Kesari WeeklyKesari

മതമൗലികവാദി -പരമ്പര

ഭീകരതയുടെ സ്വരൂപം-- മണി /പരിഭാഷ: എസ്.സേതുമാധവന്‍

on 01 December 2017
Kesari Article

സീനായി മലമുകളില്‍നിന്ന് യഹോവയുടെ കല്‍പ്പനകളടങ്ങുന്ന ഫലകങ്ങളുമായി മോസ്സസ്സ് ഇറങ്ങിവന്ന ഉടനെ തങ്ങളുടെ പ്രത്യക്ഷ നടപടിക്കുള്ള അനുഭവം ജൂതന്മാര്‍ക്ക് ലഭിക്കുകയുണ്ടായി. സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ ഒരു കാളവിഗ്രഹത്തെ ഒരു ജൂതന്‍ ആരാധിക്കുന്ന കാഴ്ചയാണ് മലയില്‍നിന്ന് ഇറങ്ങിവരുമ്പോള്‍ മോസ്സസ്സ് കണ്ടത്. ഉടനെ ഉഗ്രകോപത്തോടെ തന്റെ കയ്യിലുള്ള ഫലകം നിലത്തടിച്ചുകൊണ്ട് മോസ്സസ്സ് ''ദൈവത്തിന്റെ ഭാഗത്തുള്ളവരെല്ലാം തന്നെ ഉടനെ എന്റെ അടുത്തേയ്ക്കുവരുക'' എന്ന് ആജ്ഞാപിച്ചു. ലവിവിഭാഗത്തില്‍പ്പെട്ട എല്ലാവരും മോസ്സസ്സിന്റെ മുമ്പില്‍വന്ന് അണിനിരന്നു. ''ഇസ്രായേലിന്റെ ദൈവം ആജ്ഞാപിക്കുന്നു: എല്ലാവരും അവരവരുടെ വാള്‍ കയ്യിലെടുക്കുക. ഓരോ ക്യാമ്പിലും പോയി മറ്റ് ദൈവത്തെ ആരാധിക്കുന്ന ആരായാലും - അവര്‍ സ്വന്തം സഹോദരനോ കൂട്ടുകാരനോ അയല്‍ക്കാരനോ ആയാല്‍പ്പോലും - എല്ലാവരെയും കൊല ചെയ്യുക'' എന്നാണ് മോസ്സസ്സ് അവരോട് പറഞ്ഞത്. ലവിവിഭാഗത്തില്‍പ്പെട്ട മോസ്സസ്സിന്റെ അനുയായികള്‍ ദൈവവചനം അക്ഷരംപ്രതി നടപ്പിലാക്കി. അന്ന് അരിഞ്ഞുവീഴ്ത്തപ്പെട്ട ജനങ്ങളുടെ എണ്ണം മൂവായിരമായിരുന്നു. 
അങ്ങനെ മോസ്സസ്സിന്റെ കല്‍പ്പനകള്‍ കൂട്ടക്കൊലയിലൂടെ നടപ്പായി. ''ഞാന്‍ പറയുന്നതല്ലാതെ മറ്റേതെങ്കിലും ദൈവത്തെ നിങ്ങള്‍ ആരാധിച്ചാല്‍ മരണം നിശ്ചിതമാണ്'' എന്ന മോസ്സസ്സിന്റെ മനോഭാവം ലോകത്തിന്റെ മുമ്പില്‍ വളരെ വ്യക്തമായി. മോസ്സസ്സിന്റെ ഹിതത്തിനെതിരായി നിന്നാല്‍ തങ്ങളുടെ ജീവിതം അപകടത്തിലാണെന്ന് ജൂതന്മാര്‍ തിരിച്ചറിഞ്ഞു. മോസ്സസ്സിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഉത്സാഹിയായി മുന്നില്‍ നിന്നിരുന്നത് ജോഷ്വാ ആയിരുന്നു. അദ്ദേഹം മോസ്സസ്സിന്റെ പടവാളായിരുന്നു. അനുസരണക്കേടു കാണിക്കുന്നവര്‍ക്കുമേലെ വീഴുന്ന ഇടിവാളും.  
കുറച്ചുദിവസങ്ങള്‍ക്കുശേഷം ഇസ്രായേലികള്‍ ഷിട്ടിം എന്ന സ്ഥലത്തെത്തി. കുറച്ച് ഇസ്രായേലികള്‍ മോബ്‌വര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീകളുമായി ശയ്യ പങ്കുവെച്ചു. മോബ് വര്‍ഗ്ഗസ്ത്രീകള്‍ അവരുടെ രീതിക്കനുസരിച്ച് ബലിപരിപാടിയില്‍ പങ്കെടുക്കാന്‍ അവരെ ക്ഷണിച്ചു. ആ ജൂതന്മാര്‍ ഒട്ടും ചിന്തിക്കാതെ ബാല്‍പോം എന്ന ദേവതയെ ആരാധിച്ചു തിരിച്ചുവന്നു. മോസ്സസ്സിന് ഇത് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. മറ്റെന്തെല്ലാം ക്ഷമിച്ചാലും യഹോവയല്ലാതെ മറ്റൊരു ദൈവത്തെ ആരാധിക്കുന്നത് മോസ്സസ്സിന് അക്ഷന്തവ്യമായ കുറ്റമായിരുന്നു. ''ബാല്‍ ദേവതയെ ആരാധിക്കാന്‍ പോയ എല്ലാവരുടെയും തല വെട്ടി നാളെ സൂര്യോദയത്തിനുമുമ്പ് കെട്ടിത്തൂക്കണമെന്ന് യഹോവ എന്നോട് ആവശ്യപ്പെടുന്നു'' എന്ന് മോസ്സസ്സ് പ്രഖ്യാപിച്ചു. അതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടവരുടെ സംഖ്യ 24000 ആയിരുന്നു. ജൂതസമുദായത്തിന്റെ മേലുള്ള മോസ്സസ്സിന്റെ ഏകാധിപത്യം പൂര്‍ണ്ണമായും ചോദ്യം ചെയ്യപ്പെടാതിരുന്നില്ല. ഘോര ദല്‍താം, അബിറാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ മോസ്സസ്സിനെതിരായി വെല്ലുവിളി ഉയര്‍ത്തി. ഇരുനൂറ്റിഅമ്പതു പ്രധാനികള്‍ പങ്കെടുത്ത ഒരു പൊതുചടങ്ങില്‍വെച്ച് മോസ്സസ്സിനോടും  സഹോദരന്‍ ആരോണിനോടും അവര്‍ പറഞ്ഞു: ''നിങ്ങള്‍ ആവശ്യത്തിലധികം കാര്യങ്ങള്‍ സ്വയം ഏറ്റെടുത്ത് ഞങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. എല്ലാ ദൈവികസമ്മേളനങ്ങളും പവിത്രമാണ്. എല്ലാ ഈശ്വരീയവചനങ്ങളും നിങ്ങളെ ദൈവികതയിലേയ്ക്ക് ഉയര്‍ത്തുന്നു (സംഖ്യ - 16.).
മോസ്സസ്സ് കയ്യടക്കി വച്ച പരമാധികാരത്തിനെതിരായുള്ള തുറന്ന വെല്ലുവിളി ആയിരുന്നു അത്. ഇത്തരക്കാരെ ഒതുക്കാനുള്ള പദ്ധതി മോസ്സസിന് കൈവശമുണ്ടായിരുന്നു. വെല്ലുവിളി ഉയര്‍ത്തിയ സകലരെയും അദ്ദേഹം ഉന്മൂലനം ചെയ്തു. യാഥാര്‍ത്ഥ്യം എങ്ങനെയാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ലെങ്കിലും അവരുടെ ഉന്മൂലനം രേഖപ്പെടുത്തിയിട്ടുണ്ട്. ''ഭൂമി വാ പിളര്‍ന്ന് അവരെയും അവരുടെ വീടുകളെയും വിഴുങ്ങി. ഘോരയ്ക്കു കൂട്ടുനിന്നവരെല്ലാം അതില്‍പ്പെട്ടു. എല്ലാവരും ജീവനോടെതന്നെ ഭൂമിക്കടിയിലേയ്ക്കുപോവുകയും ഭൂമി വായടക്കുകയും ചെയ്തു. തുടര്‍ന്ന് ദൈവത്തില്‍നിന്ന് അഗ്നി വന്ന് ആ 250 പേരെയും ദഹിപ്പിച്ചു'' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് (സംഖ്യ - 16.).
യഹോവയെ അല്ലാതെ മറ്റേതെങ്കിലും ദൈവത്തെ ആരാധിക്കരുതെന്ന നിഷ്‌കര്‍ഷ മോസ്സസ്സിന് എത്രമാത്രം ഉണ്ടായിരുന്നുവെന്ന് താഴെ വിവരിക്കുന്ന വാക്കുകളില്‍നിന്ന് വ്യക്തമാകുന്നു: ''സ്വന്തം സഹോദരനാണെങ്കിലും പുത്രി ആണെങ്കിലും ഭാര്യയാണെങ്കിലും സ്‌നേഹിതനാണെങ്കിലും ഏതെങ്കിലും അമ്മയുടെ പുത്രനാണെങ്കിലും രഹസ്യമായി നമുക്ക് മറ്റൊരു ഈശ്വരനെ ആരാധിക്കാന്‍ പോവാം എന്നു പറഞ്ഞാല്‍ അവരോട് ഒരു കരുണയും കാണിക്കരുത്, അവരെ ഒഴിവാക്കരുത്, ഒളിച്ചുജീവിക്കാന്‍ സഹായിക്കരുത്. നിര്‍ബന്ധമായും അവരെ കൊല്ലുക. ആദ്യം നിന്റെ കൈ അവന്റെ മരണത്തിനായി ഉയരണം. തുടര്‍ന്ന് എല്ലാവരുടെയും കൈകള്‍ ഉയരട്ടെ. എല്ലാവരും ചേര്‍ന്ന് അന്യദൈവവിശ്വാസികളെ കല്ലെറിഞ്ഞ് കൊല്ലണം'' (ഡ്യൂറ്ററോണൊമി - 13).
വിശുദ്ധ ബൈബിളിന്റെ പ്രവാചകന്മാര്‍ ലോകത്തിലെ ജനങ്ങളെ അവരുടെ പൂര്‍വ്വികമതത്തില്‍നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ നടത്തിയിരുന്നു, ഇന്നും ശക്തിയായി തുടരുന്നു.
യഥാര്‍ത്ഥത്തില്‍ മറ്റുള്ളവരുടെ ദൈവവിശ്വാസത്തോട് ഏതു തരത്തിലുള്ള സമീപനം ഉണ്ടാവണമെന്ന് ഇസ്രായേലികളോടുള്ള ഉപദേശത്തില്‍നിന്ന് മോസ്സസ്സ് നമുക്ക് കാണിച്ചു തരുന്നു: ''അവരുടെ ഉള്‍ത്താരകള്‍ നശിപ്പിക്കുക, വിഗ്രഹങ്ങള്‍ തകര്‍ക്കുക, അവരുടെ തോട്ടങ്ങള്‍ നശിപ്പിക്കുക'' (ഡ്യൂറ്ററോണൊമി-7.)
''അവരുടെ ആരാധനാലയങ്ങള്‍ എവിടെയാണെങ്കിലും - മലമുകളിലാവട്ടെ കുന്നുകളിലാവട്ടെ ഓരോ മരച്ചുവട്ടിലുമാകട്ടെ അവയെല്ലാം പൂര്‍ണമായും നശിപ്പിക്കുക. അവരുടെ ആള്‍ത്താരകള്‍ വലിച്ചെറിയുക. അവരുടെ തൂണുകള്‍ തകര്‍ക്കുക. അവരുടെ തോട്ടങ്ങള്‍ തീയിട്ടു നശിപ്പിക്കുക. അവരുടെ കൊത്തിവെച്ച വിഗ്രഹങ്ങള്‍ തകര്‍ക്കുക. അവരുടെ പേരുകള്‍പോലും ആ പ്രദേശത്തുനിന്ന് ഇല്ലാതാക്കുക'' (ഡ്യൂറ്ററോണോമി-12).
മോസ്സസ്സിന്റെ ബൈബിള്‍സിദ്ധാന്തത്തില്‍ വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും അടിസ്ഥാനതത്ത്വങ്ങള്‍ കുടികൊള്ളുന്നു. മോസ്സസ്സിന് ഈ തത്ത്വം സ്വന്തം ജൂതസമുദായത്തില്‍ മാത്രമാണ് നടത്താന്‍ കഴിഞ്ഞത്. എന്നാല്‍ ജൂതപാരമ്പര്യത്തില്‍ നിന്നും ഉത്ഭവിച്ച ക്രൈസ്തവ-ഇസ്ലാം മതവിഭാഗങ്ങള്‍ ഈ സിദ്ധാന്തമുള്‍ക്കൊണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളിലും അക്രമത്തിന്റെ  കൊടുങ്കാറ്റുതന്നെ അഴിച്ചുവിടുകയുണ്ടായി. ഈ സിദ്ധാന്തങ്ങള്‍ ബൈബിളിന്റെ ഭാഗമാണ്. അത്യന്തം ഭക്തിയോടുകൂടി വിശ്വാസികള്‍ ഇന്നും അത് വായിക്കുന്നു. മതമൗലികവാദികള്‍ ഈ സിദ്ധാന്തം അക്ഷരംപ്രതി അനുസരിച്ച് ലോകത്തിന്റെ നാനാഭാഗങ്ങളിലും മതവിദ്വേഷവും ഭീകരതയും നടപ്പിലാക്കിവരുന്നു.
ആത്യന്തികമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍കൊണ്ട് മോസ്സസ്സിന് ജൂതസമൂഹത്തില്‍ എന്താണ് സൃഷ്ടിക്കാന്‍ കഴിഞ്ഞത്? അവര്‍ മോസ്സസ്സിനാല്‍ വിമോചിതരാക്കപ്പെട്ടുവോ? അതോ അദ്ദേഹത്തിന്റെ ആശയങ്ങളുടെയും പുതിയ കണ്ടുപിടിത്തങ്ങളുടെയും ഇരയായിത്തീര്‍ന്നുവോ? ഒരുപക്ഷെ രണ്ടും  ശരിയായിരിക്കാം. യഥാര്‍ത്ഥത്തില്‍ തന്റെ സമുദായം ഈജിപ്തുകാരില്‍നിന്ന് നേരിട്ടിരുന്ന നിന്ദ്യമായ പെരുമാറ്റവും വിവേചനവും കണ്ട് മോസ്സസ്സ് അത്യധികം ദുഃഖിതനായിരുന്നു. ആത്മാര്‍ത്ഥമായും തന്റെ ജനങ്ങളെ ഈജിപ്തില്‍നിന്ന് രക്ഷപ്പെടുത്തി അവരുടെ പൂര്‍വ്വികഭൂമിയില്‍ അന്തസ്സോടും സമാധാനത്തോടും കൂടി കുടിയിരുത്താമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. എന്നാല്‍ തന്റെ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ അദ്ദേഹം സ്വീകരിച്ച മാര്‍ഗ്ഗം ആ കാലഘട്ടത്തില്‍ ജൂതന്മാര്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലോകത്തിന് പൊതുവെയും മതസൗഹാര്‍ദ്ദത്തിന് അത്യന്തം അപകടകരമായിത്തീര്‍ന്നു. അദ്ദേഹം യഹോവയുടെ ദൈവികത ജൂതസമുദായത്തിന്റെ ഏകതയുടെയും ദേശീയതയുടെയും ആധാരമായി സ്വീകരിച്ചു. അതിനുവേണ്ടി അസഹിഷ്ണുത സവിശേഷസ്വഭാവമായി അംഗീകരിച്ചു. ഇസ്രായേലികള്‍ യഹോവയെ അല്ലാതെ മറ്റൊരു ദേവതയെയും ആരാധിക്കരുതെന്ന ഉദ്ദേശ്യത്തോടെ അന്നേവരെ കാലങ്ങളായി ആരാധിക്കപ്പെട്ടുവന്നിരുന്ന ദേവതകളെ തുടച്ചുനീക്കാനായി പൈശാചികമായ രക്തക്കുരുതിയുടെ മാര്‍ഗ്ഗം സ്വീകരിച്ചു. തന്റെ അധികാരത്തെ ചോദ്യം ചെയ്യുകയോ മറ്റ് ആരാധനാസമ്പ്രദായം സ്വീകരിക്കുകയോ ചെയ്ത ആയിരക്കണക്കിന് ജൂതന്മാരെത്തന്നെ നിഷ്‌ക്കരുണം കൊന്നൊടുക്കി. മോസ്സസ്സ് അക്രമം, ഭീകരത, രക്തച്ചൊരിച്ചില്‍ എന്നിവയില്‍ക്കൂടി ജൂതന്മാര്‍ക്ക് യഹോവയെ അല്ലാതെ മറ്റൊരു ഈശ്വരനെയും സ്വീകരിക്കാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം സൃഷ്ടിച്ചു. അങ്ങനെ മോസ്സസ്സ് മതഭീകരതയുടെയും നിര്‍ബന്ധമതപരിവര്‍ത്തനത്തിന്റെയും ഒരു പരമ്പരയ്ക്ക് തുടക്കം കുറിച്ചു. താന്‍ ഉദ്ദേശിച്ചതുപോലെ ജൂതസമൂഹത്തിന്റെ മനസ്സു രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. യഹോവയെ മാത്രം ആരാധിക്കുന്നവരും മറ്റ് ആരാധനാസമ്പ്രദായങ്ങളെ വെറുക്കുന്നവരുമായ ഒരു മതസമൂഹമായി ജൂതന്മാരെ അദ്ദേഹം മാറ്റിയെടുത്തു. ''ഞങ്ങള്‍ യഹോവയാല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്, യഹോവയുമായി നമുക്കൊരു കരാറുണ്ട്. മറ്റെല്ലാ മാനവസമൂഹത്തെയുംകാള്‍ നാം വിശുദ്ധരാണ്'' എന്ന ചിന്ത ജൂതമനസ്സില്‍ അരക്കിട്ടുറപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. യഹോവയുമായി ഇസ്രായേലികളുടെ ഉടമ്പടി പ്രത്യേക വിശേഷതയാര്‍ന്നതാണ്. യഹോവയുടെ കല്‍പ്പനകള്‍ എഴുതപ്പെട്ടത് എന്ന് പറയപ്പെടുന്ന ശിലാഫലകങ്ങള്‍ ജൂതന്മാര്‍ വിഗ്രഹാരാധന നടത്തുന്നതു കണ്ട് കോപിഷ്ഠനായ മോസ്സസ്സ് നിലത്തടിച്ച് പൊട്ടിച്ചുകളഞ്ഞു. അവസാനം അദ്ദേഹം ജോര്‍ദ്ദാന്‍ നദിയുടെ പടിഞ്ഞാറെ കരയിലേയ്ക്ക് അവരെ നയിച്ചുകൊണ്ട് പറഞ്ഞു: ''നദിയുടെ അങ്ങേക്കരയിലുള്ള പ്രദേശമാണ് ദൈവം നമുക്ക് തന്ന വാഗ്ദത്തഭൂമി. പോയി കയ്യടക്കുവിന്‍. അവരെ ഇതുവരെ എത്തിച്ചശേഷം മോസ്സസ്സ് തന്റെ 120-ാം വയസ്സില്‍ അന്ത്യശ്വാസം വലിച്ചു. മോസ്സസ്സ് വ്യക്തമായ ലക്ഷ്യബോധമുള്ളവനും അത് നേടിയെടുക്കുന്നതില്‍ വിജയിച്ചവനും അതോടൊപ്പം ഭീകരതയുടെ സാക്ഷാല്‍ സ്വരൂപവുമായിരുന്നു. ഒരു പുതിയ മതസ്ഥാപകന്‍ എന്ന മേന്മ അദ്ദേഹത്തിന് അവകാശപ്പെടാമെങ്കിലും മാനവസമൂഹത്തോട് തെല്ലുപോലും സ്‌നേഹം അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ താത്പര്യം ഇസ്രായേലികളില്‍ പരിമിതമാക്കി നിര്‍ത്തിയിരുന്നു. ജൂതന്മാര്‍ക്കായുള്ള സ്വന്തം ഭൂമി, യഹോവ മാത്രം ദൈവം എന്നീ ആശയങ്ങള്‍ മാത്രമായിരുന്നു അന്ത്യകാലങ്ങളില്‍ വരെ മനോബാധപോലെ അദ്ദേഹത്തില്‍ നിലനിന്നിരുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

1 Comments

Avatar
Thomas Mathew
9 hours 35 minutes ago

മതമൗലികവാദി -പരമ്പര ഭീകരതയുടെ സ്വരൂപം-- മണി /പരിഭാഷ: എസ്.സേതുമാധവന്‍ ഏതാണ്ട് ഇന്നേക്ക് 3500 വര്ഷം മുൻപ് ഇസ്രായേൽ അറബ് നാട്ടിൽ സംഭവിച്ച ഈ പഴയ നിയമ സംഭവം) ഇങ്ങനെ കേസരിയിൽ പ്രസിദ്ധീകരിച്ചത് കൊണ്ട് എന്ത് ഗുണം?? അക്ഷരവിദ്യ ഇല്ലാത്ത ജനങ്ങളിൽ വിധ്വേഷം ജനിപ്പിക്കാം എന്നല്ലാതെ ബൈബിളിനെ പഴയ നിയമം പുതിയ നിയമം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. പഴയ നിയമത്തെ യേശു ക്രിസ്തു നിവർത്തിച്ചിരിക്കുന്നു. അർദ്ദാൽ പഴയ നിയമത്തിലെ ഒരു കാര്യവും (പത്തു കൽപ്പന ഉൾപ്പെടെ) AD യിൽ (Anna domino in ദി ഇയർ ഓഫ് ഔർ ലോർഡ് ) സാധുതയില്ല. ഉദാ. പല്ലിനു പകരം പല്ലു കണ്ണിനു പകരം കണ്ണ്. ക്രിസ്തു പറഞ്ഞു നിന്റെ ഇടത്തെ ചെകിട്ടത് അടിക്കുന്നവന് വലത്തെത്തും കാണിച്ചുകൊടുക്കുക.പക്ഷെ സൃഷ്ട്ടി മുതൽ ക്രിസ്തുവിന്റെ വരവുവരെ എന്ത് സംഭവിച്ചു എന്ന് വായനക്കാർ മനസിലാക്കാൻ വേണ്ടി കൂട്ടി ചേർത്തതാണ് പഴയ നിയമം. പഴയ നിയമം നിയമത്തിൽ അധിഷ്ഠിതമായിരുന്നു. തെറ്റിന് ഉടൻ ശിക്ഷ. മോശ കൽപ്പനയുമായി വന്നപ്പോൾ പൂരൻ വിഗ്രഹാരാധന (നിയമം വിഗ്രഹത്തെ ഉണ്ടാക്കരുത് ) തട്ടി എല്ലാത്തിനെയും . പുതിയ നിയമത്തിൽ അത് ക്രിസ്തു നിവർത്തിച്ചത് : ഒരിക്കൽ മരിക്കുകയും പിന്നെ ന്യായവിധിയും എന്ന് മനസിലാകും. (ഉടൻ ഒന്നിനും ശിക്ഷ ലഭിക്കുന്നില്ല. (വിശ്വസിക്കുകയും സ്നാനമേൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും) മതമൗലികവാദി -പരമ്പര ഭീകരതയുടെ സ്വരൂപം-- മണി /പരിഭാഷ: എസ്.സേതുമാധവന്‍