Kesari WeeklyKesari

ബാലഗോകുലം

രക്ഷപ്പെട്ട നായക്കുട്ടി--പ്രദീപ് മേക്കാട്

on 01 December 2017

നേരം സന്ധ്യയായി. മൊത്തത്തില്‍ ഒരു ചുവന്ന വെളിച്ചം എല്ലായിടത്തും പരന്നു. അപ്പുറത്തെ വീട്ടിലെ തുളസിത്തറയില്‍ വിളക്ക് തെളിഞ്ഞു. അവിടെ നിന്നും സന്ധ്യാനാമത്തിന്റെ അലയൊലികള്‍ ഉണര്‍ന്നു. അച്യുതം കേശവം... അത് കുട്ടന്റെ വീടാണ്. അയാളുടെ മകന്റെ സഹപാഠിയും അടുത്ത കൂട്ടുകാരനുമായ കുട്ടന്റെ വീട്. അവിടെ നിന്നാണ് സന്ധ്യാനാമം കേള്‍ക്കുന്നത്. കുട്ടനും ഭാര്യയും മക്കളും എല്ലാവരും ഒരുമിച്ചു ചേര്‍ന്നാണ് നാമം ചൊല്ലുന്നത്. അയാള്‍ക്ക് മനസ്സിന് എന്തെന്നില്ലാത്ത ശാന്തി അനുഭവപ്പെട്ടു. ഒപ്പം അത് അയാളെ അയാളുടെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
അയാളാകട്ടെ വേഗംപോയി ഗേറ്റ് അടച്ച് കുറ്റിയിട്ട് വന്നു. എല്ലാവരും പോയി എന്ന് ഉറപ്പ് വരുത്തിയശേഷം ഒരു കൊച്ചുപാത്രത്തില്‍ കുറച്ചു പാല്‍ എടുത്തുകൊണ്ട് വന്ന് കാറിനടുത്തായി വച്ച് മാറി നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കറുത്ത നായക്കുട്ടി പതുക്കെ തല പുറത്തേക്കു നീട്ടി. ആരുമില്ലെന്നുറപ്പായ അത് തന്റെ വിറയ്ക്കുന്ന കൊച്ചു ശരീരം കുടഞ്ഞു തണുപ്പ് കളയാന്‍ ശ്രമിച്ചു. എന്നിട്ട് പാല്‍ വച്ച പാത്രത്തിലേക്ക് മെല്ലെ തലയിട്ടു. അതില്‍ ഉള്ള പാല്‍ അത്രയും ആര്‍ത്തിയോടെ കുടിച്ചു. ആകെ പട്ടിണികൊണ്ട് പരവശമായ ശോഷിച്ച രൂപം. പോര്‍ച്ചിലേക്ക് ഇറങ്ങിച്ചെന്ന അയാളെ അത് ദയനീയമായി നോക്കി. തന്നെ ഇറക്കി വിടരുതേ എന്ന് അപേക്ഷിക്കുംപോലെ. ശേഷം തന്റെ പിന്‍കാലുകള്‍ക്കിടയില്‍ ഒളിപ്പിച്ച ചെറിയ വാല്‍ മെല്ലെ ഇളക്കി ചെവികള്‍ മടക്കി പിടിച്ച് ചുരുണ്ട് കൂടി അത് സ്‌നേഹം പ്രകടിപ്പിച്ച് വീണ്ടും കാറിനടിയിലേക്ക് നുഴഞ്ഞു കയറി.
തന്റെ ഭര്‍ത്താവ് എഴുന്നേറ്റ് പുറത്തേക്ക് പോകുന്നത് കണ്ട ശ്രീമതിയാകട്ടെ എന്താണ് സംഭവിക്കുന്നത് എന്നറിയാനായി പുറത്തേക്ക് വന്നു. നായക്കുട്ടിയെ നോക്കി നില്‍ക്കുന്ന അയാളെക്കണ്ട് അവര്‍ പറഞ്ഞു. ''ഓഹോ നിങ്ങള്‍ അവര്‍ക്ക് ഇതിനെ കാണിച്ചുകൊടുത്തില്ല അല്ലേ... ആട്ടി വിടൂ അതിനെ... വൃത്തികെട്ട ജന്തു ...ഇനി അത് ഉമ്മറത്ത് മുഴുവന്‍ കാഷ്ഠിച്ചു വെക്കും. ചെരുപ്പുകള്‍ മുഴുവന്‍ കടിച്ചു നശിപ്പിക്കും...''
അയാളാകട്ടെ ഒന്നും മിണ്ടാതെ അടുക്കളയിലേക്കു നടന്നു. അവിടെ അടച്ചു വച്ച പാലില്‍ നിന്നും സ്വല്‍പം എടുത്ത് കുറച്ചു ചോറിലൊഴിച്ചു കുഴച്ച് കുറച്ച് പഞ്ചസാരയും ചേര്‍ത്ത് അയാള്‍ ഒരു ഇലക്കഷണം എടുത്ത് പോര്‍ച്ചില്‍ കൊണ്ട് പോയി വച്ച് അതില്‍ വിളമ്പി മാറി നിന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും കാറിനടിയില്‍ നിന്നും നായക്കുട്ടി പതുക്കെ തല പുറത്തിട്ടു. ആരും ഇല്ലെന്നു കണ്ട് സന്തോഷത്തോടെ ഓടി വന്ന് അത് ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുവാന്‍ തുടങ്ങി പാവം. എത്ര ദിവസമായാവോ ഭക്ഷണം കിട്ടിയിട്ട്... അയാള്‍ വിചാരിച്ചു. ഇത് കണ്ട അയാളുടെ ഭാര്യ അയാളെ ചീത്ത പറയാന്‍ തുടങ്ങി... ''തുടങ്ങി ഭൂതദയ... ഇങ്ങനത്തെ ചൊക്‌ളിപ്പട്ടികളെയൊക്കെ ഇവിടെ വളര്‍ത്താനാണോ ഭാവം....നായക്കാട്ടം കോരാനൊന്നും എന്നെ കിട്ടില്ല. ഇനി ചെരുപ്പുകള്‍ ഒന്നും പുറത്ത് വെക്കാന്‍ പറ്റില്ല. ...എല്ലാം കടിച്ചു കൊണ്ടുപോകും ശല്ല്യം! ഇനി അത് വല്ലവരെയും കടിച്ചിട്ട് വേണം അടുത്ത പൊല്ലാപ്പിന്... ആട്ടി വിട്ടൂടെ അതിനെ... എന്തായാലും നിങ്ങളതിനെ തൊടാനൊന്നും പോണ്ട! വയസ്സ് കാലത്തെ ഓരോ നട്ടപ്രാന്തുകള്!''
''നീ ഒന്ന് മിണ്ടാതിരി..... അത് കുറച്ചെന്തെങ്കിലും തിന്നോട്ടെ. വിശപ്പ് മാറിയാല്‍ അത് തനിയേ പോയ്‌ക്കൊള്ളും! ഞാന്‍ ഇതിനെ വളര്‍ത്തുവാനൊന്നും പോണില്ല!''
അവര്‍ അയാളോട് പറഞ്ഞു. ''നോക്ക് മനുഷ്യാ... കണ്ണ് തുറന്ന് ആ പത്രത്തില്‍ ഒന്ന് നോക്ക്.... എത്ര ആളുകള്‍ക്കാ നായകടി ഏറ്റിട്ടുള്ളത്.! രാവിലെ മുതല്‍ ഉമ്മറത്തിരുന്നു പേപ്പര്‍ വായനയാ ആകെയുള്ള ഒരു പണി... എന്നിട്ടും ഈ വാര്‍ത്തകളൊന്നും നിങ്ങടെ തലയില്‍ കയറിയില്ലെന്നോ? ഒരു നായ പ്രേമം! ആട്ടി വിട്ടൂടെ അതിനെ!''
ഇതൊക്കെ കേട്ടിട്ടും അയാള്‍ക്ക് എന്തുകൊണ്ടോ അതിനെ ആട്ടി വിടുവാന്‍ തോന്നിയില്ല... ഒരു വേള അതിനെ ആട്ടിവിടുവാന്‍ അയാളും തീരുമാനിച്ചിരുന്നുവെങ്കിലും എന്തോ ഒന്ന് അയാളെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ചുകഴിഞ്ഞ അത് അയാളെ  സ്‌നേഹത്തോടെ നോക്കുകയും വീണ്ടും ശാപ്പിടാന്‍ വല്ലതും ഉണ്ടോ എന്ന മട്ടില്‍ നാവു പുറത്തിട്ട് വാലാട്ടി നില്‍ക്കുകയും ചെയ്തു. അതിനെ ആട്ടിവിടാന്‍ പുറപ്പെട്ട അയാളാകട്ടെ അടുക്കളയില്‍ പോയി കുറച്ചുകൂടി ചോറും നാലഞ്ച് ബിസ്‌ക്റ്റും കൊണ്ട് വന്ന് അതിനുകൊടുത്തു. സന്തോഷത്തോടെയും ആര്‍ത്തിയോടെയും അത് തിന്നു കഴിഞ്ഞപ്പോഴേക്കും അതിനു പഴയ ചാക്കും തുണികളും കൊണ്ട് കാറിനടിയില്‍ ഒരു കൊച്ചു കിടക്ക അയാള്‍ തയ്യാറാക്കിയിരുന്നു.
(തുടരും)

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments