Kesari WeeklyKesari

ലേഖനം**

സ്വാതന്ത്ര്യസമരവും കേരളത്തിലെ വനവാസി വിഭാഗങ്ങളുടെ പങ്കും---എസ്.രാമനുണ്ണി

on 08 December 2017

സ്വാതന്ത്ര്യസമരത്തില്‍ കേരളത്തിലെ വനവാസികളുടെ പങ്കിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ചരിത്രരചനയെക്കുറിച്ച് ഡോ. എം.ജി.എസ് നാരായണന്റെ അഭിപ്രായമാണ് ഓര്‍മ്മ വരുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ചരിത്രരചനകളെ വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ മൂന്നു രീതിയിലാണുണ്ടാവുന്നത്. പാഠപുസ്തകങ്ങളില്‍ നിന്നും പ്രസിദ്ധീകരണങ്ങളില്‍ നിന്നും നേതാക്കളുടെ വീരകഥകള്‍ മാറ്റുകയാണ് ഒന്നാമത്തെ മാര്‍ഗ്ഗം. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും യഥാര്‍ത്ഥ ചരിത്രമാക്കി കാണിക്കലും, ചെറിയ സംഘട്ടനങ്ങളെയും വര്‍ഗ്ഗീയ ലഹളയെയും ഐതിഹാസിക സമരങ്ങളാക്കി ചിത്രീകരിക്കലുമാണ് മറ്റ് രണ്ടെണ്ണം. 
വയനാട്ടിലെ അറിയപ്പെടുന്ന വനവാസി നേതാവായ പള്ളിയറരാമന്‍ ചരിത്രരചനയെക്കുറിച്ച് ഇങ്ങനെയാണ് നിരീക്ഷിച്ചത്. 'തിളക്കമാര്‍ന്ന സമരചരിത്രമുള്ളവരുടെ പേരുകള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ ഭരണനേതൃത്വത്തില്‍ എത്തിപ്പെട്ടവരുടെ പ്രസക്തി നഷ്ടപ്പെടുമോ എന്നുള്ള അവരുടെ ഭീതി മൂലം പല സംഭവങ്ങളും ചരിത്രമായില്ല.' ഈ രണ്ടു നീരിക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ വേണം തലയ്ക്കല്‍ ചന്തുവിന്റെ നേതൃത്വത്തില്‍ നടന്ന പഴശ്ശി സമരങ്ങള്‍ക്കും പിന്നീട് നടന്ന കുറിച്യകലാപത്തിനും എന്തു സംഭവിച്ചു എന്ന് വിലയിരുത്തപ്പെടാന്‍. ഈ രണ്ടു സ്വാതന്ത്ര്യസമരങ്ങളും വേണ്ട രീതിയില്‍ പാഠ്യവിഷയമാക്കപ്പെടുകയോ, ഗവേഷണങ്ങള്‍ നടത്തി അതിലുള്‍പ്പെട്ടവരുടെ ചരിത്രം എഴുതപ്പെടുകയോ ചെയ്തില്ല, മേല്‍പറഞ്ഞ രണ്ടു സമരങ്ങളുടെയും നേതൃത്വം വനവാസി വിഭാഗങ്ങളുടേതായിരുന്നു.
1789ലാണ് കേരളവര്‍മ്മ എന്ന പഴശ്ശിത്തമ്പുരാന്‍ കണ്ണൂര്‍ ജില്ലയിലെ കോട്ടയം കേന്ദ്രമാക്കി ഭരണം തുടങ്ങിയത്. അക്കാലത്ത് മൈസൂര്‍ കര്‍ണാടകത്തോടു ചേര്‍ന്നുള്ള കേരള അതിര്‍ത്തിവരെ ടിപ്പുവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. അക്കാലത്ത് ബ്രിട്ടീഷ് കമ്പനി പട്ടാളം ടിപ്പുവിനെതിരെ നിരന്തരയുദ്ധം ചെയ്തുകൊണ്ടിരുന്നു. പ്രകൃതിവിഭവങ്ങള്‍കൊണ്ടും സുഗന്ധദ്രവ്യങ്ങളാലും സമൃദ്ധമായിരുന്ന വയനാട് പഴശ്ശിയുടെ അധീനത്തില്‍ നിന്നും ഏതുവിധേനയും കൈവശപ്പെടുത്താന്‍ ബ്രിട്ടീഷ് കമ്പനി അവസരം കാത്തിരുന്നു. 218 ബ്രിട്ടീഷ് കച്ചവടക്കാര്‍ (ഏലിഹേലാലി  ശി ഠൃമറല) 1600 ഡിസംബര്‍ 31  നാണ് ഈസ്റ്റിന്ത്യാ കമ്പനി എന്ന പേരില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്. അക്കാലത്ത് ഇന്തോനേഷ്യയില്‍ ധാരാളമായി ഉല്‍പ്പാദിപ്പിച്ചിരുന്ന ജാതിക്കയായിരുന്നു കമ്പനിയുടെ ലക്ഷ്യം. അവിടെ നിന്നുമാണ് അവര്‍ ഭാരതത്തിലെത്തിയത്. ആദ്യമാദ്യം കച്ചവടം മാത്രമായിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് ഓരോ പ്രദേശങ്ങളെയും കച്ചവട കരാറുകള്‍ ലംഘിക്കപ്പെട്ടു എന്ന കുറ്റമാരോപിച്ച് തങ്ങളുടെ കൈക്കലാക്കുകയാണ് ഇംഗ്ലീഷുകാര്‍ ചെയ്തത്. വാണിജ്യം ഏതൊരു നാടിനും സാമ്പത്തിക ഉയര്‍ച്ച ഉണ്ടാക്കുമെന്നതിനാല്‍ കോട്ടയം രാജ്യവും ഈസ്റ്റിന്ത്യ കമ്പനിയുമായി കച്ചവടക്കരാറൊപ്പിട്ടു. ഭാരതത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ സംഭവിച്ച പോലെതന്നെ പരസ്പരം ഉണ്ടാക്കിയ കരാര്‍ ലംഘിക്കപ്പെട്ടു എന്ന ആക്ഷേപമുയര്‍ത്തി കോട്ടയം രാജ്യത്തേയും കൈപ്പിടിയിലൊതുക്കാന്‍ ബ്രിട്ടീഷ് കമ്പനി പരിശ്രമം നടത്തി. ഈ നീക്കത്തെ പഴശ്ശി ശക്തമായി എതിര്‍ക്കുകയും നാട്ടിലെ വനവാസി വിഭാഗങ്ങളുള്‍പ്പെടെ എല്ലാ ജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് കമ്പനിക്കെതിരെ പ്രതിരോധമുയര്‍ത്തുകയും ചെയ്തു. ഇതിനെ വകവെയ്ക്കാതെ ബ്രിട്ടീഷുകാര്‍ ജനങ്ങളില്‍ നിന്നും നേരിട്ട് കരംപിരിക്കാനും ശ്രമം നടത്തി. അക്കാലത്ത് ധാന്യരൂപത്തിലായിരുന്നു കരത്തിന്റെ ശേഖരണം. ഇതിന്റെ സൂക്ഷിപ്പിനായി വയനാട്ടിലെ പനമരത്ത് പാണ്ടികശാല നിര്‍മ്മിക്കുകയും, സംരക്ഷണത്തിനായി ഇംഗ്ലീഷ് മേധാവികള്‍ക്കൊപ്പം നാട്ടുകാരില്‍ നിന്നും റിക്രൂട്ട് ചെയ്ത സംരക്ഷണഭടന്മാരെ നിയമിക്കുകയും ചെയ്തു. ഈ വക നടപടിക്രമങ്ങളെ ജനങ്ങള്‍ വെറുപ്പോടെയാണ് സ്വീകരിച്ചത്. തങ്ങളുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് നടക്കുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയുകയും ചെയ്തു.
കാലം കഴിയുതോറും ഈ മനോഭാവത്തിന് ശക്തിയേറി. അങ്ങനെ 1800 ന്റെ തുടക്കത്തില്‍ വെള്ളമുണ്ട, പുളിഞ്ഞോം ഭാഗത്തുള്ള പ്രമുഖ നായര്‍ തറവാട്ടിലെ അംഗമായിരുന്ന എടച്ചന കുങ്കനും അദ്ദേഹത്തിന്റെ അനുയായികളായ സന്നദ്ധഭടന്മാരും വിളമ്പുകണ്ടംഭാഗത്ത് തമ്പടിച്ചിരുന്ന തലക്കരചന്തുവും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കുറിച്യപടയാളികളും ഒന്നുചേര്‍ന്ന് കരം വസൂലാക്കാനെത്തിയിരുന്ന കമ്പനി ഉദ്യോഗസ്ഥരെ അടിച്ചോടിക്കുകയും ചിലരെ വധിക്കുകയും ചെയ്തു. ഇതായിരുന്നു തദ്ദേശീയരായ ജനങ്ങളും ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനിയും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ആദ്യഘട്ടം. ഈ പ്രതിഷേധങ്ങള്‍കൊണ്ടൊന്നും കമ്പനി അടങ്ങിയിരുന്നില്ല. അടിച്ചമര്‍ത്തലും കരംപിരിക്കലും അനുസ്യൂതം തുടര്‍ന്നു. ഇതിനെതിരെ മറ്റ് പോംവഴികളില്ലാതെ 1802 ഒക്‌ടോബര്‍ 11-ാം തീയതി അര്‍ദ്ധരാത്രി പനമരം കോട്ടയിലെ പണ്ടികശാല ആക്രമിക്കപ്പെട്ടു. ഈ സംഭവത്തെക്കുറിച്ച് മലബാര്‍ മാനുവലില്‍, വില്യം ലോഗന്‍ ഇങ്ങനെ പറയുന്നു: 'പനമരത്തും പരിസരത്തുമുള്ള കുറിച്യര്‍ തലക്കല്‍ ചന്തുവെന്ന ഒരുവന്റെ നേതൃത്വത്തില്‍ എടച്ചന കുങ്കന്റെ പക്ഷത്തുചേര്‍ന്നു. 150 പേര്‍ വരുന്ന സംഘമായിരുന്നു കുറിച്യരുടേത്. അവര്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ എടച്ചന കുങ്കനും അയാളുടെ രണ്ട് സഹോദരന്മാരുമുണ്ടായിരുന്നു. 'നാലാം ബോംബെ ഇന്‍ഫന്ററിയുടെ ഒന്നാം ബറ്റാലിയനില്‍പ്പെട്ട 70 ഭടന്മാര്‍ ഉള്‍ക്കൊള്ളുന്ന പനമരം പോസ്റ്റിന്റെ കമാന്‍ഡര്‍ ക്യാപ്റ്റന്‍ ഡിക്കിന്‍സനും സഹായി ലഫ്റ്റണന്റ് മാക്‌സ് വെല്ലുമായിരുന്നു. ലഹളക്കാര്‍ ആദ്യം സെന്‍ട്രിയുടെ തോക്ക് പിടിച്ചെടുത്ത് അയാളെ കൊന്നു. ക്യാപ്റ്റന്‍ സിക്കിന്‍സണ്‍ തന്റെ കൈത്തോക്കും ബയണറ്റുംകൊണ്ട് ആക്രമികളെ നേരിട്ടു. പതിനഞ്ചു കുറിച്യര്‍ക്കു പരിക്കേറ്റു. അഞ്ച് കുറിച്യര്‍ മരിച്ചു. ഏറ്റമുട്ടലില്‍ പനമരം പോസ്റ്റിലെ എല്ലാ പട്ടാളക്കാരും കൂട്ടക്കൊല ചെയ്യപ്പെട്ടു. ലഹളക്കാര്‍ 112 തോക്കുകളും ആറ് പെട്ടി വെടിക്കോപ്പുകളും ആറായിരം രൂപയും തട്ടിയെടുത്തു. പോസ്റ്റിലെ കെട്ടിടങ്ങള്‍ മുഴുവന്‍ അഗ്നിക്കിരയാക്കി.' (പഴശ്ശിരാജ ചമയങ്ങളില്ലാതെ പേജ് 110)
പനമരത്തു നേടിയ വിജയം സ്വാതന്ത്ര്യസമരസേനാനികളുടെ പ്രതിരോധത്തിന്റെ ആക്കം വര്‍ദ്ധിപ്പിക്കാന്‍ കാരണമാക്കി. പനമരത്തുനിന്നും '300 മുതല്‍ 400 വരെ വരുന്ന കലാപകാരികള്‍ പിന്നീട് കൊട്ടിയൂര്‍ ചുരം അക്രമിക്കുകയും കൂത്തുപറമ്പും, മണത്തണയും തമ്മിലുള്ള ബന്ധം വിച്‌ഛേദിക്കുകയും ചെയ്തു' എന്നാണ് 'പഴശ്ശി സമരരേഖകള്‍' എന്ന പുസ്തകത്തിന്റെ കര്‍ത്താവായ ഡോ. കെ.കെ.എന്‍ കുറുപ്പ് പനമരം കോട്ടയിലെ വിജയം സ്വാതന്ത്ര്യഭടന്മാര്‍ക്ക് ഉണ്ടാക്കിയ ആത്മധൈര്യത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. അതുപോലെ പനമരത്തിന് പടിഞ്ഞാറ് പുളിഞ്ഞാല്‍ എന്ന സ്ഥലത്ത് മേജര്‍ ഡ്രമ്ണ്ടിന്റെ കീഴില്‍ 360 സൈനികര്‍ ഉണ്ടായിരുന്നെങ്കിലും ആ സൈന്യത്തെയും കലാപകാരികള്‍ തടഞ്ഞുവെച്ചു. പിന്നീട് കോഴിക്കോട് നിന്നെത്തിയ കമ്പനിയുടെ പോഷക സൈന്യങ്ങളാണ് ഇവരെ സ്വാതന്ത്ര്യസമരഭടന്മാരുടെ തടങ്കലില്‍ നിന്നും മോചിപ്പിച്ചത്. ഈ വിജയങ്ങള്‍ സമരം നയിച്ചവര്‍ക്ക് പ്രചോദനമായിത്തീര്‍ന്നു. 'അപ്പോഴേയ്ക്കും എല്ലാവരും 'ആയുധമെടുക്കുക' എന്ന കല്‍പ്പന പുല്‍പ്പള്ളി ക്ഷേത്രസങ്കേതത്തില്‍ നിന്നും സമരനേതൃത്വം ചെയ്തിരുന്ന എടച്ചന കുങ്കന്‍ പുറപ്പെടുവിക്കുകയും ചെയ്തു. ഇതനുസരിച്ച് ഏതാണ്ട് 3000 പേര്‍ കമ്പനിക്കെതിര സമരം ചെയ്യാന്‍ മുമ്പോട്ടു വന്നു. ഇതില്‍ 500 പേരെ പ്രത്യേകമായി വള്ളിയൂര്‍ക്കാവിനും മറ്റ് പ്രദേശങ്ങളിലുമായി നിര്‍ത്തുകയും എടച്ചന കുങ്കന്റെ സഹോദരന്‍ 100 പേരോടൊപ്പം പേരിയ ചുരത്തിനും വേറെ 25 പേര്‍ കൊട്ടിയൂര്‍ ചുരത്തിനും കാവല്‍ നില്‍ക്കുകയും ചെയ്തു. 
വയനാട്ടിലെ വള്ളിയൂര്‍ക്കാവടങ്ങുന്ന പല പ്രദേശങ്ങള്‍ക്കു ചുറ്റും സമരസേനാനികള്‍ തങ്ങളുടെ പോസ്റ്ററുകള്‍ സ്ഥാപിച്ചു. ഇവയെല്ലാം തെളിയിക്കുന്നത് സമരസേനാനികളുടെ സംഘടിത സ്വഭാവത്തേയും  നിശ്ചദാര്‍ഢ്യത്തേയുമാണ്. തദനന്തരം നടന്ന സംഘഷര്‍ങ്ങളിലെല്ലാം കൊട്ടിയൂരും പേരിയ ചുരത്തിലും വയനാടിന്റെ വിവിധഭാഗങ്ങളില്‍ വെച്ച് കമ്പനി പട്ടാളത്തിന് ഭീമമായ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടിയും വന്നു. എന്നു മാത്രമല്ല, സര്‍വ്വസാധാരണജനങ്ങള്‍ പരസ്യമായി സമരക്കാരുടെ ഒപ്പം ചേരുകയും ചെയ്തു. ഈ പരിസ്ഥിതിയെ നേരിടാനായി 1803 ജനുവരി 19-ാം തീയതി ബ്രിട്ടീഷുകാര്‍ വയനാട്ടില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു. അതും വിലപ്പോയില്ല. കലാപകാരികളും ജനങ്ങളും പുല്ലുവിലയാണ് അതിന് നല്‍കിയത്. ഈ സ്ഥിതികള്‍ കമ്പനിയുടെ കരം പിരിവിനെയും റവന്യൂം വരുമാനത്തേയും ഭയങ്കരമായി ബാധിക്കുകയും ചെയ്തു.
വയനാടിന്റെ വനപ്രദേശങ്ങളില്‍ തമ്പടിച്ച തലക്കരചന്തുവും അനുയായികളും ഗറില്ലായുദ്ധമുറയാണ് സ്വീകരിച്ചിരുന്നത്. ഇത് കമ്പനിപട്ടാളത്തിന് കുറച്ചൊന്നുമല്ല, വിഷമങ്ങളുണ്ടാക്കിയത്. പട്ടാളത്തിന്റെ നീക്കങ്ങള്‍ക്കും യുദ്ധസാമഗ്രികള്‍ ഓരോ രംഗത്തും എത്തിക്കാനും വൈഷമ്യങ്ങള്‍ നേരിട്ടു.  അമ്പും വില്ലും ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്ന കുറിച്യര്‍ മരങ്ങളുടെ മുകളില്‍ താവളമുറപ്പിച്ച് യുദ്ധം ചെയ്യുകയും ചെയ്തു. ഈ പരിതഃസ്ഥിതിയെ നേരിടാനായി യുദ്ധവിദഗ്ദ്ധനായിരുന്ന ക്യാപ്റ്റന്‍ വെല്ലസ്ലിയെതന്നെ വയനാട് കേന്ദ്രമാക്കി നിയോഗിക്കാന്‍ കമ്പനി തീരുമാനിച്ചു. ആ നീക്കവും വേണ്ടത്ര മുന്നോട്ടുപോയില്ല. അതിന്റെ തെളിവുകളാണ് 1804ല്‍ എടപ്പാടി കുന്നുകളില്‍ നിന്നും ഒരു സംഘം സ്വാതന്ത്ര്യസമരസേനാനികളെ കങ്കണകോട്ടയിലേക്കുള്ള മാര്‍ഗ്ഗമധ്യേ ലഫ്റ്റണന്റ് കേണല്‍ കണ്ടെത്തിയതും അവര്‍ക്കെതിരെ നീക്കം നടത്താതിരുന്നതും. അതുപോലെ കാട്ടിക്കെട്ടികുന്നുകളില്‍ മാനന്തവാടിയിലെ കമാന്റന്റ് ലഫ്റ്റണന്റ് റോബോര്‍ട്ട് സണ്‍ സന്നദ്ധനായ കലാപകാരികളെ കണ്ടെത്തിയിരുന്നു. ഇവിടെയും തമ്മില്‍ ഒരേറ്റുമുട്ടലിനു നില്‍ക്കാതെ കമ്പനി പട്ടാളം പിന്മാറുകയാണുണ്ടായത്. അക്കാലത്ത് കുറുമരും, കുറിച്യരും അടങ്ങുന്ന വനവാസി സംഘം പുല്‍പ്പള്ളി സീതാദേവി ക്ഷേത്രം കേന്ദ്രമാക്കിയാണ് സംഘടിച്ചിരുന്നത്. 'വയനാടിന്റെ ദേവന്മാരായ മുനികുമാരന്മാരുടെ (മുരുക്കന്മാര്‍) പേരില്‍ പ്രചോദനമുള്‍ക്കൊള്ളുവാനും സ്വാതന്ത്ര്യസമരപോരാട്ടങ്ങളില്‍ പങ്കെടുക്കുവാനും അവിടെ നിന്നാണ് ആഹ്വാനമുണ്ടായത്.
അടിക്കടി പരാജയങ്ങളേറ്റുവാങ്ങിയിരുന്നെങ്കിലും തങ്ങള്‍ക്കെതിരായി സമരം ചെയ്തിരുന്ന നേതാക്കന്മാരെ പിടികൂടാന്‍ കമ്പനി പല ഉപായങ്ങളും ചെയ്തിരുന്നു. അതിന്റെ ഭാഗമായി ഒറ്റുക്കാരുടെ സഹായത്തോടെ 1805 ഒക്‌ടോബര്‍ മാസം തലക്കരചന്തുവിനെ കാര്‍ക്കോട്ടില്‍ തറവാട്ടിന്റെ മണ്ണില്‍ നിന്നും പിടികൂടുകയും തങ്ങള്‍ക്കു സംഭവിച്ച എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും മാനഹാനിക്കും കാരണമായ അദ്ദേഹത്തെ 1805 നവംബര്‍ 15-ാം തീയതി കൊലപ്പെടുത്തി പനമരം കോട്ടയിലെ കോളിമരത്തില്‍ തൂക്കിലിടുകയും ചെയ്തു. കേരളവനവാസി വികാസകേന്ദ്രം, കേരള ആദിവാസി സംഘം തുടങ്ങിയ ദേശീയ പ്രസ്ഥാനങ്ങളും ദേശസ്‌നേഹികളായ ജനങ്ങളും നിരവധികാലം സമരപോരാട്ടങ്ങള്‍ നടത്തിയതിന്റെ ഫലമായി ഇന്ന് ഈ സ്ഥലത്ത് വീര തലക്കരചന്തുവിന് ഒരു സ്മാരകം ഉയര്‍ന്നുവന്നിട്ടുണ്ട്.
തലക്കര ചന്തുവിന്റെ സമരകഥകളും അദ്ദേഹത്തിന്റെ വ്യക്തിത്വവും ഇന്നും വയനാട്ടിലെ വനവാസി വിഭാഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഊര്‍ജ്ജം പകരുന്നവയാണ്. 'ആദിവാസികള്‍ക്കിടയിലെ തലക്കര ചന്തുവിനെപ്പറ്റിയുള്ള ഗോത്രസ്മരണ അത്യന്തം സജീവമാണ് എന്നാണ് ഡോ. കെ.കെ.എന്‍ കുറുപ്പ് അദ്ദേഹത്തിന്റെ പഠനഗ്രന്ഥത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഡോ. സി.ഐ. ഐസക്കിന്റെ അഭിപ്രായത്തില്‍ 'മാനന്തവാടി, തൊണ്ടര്‍നാട് പഞ്ചായത്തില്‍ കാര്‍ക്കോട്ടില്‍ തറവാട്ടില്‍ ജനിച്ച ചന്തു വൈദേശിക ആധിപത്യത്തിനെതിരെ പഴശ്ശിരാജാവിനൊപ്പം സമരം നയിച്ചതുകൊണ്ടുമാത്രം അദ്ദേഹത്തിന് കുറിച്യസമുദായാചാരപ്രകാരം  ലഭിക്കേണ്ട പരമോന്നത സ്ഥാനമായ മലക്കാരി ദേവന്റെ നെകല്‍ സ്ഥാനം ലഭിക്കാതെ പോയി. ഗോത്രവര്‍ഗ്ഗങ്ങള്‍ സ്വന്തം പൂര്‍വ്വികന്മാരുടെ ആത്മാക്കളും കുലദേവതയും കുടികൊള്ളുന്ന ഊരുവിട്ട് മാറി ജീവിക്കാറില്ല. ചന്തു ദേശീയ സ്വാതന്ത്ര്യം കാക്കുന്നതിനുവേണ്ടി സ്വന്തം ഊരിനേയും ഉടയവരെയും വിട്ട് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ പടനയിച്ചു. അങ്ങനെ ഗോത്രനിയമങ്ങള്‍ ലംഘിക്കപ്പെട്ടു. ദേശീയ താല്‍പര്യത്തിനുവേണ്ടി സ്വന്തം ഗോത്രനിയമങ്ങളെല്ലാം ഉപേക്ഷിക്കേണ്ടി വന്ന ധീരദേശാഭിമാനിയാണ് തലക്കര ചന്തു. ഈ തരത്തില്‍ ജീവ പ്രതീഷ്ഠ നേടിയ തലക്കരചന്തുവിന്റെയും കൂട്ടുകാരുടേയും ജീവാഹുതി ഗണിക്കപ്പെടാതെ പോകുന്നത് തികച്ചും തെറ്റാണ്.'
രക്തരൂക്ഷിതമായ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ കേരളത്തിലെ അടുത്ത ഘട്ടം ആരംഭിക്കുന്നത്, 1811 മുതലാണ്. പഴശ്ശിയുടെ മരണശേഷം ബ്രിട്ടീഷുകാര്‍ തങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിച്ച ജനവിഭാഗങ്ങളോട് പ്രത്യേകിച്ച് കുറുമ, കുറിച്യ വിഭാഗങ്ങളോട് വളരെ ക്രൂരമായാണ് പെരുമാറിയത്. ഈ വിഭാഗങ്ങള അവര്‍, അവഹേളനത്തിന്റേയും കഷ്ടപ്പാടുകളുടെയും ഇരകളാക്കി നരകതുല്യജീവിതത്തിന് വഴിയൊരുക്കുകയാണ് ഇംഗ്ലീഷ് പട്ടാളക്കാരും റവന്യൂ ഉദ്യോഗസ്ഥരും ചെയ്തത്. അക്കാലത്തെ മലബാറിലെ പ്രിന്‍സിപ്പള്‍ കളക്ടറായിരുന്ന തോമസ് വാര്‍ഡന്‍ ഇങ്ങനെയെഴുതുന്നു. 'ധാന്യശേഖരണത്തിലും മറ്റ് സമ്പത്തിലും അവര്‍ക്കുണ്ടായിട്ടുള്ള നഷ്ടത്തിന്റെ ദൃക്‌സാക്ഷി എന്ന നിലയില്‍ അവരുടെ ദാരിദ്ര്യാവസ്ഥയെക്കുറിച്ചും മഴക്കാലത്ത് കുടുംബങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ ജീവനോപാധികള്‍ ഇല്ലാത്തതിനെക്കുറിച്ചും എനിക്കു നന്നായി ബോധ്യമുണ്ട്.' (1812ലെ കുറിച്യ കലാപം - ഡോ. ടി.കെ. രവീന്ദ്രന്‍) 1805നു ശേഷമുള്ള വനവാസികളുടെ സ്ഥിതിയാണ് ഇത് സൂചിപ്പിക്കുന്നത്. 
ഭക്ഷണത്തിനും വിനോദത്തിനുമായി ആയിരക്കണക്കിനു നികുതി പണമാണ് കമ്പനി ഉദ്യോഗസ്ഥന്മാര്‍ ക്രൂരമായി പിരിച്ചെടുത്തിരുന്നത്. എന്നാല്‍, അതില്‍ മൂന്നിലൊന്നു ഭാഗം പോലും ജനനന്മയ്ക്കായി ചെലവഴിക്കപ്പെട്ടിട്ടുമില്ല എന്ന യഥാര്‍ത്ഥ്യവും നാട്ടുകാര്‍ക്കറിയാമായിരുന്നു. പരാതി പറയാന്‍ പോയാല്‍ ആയിരം വഴികളിലൂടെ തങ്ങള്‍ ഉപദ്രവിക്കപ്പെടുമെന്ന് ജനങ്ങള്‍ ശങ്കിക്കുകയും ചെയ്തു. അതേപോലെ കുറിച്യരുടെ മനോവീര്യം കെടുത്തുന്നതിനുമായി അവരെ പിടികൂടി അടിമപ്പണിക്കാരാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതുകൂടാതെ അവരുടെ മുടി മുറിക്കുക, നിഷിദ്ധമായ ഭക്ഷണം കഴിപ്പിക്കുക അങ്ങനെ അവരെ കളങ്കപ്പെടുത്തി, ജാതി ഭ്രഷ്ടരാക്കുക എന്നിവയെല്ലാം ഇംഗ്ലീഷ് ഉദ്യോഗസ്ഥന്മാരും പട്ടാളക്കാരും അന്ന് ചെയ്തിരുന്നു. ഈ അധമ പ്രവൃത്തികള്‍ക്കെതിരെ നീതിന്യായ വകുപ്പ് ചെറിയ ഒരു വിരല്‍പോലും അനക്കിയിരുന്നില്ല എന്നുമാണ് കുറിച്യകലാപത്തെക്കുറിച്ച് പഠനം നടത്തിയ ഡോ.ടി.കെ. രവീന്ദ്രന്‍ തന്റെ പ്രബന്ധത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്.
വനവാസികളുടെ സാമൂഹിക ജീവിതത്തില്‍ ആചാരങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും വളരെ പ്രാധാന്യമുണ്ട്. ഇതിന്റെ കെട്ടുറപ്പിനെക്കുറിച്ച് ഇംഗ്ലീഷുകാര്‍ക്ക് കൃത്യമായ അറിവുണ്ടായിരുന്നില്ല. ക്ഷേത്രാചാരങ്ങളോട് അനുബന്ധിച്ച് നടക്കുന്ന വെളിച്ചപ്പാടന്മാരുടെ വെളിപ്പെടുത്തലുകള്‍ ആദിവാസികള്‍ക്ക് ഈശ്വരന്റെ ആദേശങ്ങളാണല്ലൊ. അങ്ങനെ അന്ന് ഇംഗ്ലീഷുകാരില്‍ നിന്നുമുണ്ടായിക്കൊണ്ടിരുന്ന അതിക്രമങ്ങള്‍ക്കെതിരെ പോരാടാനുള്ള ആഹ്വാനം വെളിച്ചപ്പാടന്മാരില്‍ നിന്നാണ് കുറിച്യ-കുറുമ വിഭാഗങ്ങള്‍ക്ക് ആദ്യമുണ്ടായത്. അതോടൊപ്പം കമ്പനി ഉദ്യോഗത്തില്‍ നിന്നും പുറത്താക്കിയവരും അസംതൃപ്തരുമായ ഉദ്യോഗസ്ഥരും പൊതുവായി നാട്ടില്‍ ഉയര്‍ന്നുവന്നിരുന്ന ജനകീയ അസംതൃപ്തിയെക്കുറിച്ച് മനസ്സിലാക്കുകയും അത് വിശാലാടിസ്ഥാനത്തില്‍ വളര്‍ന്നു വരട്ടെയെന്ന് ആഗ്രഹിക്കുകയും ചെയ്തു. ഇതിനുപുറമെ 'വട്ടത്തൊപ്പിക്കാരി'ല്‍ നിന്നും സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടത്തില്‍ അന്ന് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ തടവുകാരനായി കഴിഞ്ഞിരുന്ന യുവരാജാവും (പഴശ്ശിയുടെ അനന്തിരവന്‍) എത്തുമെന്നും വാര്‍ത്തകള്‍ പരന്നു. അങ്ങനെ ബ്രിട്ടീഷുക്കാര്‍ക്കെതിരായി നായന്മാരുടെയും തിയ്യരുടെയും കുറിച്യരുടെയും കുറുമരുടെയും കൂട്ടായ അന്തിമ പോരാട്ടത്തിന് പശ്ചാത്തലമൊരുങ്ങി. ഒരു സാമൂഹ്യവിപത്തിനെതിരെ ഒരു ജനത മുഴുവന്‍ എങ്ങനെ സ്വയം സംഘടിച്ചു എന്നുള്ളതിന്റെ തെളിവാണ് ഇവിടെ വെളിവാകുന്നത്.
നാല് കാര്യങ്ങളാണ് തയ്യാറെടുപ്പുകള്‍ എന്ന നിലയ്ക്ക് നടന്നത്. സമരം തുടങ്ങുന്നതിനാറുമാസം മുമ്പ് വയനാട്ടിലെ കുറിച്യരുടേയും കുറുമരുടേയും ആരാധനാകേന്ദ്രങ്ങള്‍ തോറും യുവാക്കള്‍ ഒന്നിച്ചുകൂടുകയും വിവിധതരത്തിലുള്ള ആയുധപരിശീലനങ്ങള്‍ നടത്തുകയും ചെയ്തു. പരിശീലനത്തോടൊപ്പം ആയുധശേഖരണവും നടന്നുവന്നു. ഇതിനെക്കുറിച്ച്, ഡോ. ടി.കെ. രവീന്ദ്രന്‍ 'വട്ടത്തൊപ്പിക്കാരായ ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കാനുള്ള അമ്പിന്‍മുനകള്‍ കുറിച്യരും കുറുമരും ഉണ്ടാക്കിയത് പാലങ്ങളില്‍ നിന്നും മറ്റും വലിച്ചൂരിയെടുത്ത ഇരുമ്പുകമ്പികള്‍കൊണ്ടായിരുന്നു'  എന്നാണ് എഴുതിയിട്ടുള്ളത്. ഇരുമ്പുവേലയില്‍ വിദഗ്ദ്ധരായ കുറുമര്‍ കുറുച്ചുകാലംകൊണ്ടുതന്നെ ആവശ്യത്തിനുള്ള ആയുധശേഖരണം നടത്തി. 
അടുത്തതായി തയ്യാറെടുപ്പ് എന്ന നിലയ്ക്ക് നടന്നത്, ഇംഗ്ലീഷ് ഉദ്യോഗസ്ഥരുടെ അതിക്രമങ്ങള്‍ക്കെതിരെ അസംതൃപ്തരായിരുന്ന ഉദ്യോഗസ്ഥരെയും പോലീസുകാരേയും കോല്‍ക്കാരെയും സംഘടിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു. അതിനുവേണ്ടി പ്രക്ഷോഭ നേതാക്കള്‍ കത്തയക്കുകയാണുണ്ടായത്. നാലാമത് പ്രകൃതിയുടെ അനുഗ്രഹമെന്നോണം വയനാട്ടില്‍ മുളകള്‍ പൂവിട്ടു. ഇത് ഒരു മാറ്റത്തിന്റെ നിദര്‍ശനമായി വിലയിരുത്തപ്പെട്ടു. ഈ പ്രവര്‍ത്തനങ്ങളെല്ലാം ഗൗരവത്തോടെയും അതീവ രഹസ്യസ്വഭാവത്തോടെയുമാണ് നടപ്പിലാക്കപ്പെട്ടത്. ഈ കാര്യങ്ങളുടെ നടത്തിപ്പിലെവിടെയും ഒരു വിധത്തിലുള്ള വീഴ്ചകളും വരാതിരുന്നതുകൊണ്ട് കമ്പനി അധികാരികള്‍ക്ക് സമരത്തിന്റെ സ്വഭാവത്തെക്കുറിച്ചോ ഉണ്ടാകാന്‍ പോകുന്ന സമരാവേശത്തിന്റെ വ്യാപ്തിയെ കുറിച്ചോ ഒരു തെളിവും ലഭിച്ചില്ല എന്നത് സമരഭടന്മാരുടെ അച്ചടക്കത്തിന്റേയും സംഘബോധത്തിന്റെയും മേന്മയാണ് വെളിവാക്കുന്നത്.
1812 മാര്‍ച്ച് 25ന് പുല്‍പ്പള്ളി ക്ഷേത്ര മൈതാനത്ത് സമരഭടന്മാര്‍ ഒന്നിച്ചു ചേരുകയും അവിടെ കരം പിരിക്കാനെത്തിയ കോല്‍ക്കാരെ തടഞ്ഞുവെക്കുകയും അവരെ സഹായിക്കാനെത്തിയ പോലീസുകാരെയും ഇംഗ്ലീഷ് ഉദ്യോഗസ്ഥരെയും കൈയ്യേറ്റം ചെയ്യുകയുമുണ്ടായി. കമ്പനിക്കെതിരെ സായുധപോരാട്ടം നടത്താന്‍ പുല്‍പ്പള്ളി ക്ഷേത്രത്തിലെ മുരിക്കന്മാരുടെ പേരിലാണ് ആഹ്വാനമിറക്കിയത്. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ റോഡുകള്‍ക്ക് കാവലായി കുറിച്യ സന്നദ്ധ ഭടന്മാര്‍ നില്‍ക്കുകയും ഇംഗ്ലീഷ് സൈന്യത്തിനുള്ള സഹായങ്ങള്‍ എത്തിക്കുന്നതിനെ ഫലപ്രദമായി തടയുകയും ചെയ്തു. വയനാട്ടിലേക്കുള്ള എല്ലാ വഴികളും തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളും കുറിച്യ-കുറുമ സമരസേനാനികളുടെ അധീനതയില്‍ വരികയും ചെയ്തു. പ്ലാക്ക ചന്തു, ആയിരംവീട്ടില്‍ കോന്തപ്പന്‍, മാമ്പിളതോടന്‍ കെയമു, വെങ്ങലോടി കേളു, രാമന്‍ നമ്പി തുടങ്ങിയവരൊക്കെയാണ് സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നത്. ചുരങ്ങളെല്ലാം സ്വാതന്ത്ര്യസമരസേനാനികള്‍ കയ്യടക്കിയതിന്റെ ഫലമായി ബ്രിട്ടീഷുകാര്‍ക്കുള്ള ആയുധസഹായങ്ങളെല്ലാം നിലയ്ക്കുകയും ചെയ്തു. ഇംഗ്ലീഷുകാരുടെ റിപ്പോര്‍ട്ടനുസരിച്ച് കുറ്റ്യാടി ചുരത്തില്‍ മാത്രം 200 ഓ 300 ഓ സ്വാതന്ത്ര്യദാഹികളായ വിപ്ലവകാരികളുണ്ടായിരുന്നു എന്നാണ് കണക്ക്. 
അതുപോലെ തദ്ദേശീയരായ പോലീസുകാര്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ധിക്കരിച്ച് വിപ്ലവകാരികളുടെ കൂടെ കൂടിയ സംഭവങ്ങളും പലയിടത്തുമുണ്ടായി. പുറക്കാടി പോസ്റ്റിലെ പോലീസുകാരും ബന്‍സാലിപുരത്തേക്കു നിയോഗിക്കപ്പെട്ട കോല്‍ക്കാരില്‍ 22 പേരും സമരത്തിന്റെ പടനയിച്ചു വന്ന 30 ഓളം കുറിച്യ സമരസേനാനികള്‍ക്കുമുമ്പില്‍ കീഴ്‌പ്പെടുകയും ഉണ്ടായി. ഈ സമരത്തെക്കുറിച്ച് ഡോ. ടി.കെ. രവീന്ദ്രന്‍ ഇനിയുമെഴുതുന്നു: വയനാട്ടിലെ പോലീസും റവന്യൂ ജീവനക്കാരും അവരുടെ ബ്രിട്ടീഷുകാരോടുള്ള കൂറ് പ്രക്ഷോഭകാരികളുടെ ഉദ്ദേശ്യലക്ഷ്യത്തിനുവേണ്ടി ഉപേക്ഷിച്ചുവെന്നും മറ്റ് പ്രക്ഷോഭങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറിച്യവിപ്ലവം വ്യാപകമായ അംഗീകാരമുള്ള ബഹുജന മുന്നേറ്റമായിരുന്നുവെന്നും. ഇങ്ങനെയൊരു സാഹചര്യം ഉയര്‍ന്നുവരുന്നതിനെക്കുറിച്ച് അന്നുണ്ടായിരുന്ന പല ഉദ്യോഗസ്ഥര്‍ക്കും അറിവുണ്ടായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. ബ്രിട്ടീഷുകാരോടുള്ള എതിര്‍പ്പു കാരണം അവരൊന്നും തങ്ങള്‍ക്കു ലഭിച്ചിരുന്ന വിവരങ്ങളൊന്നും മേല്‍ഘടകങ്ങളിലേക്കെത്തിച്ചിരുന്നില്ല. ഇതൊക്കെയായിരുന്നു 1812-ലെ കുറിച്യകലാപത്തിന്റെ ഓരോഘട്ടങ്ങളിലും സംഭവിച്ചിരുന്നത്.
ചുരങ്ങളുടെ മേലുള്ള അധികാരം നഷ്ടപ്പെട്ടതോടെ വയനാട് സ്വാതന്ത്ര്യസമരപടയാളികളുടെ കീഴിലമര്‍ന്നു. കേവലം 30ഓ 35ഓ ദിവസത്തെ കാലയളവു മാത്രമേ ഇതിനുണ്ടായിരുന്നുള്ളുവെങ്കിലും സമരസേനാനികള്‍ക്ക് വളരെ ആത്മവിശ്വാസം പകര്‍ന്ന് കിട്ടിയിരുന്നു. 1812 മെയ് 8-ാം തീയതി ആയപ്പോഴേക്കും വയനാട്ടില്‍ സമാധാനം പുലര്‍ന്നു. വെങ്ങലോടി കേളു, രാമന്‍ നമ്പി  തുടങ്ങിയ സമരനേതാക്കള്‍ പെരിയചുരത്തിലെ സംഘര്‍ഷത്തില്‍ വെടിയേറ്റു മരിക്കുകയാണുണ്ടായത്. അതോടെ സമരത്തിന് തിരശ്ശീല വീണു. എന്നാല്‍ ഈ സംഭവം കമ്പനി പട്ടാളത്തിന്റെ ആത്മധൈര്യത്തിനേല്‍പ്പിച്ച ആഘാതം ചെറുതൊന്നുമല്ല. അന്നത്തെ വയനാട് ഓപ്പറേഷന്‍സിന്റെ ചുമതല വഹിച്ചിരുന്ന ക്യാപ്റ്റന്‍ വെല്‍ഷിന്റെ വാക്കുകളിങ്ങനെയാണ്: 'എന്നോടൊപ്പം ബാംഗ്ലുര്‍ക്ക് മടങ്ങിപ്പോകാന്‍ ഒരൊറ്റ സഹായി മാത്രമേ അവശേഷിച്ചുള്ളൂ എന്നുതന്നെ പറയാം. വയനാട്ടിലുണ്ടായിരുന്ന ഞങ്ങളുടെ ഓഫീസര്‍മാരധികവും മരിച്ചു. നമ്മുടെ ആള്‍ക്കാരുടേയും കുടുംബാംഗങ്ങളുടേയും പരിക്കേറ്റവരുടെയും സ്ഥിതി ഏറെ വേദനാജനകമായിരുന്നു.' ഈ വാക്കുകളില്‍ നിന്നും അന്നു നടന്ന സായുധസ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ഒരു ചിത്രം ഏവര്‍ക്കും ലഭിക്കും എന്നത് സത്യമാണ്.
1789 മുതല്‍ ജനുവരി 1812 വരെ ഉള്ള 25 വര്‍ഷങ്ങളുടെ കാലയളവില്‍ കേരളത്തിലെ വനവാസി വിഭാഗങ്ങളിലൂടെ ഉയര്‍ന്നു വന്ന വിപ്ലവകരമായ ഈ രണ്ട് സ്വാതന്ത്ര്യസമര പോരാട്ടങ്ങളേയും വേണ്ടുവണ്ണം വെളിച്ചത്തുകൊണ്ടുവരാന്‍ സ്വാതന്ത്ര്യാനന്തര ചരിത്രകാരന്മാര്‍ തയ്യാറായില്ല, എന്ന വസ്തുത നാം തിരിച്ചറിയണം. അതു മനസ്സിലാവുമ്പോഴേ ചരിത്രരചനയില്‍ ഉണ്ടായിട്ടുള്ള കപടതയെക്കുറിച്ച് എംജിഎസ് നാരായണന്‍ പറഞ്ഞിട്ടുള്ളത് മുഴുവന്‍ മനസ്സിലാവുകയുള്ളൂ. എന്നു മാത്രമല്ല, 1812നുശേഷം 1947 വരെയുള്ള നീണ്ട സ്വാതന്ത്ര്യസമരപ്രക്ഷോഭങ്ങളിലൊന്നും വനവാസികളായ ഈ വിഭാഗം ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ ദേശീയ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയിരുന്ന രാഷ്ട്രീയ സംഘടനയ്‌ക്കോ അതിന് മുന്നില്‍ നിന്നിരുന്ന നേതാക്കള്‍ക്കോ എന്തുകൊണ്ട് സാധിച്ചില്ല. മറ്റ് പല വിഭാഗങ്ങളേയും തങ്ങളോടൊപ്പം എന്ത് വിലകൊടുത്തും നിര്‍ത്തിയപ്പോഴും വനവാസികളും കര്‍ഷകരുമായ ഇവര്‍ക്കുമാത്രം എന്തുകൊണ്ട് അയിത്തം കല്‍പ്പിച്ചു. ഈ വക കാര്യങ്ങള്‍ വിലയിരുത്തപ്പെടേണ്ടവയാണ്.
സഹായിച്ച പുസ്തകങ്ങള്‍
1. പഴശ്ശി സമരരേഖകള്‍ - ഡോ.കെ.കെ.എന്‍. കുറുപ്പ്. മാതൃഭൂമി ബുക്‌സ്
2. പഴശ്ശിരാജ ചമയങ്ങളില്ലാതെ - മുണ്ടക്കയം ഗോപി. സഹ്യ പബ്ലിക്കേഷന്‍സ്
3. 1970 കളിലെ ആദിവാസി സമരങ്ങള്‍ - എഡിറ്റര്‍ പള്ളിയറ രാമന്‍,  കേരള വനവാസി വികാസ കേന്ദ്രം, കോട്ടൂളി.
4. കുറിച്യകലാപം - ഡോ. ടി.കെ. രവീന്ദ്രന്‍, കേരള വനവാസി വികാസ കേന്ദ്രം, കോട്ടൂളി.
5. ഗോത്രസ്മൃതി - സ്മരണിക 95, കേരള സാക്ഷരതാ സമിതി ആദിവാസി സാക്ഷരതാ പദ്ധതി.
6. കേരളവര്‍മ്മ പഴശ്ശിരാജ - ഡോ. കെ.എസ്. മോഹന്‍, കുരുക്ഷേത്ര പ്രകാശന്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments