Kesari WeeklyKesari

അനുസ്മരണം

പഴശ്ശിസ്മരണയെ വിസ്മൃതിയിലാഴ്ത്താന്‍ ശ്രമിച്ചവര്‍--വി.കെ. സന്തോഷ്‌കുമാര്‍

on 01 December 2017

ഭാരതചരിത്രത്തിലെ ഒരു നിര്‍ണായക കാലഘട്ടത്തിന്റെ അത്യുജ്ജ്വലമായ വീരേതിഹാസമാണ് കേരളവര്‍മ പഴശ്ശിരാജാവിന്റെ നേതൃത്വത്തില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധസമരങ്ങള്‍. ഇന്നത്തെ കണ്ണൂര്‍ ജില്ലയിലെ കോട്ടയം പ്രദേശത്ത് നിന്ന് ആരംഭിച്ച് വയനാട്ടിലും കോഴിക്കോട് ജില്ലയിലെ ചിലകേന്ദ്രങ്ങളിലും വ്യാപിച്ച ആസൂത്രിതവും സംഘടിതവുമായ സായുധകലാപങ്ങളാണ് പഴശ്ശിയുടെ നേതൃത്വത്തി ല്‍ നടന്നത്. അരനൂറ്റാണ്ടുമാത്രം ജീവിച്ച പഴശ്ശിരാജാവിന്റെ ജീവിതം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റേതായിരുന്നു എന്നതില്‍ തര്‍ക്കമില്ല.
ഭാരതത്തിന്റെ സുദീര്‍ഘമായ സ്വാതന്ത്ര്യസമരചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട പോരാട്ടങ്ങള്‍ നടത്തിയാണ് 1805 നവംബര്‍ 30ന് കേരളവര്‍മ പഴശ്ശിരാജ വീരമൃത്യുവരിച്ചത്. അസംഘടിതരെന്ന് ഇന്നും നാം കണക്കാക്കുന്ന ഗോത്രജനസമൂഹങ്ങളെ സംഘടിതരാക്കി മാറ്റിയാണ് അദ്ദേഹം സമരങ്ങള്‍ നയിച്ചത്. ഗോത്രജനത ആചാരനിര്‍വഹണത്തിനും മൃഗനായാട്ടിനും ഒരു ശരീരാവയവം പോലെ കൊണ്ടുനടക്കുന്ന ഉപകരണങ്ങളെ, ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ആയുധങ്ങളാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. ഗോത്രമൂപ്പന്മാരും വെളിച്ചപ്പാടന്മാരും പ്രമാണിമാരും അദ്ദേഹത്തിന്റെ സമ്പര്‍ക്കത്തില്‍ സമരനായകന്മാരായി മാറി. സൈനിക പരിശീലനമെന്തെന്നു പോലുമറിയാത്ത ഗോത്രജനത സൈന്യസജ്ജരായി 'പൊന്നുതമ്പുരാ'ന്റെ കീഴില്‍ അണിനിരന്നു. എടച്ചന കുങ്കനെയും തലയ്ക്കല്‍ ചന്തുവിനെയും പോലുള്ള രണധീരന്മാര്‍ പഴശ്ശിരാജാവിന്റെ ഇടം-വലം കൈകള്‍ക്കു സമാനമായി നിന്ന് നാടിന്റെ സ്വാതന്ത്ര്യത്തിന് സംരക്ഷണവലയം തീര്‍ത്തു. ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യ 'കിട്ടാക്കനി'യെന്ന് തോന്നിപ്പിച്ച ചെറുത്തുനില്പുകള്‍ തന്നെയാണ് വടക്കന്‍ കേരളത്തില്‍ അവര്‍ നേരിട്ടത്. എന്തിന് പിന്നീട് വാട്ടര്‍ലൂ യുദ്ധത്തില്‍ നെപ്പോളിയനെ പരാജയപ്പെടുത്തിയ സാക്ഷാല്‍ ആര്‍തര്‍ വെല്ലസ്ലി പോലും പിന്‍വാങ്ങിയത് പഴശ്ശിപ്പോരാളികള്‍ക്കു മുമ്പിലാണ്. യുദ്ധതന്ത്രങ്ങള്‍ താന്‍ പഠിച്ചത് പഴശ്ശിപ്പടയില്‍ നിന്നാണെന്ന് ആര്‍തര്‍ വെല്ലസ്ലി അനുസ്മരിച്ചിട്ടുമുണ്ട്. വടക്കന്‍ കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലത്തെ ഇളക്കിമറിച്ച ഒരു കാലത്തെയാണ് പഴശ്ശിരാജാവും കൂട്ടരും സൃഷ്ടിച്ചത് എന്നത് യാഥാര്‍ത്ഥ്യമാണ്.
പഴശ്ശി സമരങ്ങളുടെ ചരിത്രഭൂമികയുടെ ഒരേകദേശരൂപം പിന്‍തലമുറയ്ക്ക് പരിചയപ്പെടുത്തിത്തന്നത്, ഈസ്റ്റ് ഇന്ത്യാകമ്പനി കലക്ടറായി മലബാറിലേക്കയച്ച വില്യം ലോഗനാണ്. കൊളോണിയല്‍ ചരിത്രകാരന്റേതിനു സമാനമായ ഗൂഢലക്ഷ്യത്തോടെയാണ് ലോഗന്‍ ചരിത്രരചന നടത്തിയത്. എങ്കിലും ആ കാലത്തിന്റെയും പഴശ്ശിസമരങ്ങളുടെയും ചരിത്രമറിയാനുള്ള വലിയൊരു സൂചകമാണ് മലബാര്‍ മാന്വല്‍. കമ്പനി ഉദ്യോഗസ്ഥരായി മലബാറിലെത്തിയ മറ്റുദ്യോഗസ്ഥരും പഴശ്ശിസമരങ്ങളുടെ ക്ഷാത്രവീര്യത്തെ തുറന്നു കാണിച്ചിട്ടുണ്ട്. കമ്പനിപ്പട്ടാളക്കാരുടെ അംഗബലവും ആയുധബലവും വര്‍ദ്ധിപ്പിക്കാതെ പഴശ്ശിസൈന്യത്തെ നേരിടാനാവില്ലെന്നാണ് അവരൊക്കെ കമ്പനി ആസ്ഥാനത്തേക്ക് കത്തെഴുതിയത്.
സ്വാതന്ത്ര്യാനന്തരം പഴശ്ശിസ്മരണ അലയടിക്കാന്‍ തുടങ്ങിയത് 1960കളിലാണ്. അതിനു കാരണമായതാകട്ടെ രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ കാര്യകര്‍ത്താക്കന്മാരുടെയും പ്രചാരകന്മാരുടെയും സംഘടനായാത്രകളായിരുന്നു. അത്തരം യാത്രകളിലെ അന്വേഷണത്തില്‍ നിന്നാണ് ജനഹൃദയങ്ങളില്‍ നിന്ന് പഴശ്ശിരാജാവിന്റെ ജീവിതത്തെക്കുറിച്ചുള്ള പ്രാഥമികമായ വിവരങ്ങള്‍ ലഭ്യമായത്. പഴശ്ശിരാജാവിന്റെ ഭൗതികദേഹം സംസ്‌കരിച്ചത് മാനന്തവാടിയിലാണെന്ന് ആദ്യം മനസ്സിലാക്കിയത് പ്രദേശത്തിന്റെ പ്രഥമ സംഘചാലകായിരുന്ന യശഃശരീരനായ സി.കെ. ബാലകൃഷ്ണന്‍ നായരായിരുന്നു.  അദ്ദേഹം മനസ്സിലാക്കിയത് മുത്തച്ഛനില്‍ നിന്നും. പഴശ്ശി സമരങ്ങളില്‍ ഗവേഷണം നടത്തിയ ഡോ. കെ.കെ.എന്‍ കുറുപ്പ്, രചനയില്‍  പ്രത്യേക താല്പര്യം കാണിക്കുകയും ചില ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതിന് കേസരി പത്രാധിപരായിരുന്ന എം.എ കൃഷ്ണന് കടപ്പാട് അറിയിച്ചിട്ടുമുണ്ട്. ആശുപത്രി മാലിന്യങ്ങള്‍ തള്ളുന്ന കുപ്പത്തൊട്ടിയില്‍ നിന്നും പഴശ്ശിസ്മരണയെ ഉണര്‍ത്തിയെടുക്കാന്‍ ത്യാഗോജ്ജ്വലമായ നിരവധി പോരാട്ടങ്ങള്‍ തന്നെ വേണ്ടി വന്നു. പഴശ്ശിരാജാവിന്റെ ഭൗതികദേഹം അന്ത്യവിശ്രമം കൊള്ളുന്ന വൃക്ഷത്തറ സമുദ്ധരിക്കാനുള്ള പരിശ്രമത്തില്‍ പങ്കാളികളായത് സ്വയംസേവകര്‍ മാത്രമായിരുന്നു. 1964 മുതല്‍ നാളിതുവരെയും നവംബര്‍ 30ന് പുഷ്പാര്‍ച്ചനയും അനുസ്മരണസമ്മേളനങ്ങളുമായി സംഘപ്രസ്ഥാനങ്ങള്‍ മുന്നോട്ടുപോവുകയാണ്.
എന്നുമുതലാണോ സംഘപ്രസ്ഥാനങ്ങള്‍ പഴശ്ശിരാജാ അനുസ്മരണം ആരംഭിച്ചത് അന്നു മുതലേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അതിനെതിരായിരുന്നു. കാടുവെട്ടിയും മാലിന്യങ്ങള്‍ നീക്കിയും തകര്‍ന്നതിനെ പുനര്‍നിര്‍മിച്ചും സംഘ സ്വയംസേവകര്‍ പഴശ്ശികുടീരം സമുദ്ധരിച്ചപ്പോള്‍ മാലിന്യങ്ങള്‍ തള്ളിയും കുടീരം തകര്‍ത്തും കമ്മ്യൂണിസ്റ്റുകാരും കര്‍മനിരതരായിരുന്നു. പഴശ്ശിരാജാവ് ജീവിച്ചിരുന്നില്ല എന്നതായിരുന്നു പ്രാദേശിക കമ്മ്യൂണിസ്റ്റുകളുടെ ആദ്യകാല പ്രചരണം. പിന്നീട് അധികാരത്തിന്റെ ദുരമൂത്ത നാട്ടുരാജാവാണ് പഴശ്ശിയെന്ന് തിരുത്തി. കെട്ടിലമ്മയാല്‍ ഒറ്റുകൊടുക്കപ്പെട്ടവനാണ് പഴശ്ശിരാജാവെന്ന തരത്തില്‍ വ്യക്തിഹത്യയും അവര്‍ നടത്തി. മണ്‍മറഞ്ഞ തമ്പുരാക്കന്മാരെ ഓര്‍ത്തെടുക്കാതെ ജീവിച്ചിരിക്കുന്ന ജനതയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാനവര്‍ ഉപദേശിച്ചു. തമ്പുരാക്കന്മാരുടെ ഫ്യൂഡല്‍ഭരണം തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് പഴശ്ശി അനുസ്മരണത്തിലൂടെ നടത്തുന്നതെന്ന് പൊതുയോഗങ്ങളില്‍ ആക്ഷേപിച്ചു. പ്രാദേശിക ഭരണകൂടങ്ങളും പഴശ്ശി അനുസ്മരണത്തിനും സ്മാരക നിര്‍മ്മാണത്തിനും എതിരുനിന്നു. നിരന്തരമായ ക്ഷണം സ്വീകരിച്ച് അനുസ്മരണ പരിപാടികളില്‍ പങ്കെടുത്തവരാകട്ടെ പഴശ്ശിയെയും സമരങ്ങളെയും സ്മാരകനിര്‍മാണത്തെയും പരിഹസിച്ചു. പഴശ്ശിക്കു സ്മാരകം പണിയുന്നുണ്ടെങ്കില്‍ അത് കുത്തബ്മിനാറിന് സമാനമായിരിക്കുമെന്നാണ് അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തിന്റെ ഒരു സാംസ്‌കാരിക മന്ത്രിതന്നെ തട്ടിവിട്ടത്!
ദേശീയപ്രസ്ഥാനങ്ങളില്‍ നിന്നും മാര്‍ഗദര്‍ശനവും ആവേശവും ലഭിച്ചവര്‍ പഴശ്ശിരാജ വീരാഹുതി സ്മരണികാസമിതിയും പഴശ്ശി സ്മാരകസമിതിയും രൂപീകരിച്ച് പ്രവര്‍ത്തിച്ചു. 1980ല്‍, പഴശ്ശിവീരാഹുതിയുടെ 175-ാമത് വാര്‍ഷികത്തില്‍ കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തെ ഇളക്കിമറിച്ചുകൊണ്ട് എ.ജി. സോമനാഥിന്റെയും പ്രൊഫ.കെ.വിജയകുമാറിന്റെയും നേതൃത്വത്തില്‍ നടത്തിയ 'പഴശ്ശി ജ്യോതിപ്രയാണം' പഴശ്ശി സ്മരണയെ ജനകീയ വികാരമാക്കി മാറ്റി.
1985ല്‍ സ്വര്‍ഗ്ഗീയ കെ.ജി. മാരാരുടെ നേതൃത്വത്തില്‍ നടന്ന ഇഷ്ടികസമരം പഴശ്ശിസ്മരണയ്ക്കും സ്മാരകനിര്‍മാണമെന്ന ആവശ്യത്തിനും പുത്തനുണര്‍വ് സൃഷ്ടിച്ചു. ഭാരതീയ ജനസംഘം, ആദിവാസി സ്വയംസേവകസംഘം, ആദിവാസിസംഘം, കേരള വനവാസി വികാസകേന്ദ്രം തുടങ്ങിയ സംഘടനകള്‍ പഴശ്ശിസ്മരണയ്ക്ക് പുതിയരൂപവും ഭാവവും നല്‍കി. 2005ല്‍, പഴശ്ശിരാജാവിന്റെ 200-ാമത് വീരാഹുതി വാര്‍ഷികാചരണത്തോടെ പഴശ്ശിരാജാവും പടയാളികളും വയനാടന്‍ ജനതയുടെ മനസ്സില്‍ പ്രതിഷ്ഠ നേടി. മാത്രവുമല്ല, എതിരാളികള്‍ക്കുപോലും പഴശ്ശി സ്വീകാര്യനാവുകയും അനുസ്മരണപരിപാടികള്‍ സംഘടിപ്പിക്കാന്‍ രംഗത്ത് വരികയും ചെയ്യുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും അനുസ്മരണവും സ്മാരകനിര്‍മാണവുമായി സഹകരിക്കുകയും ചെയ്തു.
കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി, എതിര്‍ത്തിരുന്നവര്‍ പോലും പഴശ്ശി അനുസ്മരണം നടത്തുന്നു എന്നത് സ്വാഗതാര്‍ഹമാണ്. പ്രാദേശിക ഭരണകൂടങ്ങള്‍ ലക്ഷങ്ങള്‍ നീക്കിവച്ച് വര്‍ണപ്പകിട്ടോടെയാണ് അനുസ്മരണ കാര്യക്രമങ്ങള്‍ നടത്തിവരുന്നത്. കമ്മ്യൂണിസത്തിന്റെ വക്താക്കളും പഴശ്ശി അനുസ്മരണവുമായി വന്ന് ജനശ്രദ്ധ പിടിച്ചുപറ്റാന്‍ വിയര്‍ക്കുന്ന കാഴ്ചയും നാം കാണാതിരുന്നുകൂടാ! പഴശ്ശി അനുസ്മരണം നടത്തുന്നതിന് അവരിപ്പോള്‍ കണ്ടെത്തുന്ന ന്യായം പഴശ്ശിരാജ ആരുടെയും തറവാട്ടുവകയല്ല എന്നതാണ്. സാമ്രാജ്യത്വവിരുദ്ധത എന്ന പദം ആവര്‍ത്തിച്ചുരുവിടുന്ന കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ പഴശ്ശി സമരങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആ പദം ഉച്ചരിക്കാറില്ല. മാപ്പിളലഹളയില്‍ പോലും കര്‍ഷകകലാപം ദര്‍ശിച്ചവര്‍ പഴശ്ശിസമരങ്ങള്‍ കാര്‍ഷിക കലാപമല്ലെന്ന് ആണയിടുന്നു.
കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചരിത്രയാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയാന്‍ കാലതാമസമെടുക്കുമെന്ന് വിദ്വാന്മാര്‍ പറയാറുണ്ട്. ഇന്നലെ പഴശ്ശിയെ തിരസ്‌കരിച്ചവര്‍ ഇന്ന് പഴശ്ശിയെ അംഗീകരിക്കുന്നു. ഇന്ന് പഴശ്ശി സമരങ്ങളുടെ ചരിത്രഭൂമികയെയും അനന്തരഫലങ്ങളെയും അവമതിക്കുന്നവര്‍ നാളെ പ്രകീര്‍ത്തിച്ച് രംഗത്തുവരുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം വൈദേശിക ശക്തിക്കെതിരെയുള്ള പോരാട്ടത്തിലെ രക്തസാക്ഷി എന്ന രീതിയില്‍ പഴശ്ശിരാജ ജനകീയനായിരിക്കുന്നു. മറ്റുള്ളവര്‍ ത്യാഗോജ്ജ്വലമായ പോരാട്ടത്തിലൂടെ വീണ്ടെടുത്ത ചരിത്ര യാഥാര്‍ത്ഥ്യങ്ങളുടെ പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെടുന്നത് കമ്യൂണിസ്റ്റ് ശൈലിയാണല്ലോ! ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ദേശീയ സ്വാതന്ത്ര്യസമരങ്ങള്‍ക്ക് ശക്തമായ തുടക്കം കുറിക്കലായിരുന്നു പഴശ്ശി സമരങ്ങളിലൂടെ നടന്നത് എന്നത് യാഥാര്‍ത്ഥ്യമാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments