Kesari WeeklyKesari

നോവല്‍ - ശ്രീജിത്ത് മൂത്തേടത്ത്‌

ഓര്‍മ്മപ്പെടുത്തുന്ന നിമിത്തങ്ങള്‍

on 01 December 2017

പെണ്ണിനെപ്പോലെയാ കടല്‍. സാവധാനം ചൂടാകും. ചൂടായാലോ, തണുക്കാനും സമയംപിടിക്കും. കര ആണാണ്. പെട്ടെന്നു ചൂടായി പെട്ടെന്ന് തണുക്കും. അതുകൊണ്ടാ രാത്രി കരയില്‍നിന്നും കടലിലേക്ക് കാറ്റുവീശുന്നേ. ഇരുട്ടാവുമ്പോ പെണ്ണിനെത്തേടിപ്പോകുന്നത് ആണുങ്ങളുടെ വര്‍ഗ്ഗസ്വഭാവമല്ലേ?
പുറത്ത് വീണ്ടും ശക്തമായ കാറ്റുവീശുന്ന ശബ്ദം. മലകള്‍ക്ക് കാറ്റുപിടിച്ചുവോ? മരത്തലപ്പിലെ മലദൈവങ്ങള്‍ കോപിച്ചുവോ? മലദൈവങ്ങളുടെ കോപത്തെക്കുറിച്ച് സവിത പറഞ്ഞിരുന്നു. സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിക്കുമ്പോഴാണത്രേ മലദൈവങ്ങള്‍ കോപിക്കുന്നത്. മലമുകളിലെ സ്ത്രീകള്‍ അപമാനിക്കപ്പെടുകയോ, ആക്രമിക്കപ്പെടുകയോ ചെയ്യുമ്പോള്‍, അല്ലെങ്കില്‍ പ്രായമായവരെ ചെറുപ്പക്കാര്‍ ബഹുമാനിക്കാതിരിക്കുമ്പോള്‍, മൃഗങ്ങളെയോ, പക്ഷികളെയോ, ഇഴജന്തുക്കളെയോ വേദനിപ്പിക്കുമ്പോള്‍... അപ്പോഴെല്ലാം മലദൈവങ്ങള്‍ കോപിക്കുമത്രേ! മലദൈവങ്ങള്‍ കോപം പ്രകടമാക്കുന്നത് മലമുടിയില്‍നിന്നും ശക്തമായ കാറ്റ് ചുഴറ്റിവീശിയാണ്. ആ ചുഴലികള്‍ക്ക് മലമുകളിലെ പാറകളെവരെ എടുത്തെറിയാനുള്ള ശേഷിയുണ്ടാവാറുണ്ടത്രേ! 
മുമ്പൊരിക്കല്‍ മലദൈവങ്ങള്‍ കോപിച്ചത് സവിത ഓര്‍ത്തുപറഞ്ഞു. 
അന്ന് ഞങ്ങളെല്ലാരും കെടന്നൊറങ്ങ്വാരുന്നു. പെട്ടെന്നാണ് എവിടെനിന്നോ തീപ്പന്തങ്ങള്‍ ഞങ്ങളുടെ പുരപ്പുറത്തുവന്നുവീണത്. തരിപ്പപ്പുല്ലുകൊണ്ടുമേഞ്ഞതായിരുന്നു അന്ന് ഇവിടുത്തെ പുരകളെല്ലാം. തീപ്പന്തങ്ങളെറിയുന്നതിനുമുമ്പ് അവര്‍ പെട്രോളോ മറ്റോ ഒഴിച്ചിരുന്നു. തീ ആളിപ്പടര്‍ന്നു. ആണുങ്ങളും പെണ്ണുങ്ങളും കുട്ട്യോളെയുമെടുത്ത് പൊറത്തേക്കോടി. വയസ്സന്‍മാര്‍ക്ക് പൊറത്തെറങ്ങാനായില്ല. പലര്‍ക്കും സാരമായി പൊള്ളലേറ്റു. ഇവിടുത്തെ ആണുങ്ങളുടെ മിടുക്കുകൊണ്ട് ആരും മരിച്ചില്ല. ഞങ്ങളെ അങ്ങിനെയാര്‍ക്കും കൊല്ലാനും പറ്റില്ല. മലദൈവങ്ങള്‍ സദാസമയം ഞങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നുണ്ട്. ഞങ്ങളുടെ പുരകള്‍ക്ക് തീവെച്ചവരെ മലമുത്തപ്പന്‍മാര്‍തന്നെ കാണിച്ചുതന്നു. ഇരുട്ടില്‍ ഒളിഞ്ഞിരുന്ന അവര്‍ പിന്നേയും ഞങ്ങളെ ആക്രമിക്കാന്‍ വന്നു. അപ്പോള്‍ ഭയങ്കരമായ കാറ്റടിച്ചു. കാറ്റില്‍ തീയ്യാളിപ്പടര്‍ന്നു. തീപ്പിടിച്ച തരിപ്പപ്പുല്ലില്‍നിന്നും പിന്നേയും തീപ്പടര്‍ന്നു. അതുകണ്ട് അവര്‍ പേടിച്ചോടി. അവരുടെ കൈയ്യില്‍ ബോംബും വെടിമരുന്നുമുണ്ടായിരുന്നു. ഞങ്ങളെയാരെയെങ്കിലും കൊന്നിട്ടേ തിരിച്ചുവരൂയെന്നു പറഞ്ഞിട്ടാണവര്‍ അന്ന് മലകയറിയിരുന്നത്. ഞങ്ങളുടെ സ്ഥലം കൈയ്യേറിയ മാപ്പ്‌ളയുടെ കൂലിത്തല്ലുകാരായിരുന്നു അവര്‍. പിന്നെ ഞങ്ങള്‍ കണ്ടകാര്യം പറഞ്ഞാല്‍ ആരും വിശ്വസിക്കൂല്ല. എന്റെ പുരയുടെ മോന്തായത്തില്‍നിന്നും ഒരു പുല്ലിന്‍കെട്ടിനുതീപ്പിടിച്ചതുപോലെന്തോ പറന്നുയര്‍ന്നു. ഞങ്ങളെ ആക്രമിക്കാന്‍ വന്നോര്‍ക്കുപിന്നാലെ ആ തീക്കെട്ട് പാഞ്ഞു. പേടിച്ചു കാട്ടിനുള്ളിലേക്കു പാഞ്ഞ അവരുടെ പിന്നാലെ തീക്കെട്ടും കുതിച്ചു. പിന്നെ ഞങ്ങള്‍ കേട്ടത് വലിയൊരു സ്‌ഫോടനമായിരുന്നു. പിന്നൊരു കരച്ചിലും. ഞങ്ങളെ കൊല്ലാന്‍ വന്നവരില്‍ ഒരുത്തന്റെ കഥ കഴിഞ്ഞുവെന്നു മനസ്സിലായി. ബാക്കിയുള്ളോരെല്ലാം പേടിച്ച് മലയിറങ്ങിയോടി. 
നീയ്യെന്താ ആലോചിക്കുന്നത്?
അംബികന്‍ ചോദിക്കുന്നു. ശക്തിയായുയര്‍ന്നുവന്നൊരു തിരമാല എന്നെ പാടെ നനച്ചുകളഞ്ഞു. 
വാ.. പോരെ. കടലമ്മ കോപിച്ചുതുടങ്ങി. ഇനിയിവിടിരിക്കാന്‍ പറ്റില്ല. ചെലപ്പോ മഴപെയ്യും.
അംബികന്റെ പിന്നാലെ വീട്ടിലേക്കു നടന്നു. നല്ല സ്രാവിന്‍കറിയും ചോറുമുണ്ടായിരുന്നു. രാത്രിമുഴുവന്‍ കടലിന്റെ ഇരമ്പലുംകേട്ട് മൂടിപ്പുതച്ചുകിടന്നതേയുള്ളൂ. ഉറങ്ങാന്‍ കഴിഞ്ഞില്ല. കണ്ണടച്ചാല്‍ കടല്‍ ഇരമ്പിയാര്‍ത്തുവന്ന് എന്നെയും ആ വീടിനെയും മൂടിക്കളയുമോയെന്നായിരുന്നു പേടി. ഇപ്പോഴും അതേപോലെത്തന്നെ. പുറത്ത് കാറ്റിന്റെ കടലിരമ്പമാണ്. ആ കാറ്റ് ഈ വീടിനേയും കടപുഴക്കിയെടുത്ത് അടിവാരത്തേക്കെടുത്തെറിഞ്ഞുകളഞ്ഞാല്‍? സവിത പറഞ്ഞ സമരകാലത്തെ ഭൂമികൈയ്യേറ്റക്കാരുടെ അതിക്രമത്തെ നേരിടാന്‍ മലദൈവങ്ങള്‍ കാറ്റായിവന്ന കഥയോര്‍ത്തപ്പോള്‍ വീണ്ടും നടുങ്ങിപ്പോയി. ഈ അടുത്തുകിടക്കുന്ന മനുഷ്യന്‍ എങ്ങിനെയുള്ളയാളായിരിക്കും? മലദൈവങ്ങള്‍ക്ക് ഇയാളെ ഇഷ്ടമാകാത്തതുകൊണ്ടാകുമോ ഇങ്ങിനെ കാറ്റുവീശുന്നത്?
കാറ്റിന്റെ അര്‍ത്ഥം സവിതയ്ക്കുമാത്രമേ അറിയാവൂ. അപ്പുറത്തെ മുറിയിലെവിടെനിന്നോ അവളുടെ നിശ്വാസം എനിക്കു വേര്‍തിരിച്ചുകേള്‍ക്കാം. 
ഇന്ന് നിനക്ക് ഞാനൊരാളെ പരിചയപ്പെടുത്തിത്തരാം.
അംബികന്റെ വീട്ടിലെ ഉറക്കമില്ലാപ്പായയില്‍നിന്നും രാവിലെയെഴുന്നേറ്റ് പല്ലുതേക്കുമ്പോള്‍ അവന്‍ പറഞ്ഞു. 
പരിചയപ്പെടുത്തിയിട്ട് ഞാന്‍ പോയിക്കോളാം. എനിക്ക് ജോലിക്കുപോണം. നിനക്കിഷ്ടപ്പെടാന്‍ സാധ്യതയുള്ളൊരു ക്യാരക്ടറാണയാള്‍. അരവട്ടനാണെന്നൊക്കെ തോന്നുമെങ്കിലും അപാര ബുദ്ധിജീവിയാണയാള്‍.
ആരെയാ നീയ്യുദ്ദേശിക്കുന്നത്?
കാണാന്‍ പോന്നത് പറഞ്ഞറീക്കണോ?
ഉള്ളിലൂടൊരു മിന്നല്‍ പാഞ്ഞു. എഴുന്നേറ്റ് ലൈറ്റിട്ടുനോക്കി. അയാള്‍ തന്നെയല്ലേയിത്? രാരിച്ചന്‍? അതെ. എന്നിട്ടുമെന്തേ എനിക്കു തിരിച്ചറിയാന്‍ കഴിയാതെപോയത്? വിളിച്ചുണര്‍ത്തണോ? വേണ്ട. ഉറങ്ങട്ടെ. നല്ല ഉറക്കമാണ്. ആളെ തിരിച്ചറിഞ്ഞപ്പോള്‍ സമാധാനമായി. പുറത്തുനിന്നും വീശുന്ന കാറ്റിന് ഇപ്പോള്‍ കടലിന്റെ ഇരമ്പമില്ല. പകരം, ഉരുട്ടിപ്പുഴയിലൂടെ ഇഴഞ്ഞുകയറുന്ന മീനിനെപ്പോലെ സാവധാനത്തില്‍ നനഞ്ഞപാറകളിലൂടെ പറ്റിപ്പിടിച്ചുകയറുന്നതുപോലെ തോന്നിച്ചു. ഇനി സമാധാനമായി ഉറങ്ങാം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments