Kesari WeeklyKesari

മുഖലേഖനം

ശബരിമല: കെടുകാര്യസ്ഥതയുടെ കെട്ടുമായി സര്‍ക്കാര്‍---ഇ.എസ്.ബിജു

on 06 January 2018
Kesari Article

വേദ, വേദാന്ത, ഇതിഹാസ, ശാസ്ത്ര, ചരിത്ര, ആദ്ധ്യാത്മികവിഷയങ്ങളുമായി  ഇഴുകിചേര്‍ന്ന കാനനക്ഷേത്രമാണ് ശബരിമല. പവിത്രതയും ചൈതന്യവും ശക്തമായി കുടികൊള്ളുന്ന 18 മലകള്‍ക്ക് നടുവിലെ മാന്ത്രികസ്പര്‍ശം, പുണ്യപൂങ്കാവനം എന്ന് പേരുകേട്ട അതിശയവുമാണിത്. ഭഗവാന്‍ ശ്രീരാമചന്ദ്രനെ പൂജിച്ചും ഭജിച്ചും ദര്‍ശന സൗഭാഗ്യത്തിനായി കാത്തിരുന്ന ശബരിമാതാവിന്റെ പാദസ്പര്‍ശനം കൊണ്ട് രോമഹര്‍ഷമുതിര്‍ക്കുന്ന വനാന്തരങ്ങള്‍,  വളര്‍ത്തച്ഛന്‍ പന്തളത്തരചന്റെ ദാനമായ തിരുവാഭരണവും, തിരുവിതാംകൂര്‍ രാജകുടുംബം വക തങ്കഅങ്കിയും വഹിച്ചുള്ള യാത്ര, അകമ്പടിയായി വട്ടമിട്ടും, താഴ്ന്നിറങ്ങിയും, ഉയര്‍ന്ന് പൊങ്ങിയും, ഭക്തലക്ഷങ്ങളോടൊത്ത് അനുഗമിക്കുന്ന കൃഷ്ണപ്പരുന്ത്, അയ്യപ്പന്റെ യുദ്ധവിജയസൂചകമായി വാദ്യമേളത്തിനൊത്ത് ഭക്തസഹസ്രങ്ങള്‍ പേട്ടകെട്ടി നീങ്ങുന്ന എരുമേലി പേട്ടതുള്ളല്‍, 90 ദിനംകൊണ്ട് ഭക്തകോടികള്‍ കഠിനവ്രതധാരികളായി ദര്‍ശനം നടത്തി ആത്മസായൂജ്യമടയുന്ന തീര്‍ത്ഥസ്ഥാനം ഇങ്ങനെയൊന്ന് ലോകത്തെവിടെയുമില്ലെന്ന് സഞ്ചാരികള്‍, പണ്ഡിതര്‍, ശാസ്ത്രജ്ഞര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ആചാര്യന്മാര്‍ എന്നിവര്‍ സാക്ഷ്യപ്പെടുത്തുന്ന ഓരേയൊരു ആത്മീയകേന്ദ്രം. യമനിയമാദികള്‍ പാലിച്ച് ബ്രാഹ്മചര്യവ്രതം അനുഷ്ഠിച്ച് നവവിധ ഭക്തിയിലൂടെ ഭക്തനെ ഉത്കര്‍ഷത്തിലേക്ക് എത്തിക്കുന്ന ദിവ്യസ്ഥാനവുമാണ് ശബരിമല.

മനോഹരമായ ജഡ കിരീടമായിട്ടുള്ളവനും, ദിവ്യമായ വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നവനും സമര്‍ത്ഥമായ ഒരുകൈ ജ്ഞാനമുദ്രാങ്കിതമായി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും മറ്റേ കൈ കാല്‍മുട്ടിന്‍മേല്‍ വച്ചുകൊണ്ടും ഇരിക്കുന്നവനും, പ്രസന്ന മുഖത്തോടുകൂടിയവനും കാര്‍മേഘത്തിന്റെ നിറത്തില്‍ കോമളമായ ശരീരത്തോടു കൂടിയവനും, ദേവന്മാരാല്‍ ആരാധിക്കപ്പെടുന്നവനും, പട്ടുകൊണ്ടുള്ള യോഗപ്പട്ട അണിഞ്ഞിരിക്കുന്നവനും, ബുദ്ധികൊണ്ട് ഗ്രഹിക്കാനാവാത്ത ശോഭയോടു കൂടിയവനുമായ സകലഭൂതജാലങ്ങളുടേയും നാഥനുമായിരിക്കുന്ന ശ്രീധര്‍മ്മശാസ്താവ്. ഈ അത്ഭുതവൈഭവമാണ് ശബരിമലയിലേക്ക് ഭക്തജനകോടികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്.

വൃശ്ചികക്കുളിരില്‍ കുളിച്ച് കുറിയിട്ട് ശരണം വിളിയോടെ മുദ്രയണിഞ്ഞ് ഭക്തകോടികള്‍ അയ്യപ്പനെ കാണാന്‍ നോമ്പുനോറ്റിരിക്കുന്ന കാലം. ധര്‍മ്മം ശാസിക്കുന്നവനെ  കണ്ട് ധര്‍മ്മംഗ്രഹിച്ച് വാക്കിലും പ്രവൃത്തിയിലും പകര്‍ത്താന്‍ അവലും, മലരും, തനവും, മനവും, ആയി ധര്‍മ്മവും കര്‍മ്മവും ഇരുമുടികെട്ടുകളാക്കി, അരയും തലയും മുറുക്കി, കരത്തില്‍ ശരക്കോലുമേന്തിയുള്ള യാത്ര.

ശബരിമല യാത്രയെ ഒരു സാധാരണ ക്ഷേത്രദര്‍ശനത്തിനുള്ള യാത്രയായി കണ്ടുകൂടാ: വ്രതവും യാത്രയും കൂടിയ സമ്പൂര്‍ണ സാധനയാണിത്. മത്സ്യമാംസാദികള്‍ വെടിഞ്ഞ്, സ്ത്രീസംസര്‍ഗം ഉപേക്ഷിച്ച്, ശരീരഭംഗി കാംക്ഷിക്കാതെ താടിയും, മുടിയുംനീട്ടി വളര്‍ത്തി, കറുത്ത വസ്ത്രം ധരിച്ച് സാധനാഅനുഷ്ഠാനങ്ങളും, ആചാര്യമര്യാദകളും പാലിച്ച് ശരീരം, മനസ്, ബുദ്ധി എന്നീ മൂന്ന് തലങ്ങളിലും ഉള്ള ഭേദഭാവം വെടിഞ്ഞ് അയ്യപ്പനുമായി തന്മയീഭാവത്തിലെത്തുന്നതുകൊണ്ടാണ് മാലയിട്ടവരെ സ്വാമിഅയ്യപ്പനായി കാണുന്നത്. ശബരിമലയില്‍ ദ്വൈതം അകന്ന് ഭഗവാനും, ഭക്തനും ഒന്നാണ് എന്ന അദ്വൈതതലത്തിലേക്ക് ഉയരുന്നു. ഇതിലൂടെയെല്ലാം നൂറ്റാണ്ടുകളായി ഭക്തജനകോടികളുടെ മനസില്‍ ആശ്രിതവത്സലനും, അഭീഷ്ടവരദായകനുമായി കുടികൊള്ളുന്ന ശ്രീധര്‍മ്മശാസ്താവിലുള്ള ഭക്തിയും വിശ്വാസവും വര്‍ദ്ധിക്കുന്നതിലൂടെ ഭക്തജനകോടികളാണ് ഓരോവര്‍ഷവും ശബരിമലയിലെത്തുന്നത്. ഇരുമുടികെട്ടേന്തി മലകയറുന്നവരുടെ എണ്ണം വൃശ്ചികം ഒന്നുമുതല്‍ തന്നെ അഭൂതപൂര്‍വ്വമായ വര്‍ദ്ധനവ്  രേഖപ്പെടുത്തുകയാണ്. ലോകത്തേറ്റവും കൂടുതല്‍ ഭക്തര്‍ ഒരു കാലയളവിനുള്ളില്‍ തീര്‍ത്ഥാടകരായി എത്തുന്ന ശബരിമലയില്‍ അവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ഇന്നും പൂര്‍ണ്ണമായ പരിഹാരം കാണാന്‍കഴിയുന്നില്ല. ശബരിമലയെ കറവപ്പശുവായും, വാണിജ്യകേന്ദ്രമായും കാണാനാണ് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും താല്‍പ്പര്യം.

തീര്‍ത്ഥാടനകാലയളവില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ ജനാധിപത്യസര്‍ക്കാര്‍ തയ്യാറാകേണ്ടതായിരുന്നു. നവംബര്‍ 16 ന് ശബരിമല തീര്‍ത്ഥാടനത്തിന് തുടക്കംകുറിച്ച് ഡിസംബര്‍ 26 ന് മണ്ഡലകാല സമാപനം ആകുമ്പോഴും സര്‍ക്കാര്‍ വകുപ്പുകളും, ദേവസ്വം വകുപ്പും മെല്ലെപ്പോക്ക് തുടരുകയാണ്. തീര്‍ത്ഥാടന കാലാരംഭത്തില്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ഇന്നും തുടരുകയാണ്. മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും സന്നിധാനത്തെത്തി തീര്‍ത്ഥാടന ഒരുക്കങ്ങളെക്കുറിച്ച് അവലോകനം നടത്തി വാചാലമായി സംസാരിച്ചു. പദ്ധതികളും ക്രമീകരണങ്ങളും ഒക്‌ടോബര്‍ 31 ന് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനവും നടത്തി. വകുപ്പ്   തലവന്‍മാര്‍ എഴുതി തയ്യാറാക്കി വന്ന വാചകങ്ങള്‍ അവലോകന യോഗങ്ങളില്‍ വായിച്ചത് മാധ്യമങ്ങളിലൂടെ കണ്ടും കേട്ടും ഭക്തജനകോടികള്‍ പുളകിതരായി. എല്ലാം ശരിയാകുമെന്ന് ഭക്തര്‍  ആശ്വസിച്ചു. 

ശബരിമല ക്ഷേത്രകാര്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം പോലുമില്ലാത്തവരായി അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായ പന്തളം രാജകുടുംബവും വിശ്വാസസംരക്ഷക പ്രസ്ഥാനങ്ങളും ഭക്തജന സംഘടനകളും മാറുന്നു. അവലോകന യോഗങ്ങള്‍ പ്രഹസനമായി മാറുന്ന പതിവ് ആവര്‍ത്തിക്കപ്പെടുന്നു. ദേവസ്വം ബോര്‍ഡ് അധികാരികളുടെ ശ്രദ്ധ നിയമനങ്ങളിലും സ്വജനപങ്കാളിത്തം ഉറപ്പാക്കുന്നതിലും തങ്ങള്‍ക്ക് ഉറപ്പിക്കേണ്ട അധികാരപദവിയിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ ലാഭവിഹിതത്തിന്റെ വലിപ്പത്തിലുമാണ്. വീതം വെക്കലിന്റെ അടിസ്ഥാനത്തില്‍ കരാറുകള്‍ നല്‍കി ശബരിമലയെ വാണിജ്യവത്ക്കരിക്കാനും ശ്രമം നടക്കുന്നു. ശബരിമല കേന്ദ്രീകരിച്ച് ദര്‍ശന മാഫിയ സജീവമാകുന്നു എന്നതും കഴിഞ്ഞ തീര്‍ത്ഥാടന കാലഘട്ടത്തില്‍ ബോധ്യപ്പെട്ടതാണ്. അന്നദാനത്തിന് പണം നല്‍കിയാല്‍ അയ്യപ്പദര്‍ശനത്തിന് വി.ഐ.പി. പരിഗണന  നല്‍കുമെന്ന് പരസ്യ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചത് ദേവസ്വം ബോര്‍ഡാണ് എന്നത് വിരോധാഭാസമാണ്. 

ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതിനിര്‍വ്വഹണം ശബരിമലയില്‍ നടക്കുന്നില്ല. അശാസ്ത്രീയമായ കോണ്‍ക്രീറ്റ് സൗധങ്ങള്‍ പടുത്തുയര്‍ത്തി ശബരിമല എന്ന കാനന ക്ഷേത്രത്തെ നഗരസമാനമായ ടൗണ്‍ഷിപ്പാക്കാന്‍ പരിശ്രമിക്കുകയാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും.

ഈ തീര്‍ത്ഥാടന കാലയളവില്‍ ക്ഷേത്രഭരണത്തിലെ രാഷ്ട്രീയ ഇടപെടലിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നത് പാവം അയ്യപ്പഭക്തരാണ്. സര്‍ക്കാര്‍ വകുപ്പുകളുടെ പ്രഖ്യാപനങ്ങളും ദേവസ്വം ബോര്‍ഡ് ക്രമീകരണങ്ങളും നടപ്പിലാക്കാന്‍ കഴിയാത്ത സ്ഥിരം പരിപാടികളായി മാറുമെന്ന് ഏതാണ്ട് ഉറപ്പായികഴിഞ്ഞു. ശബരിമല ക്ഷേത്ര ഭരണനിര്‍വ്വഹണം നടത്തുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ഈ തീര്‍ത്ഥാടനകാലഘട്ടത്തിലാണ് കാലാവധിചുരുക്കല്‍ ഓര്‍ഡിനന്‍സിലൂടെ പിരിച്ചുവിട്ടത്. സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടയനുസരിച്ച് പ്രവര്‍ത്തിക്കുന്നവരല്ല എന്ന കാരണത്താലും സര്‍ക്കാരും ദേവസ്വം ബോര്‍ഡും തമ്മിലുണ്ടായ ശീതസമരത്തിന്റെ പശ്ചാത്തലത്തിലുമാണ് നിയമനിര്‍മ്മാണത്തിന് മുതിര്‍ന്നത്.

ഹിന്ദുമന്ത്രിമാരുടെയും ഹിന്ദു എം.എല്‍.എ മാരുടെയും യോഗം ചേര്‍ന്നതായും പുതിയ ദേവസ്വം ബോര്‍ഡംഗങ്ങളെ തിരഞ്ഞെടുത്തതായും കോടതിയില്‍ ബോധ്യപ്പെടുത്തിയാണ് പുതിയ ബോര്‍ഡിന് അനുമതി വാങ്ങിയത്. സര്‍ക്കാരിന് വേണ്ടി ഹാജരായ വക്കീലിന് യോഗം കൂടിയത് സംബന്ധിച്ച് പരസ്പര വിരുദ്ധമായി സംസാരിക്കേണ്ടതായി വന്നു. ഇത്രയും തിരക്കിട്ട് ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിടേണ്ട സാഹചര്യം എന്തായിരുന്നു എന്ന് സ്വാഭാവികമായും ഉയരുന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

അടുത്തകാലത്തായി ദേവസ്വം ബോര്‍ഡില്‍ ഉയര്‍ന്നുവരുന്ന അഴിമതി ആരോപണങ്ങള്‍ ഭക്തജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ശബരിമല സന്നിധാനത്ത് മാഫിയ സംഘങ്ങള്‍ പിടിമുറുക്കിയിരിക്കുന്ന സംഭവങ്ങള്‍ ആണ് അണിയറയിലും അരങ്ങത്തും നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കോണ്‍ട്രാക്ട് രാജാണ്. ഏതു കരാറുകള്‍ ഏറ്റെടുത്താലും ലക്ഷങ്ങള്‍ കോഴകൊടുക്കേണ്ടി വരുമെന്നാണ് അണിയറയിലെ അടക്കിപ്പിടിച്ച സംസാരം. മേല്‍ശാന്തി തിരഞ്ഞെടുപ്പില്‍ അരക്കോടി ഉറപ്പിച്ചാലെ ലിസ്റ്റില്‍ വരൂ എന്ന സ്ഥിതി ഉള്ളതായി പരക്കെ ആരോപണമുണ്ട്.

ശബരിമല തീര്‍ത്ഥാടനത്തിന് പ്രതിവര്‍ഷം 10 മുതല്‍ 20 ശതമാനം വരെ തീര്‍ത്ഥാടക വര്‍ദ്ധനവ് രേഖപ്പെടുത്തുന്നു. 5 കോടിയിലധികം ഭക്തര്‍ എത്തിച്ചേരുന്നു എന്നതാണ് ഏകദേശകണക്ക്. മുന്‍വര്‍ഷങ്ങളില്‍ ശബരിമലയുമായി ബന്ധപ്പെട്ട് പോലീസ് ഡിപ്പാര്‍ട്ടുമെന്റിലെ വിവിധ ചുമതലകള്‍ വഹിച്ച എ.ഡി.ജി.പി. സന്ധ്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ 23 ലക്ഷം ചെറുതും വലുതുമായ വാഹനങ്ങള്‍ പമ്പയില്‍ എത്തിയെന്നതാണ് കണക്ക്. ശരാശരി 4 കോടി 60 ലക്ഷം പേര്‍ ഇതുവഴി സന്നിധാനത്തെത്തി. കാല്‍നടയായും കെ.എസ്.ആര്‍.റ്റി.സി. വഴിയുമായി എത്തുന്നവരുടെ കണക്കുംകൂടി ശേഖരിച്ചാല്‍ 6 കോടിയിലധികം ഭക്തര്‍ ശബരിമലയിലെത്തുന്നതായി കണക്കാക്കേണ്ടിവരും.  ഇവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പമ്പയിലോ, സന്നിധാനത്തോ ലഭ്യമല്ല. അടിസ്ഥാനസൗകര്യങ്ങളായ ഗതാഗതം, കുടിവെള്ളം, താമസം, മലമൂത്രവിസര്‍ജന സൗകര്യങ്ങള്‍, ആഹാരം, ആരോഗ്യ പരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ ഗുരുതരമായ വീഴ്ചകളാണ് ഉണ്ടാകുന്നത്. ഇതിനൊന്നും ശാശ്വതപരിഹാരം കാണാന്‍ ശ്രമം നടക്കുന്നില്ല എന്നതാണ് ശബരിമലതീര്‍ത്ഥാടനം നേരിടുന്ന ഗുരുതരവും സങ്കീര്‍ണ്ണവുമായ പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനകാരണം. 

കഴിഞ്ഞ തീര്‍ത്ഥാടനകാലഘട്ടത്തില്‍ ഗതാഗത ക്രമീകരണത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായതായി ഇന്റലിജന്‍സ് ഡിപ്പാര്‍ട്ടുമെന്റ് സര്‍ക്കാരിന് റിപ്പോര്‍ട്ടു നല്‍കിയെങ്കിലും ഈ വര്‍ഷവും പമ്പ ഡിപ്പോയിലും, അനുബന്ധ ഡിപ്പാര്‍ട്ടുമെന്റുകളിലും അനുഭവപരിചയവും, മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയവുമുള്ള ആളുകളെ സ്‌പെഷ്യല്‍ ഓഫീസര്‍മാരായും, പ്രധാന ചുമതലക്കാരായും നിശ്ചയിക്കാന്‍ കെ.എസ്.ആര്‍.റ്റി.സി. തയ്യാറായില്ല. കെ.എസ്.ആര്‍.റ്റി.സി. എല്ലാവര്‍ഷവും 4 മാസം മുന്നേ തന്നെ ഒരുക്കങ്ങള്‍ നടത്താറുണ്ട്. വേണ്ടത്ര സ്‌പെയര്‍പാര്‍ട്‌സുകളും, ടയറുകളും വാങ്ങി കട്ടപ്പുറത്തിരിക്കുന്ന വാഹനങ്ങളടക്കം സര്‍വ്വീസിനായി സജ്ജീകരിക്കാറാണ് പതിവ്. ഈ വര്‍ഷം ഇതെല്ലാം അവതാളത്തിലായി. ആയതുമൂലം വേണ്ടത്ര ചെയിന്‍സര്‍വ്വീസുകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യം കെ.എസ്.ആര്‍.റ്റി.സി. അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്.

നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ആദ്യആഴ്ചകളില്‍ 100 ബസ് ആണ് സര്‍വ്വീസിനായി വേണ്ടിവരിക. തിരക്കുകൂടുമ്പോള്‍ 150 ബസ് സര്‍വ്വീസ് നടത്തും. ദീര്‍ഘദുരബസ് 150 ഉം, തിരക്ക് കൂടുമ്പോള്‍ 200 ബസുമാണ് വേണ്ടിവരുന്നത്. മകരവിളക്കിന് മാത്രം 1000 ബസ് വേണ്ടിവരുമെന്നതാണ് നിലവിലുള്ള സാഹചര്യം. അറ്റകുറ്റപണികള്‍ നടത്തുന്നതിനാല്‍ ഈ പ്രാവശ്യം വേണ്ടത്ര വാഹനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. സ്ഥിതി ഇതാണെങ്കിലും സാമ്പത്തികമാന്ദ്യം മറികടക്കാന്‍ കെ.എസ്.ആര്‍.റ്റി.സി. ഭക്തജനചൂഷണത്തിന് പുതിയ പദ്ധതി തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. തിരക്കുള്ള ദിവസങ്ങളില്‍ സ്വകാര്യവാഹനങ്ങള്‍ അടക്കം നിലയ്ക്കല്‍ തടഞ്ഞ് അയ്യപ്പഭക്തരെ ഇറക്കി പമ്പയിലേക്കുള്ള ചെയിന്‍സര്‍വ്വീസില്‍ കുത്തിനിറച്ച് അയയ്ക്കുക എന്നതാണ് പുതിയ പദ്ധതി. ഇത് ഫലപ്രദമായി നടപ്പിലാക്കി ഭക്തജനങ്ങളെ ദുരിതത്തിലേയ്ക്കും, സാമ്പത്തികനഷ്ടത്തിലേയ്ക്കും തള്ളിവിടുകയാണ് കെ.എസ്.ആര്‍.റ്റി.സി. 

ഭക്തജനങ്ങളെ നിലയ്ക്കല്‍ ഇറക്കി ചെയിന്‍ സര്‍വ്വീസില്‍ യാത്രചെയ്യിക്കുന്നതിലൂടെ നിലയ്ക്കല്‍-പമ്പ 18 കിലോമീറ്ററിന് 29 രൂപ നല്‍കേണ്ടിവരികയാണ് തീര്‍ത്ഥാടകര്‍. ഫെയര്‍‌സ്റ്റേജ് താരിഫനുസരിച്ച് സ്വാഭാവികമായ നിരക്കില്‍ നിന്ന് 11 രൂപ അധികമാണ് കെ.എസ്.ആര്‍.റ്റി.സി. ഈടാക്കുന്നത്. ഇത് അമിതചാര്‍ജാണ്. നിലവില്‍ നിലയ്ക്കല്‍-പമ്പ സര്‍വ്വീസ് 130 ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഒരു ബസ് 3 തവണ പമ്പക്ക് സര്‍വ്വീസ് നടത്തുന്നു എന്നതാണ് കണക്ക്. ഒരു ട്രിപ്പില്‍ 75-ല്‍ അധികം ആളുകളെ കുത്തിനിറച്ചാണ് കെ.എസ്.ആര്‍.റ്റി.സി. സര്‍വ്വീസ് നടത്തുന്നത്. ഇതനുസരിച്ച് 390 സര്‍വ്വീസില്‍ 79 പേര്‍ വീതം യാത്രചെയ്യുന്നതിലൂടെ 8 ലക്ഷത്തി നാല്‍പ്പതിയെണ്ണായിരത്തി ഇരുന്നൂറ്റി അന്‍പത് രൂപ (848250 രൂപ) ഒരു ഭാഗത്തേയ്ക്ക് മാത്രം ഇതിലൂടെമാത്രം ലഭിക്കുന്നു. പതിനാറ്‌ലക്ഷത്തിതൊണ്ണൂറായിരത്തി അഞ്ഞൂറ് രൂപയാണ് അധികമായി ഒരു ദിവസം പമ്പ ഡിപ്പോയില്‍ നിന്ന് ലഭിക്കുന്നത്. കെ.എസ്.ആര്‍.റ്റി.സി. ജീവനക്കാരുടെയും, ഡിപ്പോജീവനക്കാരുടെയും സ്ഥിതിപരിതാപകരമാണ്. ഡിപ്പോയോടനുബന്ധിച്ചുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ തീര്‍ക്കുകയോ  നിലവിലുള്ള ശൗചാലയങ്ങളും ശുചിമുറികളും ഉപയോഗയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കാടുകയറിക്കിടക്കുന്ന ഡിപ്പോ പരിസരം വൃത്തിയാക്കാന്‍ ആദ്യഘട്ടത്തില്‍ നടപടിയുണ്ടായില്ല. വാഹനം പാര്‍ക്കുചെയ്യുന്ന സ്ഥലം സംബന്ധിച്ച് വനംവകുപ്പുമായിട്ടുള്ള തര്‍ക്കം പരിഹരിക്കുന്നതിന് കെ.എസ്.ആര്‍.റ്റി.സി. അധികൃതര്‍ ചീഫ്‌ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായി ചര്‍ച്ചനടത്തുന്നതിനു കാലതാമസം വരുത്തി. കെ.എസ്.ആര്‍.റ്റി.സി.  ദീര്‍ഘദൂരബസുകള്‍ക്ക് അശാസ്ത്രീയമായ റൂട്ട് നിശ്ചയിച്ചതും  പരിചയക്കുറവുള്ളവരെ സ്‌പെഷ്യല്‍ ഓഫീസര്‍മാരായി പരിശോധനയ്ക്ക് നിശ്ചയിച്ചതും നേരില്‍ ബോധ്യപ്പെടും. കെ.എസ്.ആര്‍.റ്റി.സി.  ഡിപ്പോ തുടങ്ങിയ കാലം മുതല്‍ സ്‌പെഷ്യല്‍ ഓഫീസായി ആയി പ്രവര്‍ത്തിച്ച പത്തനംതിട്ട ഡിപ്പോയിലെ സ്‌പെഷ്യല്‍ ഓഫീസ് ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി അടച്ചുപൂട്ടി. സീസണില്‍ നൂറുകണക്കിന് വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്ന പത്തനംതിട്ടയിലെ സാധാരണ ഓഫീസിനാണ് അധികചുമതല നല്‍കുന്നത്. മൂന്ന്‌പേര്‍ ചെയ്തിരുന്ന സ്‌പെഷ്യല്‍ ഓഫീസ് പ്രവര്‍ത്തനം സാധാരണ ഓഫീസിലേക്ക് മാറ്റുന്നതിലൂടെ ക്രമീകരണങ്ങള്‍ താളംതെറ്റുമെന്ന് ഉറപ്പാണ്. സ്ഥിരംസര്‍വ്വീസ് പ്രശ്‌നങ്ങളും, കണക്കെഴുത്തും, സമയം രേഖപ്പെടുത്തലും ഒരാള്‍തന്നെ രേഖപ്പെടുത്തേണ്ടി വരുന്നതും പ്രായോഗികമല്ല.

റോഡുകളുടെ സ്ഥിതിയും പരിതാപകരമാണ്. മുഖ്യമന്ത്രി പങ്കെടുത്ത ഒക്‌ടോബര്‍ മാസത്തിലെ അവലോകന യോഗത്തിലെ തീരുമാനപ്രകാരം ഏഴുജില്ലകളിലായി 37 പ്രധാന റോഡുകളും 167 അനുബന്ധറോഡുകളുമടക്കം 395 കിലോമീറ്റര്‍ റോഡ് നന്നാക്കുമെന്നും 140.76 കോടി അതിനായി നീക്കിവെച്ചെന്നും പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 44 കിലോമീറ്റര്‍ 5 വര്‍ഷ മെയിന്റെനന്‍സ് ഗ്യാരണ്ടിയോടെ പണിയുമെന്നും പറഞ്ഞിരിക്കുന്നു. ഇതില്‍ അച്ചന്‍കോവില്‍, ആര്യങ്കാവുറോഡുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തീര്‍ത്ഥാടനം ആരംഭിച്ച് 30 ദിവസം എത്തിയപ്പോഴും തുടരുകയാണ്. മറ്റ് റോഡുകളുടെ കുഴി അടയ്ക്കല്‍, റോഡിന് വീതികൂട്ടല്‍ എന്നീ കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കാനും പി.ഡെ.ബ്ല്യു.ഡി നടപടി സ്വീകരിക്കുന്നില്ല.

ശബരിമലയില്‍ ഒരു ദിവസം 25000 പേര്‍ക്ക് അന്നദാനം നല്‍കുന്നു എന്നതാണ് ദേവസ്വംബോര്‍ഡിന്റെ അവകാശവാദം. സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്ക് സൗജന്യ അന്നദാനം നല്‍കിവന്നിരുന്ന അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം, ശ്രീഭൂതനാഥട്രസ്റ്റ് എന്നീ അയ്യപ്പ ഭക്തസംഘടനകള്‍ക്ക് അനുമതി നല്‍കുന്നതിന് എതിരായി ഹൈക്കോടതി ദേവസ്വംബെഞ്ചില്‍ സത്യവാങ്മൂലം നല്‍കിയത് ദേവസ്വംബോര്‍ഡാണ്.

ശബരിമലയിലെ അന്നദാനമണ്ഡപത്തില്‍ 60 പേര്‍ വീതം 19 നിരകളിലായിട്ടാണ് അന്നദാനം നല്‍കാന്‍ സൗകര്യം ഉള്ളത്. ഒരു മണിക്കൂറില്‍ 3 പ്രാവശ്യം വീതം 16 മണിക്കൂര്‍ അന്നദാനം നല്‍കിയാല്‍ 54720 പേര്‍ക്ക് ആഹാരം നല്‍കാന്‍ കഴിയും. ദേവസ്വംബോര്‍ഡ് പ്രഖ്യാപനമനുസരിച്ച് ഒരു ദിവസം 25000 പേര്‍ക്ക് 65 ദിവസം ആഹാരം നല്‍കിയാല്‍ (1625000) പതിനാറ് ലക്ഷത്തി ഇരുപത്തിയയ്യായിരം പേര്‍ക്കാണ് ആഹാരം കൊടുക്കാന്‍ കഴിയുന്നത്. 

ഇതനുസരിച്ച് 5 കോടിയിലധികം അയ്യപ്പഭക്തരെ കരാര്‍ കൊടുത്തിട്ടുള്ള ഹോട്ടലുകളിലേക്ക് ആട്ടിതെളിക്കുന്ന ദേവസ്വംബോര്‍ഡ് നടപടിയില്‍ അഴിമതി സംശയിച്ചാല്‍ ആരെയും കുറ്റംപറയാന്‍ സാധ്യമല്ല. പമ്പയിലും, സന്നിധാനത്തുമായി കൂടുതല്‍ അന്നദാന മണ്ഡപങ്ങള്‍ നിര്‍മ്മിക്കുകയും, സന്നദ്ധസംഘടനകള്‍ക്കും അന്നദാനം നല്‍കുന്നതിനുള്ള അനുമതി നല്‍കുകയും ചെയ്താല്‍ 50% അയ്യപ്പഭക്തര്‍ക്കുകൂടി ആഹാരം സൗജന്യമായി നല്‍കാന്‍ ഇതിലൂടെ സാധിക്കും.

നിലവിലുള്ള അന്നദാന മണ്ഡപത്തിന് മുകളില്‍ വിരിവയ്ക്കാന്‍ ഭക്തരില്‍ നിന്ന് ദേവസ്വംബോര്‍ഡ് ആളൊന്നിന് 25 രൂപാവീതവും പായ ഒന്നിന് 10 രൂപയും വാടക ഈടാക്കുകയാണ്. സന്നിധാനത്ത് പ്രത്യേക വിരി പന്തല്‍ തയ്യാറാക്കി അയ്യപ്പഭക്തര്‍ക്ക് സൗജന്യമായി നല്‍കാനുള്ള സംവിധാനം ഒരുക്കാന്‍ ദേവസ്വംബോര്‍ഡ് തയ്യാറായിട്ടില്ല. വിരിപന്തല്‍ കെട്ടാന്‍ കരാര്‍ വ്യവസ്ഥയില്‍ സ്ഥലം ലേലത്തിന് നല്‍കുകയാണ് ദേവസ്വംബോര്‍ഡ് ചെയ്യുന്നത്. ഇത് ഭക്തരില്‍ നിന്ന് ഈടാക്കാന്‍ വന്‍വര്‍ദ്ധനവില്‍ പണം വസൂല്‍ ചെയ്യുകയാണ് കരാര്‍ ഉടമകള്‍.

വിരിവയ്ക്കാനായി തയ്യാറാക്കിയ ഷെഡുകള്‍ 1200 എണ്ണം മാത്രമാണ് നിലവിലുള്ളത് എന്നാണ് അറിയാല്‍ കഴിഞ്ഞത്. കൂടുതല്‍ സ്ഥലങ്ങളില്‍ സൗകര്യമൊരുക്കാന്‍ തടസമായി നില്‍ക്കുന്നതും എതിര്‍പ്പ് രേഖപ്പെടുത്തുന്നതും വനംവകുപ്പാണ്.

പമ്പയില്‍ ബലിതര്‍പ്പണം നിരോധിച്ച നടപടി ദൂരവ്യാപക പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നതായിരുന്നു. വനഭൂമി കയ്യേറി ശൗചാലയങ്ങളും വാട്ടര്‍ കിയോസ്‌ക്കുകളും സ്ഥാപിച്ചു എന്നാരോപിച്ച് ഇതെല്ലാം തല്ലിതകര്‍ത്ത സംഭവവും അരങ്ങേറി. സന്നിധാനത്ത് നടക്കുന്ന അശാസ്ത്രീയ കെട്ടിട നിര്‍മ്മാണം മൂലം വിരിവയ്ക്കാനുള്ള സ്ഥലസൗകര്യം 60% കുറഞ്ഞു. പമ്പയിലും, സന്നിധാനത്തും, എരുമേലിയിലുമായി ആയിരത്തില്‍ താഴെ ശൗചാലയങ്ങളും ശുചിമുറികളും സജ്ജമായിട്ടുള്ളത്. ഒരു ശൗചാലയം 800 പേര്‍ ഉപയോഗിച്ചാല്‍ മാത്രമാണ് അഞ്ച്‌കോടി ഇരുപത് ലക്ഷം പേര്‍ക്ക് ഉപയോഗിക്കാനാവുക. 3 മിനിറ്റ് വീതം ഒരാള്‍ക്ക് എന്ന ക്രമത്തില്‍ ടോയിലറ്റ് ഉപയോഗിച്ചാല്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചാലും ഒരു ടോയ്‌ലറ്റ് 480 പേര്‍ക്ക് മാത്രമെ ഉപയോഗിക്കാന്‍ കഴിയൂ. താല്‍ക്കാലിക ശൗചാലയങ്ങള്‍ അടക്കം 4000 ശൗചാലയങ്ങള്‍ എങ്കിലും പമ്പയിലും സന്നിധാനത്തും എരുമേലിയിലുമായി നിര്‍മ്മിച്ചാല്‍ മാത്രമെ ശാശ്വതപരിഹാരംകാണാന്‍കഴിയൂ. നിലവിലുള്ള ശൗചാലയങ്ങള്‍ പലതും ഉപയോഗപ്രദമല്ലാത്തതിനാല്‍ ഈ വര്‍ഷം തീര്‍ത്ഥാടകര്‍ പ്രാഥമിക കാര്യനിര്‍വ്വഹണത്തില്‍ കഷ്ടതകള്‍ അനുഭവിക്കേണ്ടിവന്നു. പമ്പയിലും സന്നിധാനത്തും എരുമേലിയിലും ടാങ്കുകള്‍ പൊട്ടിത്തകര്‍ന്ന് വിസര്‍ജ്യങ്ങള്‍ പുറത്തേക്കൊഴുകിയിരിക്കുന്നത് മാധ്യമങ്ങള്‍ ദൃശ്യം സഹിതം റിപ്പോര്‍ട്ട്  ചെയ്തിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ശാശ്വതമായ നടപടി ഉണ്ടായിട്ടില്ല.

സന്നിധാനത്ത് 815 ശുചീകരണ തൊഴിലാളികള്‍ തുച്ഛമായ വേതനത്തില്‍ ജോലിചെയ്യുകയാണ്. തിരുനട, സന്നിധാനം, ഭസ്മക്കുളം, പാണ്ടിതാവളം, മരക്കൂട്ടം, സ്വാമിഅയ്യപ്പന്‍ റോഡ്, പമ്പ എന്നിവിടങ്ങളിലായിട്ടാണ് ഇവര്‍ ജോലിചെയ്യുന്നത്. മാന്യമായ വേതനവും, താമസസൗകര്യവും നല്‍കാന്‍ പോലും ദേവസ്വംബോര്‍ഡ് തയ്യാറാകുന്നില്ല. 350 രൂപയാണ് ശുചീകരണതൊഴിലാളികളുടെ ദിവസ വേതനം. അയ്യപ്പസ്വാമിയില്‍ ഉള്ള ഭക്തിയും വിശ്വാസവും മൂലം ഈ ദുരിതങ്ങളെ അതിജീവിക്കാന്‍ ഇച്ഛാശക്തിയും, മനക്കരുത്തും, ശാരീരികബലവും ലഭ്യമാകുന്നതിനാല്‍ നിശബ്ദമായി ഭക്തജനസേവനവും, ശുചീകരണ പ്രവൃത്തിയും അയ്യപ്പസേവയായി കരുതി ജോലിചെയ്യുന്നു. തൊഴിലാളികളില്‍ മറ്റൊരുകൂട്ടര്‍ ചുമട്ടുതൊഴിലാളികളാണ്. ഭണ്ഢാരത്തില്‍ സമര്‍പ്പിക്കുന്ന അരി, ശര്‍ക്കര, പൂജാസാനങ്ങള്‍, പമ്പയില്‍ നിന്ന് കൊണ്ടുവരുന്ന ലോഡുകള്‍, ആടിയതിന് ശേഷമുള്ള നെയ്യ് ഓഫീസില്‍ എത്തിക്കുന്നത്, നിര്‍മ്മാണ പ്ലാന്റിലേക്ക് അരി, ശര്‍ക്കര എത്തിക്കുന്നത്, പോലീസ് ക്യാമ്പിലേക്ക് പലവൃജ്ഞനങ്ങള്‍ എത്തിക്കുന്നത് എല്ലാം ഈ തൊഴിലാളികളാണ്.

ഇവര്‍ക്ക് ഈ വര്‍ഷം 50 രൂപ വര്‍ദ്ധിപ്പിച്ച് 400 രൂപയാണ് കൂലി നല്‍കുന്നത്. ഈ തൊഴിലാളികള്‍ക്ക് താമസത്തിനായി നല്‍കിയിട്ടുള്ളത് 2 ചെറിയ റൂമുകള്‍ മാത്രമാണ്.  68 തൊഴിലാളികളാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. അയ്യപ്പഭക്തരെ ചുമലിലേറ്റി സന്നിധാനത്തെത്തിക്കുന്ന ട്രോളി വാഹകര്‍ക്ക് ട്രോളി ഒന്നിന് 3600 രൂപ എന്നത് 4200 രൂപയായി വന്‍ വര്‍ദ്ധനവ് വരുത്തിയിരിക്കുകയാണ്. അയ്യപ്പന്‍മാരില്‍ നിന്ന് ഈടാക്കുന്ന തുകയില്‍ നിന്ന് 200 രൂപ നോക്കുകൂലി പിരിക്കുന്ന പതിവും ദേവസ്വംബോര്‍ഡ് ആരംഭിച്ചിരിക്കുന്നു.

ശബരിമല ഇടത്താവളങ്ങള്‍ക്ക് 5 മുതല്‍ 25 ലക്ഷം രൂപ വരെ ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും, ഇതിന്റെ വിനിയോഗം സുതാര്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. സന്നിധാനത്തും, മാളികപുറത്തും, എരുമേലിയിലും ടാങ്കുകള്‍ പൊട്ടിയൊലിച്ച് വിസര്‍ജ്യമാലിന്യം പുറത്തേക്ക് ഒഴുകിയിട്ടും പരിഹാരം കാണാന്‍ നടപടിയില്ല. മാധ്യമങ്ങളും, അയ്യപ്പഭക്തസംഘടനകളും, ഇത് ഉന്നയിച്ചിട്ടും നിസംഗതയും, നിഷ്‌ക്രിയത്വവുമാണ് ഫലം. മലിനീകരണം തടയാനും, മാലിന്യം നീക്കം ചെയ്യാനും പ്രധാനമായി ഉദ്ദേശിച്ച് ഒന്നാംഘട്ടം 12.92 കോടി രൂപ അനുവദിച്ച്, പരിസ്ഥിതിവകുപ്പ് പദ്ധതി തയ്യാറാക്കി. നിത്യേന സന്നിധാനത്ത് നിന്ന് 4 ദശലക്ഷ മാലിന്യവും, പമ്പയില്‍ 1-2 കോടി ലിറ്റര്‍ മലിനജലവും, നീക്കം ചെയ്യാന്‍ 2.4 കോടി രൂപയും, 1.2 കോടിരൂപയും, യഥാക്രമം മാറ്റിവച്ചു. സന്നിധാനത്ത് നിന്ന് മലിനജലം കൊണ്ടുപോകാന്‍ ടാങ്ക് നിര്‍മ്മാണത്തിനായി പമ്പ്, പൈപ്പ് എന്നിവ സ്ഥാപിക്കാനായി 18 ലക്ഷവും മാറ്റിവച്ചു. പമ്പയില്‍ 300 കക്കൂസ്, സന്നിധാനത്ത് 400 കക്കൂസ്, 100 ശുചിമുറി എന്നിവ നിര്‍മ്മിക്കാന്‍ 1.26 കോടിരൂപ, അഴുക്ക്ചാല്‍ നിര്‍മ്മാണത്തിന് 1.26 കോടി രൂപ എന്നീ ക്രമത്തിലും നീക്കിവച്ചതായി പ്രഖ്യാപനങ്ങള്‍ വന്നു. പമ്പാജലം മലിനമാവില്ല, ശബരിമല മാലിന്യപ്രശ്‌നംപരിഹരിക്കും എന്നീ പ്രഖ്യാപനങ്ങളാണ് നടത്തിയിരുന്നത്. സന്നിധാനത്ത് മാലിന്യനിര്‍മ്മാര്‍ജന പ്ലാന്റ് ഈ വര്‍ഷവും പൂര്‍ണമായി കമ്മീഷന്‍ ചെയ്യില്ല എന്ന് ഉറപ്പായി കഴിഞ്ഞു. ശബരിമലയിലെ അഴുക്കുചാല്‍ പദ്ധതി അശാസ്ത്രീയമായ നിര്‍മ്മാണരീതി മൂലം ഗുണകരമല്ല എന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്.  പമ്പയിലെ മലിനീകരണം ഗുരുതരമായ പ്രശ്‌നമാകും എന്ന് തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ വന്ന് കൊണ്ടിരിക്കുന്നു.

ഇതിനുള്ള പോംവഴികള്‍ കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ല. ത്രിവേണിയിലെ ജലത്തില്‍ ഏറ്റവും മാരകമായ ഇരുപതിലധികം രോഗാണുക്കളെ കെണ്ടത്തിയിരിക്കുന്നു. മുന്‍പ് ത്രിവേണിയിലെ ജലം പരിശോധിക്കുമ്പോള്‍ മനുഷ്യവിസര്‍ജ്യത്തിലെ അണുക്കളുടെ അളവ് ഒരു മില്ലിമീറ്ററില്‍ ഒരു ലക്ഷത്തിലധികം വന്നിരുന്നു. ഒരു മില്ലിമീറ്ററില്‍ 500 ല്‍ അധികം വന്നാല്‍ തന്നെ ജലം ഉപയോഗിക്കരുതെന്ന് പറഞ്ഞ സ്ഥാനത്താണിത്. 

പദ്ധതിഫണ്ടുകള്‍ വിനിയോഗിക്കുന്നതിലും വന്‍വീഴ്ചയാണ് ദേവസ്വംബോര്‍ഡ് വരുത്തുന്നത്. കഴിഞ്ഞവര്‍ഷം നല്‍കിയ 100 കോടിയില്‍ 20 കോടി രൂപ ഇതേവരെ ചിലവഴിച്ചില്ല. കുന്നാര്‍ഡാം ഉയരംകൂട്ടാന്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടും നടപടിയാകുന്നില്ല. കുന്നാര്‍ഡാമിന്റെ ഉയരം കൂട്ടിയാല്‍ സ്വാഭാവികമായും സന്നിധാനത്തും പമ്പവരെയും ശുദ്ധജലം എത്തിക്കാന്‍ കഴിയും, ശുദ്ധജല,കുടിവെള്ള പ്രശ്‌നത്തിന് ഇതിലൂടെ പരിഹാര കാണാന്‍ കഴിയും.

വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് വാങ്ങുന്നതിലും ചൂഷണമാണ് നടക്കുന്നത്. നിശ്ചയിച്ച തുകയേക്കാള്‍ വര്‍ദ്ധിപ്പിച്ച് തോന്നിയ നിരക്കിലാണ് കരാറുകാര്‍ ഫീസ് വാങ്ങുന്നത്. ദേവസ്വം അധികൃതരോട് പരാതിപ്പെട്ടാലും പരിഹാരമുണ്ടാക്കാന്‍ യാതൊരുശ്രമവും നടക്കുന്നില്ല. കരാറുകാരും ദേവസ്വം ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ശബരിമലയില്‍ നിലനില്ക്കുകയാണ്. ഇത് ചൂണ്ടിക്കാട്ടിയാലും ഉന്നത കേന്ദ്രങ്ങളില്‍നിന്നും നടപടിയില്ല.

പ്രതിവര്‍ഷം 6 കോടി തീര്‍ത്ഥാടകരെത്തുന്നു എന്നും, 10000 കോടിയിലധികം രൂപ റവന്യൂ ഇനത്തിലും ദേവസ്വംബോര്‍ഡിന് കാണിക്ക, വഴിപാട്, കോണ്‍ട്രാക്റ്റ്, വാടകയിനം, പ്രസാദവിതരണം എന്നീ ഇനങ്ങളില്‍ 800 കോടിയിലധികം രൂപയും വരുമാനം ലഭ്യമാകുന്നു എന്നാണ് മുന്‍ ദേവസ്വംമന്ത്രി ജി.സുധാകരന്‍ സാക്ഷ്യപ്പെടുത്തിയത്. സര്‍ക്കാറിന് ഇത്രയും വരുമാനമുണ്ടാക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന്റെ നടത്തിപ്പിലും മുന്നൊരുക്കത്തിലും പദ്ധതി നിര്‍വ്വഹണത്തിലുമുള്ള കെടുകാര്യസ്ഥതയുടെ നേര്‍സാക്ഷ്യമാണ് മുകളില്‍ അവതരിപ്പിക്കപ്പെട്ടത്.

ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരില്‍ 80% അയ്യപ്പഭക്തരും അന്യസംസ്ഥാനങ്ങളില്‍ നിന്നുമാണ്. റോഡ്ടാക്‌സ്, വാഹനടാക്‌സ് എന്നീ ഇനങ്ങളില്‍ വന്‍തുകയാണ് ഓരോ വാഹനവും നല്‍കുന്നത്. കേരളത്തില്‍ അവര്‍ നടത്തുന്ന ക്രയവിക്രയങ്ങളിലൂടെ ലഭിക്കുന്ന നികുതിയടക്കം 90 ദിവസം കൊണ്ട് ലഭിക്കുന്ന റവന്യൂ വരുമാനമാണ് മുകളില്‍ സൂചിപ്പിച്ചത്. വൈദ്യുതി  ചാര്‍ജിനത്തില്‍ പ്രത്യേക സ്ലാബ് അനുസരിച്ച് കെ.എസ്.ഇ.ബിയ്ക്ക് നല്‍കേണ്ടിവരുന്നത് യൂണിറ്റിന് 16.50 നിരക്കാണ്. 5ലേറെ വൈദ്യുതി ഉത്പാദന കേന്ദ്രങ്ങള്‍ ശബരിമലയുടെ തൊട്ടടുത്ത് സ്ഥിതി ചെയ്യുമ്പോഴാണ് ശബരിമലയ്ക്ക് മാത്രം നിരക്ക് വര്‍ദ്ധന. പമ്പയിലെ 66 കെ. വി. സബ്‌സ്റ്റേഷന്‍ പണിയാന്‍ പണം നല്‍കിയത് ദേവസ്വം ബോര്‍ഡാണെന്നിരിക്കെയാണ് ഈ ചൂഷണം അരങ്ങേറുന്നത്. സര്‍ക്കാരിന്റെ വിവിധവകുപ്പുകളെ സമ്പന്നമാക്കുന്നതും, സംസ്ഥാനത്തെ ക്ഷേത്രവരവിനെ സമൃദ്ധമായി നിലനിര്‍ത്തുന്നതും ശബരിമല തീര്‍ത്ഥാടന കാലത്തെ 90 ദിവസങ്ങളാണെന്ന തിരിച്ചറിവും കേരളത്തിനുണ്ടാകണം.

സ്വദേശി ദര്‍ശന്‍ പദ്ധതിപ്രകാരം സന്നിധാനത്തും പമ്പയിലുമായി വിവിധ പദ്ധതികള്‍ക്ക് അനുമതിയും, പദ്ധതി നിര്‍വഹണത്തിനായി ഫണ്ടും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. ശബരിമല മാസ്റ്റര്‍ പ്ലാന്‍, പമ്പകര്‍മ്മപദ്ധതി എന്നിവയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുമുണ്ട്. ദേവസ്വം ബോര്‍ഡും, വിവിധ വകുപ്പുകളും, ശീതസമരവും, പടലപിണക്കങ്ങളും ഒഴിവാക്കി ശബരിമലയുടെ വികസന സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ മെച്ചപ്പെട്ട വകുപ്പുതല ഏകോപനത്തിന് മുഖ്രമന്ത്രി നേതൃത്വം കൊടുക്കുക എന്നതാണ് കരണീയമായ മാര്‍ഗ്ഗം.

കാണിക്കവഞ്ചിയിലെ പണം എണ്ണി ധനലക്ഷ്മി ബാങ്കിലടച്ച് മലയിറങ്ങികഴിഞ്ഞാല്‍ ഭക്തരേയും, ശബരിമലയെയും മറക്കുന്ന സമീപനവും പ്രവണതയും ഇനിയും അംഗീകരിക്കാനാവില്ല. തീര്‍ത്ഥാടനം കഴിഞ്ഞാല്‍ കുംഭകര്‍ണ്ണസേവ എന്ന ദേവസ്വം ബോര്‍ഡ് നയവും മാറണം.

മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സക്രിയമായി പ്രവര്‍ത്തിച്ച് 2018 ഡിസംബര്‍ 15നകം തന്നെ പ്രഖ്യാപിച്ച പദ്ധതികള്‍ എല്ലാം പൂര്‍ത്തീകരിക്കും എന്ന് പ്രതിജ്ഞയെടുത്താല്‍ വരും വര്‍ഷങ്ങളിലെ തീര്‍ത്ഥാടനത്തെ എല്ലാവിധ വിശുദ്ധിയോടെയും, അടിസ്ഥാനസൗകര്യങ്ങളോടെയും വരവേല്‍ക്കാന്‍ സാധിക്കും. ഈ വര്‍ഷത്തെ മകരവിളക്ക് ഉത്സവക്രമീകരണങ്ങള്‍ കുറ്റമറ്റതാക്കാന്‍ സര്‍ക്കാര്‍, ദേവസ്വം ഭക്തജനസംഘടനാ നേതൃത്വങ്ങള്‍ ഒരേമനസ്സോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കി സംസ്ഥാനസര്‍ക്കാറും ദേവസ്വംബോര്‍ഡും അതിനു നേതൃത്വം നല്‍കുകയാണ് വേണ്ടത്.

സമ്പാദനം: ഹിന്ദുഐക്യവേദി പഠനസംഘം റിപ്പോര്‍ട്ട്, ശബരിമല വികസനം, കരിങ്കുന്നം രാമചന്ദ്രന്‍ പഠന റിപ്പോര്‍ട്ട്, സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍.

'ഹരിവരാസന'ത്തിന്റെ
പിന്നാമ്പുറം—എസ് രാജേന്ദ്രബാബു

ശ്രീ ശബരിമല ധര്‍മ്മശാസ്താ സന്നിധിയില്‍ ശ്രീഅയ്യപ്പന്റെ ഉറക്കുപാട്ടായി ഉപയോഗിച്ചു വരുന്ന 'ഹരിവരാസനം' എന്ന അഷ്ടകത്തിന് ചില തിരുത്തലുകള്‍ ആവശ്യമാണെന്നു കണ്ട്് അതിനു വേണ്ട ചില നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ആലോചിക്കുന്നതായി അറിയുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും ജാതിമതഭേദമെന്യെ കോടിക്കണക്കിനു ഭക്തജനങ്ങള്‍ എല്ലാ വര്‍ഷവും സന്ദര്‍ശിക്കുന്ന പുണ്യ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമല ശ്രീ ധര്‍മ്മശാസ്താ സന്നിധിയില്‍ കഴിഞ്ഞ നാലു ദശകങ്ങളായി ഭക്തജനങ്ങള്‍ കേള്‍ക്കുകയും അന്യസംസ്ഥാനങ്ങളില്‍ യാതൊരു വിവേചനത്തിനും വിധേയമാകാതെ ആവര്‍ത്തിച്ചാലപിച്ചു വരുകയും ചെയ്തു വരുന്ന ഭക്തിഗാനമാണ് 'ഹരിവരാസനം'. നീലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി സുബ്രഹ്മണ്യം നിര്‍മ്മിച്ച് സംവിധാനം ചെയ്ത 'സ്വാമി അയ്യപ്പന്‍' എന്ന ചിത്രത്തിനു വേണ്ടി ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കി കെ.ജെ യേശുദാസ് പാടിയ ഗാനം കുംബക്കുടി കുളത്തൂര്‍ അയ്യര്‍ രചിച്ചതാണ്. 1975-ല്‍ ചിത്രം റിലീസായതിനു ശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 'ഹരിവരാസനം' എന്ന ഗാനം അയ്യപ്പന്റെ ഉറക്കുപാട്ടായി സ്വീകരിക്കുകയായിരുന്നു. അതിനായി ദേവരാജന്‍ മാസ്റ്റര്‍ തന്നെ ഉചിതമായ മാറ്റങ്ങള്‍ വരുത്തിയ ശേഷമാണ് സന്നിധിയില്‍ ആ ഗാനം ദശാബ്ദങ്ങളായി ആലപിക്കപ്പെട്ടുവരുന്നത്.  
'ഹരിവരാസന'-ത്തിനു വീണ്ടും തിരുത്തലുകള്‍ ആവശ്യമാണെന്നുള്ള പുതിയ നിലപാടിന്റെ പശ്ചാത്തലം ഒന്നു പരിശോധിക്കാം. നിലവിലുള്ള 'ഹരിവരാസനം' വരികള്‍ക്കും സന്ദര്‍ഭത്തിനും ഏറ്റവും അനുയോജ്യമാംവിധം സംഗീതാവിഷ്‌കാരം നിര്‍വഹിക്കപ്പെട്ടതായതുകൊണ്ടാണ് അതുവരെ ഉപയോഗിച്ചിരുന്ന ഈണം ഒഴിവാക്കി 'സ്വാമി അയ്യപ്പ'-നിലെ ഗാനം ഉറക്കുപാട്ടായി ദേവസ്വം അധികൃതര്‍ സ്വീകരിച്ചത്. അതുവരെ ആലപിക്കപ്പെട്ടിരുന്ന 'ഹരിവരാസന'-ത്തിന്റെ സംഗീത സംവിധായകന് സ്വാഭാവികമായും അതില്‍ നിരാശയുണ്ടാകാന്‍ ഇടയുണ്ട്. സംഗീതത്തിന്റെയും ആലാപനത്തിന്റെയും ഗുണമേന്മയില്‍ പുതിയ 'ഹരിവരാസനം' സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടതിനാല്‍ വിമര്‍ശനങ്ങള്‍ക്കു വിധേയമാകാതെ നാല്‍പതു വര്‍ഷമായി സന്നിധാനത്തില്‍ 'സ്വാമി അയ്യപ്പ'-നിലെ 'ഹരിവരാസനം' ആലപിക്കപ്പെട്ടു വരികയാണ്. ഗാനരചയിതാവ് ഓരോ വരിക്കുമൊടുവില്‍ 'സ്വാമി' എന്നു ചേര്‍ത്തിരുന്നു. മധ്യമാവതി രാഗത്തില്‍ ഭാവതീവ്രമായി ആ ഗാനം ചിട്ടപ്പെടുത്തുമ്പോള്‍ ഓരോ വരിക്കുമൊടുവിലെ 'സ്വാമി' ദേവരാജന്‍ മാസ്റ്റര്‍ക്ക് അനുചിതമായി തോന്നി. അതിനാല്‍ വേണ്ടിടത്തു മാത്രം 'സ്വാമി' ഉപയോഗിക്കുകയും അനാവശ്യമായവ ഒഴിവാക്കുകയുമാണ് ഉണ്ടായത്. സംഗീതാവിഷ്‌കാര വേളയില്‍ അത്തരം നീക്കുപോക്കുകളും തിരുത്തലുകളും നടത്താന്‍ സംഗീത സംവിധായകന് അവകാശമുണ്ടെന്ന അലിഖിതമായ ഒരു നിയമം തന്നെയുണ്ട്. ദേവരാജന്‍ മാസ്റ്റര്‍ വരുത്തുന്ന അത്തരം മാറ്റങ്ങള്‍ തങ്ങളുടെ രചനകള്‍ക്ക് മാറ്റു കൂട്ടുകയേയുള്ളുവെന്ന് ബോധ്യപ്പെട്ടവരാണ് വയലാര്‍, പി ഭാസ്‌കരന്‍, ഒഎന്‍വി, യൂസഫലി, ശ്രീകുമാരന്‍ തമ്പി തുടങ്ങിയ പ്രതിഭാധനന്മാരായ ഗാനരചയിതാക്കള്‍. ഓരോ വരിക്കുമൊടുവിലെ 'സ്വാമി' എന്ന സംബോധനയുടെ അനൗചിത്യം സംവിധായകനായ പി സുബ്ര്ഹമണ്യത്തെ ബോധ്യപ്പെടുത്തിയ ശേഷം മാത്രമാണ് ദേവരാജന്‍ മാസ്റ്റര്‍ 'ഹരിവരാസന'-ത്തിന്റെ സംഗീതാവിഷ്‌കാരം പൂര്‍ത്തിയാക്കിയത്. 'സ്വാമിയെ ഉറക്കുകയാണല്ലൊ ഗാനത്തിന്റെ ലക്ഷ്യം. ഗാനം കേട്ട് ഉറങ്ങാന്‍ തുടങ്ങുന്ന അയ്യപ്പനെ കൂടെക്കൂടെ 'സ്വാമീ, സ്വാമീ' എന്നു വിളിച്ച് ശല്യപ്പെടുത്തിയാല്‍ അദ്ദേഹത്തിന് എങ്ങനെ ഉറങ്ങാനാവും,' ഇങ്ങനെയാണ് മാസ്റ്റര്‍ തന്റെ നിലപാട് വിശദീകരിച്ചത്. അയ്യപ്പ സന്നിധിയില്‍ അതുവരെ പാടിക്കേട്ട ഗായകന്‍ തന്നെയാവട്ടെ പുതിയ ഗാനവും ആലപിക്കുന്നത് എന്ന സംവിധായകന്റെ നിര്‍ദ്ദേശം ഒഴിവാക്കി യേശുദാസ് തന്നെ 'ഹരിവരാസനം' പാടണമെന്നു നിര്‍ബന്ധിച്ചത് മാസ്റ്ററാണെന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്. യേശുദാസ് ആലപിച്ച 'ഹരിവരാസനം' ഭക്തജനങ്ങളുടെ സാര്‍വത്രികമായ അംഗീകാരം നേടിയത് മാസ്റ്ററുടെ തീരുമാനം ശരിയായിരുന്നെന്നതിന്റെ വ്യക്തമായ തെളിവു കൂടിയാണല്ലോ. പ്രശസ്ത സംഗീത സംവിധായകന്‍ പുകഴേന്തി ദേവരാജന്‍ മാസ്റ്റരോട് ഒരിക്കല്‍ പറഞ്ഞതിങ്ങനെ: 'ഇക്കാലമത്രയും ഞാന്‍ ചെയ്ത സംഗീതം മുഴുവന്‍ അങ്ങയുടെ പാദങ്ങളില്‍ സമര്‍പ്പിക്കാം. പകരം ആ 'ഹരിവരാസനം' മാത്രം എനിക്കു തരൂ.'
എന്നാല്‍ താന്‍ ചിട്ടപ്പെടുത്തി ആലപിച്ച ഗാനം ഒഴിവാക്കപ്പെട്ടെന്നു മാത്രമല്ല പുതിയതു പാടാനുള്ള അവസരവും നഷ്‌പ്പെട്ടു എന്ന കടുത്ത നിരാശയും പ്രതികാരവും ദശാബ്ദങ്ങളായി മനസ്സില്‍ സൂക്ഷിച്ചിരുന്ന ഗായകന്‍ സാഹചര്യം അനുകൂലമായി വന്നപ്പോള്‍ അവസരം ഉപയോഗപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു. ദേവരാജന്‍ മാസ്റ്റര്‍ ജീവിച്ചിരുന്നപ്പോള്‍ ഒരിക്കല്‍ പോലും പ്രതിഷേധം ഉയര്‍ത്താന്‍ കഴിയാതെ, മാസ്റ്റരുടെ ദേഹവിയോഗത്തിനു ശേഷം കുറ്റപ്പെടുത്തലുകളുമായി മുന്നോട്ടു വരുന്നത് ഒരുവിധത്തിലും നീതീകരിക്കാവുന്നതല്ല. ഓരോ വരിക്കൊടുവിലും ഒഴിവാക്കപ്പെട്ട 'സ്വാമി' പുനഃസ്ഥാപിക്കപ്പെടണമെന്നതാണ് പുതിയതായി ഉന്നയിക്കപ്പെടുന്ന ഒരു വാദം. ഉച്ചാരണപ്പിശകാണ് മറ്റൊന്ന്. 'അരി വിമര്‍ദ്ദനം' എന്ന പ്രയോഗം വിന്യസിച്ച് ഉച്ചരിക്കാതെ ചേര്‍ത്തുച്ചരിച്ചിരിക്കുന്നുവത്രെ. അതിനാല്‍ എന്തെങ്കിലും അര്‍ത്ഥവ്യത്യാസം ശ്രോതാക്കള്‍ക്ക് അനുഭവപ്പെട്ടതായും അറിവില്ല. യേശുദാസിന്റെ ഉച്ചാരണത്തില്‍ എന്തെങ്കിലും പിശകു സംഭവിച്ചതായി നാളിതു വരെ കേട്ടിട്ടില്ല. മികച്ച ആലാപനവും ഉച്ചാരണശുദ്ധിയുമാണ് യേശുദാസിന്റെ സവിശേഷതയെന്നത് ആര്‍ക്കാണറിയാത്തത്?  
ഒരു സംഗീതജ്ഞന്‍ സൃഷ്ടിച്ച മാസ്റ്റര്‍പീസില്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ തിരുത്തലുകള്‍ വരുത്തുകയെന്നത് എന്തു ന്യായീകരണത്തിന്റെ പേരിലായാലും അനീതിയാണ്, അപമര്യാദയാണ്. 'ഹരിവരാസന'-ത്തിന് മറ്റൊരു സംഗീതാവിഷ്‌കാരം നല്‍കിക്കൊണ്ട് തിരുത്തലുകള്‍ വരുത്തുകയാണെങ്കില്‍ അതാവാം. മറിച്ച് ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ തന്നെ തിരുത്തലുകള്‍ വരുത്താനാണ് ശ്രമമെങ്കില്‍ അത് അദ്ദേഹത്തോടു കാട്ടുന്ന നീതിനിഷേധവും മര്യാദകേടുമായിരിക്കും. തന്റെ വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചിട്ടുള്ള ദേവരാജന്‍ മാസ്റ്ററോട് അത്തരമൊരു ഗുരുനിന്ദ കാട്ടി കോടിക്കണക്കിനു ഭക്തജനങ്ങളുടെ വെറുപ്പേറ്റു വാങ്ങാന്‍ ഏതു സമ്മര്‍ദ്ദത്തിന്റെ പേരിലായാലും യേശുദാസ് എന്ന മഹാഗായകന്‍ തയാറാകുമെന്നും കരുതുക വയ്യ.

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments