Kesari WeeklyKesari

അഭിമുഖം

അരുണ്‍കുമാര്‍/ സത്യനാഥന്‍.കെ

on 01 December 2017

രാഷ്ട്രീയസ്വയംസേവകസംഘം അഖിലഭാരതീയ സഹസമ്പര്‍ക്കപ്രമുഖും 
2005 മുതല്‍ 2011 വരെ ജമ്മുകാശ്മീര്‍ പ്രാന്തപ്രചാരകനുമായിരുന്ന അരുണ്‍കുമാറു
മായി  കേസരിക്ക് വേണ്ടി സത്യനാഥന്‍.കെ നടത്തിയ അഭിമുഖത്തില്‍ 
വര്‍ത്തമാനകാല ജമ്മുകാശ്മീരിലെ സാഹചര്യത്തെ വിലയിരുത്തുന്നു.

അരുണ്‍കുമാര്‍/ സത്യനാഥന്‍.കെ
ഇന്ന്  ഒക്‌ടോബര്‍ 26ന് ജമ്മുകാശ്മീര്‍ ലയനദിവസമാണല്ലോ. ഈ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും വിശദീകരിക്കാമോ ? 
ഇന്ന് ജമ്മുകാശ്മീരിനെ സംബന്ധിച്ച് ചരിത്രപരമായ പ്രാധാന്യമുള്ള ദിവസമാണ്. 1947 ഒക്‌ടോബര്‍ 26-ാം തീയതിയാണ് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മഹാരാജാ ഹരിസിംഗ് ജമ്മുകാശ്മീരിനെ ഭാരതത്തില്‍ ലയിപ്പിക്കാനുള്ള കരാറില്‍ ഒപ്പുവെച്ചത്. ജമ്മുകാശ്മീരിനെ പാകിസ്ഥാനില്‍ ലയിപ്പിക്കുവാന്‍ ബ്രിട്ടീഷ് ഭരണകൂടം ഗൂഢാലോചന നടത്തുകയുണ്ടായി. ജമ്മുകാശ്മീരിനകത്തുള്ള ചില സ്ഥാപിതതാല്‍പ്പര്യക്കാരും പാകിസ്ഥാനില്‍ ലയിക്കുന്നതിനു അനുകൂലമായിരുന്നു. എന്നാല്‍ ബാഹ്യസമ്മര്‍ദ്ദങ്ങളെയെല്ലാം മഹാരാജാ ഹരിസിംഗ് അതിജീവിച്ചു. ജമ്മുകാശ്മീരിനെ ഭാരതത്തില്‍ ലയിപ്പിക്കുവാന്‍ രാജാ ഹരിസിംഗിനെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ തീവ്രമായ ദേശഭക്തിയായിരുന്നു. അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങള്‍ ഭാരതത്തില്‍ ലയിക്കാന്‍ തീരുമാനിച്ച ദിവസം തന്നെയാണ് ജമ്മുകാശ്മീരും ഭാരതത്തില്‍ ലയിക്കുന്നത്. അന്ന് ജമ്മുകാശ്മീരില്‍ ഭാരതത്തിന്റെ ത്രിവര്‍ണ്ണപതാക ചുരുള്‍ നിവര്‍ത്തപ്പെട്ടു. ഈ ചരിത്രസംഭവമാണ് ജമ്മുകാശ്മീര്‍ ലയനദിവസമായി വളരെ ആഹ്ലാദപൂര്‍വ്വം കൊണ്ടാടുന്നത്.
ജമ്മുകാശ്മീര്‍ ലയനത്തിന്റെ കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും അതിന്റെ രണ്ടാമത്തെ സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വള്‍ക്കറുടെയും പേര് പരാമര്‍ശിച്ചുകേള്‍ക്കാറുണ്ട്. എന്താണിതിന്റെ വാസ്തവം? 
മഹാരാജാ ഹരിസിംഗ് ജമ്മുകാശ്മീരിനെ ഭാരതത്തോട് ലയിപ്പിക്കുവാന്‍ സന്നദ്ധനായിരുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ലയനത്തിനു മുന്നോടിയായി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ഒരു നിബന്ധന വെക്കുകയുണ്ടായി. ലയനത്തിനു മുന്‍പു തന്നെ അധികാരം ഷേഖ് അബ്ദുള്ളയ്ക്ക് കൈമാറണം എന്നതായിരുന്നു ആ നിബന്ധന. എന്നാല്‍ ആ നിബന്ധന അംഗീകരിക്കുവാന്‍ മഹാരാജാ ഹരിസിംഗ് വിസമ്മതിച്ചു. നെഹ്രു മുന്നോട്ട് വെച്ച ഈ നിബന്ധനയെ എതിര്‍ക്കാന്‍ പ്രമുഖനേതാക്കള്‍ അശക്തരായിരുന്നു. പലരും മൗനം പാലിച്ചു. നെഹ്രുവിനും രാജാഹരിസിംഗിനും ഇടയിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ലയനം നീണ്ടുപോകുന്നത് സര്‍ദാര്‍ വല്ലഭഭായ് പട്ടേലിനെ ചിന്താകുലനാക്കി. പാകിസ്ഥാന്‍ അതേസമയം ജമ്മുകാശ്മീര്‍  പിടിച്ചെടുക്കാനുള്ള പദ്ധതികള്‍ മെനയുകയായിരുന്നു. സമയം പാഴാകുന്നത് ഭാരതത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഹിതകരമല്ലെന്ന ബോധ്യമുണ്ടായിരുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ മഹാരാജാ ഹരിസിംഗുമായി ബന്ധമുണ്ടായിരുന്ന ആര്‍എസ്എസ്. സര്‍സംഘചാലക് ഗുരുജി ഗോള്‍വള്‍ക്കറെ സമീപിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ പ്രതിനിധിയായി 1947 ഒക്‌ടോബര്‍ 17-നു ഗുരുജി കാശ്മീരിലെത്തി. 18-ാം തീയതി അദ്ദേഹം മഹാരാജാവുമായി കൂടിക്കാഴ്ച്ച നടത്തി. ലയനത്തിനുശേഷമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും താന്‍ കൈകാര്യം ചെയ്യാമെന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ സന്ദേശം അദ്ദേഹം കൈമാറി. ലയനം സംബന്ധിച്ച് നെഹ്രുവുമായി ധാരണയിലെത്തണമെന്ന് ഗുരുജി അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. അല്ലാത്തപക്ഷം ദുരിതമനുഭവിക്കേണ്ടി വരിക ജമ്മുകാശ്മീരിലെ ജനങ്ങളായിരിക്കുമെന്ന് ഗുരുജി, ഹരിസിംഗിനെ ബോധ്യപ്പെടുത്തി. ഒരാഴ്ച പിന്നിട്ടപ്പോള്‍ മഹാരാജാ ഹരിസിംഗ് ലയനത്തിനായി സന്നദ്ധത അറിയിച്ചു. 
ഹരിസിംഗുമായി  ഗുരുജി  നടത്തിയ ചര്‍ച്ചകള്‍ക്ക് എന്തെങ്കിലും രേഖകള്‍ ഉണ്ടോ ?
ആര്‍എസ്എസ്സിന്റെ സര്‍സംഘചാലകന്മാര്‍ മുന്‍കൂട്ടി നിശ്ചയിച്ച യാത്രകള്‍ മാത്രമാണ് നടത്താറുള്ളത്. ഗുരുജിയുടെ ത്രിദിന കാശ്മീര്‍ സന്ദര്‍ശനം മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരമായിരുന്നില്ല. കാശ്മീരില്‍ മറ്റു പരിപാടികളും അദ്ദേഹത്തിനായി നിശ്ചയിച്ചിരുന്നില്ല. അദ്ദേഹം മഹാരാജാ ഹരിസിംഗിനോട് എന്തു സംസാരിച്ചുവെന്നത് ഇന്നും രഹസ്യമായി തുടരുന്നു. ഇതൊന്നും രേഖപ്പെടുത്തി വെക്കാനുള്ള സാഹചര്യമായിരുന്നില്ല അന്ന്. ഏകദേശം 20 വര്‍ഷങ്ങള്‍ക്കു ശേഷം ലയനസമയത്ത് മഹാരാജാവിന്റെ എ.ഡി.സി ആയിരുന്ന ക്യാപ്റ്റന്‍ ദിവാന്‍ സിംഗ് ജമ്മുവില്‍ വെച്ച് ഗുരുജിയെ കാണാനിടയായാവുകയും മഹാരാജാ ഹരിസിംഗുമായി ചര്‍ച്ച നടത്തിയ വ്യക്തി ഗുരുജിയാണെന്ന് തിരിച്ചറിയുകയും ചെയ്തു. അങ്ങനെയാണ് ജമ്മുകാശ്മീര്‍ ലയനത്തില്‍ ഗുരുജി നടത്തിയ ഇടപെടലുകള്‍ പുറംലോകമറിയുന്നത്. 
സ്വാതന്ത്ര്യലബ്ധിക്കു ശേഷം ജമ്മുകാശ്മീരിലെ സ്ഥിതിഗതികള്‍ അനുദിനം വഷളായി വരുകയാണല്ലോ. വിഘടനവാദികളുമായി ചര്‍ച്ച നടത്തില്ലെന്ന നിലപാടില്‍ ഭാരതം അയവു വരുത്തുകയാണെന്ന വാര്‍ത്തകള്‍ വരുന്നു. എന്താണ് ഇതുസംബന്ധിച്ചുള്ള സ്ഥിതി ?
ഭീകരവാദികളുമായോ വിഘടനവാദികളുമായോ ചര്‍ച്ച നടത്തുന്നത് വ്യര്‍ത്ഥമാണെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അതേസമയത്ത് ജമ്മുകാശ്മീരിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൃത്യമായി അറിയുകയും അവ പരിഹരിക്കേണ്ടതുമുണ്ട്. അതിനാണ് ഐ.ബി തലവനായിരുന്ന ദിനേശ്വര്‍ ശര്‍മ്മയെ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതിനിധിയായി നിയോഗിച്ചത്. അല്ലാതെ ജമ്മുകാശ്മീരിനെ കുറിച്ചോ അതിന്റെ പദവിയെക്കുറിച്ചോ ചര്‍ച്ച ചെയ്യാനല്ല. ഭാരതത്തിന്റെ പരമാധികാരത്തെ അംഗീകരിക്കുന്ന ആരുമായും ചര്‍ച്ചനടത്താന്‍ അദ്ദേഹത്തിനു സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തിന്റെ വിലയിരുത്തലുകളെ വിശകലനം ചെയ്ത് ഭരണഘടനാനുസൃതമായി പരിഹാരനടപടികള്‍ സ്വീകരിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനു തന്നെയാണ്. 
സര്‍ക്കാരിന്റെ പ്രതിനിധിയെ ജമ്മുകാശ്മീരിലേക്ക് അയച്ചത് ഒരു നയതന്ത്രമായി കരുതാനാകുമോ?
ദിനേശ്വര്‍ ശര്‍മ്മയെ സര്‍ക്കാര്‍ പ്രതിനിധിയായി നിയോഗിച്ചത് വാസ്തവത്തില്‍ ഒരു സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് തന്നെയാണ്. ഒരു വെടി പോലും പൊട്ടിക്കാതെയുള്ള സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് നമ്മുടെ രാജ്യത്തിനെതിരായ നിലപാട് സ്വീകരിക്കേണ്ടി വന്ന നിസ്സഹായരെ ഉദ്ദേശിച്ചാണ് ഈ സ്‌ട്രൈക്ക്. നിരന്തരമുള്ള അക്രമങ്ങളില്‍ മനസ്സുമടുത്തവരും അഴിമതിക്കെതിരെയും  ഭരണത്തെക്കുറിച്ച് പരാതിയുള്ളവരും അദ്ദേഹത്തെ സമീപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നമ്മുടെ തന്നെ പ്രശ്‌നങ്ങളാണ്. അതുകൊണ്ടു തന്നെ അവരുമായി സംവദിക്കുന്നത് നിലപാടിലുള്ള വ്യതിയാനമായി കണക്കാക്കേണ്ടതില്ല. എന്നും ശത്രുതാപരമായ സമീപനം മാത്രം വെച്ചുപുലര്‍ത്തുന്ന പാകിസ്ഥാനുമായി പോലും നമ്മള്‍ ചര്‍ച്ച നടത്തിയിട്ടില്ലേ? അതേസമയം ആയുധമെടുത്തു പോരാടുന്നവരോട് സൈന്യമായിരിക്കും സംസാരിക്കുക. ഭീകരര്‍ക്കെതിരെയുള്ള നടപടിയില്‍ വിട്ടുവീഴ്ച്ചയുണ്ടാവില്ല. ചര്‍ച്ചകളും ഭീകരവാദികള്‍ക്കെതിരെയുള്ള സൈനിക നടപടിയും തുടരും. 
ജമ്മുകാശ്മീര്‍ വിഷയത്തില്‍ ചൈനയുടെ താല്‍പ്പര്യമെന്താണ്? ഇത് നമ്മുടെ രാജ്യസുരക്ഷയെ എങ്ങനെ ബാധിക്കും ?
ചൈന നടത്തുന്ന വാചകക്കസര്‍ത്തുകളെ കാര്യമായെടുക്കേണ്ടതില്ലെന്ന് എനിക്കു തോന്നുന്നു. ചൈനയ്ക്ക് കാശ്മീര്‍ വിഷയത്തിലുള്ള നിലപാടു പോലെ തന്നെ ചൈനയുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന ടിബറ്റ്, തായ്‌വാന്‍ എന്നിവയെക്കുറിച്ച് ഭാരതത്തിനും വ്യക്തമായ നിലപാടുണ്ട്. ചൈനയെ തന്ത്രപരമായി കൈകാര്യം ചെയ്യാന്‍ ഭാരതത്തിനു സാധിക്കും. കാശ്മീരി തീവ്രവാദത്തോടുള്ള ചൈനയുടെ നിലപാട് നീതിക്കു നിരക്കുന്നതല്ല. ഉയിഗൂര്‍ അടക്കമുള്ള പ്രവിശ്യകളിലെ ഇസ്ലാമിക തീവ്രവാദത്തിനെതിരെ പോരാടുന്ന അതേ ചൈനയാണ്  ജയ്‌ഷെ മുഹമ്മദിനെയും അതിന്റെ തലവന്‍ അസര്‍ മഹമൂദിനെയും പിന്തുണയ്ക്കുന്നത്. ഈ രണ്ടു നിലപാടുകളും പരസ്പരം യോജിക്കുന്നതല്ല. 
പാകിസ്ഥാനിലും പാക് അധീന കാശ്മീരിലും ചൈന വന്‍തോതില്‍ നിക്ഷേപം നടത്തുകയാണല്ലോ ?
അതെ. ഈ നിക്ഷേപം നമ്മെ ആശങ്കപ്പെടുത്തുന്നതാണ്. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (ഇജഋഇ) പാക് അധീന കാശ്മീരിലെ ഗില്‍ജിത്തിലൂടെയാണു കടന്നുപോകുന്നത്. ഭാരതത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിത്. ഭാരതവും ചൈനയും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതിനും ഇരു രാഷ്ട്രങ്ങളുടെയും പുരോഗതിക്കും ജമ്മുകാശ്മീര്‍ വിഷയത്തിന്‍മേല്‍ ചൈന സ്വീകരിച്ചിട്ടുള്ള നിലപാട് മാറിയേ മതിയാകൂ.
ഇന്ത്യയുടെ എതിര്‍പ്പുകള്‍ വകവെക്കാതെ സാമ്പത്തിക ഇടനാഴിയുമായി മുന്നോട്ട് പോകാന്‍ ചൈനയെ പ്രേരിപ്പിക്കുന്നത് എന്താണ്?
ചൈനയുടെ ചരക്ക് ഗതാഗതത്തിന്റെ 60% ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയാണ്. ഏതെങ്കിലും വിധത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടാല്‍ അതു വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന തിരിച്ചറിവ് ചൈനയ്ക്കുണ്ട്. അതുകൊണ്ടു തന്നെ അതിനുള്ള പ്രതിവിധിയാണ് ഈ സാമ്പത്തിക ഇടനാഴി. പക്ഷേ ഈ ഇടനാഴി കടന്നുപോകുന്നത് ഗില്‍ജിത്തിലൂടെയാണ്. അതുകൊണ്ടാണു ഈ പദ്ധതിയെ ഭാരതം എതിര്‍ക്കുന്നത്. 
ബലൂചിസ്ഥാനില്‍ ഉയര്‍ന്നുവരുന്ന പാക് വിരുദ്ധ മനോഭാവത്തെ എങ്ങനെ കാണുന്നു? കിഴക്കന്‍ പാകിസ്ഥാനെ മോചിപ്പിച്ച് ബംഗ്ലാദേശ് എന്ന രാജ്യം ഉണ്ടാക്കിയതു പോലൊരു സൈനിക നടപടി ഭാവിയില്‍ ഭാരതത്തിന്റെ ഭാഗത്തു നിന്നും പ്രതീക്ഷിക്കാമോ?
ബലൂചിസ്ഥാനില്‍ ഏതു നിമിഷവും പാകിസ്ഥാന്‍ വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടാമെന്നതില്‍ സംശയമില്ല. പക്ഷേ,  ഭൂമിശാസ്ത്രപരമായി നോക്കുകയാണെങ്കില്‍ ബംഗ്ലാദേശും ബലൂചിസ്ഥാനും തമ്മില്‍ സാമ്യതകളില്ല. ബംഗ്ലാദേശ് പാകിസ്ഥാന്റെ ഭരണകേന്ദ്രവുമായി വളരെ അകലെയായിരുന്നു. പക്ഷേ ബലൂച് പ്രവിശ്യ പാക് സൈന്യത്തിന്റെ കൈവെള്ളയിലാണ്. അവിടുത്തെ പ്രശ്‌നങ്ങളും ജനവികാരവും വ്യത്യസ്തമാണ്. പാകിസ്ഥാന്‍ തങ്ങളുടെതാണെന്ന് വരേണ്യ പഞ്ചാബി സമൂഹം കരുതുന്നു. സിന്ധ്, പഷ്ത്തൂണ്‍, മൊഹാജിര്‍, ബലൂച്ച് ജനവിഭാഗങ്ങള്‍ അടിമസമാനമായ ജീവിതമാണു നയിക്കുന്നത്. ഇതില്‍ അവര്‍ക്ക് അമര്‍ഷമുണ്ട്. ആഭ്യന്തര കലാപം രൂക്ഷമായാല്‍ അതു പാകിസ്ഥാന്റെ വിഭജനത്തില്‍ കലാശിച്ചേക്കാം. പക്ഷേ പാകിസ്ഥാനെ അസ്ഥിരമാക്കുന്ന തരത്തില്‍ ഭാരതത്തിന്റെ ഭാഗത്തു നിന്നും ഇടപെടലുണ്ടാകുമെന്ന് കരുതാനാവില്ല. 
കശ്മീര്‍ താഴ്‌വരകളില്‍നിന്നും അഭയാര്‍ത്ഥികളായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പലായനം ചെയ്ത പണ്ഡിറ്റുകളുടെ പുനരധിവാസം എക്കാലത്തും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്താണു പണ്ഡിറ്റുകളുടെ പുനരധിവാസ പ്രഖ്യാപനങ്ങളുടെ നിലവിലെ സ്ഥിതി ? ഇത് കേവലം പ്രഖ്യാപനമായി കടലാസില്‍ തന്നെ അവശേഷിക്കുകയാണോ? 
കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പണ്ഡിറ്റുകളുടെ പുനരധിവാസത്തെ ഗൗരവത്തോടെയാണു കാണുന്നത്. കാശ്മീരില്‍ നിന്നും പലായനം ചെയ്തവരില്‍ പണ്ഡിറ്റുകള്‍ മാത്രമല്ല. പാക് അധീന കാശ്മീരില്‍ നിന്നും അഭയാര്‍ത്ഥികളായി വന്നവരുമുണ്ട്. രണ്ടായിരം കോടിയോളം രൂപ അവരുടെ ക്ഷേമത്തിനായി ചെലവഴിച്ചിട്ടുണ്ട്. ഇനി പുനരധിവാസത്തിന്റെ കാര്യം നോക്കുകയാണെങ്കില്‍ ഒട്ടേറെ കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. പുനരധിവാസത്തിനായുള്ള സ്ഥലം കണ്ടെത്തുകയും അവിടെ പാര്‍പ്പിട-വിദ്യാഭ്യാസ-തൊഴില്‍ സൗകര്യങ്ങള്‍ ഒരുക്കുകയും വേണം. അതോടൊപ്പം അവര്‍ക്ക് സുരക്ഷിതമായി കഴിയുവാനുള്ള സാഹചര്യവും ഒരുക്കുക. മടങ്ങിപ്പോക്കിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ തങ്ങള്‍ വീണ്ടും അക്രമിക്കപ്പെടുമോ, തങ്ങളുടെ ഭാവി എന്തായിരിക്കും എന്നീ ആശങ്കകളും ഹിന്ദുസമൂഹത്തിനിടയിലുണ്ട്. 
ആ ആശങ്കകള്‍ക്ക് പരിഹാരം കണ്ടെത്തിയതിനുശേഷം മാത്രമേ പുനരധിവാസ പ്രവര്‍ത്തനം ആരംഭിക്കാനാവൂ. നിലവില്‍ സ്ഥലമേറ്റെടുക്കല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏതായാലും 1990-കളിലെ സ്ഥിതിയല്ല ഇന്ന് കശ്മീരില്‍. ഇന്ന് കാശ്മീര്‍ ശാന്തമായിക്കൊണ്ടിരിക്കുന്നു. ഏതായാലും പുനരധിവാസ പ്രവര്‍ത്തനം സമയമെടുത്ത് പൂര്‍ത്തിയാക്കേണ്ടതാണ്. 
കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തെ പോലെ തന്നെ പരിഗണിക്കപ്പെടേണ്ടതല്ലേ റോഹിംഗ്യകളുടെ പുനരധിവാസവും ?
അല്ല. ഒരിക്കലുമല്ല. കാശ്മീരികളുടെ പലായനവും റോഹിംഗ്യകളുടെ പാലായനവും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. ഈ വിഷയങ്ങളെ കൂട്ടിക്കുഴയ്ക്കരുത്. കാശ്മീരികള്‍ ഭാരതപൗരന്മാരാണ്. അവരെ സംരക്ഷിക്കേണ്ടതും പുനരധിവസിപ്പിക്കേണ്ടതും നമ്മുടെ കടമയാണ്. എന്നാല്‍ റോഹിംഗ്യകളുടെത് കേവലം മനുഷ്യാവകാശ പ്രശ്‌നമായി കാണുവാന്‍ സാധിക്കില്ല. രാജ്യസുരക്ഷയെ തന്നെ ബാധിക്കാവുന്നതാണ് ഇവരുടെ കുടിയേറ്റം. തങ്ങളുടെ സുരക്ഷയില്‍ ആശങ്കയുള്ളവരായിരുന്നെങ്കില്‍ മ്യാന്മറുമായി (ബര്‍മ്മ) അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലായിരുന്നു അവര്‍ കുടിയേറിപാര്‍ക്കേണ്ടിയിരുന്നത്. അവരെ അവിടെ താല്‍ക്കാലിക സംവിധാനത്തില്‍ പാര്‍പ്പിക്കുവാനും മ്യാന്മറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്ന മുറയ്ക്ക് അവരെ സ്വന്തം നാട്ടിലേക്ക് അയക്കാനും ഭാരതത്തിനു സാധിക്കുമായിരുന്നു. എന്നാല്‍ റോഹിംഗ്യകള്‍  ആയിരക്കണക്കിനു കിലോമീറ്ററുകള്‍ സഞ്ചരിച്ച് ജമ്മുകാശ്മീരിലേക്ക് കുടിയേറുന്നതായി കണ്ടുവരുന്നു. ഐക്യരാഷ്ട്ര സഭയില്‍ അഭയാര്‍ത്ഥികളായി രജിസ്റ്റര്‍ ചെയ്ത എണ്ണായിരത്തോളം പേര്‍ കാശ്മീരിലാണുള്ളത്. എന്തിനാണിവര്‍ കാശ്മീരിലേക്ക് കുടിയേറുന്നത് ? അവരില്‍ പലര്‍ക്കും ആധാറും റേഷന്‍ കാര്‍ഡുമുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നു. ആരാണവര്‍ക്ക് ഈ രേഖകള്‍ ഉണ്ടാക്കി നല്‍കിയത്? റോഹിംഗ്യകളെ മാനുഷിക പരിഗണനയുടെ പുറത്ത് പിന്തുണയ്ക്കുന്ന പലര്‍ക്കും ഇക്കാര്യങ്ങള്‍ അറിയില്ല. റോഹിംഗ്യകളുടെ ഇടയില്‍ പാകിസ്ഥാന്‍ ചാരസംഘടന പിടിമുറുക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ഈ വിഷയം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നു ഞാന്‍ പറഞ്ഞത്. മ്യാന്മറില്‍ ബുദ്ധ-ഹിന്ദു ജനവിഭാഗങ്ങള്‍ക്കു നേരെ ഏകപക്ഷീയമായ അക്രമം നടത്തിയതിനെ തുടര്‍ന്നുണ്ടായ സൈനിക നടപടിയെത്തുടര്‍ന്നാണ് രോഹിംഗ്യകള്‍ക്ക് പലായനം ചെയ്യേണ്ടി വന്നതെന്ന യാഥാര്‍ത്ഥ്യം പലരും മറച്ചുവെക്കുന്നു.
ഇനി ആര്‍ട്ടിക്കിള്‍ 370 യിലേക്ക് വരാം. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കണമെന്ന ആവശ്യം നീണ്ടുപോകുന്നു. എന്താണ് അങ്ങയുടെ നിലപാട്? 
ആര്‍ട്ടിക്കിള്‍ 370 ഇന്ന് കേവലം രാഷ്ട്രീയ വാഗ്വാദത്തിനുള്ള വിഷയമായി മാറിയിരിക്കുന്നു. ആര്‍ട്ടിക്കിള്‍ 370-നെക്കുറിച്ച് കൂടുതലറിയാന്‍ ആരും ശ്രമിക്കുന്നില്ലെന്നതാണ് വസ്തുത. ആര്‍ട്ടിക്കിള്‍ 370-ല്‍ തന്നെ അത് താല്‍ക്കാലികമാണെന്ന് വ്യക്തമാക്കുന്നുണ്ട്. 1950 ജനുവരി 26-നു മറ്റു സംസ്ഥാനങ്ങളിലേതെന്നു പോലെ ജമ്മുകാശ്മീരിലും ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നു. എന്നാല്‍ പിന്നീട് നടന്നത് ആര്‍ട്ടിക്കിള്‍ 370-യുടെ അവഹേളനമാണ്. 1952-ല്‍ ഷേഖ് അബ്ദുള്ളയും ജവഹര്‍ലാല്‍ നെഹ്രുവും ചേര്‍ന്ന് ജമ്മുകാശ്മീരില്‍ ഭാരതത്തിന്റെ മുഴുവന്‍ ഭരണഘടനയും ബാധകമാക്കേണ്ടതില്ലെന്ന ധാരണയിലെത്തി. ഒരു ഇന്ത്യന്‍ സംസ്ഥാനത്ത് ഇന്ത്യന്‍ ഭരണഘടന ബാധകമല്ലാതാകുന്ന ഈ സ്ഥിതിവിശേഷത്തിനെതിരെ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി എന്നിങ്ങനെ പ്രമുഖരായ പല ദേശീയനേതാക്കളും സംഘടനകളും രംഗത്തുവന്നു. 1954-ല്‍ വീണ്ടും ഭരണഘടന അവഹേളിക്കപ്പെട്ടു. നൂറില്‍ കൂടുതല്‍ ആര്‍ട്ടിക്കിളുകള്‍ കൂടി ജമ്മുകാശ്മീരില്‍ അസാധുവാക്കപ്പെടുകയോ ഭേദഗതി വരുത്തുകയോ ചെയ്തു. ഇത് പാര്‍ലമെന്റിന്റെ അംഗീകാരത്തോടെയല്ല നടന്നത്. ആര്‍ട്ടിക്കിള്‍ 35-എയും ഇപ്രകാരമാണു കൂട്ടിച്ചേര്‍ത്തത്. ആര്‍ട്ടിക്കിള്‍ 370 അല്ല, മറിച്ച് ഭരണഘടനയുടെ ലംഘനവും അവഹേളനവുമാണ് നമ്മള്‍ ഗൗരവമായി കാണേണ്ടത്. ജമ്മുകാശ്മീരിനു ഒരിക്കലും പ്രത്യേക സംസ്ഥാന പദവി നല്‍കിയിട്ടില്ല. ആര്‍ട്ടിക്കിള്‍ 370-നെ രാഷ്ട്രീയ വിഷയമായി മാത്രം കാണേണ്ടതല്ല. ആര്‍ട്ടിക്കിള്‍ 370 കാരണം ഭരണഘടനയുടെ 74, 75 ഭേദഗതികള്‍ ജമ്മുകാശ്മീരില്‍ ബാധകമായില്ല. ത്രിതല പഞ്ചായത്ത് സംവിധാനമോ ഒബിസി സംവരണമോ എസ്.ടി വിഭാഗങ്ങള്‍ക്കുള്ള രാഷ്ട്രീയ സംവരണമോ ഇല്ല. ആര്‍ട്ടിക്കിള്‍ 370 ലിംഗസമത്വത്തിനും എസ്‌സി-എസ്ടി, ഒബിസി സംവരണത്തിനുമെതിരും ജനാധിപത്യവിരുദ്ധവും ദുര്‍ബലജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഹനിക്കുന്നതുമാണ്. വിവരാവകാശ നിയമവും സ്ത്രീപീഡന നിരോധനനിയമവും ബാലപീഡന നിരോധനനിയവും ജമ്മുകാശ്മീരില്‍ ബാധകമല്ല. ആര്‍ട്ടിക്കിള്‍ 370 നിലനിര്‍ത്തണമെന്ന് വാദിക്കുന്നവര്‍ ഇതിനുള്ള മറുപടി നല്‍കാന്‍ ബാധ്യസ്ഥരാണ്.  
രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെയും മറ്റു വിവിധക്ഷേത്രസംഘടനകളുടെയും പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കാമോ ? ജനങ്ങള്‍ക്കിടയില്‍ ദേശീയബോധവും സമരസതയും ഐക്യവും വളര്‍ത്താന്‍ ഈ സംഘടനകളുടെ പ്രവര്‍ത്തനം എത്രത്തോളം സഹായകരമാണ്?
ജമ്മു, കാശ്മീര്‍, ലഡാക്ക് എന്നീ മൂന്നുമേഖലകളിലും സംഘത്തിനു പ്രവര്‍ത്തനമുണ്ട്. അഭയാര്‍ത്ഥികളുടെയും പലായനം ചെയ്യപ്പെട്ടവരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനുള്ള ഇടപെടല്‍ നടത്തുന്നു. അതിര്‍ത്തി ഗ്രാമങ്ങളില്‍ വസിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്നു, അതിര്‍ത്തി കടന്ന് പാകിസ്ഥാന്‍ നടത്തുന്ന അക്രമങ്ങള്‍ക്കിരയാകുന്നവര്‍ക്ക് സഹായമെത്തിക്കുക, തീവ്രവാദത്തിന്റെ ഇരകള്‍ക്ക് സാന്ത്വനമേകുക എന്നീ പ്രവര്‍ത്തനങ്ങള്‍ സംഘപ്രസ്ഥാനങ്ങള്‍ നടത്തുന്നു. പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോള്‍ ദുരിതാശ്വാസ/പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും സ്വയംസേവകര്‍ മുന്നിട്ടിറങ്ങുന്നു. വിദ്യാഭ്യാസമേഖലയില്‍ ഏകല്‍ വിദ്യാലയങ്ങളുടെ രൂപത്തില്‍ ശക്തമായ സാന്നിധ്യമാകാന്‍ സാധിച്ചിട്ടുണ്ട്. നാലായിരത്തോളം ഏകല്‍ വിദ്യാലയങ്ങളാണ് ജമ്മുകാശ്മീരിലുള്ളത്. 
ജമ്മുകാശ്മീരിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് ഒന്നു വ്യക്തമാക്കാമോ? 
ജമ്മുകാശ്മീരിലെ പ്രശ്‌നങ്ങളെ പലപ്പോഴും പെരുപ്പിച്ചു കാട്ടുകയാണ് മാധ്യമങ്ങള്‍. പലപ്പോഴും അര്‍ദ്ധസത്യങ്ങളോ നുണകളോ ആണ് വാര്‍ത്തയായി വരാറുള്ളത്. ബഹുഭൂരിപക്ഷം കാശ്മീരികളും ഭാരതത്തെ സ്‌നേഹിക്കുന്നവരാണ്. വളരെ ചെറിയ ഒരു പ്രദേശത്തു മാത്രമാണ് വിഘടനവാദികള്‍ക്ക് വേരോട്ടമുള്ളത്. ആ പ്രദേശങ്ങള്‍ ഒഴിച്ചാല്‍ മറ്റു പ്രദേശങ്ങള്‍ ശാന്തമാണ്. ജമ്മുകാശ്മീരിനെ സംബന്ധിച്ചുള്ള ആധികാരികമായ വിവരങ്ങള്‍ക്ക് ംംം.ഷമാാൗസമവൊശൃിീം.രീാ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കാശ്മീര്‍ ശാന്തമാകുമെന്നും വിനോദസഞ്ചാരം പുനരാരംഭിക്കാന്‍ സാധിക്കുമെന്നും താങ്കള്‍ കരുതുന്നുവോ?
തീര്‍ച്ചയായും. കാശ്മീരിലെ കലുഷിതമായ അന്തരീക്ഷം തെളിയുകയാണ്. യുവാക്കള്‍ ദേശീയതയെ പുണരുകയാണ്. ജമ്മുകാശ്മീരിനെക്കാളും ഇന്ന് ആശങ്കപ്പെടേണ്ടത് കേരളത്തെയും ബംഗാളിനെയും കുറിച്ചോര്‍ത്താണെന്ന് എനിക്ക് നിശ്ചയമായും പറയാന്‍ സാധിക്കും.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments