരുന്നതുകാണാം. കുറ്റപത്ര പ്രകാരം 1948 ജനുവരി 12ന് തന്റെ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചതിനു പിറ്റെദിവസമാണ്, പ്രധാനപ്രതികളായ നാഥുറാം ഗോഡ്‌സെയും നാരായണ്‍  ആപ്‌തെയും പൂനയില്‍ വെച്ച് ജനുവരി 20 നു ഗാന്ധിജിയെ വധിക്കാന്‍ തീരുമാനിക്കുന്നത്. തുടര്‍ന്നുള്ള ഏതാനും ദിവസങ്ങളില്‍ അവര്‍ മറ്റുപ്രതികളെ കൂട്ടി ഗൂഢാലോചന നടത്തി, ആയുധങ്ങളും പണവും സംഘടിപ്പിച്ച്, ആയിരത്തഞ്ഞൂറു കിലോമീറ്റര്‍ അപ്പുറത്തുള്ള, അവര്‍ക്ക് യാതൊരു പരിചയവുമില്ലാത്ത ഡല്‍ഹിയില്‍ വന്നു. ജനുവരി 20 നു ഗാന്ധിജിയുടെ പ്രാര്‍ത്ഥനായോഗത്തില്‍ ഒരു ബോംബ് സ്‌ഫോടനം നടത്തി. പക്ഷെ അവരുടെ ആസൂത്രണം പാളി. അവിടെവെച്ച് പ്രതികളിലൊരാളായ മദന്‍ലാല്‍ പഹ്വ പിടികൂടപ്പെട്ടു. പത്ത് ദിവസത്തിനുശേഷം യാതൊരു സുരക്ഷാ സൗകര്യവും ഇല്ലാത്ത ബിര്‍ളാ മന്ദിറിന്റെ കവാടം കടന്നെത്തിയ നാഥുറാം ഗാന്ധിജിയെ വെടിവെച്ചുകൊന്നു.
ഇന്നും ലഭ്യമായ കോടതി വിവരങ്ങളാണിത്. മാത്രവുമല്ല, അധികൃതര്‍ മനസ്സുവെച്ചിരുന്നങ്കില്‍ ആ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു എന്നും വിധിന്യായത്തില്‍ ജസ്റ്റിസ് ആത്മചരന്‍ കുറിക്കുന്നു.
ആയിരത്തഞ്ഞൂറു കിലോമീറ്റര്‍ അകലെക്കിടക്കുന്ന പൂനയില്‍നിന്നും  ഒരു കൊലയാളി സംഘം, തങ്ങള്‍ക്ക് ഒരു പരിചയവുമില്ലാത്ത ഡല്‍ഹിയില്‍, കേവലം ഏഴുദിവസം കൊണ്ട്, ലോകത്തിലെ ഏറ്റവും വിലപ്പെട്ട ഒരു ജീവനെടുക്കാന്‍ വരുന്നു. ആയുധങ്ങള്‍, പണം, ആസൂത്രണം, ദീര്‍ഘയാത്ര എല്ലാം ഈ ഏഴുദിവസത്തില്‍. ഇതിലെ അസ്വാഭാവികത ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടില്ല.
അതുമല്ല. ജനുവരി 20 നു നടന്ന പാളിപ്പോയ ശ്രമത്തില്‍ കൊലയാളി സംഘത്തിലെ മദന്‍ലാല്‍ പഹ്വ സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്യപ്പെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അയാളില്‍ നിന്നും ഗൂഢാലോചനയുടെ മുഴുവന്‍ വിവരങ്ങളും ലഭിച്ചു. കൊലയാളിസംഘം താമസിച്ചിരുന്ന ഹോട്ടലുകള്‍, യാത്ര അങ്ങിനെ എല്ലാം. നാഥുറാം ഗോഡ്‌സേയുടെ രേഖാചിത്രം വരെ പോലീസ് തയ്യാറാക്കി.
ഇത്ര വലിയ ഒരു തിരിച്ചടി കൊലപാതക ശ്രമത്തിനു നേരിട്ടിട്ടും, പത്തുദിവസത്തിനകം ഗോഡ്‌സെയും കൂട്ടരും ഡല്‍ഹിയില്‍ മടങ്ങിയെത്തി. പോലീസ് തയ്യാറാക്കിയ രേഖാചിത്രം ഒരിടത്തും പ്രദര്‍ശിപ്പിച്ചിരുന്നില്ല. ഏതുനിമിഷവും ഗാന്ധിജി കൊല്ലപ്പെടുമെന്നറിയാമായിരുന്നെങ്കിലും, ആരാണ് കൊല്ലാന്‍ പോകുന്നത് എന്ന വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിരുന്നിട്ടും ആ കൊലയാളികള്‍ അറസ്റ്റുചെയ്യപ്പെടുകയോ, ഈ വിവരം പോലീസ് സ്‌റ്റേഷനുകളില്‍ അറിയിക്കുകയോ, ഗാന്ധിജിക്ക് കൂടുതല്‍ സുരക്ഷ കൊടുക്കുകയോ ചെയ്തിരുന്നില്ല. അങ്ങിനെ ജനുവരി മുപ്പതിന്, ആരാലും പിടിക്കപ്പെടാതെ, സാധാരണ വേഷത്തില്‍ ബിര്‍ളമന്ദിറിന്റെ ഗേറ്റ് കടന്നുവന്ന നാഥുറാം ഗോഡ്‌സെയാണ് പോയിന്റ് ബ്ലാങ്കില്‍ ആ ജ്ഞാനവൃദ്ധന്റെ നെഞ്ചകം തകര്‍ത്തത്.
രണ്ടാമത്തെ ദൗത്യത്തിനായി ഡല്‍ഹിയിലെത്തിയ സംഘം അനുയോജ്യമായ ആയുധം സംഘടിപ്പിച്ചത് ഗ്വാളിയോറിലെ ഹോമിയോ ഡോക്ടര്‍ ആയിരുന്ന ദത്താത്രേയ പര്‍ചുരെയില്‍ നിന്നാണ്. പര്‍ച്ചുരെ പിടിക്കപ്പെെട്ടങ്കിലും, അപ്പീല്‍ കോടതി അയാളെ കുറ്റവിമുക്തനാക്കി. ആ ഇറ്റാലിയന്‍ നിര്‍മ്മിതമായ ബാറെറ്റ പിസ്റ്റ്‌ളിന്റെ ഉറവിടത്തെക്കുറിച്ച് ഒരു അന്വേഷണവും ഉണ്ടായില്ല. അതുമല്ല, ഒരു കൊലപാതകത്തിലെ ഏറ്റവും നിര്‍ണായകമായ ആയുധവുമായി ബന്ധപ്പെട്ടു ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടുമില്ല. പര്‍ച്ചുരെക്ക് രക്ഷപ്പെടാന്‍ ആവശ്യമായ പഴുതുകളുമായാണ് കുറ്റപത്രം തന്നെ തയ്യാറാക്കപ്പെട്ടത്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം മാപ്പുസാക്ഷിയാക്കപ്പെട്ട കള്ളസന്ന്യാസിയും, ഇവര്‍ക്ക് ആയുധങ്ങള്‍ സംഘടിപ്പിച്ചു നല്‍കിയ ആയുധ കള്ളക്കടത്തുകാരനുമായ ദിഗംബര്‍ ബാട്‌ജെയുടെ കാര്യമാണ്. ജനുവരി 20ന്റെ  പരാജയപ്പെട്ട ദൗത്യത്തില്‍, ഗാന്ധിജിക്ക് നേരെ നിറയൊഴിക്കാന്‍ തീരുമാനിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു അയാള്‍. അതായത് ഗോഡ്‌സേയോടൊപ്പം തൂക്കുമരത്തില്‍ കയറേണ്ട ആള്‍. ഒരു പ്രതിയെ മാപ്പുസാക്ഷിയാക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് ദിഗംബര്‍ ബാട്‌ജെയെ മാപ്പുസാക്ഷിയാക്കിയത്.
അതുപോലെ കുറ്റകൃത്യത്തിനോടൊപ്പം പ്രാധാന്യമുള്ള ഒരുകാര്യമാണ് അതിനുവേണ്ടി ചെയ്യുന്ന സാമ്പത്തിക സഹായങ്ങളും. സാമ്പത്തികമായി അത്രനല്ല നിലയ്‌ക്കൊന്നുമല്ലാതിരുന്ന ഗോഡ്‌സേയും കൂട്ടരും ഈ ദൗത്യത്തുനുവേണ്ടി അക്കാലത്ത് വന്‍തോതില്‍ തന്നെ പണം സംഘടിപ്പിച്ചിരുന്നു. ഗേഡ്‌സേയും ആപ്‌തെയും രണ്ടുപ്രാവശ്യവും ഡല്‍ഹിയിലേക്ക് യാത്രചെയ്തത് വിമാനത്തിലാണ്. ഡല്‍ഹിയില്‍ താമസിച്ചത് നക്ഷത്രഹോട്ടലുകളിലാണ്. എവിടെനിന്നാണവര്‍ക്ക് ഈ പണം കിട്ടിയത്? ആരാണിവരെ സ്‌പോണ്‍സര്‍ ചെയ്തത് എന്ന കാര്യങ്ങളില്‍ ഒരന്വേഷണമോ ചോദ്യങ്ങളോ ഉണ്ടായിട്ടില്ല. 
സ്വാതന്ത്ര്യം ലഭിച്ച ആ ആദ്യമാസങ്ങളില്‍ നിലനിന്നിരുന്ന അരക്ഷിതാവസ്ഥ, വിഭജനം ഉണ്ടാക്കിയ കൊടിയ സാമൂഹ്യ പ്രശ്‌നങ്ങള്‍, അങ്ങിനെയങ്ങിനെ പല പ്രശ്‌നങ്ങളിലും പെട്ട് രാജ്യം നട്ടംതിരിഞ്ഞുകൊണ്ടിരുന്ന അവസ്ഥയില്‍ മാധ്യമങ്ങള്‍ക്കോ പൊതുസമൂഹത്തിനോ ഇതൊന്നും കൂലങ്കഷമായി വിലയിരുത്താന്‍ കഴിയുമായിരുന്നില്ല. മഹാത്മാഗാന്ധി കൊല്ലപ്പെട്ടു, പ്രതികള്‍ പിടിയിലായി, ശിക്ഷിക്കപ്പെട്ടു എന്നതിനപ്പുറത്തേക്ക് ചിന്തിക്കാന്‍ പാകത്തില്‍ സാമൂഹ്യബോധം പക്വത പ്രാപിച്ചിരുന്നുമില്ല. ഈ പഴുതുകളിലൂടയാണ് ഇതിനു പിന്നിലെ തത്പരകക്ഷികള്‍ ബുദ്ധിപൂര്‍വ്വം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതും അവരുടെ അജണ്ട നടപ്പാക്കിയതും.
ഏതൊരു കൊലപാതകക്കേസിലും ആദ്യം ചിന്തിക്കേണ്ട അല്ലെങ്കില്‍ ചിന്തിക്കപ്പെടെണ്ട കാര്യം ഈ കൃത്യത്തിന്റെ ഗുണഭോക്താക്കള്‍ ആരാണ് എന്നതാണ്. ഇങ്ങിനെയൊരു കൊലപാതകം നടക്കേണ്ടത് ആരുടെ ആവശ്യമായിരുന്നു എന്നതാണ്. ആ ചോദ്യത്തില്‍ നിന്നും തുടങ്ങിയാണ് അന്വേഷണം മുന്നേറുന്നതും, കുറ്റവാളികളെ കണ്ടെത്തുന്നതും ശിക്ഷിക്കുന്നതുമെല്ലാം. എല്ലാ സംഭവങ്ങളിലും ഇങ്ങിനെയായിക്കൊള്ളണമെന്നില്ല എങ്കിലും സ്വാഭാവികമായി ഉയരേണ്ട ഈ ചോദ്യങ്ങള്‍ ഗാന്ധിവധത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. ആയുധവുമായി കീഴടങ്ങിയ നാഥുറാം ഗോഡ്‌സെയേയും,  അയാളില്‍ നിന്നും മദന്‍ലാലില്‍ നിന്നും ലഭിച്ച വിവരങ്ങളെ കേന്ദ്രമാക്കി ബാക്കിയെല്ലാ പ്രതികളെയും ദിവസങ്ങള്‍ക്കുള്ളില്‍ നിഷ്പ്രയാസം അറസ്റ്റ് ചെയ്തു. ആദ്യം തന്നെയുണ്ടാക്കിയ കോലാഹലങ്ങളിലൂടെ കൊലപാതകത്തിന് പിന്നിലെ നിഗൂഢതകള്‍ പൊതു ചര്‍ച്ചയില്‍ നിന്നും അതിവിദഗ്ദ്ധമായി ഒഴിവാക്കപ്പെട്ടു.
അങ്ങിനെയൊരു നീചകൃത്യം സംഭവിവിച്ചില്ലായിരുന്നങ്കില്‍, പില്‍ക്കാല ഭാരതത്തിന്റെ ചരിത്രം എങ്ങിനെയൊക്കെ വഴിമാറിയേക്കുമായിരുന്നു എന്നത് കൂടി നാം വിലയിരുത്തേണ്ടതുണ്ട്. സ്വാതന്ത്ര്യലബ്ദ്ധിയോടെ പ്രഖ്യാപിതലക്ഷ്യം കൈവരിച്ച കോണ്‍ഗ്രസ് ഇനി പിരിച്ചുവിടണം എന്ന മഹാത്മാഗാന്ധിയുടെ പ്രഖ്യാപിത നയം നടപ്പായി അക്കാലത്ത് തന്നെ ആ പ്രസ്ഥാനം അസ്തമിക്കുമായിരുന്നു. അതോടൊപ്പം കോണ്‍ഗ്രസ്സിലെ നെഹ്രുകുടുംബാധിപത്യം  കൂടി നാമാവശേഷമാകുമായിരുന്നു. ഭാരതത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നും താനും തന്റെ തലമുറകളും അപ്രസക്തരാകുന്നത് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ജവഹര്‍ലാല്‍ നെഹ്‌റുവും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നെഹ്‌റുപക്ഷക്കാരും തന്നെയാണ് ഗാന്ധിവധത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍. ആ രക്തത്തിന്റെ വിലയായാണ് ഗാന്ധി എന്ന രണ്ടക്ഷരം പില്‍ക്കാല ചരിത്രത്തില്‍ കുടുംബാധിപത്യത്തിന്റെയും എകാധിപത്യത്തിന്റെയും പ്രതീകമായത്.
ഗാന്ധിജി ജീവിച്ചിരുന്നാല്‍ ഏറ്റവുമധികം വെല്ലുവിളി ഉണ്ടാകുമായിരുന്ന ഒരു കൂട്ടരാണ് കമ്മ്യൂണിസ്റ്റുകാര്‍. കമ്മ്യൂണിസ്റ്റു പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന പി.സി.ജോഷിയുമായി  നടത്തിയ കത്തിടപാടുകളും, ഗാന്ധിജിയുടെ രൂക്ഷമായ ചോദ്യങ്ങളില്‍ നിന്നും പി.സി.ജോഷി ഒഴിഞ്ഞുമാറിയതും, അക്കാലത്തെ കമ്മ്യൂണിസ്റ്റു മുഖപത്രങ്ങളില്‍ ഗാന്ധിജിയെ അപഹസിച്ച് വന്ന കാര്‍ട്ടൂണുകളും, എല്ലാം കൂട്ടിവായിച്ചാല്‍ അവര്‍ അക്കാലത്ത് ഏറ്റവും ഭയപ്പെട്ടിരുന്ന വ്യക്തി ഗാന്ധിജിയാണ്  എന്നത് വളരെ വ്യക്തമാണ്. ഗാന്ധിജി ജീവിച്ചിരിക്കുന്ന ഓരോ ദിനവും സ്വതന്ത്ര ഭാരതത്തില്‍ അവരുടെ  മരണമണിയായിരിക്കും എന്ന തിരിച്ചറിവും അവര്‍ക്കുണ്ടായിരുന്നു എന്ന് വേണം ഇന്ന് ചര്‍ച്ചാവിധേയമായിക്കൊണ്ടിരിക്കുന്ന പല യാഥാര്‍ത്ഥ്യങ്ങളും തെളിയിക്കുന്നത്.
കൊലയാളി സംഘത്തിലെ പ്രമുഖരെല്ലാം ഹിന്ദുമഹാസഭയുടെ സജീവപ്രവര്‍ത്തകരായിരുന്നിട്ടും, ആ സംഘടനയുടെ ഒരു പ്രവര്‍ത്തനവും തടയപ്പെടുകയോ നിരോധിക്കപ്പെടുകയോ ചെയ്തില്ല എന്ന് മാത്രമല്ല, അവരോട് സര്‍ക്കാരും കമ്മ്യൂണിസ്റ്റുകളും സ്വീകരിച്ച സമീപനം ഞെട്ടിപ്പിക്കുന്നവിധം അത്ഭുതകരമാണ്.
ഗാന്ധി വധം നടക്കുന്ന സമയത്തെ ഹിന്ദുമഹാസഭ അധ്യക്ഷനായിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി ഏതാനും മാസങ്ങള്‍ക്കകം കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. അതായത് കൊലയാളിസംഘത്തിന്റെ പരമോന്നത നേതാവ് നീതിപീഠത്തിന്റെ തലപ്പത്തേക്ക്.
വിചാരണയുടെ കോലാഹലങ്ങളെല്ലാം കഴിഞ്ഞു അദ്ദേഹം വീണ്ടും ഹിന്ദുമഹാസഭയിലേക്ക് മടങ്ങി. 1952 ലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് ലോകസഭയിലെത്തി. ഗാന്ധിജിയുടെ വത്സലശിഷ്യന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയും അതികായനായ ഏ.കെ.ഗോപാലന്‍ പ്രതിപക്ഷ നേതാവുമായിരുന്ന സഭയില്‍ ഗാന്ധിഘാതകരുടെ നേതാവ് കടന്നുവന്നപ്പോള്‍ ഒരു ശബ്ദവുമുയര്‍ന്നില്ല. അപ്പോഴും  ഗാന്ധിവധത്തിന്റെ പാപഭാരം ആരോപിക്കപ്പെട്ട ആര്‍.എസ്.എസ് പൊതുസമൂഹത്തില്‍ ആസൂത്രിതമായി വേട്ടയാടപ്പെട്ടുകൊണ്ടിരുന്നു.
1957 ലെ പൊതുതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി പിന്നീട് ലോകസഭയിലെത്തുന്നത്,1963ല്‍ കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായാണ്.1967 ആയപ്പോഴേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു കഴിഞ്ഞിരുന്നതിനാല്‍ അദ്ദേഹം ജയിച്ചത് സി.പി.ഐ .എം സ്വതന്ത്രനായാണ്. 1971ല്‍ രോഗം മൂലമുള്ള അവശതയില്‍ രാഷ്ട്രീയം അവസാനിപ്പിക്കുമ്പോള്‍ തന്റെ കിരീടം മകനായ സോമനാഥ് ചാറ്റര്‍ജിക്ക് കൈമാറി. അന്നുവരെ ഒരു രാഷ്ട്രീയ പരിചയവുമില്ലാത്ത സോമനാഥ് ചാറ്റര്‍ജി, നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയുടെ മകന്‍ എന്ന ഒറ്റക്കാരണത്താല്‍ സിപിഎമ്മിന്റെ എം.പിയും നേതാവുമായി. ഇ.എം.എസ്, ജ്യോതിബസു, ഏ.കെ.ജി, രണദിവെ തുടങ്ങിയ അതികായര്‍ വിളങ്ങി നില്‍ക്കുന്ന കാലത്താണ് ഇത് സംഭവിക്കുന്നത്.
നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയോട് സിപിഎമ്മിന് ഇത്രക്കെന്തായിരുന്നു കടപ്പാട്? കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ പ്രതാപകാലത്ത് ഹിന്ദുമഹാസഭയിലെ ഒരു അഭയാര്‍ത്ഥിയെ സ്വീകരിച്ചാനയിക്കേണ്ട എന്ത് ഗതികേടാണ് അവര്‍ക്കുണ്ടായിരുന്നത്? ഒരു ഘട്ടത്തില്‍ പോലും അദ്ദേഹം തന്റെ പൂര്‍വകാല രാഷ്ട്രീയത്തെ തള്ളിപ്പറയുകയോ പശ്ചാത്തപിക്കുകയോ ചെയ്തിട്ടില്ല. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടിയ സോമനാഥ് ചാറ്റര്‍ജിയും സ്വന്തം പിതാവിന്റെ പൂര്‍വ്വാശ്രമ നിലപാടുകളെ ഒരു വാക്കുകൊണ്ട് പോലും വിമര്‍ശിച്ചിട്ടില്ല.
നിര്‍മ്മല്‍ചന്ദ്ര ചാറ്റര്‍ജിക്ക് അറിയാവുന്ന മഹാരഹസ്യങ്ങളെ, അതും മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ടവയെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും നെഹ്രുവും എന്നും  ഭയപ്പെട്ടിരുന്നു എന്നുവേണം ഇതില്‍ നിന്നൊക്കെ അനുമാനിക്കാന്‍. പതിറ്റാണ്ടുകളോളം പാര്‍ലിമെണ്ട് അംഗമായിരുന്ന ഈ മനുഷ്യന്റെ പേരുപോലും ചര്‍ച്ചകളില്‍ നിന്നും വിദഗ്ദ്ധമായി ഒഴിവാക്കപ്പെട്ടതെന്തിനയിരുന്നു എന്നതും, ഇന്ന് ഈ ചോദ്യമുയരുമ്പോള്‍ എന്തിനിവര്‍ ഇത്രക്ക് ഭയാക്രാന്തരാകുന്നു എന്നതും വലിയ ചോദ്യങ്ങള്‍ തന്നെയാണ്.
ചര്‍ച്ചാവിഷയമാകാതെ പോയ മറ്റൊരു പ്രധാനപ്പെട്ട വിഷയം, സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ നിര്‍ണായക സ്ഥാനത്തുള്ള മൌണ്ട് ബാറ്റണ്‍ പ്രഭുവിന്റെ സാന്നിദ്ധ്യമാണ്. ഫലത്തില്‍ നെഹ്രുവിനെ മുന്നില്‍നിര്‍ത്തി ഭരണം നിയന്ത്രിച്ചിരുന്നത് മൗണ്ട് ബാറ്റണ്‍ തന്നെയായിരുന്നു. ഇതില്‍ സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ അത്യന്തം അസന്തുഷ്ടനായിരുന്നു. പട്ടേലിനെ അടുപ്പിക്കാതെ കൈകാര്യം ചെയ്യപ്പെട്ട കാശ്മീര്‍ സമീപനമാണ് ആ മനോഹര താഴ്‌വര ഭൂമിയിലെ ഏറ്റവും പ്രശ്‌നഭരിതമായ പ്രദേശങ്ങളിലൊന്നാക്കിയത്. ആ പ്രശ്‌നം ഐക്യരാഷ്ട്രസഭയിലേക്ക് വലിച്ചിഴക്കരുത് എന്ന പട്ടേലിന്റെ താക്കീത് അവഗണിച്ചാണ്. അക്കാര്യത്തില്‍ ഭാരതം കാട്ടിയത് ഏറ്റവും വലിയ ചരിത്ര വിഡ്ഢിത്തം. ഇതില്‍ പ്രതിഷേധിച്ച് രാജിക്കൊരുങ്ങിയ പട്ടേലിനെ ഗാന്ധിജി അനുനയിപ്പിച്ച ആ ജനുവരി 30 തന്നയാണ് ആ വൃദ്ധഹൃദയത്തിലൂടെ പാഞ്ഞ വെടിയുണ്ടകള്‍ ഭാരതത്തിന്റെ നിയതിയെത്തന്നെ കീഴ്‌മേല്‍ മറിച്ചത്.
അതിനുശേഷം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മൗണ്ട് ബാറ്റണ്‍ ഭാരതം വിടുമ്പോള്‍, സ്വതന്ത്രഭാരതത്തിന്റെ രണ്ടു അതിനിര്‍ണായകമായ പ്രതിലോമ വിധിക്കുറിപ്പുകള്‍ എഴുതപ്പെട്ടുകഴിഞ്ഞിരുന്നു. കാശ്മീര്‍ എന്ന തീരാത്ത തലവേദന, ഈ മഹാരാജ്യത്തിന്റെ മഹാനിയോഗങ്ങളെ പിന്നോട്ടടിച്ച മഹാപാപം, മഹാത്മാഗാന്ധിവധം.
എഴുപത് വര്‍ഷങ്ങള്‍ എന്നത് ഒരു രാഷ്ട്രത്തിന്റെ നൈരന്തര്യത്തില്‍ അത്ര ചെറിയ ഒരു കാലഘട്ടമല്ല. ഈ ലോകത്തിനു വിലപ്പെട്ട പലതും സംഭാവന ചെയ്യേണ്ട ആ ഏഴ് പതിറ്റാണ്ടുകളാണ് നമുക്ക് നഷ്ടപ്പെട്ടത്. അതൊരു ചെറിയ നഷ്ടവുമല്ല. എങ്കിലും കുഴിച്ചുമൂടപ്പെട്ട ശവക്കോട്ടകളില്‍ നിന്നും, കാലത്തിന്റെ തിരശീലകള്‍ ഭേദിച്ച് ചരിത്രസത്യങ്ങള്‍ പുറത്തുവരുന്നു. ഉദിച്ചുയരുന്ന സഹസ്രകിരണങ്ങളെ ഭയന്ന് വിഷജന്തുക്കള്‍ മാളങ്ങള്‍ തേടി പരക്കം പായുന്നു എന്നതൊക്കെ ഈ വൈകിയ വേളയിലും നല്‍കുന്നത് ശുഭസൂചനകള്‍ തന്നയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments