Kesari WeeklyKesari

ലേഖനം

സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ദുരൂഹം--വി.രാധാകൃഷ്ണന്‍

on 01 December 2017

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള 'ദി കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ്  2017' പൂര്‍ണമായും തൊഴിലാളി വിരുദ്ധമാണ്. വ്യവസായങ്ങളും വ്യാപാരങ്ങളും പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി നിലവിലുള്ള തടസ്സങ്ങളും സങ്കീര്‍ണതകളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിട്ടുള്ളതെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. വ്യവസായങ്ങളും വ്യാപാരങ്ങളും പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി രജിസ്‌ട്രേഷന്‍ അനുബന്ധ കാര്യങ്ങള്‍ക്കും നടപടിക്രമങ്ങള്‍ സുതാര്യമാക്കുന്നതിനും വേഗത കൂട്ടുന്നതിനും നിരവധി നിയമങ്ങളില്‍ ഭേദഗതി ചെയ്തുകൊണ്ട് ഏകജാലക സംവിധാനം ശക്തമാക്കുന്നതിന് വേണ്ടിയാണ് ഈ ഓര്‍ഡിനന്‍സ് എന്ന് സര്‍ക്കാരിന്റെ അഭിപ്രായം. ഗവര്‍ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇതുവരേയും പരസ്യമായി പ്രസിദ്ധീകരിച്ചിട്ടില്ല. അതുതന്നെ ഓര്‍ഡിനന്‍സ് സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുകയാണ്.
ഓര്‍ഡിനന്‍സിലെ പരാമര്‍ശം അനുസരിച്ച് കേരള ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് ആക്ട് 1978, കേരള ഷോപ്‌സ് ആന്റ് കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് 1960, കേരള മുന്‍സിപ്പാലിറ്റി ആക്ട് 1994, കേരള ഇന്‍ഡസ്ട്രിയല്‍ സിംഗില്‍ വിന്റോ ക്ലിയറന്‍സ് ബോര്‍ഡ്‌സ് ആന്റ് ഇന്റസ്ട്രിയല്‍ ടൗണ്‍ഷിപ്പ് ഏരിയ ഡവലപ്‌മെന്റ് ആക്ട് 1999, കേരള ഗ്രൗണ്ട് വാട്ടര്‍ ആക്ട് 2002, കേരള ലിസ്റ്റ് ആന്റ് എക്‌സമേറ്റര്‍ ആക്ട് 2013 എന്നീ നിയമങ്ങളിലാണ് ഈ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ചുമട്ടുതൊഴിലാളി നിയമ ഭേദഗതി ഒഴിച്ച് മറ്റ് ഭേദഗതികളോടൊന്നും കാര്യമായ വിയോജിപ്പില്ല. കേരളത്തില്‍ മാറി മാറി വന്നിട്ടുള്ള സര്‍ക്കാരുകളുടെ നിഗമനം കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്നത് കേരളത്തിലെ ചുമട്ട് തൊഴിലാളികളാണെന്നത് അടിസ്ഥാന രഹിതമാണ്. 1978-ലെ ഹെഡ്‌ലോഡ് നിയമമനുസരിച്ച് കേരളത്തില്‍ ഉടനീളം രണ്ടര ലക്ഷത്തിലേറെ അംഗീകൃത ചുമട്ടുതൊഴിലാളികളുണ്ട്. അറ്റാച്ട്, അണ്‍ അറ്റാച്ട്, സ്‌കാറ്റേഡ് എന്നീ 3 വിഭാഗം ചുമട്ടുതൊഴിലാളികള്‍ ആണുള്ളത്. ഒരു സ്ഥാപനത്തില്‍ മാത്രം തൊഴില്‍ എടുക്കുന്നവരാണ് അറ്റാച്ട് തൊഴിലാളികള്‍. വിവിധ സ്ഥാപനങ്ങളില്‍ മാറി മാറി തൊഴില്‍ എടുക്കുന്നവര്‍ അണ്‍ അറ്റാച്ട് തൊഴിലാളികളും, സ്ഥിരമായ സ്ഥാപനങ്ങളും സംവിധാനങ്ങളും ഇല്ലാതെ ഗ്രാമങ്ങളില്‍ പണി എടുക്കുന്ന തൊഴിലാളികള്‍ സ്‌കാറ്റേഡ് തൊഴിലാളികളും ആണ്. ഈ തൊഴിലാളികള്‍ക്ക് എല്ലാം തന്നെ ചുമട്ടുതൊഴിലാളി നിയമം അനുശാസിക്കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി രജിസ്റ്ററിംഗ് അതോറിറ്റി ആയ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ നിന്ന് 21എ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുള്ളതാണ്. ഓരോ പ്രദേശത്തും ജോലി എടുക്കുന്ന തൊഴിലാളികളുടെ എണ്ണം, ജോലി എടുക്കാന്‍ അര്‍ഹതപ്പെട്ട പ്രദേശങ്ങളുടെ അതിര്‍ത്തി, അവരുടെ കൂലി എന്നിവയെല്ലാം ചട്ടങ്ങള്‍ അനുസരിച്ച് ക്രമീകരിച്ചിട്ടുള്ളതാണ്. ഏതെങ്കിലും തൊഴിലാളികള്‍ അച്ചടക്കരഹിതമായി പെരുമാറുകയോ അമിതകൂലി വാങ്ങുകയോ ചെയ്താല്‍ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കാനുള്ള സംവിധാനങ്ങള്‍ നിയമത്തില്‍ അനുശാസിക്കുന്നുണ്ട്. അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടി ജില്ലാ ലേബര്‍ ഓഫീസര്‍ അടക്കമുള്ള സംവിധാനം ഉണ്ട്.
ഓര്‍ഡിനന്‍സില്‍ 1978ലെ ചുമട്ടുതൊഴിലാളി നിയമത്തിലെ സെക്ഷന്‍ 9 ലെ എ,ബി വകുപ്പുകള്‍ ആണ് ഭേദഗതി വരുത്തുവാന്‍ പോകുന്നത്. അതനുസരിച്ച് വ്യവസായ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, കടകള്‍, കമ്പോളങ്ങള്‍ എന്നിവിടങ്ങളില്‍ ഉടമക്ക് ഇഷ്ടമുള്ള തൊഴിലാളികളെ നിയമിക്കാനുള്ള അധികാരം നല്‍കുന്നുണ്ട്. അംഗീകൃത തൊഴിലാളികള്‍ക്ക് തൊഴിലവകാശം നിഷേധിക്കുന്ന ഈ ഭേദഗതി കടുത്ത അനീതിയും കേരളത്തിലെ ചുമട്ടുതൊഴിലാളി സമൂഹത്തിനോട് കാണിക്കുന്ന കൊടിയ ദ്രോഹവുമാണ്. നിരവധി വര്‍ഷങ്ങളായി ഈ രംഗത്ത് പണിയെടുത്തു കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളേയും കുടുംബങ്ങളേയും വഴിയാധാരമാക്കുന്ന ഓര്‍ഡിനന്‍സിനെ ബിഎംഎസ്സിന്റെ നേതൃത്വത്തിലുള്ള കേരള പ്രദേശ് ഹെഡ് ആന്റ് ജനറല്‍ മസ്ദൂര്‍ ഫെഡറേഷന്‍ ശക്തമായി എതിര്‍ക്കുകയും ഈ ഭേദഗതി നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തൊഴിലാളിവര്‍ഗ്ഗ സര്‍ക്കാരെന്നും തൊഴിലാളികളുടെ സംരക്ഷകര്‍ എന്നും അവകാശപ്പെടുന്ന കേരള സര്‍ക്കാരിന്റെ നീക്കം അപലപനീയമാണ്.
കേരളത്തിലെ ചുമട്ടുതൊഴിലാളികള്‍ വികസന വിരോധികളും പിടിച്ചുപറിക്കാരും തോന്നിയവാസികളും ആണെന്നാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന അവസരത്തില്‍ അഭിപ്രായപ്പെട്ടത്. ഇത് തികച്ചും അപലപനീയമായ നിലപാടുകളാണ്. ഭരണാധികാരികളും രാഷ്ട്രീയക്കാരും സാംസ്‌കാരിക നായകരും പല അവസരങ്ങളില്‍ പറയുന്ന അഭിപ്രായങ്ങള്‍ വസ്തുതാപരമല്ല. മറ്റ് പല മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ സാമാന്യേന അച്ചടക്കപൂര്‍ണമായ തൊഴില്‍ സംസ്‌കാരം നിലനിര്‍ത്തുന്നവരാണ് ചുമട്ടുതൊഴിലാളികള്‍. ചില ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് കാണിച്ച് മുഴുവന്‍ ചുമട്ടുതൊഴിലാളികളെയും അവഹേളിക്കുന്ന നടപടി ശരിയല്ല. മുന്‍കാലങ്ങളില്‍ ചുമട്ടുതൊഴിലാളികള്‍ക്കിടയില്‍ അച്ചടക്കരാഹിത്യം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പുതിയ തലമുറ ചുമട്ടുതൊഴിലാളികള്‍ പരിപൂര്‍ണ അച്ചടക്കത്തോടും സാമൂഹ്യ പ്രതിബദ്ധതയോടും കൂടി പ്രവര്‍ത്തിക്കുന്നു. പട്ടണങ്ങളിലും വ്യാപാരരംഗങ്ങളിലും ഉള്‍നാടന്‍ ഗ്രാമങ്ങളിലും കാവലാളുകളായിട്ടാണ് ചുമട്ടുതൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നത്. റോഡപകടങ്ങളുണ്ടായാലും മറ്റപകടങ്ങളുണ്ടായാലും മറ്റതിക്രമങ്ങളുണ്ടായാലും അവിടെ ആദ്യം ഓടി എത്തുന്നത് ചുമട്ടുതൊഴിലാളികളാണ്. റോഡപകടങ്ങളുണ്ടാകുമ്പോള്‍ മറ്റുള്ളവരൊക്കെ നോക്കുകുത്തിയായി നില്‍ക്കുമ്പോള്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് വലിയ ഒരു കെട്ടിട അപകടം ഉണ്ടായപ്പോള്‍ ചുമട്ടുതൊഴിലാളികളുടെ സമയോചിതമായ ഇടപെടല്‍ കാരണം നിരവധി ജിവനുകള്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. അവര്‍ക്കെല്ലാം തന്നെ സര്‍ക്കാര്‍ പ്രത്യേകം പാരിതോഷികം നല്‍കിയിട്ടുള്ളതാണ്.
ഇടതു-വലതു മുന്നണികള്‍ ചുമട്ടുതൊഴിലാളികളുടെ അവകാശങ്ങളെ കവര്‍ന്ന് എടുക്കുന്നതിനായി സമരം നടത്തിയവരാണ്. ഏ.കെ. ആന്റണി മുഖ്യമന്ത്രി ആയപ്പോള്‍ ഇതുപോലുള്ള നിയമം കൊണ്ടുവന്നപ്പോള്‍ ശക്തമായ സമരത്തെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നിട്ടുണ്ട്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അന്നേരം തൊഴില്‍ വകു പ്പ് മന്ത്രി ആയിരുന്ന പി.കെ. ഗുരുദാസന്‍ സി.ഐ.ടി.യു നേതാവുകൂടി ആയിരുന്നു. 10 ലക്ഷത്തില്‍ താഴെ നിര്‍മ്മാണ ചിലവുള്ള വീടുകളുടെ നിര്‍മ്മാണത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങുമ്പോള്‍ കയറ്റിറക്കു നടത്താനുള്ള അവകാശം തൊഴിലാളികള്‍ക്കില്ല എന്ന് പ്രഖ്യാപിച്ച ഗവണ്‍മെന്റാണ്. സ്വന്തം വീട്ടിലേക്കാവശ്യമുള്ള സാധനങ്ങള്‍ വരുമ്പോള്‍ ആ വീട്ടില്‍ താമസിക്കുന്ന ആളുകള്‍ക്ക് ആ ജോലി ചെയ്യുന്നതില്‍ യാതൊരു തടസ്സവുമില്ല. അത് ബിഎംഎസ് അനുകൂലിക്കുന്ന തീരുമാനമാണ്. പക്ഷെ വീട്ടുകാര്‍ ആരും ചെയ്യാതെ പുറമെ നിന്ന് തൊഴിലാളികളെ നിയമിക്കുകയാണെങ്കില്‍ ആ പ്രദേശത്തെ അംഗീകൃത ചുമട്ടുതൊഴിലാളിയെ നിയോഗിക്കണമെന്നതാണ് ബി.എം.എസ്സിന്റെ ശക്തമായ അഭിപ്രായം. അംഗീകൃത ചുമട്ടു തൊഴിലാളികള്‍ കാലാകാലങ്ങളായി പണി എടുക്കുന്ന സ്ഥലങ്ങളില്‍ തൊഴിലുടമക്ക് ഇഷ്ടമുള്ള തൊഴിലാളികളെ ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള കൂലിക്ക് നിയോഗിക്കാനുള്ള നടപടി അംഗീകരിക്കാന്‍ കഴിയില്ല.
കേരളത്തിലെ ചുമട്ടുതൊഴിലാളികളെ കൂടുതല്‍ പ്രതിനിധാനം ചെയ്യുന്ന സി.ഐ.ടി.യും മറ്റു സംഘടനകളും ഈ വിഷയത്തില്‍ പൂര്‍ണ നിശബ്ദത പുലര്‍ത്തുകയാണ്. ചുമട്ടുതൊഴിലാളികള്‍ നോക്കുകൂലി വാങ്ങുന്നവരാണ് എന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ്.  യന്ത്രവല്‍ക്കരണവും ആധുനികവല്‍ക്കരണവും കാരണം കാലാകാലമായി ചുമട്ടുതൊഴിലാളി പണി എടുക്കുന്ന പ്രദേശത്ത് അവര്‍ക്ക് നഷ്ടപരിഹാരമോ ബദല്‍ സംവിധാനമോ ഉണ്ടാക്കണമെന്നത് ചുമട്ടു തൊഴിലാളികളുടെ ആവശ്യമാണ്. ജെസിബിയും ടിപ്പറും തൊഴിലാളികളുടെ തൊഴില്‍ കവര്‍ന്നെടുക്കുമ്പോള്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച തൊഴിലാളി സംഘടന ഉള്‍പ്പെടെയുള്ള കമ്മറ്റി ആയ വര്‍ക്കല കഹാര്‍ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ ഇതുവരേയും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല.
ചുമട്ടുതൊഴിലാളികള്‍ക്കെതിരെയുള്ള ഓര്‍ഡിനന്‍സിലെ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് കേരളത്തിലെ ചുമട്ടുതൊഴിലാളികളെ സംരക്ഷിക്കാന്‍ തയ്യാറാകണം. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാകും എന്ന് പറഞ്ഞവര്‍ ചുമട്ടുതൊഴിലാളികളെ വഴിയാധാരമാക്കുന്ന നടപടി അപലപനീയമാണ്. തൊട്ടതിനെല്ലാം കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യുന്നവര്‍ സ്വന്തം സര്‍ക്കാരിന്റെ കരിനിയമത്തിനെതിരെ ചെറുവിരലനക്കാത്തത് ആശ്ചര്യകരമാണ്.
ഓര്‍ഡിനന്‍സിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ബിഎംഎസ് നേതൃത്വം നല്കുകയാണ്. കേരളത്തിലെ ചുമട്ടുതൊഴിലാളികളുടെ സാമൂഹ്യനീതി നടപ്പാക്കുന്നതിന്, ജോലിയും കൂലിയും സംരക്ഷിക്കുന്നതിന് ബിഎംഎസ് നേതൃത്വം നല്‍കും. കേരള പ്രദേശ് ഹെഡ്‌ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഇതിനകം തന്നെ നിരവധി വാഹന പ്രചാരണജാഥകളും പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടന്നുകഴിഞ്ഞു. നവംബര്‍ 8ന് പതിനായിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കുകയും  മുഖ്യമന്ത്രിക്കും തൊഴില്‍ വകുപ്പ് മന്ത്രിക്കും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തു. അനിശ്ചിതകാല പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടിയുമായിട്ട് മുന്നോട്ട് പോകാന്‍ ആണ് തീരുമാനിച്ചിട്ടുള്ളത്. സമ്പന്നന്മാര്‍ക്കും മൂലധന ശക്തികള്‍ക്കും അനുകൂല നിലപാട് സ്വീകരിച്ച് തൊഴിലാളികളെ ദ്രോഹിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാറിന്റെ നയപരിപാടികളെ ചെറുത്ത് തോല്‍പിക്കാന്‍ ഉള്ള പോരാട്ടം നടത്താനും സമാന ചിന്താഗതിയുള്ള ആളുകളെ ഒരുമിപ്പിച്ച് കൊണ്ട് പ്രതിഷേധം ശക്തമാക്കാനും എല്ലാവരുടേയും സഹകരണം ആവശ്യമാണ്. ചുമട്ടുതൊഴിലാളികളുടെ ഏത് വിധ പ്രശ്‌നവും ഏത് തലത്തിലും ചര്‍ച്ച ചെയ്യാന്‍ ബി.എം.എസ് തയ്യാറാണ്. ആയതുകൊണ്ട് ചുമട്ടുതൊഴിലാളികളുടെ ആശങ്കയും ഭീതിയും ഒഴിവാകുന്നതിന് ചുമട്ടുതൊഴിലാളി യൂണിയനുകളുടെ അടിയന്തിര യോഗം സര്‍ക്കാര്‍ വിളിച്ച് കൂട്ടണം.
(ലേഖകന്‍ കേരള പ്രദേശ് ഹെഡ്‌ലോഡ് & ജനറല്‍ മസ്ദൂര്‍ ഫെഡറേഷന്‍ പ്രസിഡന്റാണ്.)

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments