മകരസംക്രമ,ഗീതമെഴുതും-
സവിധമെന്റെ മനോ-
മുകുരമാകെ നിറഞ്ഞുനില്പൂ ശരണമയ്യപ്പാ
ഹരിഹരാത്മജ മഹിമ നിറയും-
ഭൂവനകാന്തിയിതില്-
അരിയ ദുഃഖ സമുദ്രമാകെയകന്നുപോകുന്നു.
വികലമായ വിചാരവഹ്നിയി-
ലൊഴുകി വീഴാതെ
വിമലസ്നേഹവിലോലകാന്തിയി-
ലഭയമയ്യപ്പാ!
തരിക നിന്റെ കൃപാതിരേക, മി-
തെന്റെ വഴിയാകെ
ചൊരിയുമെങ്കിലെനിയ്ക്കതില്പ്പര-
മെന്തു സൗഭാഗ്യം!
അരിയെവെന്നുവിളിങ്ങി ഗിരിയുടെ-
മുകളില്‍ വാഴും നീ-
ഹരിഹരാത്മജ, നഭയവരദന്-
ശരണമയ്യപ്പാ!
ഭൂവനപാലകനായ നിന്നുടെ-
പദതളിര്ദ്വയമെന്-
ഹൃദയമാകെ നിറഞ്ഞിടുന്നതി-
ലഭയമയ്യപ്പാ!
പലതരത്തിലുഴന്നിടും നര-
നിവിടെയെത്തുമ്പോള്
ഒരുതരത്തിലുമില്ല,ഭേദം-
സ്വാമി സവിധത്തില്‍
പറയുവാനെളുതല്ല നിന്റെ-
മഹത്വമേതൊന്നും;
പറയുവോര്ക്കുവരുന്നുകീര്ത്തി,യ-
തെന്നപോല് മുക്തി
അറിയുമെങ്കി,ലഹന്തവിട്ടു-
ജയിച്ചിടും; ''സ്വാമീ-
ശരണ''മെന്നു നിരന്തരം
കരുതുന്നു അയ്യപ്പാ!
ഹരിയുമതുപോല് ഹരനുമാകെ-
വിളങ്ങി നില്ക്കുന്നു
മകരസംക്രമസന്ധ്യതന് ''പ്രഭ'' -
മഹിയിലൊഴുകുന്നു.
അതിലെഴുന്നനുഭൂതി, ആത്മ-
സുഷുപ്തിയതുനിത്യം-
തരിക 'കലിയുഗവരദ' നയ്യ-
നെനിയ്ക്കു നീ നിത്യം.
വ്യഥകളാകെയകന്നു 'നാമ-
സ്മൃതിയിലലിയുമ്പോള്-
മഹിതമാം ശബരീശ ഗീതക-
മധുരമൊഴുകുന്നു.
തങ്കസൂര്യപ്രഭയില് നിന്തിരു-
സന്നിധാനത്തില്‍-
സംക്രമാര്ച്ചനകണ്ടു കോള്മയിര്-
കൊണ്ടു നില്ക്കുന്നു.
തിങ്കള്വദനാ, ശങ്കരാത്മജ
സ്വാമി അയ്യപ്പാ, മകര-
സംക്രമാവൃതസന്ധ്യയില്-
തരികേറെ സുകൃതങ്ങള്‍!
വന്പുലിയ്ക്കുപുറത്തു വ-
ന്നണയുന്ന ഭഗവാനേ
എന്മനസ്സിനകത്തു വന്നു-
നിറഞ്ഞുനില്പവനേ!
കളഭവും ഘൃതമെന്നപോല്-
പനിനീരുമഭിഷേകം
ഒളിപരന്നിടുമെങ്ങു മീദൃശ-
മെന്റെ സൗഭാഗ്യം!
ഭസ്മ, പുഷ്പ, സുഗന്ധ ധൂളി-
നിറഞ്ഞസന്നിധിയില്,
ധൂപ ദീപ നിവേദ്യമെങ്ങു-
മിയന്ന തിരുനടയില്‍
പുണ്യ-പാപച്ചുമടുമായി-
വരുന്ന ശതകോടി-
സഞ്ചയങ്ങള് വിളിപ്പു-
''സ്വാമീ ശരണമയ്യപ്പാ!!''
ശോക,താപ,വിഷാദചിന്തയി-
ലാഴ്ന്നിടാതെ, കൃപാ-
പൂര്ണ്ണനായമരുന്ന നിന്തിരു-
മുന്നിലെത്തീ ഞാന്‍
ലോകമാകെ നിറഞ്ഞ ഭക്തിയില്‍
വാഴ്വതിന്നു മഹാ-
യോഗ പട്ടാംബര വിഭൂഷിത
പൂര്‍ണ്ണ പൂജിതനേ
പ്രേമപൂരിതമായ പുണ്യ-
ഗുണാബ്ധിതന്നില് മഹാ-
ധ്യാനലീനനവന് ജഗദ് പ്രഭൂ
സ്വാമി അയ്യപ്പാ!!
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.