Kesari WeeklyKesari

-ലേഖനം-

മാധ്യമങ്ങളുടെ വക്രദൃഷ്ടി--മകരന്ദ് ആര്‍.പരഞ്ജപൈ

on 06 January 2018

യിടെ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനെ മുഖ്യധാരാ മാധ്യമങ്ങള്‍ സമീപിച്ച രീതി വളരെ കൗതുകമുളവാക്കുന്നതായിരുന്നു. തെറ്റായ പ്രതീക്ഷകളുടെയും വിവരങ്ങളുടെയും ഒരു മിശ്രണം അവരുടെ റിപ്പോര്‍ട്ടിംഗില്‍ ദൃശ്യമായിരുന്നു. എന്നാലോ പ്രധാന വസ്തുതകള്‍ അവര്‍ മറച്ചു വെക്കാന്‍ ശ്രമിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പു വിശകലനവിശാരദന്മാര്‍ക്കും മാധ്യമങ്ങള്‍ക്കും തിരഞ്ഞെടുപ്പു വിജയം ആര്‍ക്കെന്നു പ്രവചിക്കുന്നതില്‍ ചിലപ്പോഴൊക്കെ തെറ്റു പറ്റാറുണ്ട്. അതില്‍ അദ്ഭുതമില്ല. അത്തരം പാളിച്ചകളെകുറിച്ചല്ല നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
മുന്‍വിധികള്‍
ആഴത്തില്‍ വേരോടിയ മുന്‍വിധികളാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. മുന്‍വിധികള്‍ പലപ്പോഴും പകയുടെ രൂപത്തിലേക്കും മാറുന്നുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ ഗുജറാത്ത് തിരഞ്ഞെടുപ്പിലുടനീളം മുന്‍വിധിയോടെയുള്ള സമീപനം സ്വീകരിക്കുകയും പകയോടെ പെരുമാറുകയും ചെയ്തു. ഒരു വ്യക്തിക്കോ രാഷ്ട്രീയകക്ഷിക്കോ എതിരായി ഒരു മാധ്യമസംഘം പ്രവര്‍ത്തിക്കുന്നു എന്നത് ഗൗരവതരമായ സംഗതിയാണ്. 2014ലെ നരേന്ദ്രമോദിയുടെ വിജയം മുതല്‍ ദൗര്‍ഭാഗ്യവശാല്‍ നമ്മളിത് കണ്ടുകൊണ്ടേ ഇരിക്കുന്നു. കോണ്‍ഗ്രസ്സിനുപകരം മുഖ്യപ്രതിപക്ഷസ്ഥാനത്ത് ഇന്ന് വന്നുനില്‍ക്കുന്നത് ഇവിടത്തെ ഒരു സംഘം മുഖ്യധാരാ മാധ്യമങ്ങളാണ്. പക്ഷേ വിധിവശാല്‍ ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും മുഖ്യാധാരാ മാധ്യമങ്ങള്‍ക്ക് മുഖത്തടി ഏല്‍ക്കുകയാണ്. അബദ്ധങ്ങള്‍ പലതവണ പിണഞ്ഞിട്ടും രാഷ്ട്രത്തെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രവര്‍ത്തിയില്‍ നിന്നും മുഖ്യധാരാ മാധ്യമങ്ങള്‍ ഒരടിപോലും പിന്മാറിയിട്ടില്ല. ഇതിന്റെ അനന്തരഫലമായി മുഴുവന്‍ മാധ്യമസമൂഹത്തിന്റെയും വിശ്വാസ്യതക്ക് ഇന്ന് വന്‍തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തിന്റെ നെടുംതൂണ് കൃത്യമായ ധാരണയുള്ള പൗരനാണ്. മലിനമാക്കപ്പെട്ട വാര്‍ത്തകള്‍ മാത്രം ചുറ്റിലും നിറയുമ്പോള്‍ കൃത്യമായ, സത്യസന്ധമായ വാര്‍ത്തകള്‍ക്കായി ജനം എങ്ങോട്ടു പോകും?
ഇന്നത്തെ വിശ്വാസ്യതാ തകര്‍ച്ചക്ക് പ്രധാന ഉത്തരവാദി മുഖ്യധാരാ ഇംഗ്ലീഷ് പത്രങ്ങളാണ്. ഗുജറാത്തിനെക്കുറിച്ച്, അവിടെയുണ്ടാകാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് എത്രമാത്രമാണ് അവര്‍ പറഞ്ഞുകൊണ്ടേയിരുന്നത്. നിയുക്ത അധ്യക്ഷന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അവിടെ ഉണര്‍വ് നേടി ഉയരുകയാണെന്ന് അവര്‍ പാടിക്കൊണ്ടേയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷാക്കും രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചെന്നുവരെ അവര്‍ എഴുതിപ്പിടിപ്പിച്ചു. ഇത്തരം പ്രചരണങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കുവാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു എന്നു വേണം കരുതാന്‍. ബിജെപി വിജയം ഉറപ്പിച്ചപ്പോള്‍ 'ഗുജറാത്ത് മാതൃക'  വ്യാജമാണ് എന്ന രീതിയിലായി പ്രചരണം. തെറ്റായ സാമ്പത്തികനയങ്ങളുടെയും രാഷ്ട്രീയത്തിന്റെയും മിശ്രണമാണ് ഗുജറാത്ത് മാതൃക എന്നാണിപ്പോളവരുടെ വാദം.
വോട്ടെണ്ണി തുടങ്ങിയപ്പോഴായിരുന്നു യഥാര്‍ത്ഥ മത്സരം. സര്‍വേ പ്രവചനങ്ങളെയെല്ലാം കവച്ചുവെക്കുന്ന തരത്തിലായിരുന്നു അത്. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ ചില ചാനലുകള്‍ ബിജെപി പരാജയപ്പെട്ടെന്നുവരെ പ്രഖ്യാപിച്ചു. ഒടുവില്‍ അന്തിമ ഫലം പുറത്തു വന്നപ്പോള്‍ അവര്‍ ചര്‍ച്ച ചെയ്തത് ആദ്യമായി ബിജെപി രണ്ടക്കം കടക്കാത്തതിനെ കുറിച്ചായിരുന്നു. ബിജെപിയുടെ സീറ്റുകളുടെ എണ്ണം കുറഞ്ഞത് ഗ്രാമങ്ങളില്‍ വികസനമെത്താത്തതുകൊണ്ടാണെന്നു മുഖ്യാധാരാമാധ്യമങ്ങള്‍ വിലയിരുത്തി. വികസനത്തില്‍ വന്ന ഗ്രാമ-നഗര അന്തരം വലുതാണെന്നവര്‍ ചര്‍ച്ച ചെയ്തു. ബിജെപി അവരുടെ വോട്ടുശതമാനം മുന്‍പത്തേതിനേക്കാള്‍ വര്‍ദ്ധിപ്പിച്ചത് ഇക്കൂട്ടര്‍ക്ക് വിഷയമായതേയില്ല.
 വെല്ലുവിളികള്‍
ശരിയാണ്, 2012 മായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപിക്ക് 16 സീറ്റുകള്‍ കുറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സിനു 19 സീറ്റു കൂടുകയും ചെയ്തു. പക്ഷേ 22 വര്‍ഷങ്ങളുടെ തുടര്‍ച്ചയായ ഭരണത്തിനു ശേഷവും ജനങ്ങളുടെ പ്രീതി നിലനിര്‍ത്തുവാനും ഭരണവിരുദ്ധവികാരം വലിയ പരിധിവരെ ഇല്ലാതാക്കാനും സാധിക്കുന്നതെങ്ങനെ എന്നതിനെ കുറിച്ച് ആരും സംസാരിക്കുന്നില്ല. ചില മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ പോലും രാഹുല്‍ ഗാന്ധിയുടെ 'ധാര്‍മ്മിക വിജയം കോണ്‍ഗ്രസിന്' എന്ന വാക്യം ഏറ്റുപറയുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്.
ഇടുങ്ങിയതും പക്ഷപാതപരവുമായ ഇത്തരം പത്രപ്രവര്‍ത്തനത്തിന്റെ ഫലമായി പല പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ക്കും മാധ്യമശ്രദ്ധ ലഭിക്കാതെ പോകുന്നു. ഉദാഹരണത്തിന് താരതമ്യേന ദുര്‍ബലരെന്നു തോന്നിപ്പിക്കുന്നവരെ ഗുജറാത്തില്‍ മുഖ്യമന്ത്രിപദത്തില്‍ ഇരുത്തുന്നതിന്റെ ഫലമെന്താണ്? തങ്ങളുടെ യഥാര്‍ത്ഥ ഭരണാധികാരി ദല്‍ഹിയിലാണെന്നും അദ്ദേഹം എല്ലാ കാര്യങ്ങളും എപ്പോഴും നോക്കിനടത്തിക്കൊള്ളുമെന്നും സാധാരണ ജനം കരുതും. ബിജെപിയില്‍ രണ്ടും മൂന്നും തലമുറ നേതാക്കന്‍മാര്‍ വളര്‍ന്നുവരേണ്ടതില്ലേ? ഹിന്ദുക്കള്‍ക്ക് മാത്രം ഗുണകരമായതും ഇന്ത്യക്കും ഇന്ത്യക്കാര്‍ക്കു മുഴുവനും ഗുണകരമായതും തമ്മില്‍ ഒരു സന്തുലനം എങ്ങനെ സാധ്യമാക്കും? മോദിയുടെ ജനപ്രീതിയും അമിത്ഷായുടെ സംഘടനാതന്ത്രങ്ങളും കൊണ്ടുമാത്രം പരിപാലിച്ചുകൊണ്ടുപോകാവുന്നതിലും വലിയ രാജ്യമാണ് ഇന്ത്യ. ബിജെപിയുടെ തിരഞ്ഞെടുപ്പു സംവിധാനം അനവരതം പ്രവര്‍ത്തിക്കുമായിരിക്കും. പക്ഷേ താഴെ തട്ടില്‍ യഥാര്‍ത്ഥ വികസനവും സംശുദ്ധഭരണവും  ഉറപ്പാക്കാന്‍ അതുകൊണ്ടു മാത്രം സാധിക്കുമോ?
മുഖ്യധാര 
എന്തുകൊണ്ടാണ് മുഖ്യധാരമാധ്യമങ്ങള്‍ മേല്‍സൂചിപ്പിച്ച പോലുള്ള വിഷയങ്ങള്‍ക്കു നേരെ കണ്ണടക്കുന്നത്? എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ വളരെ വിദഗ്ധമായി ചില വസ്തുതകളെ കണ്ടില്ലെന്നു നടിക്കുന്നത്? ലാലുപ്രസാദിന്റെ  കാര്യത്തില്‍ ജാതി ചര്‍ച്ച ചെയ്തവര്‍ ടുജി അഴിമതിയിലുള്‍പ്പെട്ട എ. രാജ ദളതിനാണെന്നതു ചര്‍ച്ച ചെയ്യുന്നേയില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ മുന്‍വിധിയോടെയും അന്ധമായും മാത്രം കാര്യങ്ങളെ സമീപിക്കുന്നതെന്തുകൊണ്ടാണ്? എല്ലാം വിരല്‍ചൂണ്ടുന്നത് മാധ്യമരംഗത്തുടലെടുത്തിട്ടുള്ള ചില അസ്വസ്ഥതകളിലേക്കാണ്.
മാറ്റത്തിന്റെ ശക്തനായ പതാകാവാഹകനായ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ മാറുകയാണ്. ലുട്ടെന്‍സ് എലൈറ്റ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്കു ഈ മാറ്റം ഉള്‍ക്കൊള്ളാനാകുന്നില്ല. മോദിയോടും മോദി പ്രതിനിധീകരിക്കുന്ന ആശയത്തോടും അവര്‍ക്കുള്ള വെറുപ്പ് നിലനില്‍ക്കില്ല. ഇന്ന് 19 സംസ്ഥാനങ്ങള്‍ ബിജെപി ഭരണത്തിലാണ്. കോണ്‍ഗ്രസ്സാകട്ടെ കേവലം നാലിടങ്ങളിലും. 2018ലെ നിയമസഭാ തിരെഞ്ഞെടുപ്പുകള്‍ കഴിയുന്നതോടെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ബിജെപിയും ഭരണത്തിലെത്തും.
ജാതി സമവാക്യങ്ങള്‍, ഗ്രാമ-നഗര അന്തരം, ഗോരക്ഷകര്‍, ക്ഷേത്ര സന്ദര്‍ശനങ്ങള്‍ എന്നിവക്കെല്ലാമുപരി ചില കാര്യങ്ങള്‍ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. രാജ്യം എങ്ങോട്ടാണ് മുന്നേറുന്നത്, വോട്ടര്‍മാരുടെ ഹൃദയം പറയുന്നത് എന്താണ് എന്നെല്ലാം മനസ്സിലാക്കേണ്ടതുണ്ട്. അതാണ് ഏറ്റവും പ്രാധാന്യമുള്ളത്. അഹമ്മദാബാദിലെ നിങ്ങളുടെ ടാക്‌സി ഡ്രൈവറോടോ, സുറത്തിലെ ഫര്‍സാന്‍ വാലയോടോ രാജ്‌കോട്ടിലെ ദുരിതമനുഭവിക്കുന്ന കര്‍ഷകനോടോ മാത്രം സംസാരിച്ചാല്‍ മതിയാകില്ല.
മോദിയെ തോല്‍പ്പിക്കാന്‍ ഹാര്‍ദ്ദിക് പട്ടേലിനെയോ ജിഗ്‌നേഷ് മേവാനിയേയോ കൂട്ടുപിടിച്ചിട്ടും കാര്യമില്ല. ഇന്ത്യ വലിയ ഒരു പരിവര്‍ത്തനത്തിന്റെ പാതയിലാണ്. സ്വയം ചില ചിന്തകളില്‍ കുടുങ്ങി കിടന്ന് ആഖ്യാനങ്ങള്‍ ചമച്ചുകൊണ്ടേയിരിക്കുന്നവര്‍ക്ക് ഈ വലിയ മാറ്റങ്ങള്‍ കാണാന്‍ സാധിക്കില്ല.
പക്ഷപാതികളായ മാധ്യമങ്ങളും സ്വാതന്ത്ര്യമാധ്യമങ്ങളും എന്നതുമാത്രമല്ല വിഷയം. ഒരു ജനാധിപത്യ സമൂഹത്തില്‍ മാധ്യമങ്ങള്‍ക്കു പക്ഷം പിടിക്കാം. പക്ഷം പിടിക്കുകയും ചെയ്യട്ടെ. യഥാര്‍ത്ഥ പ്രശ്‌നം ഇതാണ്. സത്യമെന്തെന്നു വിളിച്ചുപറയാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല. സത്യമെന്തെന്നു അന്വേഷിക്കാന്‍ പോലും അവര്‍ മെനെക്കെടുന്നില്ല. മാധ്യമപ്രവര്‍ത്തനം അത്രമാത്രം അഴിമതിപുരണ്ടതായി മാറിയിരിക്കുന്നു. മലീമസവും കുറ്റകരവുമായ രീതിയിലേക്ക് അത് തരം താഴ്ന്നിരിക്കുന്നു. ഇത് വലിയൊരു വീഴ്ച തന്നെയാണ്. ഒരു ദേശീയ ദുരന്തം!
(ജെ.എന്‍.യുവിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറാണ് ലേഖകന്‍)
കടപ്പാട് : മെയില്‍ ടുഡെ
വിവ: ഹരിശ്രീ

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

1 Comments

Avatar
sandeep s
21 hours 13 minutes ago

koolikkezhuthu kuzhaloothu madhyamangalude mukham moodi oru valiya janavibhagam janangal innu valare vegam thirichariyunnundu. sathyathe ennum moodi vackan ivrkkakilla. sathyam jayikkuka thanne cheyyum........bharth matha ki jai.....