Kesari WeeklyKesari

വാര്‍ത്ത

കൊളത്തൂര്‍ അദ്വൈതാശ്രമം രജതജയന്തി---ആദ്ധ്യാത്മിക സ്ഥാപനങ്ങളും പൊതുസമൂഹവും കൈകോര്‍ത്ത അപൂര്‍വ്വത--

on 01 December 2017
Kesari Article

ര്‍ത്തമാനകാല കേരളം നേരിടുന്ന യഥാര്‍ഥ വെല്ലുവിളികളും പ്രതിസന്ധികളും ഉയര്‍ത്തിക്കാട്ടിയും സുസ്ഥിര കേരളം കെട്ടിപ്പടുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചുമുള്ള ധര്‍മസംവാദം ഹിന്ദുമഹാസമ്മേളനങ്ങള്‍ ശ്രദ്ധേയമായി. കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ രജതജയന്തിയോടനുബന്ധിച്ചാണ് സംസ്ഥാനത്തെ 14 ജില്ലകളിലും മഹാസമ്മേളനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. എല്ലാ വേദികളിലും സ്വാമി ചിദാനന്ദപുരി പൊതുവിഷയങ്ങള്‍കൂടി പരാമര്‍ശിച്ചുള്ള മുഖ്യപ്രഭാഷണവും സംശയനിവാരണവും നിര്‍വഹിച്ചു. സമ്മേളനങ്ങള്‍ ഹൈന്ദവ ആചാര്യന്മാരുടെയും സംഘടനകളുടെയും പ്രാതിനിധ്യത്താലും ജനപങ്കാളിത്തത്താലും വിജയപ്രദമായി. 
തിരുവനന്തപുരത്ത് ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ പത്മവിഭൂഷണ്‍ ഡോ.ജി.മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്ത പരിപാടി മറ്റു 12 ജില്ലകളിലെ സമ്മേളനങ്ങള്‍ക്കുശേഷം കോഴിക്കോട്ടാണ് സമാപിച്ചത്. ഘോഷയാത്രകള്‍, ആചാര്യസംഗമങ്ങള്‍, പൗരസംഗമങ്ങള്‍, യുവജന-വിദ്യാര്‍ഥിസംഗമങ്ങള്‍, പ്രതിഭകളെ ആദരിക്കല്‍, കലാപരിപാടികള്‍ തുടങ്ങിയ വൈവിധ്യങ്ങളോടെയാണ്  വിവിധ കേന്ദ്രങ്ങളില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. വിവിധ ആശ്രമങ്ങളും ആധ്യാത്മികസ്ഥാപനങ്ങളും ഹൈന്ദവസംഘടനകളും പൊതുസമൂഹവും കൈകോര്‍ക്കുന്ന അപൂര്‍വതയ്ക്ക് സമ്മേളനങ്ങള്‍ വേദിയായി.
2017 ആഗസ്റ്റ് 17നു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഘോഷയാത്രകള്‍ സംഗമിച്ച തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. ഭാരതീയ ഋഷിമാരെ ആധുനിക ശാസ്ത്രജ്ഞരുമായി താരതമ്യംചെയ്യാവുന്നതാണെന്നും ഋഷിമാര്‍ പകര്‍ന്നുതന്ന വിജ്ഞാനം പില്‍ക്കാലത്ത് വികലമാക്കി അവതരിപ്പിക്കപ്പെട്ടതാണു നമുക്ക് തിരിച്ചടിയായതെന്നും ഡോ.ജി.മാധവന്‍ നായര്‍ ഉദ്ഘാടനപ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.
ഭാരതം ലോകത്തിനു മഹനീയമായ ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അവയെ ഭൗതികമെന്നും ആധ്യാത്മികമെന്നും വേര്‍തിരിക്കാന്‍ സാധ്യമല്ലെന്നും മുഖ്യപ്രഭാഷണം നിര്‍വഹിച്ച സ്വാമി ചിദാനന്ദപുരി പ്രസ്താവിച്ചു. വിജ്ഞാനത്തിന്റ സമസ്തമേഖലകളിലും ലോകത്തിനു സംഭാവനകള്‍ നല്‍കിയെങ്കിലും ഭാരതത്തിന്റെ ഏറ്റവും മികച്ച സംഭാവന ധര്‍മം എന്ന ആശയമാണ്. 
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ.എന്‍.ഗോപാലകൃഷ്ണനെ സ്വാമി ചിദാനന്ദപുരി പൊന്നാടയണിയിച്ചു സമാദരിച്ചു. 
അവസാനശ്വാസം വരെ തന്റെ രാഷ്ട്രത്തെയും ധര്‍മത്തെയും സേവിക്കാനാണ് ഇച്ഛിക്കേണ്ടതെന്നും പുരസ്‌കാരങ്ങള്‍ പ്രതീക്ഷിച്ചല്ല ഈ രംഗത്തു പ്രവര്‍ത്തിക്കുന്നതെന്നും ഡോ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. അമേരിക്കയിലെ ഡെട്രോയിറ്റിലെത്തിയപ്പോള്‍ നിങ്ങളുടെ മന്ത്രവാദം ഇവിടേക്കു കൊ ണ്ടുവരേണ്ടെന്നു പറഞ്ഞവരോട് 21-ാം നൂറ്റാണ്ട് ഭാരതീയരുടേതാണ് എന്നാണു സ്വാമി വിവേകാനന്ദന്‍ മറുപടി പറഞ്ഞതെന്നും അത് അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ജീവിക്കാന്‍ സാധിച്ച നാം ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു.  ഓ.രാജഗോപാല്‍ എം.എല്‍.എ. ആശംസാപ്രസംഗം നിര്‍വഹിച്ചു. 
കൊല്ലത്ത് ആഗസ്റ്റ് 19നു നടന്ന ധര്‍മസംവാദം ഹിന്ദുമഹാസമ്മേളനത്തില്‍ കുഴിയംശക്തിപാത അദ്വൈതാശ്രമം മഠാധിപതി മാ ആനന്ദമയി, പുതിയകാവ് ക്ഷേത്രം മേല്‍ശാന്തി ഇടമന ഇല്ലത്ത് ബാലമുരളി, വലിയ കൂനമ്പായികുളം ക്ഷേത്രം സെക്രട്ടറി ബൈജു, അഞ്ചാലുംമൂട് പി.എന്‍.എം. ആശുപത്രി ഉടമ ഡോ. ഇ.ചന്ദ്രശേഖരക്കുറുപ്പ് എന്നിവരെ സ്വാമി ചിദാനന്ദപുരി പൊന്നാട അണിയിച്ചു. പി.കേശവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. 
എല്ലാ പ്രകാരത്തിലുമുള്ള ഏകതയെ നമ്മുടെ സമാജത്തില്‍ ഊട്ടിയുറപ്പിക്കുന്നതിലൂടെയുള്ള ഹൈന്ദവശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഓള്‍ ഇന്ത്യ ബ്രാഹ്മണസഭ ഉപാധ്യക്ഷനും തന്ത്രിമുഖ്യനുമായ അക്കീരമണ്‍ കാളിദാസ ഭട്ടതിരി അഭിപ്രായപ്പെട്ടു. ആഗസ്റ്റ് 20നു പത്തനംതിട്ടയില്‍ നടന്ന ധര്‍മസംവാദം ഹിന്ദുമഹാസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മിസോറാം റിട്ട. അണ്ടര്‍ സെക്രട്ടറി പി.കെ.ശ്രീനിവാസന്‍ ദീപപ്രോജ്വാലനം നിര്‍വഹിച്ചു. 
ദുഷിച്ച ജാതിവ്യവസ്ഥയ്‌ക്കെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത് സന്ന്യാസിവര്യന്മാരും വേദജ്ഞരായ മഹാത്മാക്കളും ആയിരുന്നു എന്ന് സ്വാമി ചിദാനന്ദപുരി ആഗസ്റ്റ് 22ന് ആലപ്പുഴയില്‍ സംഘടിപ്പിക്കപ്പെട്ട ധര്‍മസംവാദം ഹിന്ദുമഹാമ്മേളനത്തില്‍ വ്യക്തമാക്കി. ആര്‍.എസ്.എസ്. ആലപ്പുഴ ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ധീവര എജ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. വി.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
24 ഹൈന്ദവസംഘടനകള്‍ സഹകരിച്ചാണ് ആഗസ്റ്റ് 24ന്  കോട്ടയത്തു ധര്‍മസംവാദം ഹിന്ദുമഹാസമ്മേളനത്തിനു വേദിയൊരുക്കിയത്. ചടങ്ങില്‍ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണവും സംശയനിവാരണവും നിര്‍വഹിച്ചു. ചിന്മയാമിഷന്‍ ജില്ലാ പ്രസിഡന്റ് എന്‍.രാജഗോപാല്‍ അധ്യക്ഷത വഹിച്ചു.
ഭാരതീയധര്‍മബോധം പ്രചരിപ്പിക്കേണ്ടത്  കാലത്തിന്റെ അനിവാര്യമായ ആവശ്യകതയാണെന്ന് ശ്രീ ശങ്കരാചാര്യ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.സി.ദിലീപ് കുമാര്‍ പറഞ്ഞു. ആലുവ ശിവരാത്രി മണപ്പുറത്ത് ആഗസ്റ്റ് 26നു നടന്ന ധര്‍മസംവാദം ഹിന്ദുമഹാസമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാര്‍ഥിസമ്മേളനത്തില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. എന്‍.സി.ഇന്ദുചൂഡന്‍ മോഡറേറ്ററായിരുന്നു.
ആഗസ്റ്റ് 31നു തൃശ്ശൂരില്‍ ധര്‍മസംവാദം ഹിന്ദുമഹാസമ്മേളനത്തിന്റെ ഉദ്ഘാടനം കാത്തലിക് സിറിയന്‍ ബാങ്ക് ചെയര്‍മാന്‍ ടി.എസ്.അനന്തരാമന്‍ നിര്‍വഹിച്ചു. മേജര്‍ പി.വിവേകാനന്ദന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ സംസ്‌കാരവും ദര്‍ശനവും സംവാദത്തിലധിഷ്ഠിതമാണെന്ന് ധര്‍മ്മസംവാദത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദുസ്ഥാപന നേതൃയോഗം ഉദ്ഘാടനം ചെയ്ത ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാന്‍ ഡോ. പി.വി.കൃഷ്ണന്‍നായര്‍ ഓര്‍മിപ്പിച്ചു. കൊടുങ്ങല്ലൂര്‍ വിവേകാനന്ദ കേന്ദ്രം അധ്യക്ഷ ഡോ. എം.ലക്ഷ്മീകുമാരി അധ്യക്ഷത വഹിച്ചു. ചിന്മയ മിഷന്‍ ചീഫ് സേവക് ഡോ. ജി.മുകുന്ദന്‍, പി.ഷണ്മുഖാനന്ദന്‍, പി.സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
സപ്തംബര്‍ 15നാണ് പാലക്കാട് ജില്ലാ ധര്‍മസംവാദം ഹിന്ദുമഹാസമ്മേളനം നടന്നത്. സ്വാമിചിദാനന്ദ പുരി മുഖ്യപ്രഭാഷണവും സംശയനിവാരണവും നിര്‍വഹിച്ചു. അടിസ്ഥാനപരമായി ധര്‍മശാസ്ത്രപഠനം നടക്കുന്നില്ലെന്ന കാരണത്താല്‍ കേരളീയഹൈന്ദവസമാജത്തില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കാനും മതപരിവര്‍ത്തനത്തിന് അനുകൂലസാഹചര്യമൊരുക്കാനും വിവിധ രാഷ്ട്രീയ, മത, മാധ്യമ ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിനെ അതിജീവിക്കാന്‍ ഹൈന്ദവസമാജത്തിനു സാധിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. പത്മശ്രീ ഡോ.പി.ആര്‍.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പി.കെ.നാരായണന്‍ നമ്പൂതിരി, രാമചന്ദ്രപുലവര്‍, ഡോ. പി.കെ.മാധവന്‍, ഡോ.പി. നന്ദകുമാര്‍, മോഹനന്‍ പനങ്ങാട്ടേരി, ഡോ.സേതുമാധവന്‍ തുടങ്ങിയവരെ ആദരിച്ചു. ധര്‍മസംവാദത്തിനു മുന്നോടിയായി ആധ്യാത്മിക പ്രഭാഷകരും ആചാര്യന്മാരും സന്ന്യാസിവര്യന്മാരും സംബന്ധിച്ച ആചാര്യസംഗമം നടന്നു.
ഒക്ടോബര്‍ ഏഴിനു നടന്ന മലപ്പുറം ജില്ലയിലെ ധര്‍മസംവാദം ഹിന്ദുമഹാസമ്മേളനം വിദ്യാര്‍ഥിസംഗമത്തോടെയാണ് ആരംഭിച്ചത്. വനവാസിസമൂഹത്തിലെ ചോലനായ്ക്കന്‍ വിഭാഗത്തില്‍നിന്നുള്ള പ്രഥമ ബിരുദ വിദ്യാര്‍ത്ഥി വിനോദ് ദീപപ്രോജ്വാലനം നിര്‍വഹിച്ചു. അഞ്ഞൂറോളം മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ധര്‍മത്തെക്കുറിച്ചും ഭാരതത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും വിദ്യാര്‍ഥികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്കു സ്വാമി ചിദാനന്ദപുരി മറുപടി നല്‍കി. ചോലനായ്ക്കന്‍ വിഭാഗത്തില്‍നിന്നുള്ള പ്രഥമ ബിരുദ വിദ്യാര്‍ത്ഥി വിനോദിനെയും ഡ്വാര്‍ഫ് ഒളിംപിക്‌സില്‍ 2013, 2017 വര്‍ഷങ്ങളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു വിജയം വരിച്ച ആകാശ് എസ്.മാധവനെയും അനുമോദിച്ചു. എ.പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
പിന്നീട് നടന്ന ആചാര്യസദസ്സില്‍ ക്ഷേത്രം തന്ത്രിമാര്‍, സന്ന്യാസിശ്രേഷ്ഠന്മാര്‍, ആധ്യാത്മിക ആചാര്യന്മാര്‍, ജ്യോതിഷികള്‍, ഗുരുസ്വാമിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തളി ക്ഷേത്ര സമരപോരാളിയായ യശോദ മാധവന്‍ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തി.
വയനാട് ജില്ലയിലെ ധര്‍മസംവാദം ഹിന്ദുമഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചെത്തിയത് ആയിരക്കണക്കിനു പേര്‍. ഹൈന്ദവസമൂഹത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉണര്‍വിനു തെളിവായിത്തീര്‍ന്നു മീനങ്ങാടിയില്‍ സപ്തംബര്‍ 17നു നടന്ന സമ്മേളനം. സ്വാമി ഓംകാരാനന്ദ തീര്‍ഥ, സ്വാമി വിദ്യാധിരാജ, സ്വാമി സത്യാനന്ദ പുരി, സ്വാമി ബ്രഹ്മാനന്ദ തീര്‍ഥ, സ്വാമി വിശ്വനാഥാനന്ദ എന്നിവര്‍ ചേര്‍ന്നാണു സമ്മേളനം ഉദ്ഘാടനം ചെയ്തത്. സ്വാഗതസംഘം അധ്യക്ഷന്‍ കെ.ജി.ഗോപാലപിള്ള അധ്യക്ഷത വഹിച്ചു. ആതുരസേവന രംഗത്ത് ദീര്‍ഘകാലം സേവനം ചെയ്ത ഡോ. പി.നാരായണന്‍ നായര്‍, വനവാസിമേഖലയിലെ വിദ്യാഭ്യാസപ്രവര്‍ത്തകയായ സി.കെ.വിജയകുമാരി, വനവാസി ഗോത്രകലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാനഞ്ചേരി നാരായണന്‍ എന്നിവരെ സ്വാമി ചിദാനന്ദപുരി പൊന്നാടയണിയിച്ച് ആദരിച്ചു. സപ്തംബര്‍ 18നാണ് കണ്ണൂരില്‍ജില്ലാ ധര്‍മസംവാദം ഹിന്ദുമഹാസമ്മേളനം നടന്നത്. സ്വാഗതസംഘം അധ്യക്ഷന്‍ അഡ്വ.എം.കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തെയ്യം കലാകാരന്‍ കുഞ്ഞിരാമന്‍ കൂറ്റൂരാനെ ആദരിച്ചു. ധര്‍മസംവാദത്തിനു മുമ്പായി കണ്ണൂരിലെ പൗരപ്രമുഖരുമായി സ്വാമി ചിദാനന്ദപുരി സംവദിച്ചു.
കാസര്‍കോട് ജില്ലാ ധര്‍മസംവാദം ഹിന്ദുമഹാസമ്മേളനം സപ്തംബര്‍ 19നു കാഞ്ഞങ്ങാട്ടു നടന്നു. എല്ലാ മേഖലകളിലും ലോകത്തെ നയിക്കാന്‍തക്കവിധം ഭാരതം ക്രമികമായി ഉയരുന്ന ഈ കാലഘട്ടത്തില്‍ ജാതി, മത, രാഷ്ട്രീയ പരിമിതികള്‍ക്കെല്ലാം ഉപരി ഭാരതത്തിന്റെ സ്വത്വത്തെ തിരിച്ചറിഞ്ഞ് ജഗദ്ഗുരു പദവിയിലേക്ക് നമ്മുടെ രാഷ്ട്രത്തെ ഉയര്‍ത്താന്‍ ഏവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് സ്വാമി ചിദാനന്ദപുരി ഉദ്‌ബോധിപ്പിച്ചു. കാഞ്ഞങ്ങാട്ട് കാരാക്കോട് നാരായണാനന്ദ വനവാസി കോളനിയില്‍നിന്ന് ആദ്യമായി ഉന്നതവിദ്യാഭ്യാസം നേടിയ കുമാരി മിഥുനയെ സ്വാമി അനുമോദിച്ചു. വ്യത്യസ്ത മേഖലകളില്‍ സമുന്നതമായ പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയരായ ദാമോദരപ്പണിക്കര്‍, സുകുമാരന്‍ പെരിയച്ചൂര്‍, കെ.ദാമോദരന്‍ എഞ്ചിനീയര്‍, ബാലചന്ദ്രന്‍ കൊട്ടോടി, കെ.വി.ഗോവിന്ദന്‍, വിശ്വേശ്വര റാവു, നാഗരാജ്, ഗുരുദത്ത് പൈ, ശ്രീധരക്കമ്മത്ത്, ബാബു അതിയാംപൂര് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇ.ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷനായിരുന്നു. 
ആചാര്യസംഗമം, 'യെസ്' യുവജനസംഗമം, ചിത്രരചനാ മത്സരം, ഉപന്യാസരചനാ മത്സരം, വിളംബരജാഥ തുടങ്ങിയ പരിപാടികള്‍ക്കുശേഷം വന്‍ജനഞ്ചയത്തെ സാക്ഷിനിര്‍ത്തിയാണ് ഒക്ടോബര്‍ 15നു കോഴിക്കോട്ട് സമാപന ധര്‍മസംവാദം നടന്നത്.'യെസ്' യുവജനകൂട്ടായ്മയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ സംബന്ധിച്ചു.
ഭാരതീയശാസ്ത്രപണ്ഡിതന്‍ സി.കൃഷ്ണന്‍ നമ്പൂതിരി, പട്ടയില്‍ പ്രഭാകരന്‍, ആര്യാഅന്തര്‍ജനം,  കെ.കെ.മുഹമ്മദ്, എന്‍.ഇ.ബാലകൃഷ്ണ മാരാര്‍, രാഘവന്‍ പുത്തലത്ത്, എടത്തൊടി സത്യന്‍, എന്‍.വി.ബാലകൃഷ്ണന്‍, കൈതയില്‍ അബ്ദുള്‍ റഹ്മാന്‍ മൂപ്പന്‍,  പ്രഭുദാസ്, പി.ഹരീഷ് കുമാര്‍ എന്നിവരെയാണ് ധര്‍മസംവാദ വേദിയില്‍ ആദരിച്ചത്. സ്വാമി വിശുദ്ധാനന്ദ സരസ്വതി രചിച്ച അവധൂതഗീതാ വ്യാഖ്യാനപുസ്തകം ഡോ.എ.ത്യാഗരാജനു നല്‍കി സ്വാമി ചിദാനന്ദപുരി പ്രകാശിപ്പിച്ചു. കെ.കെ.മുഹമ്മദ് പ്രസംഗിച്ചു.
സമ്മേളനത്തിനു മുന്നോടിയായി അദ്വൈതാശ്രമത്തെക്കുറിച്ചു ചലച്ചിത്രസംവിധായകന്‍ അലി അക്ബര്‍ തയ്യാറാക്കിയ ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments