Kesari WeeklyKesari

ലേഖനം..

തുടരേണ്ട തപസ്- എം.ബാലകൃഷ്ണന്‍

on 06 January 2018
Kesari Article

ത്തരായനപുണ്യകാലമായി. മാഘമാസപ്പിറവിയോടെ പ്രകൃതി വെളിച്ചത്തിലേക്ക് കടക്കുകയായി. മകരസംക്രാന്തിക്ക് മാഘമേള, പൊങ്കല്‍, ലോഹരി, തില സംക്രാന്തി തുടങ്ങി ദേശഭാഷാ പാഠഭേദങ്ങള്‍ പലതുണ്ടെങ്കിലും ഇതിന്റെ സന്ദേശം ഒന്നുതന്നെയാണ്. ധനുരാശിയില്‍ നിന്നുള്ള സൂര്യന്റെ മകരരാശിയിലേക്കുള്ള മാറ്റം പവിത്രവൃത്തികളുടെ കാലമാണ്. പുതിയ പ്രകാശത്തിന്റെ ഉദയമാണത്.  പരിവര്‍ത്തനത്തിന്റെയും പുതിയ പ്രതീക്ഷകളുടെയും ശുഭകാലമാണിത്. മുറിവേറ്റ ഭീഷ്മപിതാമഹന്‍ മരണം കാത്തുകിടന്നത് ഉത്തരായണകാലത്ത് പ്രാണന്‍ വെടിയണമെന്ന ആഗ്രഹം കൊണ്ടാണെന്ന് മഹാഭാരതം പറയുന്നു. 1863-ലെ മകരസംക്രാന്തിദിനത്തിലാണ് സ്വാമി വിവേകാനന്ദന്‍ ജനിച്ചത്. ഭാരതം ഗണതന്ത്രരാജ്യമായി മാറിയതും ഈ മാസത്തില്‍ തന്നെ. ദീര്‍ഘകാലത്തെ അടിമത്തത്തിന്റെ കൂരിരുളില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ പ്രദീപ്തമായ കാലത്തിലേക്ക് കാലെടുത്തു വെച്ച റിപ്പബ്ലിക് ദിനം ജനുവരി 26ന് ഭാരതം കൊണ്ടാടുന്നു.
ഭാരതം ഒരു സംക്രമണകാലത്തിലൂടെ കടന്നുപോവുകയാണ്. പരിവര്‍ത്തനത്തിന്റെ ഈ പുതിയ കാലം പ്രതിസന്ധികളുടെ കാലം കൂടിയാണ്. സമര്‍ത്ഥമായി ഇതിനെ തരണം ചെയ്യാനുള്ള ആര്‍ജ്ജവം ഭാരതത്തിനുണ്ടെന്ന് അനുദിനം അത് തെളിയിച്ചു കൊണ്ടിരിക്കുന്നു. 1897ല്‍ ജനുവരി 25ന് സ്വാമി വിവേകാനന്ദന്‍ രാമനാട്ടിലെ ഒരു പ്രസംഗത്തില്‍ സൂചിപ്പിച്ചത് ഈ മകരസംക്രമകാലത്ത് ഏറെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു ''ഏറ്റവും നീണ്ട രാത്രി തീരാറായെന്നു തോന്നുന്നു. ഏറ്റവും ദുസ്സഹമായ കഷ്ടപ്പാടുകള്‍ ഒടുവില്‍ ഇതാ അവസാനിക്കുന്ന മട്ടായി... നമ്മുടെ മാതൃഭൂമിയായ ഭാരതം അഗാധവും ദീര്‍ഘവുമായ നിദ്രയില്‍ നിന്നെഴുന്നേല്‍ക്കുകയാണ്... ഇനി ആര്‍ക്കും ഭാരതത്തെ തടയാനാവില്ല. ഇനി ഒരിക്കലും ഉറങ്ങാന്‍ ഭാവവുമില്ല. ഇനി ഒരു ബാഹ്യശക്തിക്കും ഭാരതത്തെ പിന്നോട്ടു പിടിച്ചുമാറ്റുക സാധ്യമല്ല. അനന്തശക്തിയുള്ള ആ മഹാസത്വം തന്‍കാലില്‍ നില്‍ക്കാന്‍ വട്ടം കൂട്ടുകയാണ്.'' അടിമയായ ഭാരതത്തിന്റെ മണ്ണില്‍ നിന്നാണ്, കടന്നുകാണാന്‍ കഴിവുള്ള ആ മഹാതപസ്വി ഈ സംക്രമ ഭാവിയെ ഒരു നൂറ്റാണ്ടിനപ്പുറം പ്രവചിച്ചത്.
പാശ്ചാത്യ അധിനിവേശത്തിന്റെ നുകത്തിനിടയില്‍ നിന്നുള്ള മോചനവും സ്വത്വപ്രകാശനവും ആണ് സ്വാമിജി അന്ന് ദീര്‍ഘദര്‍ശനം ചെയ്തത്. യൂറോപ്യന്‍ ഭൂതം ആവേശിച്ച ഭാരതീയ ജനജീവിതത്തിന്റെ സകല തുറകളില്‍ നിന്നുമുള്ള മോചനത്തെയാണ് സ്വാതന്ത്ര്യസമര സേനാനികളും മോഹിച്ചത്. സ്വദേശി എന്നത് വസ്ത്രത്തിലും ഭക്ഷണത്തിലും ഭാഷയിലും മാത്രം ഒതുക്കപ്പെട്ടതല്ലെന്നും മനോഭാവത്തിലുള്ള സ്വദേശിവത്ക്കരണമാണെന്നും അവര്‍ പ്രഖ്യാപിച്ചു. ഈ സംക്രമണം പൂര്‍ത്തിയായോ എന്ന് ആത്മപരിശോധന നടത്താന്‍ ഈ മകരസംക്രമം സന്ദര്‍ഭമാകേണ്ടതാണ്.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധിനിവേശം ഭാരതത്തിന്റെ മനസ്സിനെയും ചിന്തയേയും ആഴത്തില്‍ സ്വാധീനിച്ചിരുന്നു. രാഷ്ട്രീയ അടിമത്തത്തിനപ്പുറത്തേക്ക് ധൈഷണികവും സാംസ്‌കാരികവുമായ അടിമത്തമായി അത് മാറി. യൂറോപ്യന്‍ ജീവിതശൈലിയും സംസ്‌കാരവും ഭാരതത്തിന്റെ മനസ്സിനെയും ചിന്തയേയും കീഴടക്കി. ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും പൂര്‍ണ്ണമായും അതില്‍നിന്ന് മുക്തമാകാന്‍ നമുക്ക് കഴിഞ്ഞില്ല. സ്വാതന്ത്ര്യപ്രഖ്യാപനം സ്വാശ്രയവും സ്വാഭിമാനപൂര്‍ണ്ണവുമായ ഒരു ഭാരതത്തെ സൃഷ്ടിക്കുന്നതായിരുന്നില്ല. കൂട്ടില്‍ തളച്ചിടപ്പെട്ട തത്തയ്ക്ക് കൂട്ടുതുറന്നിട്ടും പറക്കണമെന്ന് മോഹമുണ്ടായിരുന്നില്ല.
വിദ്യാഭ്യാസം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളിലെല്ലാം സ്വന്തം നാടിന്റെ ആത്മാവിനനുസൃതമായ ആശയങ്ങളെ സ്വാംശീകരിക്കുന്നതിനുപകരം നാം എന്നും വടക്കുനോക്കി യന്ത്രങ്ങളെപ്പോലെ ആശയങ്ങളെ ഇറക്കുമതി ചെയ്തുകൊണ്ടിരുന്നു. ആത്മപ്രകാശനത്തിന്റെ അവസരങ്ങളെ  നഷ്ടപ്പെടുത്തിക്കൊണ്ട് അവസരവാദത്തിന്റെ അടിമകളായി ഭരണാധികാരികളും ജനങ്ങളും മാറി. സോഷ്യലിസവും ആഗോളീകരണവും മുതലാളിത്ത രീതികളുമെല്ലാം മാറിമാറി പരീക്ഷിച്ചത് ഒരു ജനതയുടെ ഹൃദയാഭിലാഷം എന്താണെന്ന് ഹിതപരിശോധന നടത്തിക്കൊണ്ടായിരുന്നില്ല; നേതാക്കളുടെ ആഗോളപ്രതിച്ഛായക്ക് മോടിയേറ്റാനായിരുന്നു;
'ശാസ്ത്രീയ ചിന്ത'യുടെയും 'യുക്തി'യുടെയും പേരില്‍ ''ഇനി മുതല്‍ ഭക്രാനംഗലുകളാണ് നമ്മുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളെ''ന്നും പഴയ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ ''അന്ധവിശ്വാസത്തിന്റെയും അനീതിയുടെയും അസമത്വത്തിന്റെയും ഇടങ്ങളാ''ണെന്നും ഒരു ഭരണാധികാരി തന്നെ പ്രഖ്യാപിച്ചത് സ്വാതന്ത്ര്യപ്പുലരിക്ക് ശേഷമാണ്. പുരോഗമന ബൗദ്ധിക നാട്യങ്ങളുടെ മറവില്‍ യൂറോപ്യന്‍ മനസ് നാടുവിടാതെ കിടന്നു. മുട്ടു മറയാത്ത മുണ്ടുടത്ത ഗാന്ധിജിയുടെ വേഷം ഭാരതത്തില്‍ അപരിഷ്‌കൃതന്റെ അടയാളമായി മാറി.
ഈ വിശേഷസാഹചര്യം ഇന്നും ഊനം തട്ടാതെ നിലനില്‍ക്കുന്നു. അന്ന് അപരിഷ്‌കൃതമായിരുന്നെങ്കില്‍ പിന്നീടത് പിന്തിരപ്പനായിമാറി. സവര്‍ണ്ണ, വര്‍ഗ്ഗീയ, ഫാസിസ, അസഹിഷ്ണുത തുടങ്ങി പലപേരുകളില്‍ കഴിഞ്ഞ പതിറ്റാണ്ടുകള്‍ക്കിടയില്‍ നാമപരിണാമം സംഭവിച്ചുവെന്നല്ലാതെ സ്വത്വാവിഷ്‌കാരത്തെ ആക്ഷേപിക്കുന്നതിലും അകറ്റി നിര്‍ത്തുന്നതിലും യൂറോപ്യന്‍ മനസ് ഇന്നും വിജയിച്ചുകൊണ്ടിരിക്കുന്നു. ഗാന്ധിജിയെ അപരിഷ്‌കൃതനാക്കിയവര്‍ ഇന്ന് ദേശീയതയെ അസഹിഷ്ണുതാവാദമാക്കി ചിത്രീകരിക്കുന്നു.
യുഗാബ്ദം 5119 ആണിതെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഹിന്ദുത്വശക്തികളുടെ അസഹിഷ്ണുതയെന്ന് വിവക്ഷിക്കപ്പെടുന്ന കാലമാണിത്. സംസ്‌കൃതവും യോഗയും വന്ദേമാതരവും ഗോപരിപാലനവും ഒക്കെ ഇങ്ങിനെ മുദ്രകുത്തപ്പെടുന്നു. 1948 മെയ് 14ന് ഇസ്രായേല്‍ അതിന്റെ സ്വാതന്ത്ര്യപ്രഖ്യാപനത്തില്‍ പറഞ്ഞത്, 'ഠവല 5വേ റമ്യ ീള ക്യമൃ, 5708' എന്നായിരുന്നു. സ്വന്തം കാലഗണന അംഗീകരിച്ചുകൊണ്ട് സ്വാതന്ത്ര്യപ്രഖ്യാപനം നടത്താന്‍ ഇസ്രായേലിന് കഴിഞ്ഞു. ഹിബ്രു കലണ്ടര്‍ അംഗീകരിക്കാനാണ് ഇസ്രായേല്‍ ജനത തീരുമാനിച്ചത്. ഇസ്ലാമിക രാജ്യങ്ങളും ജപ്പാനും ചൈനയുമെല്ലാം അവരുടേതായ ദേശീയ കലണ്ടര്‍ അംഗീകരിച്ചു. ചരിത്രമായി ഒന്നും എടുത്തുകാണിക്കാന്‍ ഇല്ലാത്ത രാഷ്ട്രങ്ങള്‍ അധിനിവേശ ശക്തികളുടെ കാലഗണന അംഗീകരിച്ചതുപോലെയല്ല യുഗങ്ങളുടെയും മന്വന്തരങ്ങളുടെയും കാലഗണന സ്വന്തമായുണ്ടായ ഒരു രാജ്യത്തിന്റേത് എന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയാതെ പോയി. കലിയുഗം 5119 എന്ന് പറയുമ്പോള്‍ കുറഞ്ഞത് 5000 വര്‍ഷത്തെ ചരിത്രമെങ്കിലും നമുക്കുണ്ടെന്ന ചിന്ത ഭാരതീയനുണ്ടാവുമായിരുന്നു. ഭാരതത്തിന്റെ സമ്പന്നമായ കാലഗണനാശാസ്ത്രത്തെക്കുറിച്ചുള്ള അറിവു തേടാന്‍ അത് പുതുതലമുറയെ പ്രാപ്തമാക്കുമായിരുന്നു. ദേശീയഭാഷ, ദേശീയപതാക, ദേശീയഗാനം തുടങ്ങി ദേശീയോദ്ഗ്രഥനം സാധ്യമാക്കുന്ന ഒരു ജനവിഭാഗത്തിന്റെ എല്ലാ മൂല്യബിന്ദുക്കളിലും അന്തര്‍ദ്വന്ദം പ്രകടമാക്കുന്ന തരത്തില്‍ അനിശ്ചിതാവസ്ഥകള്‍ സൃഷ്ടിക്കുകയായിരുന്നു ഭരണനേതൃത്വങ്ങള്‍. ദേശീയത വര്‍ജ്ജിക്കപ്പെടേണ്ട വാക്കാണെന്ന വിശ്വാസം അടിച്ചേല്പിക്കാന്‍ ശ്രമിച്ചവര്‍ ഉപദേശീയതകളെ കണ്ടെത്തി വളം നല്‍കി വലുതാക്കാന്‍ ശ്രമിക്കുകയായിരുന്നു. ചൈനയുടെയും റഷ്യയുടെയും വിയറ്റ്‌നാമിന്റെയും ദേശീയതകള്‍ സംരക്ഷിക്കാനുള്ള യുദ്ധങ്ങളെ പ്രകീര്‍ത്തിക്കുന്നവര്‍ സ്വന്തം നാടിന്റെ ദേശീയതെയും ദേശീയാവിഷ്‌കരണങ്ങളെയും ഫാസിസത്തിന്റെ കുപ്പായത്തിലൊതുക്കാന്‍ ശ്രമിക്കുന്നു.
സ്വതന്ത്രപരമാധികാരരാഷ്ട്രം എന്ന നിലയില്‍ ഭാരതം സമ്പൂര്‍ണ്ണമായി ഉയിര്‍ത്തെഴുന്നേല്‍ക്കണമെങ്കില്‍ ഭാരതം അതിന്റെ വേരുകള്‍ കണ്ടെത്തണം. ''കഴിഞ്ഞകാലങ്ങളിലേക്കുള്ള നോട്ടം അധഃപതിപ്പിക്കുകയേ ഉള്ളൂവെന്നും അത് വ്യര്‍ത്ഥമാണെന്നും ഭാവിയിലേക്കാണ് നോക്കേണ്ടതെന്നും പലവുരു ഞാന്‍ പറഞ്ഞുകേട്ടിട്ടുണ്ട്; അത് ശരിയാണ്. പക്ഷെ ഭാവി ഉടലെടുക്കുന്നത് ഭൂതകാലങ്ങളില്‍ നിന്നാണ്. അതുകൊണ്ട് എത്രത്തോളം പിന്നോട്ടു നോക്കാമോ അത്രത്തോളം നോക്കുക. പിന്നിലുള്ള ആ വറ്റാത്ത ഉറവിടങ്ങളില്‍ നിന്ന് നിറയെ കുടിക്കുക. എന്നിട്ട് മുന്നിലോട്ടു നോക്കുക; മുന്നോട്ടണിനടക്കുക; ഭാരതത്തെ മുമ്പെന്നുമിരുന്നതിനേക്കാള്‍ കൂടുതല്‍ പ്രകാശമാനവും മഹത്തും ഉത്കൃഷ്ടവുമാക്കുക. നമ്മുടെ അസ്തിത്വത്തിന്റെ ഘടകങ്ങള്‍ നമ്മുടെ ധമനികളിലോടുന്ന രക്തം ഏതെന്നു ധരിക്കണം. ആ രക്തത്തില്‍ വിശ്വാസമുണ്ടാകണം'' എന്ന് സ്വാമി വിവേകാനന്ദന്‍ തറപ്പിച്ചു പറയുന്നു.
മതമാണ് ഭാരതത്തിന്റെ പ്രാണന്‍ എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു. ആചാരജടിലവും വിശ്വാസബദ്ധവും വിഭാഗീയവും ആയ ആശയങ്ങളെയല്ല ആദ്ധ്യാത്മികതയെയാണ് സ്വാമിജി മതമെന്ന് വിവക്ഷിച്ചത്. സനാതനധര്‍മ്മം തന്നെയാണ് ദേശീയതയെന്നും സനാതനധര്‍മ്മത്തിലൂടെ പിറന്ന് സനാതനധര്‍മ്മത്തിലൂടെ വളരുന്ന ഹിന്ദുരാഷ്ട്രമാണതെന്നും മഹര്‍ഷി അരവിന്ദന്‍ അതിനെ വ്യാഖ്യാനിക്കുന്നു. എപ്പോള്‍ സനാതനധര്‍മ്മം ക്ഷയിക്കുന്നുവോ അപ്പോള്‍  ഈ രാഷ്ട്രവും ക്ഷയിക്കുമെന്ന് മഹര്‍ഷി മുന്നറിയിപ്പ് നല്‍കുന്നു. സനാതനധര്‍മ്മം നശിക്കുകയാണെങ്കിലേ ഈ രാഷ്ട്രവും നശിക്കുകയുള്ളൂവെന്ന ഉറപ്പും മഹര്‍ഷിയുടെ വാക്കുകളില്‍ കാണാം. സ്വന്തം സംസ്‌കാരത്തിന്റെ ആവിഷ്‌കാരത്തിനും പ്രകടനത്തിനും ഉപകരണമായിത്തീരുമ്പോഴെ സ്വരാജ്യം സാകാരവും സാര്‍ത്ഥകവുമാകുകയുള്ളൂവെന്ന് ഗുരുജി ഗോള്‍വല്‍ക്കറും സമര്‍ത്ഥിക്കുന്നു. സനാതനധര്‍മ്മത്തിന്റെ സമ്പൂര്‍ണ്ണമായ ആവിഷ്‌കരണമാണ് സംക്രാന്തിയുടെ പരിപൂര്‍ണ്ണത എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. അതിനിടയിലുള്ള ഇത്തിരിവെട്ടങ്ങള്‍ ലക്ഷ്യത്തിലേക്കുള്ള വഴികാട്ടികള്‍ മാത്രമാണ്. ഏത് തപസില്‍ നിന്നാണോ സംക്രമത്തിനുള്ള വഴി തെളിയുന്നത് അത് അനുസ്യൂതം തുടരുക തന്നെ വേണം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments