Kesari WeeklyKesari

ഇതുകേട്ടില്ലേ?

മൗലാനാ പറഞ്ഞതും പിണറായി പറഞ്ഞതും

on 06 January 2018

അറബ് രാജ്യങ്ങളേക്കാള്‍ മുസ്ലീങ്ങള്‍ സുരക്ഷിതര്‍ മോദി ഭരിക്കുന്ന ഭാരതത്തിലാണെന്ന് ഇസ്ലാമിക പണ്ഡിതനും ഓള്‍ ഇന്ത്യ ജമീയത്തുള്‍ അഹ്‌ലെ ഹദീസ് പ്രസിഡന്റുമായ മൗലാനാ അസ്ഗര്‍ അലി ഇമാം മെഹ്തി അസ്സാലഫി. ഡിസംബര്‍ 28ന് മലപ്പുറം ജില്ലയിലെ കൂരിയാട്ട് മുജാഹിദ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്നേദിവസം തൃപ്രയാറില്‍ സി.പിഎമ്മിന്റെ തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ സംസ്ഥാന പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ പറഞ്ഞത് ഭാരതത്തില്‍ മുസ്ലിങ്ങള്‍ക്ക് ഒരു രക്ഷയുമില്ലെന്നാണ്. മൗലാനാ അസ്ഗര്‍ അലി ഇമാം വിശദമായി പറയുന്നതിങ്ങനെ: 'ഭാരതത്തിലെ മുസ്ലീങ്ങള്‍ ലോകത്തെ മറ്റേതു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളേക്കാളും സമാധാനവും സുസ്ഥിരതയും അനുഭവിക്കുന്നവരാണ്. ഭക്ഷണം, വസ്ത്രം, ചിന്ത, വിശ്വാസം എന്നീ പേരുകളില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നവരെ സര്‍ക്കാര്‍ പിന്തുണയ്ക്കരുത്. രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് തുരങ്കം വെക്കുന്നവരെ ഒറ്റപ്പെടുത്താന്‍ നാം ശ്രമിക്കണം.'
ഇവിടെ മുസ്ലീങ്ങള്‍ അരക്ഷിതരാണെന്ന പ്രചരണം വഴി മുസ്ലീങ്ങളില്‍ ഭീതി പരത്തി ബഹുസ്വരതയ്ക്ക് തുരങ്കം വെക്കുന്നത് മാര്‍ക്‌സിസ്റ്റുകാരാണെന്ന് പിണറായിയുടേയും കോടിയേരിയുടേയും വാക്കുകളില്‍ നിന്ന് വ്യക്തം. ബീഫ് ഫെസ്റ്റ് നടത്തിയും മുത്തലാഖിനു വേണ്ടി വാദിച്ചും മുസ്ലീം ഭീകരര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ചിന്തയുടെയും വിശ്വാസത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതും മാര്‍ക്‌സിസ്റ്റുകാര്‍ തന്നെ. ടി.പി. ചന്ദ്രശേഖരനെ വധിച്ച് കുറ്റം മുസ്ലീങ്ങളുടെ തലയ്ക്കിടാന്‍ ശ്രമിച്ചതുപോലുള്ള സംഭവങ്ങള്‍ നിരവധി. ഏതായാലും മൗലാന അസ്ഗര്‍ അലി ഇമാമിന്റെ വാക്കുകള്‍ ഗൗരവത്തിലെടുക്കുന്ന മുജാഹിദുകള്‍ സഖാക്കളെ കരുതിയിരിക്കുന്നത് നല്ലതാണ്.

പശുക്കച്ചവടം പകല്‍മതി
പശുകള്ളക്കടത്ത് തടയാന്‍ ഗോരക്ഷകരായി ചിലര്‍ രംഗത്തിറങ്ങിയതിന് ഫലം കാണാന്‍ തുടങ്ങി. ഗോരക്ഷകര്‍ മുസ്ലീങ്ങളെ കൊല്ലുന്നു എന്നു ബഹളം കൂട്ടി കുളം കലക്കുന്നവര്‍ മുസ്ലീംരക്ഷകരല്ല എന്ന യാഥാര്‍ത്ഥ്യം മുസ്ലീം പണ്ഡിതന്മാര്‍ മനസ്സിലാക്കി. ഡിസംബര്‍ 26ന്  അല്‍വാറിലെ ശിവാജി പാര്‍ക്കില്‍ ജമാഅത്ത് ഉലേമ ഹിന്ദിന്റെ രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ദില്ലി എന്നീ സംസ്ഥാനങ്ങളിലെ നേതാക്കള്‍ ഒത്തുകൂടി കന്നുകാലികച്ചവടവും വാഹനത്തില്‍ കൊണ്ടുപോകലും രാത്രി വേണ്ട, പകലുമതിയെന്നു തീരുമാനിച്ചു. വാഹനത്തില്‍ എല്ലാ രേഖകളും ഉണ്ടായിരിക്കണമെന്നും ആവശ്യപ്പെട്ടു. ഈ തീരുമാനം ലംഘിക്കുന്ന ആര്‍ക്കും ജമാഅത്തിന്റെ സംരക്ഷണം കിട്ടില്ല എന്നും അവരെ പശുകള്ളക്കടത്തുകാരായി കാണുമെന്നും പ്രഖ്യാപിച്ചു. ഗോരക്ഷകര്‍ രാത്രിറോഡിലിറങ്ങി പശുകള്ളക്കടത്ത് തടഞ്ഞതും അതിനിടയില്‍ പെഹ്‌ലുഖാന്‍ എന്നൊരാള്‍ കൊല്ലപ്പെട്ടതുമെല്ലാം ഒച്ചപ്പാടായ സാഹചര്യത്തിലാണ് ജമാഅത്തിന്റെ ഈ തീരുമാനം. രാവിലെ 8 മണി മുതല്‍ വൈകു. 5 മണിവരെയേ കന്നുകാലി വില്‍പന നടത്തൂ.
കന്നുകാലി വില്പനയുടെ മറവില്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വ്യാപകമായി പശുകള്ളക്കടത്ത് നടക്കുന്നതിനെതിരെയാണ് ഗോരക്ഷാവിഭാഗങ്ങള്‍ രംഗത്തുവന്നത്. പോലീസ് നിഷ്‌ക്രിയമായപ്പോള്‍ ഏറ്റുമുട്ടലും മറ്റും വാര്‍ത്തയാകാന്‍ തുടങ്ങി. ഇതുകൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന തിരിച്ചറിവ് ജമാഅത്തിനുണ്ടായപ്പോഴാണ് അവര്‍ ഈ തീരുമാനമെടുത്തത്. ഇതോടെ നിരാശരായത് മുസ്ലീങ്ങളെ ഗോരക്ഷകര്‍ അക്രമിക്കുന്നു എന്നു മുതലക്കണ്ണീരൊഴുക്കുന്നവരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments