Kesari WeeklyKesari

അഭിമുഖം

''ദ്വിരാഷ്ട്രവാദം ഉപേക്ഷിക്കാന്‍ ജിന്ന തയ്യാറായിരുന്നു''

on 06 January 2018
Kesari Article

രാജശ്രീ ചൗധരി/ടീക്കെയെസ് 

ന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ സുവര്‍ണ്ണശോഭയായിരുന്നു സുഭാഷ് ചന്ദ്രബോസ്. ഇന്ത്യയ്ക്ക് പുറത്തുപോയി ഇന്ത്യയ്ക്കുവേണ്ടി അംഗരാഷ്ട്രങ്ങളെ സൃഷ്ടിച്ചും സംയോജിപ്പിച്ചും താല്ക്കാലിക ഗവണ്‍മെന്റുണ്ടാക്കിയ സുഭാഷിന്റെ ആസാദ് ഹിന്ദ് ഫൗജ് എന്ന സര്‍ക്കാരിന് 75 വര്‍ഷം തികഞ്ഞിരിക്കുകയാണ്. സ്വന്തം നാണയവും ബാങ്കും റേഡിയോയും ഭരണഘടനയും  കാബിനറ്റും സൈന്യവും ഉണ്ടാക്കി വെള്ളക്കാരനെ വിറപ്പിച്ചുകൊണ്ട് ഗാന്ധിയന്‍ സഹനസമരത്തിന് പരോക്ഷമായി ആക്കംകൂട്ടാന്‍ ഇന്ത്യക്ക് അകത്തും പുറത്തും നടന്ന ഈ സംഭവ പരമ്പരകളുടെ ചരിത്രസാക്ഷ്യമാണ് അടുത്തകാലത്ത് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍.  അവയിലൂന്നി ഭാരതത്തിലും പുറത്തും അഭിയാന്‍ സംഘടിപ്പിക്കുന്ന നേതാജിയുടെ കുടുംബാംഗം രാജശ്രീ ചൗധരി ഈയിടെ പയ്യന്നൂരില്‍ സംഘടിപ്പിച്ച രാഷ്ട്രീയസ്വാഭിമാന്‍ ആന്തോളന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കേസരി വാരികക്ക് വേണ്ടി നല്‍കിയ  അഭിമുഖത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെൡപ്പെടുത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് എന്ന യു.എന്‍. അംഗീകാരമുള്ള എന്‍.ജി.ഒ.യുടെ സെക്രട്ടറി ജനറല്‍ ആണ് രാജശ്രീ ചൗധരി. കൂടാതെ കെ.എന്‍.ഗോവിന്ദാചാരി സ്ഥാപിച്ച സ്വാഭിമാന്‍ ആന്തോളന്റെ കോ-കണ്‍വീനറും സുഭാഷ് ചന്ദ്രബോസിന്റെ സഹോദരി സ്‌നേഹലതാ ചൗധരിയുടെ പൗത്രിയുമാണ് രാജശ്രീ ചൗധരി. അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍:

നേതാജിയുടെ കുടുംബാംഗങ്ങള്‍ അടുത്തകാലത്താണല്ലോ അദ്ദേഹത്തിന്റെ 'മരണരഹസ്യത്തെ'കുറിച്ച് ലോകത്തിനുമുന്നില്‍ തുറന്നു പറയണമെന്ന് ആവശ്യപ്പെടുന്നത്? 

നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടു എന്ന കിംവദന്തി പറഞ്ഞുപരത്തിയ യുദ്ധ വെറിയന്മാര്‍ തന്നെയാണ് നേതാജിയെ യുദ്ധക്കുറ്റവാളിയായി ചിത്രീകരിച്ച് പിടികിട്ടാപ്പുള്ളിയെപോലെ പെരുമാറുന്നത്. കോമണ്‍വെല്‍ത്ത് നാഷണലില്‍ ഇന്ത്യ പങ്കാളിയായതോടെ നമ്മുടെ സര്‍ക്കാരും നേതാജിയെ സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചത്. കുടുംബാംഗങ്ങളുടെ വീട്ടിന് ചുറ്റും അക്കാലത്ത് പോലീസ് കാവലേര്‍പ്പെടുത്തുകയും ചോദ്യംചെയ്ത് വീര്‍പ്പുമുട്ടിക്കുകയും ചെയ്തു.  അധികാര കൈമാറ്റം വന്നപ്പോള്‍ മൗണ്ട് ബാറ്റനുമായുള്ള സര്‍ക്കാരിന്റെ ഊഷ്മളമായ ബന്ധം ഞങ്ങളുടെ കുടുംബാംഗങ്ങള്‍ സംശയത്തോടെയാണ് കണ്ടത്. നേതാജി വെള്ളക്കാരെ തുരത്താന്‍ ലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ച് ലോകനേതാക്കളുടെ അഭിപ്രായസമന്വയമുണ്ടാക്കിയത് സഖ്യസേനക്ക് ചില്ലറയൊന്നുമല്ല അങ്കലാപ്പ് ഉണ്ടാക്കിയത്. ഇവിടത്തെ ബ്രിട്ടീഷ് ഭരണകൂടം ഇത് നേരത്തെ തിരിച്ചറിഞ്ഞതിനാലാണ് നേതാജിയുടെ തോല്‍വി ഉറപ്പാക്കാന്‍ തീരുമാനിച്ചതും. ഐ.എന്‍.എയുടെ മുന്നേറ്റം അതിര്‍ത്തി കടന്നെത്തിയപ്പോള്‍ ലോകസംഭവവികാസങ്ങള്‍ മാറിമറിഞ്ഞിരുന്നു. 

ഇന്നത്തെ നാഗാലാന്റിലെയും, മ്യാന്‍മറിലെയും, സിംഗപ്പൂരിലെയും ഗ്രാമങ്ങളില്‍ നേതാജിയെ കണ്ണീരോടെ കാക്കുന്നവര്‍ ഇന്നും അനവധിയാണ്. ഇതൊക്കെ അറിയാവുന്ന അന്നത്തെ ഗവണ്‍മെന്റ് നേതാജിയെ കുറ്റവാളിയായി ചിത്രീകരിച്ച ബ്രീട്ടീഷ് നയം അംഗീകരിക്കുകയാണ് ഉണ്ടായത്. അത്തരം സാഹചര്യത്തില്‍ സുഭാഷ് കൊല്ലപ്പെട്ടു എന്ന് വരുത്തിത്തീര്‍ക്കേണ്ടത് അവരുടെ ഭാഗമായിരുന്നു. കഥ മെനഞ്ഞെടുക്കുന്നതില്‍ അതീവ തല്‍പരരായിരുന്നു അവര്‍. സംശയങ്ങളുടെ മുന്നേറ്റത്തില്‍ കുടുംബാംഗങ്ങളെ നിരീക്ഷിക്കുന്നതിനാല്‍ ബന്ധുക്കള്‍ സംയമനം പാലിച്ചു. ഇന്ന് അത്തരത്തിലൊന്നും നടക്കില്ലെന്ന് അവര്‍ക്ക് ബോധ്യമായതിനാലാണ് ചോദ്യം  ചെയ്യാന്‍ തുടങ്ങിയത്. അതിന്റെ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. അതാണ് രേഖകള്‍ പുറത്തുവിടാന്‍ കാരണം.

എന്തുകൊണ്ടായിരുന്നു പല കമ്മീഷനുകള്‍ അന്വേഷണം നടത്തിയിട്ടും ഗൗരവതരമായ ഇടപെടലുകള്‍ നടക്കാതിരുന്നത്. ?

ആദ്യ മന്ത്രിസഭയില്‍തന്നെ പല അംഗങ്ങളും ഇക്കാര്യം ഉന്നയിച്ചിരുന്നു. ജീവിതകാലംവരെ നേതാജിയുടെ തിരോധാനം അന്വേഷിക്കാന്‍ ഒറ്റയാന്‍ പട്ടാളമായി പുറപ്പെട്ട തമിഴ്‌നാട്ടിലെ മുത്തുരാമ ലിംഗ തേവര്‍ എന്നും പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിക്കുമായിരുന്നു. അതിന്റെ ഫലമാണ് ആദ്യത്തെ അന്വേഷണ കമ്മീഷന്‍. അതേപോലെ തന്നെയായിരുന്നു സമര്‍ ഗുഹയും. എന്നാല്‍ ബ്രിട്ടന്റെയും മറ്റ് ചില വിദേശ രാജ്യങ്ങളുടെയും സ്വാധീനവും അഭ്യന്തര രാഷ്ട്രീയവും ഇതിന് തടസ്സമായിട്ടുണ്ട്. ആസാദ് ഹിന്ദ് ഫൗജിന്റെ കോടിക്കണക്കിന് വരുന്ന ആസ്തി കണ്ടുകെട്ടിയതുപോലും അവര്‍ക്ക് തിരിച്ചുനല്‍കേണ്ടിവരും. ഗാന്ധിജിക്ക് കിട്ടിയതിനേക്കാള്‍ പതിന്മടങ്ങാണ്  ചരിത്രത്തില്‍ രേഖപ്പെടുത്താതെ നേതാജിക്ക് ലോകജനത സംഭാവന ചെയ്തത്. അവയെല്ലാം പലരും കയ്യടക്കി. നേതാജി ജീവിക്കുന്നുണ്ടെന്നറിഞ്ഞാല്‍ ഭാരത ജനത കോരിത്തരിപ്പോടെ  എതിരേല്‍ക്കുമെന്നും മൗണ്ട് ബാറ്റന്റെ അധികാര കൈമാറ്റം വൃഥാവിലാകുമെന്നും അവര്‍ക്കറിയാമായിരുന്നു. ആയതിനാല്‍ വിമാനദുരന്തം എന്ന കഥ അവര്‍ വളരെ സാമര്‍ത്ഥ്യത്തോടെ പ്രചരിപ്പിച്ചു. 

അതിനുള്ള തെളിവുകള്‍ ?

അദ്ദേഹത്തിന്റെ ഡ്രൈവര്‍ കേണല്‍ നിസാമുദ്ദീന്‍ നേതാജിയോടൊപ്പം ഒന്നിച്ചു യാത്രചെയ്ത ആളാണ്. അവര്‍ രണ്ടുപേരും മ്യാന്‍മര്‍, തായ്‌ലാന്റ് അതിര്‍ത്തിയിലെ കാട്ടില്‍ വെച്ചാണ് വേര്‍പിരിഞ്ഞത്. ടോക്കിയോവില്‍ മീറ്റിംഗ് ഉള്ളതിനാല്‍ ജപ്പാന്‍ സൈനിക മേധാവികള്‍ സുഭാഷിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവത്രെ. കൂടെ വരാമെന്ന് അപേക്ഷിച്ചിട്ടും റെജിമെന്റ് നോക്കിനടത്താനാണ് കേണലിനെ നേതാജി ഉപദേശിച്ചത്. അവസാനത്തെ സല്യൂട്ട് ചെയ്താണ് ജപ്പാന്റെ സബ്ബ് മറൈനില്‍ അദ്ദേഹത്തെ കൂട്ടികൊണ്ടുപോയത്. മരിച്ച ബോസിന്റെ മരണപത്രത്തില്‍ ഒരു ജപ്പാന്‍ ജവാന്റെ പേരായിരുന്നു ഉണ്ടായിരുന്നത്. ചിതാ ഭസ്മം സൂക്ഷിച്ചതെന്ന് പറയുന്ന ക്ഷേത്രം കത്തി നശിച്ചിട്ടും ചിതാഭസ്മകുംഭം കേടുകൂടാതെ നിലനിന്നുവത്രെ. വേഷപ്രച്ഛന്നനായ നേതാജിയുടെ അതേ സാമ്യമുള്ള കയ്യെഴുത്ത് തന്നെയായിരുന്നു സുഭാഷിന്റേയും. മാറിയ ബാബയായി വേഷം മാറിയ സുഭാഷ് ജപ്പാന്‍ തപംചെയ്യുന്നുണ്ടായിരുന്നു. അന്തര്‍ദേശീയ പത്രങ്ങള്‍ വായിക്കുന്നുണ്ടായിരുന്നു. റീഡേഴ്‌സ് ഡൈജസ്റ്റ് മാസിക കയ്യിലുണ്ടായിരുന്നു. ബാബയുടെ കയ്യില്‍ സുഭാഷിന്റെ മാതാപിതാക്കളുടെ ചിത്രവും. ഇതെല്ലാം അന്വേഷണവിധേയമാക്കേണ്ടതാണ്. എങ്കില്‍ ആസൂത്രിതമായി കെട്ടിച്ചമച്ച മരണകഥ ചുരുളഴിക്കാനാവും.

കേണല്‍ നിസാമുദ്ദീന്‍ എന്ന നേതാജിയുടെ ഡ്രൈവറെ താങ്കള്‍ നേരിട്ട് കണ്ടിരുന്നുവോ?

ഞാന്‍ നേരില്‍ അവരുമായി സംസാരിച്ചിട്ടുണ്ടായിരുന്നു. താങ്കളുടെ ജീവന് സുരക്ഷയുണ്ടാവില്ല എന്നതായിരുന്നു സുഭാഷ്, നിസാമുദ്ദീനോട് പറഞ്ഞത്. ഞാന്‍ കൊല്ലപ്പെെട്ടന്ന് പ്രചരിപ്പിക്കുന്നതിന് സമ്മതം നല്‍കാന്‍ അദ്ദേഹം ഉപദേശിച്ചു.  കഴിഞ്ഞ വര്‍ഷമാണ് 117-ാം മത്തെ വയസ്സില്‍ യു.പിയിലെ അസംഗണ്ഡില്‍ വച്ച് അദ്ദേഹം മരിച്ചത്. 

കോണ്‍ഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുത്തിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തെ മറ്റ് ദേശീയ നേതാക്കള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടായത്?

നേതാജി കോണ്‍ഗ്രസ്സ് പ്രസിഡന്റായത് വന്‍ വിജയമായിരുന്നു. ആസാദ് ഹിന്ദ് ഫൗജില്‍ നെഹ്‌റു,  ഗാന്ധിജി റെജിമെന്റുകള്‍  അദ്ദേഹം സ്ഥാപിച്ചിരുന്നു. നെഹ്‌റുവിനെ കോണ്‍ഗ്രസ്സിന്റെ സാമ്പത്തിക കമ്മീഷന്‍  ചെയര്‍മാനാക്കി സുഭാഷ് പ്രതിഷ്ഠിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പ്രത്യുപകാരമൊന്നും സുഭാഷിനുണ്ടായിട്ടില്ല. സര്‍ദാര്‍ പട്ടേലിന്റെ മൂത്ത സഹോദരന്‍ വിത്തല്‍ഭായ് പട്ടേല്‍ ആയിരുന്നു സുഭാഷിന്റെ ഉപദേശകന്‍. സുഭാഷിന്റെ വളര്‍ച്ചയില്‍ അസൂയാലുക്കളായ അധികാര മോഹികള്‍ അദ്ദേഹത്തെ എതിര്‍ത്തു. 

ഭാരതവിഭജനം നേതാജി ഉണ്ടായിരുന്നുവെങ്കില്‍ നടക്കില്ലായിരുന്നുവെന്ന് പലരും പ്രതീക്ഷിച്ചിരുന്നു ശരിയാണോ ?

തീര്‍ച്ചയാണ്. ലോകനേതാക്കളുമായി ഇത്രയധികം സമ്പര്‍ക്കം പുലര്‍ത്തിയ നേതാവ് അക്കാലത്ത് വിരളമാണ്. കുടുംബബന്ധം സുഭാഷ് അത്രയധികമൊന്നും നിലനിര്‍ത്തിയിരുന്നില്ല. ജിന്നയുമായും സവര്‍ക്കറുമായും, ടാഗൂറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. നേതാജി കല്‍ക്കത്താ മേയര്‍ ആയിരിക്കുമ്പോഴാണ് ജഗത്മതി ഹാള്‍ ഉദ്ഘാടനം ചെയ്യാന്‍ ടാഗൂര്‍ എത്തിയത്. അന്ന് ജനഗണമന പാടുമ്പോള്‍ 'അധിനായക്' എന്ന പദത്തെചൊല്ലി തര്‍ക്കമുണ്ടായപ്പള്‍ അത് രാഷ്ട്രനായകനായ നേതാജിയെയാണ് സൂചിപ്പിച്ചതെന്ന് ടാഗൂര്‍ സമ്മതിച്ചിരുന്നു. കിംഗ് ജോര്‍ജ്ജിനെയാണെന്ന വാദഗതിക്ക് ചുട്ട മറുപടിയായിരുന്നു ഇത്. ജിന്നയുമായുള്ള സംവാദത്തില്‍ നേതാജി അഖണ്ഡഭാരതത്തിന്റെ തലവനാകുകയാണെങ്കില്‍ ദ്വിരാഷ്ട്ര വാദം ഉപേക്ഷിക്കുമെന്ന് ജിന്ന സമ്മതിച്ചിരുന്നുവത്രെ.  എന്നാല്‍ ഹിന്ദുക്കളുടെ മനോഭാവം അറിയാന്‍  സവര്‍ക്കറെ കാണാന്‍ അദ്ദേഹം ഉപദേശിച്ചിരുന്നു. സവര്‍ക്കറുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഹിന്ദുസഭാ നേതാക്കളുടെ ഒരു വന്‍നിരതന്നെ നേതാജിക്ക് സംഭാവന ചെയ്തു. വിത്തല്‍ ഭായ് പട്ടേലും, റാഷ്ബിഹാരിബോസും അതില്‍ പ്രഥമഗണനീയരാണ്. വെള്ളക്കാരന്റെ സേനയില്‍ ഇന്ത്യന്‍ യുവാക്കള്‍ ചേക്കേറാന്‍ സവര്‍ക്കര്‍ രഹസ്യനീക്കം നടത്തിത് ഈ കൂടിക്കാഴ്ചക്ക് ശേഷമാണ്. അങ്ങിനെയാണ് ഒട്ടനവധി സൈനിക ലഹളകള്‍ നടന്നതെന്ന് പിന്നീട് മനസ്സിലായി. അസമില്‍ സൈനിക നീക്കം നടക്കുന്നുണ്ടെന്ന് സുഭാഷിന് അറിയാനായത് ഇങ്ങനെയാണ്. ഇതൊക്കെ അവര്‍ തമ്മിലുണ്ടായ  കൂടിക്കാഴ്ചയുടെ ഫലമാണെന്ന് വേണം ഊഹിക്കാന്‍.

താങ്കളുടെ ഇപ്പോഴത്തെ പ്രചരണത്തിന്റെ ലക്ഷ്യം എന്താണ് ?

നേതാജിയുടെ തിരോധാനം വിമാന ദുരന്തമാണെന്ന കുപ്രചരണം അവസാനിപ്പിക്കുക. യുദ്ധക്കുറ്റവാളിയാണെന്നത് തിരുത്തുക. മുഴുവന്‍ രേഖകളും പുറത്തുവിടുക. വിദേശരാജ്യങ്ങളുമായി സഹകരിച്ച് നേതാജിയുടെ ചരിത്രയാത്ര പുറത്തുകൊണ്ടുവരിക എന്നിവയാണ് ലക്ഷ്യമിടുന്നത്.

ജാലിയന്‍വാലാ ദുരന്തത്തോട് ബ്രിട്ടന്‍ മാപ്പ് പറയണമെന്ന് ലണ്ടന്‍ മേയറും ബ്രിട്ടന്‍ ഇന്ത്യയെ സാമ്പത്തികമായി പാപ്പരാക്കിയെന്ന് ശശിതരൂരും പറയുമ്പോള്‍ യുദ്ധക്കുറ്റവാളിയാണെന്ന് നേതാജിയെ വിളിക്കുന്നത് തിരുത്താന്‍ എന്തുകൊണ്ട് സാധിക്കുന്നില്ല. ?

ശശി തരൂര്‍, യു.എന്നില്‍ സുഭാഷ് യുദ്ധക്കുറ്റവാളിയല്ലെന്ന് കോഫി അന്നനോട് പറഞ്ഞെങ്കിലും ഇന്ത്യയിലെത്തിയപ്പോള്‍ മിണ്ടുന്നില്ല. ഇപ്പോള്‍ രഹസ്യരേഖകള്‍ സമ്മര്‍ദ്ദംകൊണ്ട് സര്‍ക്കാര്‍ തന്നെ പുറത്തുവിടുന്ന സന്ദര്‍ഭത്തില്‍ ഇനിയും പലതും ഉന്നയിക്കേണ്ടിവരും. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ സുഭാഷിനെ ജപ്പാന്റെ ട്രോജന്‍കുതിര എന്ന് വിളിച്ച ഇടതുപക്ഷം ഇന്ന് തിരുത്താന്‍ തയ്യാറായിരിക്കുകയാണ്. അധികാരകൈമാറ്റം നടന്ന രേഖകളില്‍ വോള്യം 6-ല്‍ 138, 139, 140 പേജുകളില്‍ സുഭാഷിനെ യുദ്ധക്കുറ്റവാളിയായി ചിത്രീകരിച്ചത്, ബ്രിട്ടീഷുകാരുടെ ഇടതുവശം നിന്ന കമ്മ്യൂണിസ്റ്റുകാരും വലതുവശം നിന്ന കോണ്‍ഗ്രസ്സും മാറ്റി ചിന്തിക്കാന്‍ ഇനിയെങ്കിലും തയ്യാറാവണം.

സുഭാഷിന്റെ മരണ രഹസ്യത്തെ സംബന്ധിച്ച സ്വതന്ത്ര ഗവേഷണം  എത്രത്തോളം പുരോഗമിക്കുന്നുണ്ട് ?

ഡോ. ജയന്തോ ചൗധരി, ഡോ. മധുസൂദന്‍ പാല്‍ എന്നിവര്‍ നിരന്തരമായി ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ശ്രീമതി ഇന്ദിരാഗാന്ധിയോട്് നേതാജിയുടെ മരുമകന്‍ മരണവാര്‍ത്ത അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഒന്നും സംഭവിച്ചിട്ടില്ല. ഇപ്പോള്‍ അനവധി പുസ്തകങ്ങളും, രേഖകളും പുറത്ത് വരുന്നുണ്ട്. 1943 ഒക്‌ടോബര്‍ 25 ന് സ്ഥാപിച്ച ആസാദ് ഹിന്ദ് ഫൗജിന്റെ സ്മരണപോലും ആഘോഷിക്കുന്നില്ല. നേതാജിയുടെ പ്രേതത്തെപോലും ഭയപ്പെട്ടിരുന്ന അവര്‍ വിമാന ദുരന്തം കൂടാതെ റഷ്യന്‍ ജയിലില്‍ വെച്ച് മരിച്ചെന്നും പ്രചരപ്പിച്ചിരുന്നു.

ജീവിക്കുന്ന തെളിവുകള്‍ ശേഖരിച്ചിട്ടും നേതാജിയെ അംഗീകരിക്കാന്‍ ആര്‍ക്കാണ് പേടി?

നേതാജിയുടെ ഡ്രൈവര്‍ നിസാമുദ്ദീനെ ഞാന്‍ നേരിട്ട്  കണ്ടപ്പോള്‍ സുപ്രീം കമാന്റന്റിന്റെ ഓര്‍ഡര്‍ അനുസരിച്ച് ഞാന്‍ സല്യൂട്ട് ചെയ്ത്  പിരിയുകയാണുണ്ടായതെന്ന് അദ്ദേഹം ഗദ്ഗദത്തോടെ അയവിറക്കിയിരുന്നു.  തായ്‌ലന്റിലെ കാട്ടില്‍ വെച്ച് സുഭാഷ് കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത കേട്ടു രണ്ടുപേരും ചിരിച്ച കാര്യവും അദ്ദേഹം ഓര്‍മ്മിച്ചു. വിമാന ദുരന്തത്തില്‍ പൊള്ളലേറ്റ നേതാജിയെ ഒരു ഡോക്ടര്‍ ചികിത്സിച്ചെന്ന മൊഴി ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് അന്നത്തെ ഓപ്പറേഷന്റെ ഭാഗമായിരിക്കണം. സത്യരഞ്ജന്‍ബക്ഷിയെന്ന  സുഭാഷിന്റെ കല്‍ക്കത്തയിലെ സുഹൃത്തിനെ കാണാന്‍ വന്ന ഐ.എന്‍എയുടെ ലഫ്റ്റന്റ് ഹബീബ്‌റഹ്മാനോട് താങ്കള്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടല്ലോ എന്ന് ബക്ഷി ചോദിച്ചപ്പോള്‍  ഹബീബ് റഹ്മാന്‍ മൗനിയായിരുന്നു. പിന്നീട് വികാരഭരിതനായാണ് ഹബീബിനെകണ്ടത്. എന്റെ സുപ്രീം കമാന്റന്റ് പറഞ്ഞതനുസരിച്ചാണ് എനിക്ക് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്ന് അദ്ദേഹം കരഞ്ഞുകൊണ്ട് പറഞ്ഞു. അല്ലെങ്കില്‍ സുഭാഷിന്റെ അനുയായികളെയെല്ലാം സഖ്യസേന  കൊന്നൊടുക്കുമായിരുന്നു.  ഇന്ത്യ മറ്റൊരു ഹിരോഷിമ-നാഗസാക്കിയാകുമായിരുന്നു. ഇതറിഞ്ഞുകൊണ്ടാണ് സുഭാഷ് മരിച്ചുവെന്ന് വിശ്വസിപ്പിക്കുവാന്‍ സുഭാഷ്തന്നെ ഇങ്ങനെ ആസൂത്രണം ചെയ്തത്. ഇന്ത്യ നശിക്കാതിരിക്കണമെങ്കില്‍ ഇതുമാത്രമെ പോംവഴിയുണ്ടായിരുന്നുള്ളൂ. ഈ ദീര്‍ഘവീക്ഷണം മനസ്സിലാക്കാന്‍പോലും അന്നത്തെ ഇന്ത്യന്‍ സര്‍ക്കാറിന് കഴിഞ്ഞിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments