Kesari WeeklyKesari

മുഖപ്രസംഗം

അഞ്ചാംപത്തികളുടെ ജല്പനങ്ങള്‍

on 26 January 2018

സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ ഇത്തവണ വാര്‍ത്തകളില്‍ ഇടംപിടിച്ചത് രണ്ട്  പ്രമുഖ നേതാക്കളുടെ രാജ്യദ്രോഹ പ്രസംഗങ്ങള്‍ കൊണ്ടാണ്. ചൈനയേക്കാള്‍ മികച്ച രീതിയില്‍ അമേരിക്കയെ നേരിടുന്നത് ഉത്തര കൊറിയയാണെന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ്ങ് ഉന്നിനെ പുകഴ്ത്തിയപ്പോള്‍ മാതൃകാപരമായ സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയാണ് ഉത്തര കൊറിയ കെട്ടിപ്പടുക്കുന്നതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വ്യാഖ്യാനം. അതോടൊപ്പം അമേരിക്കയും ഇന്ത്യയും ആസ്‌ത്രേലിയയും ജപ്പാനും ചേര്‍ന്ന അച്ചുതണ്ട് രൂപപ്പെട്ടുവരികയാണെന്നും ഇവര്‍ ചൈനയെ വളഞ്ഞിട്ട് അക്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു. ഭാരതത്തിന്റെ വിദേശനയത്തിന് പ്രതികൂലവും രാജ്യതാല്പര്യത്തിനു വിരുദ്ധവുമായ ഈ പ്രസ്താവനകള്‍ കേവലം അഞ്ചാംപത്തികളുടെ ജല്പനങ്ങളായി കണ്ട് തള്ളിക്കളയാന്‍ കഴിയുന്നതല്ല.
ജനാധിപത്യത്തിന്റെ സുഖസൗകര്യങ്ങള്‍ അനുഭവിച്ചുകൊണ്ട് ഏകാധിപത്യത്തെ പുകഴ്ത്തുന്ന ഈ ഇരട്ടത്താപ്പ് കമ്മ്യൂണിസ്റ്റുകളുടെ മുഖമുദ്രയാണ്. ഭാരതത്തിന്റെ ജനാധിപത്യ കാലാവസ്ഥയില്‍ സ്വന്തം ഏകാധിപത്യമോഹങ്ങള്‍ക്ക് ചിറക് വിടര്‍ത്താന്‍ കഴിയാത്തതുകൊണ്ടു മാത്രമാണ് ഇവര്‍ ജനാധിപത്യ വിശ്വാസികളായി തുടരുന്നത്. ഇന്ന് ലോകത്തിന്റെ മുന്നില്‍ ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണിയായിത്തീര്‍ന്നിട്ടുള്ള  ഉത്തര കൊറിയയെയും ചൈനയെയും പിന്തുണക്കുക വഴി സ്വന്തം ഉള്ളിലിരിപ്പ് പ്രകടിപ്പിക്കുകയാണ് ഈ നേതാക്കള്‍. ഭാരതത്തിലും അസ്തമിച്ചുകൊണ്ടിരിക്കുന്ന കമ്മ്യൂണിസത്തിന്റെ കരിന്തിരിയില്‍ നിന്നുള്ള ദുര്‍ഗന്ധമാണ് ഇവരുടെ വാക്കുകളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകളെല്ലാം നടന്നിട്ടുള്ളത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണ്. ഇരുപതാം നൂറ്റാണ്ടില്‍ കമ്മ്യൂണിസത്തിന്റെ പേരില്‍ അധികാരത്തേര്‍വാഴ്ച നിലവില്‍ വന്ന രാജ്യങ്ങളിലെല്ലാം ജനങ്ങള്‍ കൊടിയ നരപീഡനത്തിന് ഇരയായിട്ടുണ്ട്. തൊണ്ണൂറുകളുടെ ആരംഭത്തില്‍ സോവിയറ്റ് യൂണിയനില്‍ ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും വന്നശേഷം മോസ്‌കോ നഗരത്തിന്റെ തെരുവീഥികളില്‍ രക്തം കട്ടയാകുന്ന കൊടും മഞ്ഞില്‍ റൊട്ടി ക്കും പാലിനും വേണ്ടി ജനം ക്യൂ നില്‍ക്കുന്ന കാഴ്ച ടെലിവിഷനില്‍ കണ്ട് ലോകം ഞെട്ടിയിട്ടുണ്ട്. 1917ലെ റഷ്യന്‍ വിപ്ലവത്തിനുശേഷം കൃഷിഭൂമി ഒന്നടങ്കം സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ അതിനെതിരെ പോരാടിയ 'കുലാക്കുകള്‍' എന്നറിയപ്പെടുന്ന ലക്ഷക്കണക്കിന് കര്‍ഷകരെ ലെനിന്റെ ചെമ്പട നിര്‍ദ്ദയം കൊ ന്നൊടുക്കിയതായി നാം വായിച്ചിട്ടുണ്ട്. ചൈനയും ഉത്തരകൊറിയയുമടക്കം കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ നിലവില്‍ വന്ന രാജ്യങ്ങളിലെല്ലാം ഇത്തരം കൂട്ടക്കൊലകള്‍ നടന്നിട്ടുണ്ട്. ഇതിനെയൊന്നും ഒരിക്കല്‍പോലും അപലപിക്കാതെ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ കഴിയാത്ത 'മധുരമനോഹര ലോകത്തെ' ഇന്നും ആരെങ്കിലും പാടിപ്പുകഴ്ത്തുന്നുണ്ടെങ്കില്‍ അവരെ സൂക്ഷിക്കുക തന്നെ വേണം.
ഭാരതത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ എന്നും വിദേശരാജ്യങ്ങളിലേക്ക് നോക്കിയാണ് സ്വന്തം നയത്തിന് രൂപം നല്‍കിയിരുന്നത്. മാതൃഭൂമിയോട്  ഏതൊരു ജനതക്കും സ്വാഭാവികമായുണ്ടാകുന്ന സ്‌നേഹമോ രാജ്യതാല്പര്യമോ ഒരിക്കലും അവരുടെ നയങ്ങളില്‍ ഉണ്ടായിരുന്നില്ല. ഭാരതം ശക്തമാകുന്നതിനെ ഇവര്‍ ഒരിക്കലും അനുകൂലിച്ചിട്ടില്ല. നമ്മുടെ സൈന്യത്തിന്റെ വിജയങ്ങളെയെല്ലാം 'സ്വന്തം' പരാജയങ്ങളായാണ് ഇക്കൂട്ടര്‍ കണ്ടത്. 1962-ല്‍ ചൈന ഏകപക്ഷീയമായി ഭാരതത്തെ ആക്രമിച്ച് ഭാരതത്തിന്റെ അനേകായിരം ഹെക്ടര്‍ പ്രദേശം സ്വന്തമാക്കിയപ്പോള്‍ പരസ്യമായി ചൈനയുടെ പക്ഷം പിടിച്ചവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. ഇന്ത്യ ഇന്ത്യയുടെതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന പ്രദേശം എന്ന് വിശേഷിപ്പിച്ച അന്നത്തെ സി.പി.എം. നേതാവ് ഇ.എം.എസ്സിന്റെ കുപ്രസിദ്ധമായ പ്രസ്താവന പറഞ്ഞുപറഞ്ഞ് തേയ്മാനം വന്ന ഒരു പ്രയോഗമാണ്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ സ്വന്തം 'നോട്ടം' പിഴച്ച കമ്മ്യൂണിസ്റ്റുകള്‍ കമ്മ്യൂണിസത്തിന്റെ ഒരു സാര്‍വ്വദേശീയ മാതൃകയില്ലാതെ ഇപ്പോള്‍ മുതലാളിത്ത സമ്പദ് വ്യവസ്ഥ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ചൈനയി ലേക്കും കുടുംബവാഴ്ച അരക്കിട്ടുറപ്പിക്കുന്ന ഉത്തര കൊറിയയിലേക്കും നോക്കി കാലം കഴിക്കുകയാണ്.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലുണ്ടായ പുരോഗതികളെല്ലാം ജനങ്ങള്‍ക്കു നിഷേധിക്കുന്ന രണ്ടു രാജ്യങ്ങളാണ് ചൈനയും ഉത്തരകൊറിയയും. ലോകത്തെ മിക്ക രാജ്യങ്ങളും സാമൂഹ്യമാധ്യമങ്ങളുടെ സഹായത്താല്‍ അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസ്സില്‍ പാറി നടക്കുമ്പോള്‍ ഇവിടെ ഇന്നും ജനങ്ങള്‍ വലിയ സൈനിക തടങ്കല്‍ പാളയത്തിലെന്നതുപോലെ ജീവിക്കുകയാണ്. ഉത്തര കൊറിയയില്‍ സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണവും സര്‍ക്കാര്‍ ചാനലില്‍ വരുന്ന വാര്‍ത്തകളും അനുഭവിക്കാനേ ജനങ്ങള്‍ക്ക് യോഗമുള്ളൂ. ചൈനയിലാകട്ടെ പരിമിതമായ രീതിയില്‍ ഇന്റര്‍നൈറ്റ് സ്വാതന്ത്ര്യം നല്‍കുന്നുണ്ടെങ്കിലും അത് ആ രാജ്യത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങി നില്‍ക്കുന്നു. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയവയെല്ലാം ഇന്നും അവര്‍ക്ക് അപ്രാപ്യമാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി പ്രക്ഷോഭം നടത്തിയ പതിനായിരത്തിലധികം വിദ്യാര്‍ത്ഥികളെ ടിയാനെന്‍മെന്‍ ചത്വരത്തില്‍ ടാങ്ക് കയറ്റി കൊന്നൊടുക്കിയ രാജ്യമാണ് ചൈന.
ഒരു പ്രത്യയശാസ്ത്രം എന്ന നിലയ്ക്ക് കമ്മ്യൂണിസത്തിന് ആധുനിക ലോകത്തില്‍ വലിയ പ്രസക്തിയൊന്നുമില്ല. സിദ്ധാന്തത്തിലും പ്രയോഗത്തിലുമുള്ള അതിന്റെ  പരാജയത്തെക്കുറിച്ച് നിരവധി പഠനഗ്രന്ഥങ്ങള്‍ ഇതിനകം പുറത്തിവന്നിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്ത എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ ആര്‍തര്‍ കെയ്സ്ലര്‍ കമ്മ്യൂണിസത്തെ ആധികാരികമായി പഠിച്ച വ്യക്തിയായിരുന്നു. ഒടുവില്‍ കമ്മ്യൂണിസമുപേക്ഷിച്ച് ആത്മീയതയില്‍ അഭയം തേടിയ അദ്ദേഹം കേരളത്തിലെ  ആദ്യ കമ്മ്യൂണിസ്റ്റു മന്ത്രിസഭയുടെ കാലത്ത് ഇവിടം സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ അഭിപ്രായം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നുകക്കീഴില്‍ സ്വതന്ത്രചിന്തയ്ക്കും ദേശസ്‌നേഹത്തിനും അവസരമില്ലാത്ത കഴിയുന്ന ജനാധിപത്യവിശ്വാസികള്‍ക്ക് ഒരു പാഠമാകേണ്ടതാണ്. ''ശുദ്ധജല തടാകത്തില്‍ പോകുന്നതു പോലെയാണ് ഞാന്‍ കമ്മ്യൂണിസത്തിലേക്കെത്തിയത്. എന്നാല്‍ ഞാന്‍ കമ്മ്യൂണിസത്തെ ഉപേക്ഷിച്ചത്, മുങ്ങിമരിച്ചവരുടെ ജഡങ്ങളും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ നഗരങ്ങളും ചിതറിക്കിടക്കുന്ന വിഷലിപ്തമായ പുഴയില്‍ നിന്ന് ഒരാള്‍ പുറത്തു വരുന്നതുപോലെയായിരുന്നു.''
സോവിയറ്റ് യൂണിയനുശേഷം അമേരിക്കയും തകര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചൈന സാമ്രാജ്യത്വമോഹവുമായി ലോകനേതൃത്വത്തിലേക്കുയരാന്‍ ശ്രമിക്കുന്നത്. ഇതിന് ഏറ്റവും തടസ്സം, അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെയും സൈനിക ശക്തിയുടെയും ഉടമയായ ഭാരതമാണെന്ന് ചൈനക്കറിയാം. അതുകൊണ്ട് ഏതുവിധത്തിലും ഭാരതത്തെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് അവര്‍ക്കുള്ളത്. 'ഒരു റോഡ് ഒരു ബല്‍റ്റ്' എന്ന സ്വപ്നപദ്ധതിയുമായി ചൈനീസ് പ്രസിഡന്റ് ഷി ചെന്‍പിങ് ലോകത്തിലെ 90 രാജ്യങ്ങളുമായി വ്യാപാരബന്ധങ്ങള്‍ സ്ഥാപിക്കുകയും ഇടപാടുകളിലെല്ലാം ചൈനയുടെ മേല്‍ക്കോയ്മ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. അമേരിക്ക പാകിസ്ഥാനെ ചതിയനെന്നു വിളിച്ചുകൊണ്ട് സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ചൈന പിന്തുണയുമായി ഓടിയെത്തിയത് ഭാരതത്തെ തകര്‍ക്കുകയെന്ന രണ്ടു കൂട്ടര്‍ക്കുമുള്ള പൊതുലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഭാരതത്തിന്റെ കമ്പോളത്തില്‍ ഇപ്പോഴും ചൈനീസ് ഉല്പന്നങ്ങള്‍ വന്നു നിറയുന്നുണ്ട്. കുട്ടികളുടെ കളിപ്പാട്ടവും ഗുണനിലവാരം കുറഞ്ഞ മറ്റ് ഉല്പന്നങ്ങളും കുറഞ്ഞ കൂലികൊടുത്ത് ചൈനയിലെ തൊഴിലാളികളെ കൊണ്ട് ഉണ്ടാക്കിക്കുന്നവയാണ്. ഭാരത സര്‍ക്കാര്‍ ചൈനീസ് ഉല്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ച് അതിന്റെ കടന്നുവരവിനെ ചെറുക്കാന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം വിലയില്‍ വര്‍ദ്ധനയുണ്ടായിട്ടും അത് തിരിച്ചറിയാതെ ചൈനീസ് ഉല്പന്നങ്ങള്‍ വാങ്ങുന്ന പൊതുജനങ്ങള്‍ ഇതിന്റെ പിന്നിലുള്ള ചൈനയുടെ ആസൂത്രിത നീക്കങ്ങള്‍ കാണാതെ പോകരുത്.
സിക്കിം അതിര്‍ത്തിയോടു ചേര്‍ന്നുള്ള ദോക് ലാമില്‍ ചൈന വന്‍ യുദ്ധസന്നാഹങ്ങള്‍ നടത്തിവരുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ഭാരതവും ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പിലാണെന്ന് കരസേനാ മേധാവിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതേ സമയത്ത് നടന്ന അഗ്നി 5 ഭൂഖണ്ഡാന്തര മിസൈലിന്റെ വിക്ഷേപണ വിജയം ഭാരത ത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. എല്ലാ നിലയിലും ഭാരതത്തെ തകര്‍ക്കാന്‍ ചൈനയും പാകിസ്ഥാനും ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരെ സഹായിക്കുന്ന തരത്തില്‍ പ്രസ്താവനയിറക്കുന്ന രാജ്യദ്രോഹശക്തികളെ നിലയ്ക്ക് നിര്‍ത്തേണ്ടത് ഒരു ജനാധിപത്യ രാജ്യത്തിന്റെ അവകാശവും അധികാരവുമാണ്. ഇക്കാര്യത്തില്‍ പൊതുസമൂഹവും അങ്ങേയറ്റത്തെ ജാഗ്രത പാലിക്കേണ്ടതുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

1 Comments

Avatar
ഭാസ്കരന്‍ വേങ്ങര
16 hours 5 minutes ago

സമകാലീന കമ്യൂണിസത്തിന്‍റെ ഏറ്റവും വലിയ ബലഹീനത, അത് കാപ്പിറ്റലിസ ത്തെക്കാള്‍ വലിയ മൂലധന ഉടമളുടെത് ആയി തീര്‍ന്നിരിക്കുന്നു എന്നതാണു. കമ്യൂണിസത്തിന്റെ കാതല്‍, ചൂഷണ രഹിത സമ്പദ്വ്യവസ്ഥ ആണ്. അതായത്, കമ്യൂണിസ്റ്റ് ഭാഷയില്‍ പറഞ്ഞാല്‍, ലാഭം എന്നാല്‍ അധ്വാനം +മുടക്ക് മുതല്‍ + തേയ്മാനം എന്നിവ കഴിച്ചു ഉല്‍പ്പന്നത്തിനു കിട്ടുന്ന വിലയില്‍ ഉള്ള വ്യത്യാസം ആണ്. അത് കമ്യൂണിസ്റ്റ് ഭാഷയില്‍ തൊഴിലാളിക്ക് അവകാശപ്പെട്ടതാണ്. ഇവിടെ ലാഭം കൂട്ടാന്‍ വേണ്ടി അധ്വാനശേഷിയുടെ മൂല്യം കുറച്ചാണ് ചൈനയിലും മറ്റും കമ്പോളം നിലനില്‍ക്കുന്നത്. ലോകമെമ്പാടും ചൈനീസ് ഉല്‍പ്പനങ്ങള്‍ വില കുറച്ചു ലഭിക്കുന്നത്, അവര്‍ തൊഴിലാളികളുടെ അവകാശം നിഷേധിച്ചു തൊഴിലാളിക്ക് കുറഞ്ഞ കൂലി കൊടുത്ത്, തൊഴിലാളിയെ വഞ്ചിച്ചു കൊണ്ടാണ്. അല്ലാതെ, അസംസ്കൃത വസ്തുക്കള്‍ കുറഞ്ഞ വിലക്ക് കിട്ടുന്നത് കൊണ്ടോ, സാങ്കേതിക രംഗത്ത് അവര്‍ ബഹുദൂരം മുന്നോട്ട് പോയത് കൊണ്ടോ അല്ല. അതായത്, പച്ചയായ തൊഴിലാളി ചൂഷണം ആണ് ചൈനയിലും മറ്റും നടക്കുന്നത്. അതും, മുതലാളിത്ത രാജ്യങ്ങളെ കവച്ചു വെച്ച് കൊണ്ട്. പിന്നെ എന്ത് കമ്യൂണിസത്തെ കുറിച്ചാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ വാചാലരാകുന്നത്? അല്ലെങ്കില്‍ തന്നെ, സമകാലിക സംഭവവികാസങ്ങള്‍ തന്നെ സൂചിപ്പിക്കുന്നത്, കുടുംബ വാഴ്ചയുടെ വഴിയിലേക്ക് തിരിയുന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ മക്കള്‍ രാഷ്ട്രീയത്തിലൂടെ കമ്യൂണിസ്റ്റ് സിദ്ധാന്തത്തിനു തന്നെ കളങ്കമായി തീരുന്ന മൂലധന ശക്തികള്‍ ആയി രൂപ പരിണാമം കൊള്ളുന്ന നേര്കാഴ്ച്ചകള്‍ക്ക് നാം ദൃക്സാക്ഷികള്‍ ആയിക്കൊണ്ടിരിക്കയാനല്ലോ! പിന്നെന്തു കമ്യൂണിസം? ആരെ പറ്റിക്കാന്‍? എത്ര കാലം ഈ വഞ്ചന തുടരാനാകും? കോട്ടയത്ത് എത്രാ മത്തായിമാര്‍ ഉണ്ടെന്നു ചോദിച്ചപോലെ കംയൂനിസ്ടുകളില്‍ എത്ര കമ്യൂണിസ്റ്റുകള്‍ ഉണ്ട് എന്ന് അന്വേഷിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു!