Kesari WeeklyKesari

ലേഖനം**

റേഷനരിക്ക് കാവല്‍നില്‍ക്കുന്നവര്‍-ടി.കെ. പ്രഭാകരന്‍

on 01 December 2017


കേന്ദ്രസര്‍ക്കാര്‍ റേഷന്‍വിഹിതം വെട്ടിക്കുറക്കുകയാണെന്നും ആവശ്യത്തിന് അരി തരുന്നില്ലെന്നും കേരളജനതയെ പട്ടിണിക്കിട്ട് പീഡിപ്പിക്കുകയാണെന്നുമാണ് സംസ്ഥാനസര്‍ക്കാറിന്റെ ആവര്‍ത്തിച്ചുള്ള മുറവിളി. ദാരിദ്ര്യരേഖക്കുതാഴെയുള്ള കുടുംബങ്ങള്‍ക്കുള്ള അരി പോലും റേഷന്‍കടകളില്‍ നിന്നും പലപ്പോഴും ലഭിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാറാണ് ഇങ്ങനെയൊരവസ്ഥക്കുകാരണമെന്നും കേരളം ഭരിക്കുന്നവര്‍ ആരോപിക്കുന്നു. പ്രതിപക്ഷമാകട്ടെ കേന്ദ്രസര്ക്കാറിനെയും കേരളസര്‍ക്കാറിനെയും ഒരുപോലെ കുറ്റപ്പെടുത്തുന്നു. എന്നാല്‍ കേരളത്തില്‍ റേഷനരിവിതരണത്തിന്റെ മറവില്‍ നടക്കുന്ന തീവെട്ടിക്കൊള്ളകള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി ബി ഐ അന്വേഷണം തുടങ്ങിയതോടെ രണ്ടുമുന്നണികളും ഇക്കാര്യത്തില്‍ കാണിക്കുന്ന വഞ്ചനാപരമായ നിലപാടുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെടുന്ന  കാഴ്ചയാണ് കാണുന്നത്. 
കേന്ദ്രം നല്‍കുന്ന അരി അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്ന കാട്ടുകള്ളന്‍മാരെക്കുറിച്ചും അവര്‍ക്ക് ഒത്താശനല്‍കുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢസംഘങ്ങളെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് സി ബി ഐ അന്വേഷണത്തിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരുഭാഗത്ത് അരിക്കള്ളന്‍മാര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുകയും മറുഭാഗത്ത് കേന്ദ്രം അരി തരുന്നില്ലേയെന്ന് വിലപിക്കുകയും ചെയ്യുന്ന ഇവിടത്തെ അധികാരകേന്ദ്രങ്ങളുടെ പരിഹാസ്യമായ സമീപനത്തിനെതിരെ കേരളത്തിലെ പാവപ്പെട്ട റേഷന്‍ ഉപഭോക്താക്കളുടെ ധാര്‍മികരോഷം ഈ സാഹചര്യത്തില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട്ടും മലപ്പുറത്തും കാസര്‍കോട്ടും സി ബി ഐ നടത്തിയ റെയ്ഡില്‍ വര്‍ഷങ്ങളായി പൊതുവിതരണമേഖലയില്‍ നടന്നുവരുന്ന വന്‍കൊള്ളകളും ക്രമക്കേടുകളുമാണ് പുറത്തുവന്നിരിക്കുന്നത്. ഏറ്റവുമൊടുവില്‍ കാസര്‍കോട് ജില്ലയിലെ വിദ്യാനഗറിലുള്ള സിവില്‍സപ്ലൈസ് ഗോഡൗണിനോട് ചേര്‍ന്നുള്ള സ്വകാര്യകമ്പനിയുടെ ഗോഡൗണില്‍ സി ബി ഐ നടത്തിയ പരിശോധനയില്‍ അനധികൃതമായി വില്‍പ്പനക്കു സൂക്ഷിച്ച 50 കിലോയുടെ 70 ചാക്ക് അരിയും  പാക്കിങ്ങിനുവേണ്ടി കൊണ്ടുവന്ന നൂറുകണക്കിന് ചാക്കുകളും സി ബി ഐ പിടികൂടുകയായിരുന്നു. സിവില്‍ സപ്ലൈസിന് അനുവദിക്കുന്ന അരി ബ്രാന്‍ഡാക്കി മറിച്ചുവില്‍ക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സ്വകാര്യകമ്പനി വാടകക്കെടുത്ത ഗോഡൗണില്‍ കൊച്ചിയില്‍ നിന്നുള്ള സി ബി ഐ സംഘം റെയ്ഡ് നടത്തിയത്. ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ കീഴിലുള്ള വിദ്യാനഗറിലെ സിവില്‍സപ്ലൈസ് ഗോഡൗണില്‍ നിന്നാണ് ഇത്രയും അരി മറിച്ചുവില്‍പ്പന നടത്താനായി സ്വകാര്യഗോഡൗണിലേക്ക് മാറ്റിയത്. കോഴിക്കോട്ടും മലപ്പുറത്തും വന്‍തോതില്‍ കരിഞ്ചന്തയില്‍ മറിച്ചുവിറ്റ റേഷനരിയും മറ്റും സി ബി ഐ പിടിച്ചെടുത്തതിന് പിന്നാലെയാണ് കാസര്‍കോട്ടും പരിശോധനയുണ്ടായത്. ബ്രാന്‍ഡഡാക്കുന്ന അരിയും മറ്റ് ഉത്പന്നങ്ങളും സിവില്‍ സപ്ലൈസിന്റെ കടകളിലൂടെ വില്‍പ്പന നടത്തുന്നതിന് പകരം  സ്വകാര്യഗോഡൗണുകള്‍ വഴി പുറത്തേക്ക് കടത്തി കോടികള്‍ കൊയ്യുന്ന തട്ടിപ്പാണ് വ്യാപകമായി കേരളത്തില്‍ അരങ്ങേറുന്നത്. റേഷന്‍ ഉപഭോക്താക്കളുടെ അന്നം മുടക്കുന്ന കരിഞ്ചന്തക്കാരായ മാഫിയാസംഘങ്ങള്‍ക്കും ഇത്തരം സംഘങ്ങളുടെ ഏജന്റുമാരായി കമ്മീഷന്‍ പറ്റുന്ന സിവില്‍ സപ്ലൈസ് വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കും മൂക്കുകയറിടുകയെന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെ പൊതുവിതരണരംഗത്ത് ശുദ്ധീകരണപ്രക്രിയകള്‍ക്കായി സി ബി ഐ തുടക്കം കുറിച്ചിരിക്കുന്നത്.
ഈ വര്‍ഷം ഏപ്രില്‍ ഒന്നിനും ജൂണ്‍ 30നും ഇടയിലായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മീനങ്ങാടി ഡിപ്പോയിലെത്തിയ 2399 ചാക്ക് അരിയില്‍ വന്‍തിരിമറി നടന്നതായി സി ബി ഐ നേരത്തെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് എഫ് സി ഐക്ക് 38.79 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. അരിവെട്ടിപ്പുമായി ബന്ധപ്പെട്ട് എഫ് സി ഐ മീനങ്ങാടി ഡിപ്പോ മാനേജര്‍ക്കും ജീവനക്കാരനുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കോഴിക്കോട്ടുനിന്നും വയനാട്ടിലേക്ക് കൊണ്ടുപോയ 17 ലോഡ് അരി കാണാതായിരുന്നു. അതാണ് പിന്നീട് കാസര്‍കോട്ട് കണ്ടെത്തിയത്. വിദ്യാനഗറിലെ സിവില്‍സപ്ലൈസ് ഗോഡൗണില്‍ നിന്നും പതിനൊന്നുവര്‍ഷമായി അരി അടക്കമുള്ള റേഷന്‍സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് മറിച്ചുവില്‍ക്കുകയാണെന്ന്  സി ബി ഐ അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുകയാണ്. ഇതോടെ പ്രതിക്കൂട്ടിലാകുന്നത് കേരളം മാറിമാറി ഭരിച്ച മുന്നണികള്‍ തന്നെയാണ്. റേഷന്‍ വെട്ടിപ്പിന് തടയിടാന്‍ കേരളത്തിലെ ഭരണകര്‍ത്താക്കളുടെ കീഴിലുള്ള നിയമസംവിധാനങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അതില്‍നിന്നും ഇവിടത്തെ ജനങ്ങള്‍ എന്താണ് മനസ്സിലാക്കേണ്ടത്? സിവില്‍സപ്ലൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ക്കും ഈ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണസംവിധാനങ്ങള്‍ക്കും വിജിലന്‍സിനും പോലീസിനും യാതൊന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നല്ലേ. ഭരണത്തില്‍ സ്വാധീനമുള്ളവരുടെ പിന്‍ബലമില്ലാതെ ഇത്രയും വലിയ പകല്‍ക്കൊള്ള നടത്താനാവുകയില്ല. സംസ്ഥാനസര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ക്ക് തൊടാന്‍ പോലും കഴിയാത്തവിധം ശക്തരാണ് കേരളത്തിലെ കരിഞ്ചന്ത മാഫിയകളെന്ന് ഇതിലൂടെ തെളിയുകയാണ്.നിര്‍ധനരായ ഉപഭോക്താക്കളുടെ കൈകളില്‍ എത്തിച്ചേരേണ്ട അരിയും ഗോതമ്പും പഞ്ചസാരയും മാഫിയകള്‍ റാഞ്ചിക്കൊണ്ടുപോകുമ്പോള്‍ ഇതിനെതിരെ നടപടിയെടുക്കേണ്ടവര്‍ കമ്മീഷന്‍ കൈപ്പറ്റി തട്ടിപ്പുകള്‍ക്ക് മൗനാനുവാദം നല്‍കുകയാണ്. റേഷന്‍സാധനങ്ങള്‍ കിട്ടാതെ ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങള്‍ അരിയെവിടെ എന്ന് ചോദിക്കുമ്പോള്‍ കേന്ദ്രം തരുന്നില്ല എന്ന മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരുന്നവരാണ് എന്താണ് യാഥാര്‍ഥ്യമെന്ന് കേരളീയസമൂഹം തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ സമാധാനം പറയേണ്ടത്. 
സിവില്‍ സപ്ലൈസ് ഗോഡൗണുകളില്‍ അധികൃതരുടെ ഒത്താശയോടെ നടക്കുന്ന തിരിമറികള്‍ അറിയാതെ പൊതുജനങ്ങള്‍ തങ്ങളെ കുററപ്പെടുത്തുകയാണെന്നാണ് റേഷന്‍കടകളുടെ നടത്തിപ്പുകാരുടെ ആരോപണം. റേഷന്‍കടകളിലെത്തുന്ന  സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നവര്‍ ഉണ്ടെങ്കില്‍ കൂടിയും എല്ലാ റേഷന്‍കടയുടമകളും ഈ ഗണത്തില്‍ പെട്ടവരല്ല. എന്നാല്‍ റേഷന്‍ വ്യാപാരികളിലെ തട്ടിപ്പുകാരുടെ ചെയ്തികള്‍ ക്രമക്കേട് നടത്താത്ത റേഷന്‍കട ഉടമകള്‍ക്കും പേരുദോഷമുണ്ടാക്കുന്നുണ്ട്. സിവില്‍സപ്ലൈസിലെ ഉദ്യോഗസ്ഥരുടെ അറിവോടെ എഫ് സി ഐ ഗോഡൗണില്‍ നടക്കുന്ന അരിയുടെയും ഗോതമ്പിന്റെയും മറിച്ചുവില്‍പ്പനയുടെ ഉത്തരവാദിത്വം നിരപരാധികളായ റേഷന്‍വ്യാപാരികള്‍പോലും ഏറ്റെടുക്കേണ്ട ഗതികേടാണ് നിലവിലുള്ളത്. അരിമുതല്‍ പഞ്ചസാര വരെയുള്ള സാധനങ്ങള്‍ പൊതുവിതരണകേന്ദ്രങ്ങളിലെത്തുമ്പോള്‍ അളവുവ്യത്യാസം വരുന്നു. ഓരോ റേഷന്‍കടയ്ക്കും കാര്‍ഡിന്റെ യൂണിറ്റനുസരിച്ചാണ് ഡിപ്പോയിലേക്ക് ചാര്‍ട്ട് നല്‍കാറുള്ളത്. ഡിപ്പോയില്‍ നിന്നും സാധനങ്ങള്‍ റേഷന്‍വ്യാപാരകേന്ദ്രങ്ങളിലെത്തിപ്പെടുന്നു. ഇതിനിടയിലാണ് ക്രമക്കേടിന്റെ പ്രാഥമികപദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെടുന്നത്. സിവില്‍  സപ്ലൈസും ഡിപ്പോയും ഒത്തുകളിച്ച് സാധനങ്ങളില്‍ വെട്ടിപ്പ് നടത്തുമ്പോള്‍ റേഷന്‍കടകളിലെത്തുന്നവയില്‍ അളവുതൂക്ക വ്യത്യാസം സംഭവിക്കുക സ്വാഭാവികമാണ്. 
  ഡിപ്പോയില്‍ നിന്നും ചാക്കുകളില്‍ അരിയും പഞ്ചസാരയും മറ്റു ഭക്ഷ്യധാന്യങ്ങളും റേഷന്‍കടകളിലേക്ക് എത്തിക്കുമ്പോള്‍ തട്ടിപ്പിനുള്ള സാഹചര്യവും അനുകൂലമാണ്. ഒരു ചാക്കില്‍ അമ്പതുകിലോ ക്രമത്തില്‍ റേഷന്‍കടകളില്‍ അരി എത്തിക്കുന്നുണ്ട്. റേഷന്‍കടകളില്‍ നിന്നും ചാക്ക് പൊട്ടിച്ച് ഉപഭോക്താക്കള്‍ക്ക് അരി നല്‍കുമ്പോള്‍ രണ്ടോ മൂന്നോ കിലോ കുറവുണ്ടാകുന്നതായാണ് വ്യാപാരികള്‍ പറയുന്നത്. എല്ലാ ചാക്കുകളില്‍ നിന്നും നിരന്തരം ഇത്തരത്തില്‍ കുറവുവരുമ്പോള്‍ കട്ടെടുത്ത അരി കരിഞ്ചന്തയിലെത്തുകയാണ് ചെയ്യുക. റേഷന്‍കടകളില്‍ എത്തുന്ന ഓരോ ക്വിന്റല്‍ അരിയിലും നാലുകിലോയുടെയും അഞ്ചുകിലോയുടെയും കുറവ് സംഭവിക്കുന്നു. അപ്പോള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന റേഷനരി വിഹിതം തികയാതെ വരുന്നു. അരിപ്രശ്‌നം റേഷന്‍കടകളില്‍ തര്‍ക്കങ്ങള്‍ക്കും കയ്യാങ്കളിക്കും കാരണമാകുന്നു. ആയിരം കിലോ അരിക്ക് 200 ചാക്ക് എന്ന രീതിയിലാണ് കേരളത്തിലെ റേഷന്‍വിതരണസംവിധാനം. ചാക്കുപൊട്ടിയും മറ്റുകാരണങ്ങളാലും അരി പാഴായി പോകുന്ന സ്ഥിതിക്ക് പരിഹാരമെന്ന നിലയില്‍ ഗോഡൗണില്‍നിന്ന് ഏജന്റുമാര്‍ക്ക് 10 ചാക്കോ അതിലധികമോ അരി കൂടുതലായി നല്‍കുന്ന പതിവുണ്ട്.  അധികമായി ലഭിക്കുന്ന അരിചാക്കുകള്‍ പൊതുവിതരണകേന്ദ്രങ്ങളിലെത്തുകയില്ല. അതൊക്കെ ഏജന്റുമാര്‍ തന്നെ സ്വന്തമാക്കുന്നു. ഓരോ ലോഡ് അരി വരുമ്പോഴും നാലും അഞ്ചും ക്വിന്റല്‍ അരി ഇടക്കുവെച്ച് നാടകീയമായി അപ്രത്യക്ഷമാകുന്നു. അരിക്കുപുറമെ ഗോതമ്പും പഞ്ചസാരയും മണ്ണെണ്ണയും അടക്കമുള്ള കിലോക്കണക്കിന് സാധനങ്ങള്‍ യഥാര്‍ത്ഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നില്ലെങ്കില്‍ അതിനുകാരണം അവയുടെ അധോഗമനം തന്നെയാണ്. എന്നാല്‍ കേന്ദ്രം ഭക്ഷ്യധാന്യങ്ങള്‍ തരാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന പല്ലവിയായിരിക്കും അധികാരികള്‍ ആവര്‍ത്തിക്കുക. റേഷന്‍ കടകളിലെത്തുന്ന മണ്ണെണ്ണയില്‍ പത്തുലിറ്റര്‍വരെ കുറവ് സംഭവിക്കുന്നത് ഇപ്പോള്‍ പുതിയ കാര്യമല്ല. 200 ലിറ്റര്‍ വാങ്ങുന്ന മണ്ണെണ്ണയില്‍ ഔദ്യോഗികമായി രണ്ടുലിറ്റര്‍ കുറച്ചായിരിക്കും ഉപഭോക്താവിന് ലഭിക്കുക. ചോര്‍ച്ച വന്നാല്‍ പരിഹാരമായി അധിക മണ്ണെണ്ണ കൂടി ലഭിക്കുന്നതോടെ ഏജന്റുമാര്‍ക്ക് ഇതിന്റെ ഗുണഫലങ്ങള്‍ വര്‍ധിക്കുകയാണ്. അളവുതൂക്കത്തില്‍ വന്ന കുറവുകളെക്കുറിച്ച് റേഷന്‍വ്യാപാരികള്‍ എവിടെയെങ്കിലും പരാതി ഉന്നയിച്ചാല്‍ അവരെ പീഡിപ്പിക്കാനും ആജീവനാന്തം ഉപദ്രവിക്കാനുമാണ് സിവില്‍സപ്ലൈസ് അധികൃതര്‍ രംഗത്തുവരിക. പരാതി നല്‍കിയ റേഷന്‍വ്യാപാരിയുടെ കടയില്‍ റെയ്ഡ് നടത്തി അയാളാണ് കള്ളന്‍ എന്ന് വരുത്തിതീര്‍ക്കുന്ന നടപടികളുമായി അവര്‍ മുന്നോട്ടുപോകും. ഇതുമൂലം എന്ത് വെട്ടിപ്പുകളുണ്ടായാലും റേഷന്‍ വ്യാപാരികള്‍ക്ക് കണ്ണടക്കേണ്ടിവരുന്നു. നാട് ഭരിക്കുന്നവരും ഉദ്യോഗസ്ഥരും കരിഞ്ചന്തക്കാരും ഉള്‍പ്പെടുന്ന കൂട്ടുകെട്ടുകള്‍ നിശ്ചയിക്കുന്ന തരത്തില്‍ പൊതുവിതരണരംഗത്ത് ഉണ്ടായിരിക്കുന്ന അസമത്വങ്ങള്‍ക്കും അരാജകത്വങ്ങള്‍ക്കും ഉത്തരവാദികള്‍ നാളിതുവരെ കേരളം ഭരിച്ചവരും ഇപ്പോള്‍ ഭരിച്ചുകൊണ്ടിരിക്കുന്നവരും തന്നെയാണ്. കേന്ദ്രം എത്ര വിഹിതം തരുന്നുവെന്നതല്ല, ആ വിഹിതം എങ്ങനെ വിനിയോഗിക്കുന്നുവെന്നതാണ് പ്രധാനം. പൊതുവിതരണമേഖലയിലെ അധോലോകഗൂഢസംഘങ്ങളെ കൊഴുപ്പിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഇവിടത്തെ അധികാരവര്‍ഗം ചെയ്തുകൊടുക്കുന്നത്.
  കേരളത്തില്‍ റേഷനരി കൊള്ളയടിക്കുന്ന സംഘങ്ങള്‍ ഭരണാധികാരത്തില്‍ വരെ സ്വാധീനമുള്ള വി ഐ പി മാഫിയകളായി പടര്‍ന്നുപന്തലിച്ചതോടെ നമ്മുടെ നാട്ടിലെ സ്റ്റാറ്റിയൂട്ടറി റേഷന്‍സംവിധാനം തകര്‍ച്ചയുടെ വക്കിലാണ്. സൗജന്യറേഷന് അര്‍ഹതപ്പെട്ടവര്‍ പോലും അത് ലഭിക്കാതെ തീവില കൊടുത്ത് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. ഈ കൊടുംചൂഷണത്തിന് തടയിടേണ്ട സര്‍ക്കാര്‍ ഏജന്‍സികള്‍ മാഫിയകളുമായി ഒത്തുചേര്‍ന്ന് കട്ടമുതലുകള്‍ പങ്കുവെക്കുന്ന തിരക്കിലുമാണ്. എഫ് സി ഐ ഗോഡൗണുകളില്‍ ചാക്കുകണക്കിന്  അരികള്‍ മാസങ്ങളോളം കെട്ടിക്കിടന്ന് പുഴുവരിച്ച് നശിക്കുന്ന സ്ഥിതിയും ഉണ്ടാകുന്നുണ്ട്. പാവങ്ങളുടെ അന്നംമുടക്കുന്ന ദുഷ്ടശക്തികളെ തളയ്ക്കാന്‍ ആരുവന്നാലും കേരള ജനത അവര്‍ക്കൊപ്പമാണ്. പൊതുവിതരണമേഖലയിലെ കൊള്ളസംഘങ്ങളെ വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്നത് എത്ര ഉന്നതരായാലും അവരെ വിചാരണ ചെയ്യുന്ന കടുത്ത നടപടികള്‍ തന്നെ ഇക്കാര്യത്തില്‍ അനിവാര്യമാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments