Kesari WeeklyKesari

മുഖപ്രസംഗം

സംസ്‌കാരമില്ലാത്ത അയല്‍ക്കാരന്‍

on 06 January 2018

ണ്ടാലും കൊണ്ടാലും പഠിക്കാത്ത ഒരു രാജ്യം ഇന്ന് ഭൂമുഖത്തുണ്ടെങ്കില്‍ അത് പാകിസ്ഥാനാണെന്ന് എല്ലാവര്‍ക്കുമറിയാം. ഭാരതത്തോടുള്ള വിരോധത്തില്‍ നിന്ന് ഉടലെടുക്കുകയും അതില്‍ സ്വന്തം അസ്തിത്വം തേടുകയും ചെയ്യുന്ന ഈ രാജ്യത്തിന്റെ മുന്നില്‍ യാതൊരു വികസന അജണ്ടകളുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ ഭാരതം ആത്മാര്‍ത്ഥമായി സൗഹൃദഹസ്തം നീട്ടിയപ്പോഴൊക്കെ അതിനെ തട്ടിത്തെറിപ്പിക്കുകയാണ് പാകിസ്ഥാന്‍ ചെയ്തത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന ഭാരതീയ പൗരനായ കുല്‍ഭുഷണ്‍ യാദവിനെ സന്ദര്‍ശിക്കാനെത്തിയ അമ്മയെയും ഭാര്യയെയും അപമാനിച്ചതിലൂടെ സൗഹൃദത്തിന്റെ ഭാഷ തങ്ങള്‍ക്ക് അന്യമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് പാകിസ്ഥാന്‍.
പാകിസ്ഥാന്‍ നല്‍കിയ വിസയുമായി കുല്‍ഭൂഷണെ കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ സന്ദര്‍ശിക്കാനെത്തിയ അമ്മ അവന്തികയ്ക്കും ഭാര്യ ചേതന്‍കുലിനും അങ്ങേയറ്റത്തെ അവഹേളനമാണ് നേരിടേണ്ടി വന്നത്. കൂടിക്കാഴ്ചയ്ക്കു മുമ്പ് രണ്ടുപേരുടെയും വസ്ത്രം മാറ്റിച്ചു. താലിയും വളകളും പൊട്ടും നീക്കം ചെയിച്ചു. വിധവകളെപ്പോലെ രണ്ടുപേരെയും ഒരു ചില്ലുമറയ്ക്കപ്പുറം കുല്‍ഭൂഷണിന്റെ മുന്നില്‍ ഹാജരാക്കിക്കൊണ്ട് സാംസ്‌കാരികവും മതപരവുമായ വികാരങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണ് പാകിസ്ഥാന്‍ ചെയ്തത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ ചെയ്ത പ്രസംഗത്തിലൂടെ ഈ നടപടിയില്‍ ശക്തമായി പ്രതിഷേധിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളും സംഭവത്തെ ഏകകണ്ഠമായാണ് അപലപിച്ചത്.
കുല്‍ഭുഷന്റെ ഭാര്യയുടെ ഷൂസ് തിരികെ നല്‍കാതിരുന്നതും വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഷൂസില്‍ ചിപ് ഉണ്ടെന്ന കള്ളക്കഥയുണ്ടാക്കിയാണ് അത് തിരികെ നല്‍കാതിരുന്നത്. ഷൂസില്‍ ചിപ്പോ ക്യാമറയോ റിക്കോര്‍ഡറോ ഉണ്ടെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് സുഷമ സ്വരാജ് പറഞ്ഞു. ദുബായിലെയും പാകിസ്ഥാനിലെയും വിമാനത്താവളത്തിലൂടെ കടന്നുവന്ന കുല്‍ഭൂഷണിന്റെ അമ്മയെയും ഭാര്യയെയും അപമാനിച്ചത് മനഃപൂര്‍വ്വമാണ്. മനുഷ്യത്വവും അനുകമ്പയും കാണിക്കുന്നതിനുപകരം ഭീതിയുടെ അന്തരീക്ഷമാണ് കൂടിക്കാഴ്ചാവേളയില്‍ സൃഷ്ടിക്കപ്പെട്ടതെന്നും ഇത് തികഞ്ഞ മനുഷ്യാവകാശലംഘനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കുല്‍ഭുഷണെ കൊണ്ട് അമ്മയുടെയും ഭാര്യയുടെയും മുമ്പില്‍ തെറ്റായ കുറ്റസമ്മതം നടത്തിച്ച് അയാള്‍ക്കെതിരെ മറ്റൊരു കള്ളത്തെളിവുകൂടി ഉണ്ടാക്കാനുള്ള പാകിസ്ഥാന്റെ ആസൂത്രിത നീക്കവും അമ്മയുടെ അവസരോചിതമായ നീക്കത്തിലൂടെ തകര്‍ന്നു തരിപ്പണമായി. തട്ടിയെടുത്തവര്‍ പറഞ്ഞുപഠിപ്പിച്ചത് അതുപോലെ പറയരുതെന്ന് പാക് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയാണ് അവര്‍ മകനോടു പറഞ്ഞത്. കൂടിക്കാഴ്ചയ്ക്കു ശേഷം അവരെ തിരിച്ചുകൊണ്ടു പോകാനുള്ള വാഹനം വൈകിപ്പിച്ചതും അത്രയും സമയം പാകിസ്ഥാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് അവരെ പരിഹസിക്കാന്‍ വിട്ടുകൊടുത്തതും സൗഹൃദമല്ല പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി.
ചാരവൃത്തി ആരോപിച്ച് ഇറാന്‍ അതിര്‍ത്തിയില്‍ നിന്ന് 2016 മാര്‍ച്ച് 3-നാണ് മുന്‍ നാവിക ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ യാദവിനെ പാകിസ്ഥാന്‍ അറസ്റ്റു ചെയ്തത്. വിചാരണയ്ക്കുശേഷം 2017 ഏപ്രില്‍ 10-ന് വധശിക്ഷയ്ക്കു വിധിച്ചു. കുല്‍ഭൂഷണിന്റെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്രതലത്തില്‍ വലിയ നീക്കങ്ങളാണ് ഭാരതം നടത്തിയത്. പാകിസ്ഥാന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര കോടതിയില്‍ കേസു കൊടുത്ത് വധശിക്ഷ സ്റ്റേ ചെയ്യിക്കാന്‍ കഴിഞ്ഞത് ഭാരതം നേടിയ വലിയ വിജയമാണ്. കുല്‍ഭൂഷണെ കാണാന്‍ ഭാരതനയതന്ത്ര ഉദ്യോഗസ്ഥര്‍ 15 തവണയെങ്കിലും അപേക്ഷ നല്‍കിയെങ്കിലും ഒരിക്കല്‍ പോലും കാണാന്‍ അനുവദിക്കാതിരുന്നതില്‍ നിന്ന് പാകിസ്ഥാന്റെ ഉള്ളിലിരുപ്പ് വ്യക്തമാണ്. പര്‍വേശ് മുഷാറഫും നവാസ് ഷരീഫുമടക്കമുള്ള മുന്‍ ഭരണാധികാരികളെപോലും വിചാരണചെയ്ത് ശിക്ഷിക്കാന്‍ കാത്തിരിക്കുന്ന ഒരു രാജ്യത്ത് ഒരു ഭാരതീയ പൗരന് എത്രത്തോളം നീതി ലഭിക്കുമെന്ന കാര്യം സംശയാസ്പദമാണ്. 1990ല്‍ ഭാരത-പാക് അതിര്‍ത്തിയില്‍ വെച്ച് കള്ളക്കേസില്‍ കുടുക്കി തടവിലാക്കിയ സരബ്ജിത് സിങ്ങിന്റെ അനുഭവവും ഭാരതത്തിന്റെ മുന്നിലുണ്ട്. 2013 മെയ് 2-ന് കോട് ലോക്പഥ് ജയിലില്‍ വെച്ച് പാകിസ്ഥാന്‍ തടവുകാരുടെ മര്‍ദ്ദനമേറ്റാണ് സരബ്ജിത് മരിച്ചത്.
പാകിസ്ഥാനുമായി സമാധാനമുണ്ടാക്കാന്‍ ഭാരതം നടത്തിയ ശ്രമങ്ങളെല്ലാം വ്യഥാവിലാക്കുകയാണുണ്ടായത്. യു.പി.എ ഭരണകാലത്ത് സമാധന ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെ ഭാരത സൈനികന്റെ തലയറുത്തുകൊണ്ടാണ് പാകിസ്ഥാന്‍ പ്രതികരിച്ചത്. 1999ലെ കാര്‍ഗില്‍ ആക്രമണവും 2001ലെ പാര്‍ലമെന്റ് ആക്രമണവും  2007ലെ സംഝോത എക്‌സപ്രസ് ആക്രമണവും 2008ലെ മുംബൈ ഭീകരാക്രമണവും 2016ല്‍ നടന്ന പഠാന്‍കോട്ട് ആക്രമണവുമെല്ലാം സമാധാനമല്ല അവര്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനകളാണ്. നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് സാര്‍ക്കിലെ മറ്റു രാജ്യങ്ങളോടൊപ്പം പാകിസ്ഥാനെയും ക്ഷണിക്കുകയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. സമാധന ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെ 2014 ഓഗസ്റ്റില്‍ അന്നത്തെ പാക് ഹൈക്കമ്മീഷണര്‍ കാശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ച നടത്തിക്കൊണ്ട് സമാധാനശ്രമങ്ങളെ അട്ടിമറിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് നവാസ് ഷെരീഫിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലാഹോറിലെ അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിച്ച് ജന്മദിനാശംസകള്‍ നേര്‍ന്ന് ഭാരത-പാക് ബന്ധത്തില്‍ ഒരു പുതിയ തുടക്കത്തിന് ശ്രമിച്ചെങ്കിലും ഒരാഴ്ചയ്ക്കകം പാഠാന്‍കോട്ട് സൈനിക ക്യാമ്പില്‍ ഭീകരാക്രമണം നടത്തിക്കൊണ്ടാണ് പാകിസ്ഥാന്‍ ഈ സൗഹൃദ നീക്കത്തെ അട്ടിമറിച്ചത്.
ഭാരതത്തിന്റെ അതിര്‍ത്തിയിലുടനീളം സൈന്യത്തിനെതിരെ നിരന്തരം പ്രകോപനങ്ങള്‍ സൃഷ്ടിക്കുകയാണ് പാകിസ്ഥാന്‍. നിരവധി ജവാന്മാരുടെയും സാധാരണക്കാരുടെയും ജീവനാണ് പാകിസ്ഥാന്‍ സൈന്യവും ഭീകരവാദികളും കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നത്. സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെയും മറ്റും ഭാരതസൈന്യം ശക്തമായ തിരിച്ചടികള്‍ നല്‍കുന്നുണ്ടെങ്കിലും പാകിസ്ഥാന്റെ ആക്രമണ സ്വഭാവത്തില്‍ യാതൊരു മാറ്റവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 7 വര്‍ഷത്തിനിടയില്‍ പാകിസ്ഥാന്‍ സൈന്യം ഭാരതസൈന്യത്തിനു നേരെ ഏറ്റ വും കൂടുതല്‍ വെടിവയ്പു നടത്തിയത് 2017ലാണ് - 881 തവണ. പ്രതിരോധത്തില്‍ ഊന്നിക്കൊണ്ടുള്ള നയത്തില്‍ നിന്ന് മാറി അതിര്‍ത്തിയില്‍ ഒരു ജവാന്റെ പോലും ജീവന്‍ നഷ്ടപ്പെടാത്ത തരത്തിലുള്ള നയത്തിലേക്ക് ഭാരതം മാറേണ്ട സമയം വൈകിയിരിക്കുകയാണ്. ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ സമീപനത്തില്‍ ഒരു മാറ്റ വും പ്രതീക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണ് അതിര്‍ത്തിയിലുടനീളം നിലനില്‍ക്കുന്നത്. കാശ്മീര്‍ മേഖല മുഴുവന്‍ ഭീകരവിമുക്തമാക്കാനും പാകിസ്ഥാനെ നിലയ്ക്കു നിര്‍ത്താനും കൂടുതല്‍ ശക്ത മായ നടപടികള്‍ക്ക് ഭാരതം തയ്യാറാകേണ്ടതുണ്ട്.
പാകിസ്ഥാന്‍ എന്ന ഭീകരരാഷ്ട്രം ഇന്ന് ലോകത്തിന്റെ മുന്നില്‍ ഒരു വലിയ ചോദ്യചിഹ്നമായി ഉയര്‍ന്നു നില്‍ക്കുകയാണ്. എല്ലാ രാജ്യങ്ങള്‍ക്കും സ്വന്തമായി ഒരു സൈന്യമുണ്ടാകും, എന്നാല്‍ ഒരു സൈന്യത്തിന് സ്വന്തമായി ഒരു രാജ്യമുള്ള അവസ്ഥയാണ് പാകിസ്ഥാന്റേത് എന്നു പറയാറുണ്ട്. ജനാധിപത്യ മൂല്യങ്ങള്‍ ഒട്ടും സ്വാംശീകരിക്കാന്‍ കഴിയാത്തവിധം സൈന്യത്തിന്റെ പൂര്‍ണമായ ഏകാധിപത്യനിയന്ത്രണമാണ് ഭീകരര്‍ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായി പാകിസ്ഥാനെ മാറ്റുന്നത്. ഭീകരവാദത്തെ വളര്‍ത്തുകയും കയറ്റുമതി നടത്തുകയും ചെയ്യുന്ന പാകിസ്ഥാന്റെ ബജറ്റിന്റെ മൂന്നിലൊരു ഭാഗവും സൈന്യത്തിനുവേണ്ടിയാണ് ചെലവഴിക്കപ്പെടുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫിസ് സയിദിനെ  ഭീകരതയുടെ മാര്‍ഗ്ഗത്തില്‍ നിന്നു വ്യതിചലിക്കാതെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ അനുവദിച്ചിരിക്കുന്നത് ലോകമെങ്ങും ആശങ്കപരത്തിയിട്ടുണ്ട്. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ഈ കൊടും ഭീകരന്റെ നടപടി പാകിസ്ഥാന്‍ ഇന്നെത്തിയിരിക്കുന്ന വിഷമവൃത്തത്തിന്റെ സൂചനയാണ്. ഒട്ടും ആശാസ്യമായ കാര്യങ്ങളല്ല തൊട്ടയല്‍പക്കത്തു നടക്കുന്നതെന്ന് തിരിച്ചറിഞ്ഞ് സുശക്തമായ നടപടികള്‍ക്ക് ഭാരതം തയ്യാറാകേണ്ട സമയമാണിത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments