ഭക്ത്യാദരഭാവത്തോടെ ദൂരെ നിന്ന് നിരീക്ഷിച്ച വരിഷ്ഠ പ്രചാരകനായിരുന്നു എനിക്ക് ഭാസ്കര്‍ജി. ആദ്യകാലഘട്ടങ്ങളില്‍ സംഘപ്രവര്‍ത്തനത്തിനായി വടക്കന്‍ കേരളത്തില്‍ നിയോഗിക്കപ്പെടാത്തതും ഈ അടുപ്പക്കുറവിന് കാരണമായി. തൃതീയ വര്‍ഷ സംഘശിക്ഷാവര്‍ഗ്ഗില്‍ ഞങ്ങളുടെ പ്രാന്ത പ്രമുഖായി വന്നത് അദ്ദേഹത്തെ അടുത്തറിയാനുള്ള അവസരമൊരുക്കി. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന ആദ്യത്തെ തൃതീയ വര്‍ഷ സംഘശിക്ഷാവര്‍ഗ്ഗില്‍ ഭാസ്കര്‍ജിയായിരുന്നു പ്രാന്തപ്രമുഖ്. ബാലഗോകുലത്തിന്റെ മുന്‍ അദ്ധ്യക്ഷന്‍ സി. ശ്രീധരന്മാസ്റ്റര്, വിദ്യാനികേതന്റെ സംസ്ഥാന കാര്യദര്‍ശി എ.ജി. രാധാകൃഷ്ണന് തുടങ്ങിയ അറുപത് പേരടങ്ങുന്ന ഒരു സംഘമാണ് അന്ന് നാഗപ്പൂരില്‍ വര്‍ഗ്ഗില്‍ പങ്കെടുത്തിരുന്നത്. യാത്രയില്‍ തീവണ്ടി ഓരോ സ്റ്റേഷനില്‍ നിര്‍ത്തുമ്പോള്‍ അതാത് സ്ഥലത്തെപ്പറ്റിയുള്ള വസ്തുനിഷ്ഠമായ വിശദീകരണം, സ്മൃതിമണ്ഡപത്തിനു പിന്നിലിരുന്നുള്ള പരിഭാഷ,കാലാംശങ്ങളില്‍ അളന്നു മുറിച്ചുള്ള പരിഭാഷകള്‍, ആശയങ്ങള്‍ കൂടുതല്‍ വ്യക്തമാക്കാനായി കൃത്യതയാര്‍ന്ന കൂട്ടിച്ചേര്‍ക്കലുകള്‍, ശിബിര വിഹിതം പോലുള്ള സാമ്പത്തിക കണക്കുകളില്‍ കാണിച്ച കണിശത എല്ലാം കൂടിച്ചേര്‍ന്ന് അദ്ദേഹത്തിന്റെ ഒരു പൂര്‍ണ്ണചിത്രം മനസ്സില്‍ ഉറച്ചു. വൈകാരികത അധികം കടന്നുവരാത്ത, തികഞ്ഞ ആശയവ്യക്തതയുള്ള തനിമയാര്‍ന്ന വ്യക്തിത്വം. മുന്നിലെ പന്ഥാവിന് സംശയലേശമെന്യേയുള്ള തെളിവ്.
പിന്നീട്, ഭാരതീയ വിദ്യാനികേതന്റെ സ്ഥാപനകാലത്ത് തിരുവനന്തപുരത്ത് സംഘടിപ്പിക്കപ്പെട്ട അദ്ധ്യാപികാപരിശീലനത്തിലേക്ക് അനുയോജ്യരായവരെ എത്തിക്കണമെന്ന നിര്‍ദ്ദേശമനുസരിച്ച്, വടകര, കുരിയാടിയിലെ ഒരുസ്വയംസേവകന്റെ സഹോദരി തയ്യാറാവുകയും, അവരെ ശിബിരസ്ഥലത്ത് എത്തിക്കാന്‍ അവരുടെ ബന്ധുക്കള്‍ അസൗകര്യം പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍, ഞാന്‍ തന്നെ അവരെ നേരിട്ട് തിരുവനന്തപുരത്ത് എത്തിക്കുകയും ചെയ്തു. ഒരു പുലര്‍കാലത്ത് അവരെയും കൊണ്ട് ശിബിരസ്ഥലമായ പടിഞ്ഞാറെ കോട്ടയില്‍ ഭാസ്കര്‍ജിയുടെ മുന്നില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ, ''മാഷ് തനിച്ചാണോ ഇവരെ കൊണ്ടുവന്നത്'' എന്ന ചോദ്യത്തിന്റെ ആഴം അന്ന് എനിക്ക് മനസ്സിലായില്ല. എന്നാല്‍ വിദ്യാനികേതന്റെ ചുമതലയില്‍ ഇരുന്ന്, പ്രധാനമായും അദ്ധ്യാപികമാരാല് സഞ്ചാലനം ചെയ്യപ്പെടുന്ന ഈ സംഘടന ശ്രുതിഭംഗമൊന്നുമില്ലാതെ പുരോഗമിക്കുന്നത് കാണുമ്പോള്‍ ക്രാന്തദര്‍ശിയായ ആ മുഹൂര്‍ത്തക്കല്ല് വെപ്പുകാരന്റെ ചോദ്യത്തിലുള്ക്കൊണ്ട സംഘടനാ പന്ഥാവിലെ തെളിമ വ്യക്തതയോടെ ബോധ്യപ്പെടുന്നു.
ഭാസ്കര്‍ജിയുടെ ദാക്ഷിണ്യരഹിതമായ ദേഷ്യപ്രകടനങ്ങളും, മറ്റുള്ളവരുടെ അസൗകര്യങ്ങളെ ഒട്ടും പരിഗണിക്കാതെ എന്ന് തോന്നുംവിധമുള്ള നിത്യജീവിതാചാരങ്ങളിലെ വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യവും സഹപ്രവര്‍ത്തകരില്‍ പലപ്പോഴും അലോസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വിദ്യാനികേതന്റെ പ്രവര്‍ത്തനകാലത്ത് അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന എ.സി. ഗോപിനാഥ്, എന്‍.സി.ടി. രാജഗോപാല്‍ തുടങ്ങിയവര്‍ നിരവധി തവണ അദ്ദേഹത്തിന്റെ ഈ സവിശേഷതകളുടെ അനുഭവസ്ഥരായിട്ടുണ്ട്. എന്നാല്‍ ഈ പ്രകടനങ്ങളൊന്നും കേവലം വൈയ്യക്തികമായിരുന്നില്ല എന്നതാണ് വാസ്തവം. ഒരേ കാര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ തമ്മിലുള്ള തീവ്രമായ വിനിമയങ്ങള്‍ മാത്രമായിരുന്നു അവ. സ്വാര്‍ത്ഥതയുടെ അംശംപോലും അവയില്‍ ദര്‍ശിക്കാന്‍ സാധ്യമല്ല.
പഴയ കൊച്ചി സ്റ്റേറ്റിലെ ഇരുമ്പ് കച്ചവടത്തിന്റെ കുത്തകാവകാശികളായ കുടുംബത്തിലെ അംഗമായിരുന്നു ഭാസ്കര്‍ജി. അതുകൊണ്ട് ഇരുമ്പുകാര് എന്നാണ് ആ കുടുംബം അറിയപ്പെട്ടിരുന്നത്. ഇന്നും ഇരുമ്പ് കുടുംബം എന്ന് നാട്ടുകാര്‍ അവരെ വിളിക്കുന്നു. അച്ഛന് എ.ജി. വാസുദേവ ഷേണായ്. നാല് ആണ്മക്കളില് മൂന്നാമനായിരുന്നു ഭാസ്കര്‍ജി. കൂടാതെ മൂന്ന് സഹോദരിമാരും. മൂത്ത രണ്ട് സഹോദരന്മാരും കച്ചവടത്തില്‍ വ്യാപൃതരായപ്പോള്‍ ഭാസ്കര്‍ജിയും, ഇളയസഹോദരന് അനന്തനും സ്വയംസേവകരായി. സമപ്രായക്കാരായ കൂട്ടുകാരെല്ലാം ശാഖയില്‍ പോകുന്നവരായതുകൊണ്ട് സ്വാഭാവികമായും അവരും സംഘപ്രവര്‍ത്തനത്തിന്റെ ഭാഗമായി. സെന്റ് ആല്‍ബര്‍ട്സ് സ്കൂളില്‍ നിന്നും പത്താം ക്ലാസ്സും, മഹാരാജാസ് കോളേജില്‍ നിന്നും ജന്തുശാസ്ത്രത്തില്‍ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനം ആകുമ്പോഴേക്കും 'സംഘഭൂതം' പൂര്‍ണ്ണമായും ഭാസ്കര്ജിയില് സന്നിവേശിച്ചിരുന്നു. സംഘപ്രവര്‍ത്തനത്തിന്റെ പ്രാരംഭഘട്ടമായതിനാലും, മണ്ഡല്, താലൂക്ക് തുടങ്ങിയ സംഘടനാവ്യവസ്ഥകള്‍ ഒന്നും ഇല്ലാതിരുന്നതിനാലും പ്രത്യേക ചുമതലകള്‍ ഒന്നും ഭാസ്കര്ജിക്ക് ഉണ്ടായിരുന്നില്ല. നിത്യേന ശാഖയില്‍ പങ്കെടുക്കുകയും അനുബന്ധമായ സമ്പര്ക്കാദി പരിപാടികള്‍ നടത്തുകയുമൊക്കെയായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഭാസ്ക്കര്‍ജി നല്ല പാട്ടുകാരനായിരുന്നു. ശാഖയില്‍ ഗണഗീതം പാടിക്കൊടുക്കുമായിരുന്നു.
ഭാസ്കര്‍ജി മഹാരാജാസില്‍ പഠിക്കുന്ന കാലത്താണ് 1948ലെ സംഘ നിരോധനം ഉണ്ടാവുന്നത്. നിരോധനത്തിനെതിരെ കോഴിക്കോട് സംഘം ആദ്യസമരമുഖം തുറന്നു. നിരവധി പ്രവര്‍ത്തകര്‍ സത്യഗ്രഹമനുഷ്ഠിച്ച് കണ്ണൂര്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ഭാസ്ക്കര്‍ജി ഉള്‍പ്പെട്ട ബാച്ച് സത്യഗ്രഹമനുഷ്ഠിക്കുമ്പോഴേക്കും കണ്ണൂര്‍ ജയില്‍ സ്വയംസേവകരെകൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. അതുകൊണ്ട് ഭാസ്കര്‍ജി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാതെ വയനാടന്‍ ചുരങ്ങളില്‍ അവിടവിടങ്ങളിലായി ഇറക്കിവിടുകയാണ് ചെയ്തത്. പിന്നീട് സംഘം കൊച്ചിയിലും തിരുവനന്തപുരത്തും പുതിയ പോര്‍മുഖങ്ങള്‍ തുറന്നു. ഭാസ്ക്കര്‍ജി കൊച്ചിയില്‍ അറസ്റ്റ് വരിക്കുകയും ആലുവ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു. എറണാകുളത്തെ ധനാഢ്യരായ കച്ചവട കുടുംബം എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് ഭാസ്കര്‍ജിയുടെ മുത്തച്ഛന് അദ്ദേഹവുമായി ജയിലില്‍ അഭിമുഖത്തിന് അവസരം ലഭിച്ചു. ജയിലില്‍ കഴിയുന്നത് കുടുംബത്തിന് അപമാനമാണെന്നും മാപ്പെഴുതിക്കൊടുത്ത് പുറത്തുവരണമെന്നും മുത്തച്ഛന് ആവശ്യപ്പെട്ടു. ''മാപ്പെഴുതി പുറത്തുവരാന്‍, ഞാന്‍ കള്ളക്കടത്ത് നടത്തിയൊന്നുമല്ലല്ലോ ജയിലിലായത്'' എന്ന് മുഖത്തടിച്ചതുപോലെയായിരുന്നു ഭാസ്കര്‍ജിയുടെ പ്രതികരണം. നെഞ്ചിലെ നിശ്ചയദാര്‍ഢ്യത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു ആ വാക്കുകളെങ്കിലും, കുടുംബത്തിലെ എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന മുത്തച്ഛന് ഈ അനുസരണക്കേട് തീരെ സഹിച്ചില്ല. ഈ വൈരാഗ്യം ദീര്‍ഘകാലം അദ്ദേഹം കൊണ്ടുനടന്നു. പിന്നീട് ഇളയസഹോദരിയുടെ വിവാഹസമയത്ത് കാല്ക്കല് നമസ്ക്കരിച്ച് മാപ്പപേക്ഷിച്ചിട്ടാണ് ഭാസ്കര്‍ജി ചൊടിപ്പ് മാറ്റിയത്.
1952ല്‍ ബിരുദം നേടി പുറത്തുവന്ന ഭാസ്കര്‍ജി താന്‍ പഠിച്ച സെന്റ് ആല്‍ബര്‍ട്ട്സില്‍ തന്നെ കുറച്ചുകാലം അദ്ധ്യാപകനായി.പിന്നീട് പ്രചാരകനാകാന്‍ തീരുമാനമെടുക്കുകയും അതിനെ വീട്ടുകാര്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തു. ഈ എതിര്‍പ്പ് മറിക്കടക്കാന്‍ ഭാസ്കര്‍ റാവുജിയുടെ നിര്‍ദ്ദേശമനുസരിച്ച് കുറച്ചുകാലം ചെന്നൈ മിനര്‍വ്വ കോളേജിലും തുടര്‍ന്നു പൊന്‍കുന്നത്ത് മക്കപ്പള്ളി രാമകൃഷ്ണപിള്ളയുടെ വിദ്യാലയത്തിലും അദ്ധ്യാപകനായി പ്രവര്‍ത്തിച്ചുകൊണ്ട് സംഘപ്രവര്‍ത്തനം ചെയ്തു.
1954ല്‍ ബംഗളൂരുവിലെ ആചാര്യ പാഠശാലയില്‍ വെച്ച് നടന്ന ദ്വിതീയ വര്ഷസംഘശിക്ഷാവര്ഗ്ഗില് ഭാസ്കര്‍ജി പങ്കെടുക്കുകയും, വര്‍ഗ്ഗിന്റെ അവസാനനാളുകളില്‍ അച്ഛന്റെ മരണത്തെ തുടര്‍ന്ന് തിരിച്ചുപോരുകയും ചെയ്തു. പിന്നീട് പ്രചാരകന് എന്ന ലേബലില്‍ തന്നെ അദ്ദേഹം രംഗത്ത് വരികയും, കൊല്ലത്ത് നിയോഗിക്കപ്പെടുകയും ചെയ്തു. അവിടെ പ്രചാരക ഭീഷ്മാചാര്യനായിരുന്ന മാധവ്ജിയുടെ ശിക്ഷണത്തില്‍ ഭാസ്കര്‍ജിയുടെ പ്രചാരകജീവിതം സംഘപ്രവര്‍ത്തനത്തിന്റെ പൂര്ണ്ണപരിശീലനമായിരുന്നു. യഥാര്‍ത്ഥത്തില്‍ മാധവ്ജിയായിരുന്നു ഭാസ്കര്‍ജിയുടെ രക്ഷാധികാരി. സമൂഹത്തിലെ ഉന്നതസ്ഥാനീയരായ വ്യക്തികളുമായുള്ള വ്യാപക സമ്പര്‍ക്കം ഭാസ്കര്ജിക്ക് ഇങ്ങനെ വിജയകരമായി നടത്തുവാന്‍ സാധിച്ചു. ഭാരതീയ വിദ്യാനികേതന്റെ സ്ഥാപന സന്ദര്‍ഭത്തില്‍ ഡോ.എന്‍.ഐ. നാരായണന് സാറിനെപ്പോലുള്ള പ്രഗത്ഭമതികളെ ഭാഗഭാക്കാക്കാന്‍ അദ്ദേഹത്തിന് ഇതിലൂടെ സാധിച്ചു.
കൊല്ലത്തുനിന്നും ഭാസ്കര്‍ജിയെ കോട്ടയത്ത് പ്രചാരകനായി നിയോഗിക്കുകയും, പിന്നീട് ദീര്‍ഘകാലം പാലക്കാട് പ്രചാരകനായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഈ കാലത്ത് തൃശ്ശൂരില്‍ ജില്ലാ സംഘചാലകായിരുന്ന തങ്കപ്പന് മേനോനെ കാക്കി ട്രൗസര്‍ ഉടുപ്പിച്ച ചരിത്രം ഹരിയേട്ടന് സരസമായി വിവരിക്കുകയുണ്ടായി. ഒരു യഥാസ്ഥിതിക കുടുംബാംഗമായിരുന്ന തങ്കപ്പന് മേനോന് സംഘചാലക് എന്ന നിലയില്‍ പ്രവര്‍ത്തനത്തില്‍ വളരെ സജീവമായിരുന്നു. എങ്കിലും ഒരിക്കലും കാക്കി ട്രൗസര്‍ ധരിച്ചിരുന്നില്ല. ആ സമയത്താണ് ദേവറസ്ജി പങ്കെടുക്കുന്ന സംസ്ഥാന കാര്യകര്‍ത്തൃ ശിബിരവും പഥസഞ്ചലനവും തൃശൂരില്‍ നടന്നത്. പഥസഞ്ചലനത്തില്‍ മേനോനെ കാക്കി ട്രൗസര്‍ ധരിപ്പിച്ച് പങ്കെടുപ്പിക്കുവാന്‍ ഭാസ്കര്‍ജി തീരുമാനിച്ചു. അളവനുസരിച്ച് ട്രൗസര്‍ തയ്പ്പിക്കുകയും പഥസഞ്ചലന ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി ട്രൗസര്‍ ധരിപ്പിക്കുകയും ചെയ്തു. ഇതുകണ്ട് മേനോന്റെ ഭാര്യ മുഖം പൊത്തിച്ചിരിച്ചു.
പാലക്കാട് പ്രചാരകായിരിക്കുമ്പോഴാണ് ഭാസ്കര്‍ജിയുടെ സംഘജീവിതത്തിലെ വ്യതിരിക്തമായ ഒരനുഭവം വല്ലപ്പുഴയില്‍ ഉണ്ടാവുന്നത്. ഭാസ്കര്‍ജിയും, പട്ടാമ്പി പ്രചാരകന് പെരച്ചേട്ടനും ഷൊര്‍ണൂരില്‍ നിന്നും തീവണ്ടിമാര്‍ഗ്ഗം വല്ലപ്പുഴയിറങ്ങി സംഘസ്ഥാനിലേക്ക് നടന്നു നീങ്ങുമ്പോള്‍ സംഘവിരോധികളായ ഒരുകൂട്ടം ആളുകള്‍ അവരെ വെട്ടിവീഴ്ത്തി. ആരും സഹായിക്കാനില്ലാതെ അവര്‍ ചോര വാര്‍ന്ന് വഴിയില്‍ കിടന്നു. ആ സമയത്ത് ദൈവത്തിന്റെ അദൃശ്യസഹായഹസ്തം. മൂത്താന്തറയിലെ ലക്ഷ്മണന് തന്റെ കച്ചവടത്തിന്റെ ഭാഗമായി നിത്യ 'വസൂല്‍' പിരിക്കാന്‍ വേണ്ടി അവിടെ വന്നതായിരുന്നു. രംഗം കണ്ട ആ സ്വയംസേവകന് ഉടന്‍ തന്നെ ഒരു കാറില്‍ അവരെ ആശുപത്രിയില്‍ എത്തിച്ചു. പിറ്റേ ദിവസം അവിടെ ഒരു കൊലപാതകം നടക്കുകയും, കേസ് ഗതിമാറിവരികയും ചെയ്യും എന്ന് നിരീക്ഷിച്ച സംഘനേതൃത്വം അദ്ദേഹത്തോട് ആശുപത്രിയില്‍ നിന്നും രക്ഷപ്പെടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അതനുസരിച്ച് വെളിക്കിറങ്ങുന്നു എന്ന വ്യാജേന പുറത്തിറങ്ങിയ ഭാസ്കര്‍ജി പ്രത്യേക വാഹനത്തില്‍ എറണാകുളത്തേക്ക് പോവുകയും ചെയ്തു.
1979 ഏപ്രില്‍ മാസത്തില്‍ ബംഗളുരുവില്‍ നടന്ന വിദ്യാഭാരതി അഖിലഭാരതീയ ബൈഠക്കിലേക്ക് ഭാസ്കര്‍ജിയെ പ്രാന്തപ്രചാരക് ഭാസ്ക്കര്‍ റാവുജി അയച്ചു. തുടര്‍ന്ന് അദ്ദേഹം ഭാരതീയ വിദ്യാനികേതന്‍ എന്ന വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ സ്ഥാപകനായി. 1979 ഡിസംബര്‍ 30-ാം തീയതി സംഘടന രജിസ്റ്റര്‍ ചെയ്തു. 1994 വരെയുള്ള പതിനാല് വര്‍ഷക്കാലം സംസ്ഥാന സംഘടനാകാര്യദര്‍ശി എന്ന നിലയില്‍ അദ്ദേഹം നടത്തിയ നിതാന്തമായ പ്രവര്‍ത്തനഫലമായി സംഘടന കേരളത്തിലെ അനിഷേധ്യമായ വിദ്യാഭ്യാസ പ്രസ്ഥാനമായിമാറി. വിദ്യാഭ്യാസരംഗത്ത് ദേശീയ സാംസ്ക്കാരിക ആദര്‍ശത്തിന്റെ നറുചൈതന്യം അത് കേരളത്തിന് സംഭാവനചെയ്തു. 1994ല്‍ അദ്ദേഹം ക്ഷേത്രീയ സംഘടന സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. ആ അവസരത്തില്‍ പെരിന്തല്‍മണ്ണയില്‍ വെച്ച് നടന്ന പരിപാടിയില്‍ ഭാസ്കര്ജിക്ക് ഒരു അനുമോദനം നല്കാന് അവിടുത്തെ പൗരപ്രമുഖര്‍ തീരുമാനിച്ചു. അങ്ങനെ ഒരു പരിപാടിയുണ്ട് എന്ന് മണത്തറിഞ്ഞ ഭാസ്ക്കര്‍ജി അതിവിദഗ്ധമായി രംഗത്തുനിന്നും മുങ്ങി. ആളുകള്‍ പ്രസിദ്ധിയുടെയും അംഗീകാരത്തിന്റെയും പുറകെ ഓടി നടക്കുന്ന കാലത്ത് കേവല പൂജാപുഷ്പമായി, ആരുമറിയാതെ സമാജദേവിക്കു മുമ്പില്‍ അര്‍പ്പിക്കപ്പെടാന്‍ ജീവിച്ച ജീവിതമായിരുന്നു ഭാസ്കര്‍ജിയുടേത്.
പ്രചാരകന്മാര്ക്കിടയില് ആദായനികുതി നല്കുന്ന ആളായിരുന്നു ഭാസ്കര്‍ജി. തന്റെ കുടുംബവ്യാപാരത്തിന്റെ ലാഭവിഹിതം അദ്ദേഹത്തിന് ലഭിക്കുമായിരുന്നു. എന്നാല്‍ തന്റെ സമ്പാദ്യമെല്ലാം സമാജത്തിനായി ആ നിഷ്കാമകര്‍മ്മി സമര്‍പ്പിച്ചു.
തന്റെ കൊച്ചച്ഛന്റെ മകള്‍ ജയന്തിബായ് ഷേണായ് നാഗപ്പൂരില്‍ സംഘം നടത്തുന്ന നേത്രബാങ്ക്, രക്തബാങ്ക് തുടങ്ങിയ സേവന മേഖലയില്‍ സജീവമായപ്പോള്‍ അതിലേക്ക് ഭാസ്കര്‍ജി രണ്ടുലക്ഷം രൂപ നല്കി.
രാംടേക്കില്‍ ശ്രീഗുരുജിയുടെ ജന്മഗൃഹം പുതുക്കിപ്പണിയുന്നു എന്നറിഞ്ഞ് പ്രസ്തുത ട്രസ്റ്റ് ആവശ്യപ്പെടാതെ തന്നെ കെട്ടിടനിര്‍മ്മാണത്തിന് അദ്ദേഹം രണ്ടുലക്ഷം രൂപ അയച്ചു കൊടുത്തു. ട്രസ്റ്റിന്റെ പ്രവര്ത്തകന് ശ്രീഷ്വടെ പാലക്കാട് വന്ന് ഭാസ്കര്ജിക്ക് രസീതിയും കെട്ടിടത്തിന്റെ പടവും നല്കുകയുണ്ടായി.
കല്ലേക്കാട് കേശവമന്ദിരം എന്ന കെട്ടിടം ഭാസ്കര്‍ജി തന്റെ പണം കൊണ്ടാണ് നിര്‍മ്മിച്ചത്. എറണാകുളം ടി.ഡി. അമ്പലത്തിന് പതിനഞ്ച് ലക്ഷം രൂപ അദ്ദേഹം നല്കി, ടിഡി റോഡില്‍ അമ്മ ലക്ഷ്മിബായിയുടെ പേരില്‍ പണിത കെട്ടിടത്തിന്റെ രണ്ടുനിലകള്‍ വിദ്യാനികേതന്‍, ധര്‍മ്മപ്രകാശന്‍ ട്രസ്റ്റ് തുടങ്ങിയവയ്ക്ക് നല്കപ്പെട്ടു. എറണാകുളത്തെ സുധീന്ദ്രാമെഡിക്കല് മിഷന്റെ നിര്‍മ്മാണത്തിലും അദ്ദേഹത്തിന്റെ വലിയ പങ്കുണ്ടായിരുന്നു.
മാധവ്ജിയുടെ സ്വാധീനം അദ്ദേഹത്തെ ഒരു സാധകനാക്കിമാറ്റി. എന്നിരുന്നാലും ചെറുപ്രായത്തില്‍ തന്നെ ഭക്തിസാന്ദ്രമായ ഒരു ജീവിതമായിരുന്നു ഭാസ്കര്‍ജിയുടേത്. സംഘസ്ഥാനില്‍ ശാഖാപരിപാടികള്‍ കഴിഞ്ഞാലും സ്വയംസേവകരെല്ലാം അല്പസമയം തമാശയൊക്കെപ്പറഞ്ഞ് അവിടെത്തന്നെ ഉണ്ടാവുക സാധാരണമായിരുന്നു. എന്നാല്‍ എറണാകുളത്തമ്പലത്തില് എണ്ണനിവേദിക്കേണ്ട ദിവസം 'ഭാസ്ക്കരന്റെ' ശ്രദ്ധ മുഴുവന്‍ അതില്‍ മാത്രമായിരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ ഉടന്‍തന്നെ വീട്ടിലേക്കും, ദേഹശുദ്ധിവരുത്തി എണ്ണയുമായി ക്ഷേത്രത്തിലേക്കും ഓടുക അദ്ദേഹത്തിന്റെ പതിവ് ശീലമായിരുന്നു. കൊല്ലത്ത് പ്രചാരകനായിരുന്ന സമയത്ത് ബാലബ്രഹ്മചാരി മഹേഷ് യോഗിയില്‍ നിന്നും ദീക്ഷവാങ്ങുകയുണ്ടായി. എറണാകുളത്ത് പ്രാന്തകാര്യാലയത്തിന്റെ നിര്മ്മാണാവശ്യാര്ത്ഥം സിമന്റ് വാങ്ങാന്‍ 1970-72 കാലഘട്ടത്തില്‍ തമിഴ്നാട്ടില്‍ പോയസമയത്ത് അണ്ണാജിയിലൂടെ ഭാസ്കര്‍ജി രാമേശ്വരം ക്ഷേത്രതന്ത്രി നീലകണ്ഠജോഷിയെ പരിചയപ്പെടുകയും അദ്ദേഹത്തില്‍ തന്റെ ഗുരുവിനെ കണ്ടെത്തുകയും ചെയ്തു. അടിയന്തരാവസ്ഥയോടു കൂടി ശാക്തേയ മാര്‍ഗ്ഗത്തില്‍ കൂടുതല്‍ ഇഴുകിച്ചേര്‍ന്നു.
കല്ലേക്കാട് വിദ്യാനികേതന്‍ വിദ്യാഭ്യാസ സങ്കേതത്തില്‍ ശാക്തേയ സമ്പ്രദായത്തില്‍ വിദ്യാപ്രാധാന്യത്തോടുകൂടിയുള്ള ബാലസരസ്വതിക്ഷേത്രം അദ്ദേഹം സ്ഥാപിച്ചു. പ്രതിഷ്ഠയ്ക്കായി ഗുരുപത്നി വന്നെങ്കിലും അവര്‍ ഭാസ്കര്ജിയെത്തന്നെ അതിന് നിയോഗിക്കുകയായിരുന്നു. നൈഷ്ഠിക ബ്രഹ്മചാരിയായിരുന്നിട്ടും നാല്പത്തൊന്നു ദിവസത്തെ തീവ്രവ്രതമെടുത്താണ് അദ്ദേഹം ആ പ്രതിഷ്ഠ നടത്തിയത്. പ്രചാരകന്മാര്ക്കിടയിലെ കമ്മ്യൂണിസ്റ്റ് എന്ന് അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ തമാശയായി പരാമര്‍ശിക്കപ്പെട്ടിരുന്ന മാധവ്ജി താന്ത്രികവിദ്യയുടെ കുലപതിയായത് പലര്‍ക്കും അതിശയമായിരുന്നു. എന്നാല്‍ ഭാസ്കര്‍ജി ഒരു തന്ത്രി എന്നതിനുപരി ശാക്തേയമാര്ഗ്ഗത്തിന്റെ ശക്തനായ ഒരു പ്രയോക്താവ് കൂടിയായിരുന്നു. തീവ്രമായ പൂജാദി ആചാരങ്ങളില്‍ നിമഗ്നനായിരുന്നു അദ്ദേഹം. സംഘടനാ പരിപാടികള്‍ പോലും പൂജാകേന്ദ്രിതമായിരുന്നു. നാല്പത്തിരണ്ടുവര്ഷം മുടങ്ങാതെ അദ്ദേഹം പൂജ ചെയ്തു. ആശുപത്രിജീവിതത്തില് പോലും ഇത് മുടക്കിയില്ല. പൂജയ്ക്കുവേണ്ടിയുള്ള ഒരു ജീവിതം, അങ്ങനെ ആ ജീവിതത്തെ വിശേഷിപ്പിക്കാം.
അന്തിമഘട്ടത്തില്‍ തന്റെ പൂജാസാമഗ്രികളെല്ലാം ഉത്തരാധികാരിയായ ഡോ. വേണുഗോപാലിനെ ഏല്പിച്ച് 'ഞാന്‍ പൂജനിര്‍ത്തി, വേണു' എന്നു പറഞ്ഞു പൂജയില്‍ നിന്നും പിന്‍വാങ്ങി.
അങ്ങനെ എല്ലാം ഉപേക്ഷിച്ച് യാതൊരു കെട്ടുപാടുകളുമില്ലാതെ ഭാസ്കര്‍ജി രംഗത്തുനിന്ന് മറഞ്ഞു. നഗ്നനായി വന്നു, നഗ്നനായിത്തന്നെ തിരിച്ചുപോയി; പതിനൊന്ന് പൂര്ണ്ണദീക്ഷിതരടക്കം ഇരുപത്തേഴ് ശിഷ്യരെ അവശേഷിപ്പിച്ചുകൊണ്ട്.
മത്കര്മകൃന്മത് പരമോ
മദ്ഭക്തഃ സങ്ഗവര്ജിതഃ
നിര്വൈരഃ സര്‍വ്വഭൂതേഷു
യഃ സ മാമേതി പാണ്ഡവ
അല്ലയോ പാണ്ഡവ! ആരാണോ എനിക്കുവേണ്ടി കര്‍മ്മങ്ങള്‍ ചെയ്യുന്നത്, എന്നെത്തന്നെ പരമാശ്രയമായി കാണുന്നത്, എന്നില്‍ ഭക്തിയോടിരിക്കുന്നത്, സകലജീവികളോടും ദ്വേഷബുദ്ധിയില്ലാതെ ഇരിക്കുന്നത്. അവന് എന്നെത്തന്നെ പ്രാപിക്കുന്നു. (വിശ്വരൂപദര്‍ശനയോഗം).
(ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന
അദ്ധ്യക്ഷനാണ് ലേഖകന്‍)
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.