Kesari WeeklyKesari

ലേഖനം..>>

പരാജയാനുഭവങ്ങളുടെ ഒക്‌ടോബര്‍ വിപ്ലവം- ഡോ: ഉമാദേവി.എസ്

on 01 December 2017
Kesari Article

സോവിയറ്റ് യൂണിയനിലെ ഒക്‌ടോബര്‍ വിപ്ലവത്തിന്റെ 100-ാം വാര്‍ഷികാഘോഷം നടക്കുകയാണല്ലോ. ലെനിന്റെ നേതൃത്വത്തില്‍ നടന്ന വിപ്ലവത്തിന്റെ പരിണതഫലവും പിന്നീട് ഉണ്ടായ രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലവും ഒരു പരിധിവരെ ലക്ഷ്യം കണ്ടു. എന്നാല്‍, തുടര്‍ന്ന് അവിടെ സംഭവിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക സ്ഥിതിവിശേഷം ആ രാജ്യത്തിന്റെ ചരിത്രം ചില വ്യതിയാനങ്ങളോടെ ആവര്‍ത്തിച്ചിരുന്നതായാണ് കാണപ്പെടുന്നത്. മാര്‍ക്‌സിയന്‍ സിദ്ധാന്തത്തിലെ അവസാന പടികളായ സോഷ്യലിസവും സ്റ്റേറ്റിന്റെ ഉന്മൂലനവും തികച്ചും സാങ്കല്പികങ്ങളാണെന്ന് ചരിത്രം തെളിയിച്ചു. അതിന് കാരണം, സാര്‍ചക്രവര്‍ത്തിമാരെ വെല്ലുവിളിക്കുന്ന രീതിയിലുള്ള പാര്‍ട്ടി നേതൃത്വത്തിന്റേയും ഭരണകൂടത്തിന്റേയും സ്വേച്ഛാധിപത്യഭരണമായിരുന്നു. ഹിറ്റ്‌ലറുടേയും മുസ്സോളിനിയുടേയും നാസിസവും ഫാസിസവും, മറ്റൊരു പേരില്‍ (ടോട്ടാലിറ്റേറിയാനിസം) ഇവിടെ നടത്തപ്പെട്ടു എന്ന് മാത്രം.
ഒക്‌ടോബര്‍ വിപ്ലവത്തിനോട് ഐക്യദാര്‍ഢ്യം നടത്തിയിരുന്ന മറ്റ് പാര്‍ട്ടികളുമായി പിന്നീട് യോജിച്ച് പോകുന്നതിന് ലെനിന് താല്പര്യമുണ്ടായിരുന്നില്ല എന്ന് ചരിത്രരേഖകള്‍ പറയുന്നു. മാത്രമല്ല ബോള്‍ഷെവിക് പാര്‍ട്ടിയിലെ വിശാലമനസ്‌ക്കരുടെ വായടപ്പിക്കുന്നതിനും ലെനിന് സാധിച്ചിരുന്നു. വിപ്ലവത്തിന് ശേഷം നവംബര്‍ ആദ്യവാരത്തില്‍ കൂടിയ സമ്മേളനം എല്ലാ പര്‍ട്ടികളും ചേര്‍ന്ന ഭരണകൂടത്തെ അംഗീകരിച്ചിരുന്നു. എന്നാല്‍, മറ്റു പാര്‍ട്ടികളുടെ സഹകരണത്തോടെയുള്ള ഭരണകൂടത്തിനെ എതിര്‍ത്തിരുന്ന ലെനിന്‍,  ഏകപക്ഷീയമായ തന്റെ തീരുമാനം ആ സമ്മേളനത്തില്‍ അടിച്ചേല്‍പ്പിക്കുകയാണ് ഉണ്ടായത്. സമ്മേളനാരംഭത്തില്‍ തന്നെ ലെനിന്‍ പ്രഖ്യാപിച്ചത് മൂന്ന് കാര്യങ്ങളായിരുന്നു. (1) നാം ഒരു സ്ഥിതിസമത്വവ്യവസ്ഥിതി വിഭാവനം ചെയ്യുന്നു. (2) ഒന്നാം ലോകമഹായുദ്ധത്തില്‍നിന്നും സോവിയറ്റ് യൂണിയന്‍ പിന്മാറുന്നു (3) രാജ്യത്തെ സാമ്പത്തികമേഖല മുഴുവനായും സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ കൊണ്ടുവരുന്നു. (1. ണല വെമഹഹ ിീി ുൃീരലലറ ീേ രീിേെൃൗര േവേല ീെരശമഹശേെ  ീൃറലൃ. 2.ഉലരൃലല ീി ുലമരല. 3. ഉലരൃലല ീി ഘമിറ)) അതിന്റെ തുടര്‍ച്ചയായി ബാങ്കിംഗ് ഫാക്ടറി മേഖലയിലും സര്‍ക്കാര്‍ പിടിമുറുക്കി; പത്രമാധ്യമങ്ങള്‍ നിയന്ത്രണത്തിലാക്കി; ബഹുമതികള്‍ നേടുന്നത് നിരോധിച്ചു; അതിലൊക്കെ ഭീകരമായി, മതഭേദമെന്യേ ലൈംഗീകാരാജകത്വത്തിനും, ഗര്‍ഭനിരോധനത്തിനും കൂടി പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തിരുന്നു!!(ംംം.വശേെീൃ്യശിമി വീൗൃ. രീാ 2012/11/07ീര.േൃല്ീഹൗശേീി. ൗൊാമൃ്യ) 'ടോട്ടാലിറ്റേറിയന്‍' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഫാസിസ്റ്റ് ഭരണരീതി ഇതേരീതിയില്‍ സോവിയറ്റ് യൂണിയനില്‍ പതിറ്റാണ്ടുകള്‍ നിലനിന്നു എന്ന് അവകാശപ്പെടാം. ഇടക്ക് ഉണ്ടായിട്ടുള്ള ഏത് ചെറുത്തുനില്പുകളേയും നിഷ്ഠുരമായി അടിച്ചമര്‍ത്തിക്കൊണ്ടുള്ള സംഭവങ്ങള്‍ പലതാണ്. 
ലെനിന്റെ ഭരണകാലം തൊട്ടുള്ള സോവിയറ്റ് യൂണിയന്റെ ചരിത്രത്തില്‍ എല്ലാ വിദേശ 'ഇസ'ങ്ങളും താല്ക്കാലിക പ്രതിഭാസങ്ങളാണെന്നതിന് മറ്റൊരു ഉദാഹരണം കൂടിയാണ് കമ്മ്യൂണിസം. ഏകദേശം 70 വര്‍ഷത്തിനുള്ളില്‍, ആ ആശയം തകര്‍ന്നടിഞ്ഞു എന്നുള്ളതാണ് പച്ചപ്പപരമാര്‍ത്ഥം. തീവ്രഭരണകൂടനിയന്ത്രണത്തില്‍ അടക്കി ഭരിക്കപ്പെട്ട ജനത, ഏതെങ്കിലുമൊക്കെ പഴുതുകളിലൂടെ പുറത്തുചാടിക്കൊണ്ട് ഒളിഞ്ഞും തെളിഞ്ഞും ഭരണകൂടത്തിനെ നേരിട്ടിരുന്നു. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലൂടെ നിലവില്‍ വന്ന ഭരണവ്യവസ്ഥിതി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വേച്ഛാധിപത്യരീതിയിലേക്ക് മാറുന്നതിന് മുമ്പേ തന്നെ, ഉള്ളില്‍ നിന്ന് മുറുമുറുപ്പ് ഉണ്ടായി എന്നതിന് ദൃഷ്ടാന്തമാണ്, ഒക്‌ടോബര്‍ വിപ്ലവത്തിന് ശേഷം നടന്ന ആദ്യത്തെ സമ്മേളനത്തിലെ വിഷയങ്ങള്‍. (മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്.)
'ദി റൈസ് ആന്റ് ഫോള്‍ ഓഫ് കമ്മ്യൂണിസം'' എന്ന പുസ്തകം മേല്‍പറഞ്ഞ സാഹചര്യങ്ങളെ വ്യക്തമാക്കുന്നുണ്ട്. ആര്‍ക്കി ബ്രൗണ്‍ എഴുതിയ പുസ്തകം 738 പേജൂകളില്‍, 5 ഭാഗങ്ങളായി വെബ്‌സൈറ്റില്‍ ലഭ്യമാണ്. എല്ലാ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും സഞ്ചരിച്ച് ആ രാജ്യങ്ങളിലെതന്നെ പലരുമായി ആശയ വിനിമയം നടത്തിയും, അവിടങ്ങളിലെ ലൈബ്രറികളും ചരിത്രരേഖകളും നേരിട്ട് വായിച്ചും തയ്യാറാക്കിയതാണ് പ്രസ്തുത പുസ്തകം. കമ്മ്യൂണിസത്തിന്റെ ഉത്ഭവവും വികസനവും എന്ന ഒന്നാം ഭാഗത്തില്‍ തുടങ്ങി, അഞ്ചാംഭാഗം അവസാനിക്കുന്നത് മാര്‍ക്‌സിന്റെ നിഗമനത്തെ വിചരിച്ചുകൊണ്ടാണ്. മുതലാളിത്തത്തില്‍, അതിന്റെ തന്നെ തകര്‍ച്ചയ്ക്കുള്ള വിത്തുകള്‍ ഉണ്ട്. കൃത്യവും നിര്‍ണ്ണായകവുമായ ചില ചോദ്യങ്ങളിലൂടെ ഈസ്റ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ക്രമേണ സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടെ, മറ്റ് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും എങ്ങനെ കമ്മ്യൂണിസം തകര്‍ന്നടിഞ്ഞു എന്നും പ്രതിപാദിക്കുന്നുണ്ട്.
ഇത്രയും കാലമൊക്കെ, കമ്മ്യൂണിസം സോവിയറ്റ് യൂണിയനില്‍ നിലനില്‍ക്കാനുള്ള കാരണങ്ങളെപ്പറ്റി ഈ പുസ്തകത്തിന്റെ 28-ാം അധ്യായത്തില്‍ പറയുന്നുണ്ട്. (1) കര്‍ക്കശമായ സംഘടനാ സംവിധാനത്തിലൂടെ, ഫലപ്രദമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എന്തിലുമുള്ള ഇടപെടല്‍ (മറ്റ് ഈസ്റ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും  ഇക്കാരണത്താല്‍ കമ്മ്യൂണിസം നിലനിന്നു) (2) പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ പ്രത്യക്ഷമായ സെന്‍സര്‍ഷിപ്പ്, ആഭ്യന്തരമായ വിനിമയ നിയന്ത്രണം, (3) നൂതനവും നിഷ്ഠൂരവുമായ ശിക്ഷ. (4) തൊഴിലവസരങ്ങളിലും തൊഴിലാളികളിലും പാര്‍ട്ടിയുടെ പൂര്‍ണ്ണമായ നിരീക്ഷണം (5)ഏത് പ്രശ്‌നത്തിലും കോടതിവിധിയേക്കാളും മേല്‍ക്കോയ്മ പാര്‍ട്ടി ഭരിക്കുന്ന സ്റ്റേറ്റിന് (6) ജനങ്ങളുടെ താഴ്ന്ന വിദ്യാഭ്യാസ നിലവാരം (7) അതുകൊണ്ട് തന്നെ കമ്മ്യൂണിസത്തിനെതിരെ എഴുതിയിരിക്കുന്ന പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കോ, ഗവേഷകര്‍ക്കോ, ബുദ്ധിജീവികള്‍ക്കോ അപ്രാപ്യമാക്കിയിരുന്നു (8) ഏറെ രസകരമായ മറ്റൊന്ന്, ഭരണഭാഷയും സംസാരഭാഷയും തമ്മിലുള്ള പ്രകടമായ വ്യത്യാസം (നമ്മുടെ നാട്ടില്‍ കാണുന്നതുപോലെ പൊതുവെ നിരക്ഷകര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള പദപ്രയോഗങ്ങള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക) (9) ഭരണഘടനാപരമായ (ഉണ്ടെങ്കില്‍) നിയമങ്ങളെ കാറ്റില്‍പ്പറത്തി, അവസരോചിതമായ നിയമങ്ങളും നടപടികളും രാഷ്ട്രീയസംവിധാനത്തിലും സമൂഹത്തിലും സാമ്പത്തികരംഗത്തും നടപ്പില്‍ വരുത്തുക (10) പാര്‍ട്ടിനേതാക്കള്‍, മറ്റ് ഉന്നത സ്ഥാനത്തേക്ക് അവരോധിച്ചാല്‍, തനിക്കിഷ്ടമുള്ള പാര്‍ട്ടിയിലെ മറ്റൊരാളെ അവരോധിക്കുക. ഇത്തരം ഫാസിസ്റ്റ് ഭരണരീതികള്‍ക്ക് ഒരു മനുഷ്യായുസ്സിന്റെ ദൈര്‍ഘ്യം പോലും ഉണ്ടായിരുന്നില്ല എന്ന് ശ്രദ്ധിക്കേണ്ടതാണ്.
കമ്മ്യൂണിസത്തിന്റെ തകര്‍ച്ചക്ക് കാരണങ്ങള്‍ പലതാണ്. അവയിലൊന്ന് ഓരോ രാജ്യത്തെ ജനങ്ങളിലും അന്തര്‍ലീനമായിരുന്ന ദേശീയ ബോധമായിരുന്നു. (അതേ പുസ്തകം പേ.592) കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളിലും മധ്യയൂറോപ്പിലും കിഴക്കന്‍ ജര്‍മ്മനിയിലും ചെക്ക്, ഹംഗറി, പോളണ്ട് മുതലായ രാഷ്ട്രങ്ങളിലും അവിടുത്തെ ജനങ്ങളുടെ ദേശീയബോധവുമായി ഒത്തുചേരാത്ത സ്ഥിതിവിശേഷം, കമ്മ്യൂണിസത്തോടെ ഉണ്ടാവുകയും ക്രമേണ അവര്‍ അകലാനും തുടങ്ങി. വളരെ വൈകിയാണെങ്കിലും സമാനമായ സ്ഥിതിവിശേഷം ഭാരതത്തിലും ഉണ്ടാകുന്നുണ്ടല്ലോ. എന്നാല്‍ സോവിയറ്റ് യൂണിയനില്‍ 'റഷ്യ'എന്ന ദേശീയ ബോധമാണ് അവിടുത്തെ ജനങ്ങളെ പ്രേരിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ സോവിയറ്റ് യൂണിയന്‍ എന്ന രാജ്യങ്ങളുടെ (റിപ്പബ്ലിക്കുകള്‍) സംഘടനയില്‍ നിന്ന് പല റിപ്പബ്ലിക്കുകളും വേര്‍പിരിയാന്‍ താല്‍പര്യം കാണിച്ചു തുടങ്ങി (അതേ പുസ്തകം അധ്യായം 29 ംവമ േരമൗലെറ രീഹഹമുലെറ ീള രീാാൗിശാെ ു587).
ജനങ്ങളുടെ നിരക്ഷരതയും വിദ്യാഭ്യാസത്തിന്റെ താഴ്ന്ന നിലവാരവും ഒരേപോലെ ചൂഷണം ചെയ്തുകൊണ്ടാണ് കമ്മ്യൂണിസം ഇത്രയുംകാലം നിലനിന്നിരുന്നതെന്ന് മനസ്സിലാക്കുന്നു. 1939-ല്‍ സോവിയറ്റ് യൂണിയനിലെ ജനതയുടെ 11% ത്തിനുമാത്രമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം ഉണ്ടായിരുന്നത്! അത് 1984ല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയെന്ന് അവകാശപ്പെടുന്നവര്‍ 87% ആയിരുന്നു. വിദ്യാഭ്യാസ നിലവാരത്തിന് പ്രാധാന്യം കൊടുക്കാത്തതിലെ അടവുനയം മനസ്സിലാക്കാവുന്നതേയുള്ളു. വിദ്യാഭ്യാസം നേടി കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിനും ഇടപെടലിനും ഭരണകൂടത്തിന് താല്പര്യമില്ലായിരുന്നു. (അതേ പുസ്തകം 588) സ്റ്റാലിന്റെ കാലശേഷം വിദ്യാഭ്യാസനിലവാരം കൂടിയിരുന്നു എങ്കിലും, 1954 ആയപ്പോഴേക്കും ഉന്നതവിദ്യാഭ്യാസനിലവാരം 1% മാത്രമായി. 1984ല്‍ അത്  5 മില്ല്യന്‍ ആയി. അതായത് വെറും 7% ജനങ്ങള്‍. പ്രായപൂര്‍ത്തിയായവരുടെ വിദ്യാഭ്യാസം രണ്ടക്കമായി എന്നര്‍ത്ഥം. അതുതന്നെ മോസ്‌ക്കോയിലും ലെനിന്‍ഗ്രേഡിലുമായി ഒതുങ്ങുന്നു. അന്നുണ്ടായിരുന്ന അഭ്യസ്തവിദ്യരില്‍ തന്നെ, ചില തിരിച്ചറിവുകള്‍ ഉണ്ടായി. മറ്റൊന്നുമല്ല, പാശ്ചാത്യരാജ്യങ്ങളില്‍ (കമ്മ്യൂണിസം സ്വീകരിച്ചിരുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍പോലും) തങ്ങളെപ്പോലുള്ളവര്‍ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം വിദേശസന്ദര്‍ശനം, ഇവയൊക്കെ എന്തുകൊണ്ട് തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നു. (അതേ പുസ്തകം) അറിവുപകരുന്ന ചില പുസ്തകങ്ങള്‍പോലും, തങ്ങള്‍ക്ക് എന്തുകൊണ്ട് അപ്രാപ്യമാകുന്നു? ഇത്തരം പുത്തന്‍ ചിന്തകളൊക്കെ കുറച്ചൊന്നുമല്ല, ഗോര്‍ബച്ചേവ് ഭരണകൂടത്തിനെ വേട്ടയാടിയിരുന്നത്. മറ്റ് യൂറോപ്യന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളേക്കാള്‍ വളരെ താഴ്ന്ന സാക്ഷരതാ നിലവാരമായിരുന്നു സ്റ്റാലിന് ശേഷവും റഷ്യയിലുണ്ടായത്. സാക്ഷരത കുറവായിരുന്നെങ്കിലും സോവിയറ്റ് യൂണിയന്‍ ഊന്നല്‍ കൊടുത്തിരുന്നത്, കണക്ക്, പ്രകൃതിശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിലായിരുന്നു. എന്നാല്‍ ആ രാജ്യത്തെ നല്ലൊരു ശതമാനം സാക്ഷരര്‍ക്കും യാതൊരു തരത്തിലുള്ള ബൗദ്ധിക സ്വാതന്ത്ര്യവും സമാനപാശ്ചാത്യ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഉണ്ടായിരുന്നില്ല.
സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസത്തിന്റെ തകര്‍ച്ചക്ക് മറ്റൊരു പ്രധാനകാരണം, സാമ്പത്തിക മേഖലയുടെ തളര്‍ച്ചയും, തുടര്‍ന്നുള്ള നയങ്ങളുമായിരുന്നത്രെ. 1950 നും 1980നുമിടയില്‍ സോവിയറ്റ് യൂണിയന്റെ സമ്പദ്‌വ്യവസ്ഥിതി പിന്നോട്ടായിരുന്നു. ഒരു ദീര്‍ഘകാല സാമ്പത്തിക മാന്ദ്യം ഉണ്ടായി (പേ. 582 അതേ പുസ്തകം) എന്നാല്‍ ആ രാജ്യം പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ്. യുറോപ്യന്‍ കമ്മ്യൂണിസത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള 'ദേശീയത' ബോധം, പല റിപ്പബ്ലിക്കുകളേയും സ്വതന്ത്രമാവാന്‍ ആഗ്രഹിച്ചിരുന്നല്ലോ. അതിനുവേണ്ടി വാദിച്ചിരുന്ന ഒറ്റ റിപ്പബ്ലിക്കുകളുടേയും എതിരെ ഒരു സൈനിക നടപടിയും സ്വീകരിച്ചിരുന്നില്ല. അതുപോലെ കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തങ്ങളുടെ ബന്ധം, സോവിയറ്റ് യൂണിയനുമായി വിഛേദിച്ചു. മറ്റൊന്ന്, സാമ്പത്തിക പരാധീനത കൂടുന്തോറും, ഭരണത്തിന്റെ തീവ്രത കൂടുകയാണ് ഉണ്ടായത്. കൂടാതെ സാമ്പത്തികമായ സ്വാതന്ത്ര്യം, ഉദാരനയം, ജനാധിപത്യം ഇവയെല്ലാം കാരണം 1980-ന്റെ  പകുതിയോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങി.
ഗോര്‍ബച്ചോവിന് ശേഷം, പുടിന്റെ കാലത്തും കമ്മ്യൂണിസ്റ്റ് ആശയത്തില്‍ നിന്നും ആ രാജ്യത്തെ ഭരണകൂടം പിന്മാറായിരുന്നില്ല. മാത്രമല്ല, സോവിയറ്റ് യൂണിയന്റെ സൈനികശക്തി, വലിപ്പം, പ്രകൃതിവിഭവങ്ങളുടെ ലഭ്യത ഇവയെല്ലാം ആ രാജ്യത്തെ പൗരന്മാരുടെ അഭിമാനമായിരുന്നു. അതുകൊണ്ടുതന്നെ, ആ രാജ്യത്തെ ലോകത്തിലെ സൂപ്പര്‍പവ്വര്‍ ആയി കണക്കാക്കി. ഒപ്പം തങ്ങളുടെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, തൊഴില്‍ദാനം ഇവയെല്ലാം ഉറപ്പുവരുത്തി, ജനങ്ങള്‍ക്ക് ആശ്വാസമേകി. പക്ഷേ, എല്ലാ മേഖലകളിലും കനത്ത സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നു.
1960 ആയപ്പോഴേക്കും, പാശ്ചാത്യവല്‍ക്കരണത്തിനോടുള്ള താല്പര്യം യുവാക്കളില്‍ ഉണ്ടാവുകയും തത്ഫലമായി മാര്‍ക്‌സിയന്‍ ആശയങ്ങള്‍ മുറുകെ പിടിച്ചിരുന്ന ഭരണനേതൃത്വത്തില്‍ ചെറിയ ചാഞ്ചാട്ടമുണ്ടാവുകയും ചെയ്തു. ക്രമേണ, പെരിസ്‌ട്രോയിക്ക, ഗ്ലാസ്‌നോസ്റ്റ് തുടങ്ങിയ ഭരണപരിഷ്‌ക്കാരം രാജ്യത്ത് നടപ്പാക്കി. സാമ്പത്തിക - സാമൂഹ്യപ്രശ്‌നങ്ങളെ ലഘൂകരിക്കാനെടുത്ത രാഷ്ട്രീയനയങ്ങള്‍ വേണ്ട ഫലം കണ്ടില്ല, എന്ന് മാത്രമല്ല, ആ നയങ്ങള്‍ ജനങ്ങള്‍ക്ക് അമിതസ്വാതന്ത്ര്യത്തിന് ഇടനല്‍കി. കൂടാതെ അത്തരം സ്വാതന്ത്ര്യവും സുതാര്യതയും സാമ്പത്തിക മേഖലയില്‍ ഉണ്ടായിരുന്നില്ല. അതേ പുസ്തകം (അധ്യായം 29) സാമ്പത്തിക പരിഷ്‌ക്കരണത്തിന് പരിഗണന കൊടുക്കേണ്ടതിന്  പകരം, രാഷ്ട്രീയ പരിഷ്‌ക്കരണത്തിന് കൊടുത്തതിന്റെ ബാക്കിപത്രമായിരുന്നു അത്. പെരിസ്‌ട്രോയിക്കയുടെ തുടര്‍ച്ചയായുണ്ടായ സാമ്പത്തികമാന്ദ്യം, വ്യവസായത്തില്‍, മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലുണ്ടായ സാങ്കേതിക വളര്‍ച്ച, സൈനികമേഖലയിലേക്ക് കൂടുതല്‍ പണം ചെലവഴിക്കല്‍, ബ്രിഷ്‌നേവിന്റെ കാലത്തുണ്ടായ ജനനനിരക്കിലെ തളര്‍ച്ച, ശിശുമരണം, മദ്യ-മയക്കുമരുന്നുകള്‍ക്ക് അടിമകളായി കൊണ്ടുള്ള യുവാക്കളുടെ മരണം ഇവയും കൂടി കൂട്ടിവായിക്കേണ്ടതാണ്. സാമ്പത്തികമേഖലയുടെ മറ്റ് പരാജയകാരണങ്ങള്‍ മുമ്പ് സൂചിപ്പിച്ചതുപോലെ പുത്തന്‍ സാങ്കേതികവിദ്യകളുടെ അഭാവം, വിവരസാങ്കേതിക വിദ്യയിലെ പങ്കാളിത്തമില്ലായ്മ,  ആഗോളവല്‍ക്കരണത്തെ ചെറുക്കാനുള്ള സാമ്പത്തിക വിഭവങ്ങളുടെ (ശേഷി) അഭാവവും ആകുന്നു. എന്നാല്‍ ബ്രഷ്‌നേവിന്റെ കാലത്ത് ധാരാളം പുസ്തകങ്ങളും ലേഖനങ്ങളും ശാസ്ത്ര-സാങ്കേതിക മേഖലയില്‍ പ്രസിദ്ധീകരിച്ചിരുന്നത്രെ. അതൊന്നും ഉള്‍ക്കൊള്ളാന്‍ യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റുകള്‍ തയ്യാറായിരുന്നില്ല.
'ദേശീയത' ബോധം കമ്മ്യൂണിസത്തിന് വെല്ലുവിളിയായിരുന്നെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. ഭാരതത്തില്‍ ഇക്കൂട്ടര്‍ക്ക് പച്ച പിടിക്കാന്‍ സാധിക്കാത്തതിന് കാരണം ദേശീയ പ്രസ്ഥാനങ്ങളുടെ ചെറുത്തുനില്‍പ് തന്നെയെന്ന് നമുക്കറിയാം. 'ദേശീയത' എന്ന വികാരം ഈസ്റ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് കമ്മ്യൂണിസത്തിനെ തൂത്തെറിഞ്ഞെങ്കില്‍ അതേ വികാരം സോവിയറ്റ് യൂണിയനെ ഛിന്നഭിന്നമാക്കുന്ന സ്ഥിതിവിശേഷമാണുണ്ടായത്. മുമ്പ് സൂചിപ്പിച്ച രീതിയിലുള്ള കര്‍ക്കശ നിലപാടുകള്‍ പാര്‍ട്ടിയുടേയും ഭരണകൂടത്തിന്റേയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുകൂടി, ഈ രാജ്യങ്ങളില്‍, പാര്‍ട്ടിക്കകത്തുനിന്നുതന്നെ സ്വയം വിമര്‍ശനങ്ങള്‍ ഉണ്ടായി. അതിന് മുന്നോട്ട് വന്നവരില്‍ രണ്ട് വിഭാഗക്കാര്‍ ഉണ്ടായിരുന്നു. (1) പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ള കമ്മ്യൂണിസം സൈദ്ധാന്തികര്‍ (2) വിദേശപര്യടനം നടത്തിയിട്ടുള്ള സോവിയറ്റ് യൂണിയനിലെ തന്നെ പാര്‍ട്ടി അംഗങ്ങള്‍. (അതേ പുസ്തകം പേ. 592) ചുരുക്കത്തില്‍ രാഷ്ട്രീയ പരിഷ്‌കരണവും അതിന്റെ ഫലമായുണ്ടായ സ്വാതന്ത്ര്യവും ദേശീയതാബോധവും പുരോഗമന പരിഷ്‌കര്‍ത്താക്കളുടെ കയ്യിലേക്ക് പാര്‍ട്ടിയും വീണപ്പോള്‍, സോവിയറ്റ് യൂണിയനില്‍ കമ്മ്യൂണിസത്തിന് പരാജയവും യൂറോപ്യന്‍ കമ്മ്യൂണിസത്തിന് എന്നന്നേക്കുമായ തകര്‍ച്ചയും ഉണ്ടായി. കമ്മ്യൂണിസത്തിന്റെ അന്താരാഷ്ട്രതലതകര്‍ച്ചക്ക് മറ്റൊരു കാരണമായി പറയുന്നത്, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ശീതസമരത്തിന്റെ അവസാനവുമാണെന്ന് പറയുന്നു.
കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ വാചകമടിയുടെ ഭാഗമായ രണ്ട് ആശയങ്ങളാണ്, അന്തര്‍ദേശീയ തൊഴിലാളി സംഘടന, രാഷ്ട്ര(ഭരണ) രഹിത സമൂഹം എന്നിവ. സോവിയറ്റ് യൂണിയനിലെ സംഭവവികാസങ്ങളുടെ ചുവട് പിടിച്ച്, ചൈനയില്‍ നടന്ന ജനമുന്നേറ്റങ്ങളെ അടിച്ചമര്‍ത്തിയ സംഭവങ്ങള്‍ കുപ്രസിദ്ധമാണല്ലോ. കൂടാതെ പ്രസ്തുത രാഷ്ട്രത്തിന്റെ സാമ്പത്തിക നയവ്യതിയാനം, തീവ്രമായ ദേശീയബോധം, (ഡങിന്റെ കാലത്ത് പ്രത്യേകിച്ചും) അതേസമയം നഗര-ഗ്രാമീണ ജീവിത നിലവാരവ്യത്യാസം, അഴിമതി, ഇവയെല്ലാം പരിഗണിക്കുമ്പോള്‍ എങ്ങനെ മേല്‍പ്പറഞ്ഞ ആശയങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും? വേറൊരു വിരോധാഭാസം, ചൈനയിലെ 93% ജനസംഖ്യയെ ഭരിക്കുന്നത് ബാക്കിയുള്ള 7% വരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗങ്ങള്‍ മാത്രം വോട്ട് ചെയ്ത് തെരഞ്ഞെടുക്കുന്ന പ്രതിനിധികളാണ്!! അതിനര്‍ത്ഥം, പാര്‍ട്ടിയുടെ സ്വേച്ഛാധിപത്യത്തിലേക്ക് കമ്മ്യൂണിസം വ്യതിചലിച്ചുഎന്നാണ്. ആദ്യം സൂചിപ്പിച്ചതുപോലെ, ഏതൊക്കെ ദുഷ്ഭരണപ്രക്രിയകള്‍ ഇല്ലാതാക്കാനാണോ, ലക്ഷക്കണക്കിന് ആളുകളുടെ ചോര ചിന്തിയത്, അതേ ഭരണരീതിയിലൂടെ മാത്രമെ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ക്ക് നിലനില്‍പുള്ളു എന്ന് തെളിയിച്ചിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ അക്ഷരാര്‍ത്ഥത്തിലുള്ള ജനാധിപത്യവും സ്വതന്ത്രനീതിന്യായ വ്യവസ്ഥയും ദേശീയബോധവും നിലനില്‍ക്കാതെ, ഒരു രാജ്യത്തിന്റെ സാമ്പത്തിക - സാമൂഹ്യ- രാഷ്ട്രീയ മേഖല സുതാര്യമാകില്ല. ഇത്രയൊക്കെ പരാജയാനുഭവങ്ങള്‍ക്ക് തെളിവുകള്‍ ഉണ്ടായിട്ടും ഒക്‌ടോബര്‍ വിപ്ലവം പോലെയുള്ള ചരിത്ര സംഭവങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളുടെ സാംഗത്യം എന്തെന്ന് ചിന്തിച്ചു പോകുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments