കടലിന്റെ മക്കള്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് അലമുറയിട്ടു കരയുമ്പോള്‍ കോടീശ്വരനായ സുഹൃത്തിന്റെ കല്യാണ വിരുന്ന് ആഘോഷത്തി ല്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി. മീന്‍ പിടിക്കാന്‍ പോയവരുടെ തണുത്തു വിറങ്ങലിച്ച മൃതശരീരങ്ങള്‍ തിരമാലകള്‍ക്കൊപ്പം കരക്കടിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ അവയെ ഒരു നോക്ക് കാണാതെ,ബന്ധുക്കളോട് ഒരു സാന്ത്വന വാക്ക് പറയാതെ ഒരു കോടീശ്വരന്റെ മരണം അന്വേഷിച്ചു പോയ മുഖ്യമന്ത്രി. റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ കഥ കേട്ടിട്ടില്ലേ? ഇതാ നീറോയുടെ പുതിയ അവതാരമായ ഒരു കമ്മ്യുണിസ്റ്റ് ചക്രവര്‍ത്തി.
നൂറുകണക്കിന് മീന്‍പിടുത്തക്കാരുടെ ജീവന് അപഹരിച്ച, തീരദേശ വാസികളുടെ ജീവിതത്തില്‍ ദുരിതം വിതച്ചുകൊണ്ട് കേരളത്തില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച ദുരന്തനിവാരണ നടപടികളുടെ ദൃഷ്ടാന്തമാണ് നമ്മള് കണ്ടത്. ദുരന്തനിവാരണ അതോറിറ്റിയുടെ അധ്യക്ഷനായ മുഖ്യമന്ത്രി തന്നെ ഇത്രയും നിരുത്തരവാദിത്തപരമായി പെരുമാറിയപ്പോള്‍ അതോറിട്ടിയിലെ ബാക്കിയുള്ളവര്‍ എങ്ങിനെ പെരുമാറി എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. സര്വനാശിയായി ചുഴലിക്കാറ്റ് സംഹാരതാണ്ഡവം നടത്തുമ്പോള്‍ കേരളത്തിലെ ദുരന്ത നിവാരണ അതോറിട്ടി വെറും നോക്കു കുത്തിയായി നില്‍ക്കുകയായിരുന്നു എന്നതാണ് ദുഃഖ സത്യം. ഇത്രയേറെ ജീവനുകള്‍ നഷ്ടപ്പെട്ടതും ഇത്രയും ദുരിതം ഉണ്ടായതും തക്ക സമയത്തു ഉചിതമായ നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതുകൊണ്ടാണ് എന്നത് പകല്‍ വെളിച്ചം പോലെ നമ്മുടെ മുന്നില്‍ തെളിഞ്ഞു നില്ക്കുന്നു. അതിന്റെ വില നല്‍കേണ്ടി വന്നത് ആകട്ടെ പട്ടിണിപ്പാവങ്ങളായ മീന്‍പിടിത്തക്കാരും, തങ്ങളുടെ ഉറ്റവരെ കടലെടുത്ത വേദനയില്‍ വിലപിക്കുന്ന പാവം ജനതയെ ആണ് നാം കടപ്പുറത്തു കണ്ടത്.
ഊരിപ്പിടിച്ച വാളുകള്‍ക്കു മുന്നില്‍ നെഞ്ചും വിരിച്ചു നടന്നു എന്ന് വീരവാദം മുഴക്കിയ പിണറായി വിജയന്, വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ ഉയര്‍ത്തിയ പങ്കായങ്ങള്ക്കിടയില് നിന്നും ജീവനുംകൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. തിരിഞ്ഞോടുമ്പോള്‍ സ്വന്തം വാഹനത്തില്‍ പോലും കയറാന്‍ കഴിയാതെ മറ്റാരുടെയോ കാറില്‍ കയറി രക്ഷെപ്പെടേണ്ട സ്ഥിതി വിശേഷം ആണ് വിഴിഞ്ഞം കടപ്പുറത്തു മുഖ്യ മന്ത്രിക്കു ഉണ്ടായത്. കടലിനെപ്പോലെ പ്രക്ഷുബ്ധമായിരുന്നു കരയില്‍ നിന്നവരുടെ മനസ്സ്. കടലില്‍ നഷ്ടപ്പെട്ട ഉറ്റവരെ ഓര്‍ത്തു ആര്‍ത്തലച്ചു കരയുന്ന മല്‍സ്യത്തൊഴിലാളികളുടെയും ബന്ധുക്കളുടെയും വികാരമാണ് കടപ്പുറത്തു നാം കണ്ടത്. തങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരാന്‍ മനസ്സില്ലാത്ത ഒരു ഭരണാധികാരിയോടുള്ള രോഷമാണ് പാവപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ അവിടെ കാണിച്ചത്. കടകംപള്ളി സുരേന്ദ്രന്, മേഴ്സിക്കുട്ടി അമ്മ എന്നീ മന്ത്രിമാരെയും അവിടെ കാലു കുത്താന്‍ അവര്‍ അനുവദിച്ചില്ല. തോമസ് ഐസക്കിന് ആലപ്പുഴ കടപ്പുറത്തു നേരിട്ടതും വേറിട്ടൊരനുഭവമല്ല. ഇവരെയൊക്കെ ഓടിക്കുകയായിരുന്നു രോഷാകുലരായ ജനം. വോട്ടിനു മാത്രം കുടിലുകള്‍ കയറിയിറങ്ങുന്ന രാഷ്ട്രീയക്കാരന്റെ തന്ത്രത്തിന് നേരെയുള്ള വെല്ലുവിളി ആയിരുന്നു കടപ്പുറത്തു കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനെ കടപ്പുറത്തു നിന്നും ഓടിച്ചുവിട്ടത് എന്തിനാണ് എന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി പോലും സിപിഎം കാണിക്കുന്നില്ല എന്നതാണ് കഷ്ടം. ജനങ്ങളുടെ നേരെ മുഖ്യമന്ത്രിയും സിപിഎമ്മും എന്നും കാണിക്കുന്ന സ്വതസിദ്ധമായ ധാര്‍ഷ്ട്യം. അതിന്റെ തിരിച്ചടി ആണ് മുഖ്യമന്ത്രിയ്ക്ക് കിട്ടിയത്. അതാണ് കാരണം എന്ന് വ്യക്തമായിട്ടും മനസ്സിലായില്ല എന്ന് നടിച്ചു മാധ്യമങ്ങളെയും മറ്റുള്ളവരെയും കുറ്റപ്പെടുത്തി തലയൂരാന്‍ ശ്രമിക്കുകയാണ് സിപിഎം ആദ്യം ചെയ്തത്. എന്തിനും ഏതിനും സംഘപരിവാറിനെ സ്ഥിരമായി പഴി പറയാറുള്ള സിപിഎം ഇതിലും അത് തന്നെ ചെയ്തു. വിഴിഞ്ഞം കടപ്പുറം മുഴുവന്‍ ആര്‍എസ്എസ്സും ബിജെപിയും എന്നാണോ അവര്‍ പറയുന്നത്?
കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം കക്ഷിരാഷ്ട്രീയഭേദെമന്യേ പിണറായി സര്‍ക്കാരിന്റെ വീഴ്ച മനസ്സിലാക്കുകയും അത് പരസ്യമായി പറയുകയും ചെയ്തു. തെറ്റുകളും കുറ്റങ്ങളും ചൂണ്ടിക്കാണിക്കാന്‍ മാധ്യമങ്ങളും ചാനലുകളും വഹിച്ച പങ്ക് പ്രശംസനീയമാണ്. കുറവുകള്‍ മനസ്സിലാക്കി, അവയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട്, സംഭവിച്ച ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനും കടലിലും കരയിലും ദുരിതാശ്വാസം നടത്താനുമുള്ള സന്മനസ്സ് കാണിക്കാനല്ല സര്‍ക്കാര്‍ ശ്രമിച്ചത്. മറിച്ചു മാധ്യമങ്ങളെ തെറി വിളിക്കുകയാണ് ചെയ്തത്. മാധ്യമങ്ങളാണ് ഇതൊക്കെ ചെയ്തുകൂട്ടിയത് എന്നുവരെ സര്‍ക്കാര്‍ പറഞ്ഞു. ശവംതീനികള്‍ എന്ന് മാധ്യമങ്ങളെ അധിക്ഷേപിച്ചു. മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കടപ്പുറത്ത് ഇറങ്ങാന്‍ അനുവദിക്കാത്ത ജനരോഷത്തെ മറ്റു രീതിയില്‍ വ്യാഖ്യാനിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കടപ്പുറത്തെ സംഭവങ്ങള്‍ക്കു പിറകില്‍ വലിയൊരു ഗൂഢാലോചന ഉണ്ട് എന്നൊരു തിയറിയുമായി ഇറങ്ങി. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ കുറ്റപ്പെടുത്തി. പക്ഷെ ഇതൊന്നും ജനകളുടെ മുന്നില്‍ വിലപ്പോയില്ല. ഇത്രയും വലിയൊരു ദുരന്തം ഇത്രയും ഭീകരമായത്, ഇത്രയും ജീവനുകള്‍ നഷ്ടപ്പെടുത്തിയത് സര്‍ക്കാര്‍ സമയോചിതമായി ഇടപെടാത്തതുകൊണ്ടാണെന്നും സര്‍ക്കാരിന്റെ കഴിവുകേടുകൊണ്ടാണെന്നും ജനം മനസ്സിലാക്കി.
മാധ്യമങ്ങളെ അധിക്ഷേപിച്ചു രക്ഷപ്പെടാം എന്ന കുബുദ്ധി വിലപ്പോയില്ല എന്ന് കണ്ടപ്പോള്‍ സര്‍ക്കാര്‍ മറ്റൊരു മുടന്തന്‍ ന്യായവുമായി ഇറങ്ങി. കേന്ദ്രത്തെ കുറ്റപ്പെടുത്തല്‍ ആയിരുന്നു ആ കൗശലം. സമയത്തു മുന്നറിയിപ്പ് നല്കുന്നതില് കേന്ദ്രം പരാജയപ്പെട്ടു എന്ന ആരോപണം മുഖ്യമന്ത്രിയും മറ്റും ഉയര്‍ത്തി. ഈ നുണയ്ക്കു അല്‍പ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. ആരോപണത്തിന്റെ കള്ളത്തരം മിനിറ്റുകള്‍ കൊണ്ട് തെളിവുകള്‍ സഹിതം മാധ്യമങ്ങള്‍ പൊളിച്ചടുക്കി. കേന്ദ്രത്തില്‍ നിന്നും വ്യക്തമായ മുന്നറിയിപ്പാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. ചുഴലിക്കാറ്റിന്റെ സാധ്യതയെ കുറിച്ച് ഒരാഴ്ച മുന്‍പ് തന്നെ കേന്ദ്ര ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കിയിരുന്നു. നവംബര്‍ 29 ന് ഉച്ചയ്ക്ക് 12 മണിക്ക് കേരള ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ചുഴലിക്കാറ്റിന്റെ വരവ് വ്യക്തമാക്കി ആദ്യത്തെ ഫാക്സ് സന്ദേശം അയച്ചു. ചീഫ് സെക്രട്ടറി ആണല്ലോ കേരളത്തിലെ ദുരന്ത നിവാരണ അതോറിട്ടിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍. ചീഫ് സിക്രട്ടറി അത് ഗൗനിച്ചില്ല. കേന്ദ്ര മന്ത്രാലയത്തിന്റെ രണ്ടാമത്തെ ഫാക്സ് ലഭിക്കുന്നത് ഉച്ചയ്ക്ക് 2.20 ന്. അതും അവഗണിച്ചു. മൂന്നാമത്തെ ഫാക്സ് സന്ദേശം അയക്കുന്നത് രാത്രി 8 മണിക്ക്. അതും വലിച്ചു കീറി ചവറ്റു കുട്ടയില്‍ തള്ളി. അങ്ങിനെ 29 നു മൂന്നു തവണയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. അടുത്ത ദിവസം അതായത് 30 ന് വെളുപ്പിലെ 4.45 ന് വീണ്ടും കേരളത്തിന് സന്ദേശം ലഭിക്കുന്നു. എന്നിട്ടും യാതൊരു നടപടിയും എടുക്കാതെ സുഖമായുറങ്ങിയ മുഖ്യമന്ത്രിയും കൂട്ടാളികളും ആണ് കേന്ദ്രത്തില്‍ നിന്നും അറിയിപ്പ് കിട്ടിയില്ല എന്ന് കള്ളം പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചത്.
രേഖകള്‍ സത്യം പുറത്തു കൊണ്ടു വന്നപ്പോള്‍ ഗത്യന്തരമില്ലാതെ സര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നു. മുന്നറിയിപ്പ് കിട്ടിയിരുന്നു എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഏറ്റുപറയുന്ന രംഗം നമ്മള് ചാനലില്‍ കണ്ടുവല്ലോ. 29 രാവിലെ 11.55 ന് ഇന്ത്യന്‍ മെറ്റിയോറളജിക്കല്ഡിപ്പാര്ട്ട്മെന്റില് നിന്നും കേരള ചീഫ് സെക്രട്ടറിക്ക് ഇ-മെയില്‍ സന്ദേശം വന്നു എന്ന് കടകംപള്ളി പറയുന്നുണ്ട്. എന്നിട്ടു എന്തുചെയ്തു എന്നതിന് വ്യക്തമായ ഉത്തരം നല്കാന് മന്ത്രിക്കു കഴിഞ്ഞില്ല. ഒന്നും ചെയ്തില്ല എന്നതാണ് സത്യം. കേരള ദുരന്ത നിവാരണ അതോറിട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആയ ചീഫ് സെക്രട്ടറി ഇ-മെയില്‍ സന്ദേശം കണക്കിലെടുത്തില്ല. അതിന്റെ ഫലമാണ് നമ്മള് കണ്ട നൂറു കണക്കിന് മല്‍സ്യത്തൊഴിലാളികളുടെ ദാരുണ മരണം.
ശാസ്ത്രവും സാങ്കേതിക വിദ്യയും വളരെ പുരോഗമിച്ച ഇക്കാലത്ത് കാലാവസ്ഥാ വ്യതിയാനങ്ങളെയും കൊടുങ്കാറ്റിനെയും കുറിച്ചൊക്കെ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയും. അതിനായി അന്താരാഷ്ട്ര തലത്തില്‍ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ ഉണ്ട്. അവരുടെ കണ്ടുപിടിത്തങ്ങള്‍ മുന്നറിയിപ്പുകളായി പുറത്തുവിട്ടു കൊണ്ടിരിക്കും. അത്തരത്തില്‍ വന്ന ഒരു മുന്നറിയിപ്പാണ് ശ്രീലങ്കന്‍ തീരത്ത്, കേരളത്തിന് വളരെ അടുത്ത് ന്യുന മര്‍ദ്ദം രൂപം കൊള്ളുന്നു എന്നും അത് കൊടുങ്കാറ്റായി രൂപപ്പെടാനുള്ള സാധ്യത ഉണ്ടെന്നുള്ളതും. ഓഖി ചുഴലിക്കാറ്റിന് 10 ദിവസം മുന്‍പാണ് ഈ മുന്നറിയിപ്പ് വന്നത്. നമ്മുടെ സര്‍ക്കാര്‍ ഇത് കണ്ടില്ല. കൂടാതെ ശക്തമായ കാറ്റുണ്ടാകുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അങ്ങിനെ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാവുന്ന തരത്തിലുള്ള മുന്നറിയിപ്പുകള്‍ വന്നു കൊണ്ടിരുന്നു. പക്ഷെ ഇവിടത്തെ സര്‍ക്കാര്‍ ഒരു നടപടിയും എടുക്കാതെ സ്വസ്ഥമായി ഇരുന്നു. ഫലമോ ചുഴലിക്കാറ്റില്‍ അനേകം ആളുകള്‍ മരിച്ചു. അനേകം കുടുംബങ്ങള്‍ പെരുവഴിയിലായി. ഈ സന്ദേശങ്ങളിലൊക്കെ തന്നെ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് പ്രത്യേകം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സന്ദേശം ലഭിച്ച ഉടന്‍ തന്നെ മല്‍സ്യ തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ പോകുന്ന തുറകളില്‍ എല്ലാം ഇത് അറിയിച്ചിരുന്നു എങ്കില്‍ ഇത്രയും ആളുകളുടെ ജീവന് നഷ്ടപ്പെടില്ലായിരുന്നു.
കേരളത്തിലെ ദുരന്തനിവാരണ അതോറിട്ടി തന്നെ ഒരു ദുരന്തമാണ്. ദുരന്തം എന്താണെന്നോ അതിന്റെ നിവാരണം എന്താണെന്നോ അറിയാത്ത കുറെ ആളുകളാണ് അതോറിട്ടി അംഗങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട്-2005 അനുസരിച്ചാണ് കേരളത്തിലും അതോറിട്ടി രൂപീകൃതമായത്. മുഖ്യമന്ത്രി അധ്യക്ഷന്‍, റവന്യു മന്ത്രി ഉപാധ്യക്ഷന്‍, കൃഷി മന്ത്രി അംഗം, ചീഫ് സെക്രട്ടറി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, റവന്യു,ഹോം എന്നീ വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ അംഗങ്ങള്‍. പിന്നെ ഒരു മെമ്പര്‍ സെക്രട്ടറിയും. ഇവരെല്ലാം എക്സ്-ഒഫിഷിയോ അംഗങ്ങള്‍ ആണ് എന്ന് കാണുന്നു. അതായത് മന്ത്രി, സെക്രട്ടറി തുടങ്ങിയ ആ പദവിയില്‍ ഇരിക്കുന്നത് കൊണ്ട് അതോറിട്ടിയില്‍ ഉള്‍പ്പെട്ടവര്‍. പുതിയ ഒരാള്‍ മന്ത്രി/പദവിയില്‍ വരുമ്പോള്‍ അയാള്‍ ആകും അതോറിറ്റി അംഗം.അതിനര്‍ത്ഥം ദുരന്തത്തെ കുറിച്ചോ നിവാരണത്തെ കുറിച്ചോ വിവരം ഉണ്ടാകണമെന്നില്ല. എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഇതില്‍ ആര്‍ക്കെങ്കിലും ഒരു ദുരന്തം ആസന്നമാകുമ്പോള്‍ എന്തൊക്കെ ചെയ്യണം എന്ന് ഏതെങ്കിലും അറിയാമോ? അറിയില്ല. അങ്ങിനെ ദുരന്തങ്ങളെ എങ്ങിനെ നേരിടാം, ദുരന്ത മുഖത്ത് എന്തൊക്കെ ചെയ്യണം എന്നതിന്റെ ബാല പാഠം പോലുമറിയാത്ത കുറേപ്പേരെ കുത്തിത്തിരുകി പേരിനു വേണ്ടി ഒരു ദുരന്ത നിവാരണ അതോറിട്ടി ഉണ്ടാക്കി വയ്ക്കുകയാണ് കേരളത്തിലെ സര്‍ക്കാര്‍ ചെയ്തത്. കാലാവസ്ഥ വ്യതിയാന വിവരങ്ങള്‍ സ്ഥിരമായി ഇന്റര്‍നെറ്റില്‍ നോക്കുന്ന ഒരാളെങ്കിലും കേരള ദുരന്തനിവാരണ അതോറിറ്റിയില്‍ ഉണ്ടായിരുന്നുവെങ്കില്‍ മല്‍സ്യ തൊഴിലാളികള്‍ക്ക് സംഭവിച്ച ദുരന്തം ഇത്രയും ഭീകരമാകില്ലായിരുന്നു.
ഈ തട്ടിക്കൂട്ട് അതോറിട്ടികള്‍ക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. കേന്ദ്രത്തില്‍ നിന്നും ദുരന്ത നിവാരണത്തിന് കിട്ടുന്ന പണം അടിച്ചു മാറ്റുകഎന്നത്. ദുരന്ത നിവാരണത്തിനായി കേരളത്തിന് വന്‍തോതില്‍ ധനസഹായം കിട്ടുന്നുണ്ട്. കോടികളാണ് ഇത്തരത്തില്‍ കേരള സര്‍ക്കാറിന് കിട്ടുന്നത്.നാഷണല്‍ സൈക്ളോണ്‍ റിസ്ക് മൈറ്റിഗേഷന്‍ പ്രോജക്ട് സ്കീമില്‍ കേരളത്തിന് 158.95 കോടിയാണ് കിട്ടിയത്. മുന്നറിയിപ്പ് നല്‍കുന്നതിന് 15 കോടി, ചുഴലിക്കാറ്റ് ഷെല്‍ട്ടറുകള്‍ ഉണ്ടാക്കുന്നതിന് 136 കോടി, പദ്ധതി നടപ്പാക്കുന്നതിന് സഹായമായി 7.95 കോടി എന്ന കണക്കില്‍. 136 കോടിയില്‍ എത്ര ഷെല്‍ട്ടറുകള്‍ ഉണ്ടാക്കി? ഒരെണ്ണം പോലുമില്ല. പണം ചിലവഴിച്ചതിന്റെ കണക്കുകള്‍ എന്തെങ്കിലും ഉണ്ടോ? ഇല്ല. മുന്നറിയിപ്പ് നല്‍കുന്നതിന് കിട്ടിയ 15 കോടിയില്‍ നിന്നും പത്തോ രണ്ടായിരമോ രൂപയെടുത്തു ഒരു ജീപ്പില്‍ മൈക്ക് വച്ച് തുറകളില്‍ വിളിച്ചു പറഞ്ഞിരുന്നുവെങ്കില്‍ മരണം എത്ര കണ്ടു കുറയ്ക്കാമായിരുന്നു? കഴിഞ്ഞ വര്‍ഷം 1021 കോടി രൂപയാണ് കേന്ദ്രം ദുരന്ത നിവാരണത്തിനായി കേരളത്തിന് അനുവദിച്ചത്. ആ പണം എങ്ങോട്ടു പോയി എന്നറിയില്ല. 1021 കോടിയില്‍ 7 കോടി എടുത്തു അതോറിട്ടിക്ക് ആസ്ഥാന മന്ദിരം പണികഴിപ്പിച്ചു! അത് നന്നായി. മല്‍സ്യ തൊഴിലാളികള്‍ മരിച്ചാലും അതോറിട്ടിയിലെ ആള്‍ക്കാര്‍ക്ക് എയര്‍ കണ്ടീഷന്‍ മുറികളില്‍ സുഖമായി ഇരിക്കാമല്ലോ. ഇത്തരത്തില്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന പണം മോഷ്ടിക്കുന്നത് ആദ്യമായല്ല. സുനാമി ദുരന്ത പുനരധിവാസത്തിന് 1400 കോടിയാണ് കേന്ദ്രം അനുവദിച്ചത്. ആ പണം എങ്ങോട്ടു പോയി? കടലില്ലാത്ത ജില്ലകളില്‍ എന്തൊക്കെയോ ചെയ്തു എന്ന് കാണിച്ചു ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൂടി ആ പണം കൈക്കലാക്കുകയാണ് ചെയ്തത്. ആ ഗതി ആണ് ദുരന്തനിവാരണത്തിനുള്ള ഫണ്ടിനും സംഭവിക്കുന്നത്.
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ വെബ്സൈറ്റ് ഒന്ന് നോക്കൂ. ചിരിച്ചു ഉല്ലസിച്ചിരിക്കുന്ന പിണറായിയും ഇ.ചന്ദ്രശേഖരനും! അധ്യക്ഷനും ഉപാധ്യക്ഷനും. ദുരന്ത നിവാരണത്തില്‍ അവരുടെ മാനസിക നില ആണ് ആ ഫോട്ടോകള്‍ പ്രതിഫലിപ്പിക്കുന്നത്. ഓഖി ചുഴലിക്കാറ്റ് വന്നപ്പോള്‍ അവര്‍ കാണിച്ച അതെ വികാരം,അതാണ് അവരുടെ മുഖത്ത്. വെബ് സൈറ്റ് ഉണ്ടാക്കിയവര്‍ എങ്കിലും അല്‍പ്പം ഗൗരവം കാണിക്കണമായിരുന്നു!
പിണറായി വിജയനെ തടഞ്ഞതിന് പകരം വീട്ടാനായി ഇനി മീന്‍ വാങ്ങരുത്, കഴിക്കരുത് എന്ന് ഒരു ഡി.വൈ.എഫ്.ഐക്കാരന്റെ പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. പേര് മാറ്റിയ കള്ള പോസ്റ്റ് ആയിരിക്കാം. എങ്കിലും അത്തരം മാനസികാവസ്ഥ വച്ചുപുലര്‍ത്തുന്ന കുറെ വിവരദോഷികള്‍ കേരളത്തില്‍ ഉണ്ട് എന്നുള്ളതുകൊണ്ട് മത്സ്യത്തൊഴിലാളികളുടെ ജോലിയിലെ കഷ്ടപ്പാടും അവരുടെ ജീവിത സാഹചര്യവും ഒന്ന് വിശദീകരിക്കേണ്ടിയിരിക്കുന്നു. ഊണ് മേശയ്ക്കു മുന്നില്‍ ഇരുന്നു അയല വറുത്തതും ചാളക്കറിയും 'കൂട്ടിക്കുഴച്ചു നാലു നേരം മൃഷ്ട്ടാന്നം വെട്ടിവിഴുങ്ങുമ്പോള്‍ അറിയുന്നില്ല ആ മീന്‍ എങ്ങിനെ അവിടെ എത്തി എന്ന്. ഫൈവ് സ്റ്റാറിന്റെ സുഖ ശീതളിമയില്‍ കൊഞ്ച് ഒലത്തിയതും നെയ്മീനും തിന്നുമ്പോള്‍ അറിയുന്നില്ല മീന്‍ എങ്ങിനെ മേശപ്പുറത്തു എത്തി എന്ന്. കൈയില്‍ പങ്കായവും മനസ്സില്‍ ധൈര്യവും മാത്രം ആയി വള്ളം തുഴഞ്ഞു ആഴക്കടലിന്റെ വിരിമാറിലേക്ക് പോകുന്ന മല്‍സ്യ തൊഴിലാളി. ചുറ്റും കടല്‍ മാത്രം. മുകളില്‍ ആകാശം. രാത്രി കൂരിരുട്ട്. നക്ഷത്രങ്ങളുടെ മിന്നാമിനുങ്ങ് വെട്ടം മാത്രം. കൊടുംതണുപ്പ്. ചോറ്റു പാത്രത്തിലെ തണുത്ത രണ്ടു വറ്റു മാത്രം കഴിക്കാന്‍. മനസ്സില്‍ ഒട്ടിയ വയറുമായി വീട്ടിലിരിക്കുന്ന കടുംബം മാത്രം. ഒന്നോ രണ്ടോ ദിവസം ഇങ്ങിനെ നടുക്കടലില്‍. ജീവന് പണയം വച്ച് മീന്‍ കരയില്‍ എത്തിക്കുമ്പോള്‍ കിട്ടുന്ന തുച്ഛമായ വില. അതാണ് ഒരു കുടുംബത്തിന്റെ വരുമാനം. അവിടെ നിന്നും വെള്ളം ഊര്‍ന്നിറങ്ങുന്ന മീന്‍ കുട്ടകള്‍ തലയിലേറ്റി മീന്‍ കാരികള്‍ ചന്തയിലേക്കും വീടുകളിലേക്കും. ഇതാണ് മല്‍സ്യ ത്തൊഴിലാളികളുടെ ജീവിതം. അന്നന്ന് കിട്ടുന്നത് കൊണ്ട് ജീവിതം കഴിച്ചു കൂട്ടുന്ന പാവങ്ങള്‍. ഈ ജീവിതത്തിനെയാണ് മീന്‍ ബഹിഷ്ക്കരിച്ചു പ്രതികാരം ചെയ്യണമെന്ന് പറയുന്നത്.
നിരുത്തരവാദിത്വപരമായ സര്‍ക്കാര്‍ നിലപാടാണ് ഇത്രയും ജീവനുകള്‍ അപഹരിക്കാന്‍ കാരണമായത്. ജീവിച്ചിരിപ്പുണ്ടോ എന്നറിയാത്ത നൂറു കണക്കിന് ആളുകളും. ഇനിയും വരാതെ നൂറു കണക്കിന് ആളുകള്‍. 92 പേരാണ് മടങ്ങിയെത്താനുള്ളത് എന്നൊരു കണക്കുമായി നില്‍ക്കുകയാണ് സര്‍ക്കാര്‍. ആ കണക്കു പുറത്തു വിട്ട അടുത്ത ദിവസം 187 പേരെയാണ് നേവി രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചത്. കണക്കിലെ കളി മനസ്സിലായല്ലോ. എവിടന്നാണീ കണക്കു കിട്ടിയത് എന്ന് അവര്‍ പറയുന്നില്ല. തിരുവനന്തപുരം കടല്‍ തീരത്തുനിന്നും മാത്രം കടലില്‍ പോയ 212പേര് തിരിച്ചു വരാനുണ്ട് എന്ന് കുടുംബാംഗങ്ങളില്‍ നിന്നും ശേഖരിച്ച കണക്കുകള്‍ കാണിക്കുന്നു.കുറ്റകരമായ അനാസ്ഥയാണ് പിണറായി വിജയന് നയിക്കുന്ന കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സംഭവിച്ചത്. ന്യുനമര്‍ദ്ദം ഉണ്ടാകുന്നുവെന്ന് വ്യക്തമായ സന്ദേശം ലഭിക്കുന്നു. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന സന്ദേശം ലഭിക്കുന്നു. ഇതൊക്കെ ലാഘവത്തോടെ വലിച്ചെറിയുന്നു. അതാണ് അതോറിറ്റിയും സര്‍ക്കാരും കാണിച്ചത്. ആ പിഴവ് കൊണ്ട് നഷ്ടപ്പെട്ടതോ അനേകം ജീവനുകള്‍. കൊടുങ്കാറ്റിനെ കുറിച്ച് മല്‍സ്യ തൊഴിലാളികളെ അറിയിക്കുക എന്ന മിനിമം കാര്യം എങ്കിലും സര്‍ക്കാര്‍ ചെയ്തിരുന്നവെങ്കില്‍ ഇത്രയും വലിയ ദുരന്തം സംഭവിക്കില്ലായിരുന്നു.
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
thikachum vasthutha paramaya vivaranam.keralathile communist govermentinte yadhrdha mukham varachu kattunnu.abhinandanangal....