Kesari WeeklyKesari

ബാലഗോകുലം

കുട്ടുവിന്റെ അന്ത്യയാത്ര

on 06 January 2018

കാലം കടന്നുപോയി. ഒരുനാള്‍ രാവിലെ ഉണര്‍ന്ന അയാള്‍ക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു. എങ്ങിനെയോ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങളൊക്കെ കഴിച്ച് അയാള്‍ ഉമ്മറത്ത് ചാരുകസേരയില്‍ വന്നിരുന്നു. കുറെനേരം ഇരുന്ന് മടുത്ത അയാള്‍ ഒന്ന് മുറ്റത്തേക്ക് ഇറങ്ങി. മുറ്റത്തെക്കിറങ്ങിയ അയാള്‍ക്ക് പെട്ടെന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു, ഒരു തല ചുറ്റലും. നെഞ്ചിനകത്ത് നിന്നും കൊളുത്തിപ്പിടിക്കുന്ന വേദന. കൈകാലുകള്‍ തളരും പോലെ. ദേഹം ഭാരം കുറഞ്ഞ് ഒരു പഞ്ഞിക്കെട്ടുപോലെ പാറി നടക്കുന്ന പോലെ. പെട്ടെന്ന് തന്നെ ക്ഷീണം അനുഭവപ്പെട്ട് അയാള്‍ തലചുറ്റി വീഴുകയും ചെയ്തു. കൂടെയുണ്ടായിരുന്ന കുട്ടുവിന്റെ കുരകേട്ട് ചെന്നുനോക്കിയപ്പോള്‍ ആണ് ശ്രീമതി നിലത്ത് വീണു കിടന്നു ഞരങ്ങുന്ന അയാളെക്കണ്ടത്. നെറ്റിപൊട്ടി ചോര ഒഴുകുന്നുണ്ടായിരുന്നു. ആരെങ്കിലും ഓടി വരണേ... അവര്‍ ഉറക്കെ നിലവിളിച്ചു. അവരുടെ നിലവിളികേട്ട് ഓടിവന്ന കുട്ടനും അയല്‍ക്കാരും മറ്റും ചേര്‍ന്ന് അയാളെ ആശുപത്രിയിലെത്തിക്കാന്‍ കാറില്‍ കയറ്റി. എന്നാല്‍ വഴിയില്‍ നിന്നുതന്നെ  ഭാര്യയുടെ മടിയില്‍ തലവച്ച് കിടന്നിരുന്ന അയാളുടെ ശരീരം പെട്ടെന്ന് ഒന്ന് വലിഞ്ഞു നിവരുകയും ദൃഷ്ടികള്‍ മേലോട്ട് പോവുകയും ശ്വാസം നിലക്കുകയും ചെയ്തു. അങ്ങിനെ രംഗബോധമില്ലാത്ത ആ കോമാളിയുടെ കൂടെ അയാള്‍ ഇറങ്ങിപ്പുറപ്പെട്ടു.
അയാളുടെ ജഡവുമായി വന്ന ആംബുലന്‍സ് ഉമ്മറത്തെത്തി. ജഡം ഇറക്കിക്കിടത്തി. അയാള്‍ ദിവസവും ചാരുകസേരയില്‍ ഇരിക്കുമായിരുന്ന സ്ഥലത്ത് തലക്കല്‍ ഒരു വിളക്ക് കൊളുത്തിവച്ച് അയാളെ കിടത്തി. മുഖത്ത് ചെറിയ ഒരു പുഞ്ചിരിയോടെ നെറ്റിയില്‍ ഭസ്മക്കുറി തൊട്ട് അയാള്‍ നിശ്ചേഷ്ടനായി കിടന്നു.
2-3 മണിക്കൂറിനുള്ളില്‍ എത്താനുള്ളവരെല്ലാം എത്തിയതിനാല്‍ എടുക്കാന്‍ താമസമൊന്നും വേണ്ട എന്നായിരുന്നു കാരണവന്മാരുടെ അഭിപ്രായം. അതിനാല്‍ ശവദാഹം, ഐവര്‍മഠത്തില്‍ ഏര്‍പ്പാട് ചെയ്യാന്‍ തീരുമാനമായി.
കുട്ടുവാകട്ടെ നിശ്ശബ്ദനായി ഇതെല്ലാം കണ്ടു നിന്നു. പിന്നെ പതുക്കെ ആര്‍ക്കും ഒരു ശല്യമാകാതെ ഒരു മുക്കില്‍ ചുരുണ്ട് കൂടിക്കിടന്നു. എല്ലാം മനസ്സിലായമട്ടില്‍ ഇടയ്ക്കു ദയനീയമായി ഒന്ന് തലപൊക്കി നോക്കി.
അയാളുടെ ജഡം കൊണ്ടുപോകുവാന്‍ ആംബുലന്‍സ് വന്നപ്പോള്‍ അവന്‍ എഴുന്നേറ്റു നിന്നു. പിന്നെ തിരിച്ചുവന്ന് തന്റെ സ്ഥാനത്ത് കിടന്നു.
രാത്രിയായപ്പോഴേക്കും അയാളെ കൊണ്ടുപോയവര്‍ എല്ലാം തിരിച്ചുവന്നു. ആരോ ഒരാള്‍ കുറച്ചു ഭക്ഷണം അവനും കൊണ്ടുകൊടുത്തു. എന്നാല്‍ അത് തൊട്ടുനോക്കുവാന്‍ പോലും അവന്‍ മിനക്കെട്ടില്ല.
ദിവസങ്ങള്‍ കടന്നുപോയി. മകന് ലീവ് കമ്മിയായതിനാല്‍ പതിനാറിന് നടത്തേണ്ട ചടങ്ങുകള്‍ എല്ലാം നേരത്തെയാക്കി. എല്ലാം പൂര്‍ത്തിയാക്കി എല്ലാവരും പോയപ്പോള്‍ വീട്ടില്‍ ശ്രീമതിയും കൂട്ടിന് അവരുടെ ഒരു വേലക്കാരിയും പിന്നെ കുട്ടുവും മാത്രമായി ബാക്കി.
അന്ന് അയാളുടെ മരണത്തിനുശേഷമുള്ള പതിനാറാമത്തെ ദിവസമായിരുന്നു. യഥാര്‍ത്ഥത്തില്‍ അയാളുടെ മരണാനന്തര ചടങ്ങുകള്‍ നടക്കേണ്ട ദിവസം. ശ്രീമതി ഓരോരോ കാര്യങ്ങള്‍ ഓര്‍ത്തുകൊണ്ട് ഉമ്മറത്തിരുന്നു. വേലക്കാരി അടുക്കളയില്‍ എന്തോ പണികളിലാണ്. അപ്പോള്‍ പെട്ടെന്ന് ആകാശത്ത് മേഘങ്ങള്‍ ഉരുണ്ടുകൂടി. കാതടപ്പിക്കുന്ന തരത്തില്‍ ഇടിനാദം മുഴങ്ങി. പെട്ടെന്ന് തന്നെ കാറ്റോടുകൂടി മഴ പെയ്യാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ സ്വിച്ച് ഓഫ് ആക്കിയ പോലെ മഴ നിന്നു. ചെറിയ ഒരു പോക്ക് വെയില്‍ പടര്‍ന്നു. അപ്പോള്‍ ദൂരെ പാതയില്‍ നിന്നും കുറെ ആളുകളുടെ ആരവം കേട്ടു. പഴയപോലെ നായ്ക്കളെ പിടിക്കുവാന്‍ ഇറങ്ങിയ ഒരു സംഘം ആയിരുന്നു അത്. ചുരുണ്ട് കിടന്നിരുന്ന കുട്ടു പെട്ടെന്ന് എഴുന്നേറ്റ് നിന്നു. പിന്നെ എന്തോ ഉറപ്പിച്ചപോലെ അവന്‍ നേരെ റോഡിലേക്ക് ഇറങ്ങി ചെന്നു. പിറകില്‍ നിന്നും വിളിച്ച ശ്രീമതിയെ ഒന്ന് തിരിഞ്ഞു നോക്കി അവന്‍ നേരെ മുന്നോട്ടു തന്നെ നടന്നു. കുട്ടുവിന്റെ കഴുത്തിലെ ബെല്‍റ്റിന്റെ ബക്കിള്‍ സായന്തന വെയിലില്‍ തിളങ്ങി. ദൂരെ നിന്നും നായ പിടുത്തക്കാരുടെ ആരവം മുഴങ്ങി. അത് അടുത്തേക്ക് വരുന്നത് പോലെ തോന്നിച്ചു.
(അവസാനിച്ചു)

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments