Kesari WeeklyKesari

ലേഖനം..

സര്‍സംഘചാകിന്റെ വിശേഷസമ്പര്‍ക്കയജ്ഞം: സംശയത്തിന്റെ ഇരുമ്പുമറ ഉരുക്കുക്കളയുന്നു--ടി.വിജയന്‍

on 01 December 2017
Kesari Article

സാമൂഹ്യപരിഷ്‌കരണത്തിനുള്ള രാസത്വരകമായി വര്‍ത്തിച്ചുകൊണ്ട് രാഷ്ട്രത്തിന്റെ പരമവൈഭവത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് രാഷ്ട്രീയസ്വയംസേവകസംഘം നിര്‍വ്വഹിക്കുന്ന ദൗത്യം. നിശബ്ദ വിപ്ലവത്തിലൂടെയാണ് സംഘം ഈ ദൗത്യം നിര്‍വ്വഹിക്കുന്നത്. ദൈനംദിന ശാഖാപ്രവര്‍ത്തനത്തിനു പുറമെയുള്ള വലിയൊരു സമൂഹവുമായി സംഘം സംവദിക്കുന്നു. പുറമെനിന്ന് സംഘത്തെ നോക്കിക്കാണുന്ന പൊതുസമൂഹം സംഘത്തെക്കുറിച്ച് രൂപപ്പെടുത്തുന്ന ധാരണകള്‍ പലതാണ്. അവര്‍ക്ക് ലഭിക്കുന്ന വിവരങ്ങളും അവര്‍ കാണുന്ന കാര്യങ്ങളുമാണ് അതിന് നിദാനമാകുന്നത്. സംഘപ്രവര്‍ത്തകരുമായി നേരിട്ട് സംവദിക്കുമ്പോഴാണ് ഈ ധാരണകള്‍ പലതും തിരുത്തപ്പെടുന്നത്. രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് നടത്തിവരുന്ന വിശേഷ സമ്പര്‍ക്കയജ്ഞം വളരെ പ്രാധാന്യമര്‍ഹിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
ആര്‍.എസ്.എസ്സിനെ സസൂക്ഷ്മം വീക്ഷിക്കുന്ന മാധ്യമങ്ങള്‍ സംഘത്തിന്റെ ഓരോ പ്രവര്‍ത്തനത്തെയും കൂലങ്കഷമായി വിലയിരുത്തുന്നുണ്ട്. സര്‍സംഘചാലകന്റെ വിശേഷ സമ്പര്‍ക്കയജ്ഞത്തെക്കുറിച്ച് ഇയ്യിടെ (2017 സപ്തം. 29) 'ഇക്കണോമിക് ടൈംസി'ല്‍ വന്ന ലേഖനം ഈ പരിപാടിയുടെ സവിശേഷതകള്‍ എണ്ണിപ്പറയുകയുണ്ടായി. ദേശീയ ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്നതും ചലനങ്ങള്‍ ഉണ്ടാക്കുന്നതുമാണ് ഈ സമ്പര്‍ക്കയജ്ഞം എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ വ്യവസായികള്‍, കലാകാരന്മാര്‍, വിദ്യാഭ്യാസവിചക്ഷണന്മാര്‍, നയതന്ത്രവിദഗ്ദ്ധര്‍, പത്രപ്രവര്‍ത്തകര്‍, കച്ചവടക്കാര്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമായി അദ്ദേഹം സംവദിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം സംവാദങ്ങള്‍ക്കായി 200ലധികം യോഗങ്ങള്‍ നടന്നു.
ഈ വര്‍ഷം ആദ്യം മോഹന്‍ജി, ടാറ്റയെ നാഗപ്പൂരിലേക്ക് ക്ഷണിച്ച് സംഘത്തിന്റെ ശാഖ എങ്ങനെയാണ് നടക്കുന്നതെന്ന് അദ്ദേഹത്തിനു കാട്ടിക്കൊടുത്തു. സിനിമനടന്‍ അജയ് ദേവ്ഗണുമായി സംസാരിച്ചത് സാമൂഹ്യ പ്രശ്‌നങ്ങള്‍ എങ്ങനെ ജനകീയ സിനിമകള്‍ക്കു വിഷയമാക്കാന്‍ കഴിയുമെന്നാണ്. രാഷ്ട്രീയരംഗത്താകട്ടെ, കക്ഷിഭേദമെന്യേ 45 വയസ്സിനു താഴെയുള്ള എം.പി.മാരുമായി അദ്ദേഹം കൂടിക്കാഴ്ചനടത്തി. പാര്‍ലമെന്റിലെ ഓരോ ദിവസവും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നവിധം എങ്ങനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താം എന്നതായിരുന്നു ചര്‍ച്ചാവിഷയം, ഏതാനും മാസം മുമ്പ് ബി.ജെ.പി ജന.സെക്രട്ടറി രാംമാധവ് ബംഗളുരൂവില്‍ സംഘടിപ്പിച്ച ഒരു യോഗത്തില്‍ അദ്ദേഹം സംസാരിച്ചത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 80 നയതന്ത്രപ്രതിനിധികളോടാണ്. അവരുടെ ചോദ്യം മുഖ്യമായും കാശ്മീര്‍, രാമക്ഷേത്രം, ദേശീയ സുരക്ഷ, ആര്‍.എസ്.എസ്സിന്റെ ഹിന്ദുരാഷ്ട്ര സങ്കല്‍പം, സര്‍ക്കാറിലുള്ള ആര്‍.എസ്.എസ്സിന്റെ സ്വാധീനം തുടങ്ങിയ വിഷയങ്ങളിലായിരുന്നു. തുറന്ന സംവാദമാണ് അവിടെ നടന്നത്.
കഴിഞ്ഞ സപ്തംബര്‍ മാസത്തില്‍ അദ്ദേഹം ജി.എം.ആര്‍.ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ഗ്രന്‍ഡി മല്ലികാര്‍ജ്ജുനറാവു, ഫോഴ്‌സ് മോട്ടോഴ്‌സ് ചെയര്‍മാന്‍ അഭയ് ഫിറോദിയ തുടങ്ങിയവരെ കണ്ടു. ഇവരെ ഇക്കണോമിക് ടൈംസ് വിശേഷിപ്പിച്ചത് 'ആര്‍.എസ്.എസ്സിനു പുറത്തുള്ള സ്വാധീനശക്തിയുള്ള ആളുകള്‍' എന്നാണ്. 
സംവാദത്തിലെ കാര്യക്രമങ്ങള്‍ മൂന്നുഘട്ടമായാണ് നടക്കുക. ഒന്നാമതായി പരസ്പരം പരിചയപ്പെടല്‍. രണ്ടാംഘട്ടത്തില്‍ സംഘത്തിന്റെ അടിസ്ഥാനതത്വശാസ്ത്രത്തെക്കുറിച്ചും ദേശീയ താല്പര്യമുള്ള വിഷയങ്ങളിലും സമകാലിക വിഷയങ്ങളിലും അവര്‍ക്ക് എന്തു ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചും മോഹന്‍ജി സംസാരിക്കും. മൂന്നാമത്തെ ഘട്ടത്തില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ച. സദസ്സിനു സംഘത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം നല്‍കും. ഉള്ളുതുറന്നുള്ള ചര്‍ച്ചകളും അഭിപ്രായപ്രകടനങ്ങളും അവിടെ നടക്കുന്നു. പ്രചരണം നല്‍കി പൊതുപരിപാടികള്‍ സംഘടിപ്പിച്ചു സംസാരിക്കുന്നതിനേക്കാള്‍ ഏറെ ഫലപ്രദമാണ് ഇത്തരം പരിപാടികളെന്ന് സംഘകാര്യകര്‍ത്താവായ അനിരുദ്ധ ദേശ്പാണ്ഡെ പറഞ്ഞതായി ഇക്കണോമിക് ടൈംസ് പറയുന്നു. 'മോഹന്‍ജി നേരിട്ട് പറയുമ്പോള്‍ സംഘടനയുടെ നിലപാട് ആളുകള്‍ക്ക് ബോധ്യപ്പെടും. ഇപ്പോള്‍ നഗരങ്ങളില്‍ മാത്രമാണ് ഈ പരിപാടി നടക്കുന്നത്. താമസിയാതെ ചെറിയ പട്ടണങ്ങളിലേയ്ക്കും അതു വ്യാപിപ്പിക്കും' - അദ്ദേഹം പറഞ്ഞു.
സുദര്‍ശന്‍ജി ഒഴിച്ചുള്ള മുന്‍സര്‍സംഘചാലകന്മാരില്‍ നിന്ന് ഇക്കാര്യത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നയാളാണ് മോഹന്‍ജി എന്നാണ് ഇക്കണോമിക് ടൈംസിന്റെ വിലയിരുത്തല്‍. സുദര്‍ശന്‍ജി മുലായം സിങ്ങ് യാദവിനെപോലുള്ള രാഷ്ട്രീയനേതാക്കളെപോലും കണ്ടിരുന്നു. അതിനുമുമ്പുള്ള സര്‍സംഘചാലകന്മാരെല്ലാം സംഘത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ മാത്രമാണ് ശ്രദ്ധചെലുത്തിയിരുന്നത്. അത്യാവശ്യത്തിനേ അവര്‍ രാഷ്ട്രീയ നേതാക്കളെ കണ്ടിരുന്നുള്ളു എന്ന് ഒരു മുതിര്‍ന്ന സംഘകാര്യകര്‍ത്താവിനെ ഉദ്ധരിച്ചുകൊണ്ട് പത്രം എഴുതുന്നു. 
ഒരു മാസം 20-25 ദിവസം സര്‍സംഘചാലക് യാത്ര ചെയ്യും. അതിനിടയ്ക്ക് ഒരു ഡസന്‍ വിശേഷസമ്പര്‍ക്ക പരിപാടികള്‍ നടക്കും. 2007 മുതല്‍ ഇത്തരം പരിപാടി നടന്നുവരുന്നെങ്കിലും അതിനു പ്രാധാന്യം വര്‍ദ്ധിച്ചത് ഈയടുത്ത കാലത്താണ്.
ബുദ്ധിജീവികള്‍ സംഘത്തെക്കുറിച്ച് അറിയാന്‍ താല്പര്യം കാട്ടുന്നുവെന്ന് മോഹന്‍ജി ഈ വര്‍ഷം ആദ്യം പറയുകയുണ്ടായി. ''സമൂഹത്തിന് ഗുണകരമായി എന്തെങ്കിലും ചെയ്യാന്‍ സംഘത്തിനേ കഴിയൂ എന്നവര്‍ വിശ്വസിക്കുന്നു. സമൂഹത്തിന് ഗുണകരമായത് എന്ന നിലയ്ക്ക് അവര്‍ സംഘത്തില്‍ പങ്കാളികളാവന്‍ ആഗ്രഹിക്കുന്നു.' - മോഹന്‍ജി തുടര്‍ന്നു പറഞ്ഞു. കഴിഞ്ഞ വര്‍ഷം കച്ചവടക്കാരും വ്യവസായികളും പങ്കെടുത്ത യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ട വിഷയം നോട്ടു നിരോധനവും ജി.എസ്.ടിയും ആയിരുന്നു.
'അദ്ദേഹം അവരുടെ പ്രശ്‌നങ്ങളെല്ലാം കേട്ടു. ദേശീയ താല്പര്യമാണ് പ്രധാനമെന്നും രോഗശാന്തിയ്ക്ക് ചിലപ്പോള്‍ കയ്‌പേറിയ ഗുളികകള്‍ കഴിക്കേണ്ടിവരും' എന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിലും മുംബൈയിലും പൂനെയിലും ബംഗളുരൂവിലും നടന്ന വിദ്യാഭ്യാസ ചിന്തകരുടെയും വൈസ് ചാന്‍സലര്‍മാരുടെയും യോഗത്തില്‍ അദ്ദേഹം ഊന്നിയത് പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലാകണം എന്നതിനാണ്.
മോഹന്‍ജി ഭാഗവത് നല്ലൊരു വായനക്കാരനാണ്. സാമൂഹ്യശാസ്ത്രം, ജീവചരിത്രം എന്നീ മേഖലയില്‍ അദ്ദേഹത്തിന് പ്രത്യേക താല്പര്യമുണ്ട്. സംഘത്തിന്റെ ശാരീരിക്, ബൗദ്ധിക് തുടങ്ങിയ എല്ലാ കാര്യപദ്ധതിയിലും അദ്ദേഹം ചുമതലകള്‍ വഹിക്കുകയും നന്നായി പഠിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസമേഖലയില്‍ അദ്ദേഹം അതീവ തല്പരനാണ്. അദ്ദേഹത്തിന്റെ അറിവിന്റെയും കഴിവിന്റെയും മേഖലകളെ വിലയിരുത്തിക്കൊണ്ടാണ് ലേഖനം അദ്ദേഹത്തിന്റെ വിശേഷ സമ്പര്‍ക്കത്തെ ശ്രദ്ധേയമായത് എന്ന് എണ്ണുന്നത്. രണ്ടുമാസം മുമ്പ്, വിരമിച്ച സൈനിക ഉദ്യോഗസ്ഥരുമായി ദേശീയ സുരക്ഷ സംബന്ധിച്ച് ചര്‍ച്ച നടത്തിയ അദ്ദേഹം മഥുരയില്‍ നടന്ന സംഘത്തിന്റെ വാര്‍ഷിക ശിബിരത്തില്‍ ഇക്കാര്യം മുഖ്യചര്‍ച്ചാവിഷയമാക്കിയിരുന്നു.
ചര്‍ച്ചയിലേര്‍പ്പെടുന്നവരുടെ അനുഭവം, വിലയിരുത്തല്‍ എന്നിവ അദ്ദേഹം ശ്രദ്ധിക്കുക പതിവാണ്. സമൂഹത്തിന്റെ നിലപാട് അറിയാനാണ് ഈ രീതി സ്വീകരിക്കുന്നത്. അവരുടെ സംശയങ്ങള്‍ക്ക് അടുത്തറിഞ്ഞുകൊണ്ടുള്ള മറുപടിയാണ് അദ്ദേഹത്തില്‍ നിന്നുണ്ടാവുന്നത് എന്നതിനാല്‍ സംവാദങ്ങള്‍ ഇരുകൂട്ടര്‍ക്കും ഹൃദ്യമാകുന്നു. ഏതാനും നാള്‍ മുമ്പ് ഗുജറാത്തിലേയ്ക്കുള്ള യാത്രക്കിടെ അദ്ദേഹം ഒരു മണിക്കൂര്‍ വടോദരയില്‍ തങ്ങിയത് അവിടുത്തെ രാജകുടുംബത്തെ കാണാനായിരുന്നു. സംഘത്തിന്റെ 44 പ്രവര്‍ത്തകപ്രാന്തങ്ങളില്‍ നിന്നുള്ള പ്രചാരകന്മാര്‍ പങ്കെടുക്കുന്ന അഖിലഭാരതീയ കാര്യകാരി നടക്കവെ അദ്ധ്യാപകര്‍, നിയമജ്ഞര്‍, എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നവര്‍ക്ക് പ്രചാരകന്മാരുമായി സംവദിക്കുന്നതിന് അദ്ദേഹം അവസരമൊരുക്കിയിരുന്നു.
ശിവസേന നോട്ടുനിരോധനത്തിനെതിരെ കഠിനമായ വിമര്‍ശനവുമായി രംഗത്തെത്തി അധികംനാള്‍ കഴിയുംമുമ്പാണ് അദ്ദേഹം ശിവസേന നേതാവ് ആദിത്യ-ഉദ്ധവ് താക്കറെമാരെ കണ്ടത്. 2009-ല്‍ പാശ്ചാത്യരാജ്യങ്ങളില്‍ സംഘത്തെയും ബിജെപിയേയും സംശയദൃഷ്ടിയോടെ നോക്കിയ അവസരത്തിലാണ് 20 യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികളുമായി അദ്ദേഹം സംവദിച്ചത്. അവരുടെ സംശയങ്ങള്‍ തീര്‍ത്തുകൊടുക്കാന്‍ ഈ കൂടിക്കാഴ്ച സഹായകമായി.
2015-ലെ ദാദ്രിസംഭവത്തിനുശേഷം മുസ്ലീം ബുദ്ധിജീവികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മാട്ടിറച്ചി കഴിക്കല്‍, ഗോഹത്യ എന്നീ പേരുകളില്‍ രാജ്യത്തുണ്ടായ അക്രമസംഭവങ്ങളില്‍ സംഘത്തിന് പങ്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ ദില്ലിയിലെ ഹരിയാന ഭവനില്‍ വെച്ച് അദ്ദേഹം മുസ്ലീം നേതാക്കളെ വീണ്ടും കാണുകയുണ്ടായി. വിദേശ പത്രമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പത്രക്കാരുമായുള്ള സംവാദത്തില്‍ ചര്‍ച്ചയുടെ ഊന്നല്‍ പാകിസ്ഥാന്റെ വാഗ്ദാനങ്ങളിലെ ആത്മാര്‍ത്ഥതയില്ലായ്മയായിരുന്നു.
പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായിരിക്കെ ഈ വര്‍ഷം ആദ്യം മോഹന്‍ജി ഭാഗവത് അദ്ദേഹത്തെ സന്ദര്‍ശിക്കുകയുണ്ടായി. അത് അവര്‍ തമ്മിലുള്ള ആദ്യ സന്ദര്‍ശനമായിരുന്നില്ല. 2015ലും അവര്‍ തമ്മില്‍ ദേശീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. പ്രശസ്ത സംഗീതജ്ഞനായ ഭീംസെന്‍ജോഷിയെ മോഹന്‍ജി സന്ദര്‍ശിച്ചു. ക്ലാസിക് കലകള്‍ എങ്ങനെ ജനകീയമാക്കാമെന്നതിനെക്കുറിച്ച് അവര്‍ ദീര്‍ഘനേരം സംസാരിക്കുകയുണ്ടായി.
ഇക്കണോമിക് ടൈംസ് ദേശ്പാണ്ഡയെ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്: 'ആര്‍.എസ്.എസ്. പ്രത്യേകം അറകളാക്കപ്പെട്ട സംഘടനയല്ല. വളരുന്നതിനനുസരിച്ച് അത് ജനങ്ങളിലേയ്ക്ക് കൂടുതലായി എത്തേണ്ടതുണ്ട്. അതിനായി എന്താണ് സംഘം, എന്തിനുവേണ്ടിയാണ് അത് നിലക്കൊള്ളുന്നത എന്നീ കാര്യങ്ങള്‍ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കണം. എന്നാലേ അവര്‍ക്ക് സംഘത്തെ മനസ്സിലാകൂ. എങ്ങനെയാണ് സംഘശാഖ പ്രവര്‍ത്തിക്കുന്നത് എന്നറിയാനുള്ള രത്തന്‍ ടാറ്റയുടെ ഔല്‍സുക്യം ഇതിന് ഉദാഹരണമാണ്.''
സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിശേഷ സമ്പര്‍ക്ക പരിപാടി കേവലം പബ്ലിക് റിലേഷന്‍ എന്ന നിലയിലല്ല. തന്റെ സംഘടന എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണെന്നും ദേശീയതാല്പര്യത്തിനാണ് അത് ഊന്നല്‍ നല്‍കുന്നതെന്നുള്ള കാര്യം സമൂഹത്തിന്റെ പരിച്ഛേദത്തിനു മുമ്പില്‍ വെക്കാനുള്ള അവസരമായാണ് ഈ സമ്പര്‍ക്കപരിപാടിയെ അദ്ദേഹം കാണുന്നത്. രാജ്യം നേരിടുന്ന സമകാലിക യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ സംഘത്തിനു സാധിക്കുമെന്ന വിശ്വാസം സമൂഹത്തില്‍ ഉണ്ടാക്കാന്‍ മാത്രമല്ല സമൂഹത്തെ കൂടെ നിര്‍ത്താനും ഇത്തരം അനൗപചാരികവും പ്രചരണരഹിതവുമായ സംവാദങ്ങളിലൂടെ സാധിക്കുമെന്നു സംഘം കരുതുന്നു. രാഷ്ട്രീയ സ്വാര്‍ത്ഥതാല്പര്യക്കാരുടെയും  രാജ്യദ്രോഹശക്തികളുടെയും  അച്ചുതണ്ട് നിരന്തരമായ പ്രചരണത്തിലൂടെ സമൂഹത്തിനും സംഘത്തിനുമിടയില്‍ സൃഷ്ടിച്ചുവെച്ച  കള്ളപ്രചരണത്തിന്റെ ഇരുമ്പു മറ ഉരുക്കിക്കളയാന്‍ ഇത്തരം സംരംഭങ്ങള്‍ വളരെ വിജയപ്രദമാണ് എന്നാണ് അനുഭവത്തിലൂടെ കാണുന്നത് എന്ന് മുതിര്‍ന്ന സംഘ അധികാരികള്‍ വിലയിരുത്തുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments