Kesari WeeklyKesari

നോവല്‍ - ശ്രീജിത്ത് മൂത്തേടത്ത്‌

മനുഷ്യന്‍ ദൈവമാകുമ്പോള്‍

on 06 January 2018

ലയങ്കാവില്‍ തെയ്യമുറഞ്ഞുതുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ചെണ്ടയുടെ താളത്തിനൊപ്പം ചുവടുവെക്കുന്ന തെയ്യക്കോലങ്ങളുടെ മുന്നില്‍ ഭയഭക്തിബഹുമാനങ്ങളോടെ നില്‍ക്കുകയാണ് ജനങ്ങള്‍. ജനങ്ങളെന്നുപറഞ്ഞാല്‍ അത്രയധികം പേരൊന്നുമില്ല. മുപ്പതോ നാല്പതോപേര്‍ മാത്രം. അത്രയും പേര്‍ക്കുമാത്രമായി തെയ്യം അവതരിപ്പിക്കുന്നതെന്തിനെന്ന് എനിക്കു സംശയംതോന്നി. ഞാനത് സ്വാമിയോട് ചോദിക്കുകയും ചെയ്തു. സ്വാമിയുടെ ഉത്തരമിതായിരുന്നു.

അങ്ങിനെ ആര്‍ക്കെങ്കിലും കാണുവാന്‍വേണ്ടി അവതരിപ്പിക്കുന്ന കലാരൂപമല്ല തെയ്യം. അത് ഒരു ആരാധനയാണ്. ദൈവമെന്നതിന്റെ ലോപിച്ച രൂപമാണ് തെയ്യമെന്നത്. മനുഷ്യന്‍ ദൈവരൂപം കെട്ടിയാടുമ്പോള്‍ ദൈവംതന്നെയായി മാറുകയാണിവിടെ. വര്‍ഷാവര്‍ഷങ്ങളില്‍ നടത്തിവരുന്നൊരനുഷ്ഠാനമാണത്. ദൈവപ്രീതിക്കായുള്ള ആരാധനയെന്നതിനുമപ്പുറത്ത് തന്റെ പ്രജകള്‍ക്കുമുമ്പില്‍ ദൈവത്തിന്റെ വെളിപ്പെടലാണത്. ആ വെളിപ്പെടലില്‍ ഭക്തര്‍ക്കാര്‍ക്കും സ്വന്തം സങ്കടങ്ങള്‍ പറയാം. എല്ലാ സങ്കടങ്ങള്‍ക്കും തെയ്യം നിവൃത്തിയരുളിചെയ്യും. ഒരു നാട്ടിനെ ജീവിപ്പിക്കുന്ന അനുഷ്ഠാനമാണ് തെയ്യം.

പിന്നെ തെയ്യത്തെയെങ്ങിനെ സ്വാമിയിന്നലെ പറഞ്ഞതുപോലെ ഇവിടുത്തെ സംഘര്‍ഷമാനസികാവസ്ഥയോട് ബന്ധപ്പെടുത്താനാകും?

അതാണ് ഞാന്‍ പറഞ്ഞുവരുന്നത്. ഇവിടുത്തെ ആചാരങ്ങള്‍ ഓരോന്നും കണ്ടാല്‍ മാത്രം പോര, തെയ്യത്തിന്റെ തോറ്റവും, അതിന്റെയര്‍ത്ഥവും ശരിയായി മനസ്സിലാക്കിയാല്‍ മാത്രമേ അതിന്റെയുത്തരമറിയാന്‍ കഴിയൂ. ഇപ്പോള്‍ തല്ക്കാലം ഇതുമുഴുവന്‍ കാണൂ. കേള്‍ക്കേണ്ടതെല്ലാം ശ്രദ്ധയോടെ കേള്‍ക്കൂ. അതിനുശേഷം ഞാന്‍ വ്യക്തമായി പറഞ്ഞുതരാം. 

സ്വാമി പറഞ്ഞതനുസരിച്ച് ഞാന്‍ തെയ്യത്തെ നിരീക്ഷിച്ചുകൊണ്ട് നിന്നു. അതിന്റെ വേഷവിധാനങ്ങളും, രൗദ്രഭാവം സ്ഫുരിപ്പിക്കുന്ന മുഖത്തെഴുത്തും, അവയെ കൂടുതല്‍ വൈകാരികവും, തിളക്കമാര്‍ന്നതുമാക്കുന്ന അഗ്നിസ്ഫുലിംഗങ്ങളും, അണിഞ്ഞിരിക്കുന്ന കിരീടവും, ചുവന്ന വസ്ത്രവുമെല്ലാം ശ്രദ്ധിച്ചു. ചെണ്ടയുടെ താളത്തോടൊപ്പം ദ്രുതതാളത്തിലുറയുന്ന തെയ്യത്തിന്റെ അംഗചലനങ്ങളുടെ വശ്യതയില്‍ ലയിച്ചും, തോറ്റങ്ങള്‍ക്ക് ചെവിയോര്‍ത്തും കാഴ്ചക്കാരായ ഭക്തരിലോരോരുത്തരുടെയും മുഖത്തുമിന്നിമായുന്ന, തെളിയുന്ന, ഭാവഹാവാദികളും ശ്രദ്ധിച്ചു ഞാനങ്ങിനെയിരുന്നു. 

മുഴുവന്‍ കാണാനിരിക്കുന്നോ, അതോ പോണോ? മുഴുവന്‍ കഴിയണെങ്കില്‍ നേരമൊരുപാടാകും. നമ്മള്‍ക്ക് വേറെയും കാര്യങ്ങളുള്ളതല്ലേ? 

രാരിച്ചന്‍ ചോദിച്ചപ്പോള്‍ സ്വാമി ശരിയാണെന്നഭാവത്തില്‍ തലകുലുക്കി. എനിക്കിനിയും കുറച്ചുനേരം കൂടെയിരിക്കണമെന്നുണ്ടായിരുന്നു. കണ്ടുമതിയായിട്ടില്ല. പക്ഷെ രാരിച്ചന്‍ പറഞ്ഞതുപോലെ ഞങ്ങള്‍ വന്ന ഉദ്ദേശം നടക്കണമെങ്കില്‍ മുഴുവന്‍ സമയവുമിവിടെയിരുന്നാല്‍ ശരിയാവില്ല. ഞങ്ങള്‍ എഴുന്നേറ്റുപോകുന്നത് ആരൊക്കെയോ ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെന്നത് പിന്നീട് രാരിച്ചന്‍ അതിനെപ്പറ്റി പറഞ്ഞപ്പോഴേ എനിക്കു മനസ്സിലായുള്ളൂ. ആശ്രമത്തിലേക്കു തിരിച്ചെത്തിയതിനുശേഷം, രാത്രിഭക്ഷണം കഴിഞ്ഞ് വീണ്ടും ആശ്രമമുറ്റത്ത് ഞങ്ങള്‍ സംസാരിക്കാനായിരുന്നപ്പോഴായിരുന്നുവത്.

ചൂരല്‍കൊണ്ടു മെടഞ്ഞ കസേരയുടെ ഭംഗിനോക്കിയിരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് രാരിച്ചന്‍ ചോദിച്ചത്.

നമ്മളെത്തര ശ്രദ്ധിച്ചുനടന്നാലും ആള്വള് അത് കണ്ടുപിടിക്കുംല്ലേ?

ആ ചോദ്യത്തിന് സ്വാമി ഒരു ചിരി ചിരിച്ചതേയുള്ളൂ. പക്ഷെ കേളപ്പേട്ടന്‍ പെട്ടെന്ന് വികാരാധീനനായി. 

ഇതായിപ്പോ നന്നായേ. ഏട ചെന്നാലും ഓലക്കൊണ്ട് ഒര് സൈ്വര്യോല്ല സാമീ. എന്തെങ്കിലും വേഗം ചെയ്യണം.

എന്താണവര്‍ പറയുന്നതെന്ന് എനിക്ക് പിടികിട്ടിയില്ല. രാരിച്ചന്‍ എനിക്കുകൂടെ മനസ്സിലാകാനാണെന്നുതോന്നുന്നു വിശദീകരിച്ചുപറഞ്ഞത്. ഞങ്ങള്‍ തെയ്യംകാണാനായി മലയങ്കാവില്‍ ചെന്നപ്പോള്‍ മുതല്‍ ചിലരൊക്കെ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നത്രേ. പക്ഷെ സ്വാമിയുടെ കൂടെച്ചെന്നതു കൊണ്ടാണെന്നുകരുതി തുടക്കത്തില്‍ രാരിച്ചനതിനു വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. പക്ഷെ ഏറെ സമയം കഴിയുന്നതിനുള്ളില്‍ കുറച്ചുകൂടെയാളുകള്‍ അവിടെയെത്തിച്ചേര്‍ന്നുവെന്നും, അവരിലൊരാള്‍ രാരിച്ചനു പരിചയമുള്ളയാളാണെന്നും, അയാള്‍ വയനാട്ടുകാരനാണെന്നും, കണ്ണൂര്‍മേഖലയിലും, നാദാപുരം മേഖലയിലും നടന്ന പല രാഷ്ട്രീയസംഘര്‍ഷങ്ങളിലും പങ്കാളിയായ ആളാണയാളെന്നുമൊക്കെ രാരിച്ചന്‍ വിശദീകരിച്ചപ്പോള്‍ എന്റെ മനസ്സില്‍ ആപല്‍ശങ്കയുടെയൊരു പക്ഷി മെല്ലെ കുറുകാന്‍ തുടങ്ങി. ഇവിടെ പേടിക്കാനൊന്നുമില്ലെന്നും, ഈ മേഖലയില്‍വന്ന് എന്തെങ്കിലും ചെയ്യാനുള്ള ധൈര്യമൊന്നും ആര്‍ക്കുമുണ്ടാകില്ലെന്നും, ഈ മലയ്ക്കു ചുറ്റുമുള്ളവരൊക്കെ സ്വാമിയുടെ സ്വാധീനവലയത്തിലുള്ളവരാണെന്നുമൊക്കെ സ്വാമി പറഞ്ഞെങ്കിലും എന്റെയുള്ളില്‍ കുറുകിക്കൊണ്ടിരുന്ന ശങ്കയുടെ പക്ഷിയെ എനിക്ക് അടക്കിയിരുത്താനായില്ല.

ഇതൊരു വല്ലാത്ത തൊന്തരവുതന്ന്യാ സാമീ. ഏടെപ്പോയാലും ഇതുപോലാരെങ്കിലും പിന്നാലെയുണ്ടാരിക്കും എപ്പോഴും. ഇന്നലെ കോയിക്കോട്ടുപോയപ്പോത്തന്നെ ഞാന്‍ മനസ്സമാധാനത്തോട്യല്ല ബസ്സിലിരുന്നതും പോയതും. മോളോട് അക്കാര്യൊന്നും പറഞ്ഞില്ലെങ്കിലും എന്റെയുള്ളില്‍ പേട്യുണ്ടായിരുന്നു.

കേളപ്പേട്ടന്‍ പറഞ്ഞപ്പോള്‍ പക്ഷിയുടെ കുറുകലിന്റെ ശക്തികൂടി. ചെറുതായി ചിറകിളക്കിത്തുടങ്ങിയെന്നുതോന്നുന്നു. ആരൊക്കെയോ എപ്പോഴും പിന്തുടരുന്നുവെന്ന അലട്ടലിന്നിടയിലും, ഭയത്തിന്നിടയിലുമാണ് കേളപ്പേട്ടനും, രാരിച്ചനുമൊക്കെ സദാസമയം ചരിക്കുന്നതെന്നു തോന്നി. ഞാനും അവരുടെകൂടെ സഞ്ചരിക്കുമ്പോള്‍ തീര്‍ച്ചയായും അവരെ ലക്ഷ്യമാക്കുന്നവര്‍ എന്നെയും ലക്ഷ്യമാക്കുമെന്ന തോന്നല്‍ എന്നില്‍ തീ നിറച്ചു. എന്റെ ഭാവവ്യത്യാസം മനസ്സിലാക്കിയാണെന്നുതോന്നുന്നു സ്വാമി സംസാരത്തില്‍ വീണ്ടുമിടപെട്ടത്.

അതൊന്നും നിങ്ങള്‍ കരുതുന്നതുപോലെയായിക്കൊള്ളണമെന്നൊന്നുമില്ല. ചിലപ്പോള്‍ യാദൃച്ഛികമായെത്തിച്ചേര്‍ന്നതായിരിക്കുമവരൊക്കെയവിടെ. അല്ലാതെ നമ്മള്‍ ഇന്ന് മലയങ്കാവില്‍ പോകുന്നുവെന്നത് അവര്‍ക്കെങ്ങിനെയൂഹിക്കാന്‍ കഴിഞ്ഞു? നമ്മളങ്ങോട്ടുപോയത് മുന്‍തീരുമാനമനുസരിച്ചൊന്നുമല്ലല്ലോ. അപ്പോള്‍ തോന്നിയതനുസരിച്ച് പോയതല്ലേ. മലയങ്കാവിലെ തെയ്യവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നവരാകാം അവരൊക്കെ. അങ്ങിനെയവിടെയെത്തിയവരാകാം അവര്‍. നമ്മെക്കണ്ടപ്പോള്‍ അവര്‍ ചിലപ്പോള്‍ പരിഭ്രമിച്ചിട്ടുണ്ടാകും. നിങ്ങളങ്ങിനെ പേടിക്കേണ്ട കാര്യമൊന്നുമില്ല.

സ്വാമിയുടെ വിശദീകരണം കേളപ്പേട്ടനെ പൂര്‍ണ്ണമായും തൃപ്തനാക്കിയില്ലെന്നുതോന്നുന്നു. പക്ഷെ രാരിച്ചന്‍ ഏറെക്കുറെ പൂര്‍വ്വനില കൈവരിച്ചുകഴിഞ്ഞിട്ടുണ്ട്. എനിക്ക് നേരത്തെ സ്വാമി പറഞ്ഞുമുഴുമിക്കാനിരുന്ന തെയ്യത്തിന്റെ കാര്യത്തെക്കുറിച്ചറിയണമെന്നുതോന്നി. എന്റെയുള്ളിലെ കിളിയുടെ കുറുകലിന് സമാധാനമുണ്ട്. അത് ഉറങ്ങിപ്പോയെന്നുതോന്നുന്നു.

ഞാന്‍ പറഞ്ഞല്ലോ. തെയ്യത്തിന്റെ കാര്യം. സുദീപിന് തെയ്യത്തിന്റെ ചമയവും, ഉടുത്തുകെട്ടും തോറ്റവുമൊക്കെക്കണ്ടപ്പോള്‍ത്തന്നെ ഏകദേശകാര്യം പിടികിട്ടിക്കാണുമല്ലോ. നമ്മളിന്ന് മലയങ്കാവില്‍ക്കണ്ടത് മന്ദപ്പത്തെയ്യത്തെയാണ്. പണ്ടുകാലത്ത് ഈ മേഖല ഭരിച്ചിരുന്ന മന്ദനാര്‍ രാജാക്കന്‍മാരുടെ വീരകഥകള്‍ പറയുന്ന തെയ്യമാണ് മന്ദപ്പന്‍ തെയ്യം. കേരളത്തിലെ ഏക ഈഴവവിഭാഗത്തില്‍പ്പെടുന്ന രാജവംശമായിരുന്നു മന്ദനാര്‍ രാജവംശം. മന്ദനാര്‍ രാജവംശം അധികാരത്തില്‍ വന്നതിനുപിന്നിലൊരു കഥയുണ്ട്. കഥയല്ല. ചരിത്രമാണ്. തെങ്ങുകയറ്റക്കാരനായ തീയ്യനുമായി പ്രേമത്തിലായ തമ്പുരാട്ടിയെ കോവിലകത്തുനിന്നും പുറത്താക്കുകയും, സ്മാര്‍ത്തവിചാരത്തിനുശേഷം ഇല്ലത്തേക്ക് പാര്‍പ്പിക്കാനയക്കുകയും, ക്ഷത്രിയസ്ത്രീയായതിനാല്‍ ബ്രാഹ്മണസ്ത്രീകള്‍ക്കുമാത്രമായുള്ള ഇല്ലത്ത് താമസിക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞപ്പോള്‍ ക്ഷുഭിതനായ തമ്പുരാന്‍ തമ്പുരാട്ടിയെ തീയ്യന് കല്യാണംകഴിച്ചുനല്‍കുകയും, സ്ത്രീധനമായി ഈ കാണുന്ന ഏഴുമലകളും നല്‍കുകയും ഇവിടുത്തെ രാജാധികാരം നല്‍കുകയും ചെയ്തു. അങ്ങിനെ ആദ്യത്തെ തീയ്യരാജാവായ മന്ദനാര്‍ ജനക്ഷേമതത്പരനായ രാജാവായിത്തീരുകയും, അദ്ദേഹത്തിന്റെ രാജവംശം നാലുതലമുറകളോളം ഈ നാടുവാഴുകയും ചെയ്യുകയുണ്ടായി. ജാതിയില്‍ മുന്തിയവരായ നമ്പൂതിരിമാരും, നായന്‍മാരുമൊക്കെ തീയ്യരാജാവിനെ അനുസരിക്കണമെന്നതും, അദ്ദേഹത്തിനു കീഴില്‍ ജീവിക്കേണ്ടിവന്നതുമൊക്കെ മേല്‍ജാതിക്കാര്‍ക്ക് വലിയ അപമാനമുണ്ടാക്കിയിരുന്നു. അവര്‍ തരംകിട്ടുമ്പോഴൊക്കെ തമ്പുരാനെതിരെ ഗൂഢാലോചനനടത്തുകയും തമ്പുരാന്‍ ഒരു പെണ്ണുപിടിയനാണെന്നും, നാട്ടിലെ പെണ്ണുങ്ങള്‍ക്കൊന്നും തീയ്യരാജാവിന്റെ കാമഭ്രാന്തിനാല്‍ ജീവിക്കാന്‍ വയ്യാത്തയവസ്ഥയായെന്നുമൊക്കെ പറഞ്ഞു പ്രചരിപ്പിച്ചു. നാട്ടിലെ എല്ലാ വീട്ടിലേയും പെണ്ണുങ്ങളെ തീയ്യരാജാവിന് കാഴ്ചവെക്കണമെന്ന കല്പനയുണ്ടെന്നും മറ്റും അവര്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ജനങ്ങളെ രാജാവിനെതിരെയാക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. പക്ഷെ അഗാധപണ്ഡിതനും, മികച്ച മെയ്യഭ്യാസിയും, കളരിവീരനുമായിരുന്ന തമ്പുരാനെ ജയിക്കാന്‍ ഗൂഢാലോചനക്കാര്‍ക്കാര്‍ക്കും സാധിക്കുമായിരുന്നില്ല. രാജ്യത്തെ പൗരന്‍മാരുടെയിടയില്‍ തമ്പുരാന്‍ പെണ്ണുപിടിയനാണെന്ന് പ്രചരിപ്പിച്ച മേലാളരുടെ വീടുകളിലെ പെണ്ണുങ്ങളെ സ്വന്തം കിടപ്പറയിലെത്തിച്ചുകൊണ്ടായിരുന്നു ഗൂഢാലോചനക്കാരോട് തമ്പുരാന്‍ പകവീട്ടിയിരുന്നത്. മേല്‍ജാതിപ്പെണ്ണുങ്ങളെ ഭോഗിച്ചും, മേല്‍ജാതിപ്രമാണികളെക്കൊണ്ട് അടിമവേലചെയ്യിച്ചും അവസാനത്തെ തീയ്യത്തമ്പുരാന്‍ ജാതിക്കോമരങ്ങളോട് പകവീട്ടി. മേല്‍ജാതിക്കാര്‍ക്കിടയില്‍ ഇത് അസഹ്യമായിരുന്നുവെങ്കിലും എണ്ണത്തില്‍ കൂടുതലുണ്ടായിരുന്ന കീഴ്ജാതിക്കാരായ തീയ്യന്‍മാരുടെയിടയില്‍ അവസാനത്തെ മന്ദനാര്‍ തമ്പുരാന്‍ വീരനായി മാറുകയായിരുന്നു. അവര്‍ നമ്പൂതിരിയില്ലങ്ങളില്‍നിന്നും, നായര്‍ഭവനങ്ങളില്‍നിന്നും പെണ്ണുങ്ങളെ പിടിച്ചുകൊണ്ടുവന്ന് തമ്പുരാന് കാഴ്ചവെച്ച് പാരിതോഷികങ്ങള്‍ നേടി. അവസാനം മേല്‍ജാതിക്കാരായ നമ്പൂതിരിമാരും, നായന്‍മാരും ചേര്‍ന്ന് മന്ദനാര്‍ തമ്പുരാനെ വധിക്കുവാന്‍ ഗൂഢാലോചന നടത്തുകയും, മലപ്പുറത്തുനിന്നും മാപ്പിളമാരെ വരുത്തുകയും, ഒരു നമ്പൂതിരിയില്ലത്തില്‍നിന്നുമൊരു അതിസുന്ദരിയായ യുവതിയെ തമ്പുരാന്റെ അന്തപ്പുരത്തിലേക്കെത്തിച്ച്, ചതിയില്‍ ഒളിഞ്ഞിരുന്ന മാപ്പിളമാരെക്കൊണ്ട് തമ്പുരാനെ ആക്രമിപ്പിക്കുകയുമായിരുന്നു. ചതി തിരിച്ചറിഞ്ഞപ്പോള്‍ അന്തപ്പുരത്തില്‍നിന്നുമിറങ്ങിയോടിയ തമ്പുരാന്‍ കിണറുചാടിക്കടന്നോടുകയും, രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തുവെങ്കിലും മാപ്പിളമാരാല്‍ കൊലചെയ്യപ്പെടുകയും ചെയ്തുവെന്നതാണ് ചരിത്രം. അതോടുകൂടെ മലബാറിലെ ആദ്യത്തേതും, അവസാനത്തേതുമായ തീയ്യരാജവംശത്തിന്റെ ഭരണം അവസാനിച്ചു. ചതിയില്‍ കൊലചെയ്യപ്പെട്ട പാവങ്ങളുടെ രക്ഷകനായ മന്ദനാര്‍ തമ്പുരാന്‍ മന്ദപ്പന്‍ തെയ്യമായിമാറിയെന്നും താഴ്ന്നജാതിക്കാരെ രക്ഷിക്കാനായി നാടിന്റെ കാവല്‍ക്കാരനായി മാറിയെന്നതുമാണ് മന്ദപ്പന്‍ തെയ്യം കെട്ടിയാടുന്നതിന്റെ പിന്നിലെ വിശ്വാസം.

കേരളത്തിലെ ആദ്യത്തെ ഈഴവരാജവംശമായിരുന്നു മന്ദനാര്‍ രാജവംശമെന്ന് എവിടെയോ വായിച്ചിട്ടുണ്ടെങ്കിലും ആ രാജവംശത്തിലെ രാജാവിന്റെപേരില്‍ ഒരു തെയ്യമുണ്ടെന്നകാര്യം ഞാനാദ്യമായാണ് കേള്‍ക്കുന്നത്. ആ രാജാവിന്റെ തെയ്യക്കോലമാണോ ഞാനിന്ന് കണ്ടത്? എങ്കില്‍ അത് പൂര്‍ണ്ണമായും കാണാമായിരുന്നു. 

ഇതേമാതിരി ഇവിടുത്തെ ഓരോ തെയ്യക്കോലത്തിനുപിന്നിലും ഒരു കഥയുണ്ട്. ഓരോ തെയ്യവും അവഗണന നേരിട്ട വിഭാഗങ്ങളുടെ പ്രതിനിധിയാണ്. നേരിനും നെറിക്കും വേണ്ടി, അല്ലെങ്കില്‍ ചൂഷണത്തിനെതിരെ പോരാടിമരിച്ചവരാണ് തെയ്യക്കോലങ്ങളായി അവതരിച്ചവരെല്ലാംതന്നെ. ഈ തെയ്യക്കോലങ്ങളുടെ പ്രതികാരകഥയാണ് പല തെയ്യംതോറ്റങ്ങളും. അതുകൊണ്ടുതന്നെ ഓരോ തെയ്യവും പ്രതിനിധീകരിക്കുന്നത് ഏതെങ്കിലുമൊരു പ്രതികാരകഥയാണ്. ഈ പ്രതികാരമാണെങ്കിലോ, രക്തരൂക്ഷിതമാണുതാനും. ഈ രക്തരൂക്ഷിത പ്രതികാരകഥകള്‍ കേട്ടുവളരുന്നവരാണ് ഇവിടുത്തെ ഓരോ മനുഷ്യനും. അതുകൊണ്ടുതന്നെ പ്രതികാരമനോഭാവവും, അതിനുവേണ്ടിയുള്ള രക്തച്ചൊരിച്ചിലുമൊക്കെ ഓരോരുത്തരുടെയും മനസ്സില്‍ രൂഢമൂലമായിത്തീരുകയും ചെയ്യുന്നു. ഇതും ഇവിടുത്തെ സംഘര്‍ഷങ്ങള്‍ക്ക് ഒരു പരിധിവരെ കാരണമായിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.         (തുടരും)

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments