Kesari WeeklyKesari

-ലേഖനം-

സിപിഎം എന്ന ചൈനയുടെ ട്രോജന്‍കുതിര--എ.എന്‍.രാധാകൃഷ്ണന്‍

on 26 January 2018
Kesari Article

യ്യിടെ കായംകുളത്ത് നടന്ന സി.പി.എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അവരുടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു: ''ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്ന കാഴ്ചയാണിപ്പോള്‍. അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന അച്ചുതണ്ട് ഇതിനായി രൂപപ്പെട്ടിട്ടുണ്ട്. ചൈന ഭാരതത്തിന്റെ ഭൂപ്രദേശം കയ്യേറി ആധിപത്യം സ്ഥാപിച്ചപ്പോള്‍ 1962-ല്‍ അതിനെ ന്യായീകരിച്ചത് ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു. ഇന്ന് വിദേശ രംഗത്ത് ഭാരതം അന്നത്തേതിനു സമാനമായ സാഹചര്യമാണ് നേരിടുന്നത്. ചൈന പലവിധത്തിലാണ് ഭാരതത്തിനു നേരെ വളഞ്ഞാക്രമണം നടത്തുന്നത്. അപ്പോഴാണ് ഭാരതം ചൈനയെ വളഞ്ഞാക്രമിക്കുന്നു എന്ന് കോടിയേരി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
അരുണാചല്‍പ്രദേശ് ഉള്‍പ്പെടെ ഭാരതത്തിന്റെ ഭാഗമായ പ്രദേശങ്ങള്‍ തങ്ങളുടെതാണെന്ന് അവകാശപ്പെടുന്ന ചൈന ആ ഭൂപ്രദേശത്തുള്ളവര്‍ക്ക് വിസ നല്‍കാന്‍ തയ്യാറല്ല. അവിടെ നിന്നും ഭാരതം പിന്മാറണമെന്നാണ് അവരുടെ ആവശ്യം. പാകിസ്ഥാനുമായി ചേര്‍ന്ന് ഭാരതത്തിന്റെ ഭൂപരിധിയില്‍ പെട്ട പാക്കധീനകാശ്മീരിലൂടെ ഗ്വാദര്‍ തുറമുഖത്തേക്ക് സാമ്പത്തിക ഇടനാഴിയുണ്ടാക്കിക്കൊണ്ട് ഭാരത സുരക്ഷയ്ക്ക് കനത്ത വെല്ലുവിളിയാണ് ചൈന സൃഷ്ടിച്ചത്. അതിനു പിന്നാലെയാണ് ഭാരതത്തിന്റെ അയല്‍രാജ്യമായ ഭൂട്ടാനിലെ ഡോക്‌ലോം പീഠഭൂമിയിലൂടെ ചൈന അനധികൃതമായി റോഡ് നിര്‍മ്മിക്കാന്‍ തുടങ്ങിയപ്പോള്‍ ഭാരതം തടഞ്ഞതുകൊണ്ട് അവര്‍ പിന്മാറിയത്. ഇസ്രായല്‍ ഇടയ്ക്കിടക്ക് പലസ്തീന്‍ ഭൂപ്രദേശത്ത് കടന്നുകയറാറുള്ളപ്പോഴൊക്കെ ബഹളം വെക്കുകമാത്രമല്ല പോളിറ്റ് ബ്യൂറോകൂടി പ്രമേയം പാസ്സാക്കുകയും പലസ്തീന് സകല പിന്തുണയും നിര്‍ലോഭം പ്രഖ്യാപിക്കുകയും ചെയ്യാറുള്ളവരാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി. ചൈന അരുണാചല്‍പ്രദേശിലേക്ക് കടന്നുകയറ്റം നടത്തിയപ്പോഴും ഡോക്‌ലോം പീഠഭൂമിയില്‍ കയ്യേറ്റം നടത്തിയപ്പോഴും ഇസ്രായല്‍ ചെയ്തപോലുള്ള കടല്‍ കടന്നാക്രമണമാണ് നടത്തിയത്. എന്നാല്‍ സ്വന്തം രാജ്യത്തിനു നേരെയാണ് അക്രമമുണ്ടായത് എന്നതിനാല്‍ ഈ രാജ്യത്തെ സംഘടനകള്‍ നിര്‍ബ്ബന്ധമായും പ്രതിഷേധം അറിയിക്കാനും സര്‍ക്കാരിനൊപ്പം നില്‍ക്കാനും തയ്യാറാകേണ്ടതായിരുന്നു. എന്നാല്‍ സി.പി.എം കനത്ത മൗനം പാലിച്ചത് അവരുടെ കൂറ് ആരോടാണെന്ന് കാണിക്കുന്നു.
അമേരിക്ക പാകിസ്ഥാന് സാമ്പത്തികസഹായം നല്‍കുന്നത് റദ്ദാക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. ഈ വേളയില്‍ പാകിസ്ഥാന് സാമ്പത്തികസഹായം ചെയ്യാന്‍ തയ്യാറായി മുന്നോട്ടുവന്നു ചൈന. ജെയ്‌ഷെ മുഹമ്മദ് എന്ന കൊടും ഭീകരവാദസംഘടനയുടെ തലവനും പത്താന്‍കോട്ട് ഭീകരാക്രമണം പോലുള്ളവയുടെ ആസൂത്രകനുമായ മസൂദ് അസറിനെ കൊടുംഭീകരനായി പ്രഖ്യാപിക്കാന്‍ ഭാരതത്തിന്റെ സമ്മര്‍ദ്ദപ്രകാരം അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും തയ്യാറായി. മാത്രമല്ല ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗണ്‍സിലില്‍ ഭാരതം ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രണ്ടുതവണ പ്രമേയം അവതരിപ്പിച്ചത് തടഞ്ഞുകൊണ്ടു ചൈന പാകിസ്ഥാന്റെ രക്ഷകരായി മാറി. ചൈനയുടെ ഈ ഭാരതവിരുദ്ധ നിലപാടിനെ അപലപിക്കുക എന്നത് ദേശീയബോധമുള്ള പൗരന്മാരും സംഘടനകളും ചെയ്യേണ്ട ധര്‍മ്മമാണ്. എന്നാല്‍ സി.പി.എം ഇവിടെയും അര്‍ത്ഥപൂര്‍ണ്ണമായ മൗനം പാലിച്ചു. പലസ്തീനുവേണ്ടി കാണിക്കുന്ന സ്‌നേഹത്തിന്റെ ഒരംശംപോലും സ്വന്തം നാടിന്റെ സുരക്ഷയുടെ കാര്യത്തില്‍ ഇവര്‍ കാണിച്ചില്ല. 1965-ല്‍ അന്നത്തെ കേന്ദ്രമന്ത്രി ഗുല്‍സാരിലാല്‍ നന്ദ പറഞ്ഞത് ഭാരതത്തെ തകര്‍ക്കാനുള്ള ചൈനീസ് പദ്ധതിയുടെ ഭാഗമാണ് സി.പി.എം. എന്നാണ്. നാല്പതുവര്‍ഷം മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്നും അര്‍ത്ഥവത്താണ് എന്നു കാണിക്കുകയാണ് കോടിയേരിയുടെ ഉദ്ദേശ്യം. രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തില്‍ ഹിറ്റ്‌ലര്‍ പോളണ്ടിനെ ആക്രമിച്ചപ്പോള്‍ ഹിറ്റ്‌ലറുടെ സഖ്യകക്ഷിയായിരുന്ന സ്റ്റാലിന്റെ റഷ്യ പോളണ്ടിനെ പിന്നില്‍ നിന്നാക്രമിച്ച് പിടിച്ചടക്കി. ഇതേ തന്ത്രമാണ് ചൈനയ്‌ക്കൊപ്പം നില്‍ക്കുന്ന സി.പി.എം സ്വീകരിക്കുന്നത്. പാകിസ്ഥാനും ലഷ്‌കര്‍ നേതാവ് ഹഫീസ് മുഹമ്മദ് സയ്യിദും ഭാരതത്തിനെതിരെ ജിഹാദ് പ്രഖ്യാപിച്ചപ്പോള്‍ അവരുടെ മറവില്‍ നിന്നാണ് ചൈന നമ്മെ അക്രമിക്കുന്നത്. അവരുടെ ട്രോജന്‍ കുതിരകളായാണ് സി.പി.എം ഭാരതത്തിനകത്ത് പ്രവര്‍ത്തിക്കുന്നത്. കോടിയേരിയുടെ നിലപാട് സി.പി.എമ്മിന്റെതാണ്. തികഞ്ഞ സാമ്രാജ്യത്വവാദിയും അപകടകാരിയുമായ കിംജോങ് ഉന്നിന്നെ പ്രശംസിച്ച പിണറായി വിജയന്റെ നിലപാടും ഇതേ തരത്തിലുള്ളതാണ്. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന, ദേശദ്രോഹത്തിന്റെ അഞ്ചാം പത്തികളായ ഈ പാര്‍ട്ടിയെ നിയമപരമായി കൈകാര്യം ചെയ്യുകയാണ് വേണ്ടത്.
മനുഷ്യാവകാശം, അഭിപ്രായസ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവയുടെ കുത്തകക്കാരാണ് എന്നവകാശപ്പെടുന്നവരാണ് സി.പി.എം. അവര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നത് ചൈനയുടെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഒപ്പം നില്‍ക്കാനാണ്. ചൈനയെ വളഞ്ഞാക്രമിക്കുന്നു എന്ന് നൊമ്പരപ്പെടുന്നതും അതിനാലാണ്. എന്നാല്‍ മുകളില്‍ സൂചിപ്പിച്ച ഒരു മാനവിക മൂല്യങ്ങള്‍ക്കും ചൈനയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും വില കല്പിക്കുന്നില്ല. ടിയാനെന്‍മെന്‍ ചത്വരത്തില്‍ അവര്‍ ടാങ്കര്‍ കയറ്റികൊന്ന് തീയിട്ട് ചാരമാക്കിയത് പതിനായിരത്തിലധികം ചെറുപ്പക്കാരെയാണെന്ന കണക്ക് ഇയ്യിടെ പുറത്തുവന്നു. 2017 ജൂലായ് 13ന് മരണപ്പെട്ട നോബല്‍ സമ്മാനജേതാവും സാഹിത്യവിമര്‍ശകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ, ചൈനീസ് നെല്‍സണ്‍ മണ്ടേല എന്നറിയപ്പെടുന്ന ലിയു സിയാവോബോയെ പതിനൊന്നു വര്‍ഷമാണ് ജയിലിലിട്ടത്. അദ്ദേഹത്തിന്റെ ഭാര്യയും കവയിത്രിയുമായ ലിയുസിയാ ജയിലിലാണ്. ഇതുപോലെ എത്രയെത്ര മനുഷ്യാവകാശപ്രവര്‍ത്തകരും സ്വതന്ത്രചിന്തകരും പത്രക്കാരുമൊക്കെ ചൈനീസ് ജയിലിലുണ്ട്. അവര്‍ക്കാര്‍ക്കെങ്കിലും വേണ്ടി സി.പി.എം. ഒരു പ്രമേയം പാസ്സാക്കുകയോ നേതാക്കള്‍ പ്രസംഗിക്കുകയോ ചെയ്തിട്ടുണ്ടോ? ചൈനയുടെ ട്രോജന്‍ കുതിരകള്‍ക്ക് സ്വന്തമായ അഭിമാനമോ മനസ്സോ ഇല്ല. ചൈനീസ് എംബസിയില്‍ നിന്നും സ്ഥിരമായി ഉപഹാരങ്ങള്‍ സ്വീകരിച്ച് അവരുടെ അഞ്ചാം പത്തികളായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്ത് രാജ്യസ്‌നേഹം? എന്ത് ദേശാഭിമാനം? ചൈനീസ് എംബസിയില്‍ നിന്നും മാര്‍ക്‌സിസ്റ്റു നേതാക്കള്‍ക്ക് ഉപഹാരങ്ങള്‍ എത്താറുണ്ട് എന്നത് കുറച്ചു നാള്‍ മുമ്പാണ് വാര്‍ത്തയായത്.
(ലേഖകന്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.)

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments