Kesari WeeklyKesari

ലേഖനം

മാര്‍ക്‌സില്‍നിന്ന് മൗദൂദിയിലേക്ക്--മുരളി പാറപ്പുറം

on 08 December 2017

വിഭക്ത ഭാരതത്തിലെ ഹൈദരാബാദില്‍ 1941 -ല്‍ സ്ഥാപിതമായ ജമാഅത്തെ ഇസ്ലാമി 1954 ല്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും 1980 കളുടെ തുടക്കത്തിലാണ് ഇവിടെ ശ്രദ്ധിക്കപ്പെടുന്നത്. 1984-ല്‍ 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന ദേശവിരുദ്ധവും പ്രകോപനപരവുമായ മുദ്രാവാക്യമുയര്‍ത്തിയത് അന്ന് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) ആയിരുന്നു. വിധ്വംസകമായ ഈ മുദ്രാവാക്യം ദേശീയപക്ഷത്തുനിന്നും, മതനിരപേക്ഷ പക്ഷത്തുനിന്നും നിശിതമായി വിമര്‍ശിക്കപ്പെട്ടു. ദാര്‍ശനികമായ ഔന്നത്യത്തില്‍ നിലയുറപ്പിച്ചുകൊണ്ടുതന്നെ നോവലിസ്റ്റും ചിന്തകനുമായ ഒ. വി. വിജയന്‍ 'മാതൃഭൂമി' ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തിലൂടെ ഇന്ത്യയെ ഇസ്ലാമിലൂടെ മോചിപ്പിക്കാമെന്ന് കരുതുന്നതിന്റെ അര്‍ത്ഥശൂന്യതയെ അതിനിശിതമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു. അദ്ഭുതകരമെന്നു പറയട്ടെ, ആ മുദ്രാവാക്യമുയര്‍ന്ന കാലത്തും പില്‍ക്കാലത്തും ഇടതുപക്ഷം അതിനെ വിമര്‍ശിക്കുകയുണ്ടായില്ല. ഇടതുപക്ഷ സഹയാത്രികനായി അറിയപ്പെടുന്ന ഹമീദ് ചേന്ദമംഗലൂരിന്റെ ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മുഖ്യധാരാ ഇടതുപക്ഷം ഒരിക്കലും വിലകല്‍പ്പിച്ചതുമില്ല. ചേന്ദമംഗലൂരിന് അങ്ങനെയൊക്കെ പറയാം എന്നൊരു നിലപാട് സിപിഎം സ്വീകരിക്കുമ്പോള്‍, വിമര്‍ശനങ്ങള്‍ക്കൊന്നിനും മറുപടി പറയാതെ, ചേന്ദമംഗലൂരിനെ മുസ്ലിംലീഗിന്റെ വക്താവായി ചിത്രീകരിച്ച് ഒഴിഞ്ഞുമാറുകയാണ് ജമാഅത്തെ ഇസ്ലാമി ചെയ്തത്.

ഇങ്ങനെയൊക്കെയാണെങ്കിലും ഹമീദ് ചേന്ദമംഗലൂരിന്റെ ജമാഅത്തെ ഇസ്ലാമി വിമര്‍ശനത്തിന്റെ വീര്യം അദ്ദേഹംതന്നെ ചോര്‍ത്തിക്കളയുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയേയും ആര്‍എസ്എസ്സിനേയും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളായി കാണുന്ന വിരോധാഭാസം മൂലമാണിത്. ജമാഅത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്ന ഭ്രാന്തമായ ആശയാവിഷ്‌കാരങ്ങളോട് മൗലികമായിത്തന്നെ വിയോജിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. ചരിത്രപരമായിത്തന്നെ അത് അങ്ങനെയാണ്. ഈ സത്യത്തിനു നേരെ കണ്ണടച്ച് ആര്‍എസ്എസ്സും ജമാഅത്തെ ഇസ്ലാമിയും സ്വന്തം ചെയ്തികളിലൂടെ പരസ്പരം പരിപോഷിപ്പിക്കുന്നുവെന്ന തലതിരിഞ്ഞ കാഴ്ചപ്പാടാണ് ഹമീദ് ചേന്ദമംഗലൂര്‍ വച്ചുപുര്‍ത്തുന്നത്. ദേശവിരുദ്ധ ശക്തികളെ വിമര്‍ശിക്കേണ്ടിവരുമ്പോള്‍ താന്‍ ഹിന്ദുത്വ പക്ഷത്തല്ലെന്ന് കാണിക്കാന്‍ പലരും പ്രകടിപ്പിക്കുന്ന വ്യഗ്രത ചേന്ദമംഗലൂരിനുമുണ്ട്. ഇത് ഫലത്തില്‍ ജമാഅത്തെ ഇസ്ലാമിക്ക് മാന്യതയുണ്ടാക്കിക്കൊടുക്കുകയാണെന്ന് അദ്ദേഹം കാണാതെ പോകുന്നു.

 മൗദൂദിയുടെ വിഷച്ചെടിക്ക്      വെള്ളവും വളവും

ആശയതലത്തില്‍ കമ്യൂണിസത്തെയും കമ്യൂണിസ്റ്റുകളെയും, മൗദൂദിയും ജമാഅത്തെ ഇസ്ലാമിയും എന്നും ശത്രുപക്ഷത്താണ് നിര്‍ത്തിയിട്ടുള്ളത്. 'മുസ്ലിം കമ്യൂണിസ്റ്റ്' എന്നതിനര്‍ത്ഥം ഇസ്ലാമിനെ കൈവെടിഞ്ഞവനാണെന്നു കരുതുന്ന ജമാഅത്തെ ഇസ്ലാമിയുടെ കമ്യൂണിസ്റ്റ് വിരോധം ഇസ്ലാമികമതമൗലികവാദത്തെ നിരന്തരം എതിര്‍ത്തുപോരുന്ന ഹമീദ് ചേന്ദമംഗലൂര്‍ തന്റെ 'ഭീകരതയുടെ  ദൈവശാസ്ത്രം' എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ''ഒരു ജര്‍മന്‍ യഹൂദിയുടെ പ്രതികാരബുദ്ധിയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ടതും റഷ്യയില്‍ തഴച്ചുവളര്‍ന്നതുമായ വിഷച്ചെടിയാണ് കമ്യൂണിസം'' എന്നാണ് മൗദൂദി പ്രഖ്യാപിച്ചിട്ടുള്ളത്. 

ജമാഅത്തെ ഇസ്ലാമിയുടെ ഈജിപ്ഷ്യന്‍ പതിപ്പായ 'ഇഖ്‌വാനുല്‍ മുസ്ലിമിന്‍' എന്ന സംഘടനയുടെ നേതാവ് യൂസുഫുല്‍ ഖറദാവിയുടെ ഫത്വകള്‍ അതേപേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണ വിഭാഗമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസാണ്. ഈ പുസ്തകത്തില്‍നിന്ന് ഹമീദ് ചേന്ദമംഗലൂര്‍ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്: ''മുസ്ലിം കമ്യൂണിസ്റ്റുകാരനുമായി വിവാഹബന്ധം പാടില്ല (പു.322), മുസ്ലിം കമ്യൂണിസ്റ്റുകളുടെ മൃതദേഹങ്ങള്‍ മുസ്ലിം ശ്മശാനങ്ങളില്‍ സംസ്‌കരിക്കുന്നത് അനുവദനീയമല്ല (പു.332), മാതാപിതാക്കളുടേയോ ജീവിത പങ്കാളിയുടെയോ മറ്റു ബന്ധുക്കളുടെയോ സ്വത്തില്‍ മുസ്ലിം കമ്യൂണിസ്റ്റിന് അവകാശമുണ്ടായിരിക്കുകയില്ല (പു.383), ഒരവസ്ഥയിലും മുസ്ലിം കമ്യൂണിസ്റ്റിന് സകാത്ത് നല്‍കാവതല്ല (പു. 234), കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍നിന്നു വരുന്ന കോഴിയിറച്ചിയും മറ്റ് മാംസങ്ങളും മുസ്ലിങ്ങള്‍ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യുവാനോ, മുസ്ലിം വ്യാപാരികള്‍ അത്തരം മാംസം ഇറക്കുമതി ചെയ്യുവാനോ പാടില്ല. (പു. 483). ജമാഅത്തെ ഇസ്ലാമിക്കാര്‍ പ്രസിദ്ധീകരിച്ച 'ഖറദാവിയുടെ ഫത്വകളി'ല്‍ അത്യന്തം ഹീനവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമായ മറ്റൊരു മതവിധികൂടി അടങ്ങിയിരിക്കുന്നു. മുസ്ലിം കമ്യൂണിസ്റ്റുകാര്‍ വധശിക്ഷയ്ക്കര്‍ഹരാണ് എന്നതാണ് അത്'' (പു. 314). അടിമുടി കമ്യൂണിസ്റ്റ് വിരുദ്ധമാണ് മൗദൂദിയും ജമാഅത്തെ ഇസ്ലാമിയുമെന്നതിന് മറ്റ് തെളിവുകള്‍ ആവശ്യമില്ല.

പക്ഷേ തുടക്കംമുതല്‍ തന്നെ ജമാഅത്തെ ഇസ്ലാമിയോട് സിപിഎമ്മിന് മൃദുസമീപനമുണ്ട്. മതഭ്രാന്തിന് രാഷ്ട്രീയ ഭാഷ്യം നല്‍കുകയാണ് മൗദൂദിയെന്നറിഞ്ഞിട്ടും അസലമായ കാഴ്ചപ്പാടാണ് സിപിഎം ജമാഅത്തെ ഇസ്ലാമിയോട് പുലര്‍ത്തിയത്. 1974-ല്‍ പാര്‍ട്ടി പുറത്തിറക്കിയ ലഘുലേഖയില്‍ പറയുന്നത് ഇങ്ങനെ: ''വിഭജനത്തിനു മുന്‍പ് പഞ്ചാബില്‍ താമസമാക്കിയ മൗദൂദി ജമാഅത്തെ ഇസ്ലാമി എന്ന  പാര്‍ട്ടിക്ക് രൂപംനല്‍കുകയും ചെയ്തു. അതിപ്പോള്‍ പാകിസ്ഥാനിലും ഇന്ത്യയിലുമാണ് നിലനില്‍ക്കുന്നത്. ഈജിപ്റ്റിലെ ഇക്‌വാന്‍-ഇല്‍-മുസ്ലിമിന്‍ എന്ന സംഘടനയില്‍നിന്നാണ് ജമാഅത്ത് ആശയമുള്‍ക്കൊള്ളുന്നത്. മതബോധനത്തിന്‍ കീഴില്‍ ദേശീയതയെ എതിര്‍ക്കുകയും, സാമ്രാജ്യത്വാനുകൂല നിലപാടെടുക്കുകയും ചെയ്ത ഷെയ്ഖ് ഹസന്‍ അല്‍ബാന 1928 ലാണ് ഇക്‌വാന്‍-ഇല്‍-മുസ്ലിമിന് രൂപംനല്‍കിയത്. ഇക്‌വാനെ നാസര്‍ (ഈജിപ്റ്റിലെ ഭരണാധികാരി ഗമാല്‍ അബ്‌ദെല്‍ നാസര്‍) നിരോധിക്കുകയും ചെയ്തു.'' 

ദേശീയത എന്ന സങ്കല്‍പത്തോടുള്ള സിപിഎമ്മിന്റേയും ജമാഅത്തെ ഇസ്ലാമിയുടേയും വെറുപ്പാവണം ഇരുസംഘടനകളേയും ഒന്നിപ്പിക്കുന്ന ഘടകം. ഇന്ത്യയെ പതിനാറ് രാജ്യങ്ങളായി വിഭജിക്കണമെന്ന സിപിഎമ്മിന്റെ നിലപാട് ദേശീയത എന്ന വികാരത്തെ അംഗീകരിക്കുന്നതല്ല. അതുകൊണ്ടുതന്നെയാണ് ഇന്ത്യന്‍ ദേശീയതയെ സമ്പൂര്‍ണമായി നിരാകരിക്കുന്ന 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യം സിപിഎമ്മിന് സ്വാഭാവികമായിത്തന്നെ സ്വീകാര്യമാവുന്നത്.

മൗലാന മൗദൂദിയുടെ മതമൗലികാശയങ്ങള്‍ മുസ്ലിങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ച് സംഘടനാ ശക്തിയാര്‍ജിക്കാനും, പൊതുസമൂഹത്തില്‍ മതപരമായ ധ്രുവീകരണം സൃഷ്ടിക്കാനുമാണ് 1987-ല്‍ ജമാഅത്തെ ഇസ്ലാമി 'മാധ്യമം' പത്രം തുടങ്ങിയത്. സാഹിത്യകാരന്‍ പി. കെ. ബാലകൃഷ്ണനേയും, പില്‍ക്കാലത്ത് നോവലിസ്റ്റ് സി. രാധാകൃഷ്ണനേയും പത്രാധിപരാക്കി വച്ച് അങ്ങേയറ്റം കപടമായ ഒരു മതേതരമുഖം സ്വയം എടുത്തണിഞ്ഞ ഈ പത്രം ഇടതുപക്ഷത്തോട് സ്‌നേഹദ്വേഷ ബന്ധമാണ് പുലര്‍ത്തിയത്. പത്രം തുടങ്ങി ഒരുപതിറ്റാണ്ട് കഴിഞ്ഞ് 'മാധ്യമം' വാരികയും (1998) തുടങ്ങി. മുഖ്യധാരയോട് സംവദിക്കാന്‍ കഴിയുന്ന സ്വന്തമായ പ്രസിദ്ധീകരണങ്ങള്‍ ഇല്ലാതിരുന്ന തീവ്ര ഇടതുപക്ഷത്തെ ഏറ്റെടുത്ത് 'മാധ്യമ'ത്തിലൂടെ ജമാഅത്തെ ഇസ്ലാമി കാഴ്ചവച്ച പുരോഗമന നാട്യം സിപിഎമ്മിനും സ്വീകാര്യമായി!

അഴിമതിവിരോധത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും ദളിത് വിമോചനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയുമൊക്കെ മേലങ്കി സൗകര്യപൂര്‍വം എടുത്തണിഞ്ഞ ജമാഅത്തെ ഇസ്ലാമി, മെല്ലെ മെല്ലെ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സിപിഎമ്മിന്റെ തോളില്‍ കയ്യിടുന്നതാണ് കണ്ടത്. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും കടയ്ക്കല്‍ കത്തിവയ്ക്കുന്നവരായിരുന്നിട്ടും, സിപിഎം ഒരുക്കിയ 'പച്ചത്തണലില്‍' ഇവയുടെ വക്താക്കളായി ജമാഅത്തെ ഇസ്ലാമി വിലസി. പിന്നീട് രാഷ്ട്രീയ ഇസ്ലാമിന്റെ അസഹിഷ്ണുതയും അക്രമാസക്തിയും ഒട്ടുംതന്നെ ഉപേക്ഷിക്കാതെ അവര്‍ ഇടതുപക്ഷത്തിന്റെ ഇഷ്ടക്കാരായി.

ഇസ്ലാമിക അടവുനയത്തിന് 

ഇടതിന്റെ പച്ചക്കൊടി

മാര്‍ക്‌സില്‍നിന്ന് മൗദൂദിയിലേക്ക് എത്തിയപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ മത-രാഷ്ട്രീയ അജണ്ട സിപിഎം ഏറ്റെടുക്കാന്‍ തുടങ്ങി. സച്ചാര്‍ കമ്മിറ്റിയുടെ കേരള പതിപ്പായ പാലൊളി കമ്മറ്റി ഇതിലൊന്നായിരുന്നു. രാജ്യത്തെ വിഭവങ്ങളുടെ പ്രാഥമികാവകാശം മുസ്ലിങ്ങള്‍ക്കാണെന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ പ്രഖ്യാപനം പ്രതിഫലിക്കുന്നതാണ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. രാജ്യത്തെ മുസ്ലിങ്ങളുടെ ഏറ്റവും പുതിയ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ അവസ്ഥകള്‍ പരിശോധിച്ച് സമര്‍പ്പിക്കപ്പെട്ട സച്ചാര്‍ റിപ്പോര്‍ട്ട് മതത്തിന്റെ പേരിലുള്ള വേറിടല്‍ മനോഭാവത്തിന് ആക്കംകൂട്ടാന്‍ സഹായിച്ചു. ഇക്കാരണംകൊണ്ടുതന്നെ ജമാഅത്തെ ഇസ്ലാമി ഈ റിപ്പോര്‍ട്ട് നിരുപാധികം ഏറ്റെടുത്ത് പ്രചരിപ്പിക്കുകയുണ്ടായി. 'മാധ്യമം' പത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഐഡിയല്‍ പബ്ലിഷേഴ്‌സാണ് സച്ചാര്‍ റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചത്.

ഇക്കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ അജണ്ട ഏറ്റെടുക്കാന്‍ മറ്റ് മുസ്ലിം സംഘടനകള്‍ മടിച്ചുനിന്നപ്പോള്‍ ആവേശത്തോടെ ഓടിയെത്തിയത് സിപിഎമ്മും, അന്നത്തെ ഇടതുമുന്നണി സര്‍ക്കാരുമായിരുന്നു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ തലയ്ക്കുമുകളിലൂടെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി അധ്യക്ഷനായി  സമിതി രൂപീകരിക്കപ്പെട്ടു. സച്ചാര്‍ കമ്മറ്റിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് സവിശേഷമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായിരുന്നു ഇത്. രാജ്യത്തെ മുസ്ലിങ്ങളുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ നില പരിശോധിച്ച സച്ചാര്‍ കമ്മിറ്റി, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മുസ്ലിങ്ങളുടെ നില വളരെ മെച്ചപ്പെട്ടതാണെന്ന് കണ്ടെത്തിയിരുന്നു. മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റി (എംഇഎസ്) 2008 ഫെബ്രുവരിയില്‍ റിയാദില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്ത ജസ്റ്റിസ് സച്ചാര്‍ പറഞ്ഞത്, മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്ന മുസ്ലിങ്ങള്‍ സ്വന്തം സാമൂഹ്യ-സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ കേരളത്തിലെ മുസ്ലിങ്ങളെ മാതൃകയാക്കണമെന്നായിരുന്നു. ഇതിനൊന്നും ചെവികൊടുക്കാതെയാണ് അവശതകളുടെ ആഴക്കടലില്‍ മുങ്ങിത്താണുകൊണ്ടിരുന്ന ഹിന്ദുസമൂഹത്തിലെ സാമുദായിക ന്യൂനപക്ഷങ്ങളെ (മതന്യൂനപക്ഷമല്ല) അവഗണിച്ച്, സാമൂഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും ഏറെ ശാക്തീകരിക്കപ്പെട്ട മുസ്ലിങ്ങളുടെ മേധാവിത്വത്തിലേക്ക് നയിക്കുന്നതും, മതവിവേചനത്തിന്റെ ഇരകളാക്കി ഹിന്ദുസമൂഹത്തെ മാറ്റുന്നതുമായ പാലൊളി കമ്മറ്റി റിപ്പോര്‍ട്ട് ഇടതുമുന്നണി സര്‍ക്കാര്‍ അംഗീകരിച്ചത്. മുസ്ലിംലീഗിന്റെ കുത്തക പൊളിക്കാനെന്നോണം സിപിഎമ്മും ജമാഅത്തെ  ഇസ്ലാമിയും ഒറ്റകയ്യായി നിന്നുകൊണ്ടാണ് മതമൗലികവാദത്തിന്റെ ശാക്തീകരണത്തിന് വഴിയൊരുക്കുന്ന ഈ ദൗത്യം ഏറ്റെടുത്തത്.

തത്വദീക്ഷയില്ലാത്ത 

രാഷ്ട്രീയ സഖ്യം

അനിസ്ലാമികമാണെന്ന കാരണം പറഞ്ഞ് ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കുകയും രാഷ്ട്രീയ പാര്‍ട്ടികളോട് നിസ്സഹകരിക്കുകയും വോട്ടുകള്‍ മരവിപ്പിക്കുകയും ചെയ്തുപോന്നിരുന്ന ജമാഅത്തെ ഇസ്ലാമി 2011-ല്‍ 'വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ' എന്ന സ്വന്തം രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപംനല്‍കിയെന്നത് വിരോധാഭാസം തന്നെയായിരുന്നു. ഇതിനവരെ പ്രേരിപ്പിച്ചത് ഇന്ത്യന്‍ ദേശീയത ശക്തിപ്പെടുകയും, 1998-2004 കാലത്ത് അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപി സഖ്യം കേന്ദ്രത്തില്‍ അധികാരത്തിലെത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇടതുപക്ഷം വച്ചുനീട്ടിയ സഹായഹസ്തമാണ്. പേരിന് മറ്റ് സംസ്ഥാനങ്ങളിലും പ്രവര്‍ത്തനമുണ്ടെങ്കിലും കേരളമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ പരീക്ഷണശാലയായത്. കേരളത്തില്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനുമുള്ള മേല്‍ക്കയ്യാണ് ഇതിനു കാരണം.

സ്വന്തം വോട്ടുകൊണ്ട് ഒരു പഞ്ചായത്ത് വാര്‍ഡില്‍പ്പോലും ജയിക്കാനാവില്ലെന്ന് ഉറപ്പുള്ള ജമാഅത്തെ ഇസ്ലാമി വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിക്കുന്നതിനു മുന്‍പുതന്നെ രാഷ്ട്രീയ വിലപേശല്‍ തുടങ്ങിയിരുന്നു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ സിപിഎം നയിക്കുന്ന ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. പാര്‍ട്ടി ഭരിക്കുന്ന പശ്ചിമബംഗാളില്‍ എതിര്‍പക്ഷത്തായിരുന്നിട്ടും കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സിപിഎം ഇരുകയ്യും നീട്ടി സ്വീകരിച്ചു. (ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള ഇസ്ലാമിക മതമൗലികവാദികളെ സ്വപക്ഷത്തേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് 2007-ല്‍ ബംഗ്ലാദേശി എഴുത്തുകാരിയും, മതമൗലികവാദികള്‍ വധഫത്വ പുറപ്പെടുവിക്കുകയും ചെയ്തിട്ടുള്ള തസ്ലീമ നസ്‌റീനെ ബുദ്ധദേവ് ഭട്ടാചാര്യയുടെ ഇടതുസര്‍ക്കാര്‍ ബംഗാളില്‍നിന്ന് നാടുകടത്തിയത്. നന്ദിഗ്രാം പ്രശ്‌നത്തില്‍ അക്രമാസക്തരായ മുസ്ലിം തീവ്രവാദികളുടെ രോഷം ശമിപ്പിക്കാനും സിപിഎം തസ്ലീമയെ ഇരയാക്കി).  2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും, 2015-ലെ അരുവിക്കര ഉപതെരഞ്ഞെടുപ്പിലും, 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമിയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും പിന്തുണ സിപിഎം നേടി. ഈ തെരഞ്ഞെടുപ്പുകളിലൊക്കെ ഇടതുമുന്നണിയിലെ അനൗദ്യോഗിക ഘടകകക്ഷിയെന്ന സ്ഥാനം സിപിഎം, വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കി.

ജയപരാജയങ്ങള്‍ക്കപ്പുറം സംഘടനാപരവും രാഷ്ട്രീയപരവുമായ നേട്ടങ്ങള്‍ക്ക് സിപിഎമ്മിനൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്ന തന്ത്രപരമായ നിലപാട് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചു. തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി ജയിക്കുമ്പോള്‍ അത് തങ്ങളുടെ പിന്തുണയോടെയാണെന്ന് പറഞ്ഞ അവര്‍, മുന്നണി തോല്‍ക്കുമ്പോള്‍ അതിന്റെ കുറ്റം മറ്റുള്ളവരുടേതാണെന്ന് വരുത്താനും മറന്നില്ല.

2015-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെത്തിയപ്പോള്‍ സിപിഎം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യാതൊരു മറയുമില്ലാത്ത സഖ്യത്തിലേര്‍പ്പെട്ടു. കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റിയില്‍ ഇടതുമുന്നണി സ്വന്തമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കി. കൊടിയത്തൂര്‍, കാരാശ്ശേരി പഞ്ചായത്തുകളിലും, മലപ്പുറം ജില്ലയിലെ പല പഞ്ചായത്തുകളിലും ഈ മാര്‍ക്‌സ്-മൗദൂദി സഖ്യം നിലവില്‍ വന്നു. വിമര്‍ശനമുയര്‍ന്നപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെപ്പോലെ ജമാഅത്തെ ഇസ്ലാമി തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇടപെടാറില്ലെന്നും, വെല്‍ഫെയര്‍ പാര്‍ട്ടി ആരെങ്കിലുമായി ധാരണയുണ്ടാക്കിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും ജമാഅത്തെ ഇസ്ലാമി നേതൃത്വം ചാരിത്ര്യ പ്രസംഗം നടത്തി.

(അടുത്തത്: ഭരണഘടനാ 

വിരുദ്ധര്‍ക്ക് ഭരണഘടനാ 

സംരക്ഷണം)

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments